Saturday, April 11, 2026
Home Blog Page 88

പൊതുമാപ്പ് സേവനം: തൊഴിലാളികളെ ആദരിച്ച് ദുബൈ ജിഡിആര്‍എഫ്എ

0

ദുബൈ: പൊതുമാപ്പ് കാലയളവില്‍ സേവനം നടത്തിയ തൊഴിലാളികളെ ആദരിച്ച് ദുബൈ ജിഡിആര്‍എഫ്എ. പൊതുമാപ്പ് സേവനങ്ങള്‍ വേഗത്തിലും കൃത്യതയോടും നടത്തിയ പരിശ്രമത്തിനാണ് ആദരം നല്‍കിയത്. വിവിധ സേവന കേന്ദ്രങ്ങളില്‍ വേഗത്തിലും ലളിതവുമായി സേവനം എത്തിക്കാന്‍ ജീവനക്കാര്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തിയത്. ദുബൈയിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിന്‍നേഴ്‌സ് അഫയേഴ്‌സ് സംഘടിപ്പിച്ച പ്രത്യേക ചടങ്ങിലാണ് ആദരം നല്‍കിയത്. ദുബൈ ജിഡിആര്‍എഫ്എ ഡെപ്യൂട്ടി ഡയറക്ടര്‍ മേജര്‍ ജനറല്‍ ഉബൈദ് ബിന്‍ സുറൂര്‍ ജീവനക്കാരെ ആദരിച്ചു. രാജ്യത്ത് നടപ്പിലാക്കിയ പൊതുമാപ്പ് സേവനം രണ്ടര ലക്ഷത്തിലധികം ആളുകളാണ് പ്രയോജനപ്പെടുത്തിയത്. ദുബൈയില്‍ മാത്രം 2,36,000 ആളുകള്‍ പൊതുമാപ്പ് സേവനം ഉപയോഗിച്ചു. പതിനയ്യായിരത്തിലധികം ഇന്ത്യക്കാരാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്തി താമസ രേഖകള്‍ നിയമവിധേയമാക്കിയത്.

യു.എസില്‍ യാത്രാവിമാനം ഹെലികോപ്ടറില്‍ ഇടിച്ച് നദിയില്‍ വീണു

0

അമേരിക്കയിലെ വാഷിങ്ടണ്ണില്‍ യാത്രാവിമാനം സൈനിക ഹെലികോപ്ടറുമായി കൂട്ടിയിടിച്ച് നദിയില്‍ വീണു.അറുപത്തിനാല് പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. നദിയില്‍ നിന്നും പത്തൊന്‍പത് മൃതദേഹങ്ങള്‍ കണ്ടെത്തി.

വാഷിങ്ടണ്ണിലെ റീഗന്‍ വിമാനത്താവളത്തില്‍ പ്രാദേശികസമയം രാത്രി 9-ന് ആണ് അപകടം.ലാന്‍ഡിംഗ് നടത്തുകയായിരുന്ന അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം സൈനിക ഹെലികോപ്ടറില്‍ ഇടിച്ച് സമീപത്തെ നദിയില്‍ വീഴുകയായിരുന്നു.വിമാനത്തില്‍ അറുപത് യാത്രക്കാരും നാല് ജീവനക്കാരും ആണ് ഉണ്ടായിരുന്നത്.ഹെലികോപ്ടറില്‍ മൂന്ന് യു.എസ് സൈനികരും പരിശീലന പറക്കലിനിടെയാണ് ബ്ലാക്ക് ഹോക്ക് ഹെലികോപ്ടറില്‍ കൂട്ടിയിടിച്ചത് എന്ന് അമേരിക്കന്‍ സൈന്യം അറിയിച്ചു.

റീഗന്‍ വിമാനത്താവളത്തിന് സമീപത്തുള്ള പോട്ടോമാക് നദിയിലേക്കാണ് യാത്രാവിമാനം വീണത്.സൈനിക ഹെലികോപ്ടറും നദിയില്‍ വീണു.2009-ന് ശേഷം അമേരിക്കയില്‍ നടക്കുന്ന ഏറ്റവും വലിയ വിമാനാപകടം ആണ് ഇത്.ഞെട്ടിക്കുന്ന അപകടം എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പ്രതികരിച്ചു.യു.എസ് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഏജന്‍സി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ദുബൈയില്‍ സാലിക്ക് നിരക്ക് വര്‍ദ്ധന നാളെ മുതല്‍

0

ദുബൈയില്‍ സാലിക്ക് നിരക്ക് വര്‍ദ്ധന നാളെ പ്രാബല്യത്തില്‍ വരും.തിരക്കേറിയ സമയങ്ങളില്‍ ആറ് ദിര്‍ഹമായിട്ടാണ് നിരക്ക് വര്‍ദ്ധിക്കുന്നത്.ഞായറാഴ്ചകളില്‍ നാല് ദിര്‍ഹമായിരിക്കും നിരക്ക്.

