Sunday, April 12, 2026
Home Blog Page 98

സൗദിയില്‍ ദേശീയ ചിഹ്നങ്ങള്‍ ദുരുപയോഗിച്ചാല്‍ പിഴശിക്ഷ

0

ദേശീയചിഹ്നങ്ങളും മതചിഹ്നങ്ങളും വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് സൗദി അറേബ്യ വിലക്ക് ഏര്‍പ്പെടുത്തി. സൗദി വാണിജ്യമന്ത്രാലയത്തിന്റെതാണ് തീരുമാനം. വിലക്ക് ലംഘിക്കുന്നവര്‍ക്ക് പിഴ ശിക്ഷ ലഭിക്കും.
ദേശീയ ചിഹ്നങ്ങളോ മതചിഹ്നങ്ങളോ ഏതെങ്കിലും ഉത്പന്നങ്ങളിലോ പരസ്യങ്ങളിലെ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് നിര്‍ദ്ദേശം.ദേശീയ പതാക ദേശീയ ചിഹ്നം ഭരണാധികാരികളുടെ ചിത്രങ്ങള്‍ എന്നിവ വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല.

ഈ ചിഹ്നങ്ങളുടെ സാംസ്‌കാരികവും മതപരവുമായ പ്രാധാന്യം ഉയര്‍ത്തിപ്പിടിക്കുന്നതിനും ദുരുപയോഗം തടയുന്നതിനും ആണ് പുതിയ നിയമം എന്ന് സൗദി വാണിജ്യമന്ത്രാലയം അറിയിച്ചു.സമ്മാനങ്ങളില്‍ പോലും ദേശീയ ചിഹ്നങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല.നിയമം ഗസറ്റില്‍ പ്രസിദ്ധീകരിച്ച് തൊണ്ണൂറ് ദിവസത്തിന് ശേഷം ശിക്ഷാ നടപടികള്‍ ആരംഭിക്കും.നിലവില്‍ ഇത്തരം ചിഹ്നങ്ങള്‍ ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അവ നീക്കം ചെയ്യുന്നതിനാണ് തൊണ്ണൂറ് ദിവസം.നിരോധനം ലംഘിക്കുന്നവര്‍ക്ക് മുന്‍സിപ്പല്‍ നിയമപ്രകാരമുള്ള പിഴശിക്ഷകള്‍ ആയിരിക്കും ലഭിക്കുക എന്നും സൗദി വാണിജ്യമന്ത്രാലയം അറിയിച്ചു.

ബെന്യമിന്‍ നെതന്യാഹുവിന്റെ വസതിക്ക് നേരെ ആക്രമണം

0

ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്റെ വസതിക്ക് നേരെ ആക്രമണം. സ്‌ഫോടനശേഷി കുറഞ്ഞ ബോംബുകള്‍ ആണ് നെതന്യാഹുവിന്റെ സിസറിയിലെ സ്വകാര്യവസതയില്‍ പതിച്ചത്.ആക്രമണത്തിന് പിന്നില്‍ ആരെന്ന് വ്യക്തമായിട്ടില്ല.
നെതന്യാഹുവിന്റെ സിസേറിയിലെ വസിക്ക് സമീപം രണ്ട് തീജ്വാലകള്‍ പതിച്ചതായാണ് രാജ്യാന്തരമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.നെതന്യാഹുവും കുടുംബവും ആക്രമണ സമയം വീട്ടില്‍ ഉണ്ടായിരുന്നില്ല.ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് സംഭവത്തെ അപലപിച്ചു.അന്വേഷണം ആരംഭിച്ചതായും ഹെര്‍സോഗ് അറിയിച്ചു.ഹിസ്ബുള്ള പതിവായി ആക്രമണം നടത്തുന്ന ഹൈഫ നഗരത്തില്‍ നിന്നും ഇരുപത് കിലോമീറ്റര്‍ മാത്രം ്കലെയാണ് സിസേറിയ.ഒക്ടോബര്‍ 19നും സിസേറിയിലെ ഇതേ വസതി ലക്ഷ്യമാക്കി ഡ്രോണ്‍ ആക്രമണം നടന്നിരുന്നു.

