യുഎഇയില്‍ ഇത്തിഹാദിന്റെ പാസഞ്ചര്‍ ട്രെയിന്‍ എത്തുന്നതോടെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ നോല്‍ കാര്‍ഡ് ഉപയോഗിക്കാം. ദുബൈ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോരിറ്റിയും ഇത്തിഹാദ് റെയിലും പദ്ധതിയ്ക്കായി കരാറില്‍ ഒപ്പുവെച്ചു. ദുബൈയില്‍ നടന്ന ലോക സര്‍ക്കാര്‍ ഉച്ചകോടിയിലാണ് തീരുമാനം.ഇത്തിഹാദ് റെയില്‍ രാജ്യത്ത് പാസഞ്ചര്‍ ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പാസഞ്ചര്‍ ട്രെയിന്‍ എത്തുന്നതോടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ആര്‍ടിഎഇയുടെ നോല്‍ കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയും.
ഇതിനായി യുഎഇയുടെ ദേശീയ റെയില്‍വേ കമ്പനിയായ ഇത്തിഹാദ് റെയിലും ദുബൈ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോരിറ്റിയും തമ്മിലാണ് നിര്‍ണായക കരാറില്‍ ഏര്‍പ്പെട്ടത്. ദുബൈയില്‍ നടന്ന ലോക സര്‍ക്കാര്‍ ഉച്ചകോടിയിലാണ് ധാരണാ പത്രത്തില്‍ ഒപ്പുവെച്ചത്. ടിക്കറ്റ് ബുക്ക് ചെയ്യുന്നതും പണം നല്‍കുന്നതും നോല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് നടത്താന്‍ കഴിയും. എല്ലാ ജനങ്ങള്‍ക്കും സേവനം ഉപയോഗിക്കാന്‍ കഴിയുന്നതിനാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. നോല്‍ കാര്‍ഡുകള്‍ നിലവില്‍ ദുബൈയില്‍ പൊതുഗതാഗത സംവിധാനങ്ങള്‍ക്കു പുറമേ നിരവധി സേവനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും.
യുഎഇയിലെ 11 നഗരങ്ങളെ ബന്ധിപ്പിച്ചായിരിക്കും ഇത്തിഹാദിന്റെ പാസഞ്ചര്‍ ട്രെയിന്‍ എത്തുന്നത്. അബുദബിയിലെ സില മുതല്‍ ഫുജൈറ വരെയാണ് സര്‍വ്വീസ്. രാജ്യത്ത് റെയില്‍വേ സ്റ്റേഷനുകളുടെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്. 400 പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന ട്രെയിനായിരിക്കും സര്‍വ്വീസ് നടത്തുക എന്നും ഇത്തിഹാദ് റെയില്‍ പ്രഖ്യാപിച്ചിരുന്നു.