രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുഎഇയില്‍ എത്തും. വൈകിട്ട് അബുദബിയില്‍ നടക്കുന്ന അഹ്‌ലന്‍ മോദിയില്‍ പ്രധാനമന്ത്രി ഇന്ത്യന്‍ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യും. നാളെയാണ് മിഡില്‍ ഈസ്റ്റിലെ ആദ്യ ഹിന്ദുശിലാക്ഷേത്രത്തിന്റെ സമര്‍പ്പണം.യുഎഇയില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുവുമായും കൂടിക്കാഴ്ച നടത്തും.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയക്ഷി ബന്ധം കൂടുതല്‍ ദൃഢമാക്കുകന്നതാകും കൂടിക്കാഴ്ച. വൈകിട്ട് ആറരയ്ക്കാണ് ഇന്ത്യന്‍ പ്രവാസി സമൂഹത്തെ കാണുന്ന അഹ്‌ലന്‍ മോദി പരിപാടി നടക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കുന്നതിന് അറുപത്തിയയ്യായിരത്തിലധികം ആളുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അബുദബി സായിദ് സ്‌പോര്‍ട്‌സ് സ്റ്റി സ്‌റ്റേഡിയത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിനായി ഒരുക്കിയിരിക്കുന്നത്. 12 മണി മുതല്‍ സ്‌റ്റേഡിയത്തില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവതിച്ചു തുടങ്ങി. ഇന്ത്യന്‍ എംബസിയുടെ മേല്‍നോട്ടത്തിലാണ് അഹ്‌ലന്‍ മോദി നടക്കുന്നത്.
നാളെയാണ് മിഡില്‍ ഈസ്റ്റിലെ ആദ്യഹിന്ദു ശിലാക്ഷേത്ര സമര്‍പ്പണം നടക്കുന്നത്. അബുദബിയിലെ അബുമുറൈഖയില്‍ നിര്‍മ്മിച്ചിരിക്കുന്ന ബാപ്‌സ് ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടനം വൈകിട്ട് പ്രധാനമന്ത്രി നിര്‍വ്വഹിക്കും. പ്രധാനമന്ത്രിയായ ശേഷമുള്ള നരേന്ദ്രമോദിയുടെ ഏഴാമത് യുഎഇ സന്ദര്‍ശനമാണിത്. ദുബൈയില്‍ നടക്കുന്ന ലോക സര്‍ക്കാര്‍ ഉച്ചകോടിയില്‍ നരേന്ദ്ര മോദി അതിഥിയായി പങ്കെടുക്കും. ഭാവി സര്‍ക്കാരുകളെ രൂപപ്പെടുത്തുക എന്ന പ്രമേയത്തില്‍ നടക്കുന്ന ഉച്ചകോടിയില്‍ ഇന്ത്യയുടെ വികസന കാഴ്ചപ്പാടും ഭരണനേട്ടങ്ങളും അവതരിപ്പിക്കപ്പെടും. യുഎഇ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി ഖത്തറിലേക്ക് എത്തും.