പിന്നീട് ഹിസ്ബുള്ള ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു.അതെസമയം വടക്കന്‍ ഇസ്രയേലില്‍ നിരവധി റോക്കറ്റാക്രമണങ്ങള്‍ നടത്തിയതായി ഹിസ്ബുള്ള അവകാശപ്പെട്ടു.വൈഫയില്‍ ഒരു നാവിക താവളം ആക്രമിച്ചതായും ഹിസ്ബുള്ള അവകാശപ്പെടുന്നുണ്ട്.ലബനന്റെ വിവിധ ഭാഗങ്ങളില്‍ ഹസ്ബുള്ളയെ ലക്ഷ്യമിട്ട് ആക്രമണം തുടരുകയാണ് ഇസ്രയേല്‍ പ്രതിരോധ സേന.ബാല്‍ബെക് ജില്ലയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ മൂന്ന് കുട്ടികള്‍ അടക്കം ആറ് പേര്‍ കൊല്ലപ്പെട്ടെന്ന് ലബനന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.

ദുബൈയില്‍ മലയാളി വിദ്യാര്‍ത്ഥി കടലില്‍ മുങ്ങി മരിച്ചു

0

ദുബൈയില്‍ മലയാളിയായ പതിനഞ്ചുകാരന്‍ കടലില്‍ മുങ്ങി മരിച്ചു.ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ അഹമ്മദ് അബ്ദുള്ള മഫാസ് ആണ് മരിച്ചത്.തിരയില്‍പ്പെട്ട അഹമ്മദിന്റെ സഹോദരിയെ രക്ഷപെടുത്തി.ദുബൈ മംസാര്‍ ബീച്ചില്‍ വെള്ളിയാഴ്ച വൈകിട്ടാണ് അഹമ്മദ് അബ്ദുള്‍ മഫാസ് തിരയില്‍പ്പെട്ടത്.സഹോദരിക്ക് ഒപ്പം കടലില്‍ നീന്തുന്നതിനിടയില്‍ വലിയ തിരയടിക്കുകയായിരുന്നു.അഹമ്മദും സഹോദരിയും തിരയില്‍പ്പെട്ടു.സഹോദരിയെ സമീപത്ത് നീന്തുകയായിരുന്ന ഒരു അറബ് സ്വദേശി രക്ഷപെടുത്തി.അഹമ്മദിനെ കാണാതായി.വ്യാപക തെരച്ചില്‍ നടത്തിയെങ്കിലും അഹമ്മദിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല.ശനിയാഴ്ചയാണ് അഹമ്മദിന്റെ മൃതദേഹം കണ്ടെത്തിയത്.

തീരത്തുനിന്ന മാതാവിന്റെ കണ്‍മുന്നില്‍ ആണ് അഹമ്മദിനെ കടലെടുത്തത്.അഹമ്മദിനും സഹോദരിക്കും നീന്തല്‍ വശമുണ്ടായിരുന്നു.തീരത്തുനിന്നും അധികം അകലെയുമല്ലായിരുന്നു ഇരുവരും.പക്ഷെ അപ്രതീക്ഷിതമായി എത്തിയ ശക്തമായ തിര ജീവനെടുക്കുകയായിരുന്നു.വര്‍ഷങ്ങളായി യുഎഇയിലെ താമസക്കാരാണ് കാസര്‍കോഡ് സ്വദേശികളായ അഹമ്മദിന്റെ കൂടുംബം.മൃതദേഹങ്ങള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ദുബൈയില്‍ സംസ്‌കരിക്കും.



പാര്‍ലെമെന്റ് തെരഞ്ഞെടുപ്പ്:ശ്രീലങ്കയില്‍ മുന്നേറ്റം തുടര്‍ന്ന് അനുര ദിസനായകെയുടെ ഇടതുസഖ്യം

0


ശ്രീലങ്കയില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ഇടതുസഖ്യത്തിന് വിജയം.പ്രസിഡന്റ് അനുര കുമാര ദിസനായകെയുടെ എന്‍.പി.പിക്ക് അറുപത്തിരണ്ട് ശതമാനം വോട്ടുകള്‍ ആണ് ലഭിച്ചത്.ശ്രീലങ്കയുടെ രാഷ്ട്രീയ സംസ്‌കാരത്തില്‍ മാറ്റം വന്നെന്ന് അനുര കുമാര ദിസനായകെ പറഞ്ഞു.

