കണ്ടല ബാങ്ക് തട്ടിപ്പില്‍ ബാങ്ക് മുന്‍ പ്രസിഡന്റും സിപിഐ നേതാവുമായ എന്‍. ഭാസുരാംഗന് വീണ്ടും ഇ ഡി നോട്ടിസ്. നാളെ രാവിലെ 10.30 ന് കൊച്ചി ഇഡി ഓഫീസിൽ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇന്നലെ ഭാസുരാംഗനെ എട്ട് മണിക്കൂറോളം ഇഡി ചോദ്യം ചെയ്തിരുന്നു. ഭാസുരാഗൻ്റെ മകൻ അഖിൽ ജിത്തും ഹാജരാകണമെന്നും ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്.
ഭാസുരാംഗനെ അന്വേഷണ സംഘം ഇന്നലെ എട്ടരമണിക്കൂർ ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണു വീണ്ടും സമൻസ് അയച്ചിട്ടുള്ളത്. കൊച്ചിയിലെ ഇഡി ഓഫീസിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. വീട്ടിലും ബാങ്കിലും റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് ചോദ്യം ചെയ്യൽ. കേസിൽ ഭാസുരാംഗനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്തേക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എപ്പോൾ വിളിച്ചാലും ഇഡിക്ക് മുന്നിൽ ഹാജരാകാൻ തയ്യാറാണെന്ന് ഭാസുരാംഗൻ വ്യക്തമാക്കിയിരുന്നു.
101 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടല ബാങ്കിൽ കണ്ടെത്തിയത്. കഴിഞ്ഞ 30 വർഷത്തിലേറെയായി ഭാസുരാംഗനാണ് ബാങ്ക് പ്രസിഡൻ്റ്. ഈയിടെയാണ് ഭരണ സമിതി രാജിവെച്ചത്. നിലവിൽ ബാങ്കിൽ അഡ്മിനിസട്രേറ്റീവ് ഭരണമാണ്. ബാങ്കിൽ വൻ നിക്ഷേപമുള്ള മൂന്നു പേർക്ക് ഇഡി നോട്ടീസ് നൽകുകയും ചെയ്തു. 42 മണിക്കൂർ പരിശോധനയാണ് ബാങ്കിൽ നടത്തിയത്.