അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച (2023 ഒക്ടോബർ 16) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. ജില്ലയിൽ പലയിടങ്ങളിലും അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് അവധി നൽകിയതെന്ന് കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു.
രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയിൽ ജില്ലയിയിൽ പലയിടങ്ങളിലും വെള്ളക്കെട്ടാണ്. കണ്ണമൂല, ചാക്ക , തേക്കുംമൂട് ബണ്ട് കോളനി, പൗണ്ടുകടവ്, പൊട്ടക്കുഴി, മരുതൂർ, നെയ്യാറ്റിൻകര,വെള്ളായണി തുടങ്ങി പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്. നഗര ഗ്രാമ വ്യത്യാസമില്ലാതെ മണിക്കൂറുകൾ നീണ്ട മഴയിൽ ടെക്നോപാര്‍ക്കിലടക്കം വെള്ളം കയറി. നഗരത്തിന്‍റെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. ഗ്രാമീണ മേഖലകളിൽ ഏക്കറ് കണക്കിന് കൃഷി നശിച്ചു. ജില്ലയുടെ വിവിധ മേഖലകളിലായി ഇരുപത്തിയൊന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.
കനത്ത മഴയിൽ തിരുവനന്തപുരത്ത് 6 വീടുകൾ പൂർണമായും 11 വീടുകൾ ഭാഗികമായും തകർന്നു. വെള്ളം കയറിയതിനാല്‍ കഴക്കൂട്ടം സബ്‌സ്റ്റേഷന്റെ പ്രവര്‍ത്തനം തടസപ്പെട്ടു. സുരക്ഷാ നടപടികളുടെ ഭാഗമായി സബ്‌സ്റ്റേഷനില്‍ നിന്നുള്ള കുഴിവിള, യൂണിവേഴ്‌സിറ്റി, ഓഷ്യാനസ് എന്നീ 11 കെ.വി.ഫീഡറുകള്‍ സ്വിച്ച് ഓഫ് ചെയ്തത് മേഖലയില്‍ വൈദ്യുതി തടസ്സപ്പെടാനിടയാക്കി.ബീച്ചുകളില്‍ വിനോദ സഞ്ചാരത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കടൽ -കായലോര -മലയോര മേഖലകളിലേക്കുള്ള അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള ഗതാഗതത്തിനും നിരോധനമുണ്ട്. മലയോര മേഖലകളില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് സാധ്യതയുണ്ടെന്നും തീരപ്രദേശത്ത് കടല്‍ക്ഷോഭത്തിന് സാധ്യതയുള്ളതിനാലും ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.