അയോധ്യാ രാമക്ഷേത്രത്തില്‍ വിഗ്രഹം പ്രതിഷ്ഠിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ പ്രമുഖരുടെ വന്‍നിരയാണ് എത്തിയത്.
ഉച്ചയ്ക്ക് പന്ത്രണ്ട് ഇരുപതിനും പന്ത്രണ്ട് മുപ്പതിനും ഇടയിലായിരുന്നു വിഗ്രഹ പ്രതിഷ്ഠ. കാശിയിലെ വേദപണ്ഡിതന്‍ ഗണേശ്വര്‍ ശാസ്ത്രി ദ്രാവിഡിന്റെ മേല്‍നോട്ടത്തില്‍ പണ്ഡിറ്റ് ലക്ഷ്മീകാന്ത് ദീക്ഷിതാണ് പൂജകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു. വിഗ്രഹപ്രതിഷ്ഠാ സമയത്ത് സൈനിക ഹെലികോപ്ടര്‍ അയോധ്യയില്‍ പുഷ്പവൃഷ്ടി നടത്തി.
പ്രതിഷ്ഠക്ക് മുന്നോടിയായി താന്ത്രിക വിധി പ്രകാരമുള്ള ചടങ്ങുകള്‍ക്ക് പതിനൊന്നരയ്ക്കാണ് തുടക്കമായത്.മൈസൂരൂവിലെ ശില്‍പി അരൂണ്‍ യോഗിരാജ് കൃഷ്ണശിലയില്‍ തീര്‍ത്ത അഞ്ച് വയസുള്ള ബാലനായ രാമന്റെ വിഗ്രഹം ആണ് പ്രതിഷ്ഠിച്ചത്. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമായിരുന്നു പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം. അമിതാഭ് ബച്ചന്‍, രജനി കാന്ത്, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, രാംചരണ്‍ ചിരഞ്ജീവി തുടങ്ങിയ ചലച്ചിത്ര-സാംസ്‌കാരിക-കായിക-മേഖലകളില്‍ നിന്നുള്ള നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.പൊതുജനങ്ങള്‍ക്ക് നാളെ മുതല്‍ ആണ് ദര്‍ശനം അനുവദിക്കുന്നത്.