ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകത്തിൽ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കേരളത്തെ ഞെട്ടിച്ച
കൊലപാതമുണ്ടായി മുപ്പത്തഞ്ചാം ദിവസമാണ് അന്വേഷണസംഘം കുറ്റപത്രം നൽകിയത്. എറണാകുളം പോക്‌സോ കോടതിയിലാണ് അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ബിഹാർ സ്വദേശി അസഫാക് ആലം മാത്രമാണ് പ്രതി.
കേസിൽ വിചാരണ വേഗത്തിലാക്കുന്നതിനും പൊലീസ്, കോടതിയിൽ അപേക്ഷ നൽകും. വിശദമായ അന്വേഷണ റിപ്പോർട്ടും ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും ഉൾപ്പടുത്തി 645 പേജുള്ള കുറ്റപത്രമാണ് തയ്യാറാക്കിയിട്ടുള്ളത്. കേസിൽ 99 സാക്ഷികളാണുള്ളത്. കുട്ടിയെ കൊന്നത് തെളിവ് നശിപ്പിക്കാനെന്നാണ് കുറ്റപത്രത്തിലുള്ളത്. പ്രതിക്കെതിരെ പോക്സോ കൊലപാതകം, ബലാത്സംഗം ഉൾപ്പടെ 9 കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ജൂലൈ 28 നാണ് ആലുവ തായിക്കാട്ടുകരയിൽനിന്നു കാണാതായ ബിഹാർ സ്വദേശിയായ അഞ്ചുവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്.
ബീഹാർ സ്വദേശികളായ അതിഥി തൊഴിലാളികളുടെ അഞ്ചുവയസുകാരിയായ മകളെ കാണാനില്ലെന്ന് കാട്ടി അമ്മ ആലുവ ഈസ്റ്റ് പൊലീസിൽ നൽകിയ പരാതിയെ തുടർന്നു അന്വേഷണമാണ് ക്രൂരമായകൊലപാതകം പുറംലോകം അറിഞ്ഞത്. സി സി ടി വി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച സൂചന അനുസരിച്ച് അസഫാക് ആലത്തിനെ പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയില്ലെന്നാണ് ഇയാൾ ആദ്യം പറഞ്ഞത്. എന്നൽ തിരച്ചിലിന് ഒടുവിൽ മൃതദേഹം മാലിന്യ കൂമ്പാരത്തിൽ കണ്ടെത്തുകയായിരുന്നു.