225 അംഗ പാര്‍ലമെന്റില്‍ 141 സീറ്റുകള്‍ നേടിയാണ് അനുരകുമാര ദിസനായകെ നേതൃത്വം നല്‍കുന്ന എന്‍പിപി സഖ്യത്തിന്റെ മുന്നേറ്റം.22 മണ്ഡലങ്ങളില്‍ നിന്നായി 196 സീറ്റുകളിലേക്ക് ആണ് നേരിട്ട് വോട്ടെടുപ്പ് നടന്നത്.ശേഷിക്കുന്ന ഇരുപത്തിയൊന്‍പത് സീറ്റുകള്‍ ഓരോ പാര്‍ട്ടിക്കും ലഭിക്കുന്ന ആനുപാതിക വോട്ടിന്റെ അടിസ്ഥാനത്തിലാണ് നിശ്ചയിക്കുന്നത്.അത് കൂടി കണക്കിലെടുക്കുമ്പോള്‍ എന്‍പിപിക്ക് 150-ല്‍ അധികം സീറ്റുകള്‍ ലഭിക്കും.പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെയാണ് ഇടതുസഖ്യം പാര്‍ലമെന്റിലും വന്‍ വിജയം നേടുന്നത്.സെപ്റ്റംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അനുര കുമാര ദിസനായകെയ്ക്ക് നാല്‍പ്പത്തിരണ്ട് ശതമാനം വോട്ടുകള്‍ ആണ് ലഭിച്ചത്.പാര്‍ലമെന്റില്‍ മുന്‍പ്രസിഡന്റ് റാണാ സിങ്ങേ പ്രേമദാസയുടെ മകന്‍ സജിത് പ്രേമദാസ നയിക്കുന്ന എസ്ബിജെ ആയിരിക്കും പ്രതിപക്ഷം.

എസ്ബിജെയ്ക്ക് 35 സീറ്റുകള്‍ ആണ് ലഭിച്ചത്.കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്ന ശ്രീലങ്ക പ്രതീക്ഷയോട് കൂടിയാണ് അനുരയുടെ ഇടതുസഖ്യത്തെ കാണുന്നത്.കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകള്‍ മാത്രം ലഭിച്ച പാര്‍ട്ടിയെ ഇത്തവണ ശ്രീലങ്കന്‍ ജനത അധികാരമേല്‍പ്പിച്ചിരിക്കുന്നത്.വര്‍ഷങ്ങളായി അധികാരത്തിലിരുന്ന രജപക്‌സെ കുടുംബത്തിന്റെ ശ്രീലങ്കന്‍ പീപ്പിള്‍സ് ഫ്രണ്ട് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.രാജ്യത്തെ രാഷ്ട്രീയ സംസ്‌കാരത്തില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ഒരു മാറ്റം വന്നുവെന്നും അത് തുടരുകയാണെന്നും അനുര പറഞ്ഞു.

വയനാട് ദുരന്തം:പ്രത്യേക ഫണ്ട് അനുവദിക്കുന്നതില്‍ ഈ മാസം തീരുമാനം എന്ന് കേന്ദ്രം

0

വയനാട് ദുരിതാശ്വാസത്തിന് ഫണ്ട് അനുവദിക്കുന്നതില്‍ ഈ മാസം തന്നെ തീരുമാനമെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേന്ദ്രം സംസ്ഥാനത്തിന് അയച്ച കത്തില്‍ പ്രത്യേക സാമ്പത്തിക സഹായമില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജി പരിഗണിക്കുന്നത് അടുത്ത വെള്ളിയാഴ്ചത്തേക്ക് മാറ്റി.


ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മേഖലയ്ക്കുള്ള സഹായ പദ്ധതിയുടെ കാര്യത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി.തോമസിന് അയച്ച കത്ത് സംസ്ഥാന സര്‍ക്കാര്‍ ഇന്നു കോടതിയില്‍ ഹാജരാക്കി. കത്തില്‍ പ്രത്യേക സാമ്പത്തിക സഹായം നല്‍കിയില്ലാ എന്ന് പറഞ്ഞിട്ടില്ലായെന്ന് കോടതി ചൂണ്ടിക്കാട്ടി. കഴിയുന്നത്ര വേഗത്തില്‍ തീരുമാനമെടുക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി അഭിപ്രായം ആരാഞ്ഞു.

പുനരധിവാസമടക്കം പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ദുരന്തത്തിന് ഇരയായവരുടെ വായ്പകള്‍ എഴുതിത്തള്ളുന്നതു പോലുള്ള കാര്യങ്ങള്‍ അറിയണമെങ്കില്‍ ദുരന്തം ഏതു വിഭാഗത്തിലാണ് ഉള്‍പ്പെടുത്തുന്നത് എന്ന് വ്യക്തമാകണമെന്നും കോടതി അഭിപ്രായപ്പെട്ടു. ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ട് ഇക്കാര്യങ്ങള്‍ പരിശോധിക്കുന്ന ഉന്നതാധികാര സമിതിയുടെ കൈവശമാണ്. സമിതി ഇതുവരെ യോഗം ചേര്‍ന്നിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി. സംസ്ഥാന ദുരന്തപ്രതികരണ ഫണ്ടില്‍ ആവശ്യത്തിനു തുകയുണ്ടല്ലോ എന്ന നിലപാടും കേന്ദ്രം ഇന്ന് ആവര്‍ത്തിച്ചു.


