ഐഐടി ദില്ലിയുടെ ആദ്യ അന്താരാഷ്ട്ര ക്യാമ്പസ് അബുദബിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യ ബാച്ച് വിദ്യാര്‍ത്ഥികളെ അബുദബി കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സ്വീകരിച്ചു.
52 വിദ്യാര്‍ത്ഥികളുമായാണ് ഐഐടി ദില്ലിയുടെ ആദ്യ ബാച്ച് ആരംഭിച്ചത്. അബുദബി കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉള്‍പ്പെടെ പ്രമുഖരുടെ സാന്നിധ്യത്തില്‍ ഐഐടി ദില്ലിയുടെ ആദ്യ അന്താരാഷ്ട്ര കാംപസിന്റെ ഉദ്ഘാടനം നടന്നു.
ഭാവിനേതാക്കളെ സൃഷ്ടിക്കാനുള്ള എമിറേറ്റിന്റെ നിരന്തരശ്രമങ്ങള്‍ക്ക് ഊര്‍ജമേകാന്‍ ഐഐടി ദില്ലി അബുദബിക്ക് സാധിക്കുമെന്നും ഷെയ്ഖ് ഖാലിദ് പറഞ്ഞു. ഗവേഷണവിദ്യാഭ്യാസത്തിന്റെ ആഗോളകേന്ദ്രമായി എമിറേറ്റിനെ മാറ്റാനുള്ള നേതൃത്വത്തിന്റെ കാഴ്ചപ്പാട് സാക്ഷാത്കരിക്കാന്‍ സ്ഥാപനം സംഭാവനകള്‍ നല്‍കുമെന്ന് ഷെയ്ഖ് ഖാലിദ് കൂട്ടിച്ചേര്‍ത്തു. അബുദബിയിലെ സര്‍വകലാശാലകളായ ഖലീഫ യൂണിവേഴ്‌സിറ്റി, മുഹമ്മദ് ബിന്‍ സായിദ് യൂണിവേഴ്‌സിറ്റി ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സോബോണ്‍ യൂണിവേഴ്‌സിറ്റി അബുദബി, സായിദ് യൂണിവേഴ്‌സിറ്റി എന്നിവയുമായി ഐഐടി ദില്ലി അബുദാബി കാംപസ് സഹകരിച്ച് പ്രവര്‍ത്തിക്കും.
ഗവേഷണം, വിദ്യാഭ്യാസപരിപാടികള്‍, സെമിനാറുകള്‍, ഇന്റേണ്‍ഷിപ്പ്, മത്സരങ്ങള്‍, ശില്പശാലകള്‍ തുടങ്ങി ഒട്ടേറെ മേഖലകളില്‍ സഹകരണം ഉറപ്പാക്കും. സംയുക്ത ഗവേഷണപദ്ധതികള്‍, പിജി വിദ്യാഭ്യാസം, സെമിനാര്‍, ശാസ്ത്രപരിപാടികള്‍ എന്നിവയില്‍ സോബോണ്‍ യൂണിവേഴ്‌സിറ്റിയുമായി കൈകോര്‍ക്കും. ഹ്രസ്വകാലപരിശീലനം, ഇന്റേണ്‍ഷിപ്പ് എന്നീ രംഗങ്ങളിലാണ് മുഹമ്മദ് ബിന്‍ സായിദ് യൂണിവേഴ്‌സിറ്റി ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി സഹകരിക്കുക. അധ്യാപക പരിശീലനം, അക്കാദമിക പരിപാടികള്‍ എന്നിവയ്ക്കായി സായിദ് യൂണിവേഴ്‌സിറ്റിയുമായി ഐഐടി അബുദബി കാംപസ് സഹകരിക്കും.