ഗാസയിലേതിന് സമാനമായി അധിനിവെസ്റ്റ്ബാങ്കിലും ഇസ്രയേലിന്റെ കുടിയൊഴിപ്പിക്കല്‍.വടക്കന്‍ വെസ്റ്റ്ബാങ്കില്‍ നിന്നും നാല്‍പ്പതിനായിരത്തിലധികം പലസ്തീനികളെയാണ് പുറത്താക്കിയത്.അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നിന്നാണ് ജനങ്ങളെ ഒഴിപ്പിക്കുന്നത്.
വടക്കന്‍ വെസ്റ്റ്ബാങ്കില്‍ റോഡുകളും വീടുകളും എല്ലാം തകര്‍ക്കുകയാണ് ഇസ്രയേല്‍ സൈന്യം.സ്‌ഫോടനങ്ങളിലൂടെ ബുള്‍ഡോസറുകള്‍ ഉപയോഗിച്ചും ആണ് ഇസ്രയേല്‍ സൈന്യം പശ്ചാത്തലസൗകര്യങ്ങള്‍ തകര്‍ക്കുന്നത്.പന്ത്രണ്ടോളം ബുള്‍ഡോസറുകള്‍ ആണ് ഇതിനായി ഉപയോഗിക്കുന്നത്. മൂന്ന് സൈനിക ടാങ്കുകളും ഇസ്രയേല്‍ വെസ്റ്റ്ബാങ്കില്‍ വിന്യസിച്ചിട്ടുണ്ട്. 2002-ന് ശേഷം ഇത് ആദ്യമായിട്ടാണ് അധിനിവേശ വെസ്റ്റ്ബാങ്കില്‍ ടാങ്കുകള്‍ വിന്യസിക്കുന്നത്.ജനുവരി ഇരുപത്തിയൊന്നിന് ആണ് അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ സൈനിക നീക്കം ആരംഭിച്ചത്.പലസ്തീനികളെ ഒഴിപ്പിക്കണം എന്ന ഡൊണള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ വെസ്റ്റ്ബാങ്കിലെ ആക്രമണത്തിന്റെ ശക്തി ഇസ്രയേല്‍ വര്‍ദ്ധിപ്പിച്ചു.
വടക്കന്‍ ഗാസയിലെ ജബലിയ അഭയാര്‍ത്ഥി ക്യാമ്പ് തകര്‍ത്തതിന് സമാനമായിട്ടാണ് അധിനിവേശ വെസ്റ്റ്ബാങ്കിലെ ജനിന്‍ അഭയാര്‍ത്ഥി കേന്ദ്രം ഇസ്രയേല്‍ തകര്‍ത്തത്. പതിനായിരക്കണക്കിന് പേരെ ഒഴിപ്പിച്ചതിന് ശേഷം ആണ് ആക്രമണം.പലസ്തീനികളുടെ വീടുകള്‍ സൈനികാവശ്യത്തിനായി പിടിച്ചെടുത്തും ആളുകളെ അറസ്റ്റ് ചെയ്തും കര്‍ഫ്യു ഏര്‍പ്പെടുത്തിയും എല്ലാം ആണ് അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ സൈനിക നീക്കം നടത്തുന്നത്.അഭയാര്‍ത്ഥി ക്യാമ്പുകള്‍ തീവ്രവാദികള്‍ കേന്ദ്രങ്ങളാക്കി മാറ്റിയിരിക്കുന്നുവെന്ന് ആരോപിച്ചാണ് നടപടി.