അസംസ്‌കൃത എണ്ണവിലയില്‍ ഇടിവ് തുടരുന്നു

0

രാജ്യാന്തരവിപണിയില്‍ അസംസ്‌കൃത എണ്ണവിലയില്‍ ഇടിവ്.ബ്രെന്റ് ക്രൂഡ് വില എഴുപത്തിയൊന്നര ഡോളറിലേക്ക് താഴ്ന്നു.ആവശ്യകതയില്‍ വന്ന കുറവാണ് വിലയിടിവിന് കാരണം.

ഇസ്രയേല്‍ ഹമാസ് യുദ്ധം ആരംഭിച്ചതിന് പിന്നാലെ ബാരലിന് എണ്‍പത് ഡോളറിന് മുകളിലേക്ക് വില ഉയര്‍ന്ന എണ്ണയ്ക്ക് ഇപ്പോള്‍ തകര്‍ച്ചയുടെ നാളുകളാണ്. ഉത്പാദനിയന്ത്രണം തുടരാനുള്ള ഒപെക് പ്ലസ് സഖ്യത്തിന്റെ തീരുമാനവും വില സ്ഥിരത സൃഷ്ടിക്കുന്നില്ല.ബ്രെന്റ് ക്രൂഡിന് ഇന്ന് മാത്രം ഒരു ശതമാനത്തോളം ആണ് വിലയിടിവ്.

അമേരിക്കന്‍ ക്രൂഡും വിലയിടിവ് നേരിടുകയാണ്.ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യമായ ചൈനയില്‍ നിന്നുള്ള ആവശ്യകത കുറഞ്ഞത് വിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. അതെസമയം വിപണിയിലേക്ക് എത്തുന്ന എണ്ണയുടെ അളവില്‍ വര്‍ദ്ധനയും സംഭവിക്കുകയാണ്.2025-ല്‍ ആവശ്യകതയെക്കാള്‍ അധികം എണ്ണ വിപണിയിലേക്ക് എത്തും എന്നാണ് രാജ്യാന്തര ഊര്‍ജ്ജ ഏജന്‍സിയുടെ പ്രവചനം.ഒപെക് പ്ലസ് സഖ്യം ഉത്പാദനനിയന്ത്രണം തുടര്‍ന്നാലും അധികം എണ്ണ വിപണിയില്‍ എത്തും. ഇത് വിലയിടിവിന് കാരണമാകും.

യുഎഇ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ മൊബൈലുമായി എത്തിയാല്‍ കര്‍ശന നടപടി

0

സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫോണുമായി എത്തിയാല്‍ പിടിച്ചെടുക്കണം എന്ന് യുഎഇ വിദ്യാഭ്യാസമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.പൊതുവിദ്യാലയങ്ങള്‍ക്കാണ് മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
യുഎഇ വിദ്യാഭ്യാസമന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ ആണ് കുട്ടികള്‍ ക്യാമ്പസില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് എതിരെ കര്‍ശന നടപടി സ്വീകരിക്കണം എന്ന നിര്‍ദ്ദേശം.

പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ മൊബൈല്‍ ഉപയോഗിക്കുന്നതിന് സമ്പൂര്‍ണ്ണ നിരോധനം ഉണ്ട്.കുട്ടികള്‍ മൊബൈല്‍ കൊണ്ടുവരുന്നില്ലെന്ന് അധ്യാപകര്‍ ഉറപ്പാക്കണം.ഇതിനായി കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തണം.വിദ്യാര്‍ത്ഥിയുടെ കൈവശം മൊബൈല്‍ഫോണ്‍ കണ്ടെത്തിയാല്‍ ആവര്‍ത്തിക്കരുതെന്ന് താക്കീത് നല്‍കണം.വീണ്ടും മൊബൈലുമായി എത്തിയാല്‍ ഒരുമാസത്തേക്ക് പിടിച്ചുവെക്കണം എന്നും മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തില്‍ പറയുന്നു.

