അബുദബി നഗരത്തില്‍ ട്രാം സര്‍വ്വീസ് ആരംഭിച്ചു. ട്രാക്കുകളില്ലാത്ത ഓട്ടോണമസ് റാപ്പിഡ് ട്രാന്‍സിറ്റുകളാണ് നിരത്തുകളില്‍ ഇറക്കിയിരിക്കുന്നത്. ഇരുനൂറിലേറെ യാത്രക്കാര്‍ക്ക് ഒരേ സമയം ട്രാമില്‍ സഞ്ചരിക്കാന്‍ കഴിയും.റീം മാളിനും റിക്‌സോസ് മറീന മാളിനുമിടയിലുള്ള 14 സ്‌റ്റോപ്പുകളിലൂടെയാണ് ഓട്ടോണമസ് റാപ്പിഡ് ട്രാന്‍സിറ്റിന്റെ സഞ്ചാരം. ദുബൈ മെട്രോയുടെതിന് സമാനമാസ ഇരിപ്പിടങ്ങള്‍, പനോരമിക് വിന്‍ഡോകള്‍, ഡിജിറ്റല്‍ അറിയിപ്പ് സംവിധാനം എന്നിവയെല്ലാം ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്. സാധാരണ ബസ് സര്‍വ്വീസുകള്‍ പോലെ ട്രാമുകള്‍ നഗരത്തിലൂടെ സര്‍വ്വീസ് നടത്തും.
ആദ്യ സര്‍വ്വീസ് റീം മാളില്‍ നിന്ന് രാവിലെ 10 മണിക്ക് ആരംഭിക്കും. അവസാന സര്‍വ്വീസ് ഉച്ചയ്ക്ക് രണ്ടുമണിക്കുമാണ്. മറീന മാളില്‍ നിന്നുമുള്ള സര്‍വ്വീസ് രാവിലെ 11നാണ് ആരംഭിക്കുക. അവസാന സര്‍വ്വീസ് മൂന്നിനാണ്. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ സേവനം ലഭ്യമായിരിക്കും. ഗൂഗിള്‍ മാപ്പ് വഴിയും ദര്‍ബ് ആപ്പിലൂടെയും സമയമറിയാം. റീം മാളിനെയും മറീന മാളിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഗാലേറിയ അല്‍ മരിയ ദ്വീപ്, മറീന സ്വകയര്‍, ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ മസ്ജിദ്, ഖസര്‍ അല്‍ ഹോസ്ന്‍, ഖാലിദിയ പാര്‍ക്ക്, അബുദബി എനര്‍ജി സെന്റര്‍ ഷൈഖ ഫാത്തിമ പാര്‍ക്ക്, കോര്‍ണിഷ് എന്നിവിടങ്ങളിലൂടെയും എന്‍ എം സി സ്‌പെഷ്യാലിറ്റി, എല്‍ എല്‍ എച്ച് തുടങ്ങിയ ആശുപത്രികള്‍, സിറ്റി സീസണ്‍സ് അല്‍ ഹംറ, ഷെറാട്ടണ്‍ എല്‍ ഖാലിദിയ, റിക്‌സോസ് മറീ തുടങ്ങിയ ഹോട്ടലുകള്‍ എന്നിവിടങ്ങളിലൂടെ ട്രാം സര്‍വ്വീസ് നടത്തും. ദിവസം അഞ്ച് സര്‍വ്വീസുകളാണ് നടത്തുന്നത്. സര്‍വ്വീസ്, സമയം, ലക്ഷ്യസ്ഥാനങ്ങള്‍ എന്നിവയറിയാന്‍ ബസ് സ്‌റ്റോപ്പുകളില്‍ പതിപ്പിച്ചിരിക്കുന്ന ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ മതിയാകും.
അബുദബി സംയോജിത ഗതാഗത കേന്ദ്രത്തില്‍ നിന്നും സേവന വിവരങ്ങള്‍ അറിയാന്‍ കഴിയും. നിലവില്‍ യാസ്, സാദിയാത്ത് ദ്വീപുകളില്‍ എ ആര്‍ ടി സേവനങ്ങള്‍ ലഭ്യമാകുന്നുണ്ട്. 2025 ഓടെ നൂറുകണക്കിന് ഓട്ടോണമസ് വാഹനങ്ങള്‍ അബുദബിയില്‍ നിരത്തിലിറക്കുമെന്നും സംയോജിത ഗതാഗത കേന്ദ്രം ്അറിയിച്ചു.