സാധാരണദിവസങ്ങളില്‍ രാവിലെ ആറ് മുതല്‍ പത്ത് വരെയും വൈകിട്ട് നാല് മുതല്‍ രാത്രി എട്ട് വരെയും ആറ് ദിര്‍ഹമായിരിക്കും സാലിക്ക് നിരക്ക്.രാവിലെ പത്ത് മുതല്‍ നാല് വരെയും വൈകിട്ട് എട്ട് മുതല്‍ രാത്രി ഒരു മണി വരെയും നാല് ദിര്‍ഹവും സാലിക്ക് നിരക്ക് ഈടാക്കും.രാത്രി ഒരു മണി മുതല്‍ പുലര്‍ച്ചെ ആറ് വരെ സാലിക്ക് നിരക്ക് ഈടാക്കില്ല.പൊതുഅവധിയല്ലാത്ത ഞായറാഴ്ചകളില്‍ നാല് ദിര്‍ഹം ആണ് നിരക്ക്. രാത്രി ഒരുമണി മുതല്‍ രാവിലെ ആറ് വരെ ടോള്‍ നല്‍കേണ്ടതില്ല.റമദാന്‍ മാസം നിരക്ക് ഈടാക്കുന്ന സമയക്രമത്തില്‍ മാറ്റമുണ്ടാകും എന്നും സാലിക്ക് കമ്പനി അറിയിച്ചു.റമദാനില്‍ രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെയായിരിക്കും ആറ് ദിര്‍ഹം ഈടാക്കുക.

രാവിലെ ഏഴ് മുതല്‍ ഒന്‍പത് വരെയും വൈകിട്ട് അഞ്ച് മുതല്‍ രാത്രി രണ്ട് മണിവരെയും നാല് ദിര്‍ഹവും നിരക്ക് ഈടാക്കും.രാത്രി രണ്ട് മുതല്‍ല രാവിലെ ഏഴ് വരെ സൗജന്യമായി ടോള്‍ഗേറ്റ് കടക്കാം.ഞായറാഴ്ചകളില്‍ രാവിലെ ഏഴ് മുതല്‍ രാത്രി രണ്ട് മണി വരെ നാല് ദിര്‍ഹം ആയിരിക്കും നിരക്ക്. രാത്രി രണ്ട് മുതല്‍ രാവിലെ ഏഴ് വരെ നിരക്കിടാക്കില്ല.റോഡുകളിലെ വാഹനത്തിരക്ക് കുറയ്ക്കുന്നതിനാണ് സാലിക്ക് നിരക്കുകളില്‍ മാറ്റം വരുത്തുന്നതെന്ന്് കമ്പനി അറിയിച്ചു.

