ഇസ്രയേല്‍ ഇറാന് എതിരെ ആക്രമണം നടത്തിയാല്‍ പ്രത്യാക്രമണം മാരകമായിരിക്കും എന്ന് ഇറാന്റെ ഭീഷണി.ഇസ്രയേലിന്റെ ദൗര്‍ബല്യങ്ങള്‍ എന്തെല്ലാം എന്ന് ഇറാന് നന്നായി അറിയാമെന്നും റെവല്യൂഷണറി ഗാര്‍ഡ്‌സ് മേധാവി പറഞ്ഞു.ഗാസ യുദ്ധം പശ്ചിമേഷ്യയില്‍ കൂടുതലിടങ്ങളിലേക്ക് വ്യാപിക്കുമോ എന്ന ആശങ്കയും ശക്തമാണ്.
ഒക്ടോബര്‍ ഒന്നിന് ഇറാന്‍ ഇസ്രയേലിന് നേര്‍ക്ക് നടത്തിയ മിസൈലാക്രമണത്തിന് തിരിച്ചടി നല്‍കാന്‍ നെതന്യാഹു ഭരണകൂടം തയ്യാറെടുക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെ സംഭവിച്ചാല്‍ അത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും എന്ന് മുന്നറിയിപ്പ് നല്‍കുകയാണ് ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സിന്റെ മേധാവി ഹൊസൈന്‍ സലാമി. ഇറാനിലോ രാജ്യത്തിന് പുറത്ത് മേഖലയില്‍ എവിടെയെങ്കിലുമോ ഇറാന്റെ സ്വത്തുക്കള്‍ ഇസ്രയേല്‍ ആക്രമിച്ചാല്‍ തിരിച്ചടി വേദനാജനകമായിരിക്കും എന്നാണ് ഹൊസൈന്‍ സലാമിയുടെ ഭീഷണി. കഴിഞ്ഞ മാസം ലബനനില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഐ.ആര്‍.ജി.സി ജനറലിന്റെ സാംസ്‌കാര ചടങ്ങില്‍ ആണ് മേധാവിയുടെ ഭീഷണിപ്രസംഗം.
അമേരിക്ക നല്‍കിയ അത്യാധുനിക പ്രതിരോധ സംവിധാനത്തിന് പോലും ഇറാന്റെ ആക്രമണത്തെ പ്രതിരോധിക്കാന്‍ കഴിയില്ലെന്നും ഐആര്‍ജിസി മേധാവി പറഞ്ഞു.മേഖലയിലെ സംഘര്‍ഷാവസ്ഥ രൂക്ഷമാകുന്നതിനിടെ ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഖ്ച്ചി ഔദ്യോഗിക സന്ദര്‍ശനത്തിനായി ഈജിപ്തില്‍ എത്തി.സൗദി അറേബ്യ,ഖത്തര്‍,ഇറാഖ്,ലബനന്‍ എന്നിവിടങ്ങളിലെ സന്ദര്‍ശനത്തിന് ശേഷം ആണ് അബ്ബാസ് അരാഖ്ച്ചി ഈജിപ്തില്‍ എത്തിയിരിക്കുന്നത്.അതെസമയം ഗാസയിലും ലബനനിലും ഇസ്രയേല്‍ സൈന്യം ശക്തമായ ആക്രമണം ആണ് നടത്തുന്നത്. ഒരുവിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ലെന്നും വെടിനിര്‍ത്തിലിന് ഇല്ലെന്നും എന്ന സൂചനകള്‍ കൂടിയാണ് ഇസ്രയേല്‍ ഇതിലൂടെ നല്‍കുന്നത്.