ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക്ക് ആലം കുറ്റക്കാരനെന്ന് കോടതി. എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് വിധി പ്രസ്താവിച്ചത്. പ്രതിക്കെതിരായ 16 വകുപ്പുകളും തെളിയിക്കപ്പെട്ടെന്ന് കോടതി വ്യക്തമാക്കി. പ്രതിക്ക് വധശിക്ഷ നൽകണമെന്ന് കൊല്ലപ്പെട്ട കുഞ്ഞിൻ്റെ മാതാപിതാക്കൾ ആവശ്യപ്പെട്ടു.
ശിക്ഷാ വിധി ഈ മാസം ഒൻപതിന് ഉണ്ടാകും.പ്രതിയുടെ മാനസിക നില പരിശോധിക്കണമെന്ന് പ്രതിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രതിക്ക് ഒരു മാനസിക പ്രശ്‌നവുമില്ലെന്നും പരമാവധി ശിക്ഷ തന്നെ നല്‍കണമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. പ്രതിക്ക് ഏതെങ്കിലും തരത്തിൽ മാനസാന്തരം ഉണ്ടാവാൻ സാധ്യതയുണ്ടോ എന്നാണ് കോടതി പരിശോധിക്കുന്നത്. അതേസമയം പ്രതിക്കെതിരായ എല്ലാ വകുപ്പുകളും തെളിഞ്ഞ സാഹചര്യത്തില്‍ വധശിക്ഷ തന്നെ ലഭിച്ചേക്കും എന്നാണ് നിയമവിദഗ്ധര്‍ വിലയിരുത്തുന്നത്.
കൃത്യം നടന്ന് നൂറാം ദിവസമാണ് ശിക്ഷ വിധിക്കുന്നത്. ഇക്കൊല്ലം ജൂലായ് 28-ന് വൈകീട്ട് മൂന്നിനാണ് ആലുവയിലെ വീട്ടില്‍ നിന്ന് അഞ്ച് വയസുകാരിയെ അസ്ഫാക് കൂട്ടിക്കൊണ്ടു പോയത്. ആലുവ മാര്‍ക്കറ്റില്‍ പെരിയാറിനോട് ചേര്‍ന്നുള്ള ഒഴിഞ്ഞ സ്ഥലത്തെത്തിച്ച പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച ശേഷമാണ് കൊലപ്പെടുത്തിയത്. കാണാതായതിനെ തുടര്‍ന്ന് പെൺകുട്ടിക്കായി ഉള്ള തിരച്ചിലിനിടെ ആണ് ആലുവ മാര്‍ക്കറ്റിന് സമീപത്ത് നിന്ന് അഞ്ച് വയസുകാരിയുടെ മൃതദേഹം കണ്ടെത്തുന്നത്.
അസ്ഫാക്കിനെതിരെ 16 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 99 സാക്ഷികളുള്ള കേസില്‍ 99-ാം ദിവസമാണ് വിധി വരുന്നതും എന്നതും ശ്രദ്ധേയം. കുട്ടിയുടെ വസ്ത്രങ്ങള്‍, ചെരിപ്പ്, ഡി എന്‍ എ. സാംപിളുകള്‍, സി സി ടി വി ദൃശ്യങ്ങള്‍ എന്നിങ്ങനെ പത്തു തൊണ്ടി മുതലുകളും 95 രേഖകളും വിചാരണ വേളയില്‍ ഹാജരാക്കിയിരുന്നു.