സഞ്ജു സാംസണ്‍ റാങ്കിങ്ങില്‍ 29-ാം സ്ഥാനത്ത്‌

0

തുടര്‍ച്ചയായ മോശം പ്രകടനങ്ങള്‍ക്ക് പിന്നാലെ മലയാളി താരം സഞ്ജു സംസണ്‍ പന്ത്രണ്ട് സ്ഥാനങ്ങള്‍ താഴേക്കിറങ്ങി ഇരുപത്തിയൊമ്പതാം സ്ഥാനത്ത് എത്തി. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയില്‍ ആദ്യ മത്സരത്തില്‍ മാത്രമാണ് സഞ്ജുവിന് രണ്ടക്കം കടക്കാനായത്. ആദ്യ മത്സരത്തില്‍ 26 റണ്‍സാണ് സഞ്ജു നേടിയത്. തുടര്‍ന്നുള്ള രണ്ട് മത്സരങ്ങളില്‍ അഞ്ച് മൂന്ന് എന്നിങ്ങനെയാണ് സഞ്ജുവിന്റെ സ്‌കോര്‍. ഇംഗ്ലീഷ് ബോളര്‍മാര്‍ക്കു മുമ്പില്‍ അടിപതറിയ സഞ്ജുവിന് റാങ്കിങ്ങിലും വലിയ തകര്‍ച്ചാണ് ഉണ്ടായത്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ അടുത്ത രണ്ട് മത്സരങ്ങള്‍ സഞ്ജുവിന് നിര്‍ണായകമാണ്. അതേസയമം ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റിയില്‍ അര്‍ധസെഞ്ചറിയുമായി ഇന്ത്യയെ വിജയത്തിലെത്തിച്ച തിലക് വര്‍മ, ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തെത്തി. പരമ്പരയിലെ മൂന്നു മത്സരങ്ങളില്‍ നിന്ന് ഒരു 5 വിക്കറ്റ് നേട്ടം ഉള്‍പ്പെടെ 10 വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി ബോളര്‍മാരില്‍ അഞ്ചാം സ്ഥാനത്തെത്തി. കരിയറില്‍ ഇരുവരുടെയും ഏറ്റവും മികച്ച റാങ്കിങ്ങാണിത്. ഇംഗ്ലണ്ടിനെതിരായ പരമ്പര തുടങ്ങുന്നതിനു മുന്‍പ് മൂന്നാം സ്ഥാനത്തായിരുന്ന ഇരുപത്തിരണ്ടുകാരന്‍ തിലക് വര്‍മ, രണ്ടാം ട്വന്റി20യില്‍ 55 പന്തില്‍ പുറത്താകാതെ നേടിയ 72 റണ്‍സിന്റെ ബലത്തിലാണ് രണ്ടാം സ്ഥാനത്തേക്ക് കയറിയത്. രാജ്‌കോട്ടില്‍ നടന്ന മൂന്നാം ട്വന്റി20യില്‍ തിലക് വര്‍മ 18 റണ്‍സെടുത്ത് പുറത്തായിരുന്നു. ഒന്നാം സ്ഥാനത്തുള്ള ഓസീസ് താരം ട്രാവിസ് ഹെഡിനേക്കാള്‍ 23 പോയിന്റ് മാത്രം പിന്നിലാണ് താരം.

എണ്ണംകൂടരുത്:തൊഴിലാളി പാര്‍പ്പിട നിയമം പരിഷ്‌കരിച്ച് കുവൈത്ത്‌

0

തൊഴിലാളികള്‍ക്ക് പാര്‍പ്പിട സൗകര്യം ലഭ്യമാക്കുന്നതില്‍ കര്‍ശന നിബന്ധനയുമായി കുവൈത്ത് പബ്ലിക് അതോറിട്ടി ഓഫ് മാന്‍പവര്‍.ഒരു മുറിയില്‍ നാല് പേര്‍ വരെ മാത്രമേ പാടുള്ളു എന്നാണ് പുതിയ നിയമം.

ഒരു വ്യക്തിക്ക് ജീവിക്കുന്നതിനുള്ള മിനിമം സ്ഥലം ലഭ്യമാക്കണം എന്നാണ് പുതിയ നിയമം അനുശാസിക്കുന്നത്.ഒരു മുറയില്‍ നാല് പേരില്‍ കൂടാന്‍ പാടില്ല.ജീവനക്കാര്‍ക്ക് പാര്‍പ്പിട സൗകര്യം ഒരുക്കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്തം ആണ്.താമസസൗകര്യം ലഭ്യമാക്കാത്ത കമ്പനികള്‍ അലവന്‍സ് നല്‍കണം.ചെറിയവരുമാനക്കാരായ തൊഴിലാളികള്‍ക്ക് ശമ്പളത്തിന്റെ ഇരുപത്തിയഞ്ച് ശതമാനത്തിന് തുല്യമായ താമസ അലവന്‍സ് ആണ് നല്‍കേണ്ടത്.മിനിമം ശമ്പളത്തേക്കാള്‍ കൂടുതല്‍ ലഭിക്കുന്നവര്‍ക്ക് പതിനഞ്ച് ശതമാനം അലവന്‍സ് നല്‍കണം.

