ക്ഷേത്രച്ചടങ്ങിൽ ജാതീയ വിവേചനം നേരിടേണ്ടി വന്നതായി ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ. കോട്ടയത്ത് വേലൻ സർവീസ് സൊസൈറ്റി സംസ്ഥാന സമ്മേളനത്തിൽ പ്രസംഗിക്കുമ്പോഴായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തൽ. ഒരു ക്ഷേത്രത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിനിടെ ജാതിയുടെ പേരിൽ തന്നെ മാറ്റിനിർത്തി എന്നാണ് മന്ത്രി വെളിപ്പെടുത്തിയത്. ജാതീയമായ വേർതിരിവുണ്ടായതിൽ അതേവേദിയിൽ പ്രതിഷേധം അറിയിച്ചതായും മന്ത്രി പറഞ്ഞു.
“ഒരു ക്ഷേത്രത്തിൽ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു. അവിടുത്തെ പ്രധാന പൂജാരി ഒരു വിളക്കുമായി എന്റെ നേരെ വന്നു. അതെനിക്കു തരാനാണെന്നു കരുതി ഞാൻ നിൽക്കുകയായിരുന്നു. പക്ഷേ പൂജാരി വിളക്ക് എന്റെ കയ്യിൽ തന്നില്ല. നേരെ പോയി അദ്ദേഹം നിലവിളക്ക് കത്തിച്ചു. ആചാരത്തിന്റെ ഭാഗമാണെന്നും ആചാരത്തെ തൊട്ടുകളിക്കേണ്ടെന്നും കരുതി ഞാൻ മാറിനിന്നു. പ്രധാന പൂജാരി അടുത്തുണ്ടായിരുന്ന സഹപൂജാരിക്ക് വിളക്ക് കൈമാറി. ഇതിനുശേഷം വിളക്ക് എനിക്കു തരുമെന്നാണു കരുതിയത്. പക്ഷേ തന്നില്ല. അതിനുശേഷം അവര്‍ വിളക്ക് നിലത്തു വച്ചു. അത് ഞാനെടുത്ത് കത്തിക്കട്ടെ എന്നാണവർ ഉദ്ദേശിച്ചത്. ഞാന്‍ കത്തിക്കണോ? എടുക്കണോ? ഞാൻ പറഞ്ഞു: പോയി പണിനോക്കാന്‍. ഞാന്‍ തരുന്ന പൈസയ്ക്ക് അയിത്തമില്ല. എനിക്ക് അയിത്തം കൽപ്പിക്കുകയാണ്. ഇക്കാര്യം അവിടെ നടന്ന ചടങ്ങിൽ പ്രസംഗിക്കുകയും ചെയ്തു. ഏത് പാവപ്പെട്ടവനും കൊടുക്കുന്ന പൈസയ്ക്ക് അയിത്തമില്ല. ആ പൂജാരിയെ ഇരുത്തിക്കൊണ്ടുതന്നെ ഞാൻ ഇക്കാര്യം പറഞ്ഞു.” മന്ത്രി പറഞ്ഞു.
“ഈ പൈസ എത്രയെത്ര ആളുകളുടെ കയ്യിലൂടെ വരുന്നതാണ്. ഇറച്ചിവെട്ടുകാരന്റെ, മത്സ്യക്കച്ചവടക്കാരന്റെയൊക്കെ ട്രൗസറിന്റെ പോക്കറ്റിൽ കിടുന്നു വരുന്നതാണ്. അത് വാങ്ങാൻ ഇവർക്ക് ഒരു മടിയുമില്ല. പക്ഷേ മനുഷ്യനെ അയിത്തം കൽപ്പിച്ചു മാറ്റിനിർത്തുകയാണ്. ജാതി വ്യവസ്ഥയിലേക്ക് മടങ്ങുന്നതിനോട് എനിക്കു യോജിപ്പില്ല. ജാതിവ്യവസ്ഥ ഉണ്ടാക്കിയവർക്ക് എങ്ങനെ മനുഷ്യനെ വിഭജിച്ചു നിർത്തണമെന്ന് കാഴ്ചപ്പാടുണ്ടായിരുന്നു. ജാതിവ്യവസ്ഥ സൃഷ്ടിച്ചവർ ബുദ്ധിമാൻമാരാണ്. അവരുടെ ബുദ്ധി ചന്ദ്രയാൻ വിട്ടവരേക്കാൾ വലുതാണ്. ഇപ്പോഴും മനുഷ്യർ വ്യത്യസ്തമായിട്ട് നിൽക്കുന്നു. ഓരോരുത്തരും വിചാരിക്കുന്നു അവരാണ് ഉയർന്നവരെന്ന്.’’
ഏത് ക്ഷേത്രത്തിലാണ് സംഭവം ഉണ്ടായതെന്ന് മന്ത്രി പറയുന്നില്ല. ഏതായാലും മന്ത്രിയുടെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ വിവേചനം കാണിച്ചവർക്കേതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.