വിദ്യാര്‍ത്ഥികളുടെ സ്വകാര്യതമാനിച്ച് വേണം ബാഗുകളും പോക്കറ്റകുളും പരിശോധിക്കാന്‍.വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്കായിട്ടാണ് ക്യാമ്പസില്‍ മൊബൈല്‍ ഫോണിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നുണ്ട്.യുഎഇയിലെ ചില സ്വകാര്യസ്‌കൂളുകളും കുട്ടികള്‍ ക്യാമ്പസില്‍ മൊബൈലുമായി എത്തുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

യുഎഇയില്‍ സ്വര്‍ണ്ണവിലയില്‍ ഇടിവ് തുടരുന്നു

0


യുഎഇയിലും സ്വര്‍ണ്ണവിലയിലെ ഇടിവ് തുടരുകയാണ്.ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വര്‍ണ്ണം.ഗ്രാമിന് അഞ്ച് ദിര്‍ഹം ആണ് ഒരു ദിവസത്തിനിടയില്‍ കുറഞ്ഞത്.

287 ദിര്‍ഹം അന്‍പത് ഫില്‍സ് ആയിട്ടാണ് ഇരുപത്തിരണ്ട് ക്യാരറ്റ് സ്വര്‍ണ്ണത്തിന്റെ വില ഇന്ന് താഴ്ന്നത്.ഒക്ടോബറില്‍ മൂന്നൂറ് ദിര്‍ഹത്തിലേക്ക് ഇരുപത്തിരണ്ട് ക്യാരറ്റ് സ്വര്‍ണ്ണത്തിന്റെ വില ഉയര്‍ന്നിരുന്നു.ഇരുപത്തിരണ്ട് ക്യാരറ്റിന്റെ വില 310 ദിര്‍ഹം അന്‍പത് ഫില്‍സായി കുറഞ്ഞു.ഇരുപത്തിയൊന്ന് ക്യാരറ്റിന് ഗ്രാമിന് 278 ദിര്‍ഹം ഇരുപത്തിയഞ്ച് ഫില്‍സും പതിനെട്ട് ക്യാരറ്റിന് 238 ദിര്‍ഹം അന്‍പത് ഫില്‍സും ആണ് ഇന്ന് യുഎഇ വിപണിയില്‍ വില.അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് അധികാരത്തില്‍ വന്നതിന് പിന്നാലെയാണ് സ്വര്‍ണ്ണത്തിന് വില കുറഞ്ഞ് തുടങ്ങിയത്. പശ്ചിമേഷ്യന്‍ സംഘര്‍ഷവും റഷ്യ യുക്രൈന്‍ യുദ്ധവും അവസാനിപ്പിക്കുന്നതിന് ട്രംപ് ഇടപെടല്‍ നടത്തുമെന്ന പ്രതീക്ഷകളാണ് സ്വര്‍ണ്ണവിപണിയില്‍ പ്രതിഫലിക്കുന്നത്.

സ്വര്‍ണ്ണത്തേക്കാള്‍ ആകര്‍ഷകമായ മറ്റുമേഖലകളിലെക്ക് നിക്ഷേപകര്‍ നീങ്ങുന്നതാണ് വിലയിടിവിന് കാരണം.അമേരിക്കന്‍ ട്രഷറി നിക്ഷേപങ്ങള്‍ കൂടുതല്‍ ലാഭകരമാകുന്നതും സ്വര്‍ണ്ണവില കുറയുന്നതിന് കാരണമാണ്.

ദുബൈ പൊലീസ് സേനയെ ശാക്തികരിക്കാന്‍ 200 കോടിയുടെ പദ്ധതി

0

ദുബൈയിലെ പൊലീസ് സേനയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് 200 കോടി ദിര്‍ഹത്തിന്റെ പദ്ധതി പ്രഖ്യാപിച്ചു.യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ആണ് വികസനപദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയത്.

ജദ്ദാഫിലെ പൊലീസ് ഓഫീസേഴ്‌സ് ക്ലബില്‍ നടന്ന ചടങ്ങില്‍ ആണ് വികസന പദ്ധതിയുടെ പ്രഖ്യാപനം.ദുബൈ നഗരം വികസിക്കുമ്പോള്‍ പൊലീസിന്റെ ചുമതലകളും വര്‍ദ്ധിക്കുകയാണെന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും പറഞ്ഞു. സുരക്ഷയും സ്ഥിരതയും ആണ് ഏറ്റവും വിലയേറിയ സ്വത്തുക്കള്‍ എന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.ദുബൈയുടെ സുരക്ഷ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് പൊലീസ് പ്രഖ്യാപിച്ച വികസന പദ്ധതികള്‍ ഷെയ്ഖ് മുഹമ്മദ് വിലയിരുത്തി.പദ്ധതിയുടെ ഭാഗമായി ഹത്തയില്‍ കുറ്റാന്വേഷണത്തില്‍ പരിശീലനം നല്‍കുന്ന പ്രത്യേക കേന്ദ്രം സ്ഥാപിക്കും.

