ആന്ധ്രാപ്രദേശില്‍ ട്രെയിന്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം 14 ആയി. മരിച്ചവരിൽ പാലസ എക്സ്പ്രസിന്റെ ലോക്കോ പൈലറ്റും ഗാർഡും ഉൾപ്പെടുന്നു. പരിക്കേറ്റ 40 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ നാല് പേർ ഗുരുതരാവസ്ഥയിലാണ്. വിജയനഗരം ജില്ലയിലെ കാണ്ടകപള്ളിയിലാണ് അപകടമുണ്ടായത്.
ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. ഓവര്‍ ഹെഡ് കേബിള്‍ തകരാര്‍ മൂലം നിര്‍ത്തിയിട്ട വിശാഖപട്ടണം – റായിഘഡ് പാസഞ്ചര്‍ ട്രെയിന് പിന്നിലേക്ക് പാലാസ എക്‌സ്പ്രസ് ഇടിച്ചു കയറുകയായിരുന്നു. പാസഞ്ചറിന്റെ മൂന്ന് ബോഗികൾ പാളം തെറ്റി. ആ ബോഗികളിൽ ഉണ്ടായിരുന്നവർ ആണ് മരിച്ചത്. മരിച്ചത് ആന്ധ്രാപ്രദേശിൽ നിന്നുള്ളവരാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദി അപകടത്തെക്കുറിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് റിപ്പോർട്ട് തേടി. ലോക്കോ പൈലറ്റിന്റെ പിഴവ് മൂലമാണ് ദുരന്തമുണ്ടായതെന്ന് റെയില്‍വേ വൃത്തങ്ങള്‍ പറയുന്നു. ഡല്‍ഹി റെയില്‍വേ മന്ത്രാലയത്തിലെ വാര്‍ റൂം സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും റെയില്‍വേ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തെ തുടർന്ന് 18 ട്രെയിനുകൾ റദ്ദാക്കുകയും ചിലത് വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.