മാന്ത്രിക കണ്ണാടി വില്‍ക്കാനുണ്ടെന്ന് പറഞ്ഞ് 72 കാരനിൽനിന്നും ഒമ്പതുലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ബംഗാള്‍ സ്വദേശികളായ പാര്‍ഥ സിങ്‌റോയ്, മൊലായ സര്‍ക്കാര്‍, സുദീപ്ത സിന്‍ഹ റോയ് എന്നിവരെയാണ് ഒഡീഷയിലെ നയാപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശിലെ കാന്‍പുര്‍ സ്വദേശിയായ 72-കാരനില്‍നിന്ന് ഒമ്പതുലക്ഷം രൂപ പ്രതികള്‍ തട്ടിയെടുത്തെന്ന് പോലീസ് പറഞ്ഞു.
കാൺപൂരിലെ സുഹൃത്ത് വീരേന്ദ്ര ദുബെ വഴിയാണ് പ്രതികളുമായി പരാതിക്കാരനായ അവിനാഷ് കുമാർ ശുക്ല ബന്ധപ്പെട്ടത്. പുരാതന വസ്തുക്കൾ വിൽക്കുന്ന സിംഗപ്പൂരിലെ കമ്പനിയുടെ പ്രതിനിധികളാണെന്നാണ് ഇവർ സ്വയം പരിചയപ്പെടുത്തിയത്. മാന്ത്രിക കണ്ണാടി വാങ്ങാൻ പണവുമായി ഭുവനേശ്വറിലേക്ക് വരണമെന്ന് പ്രതികൾ ശുക്ലയോട് അഭ്യർത്ഥിച്ചു. അങ്ങനെ പണവുമായി ഭുവനേശ്വറിൽ എത്തിയ ഇയാൾ ഒരു ഹോട്ടലിൽ വച്ച് 9 ലക്ഷം രൂപ പ്രതികൾക്ക് കൈമാറി.
അമേരിക്കയിലെ നാസ ശാസ്ത്രജ്ഞരും സമാനമായ കണ്ണാടി ഉപയോഗിക്കുന്നതായി പ്രതികൾ ശുക്ലയെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. കൂടാതെ കണ്ണാടിയിൽ നോക്കിയാൽ ഭാവി പ്രവചിക്കാൻ കഴിയുമെന്ന മോഹന വാഗ്ദാനവും മാന്ത്രിക കണ്ണാടി സ്വന്തമാക്കാനുള്ള ആഗ്രഹത്തിലേക്ക് ഇയാളെ എത്തിച്ചു.
എന്നാൽ, പിന്നീട് നടന്ന കൂടിക്കാഴ്ചയിൽ പ്രതികളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഇയാൾ തട്ടിപ്പുകാരാണെന്ന് മനസ്സിലാക്കുകയായിരുന്നു. പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇവർ വഴങ്ങിയില്ല. ഒടുവിൽ നയപള്ളി പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി.