ഗവർണറെ ക്യാമ്പസിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന എസ്.എഫ്.ഐ.യുടെ വെല്ലുവിളിക്കിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാലിക്കറ്റ് സർവകലാശാല ക്യാമ്പസിലേക്ക്. ഡിസംബർ 16-ന് വൈകീട്ടാണ് ഗവർണർ യൂണിവേഴ്സിറ്റി ക്യാമ്പസിൽ എത്തുക.ഗവർണക്കെതിരായ പ്രതിഷേധം തുടരുമെന്ന് നേരത്തെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ പറഞ്ഞിരുന്നു.
ഈ മാസം 16നും 17നും രാത്രി കോഴിക്കോട് ഗെസ്റ്റ് ഹൗസിൽ താമസിക്കാനായിരുന്നു നേരത്തേയുള്ള തീരുമാനം. എന്നാൽ യൂണിവേഴ്സിറ്റി ഗസ്റ്റ് ഹൗസിലാണ് ഗവർണർക്ക് താമസം സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. മൂന്ന് ദിവസം ക്യാമ്പസിൽ തങ്ങുന്ന ഗവർണർ ജില്ലയിലെ ചില സ്വകാര്യ ചടങ്ങുകളിലും 18-ന് സർവകലാശാല സെമിനാർ കോംപ്ലക്സിൽ നടക്കുന്ന സനാതന ധർമ സെമിനാറിലും പങ്കെടുക്കും. 18-ന് ഉച്ചയ്ക്ക് 2.30നാണ് സെമിനാർ. 17ന് കോഴിക്കോട് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ മകന്‍റെ വിവാഹത്തിൽ പങ്കെടുക്കും.
എസ്.എഫ്.ഐയുടെ വെല്ലുവിളി നേരിടുകയെന്ന തീരുമാനത്തിന്‍റെ ഭാഗമായാണ് ഗവർണർതന്നെ ഇടപെട്ട് താമസം സർവകലാശാല കാമ്പസിലേക്ക് മാറ്റിയത്. ഗവർണറുടെ സുരക്ഷ വലിയതോതിൽ വർദ്ധിപ്പിക്കാനാണ് പൊലീസിന്റെ നീക്കം. എസ്എഫ്ഐയുടെ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പാണ്. സർവ്വകലാശാലകളിലേക്ക് ആർഎസ്എസ് നോമിനികളെ തിരുകിക്കേറ്റാനാണ് ഗവർണർ ശ്രമിക്കുന്നതെന്നാണ് എസ്എഫ്ഐ ആരോപണം.