പത്തനംതിട്ട പരുമലയില്‍ സ്വകാര്യ ആശുപത്രില്‍ നേഴ്സ് വേഷത്തിൽ എത്തി യുവതിയെ കൊല്ലാൻ ശ്രമിച്ച ഭർത്താവിന്റെ സുഹൃത്ത് പിടിയിൽ. കായംകുളം പുല്ലുകുളങ്ങര സ്വദേശിനി അനുഷയാണ് പിടിയിലായത്. പ്രസവിച്ചുകിടന്ന യുവതിയുടെ ഞരമ്പിലേക്ക് സിറിഞ്ചിലൂടെ വായുകുത്തിവെച്ച് കൊല്ലാന്‍ ശ്രമം നടത്തിയ അനുഷ രണ്ടുതവണ യുവതിയുടെ കൈയില്‍ സിറിഞ്ച് ഇറക്കി. കരിയിലകുളങ്ങര സ്വദേശിനിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
സിറിഞ്ച് കുത്തിവച്ച ശേഷം യുവതിയ്ക്ക് നേരിയ ഹൃദയാഘാതം സംഭവിച്ചു. യുവതിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇവർ അപകടനില തരണം ചെയ്തതായാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം. രക്തധമിനികളിലേക്ക് വായു കടത്തിവിട്ട് യുവതിയെ കൊലപ്പെടുത്താനാണ് അനുഷ ശ്രമിച്ചത്. പ്രതി അനുഷ ഫാര്‍മസിസ്റ്റാണെന്നും പൊലീസ് അറിയിച്ചു.
അരുണിന്റെ സഹപാഠിയുടെ സഹോദരിയായ അനുഷയുടെ വിവാഹം രണ്ട് തവണ കഴിഞ്ഞതാണ്. കോളേജ് കാലത്ത് അനുഷയും അരുണും അടുപ്പത്തിലായിരുന്നു. എന്നാല്‍ പിന്നീട് അകന്നു. ഇതിന് ശേഷമാണ് അരുണ്‍ സ്‌നേഹയെ വിവാഹം കഴിച്ചത്. അടുത്ത കാലത്താണ് അനുഷയും അരുണും തമ്മില്‍ വീണ്ടും അടുക്കുന്നത്. ഇരുവരും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റ് സ്‌നേഹ കണ്ടിരുന്നു. അരുണിന്റെ വീട്ടില്‍ ചില പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. സ്‌നേഹ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ആണ് പ്രസവിച്ചത്. സ്നേഹയെ ഡിസ്ചാര്‍ജ് ചെയ്തിരുന്നെങ്കിലും കുഞ്ഞിന് നിറം മാറ്റമുള്ളതിനാല്‍ തുടര്‍ചികിത്സക്കായി ആശുപത്രിയില്‍ തങ്ങുകയായിരുന്നു. ഇതിനിടെയാണ് അനുഷ നഴ്‌സിന്റെ വേഷത്തില്‍ സ്നേഹക്ക് ഇഞ്ചക്ഷന്‍ നല്‍കിയത്.