വിവരവിശകലനത്തില്‍ അടക്കം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇവിടെ പരിശീലനം നല്‍കും.ഹത്തിയില്‍ തന്നെ അത്യാധുനിക ഫോറന്‍സിക് സയന്‍സ് കേന്ദ്രവും തുടങ്ങും.അല്‍ റുവയ്യാഹിയില്‍ പൊലീസ് അക്കാദമി സ്ഥാപിക്കും.പുതുതലമുറ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ലോകനിലവാരത്തിലുള്ള പരിശീലനം നല്‍കുന്നതിനാണ് തീരുമാനം.2500 വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതായിരിക്കും അക്കാദമി.

പശ്ചമേഷ്യന്‍പ്രതിസന്ധി:സംഘര്‍ഷാവസ്ഥ ചര്‍ച്ച ചെയ്ത് അറബ് ഇസ്ലാമിക് ഉച്ചകോടി

0

ഗാസയിലും ലബനനിലും അടിയന്തരവെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് അറബ് ഇസ്ലാമിക രാഷ്ട്രങ്ങളുടെ ഉച്ചകോടി.സ്വതന്ത്രപലസ്ഥീന്‍ രാഷ്ട്രം സ്ഥാപിക്കണം എന്നും ഇറാന്റെയും ലബനന്റെയും പരമാധികാരം മാനിക്കണം എന്നും ഉച്ചകോടി ആവശ്യപ്പെട്ടു.സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ ആയിരുന്നു ഉച്ചകോടി.

അമേരിക്കന്‍ പ്രസിഡന്റായി ഡൊണള്‍ഡ് ട്രംപ് ചുമതലയേല്‍ക്കുന്നതിന്റെ മുന്നോടിയായിട്ടാണ് സൗദി തലസ്ഥാനമായ റിയാദില്‍ അറബ് ഇസ്ലാമിക രാജ്യങ്ങളുടെ അസാധാരണ ഉച്ചകോടി ചേര്‍ന്നത്.പലസ്ഥിന്‍ രാഷ്ട്രത്തിന് പരിപൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച ഉച്ചകോടി ഗാസയില്‍ ഇസ്രയേല്‍ നടത്തുന്നത് വംശഹത്യ ആണെന്നും വിലയിരുത്തി.ഇറാനെ ആക്രമിക്കുന്നത് ഇസ്രയേല്‍ നിര്‍ബന്ധമായും അവസാനിപ്പിക്കണം എന്ന് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ആവശ്യപ്പെട്ടു.ഇറാന്റെ പരമാധികാരത്തെ മാനിക്കാന്‍ ഇസ്രയേല്‍ തയ്യാറകണം എന്നും സൗദി കിരീടവകാശി ആവശ്യപ്പെട്ടു.

ദ്വിരാഷ്ട്രപരിഹാരം മാത്രമാണ് ഇസ്രയേല്‍ പലസ്തിന്‍ പ്രശ്‌നത്തിന് പരിഹാരം എന്നും ഉച്ചകോടി വിലയിരുത്തി.അറഫ് ലിഗിന്റെയും ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയുടെയും സംയുക്ത ഉച്ചകോടിയാണ് സൗദി അറേബ്യ റിയാദില്‍ വിളിച്ച് ചേര്‍ത്തത്.ഡൊണള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്നതിന് മുന്‍പ് ഇസ്രയേല്‍ പലസ്തീന്‍ യുദ്ധം അടക്ക പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച നയരൂപീകരണത്തിനാണ് ഉച്ചകോടി ചേര്‍ന്നത്.തുര്‍ക്കി പ്രസിഡന്റ് രജബ് ത്വയിപ് ഉര്‍ദുഗാന്‍,ഖത്തര്‍ അമിര്‍ ഷെയ്ഖ് താനി ബിന്‍ ഹമത് അല്‍ താനി യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ തുടങ്ങിയ നേതാക്കള്‍ ഉച്ചകോടിയില്‍ പങ്കെടുത്തു.