രാജ്യത്തെ തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണ് പാര്‍പ്പിട നിയമങ്ങള്‍ കുവൈത്ത് പരിഷ്‌കരിച്ചത്.തൊഴിലാളി പാര്‍പ്പിടകേന്ദ്രങ്ങള്‍ ഒരുക്കും മുന്‍പ് ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി നേടണം എന്നും നിര്‍ദ്ദേശം ഉണ്ട്.കുടുംബങ്ങള്‍ക്ക് താമസിക്കാനുള്ള മേഖലകളില്‍ തൊഴിലാളികള്‍ക്ക് പാര്‍പ്പിടങ്ങള്‍ ഒരുക്കാന്‍ പാടില്ലെന്നും നിര്‍ദ്ദേശം ഉണ്ട്.

ഉത്തര്‍പ്രദേശില്‍ മഹാകുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലും മരണം

0

ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ മഹാകുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് പതിനഞ്ച് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്.എഴുപതോളം പേര്‍ക്ക് പരുക്കേറ്റു.തിരക്കിനെ തുടര്‍ന്ന് സ്‌നാനം നിര്‍ത്തിവെച്ചെങ്കിലും പിന്നീട് പുനരാരംഭിച്ചു.

മൗനി അമാവാസി ദിനത്തോട് അനുബന്ധിച്ചുള്ള അമൃത് സ്‌നാനത്തിനിടയില്‍ ആണ് തിക്കുംതിരക്കുമുണ്ടായത്.ബാരിക്കേഡുകള്‍ തകര്‍ത്ത് ജനക്കൂട്ടം മുന്നോട്ട് നീങ്ങിയതോടെയാണ് അപകടം.പുലര്‍ച്ചെ രണ്ടരയോടെയാണ് ബാരിക്കേഡുകള്‍ തകര്‍ന്ന് നിരവധി പേര്‍ നിലത്തുവീണത്.ഗുരുതരമായി പരുക്കേറ്റവരെ ബെയ്‌ലി ആശുപത്രിയിലേക്കും സ്വരൂപ് റാണി മെഡിക്കല്‍ കോളജിലേക്കും മാറ്റി.അപകടത്തെ തുടര്‍ന്ന് പ്രദേശത്തേക്കുള്ള പ്രവേശനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.അപകടത്തിന്റെ പശ്ചാത്തലത്തില്‍ കുഭമേളയിലെ സാഹചര്യം പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തി.

രക്ഷാപ്രവര്‍ത്തനവും ചികിത്സയും കാര്യക്ഷമമായി നടക്കണം എന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കി.കുംഭമേളയില്‍ കാര്യങ്ങള്‍ നിയന്ത്രണവിധേയമാമെന്ന് മുഖ്യമന്ത്രി യോഗി ആതിദ്യനാഥ് വ്യക്തമാക്കി.കുംഭമേളയില്‍ വിശ്വാസികള്‍ മരിച്ചതില്‍ സര്‍ക്കാരിന് എതിരെ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്ത് എത്തി.സൗകര്യങ്ങളുടെ അപര്യാപ്തതയും വിഐപി സന്ദര്‍ശനങ്ങളും ആണ് അപകടകാരണം എന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ആരോപിച്ചു.

ഈ ദിവസം വിമാനടിക്കറ്റ് എടുത്താല്‍ 22 ശതമാനം വരെ ലാഭം

0

യുഎഇയില്‍ നിന്നും വിമാനയാത്രയ്ക്ക് ടിക്കറ്റ് എടുക്കുമ്പോള്‍ ദിവസം ശ്രദ്ധിച്ചാല്‍ പണം ലാഭിക്കാം എന്ന് പഠനറിപ്പോര്‍ട്ട്. ഞായറാഴ്ച യാത്ര ചെയ്താല്‍ ഇരുപത്തിരണ്ട് ശതമാനം വരെ ലാഭിക്കാം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വ്യാഴാഴ്ചയോ വെള്ളിയാഴ്ച്ചയോടെ വിമാനയാത്ര നടത്തുന്നതിന് പകരം യാത്ര ഞായറാഴ്ച്ചയാക്കിയാല്‍ പണം ലാഭിക്കാം എന്നാണ് ട്രാവല്‍ ബ്രാന്‍ഡായ എക്‌സ്പീഡിയ പുറത്തിറക്കിയ എയര്‍ഹാക്‌സ് റിപ്പോര്‍ട്ട് പറയുന്നത്.വാരാന്ത്യ അവധി കണക്കാക്കി വിദേശയാത്ര ചെയ്യുന്നവരാണ് പ്രവാസികള്‍.ഇത് യാത്രാച്ചിലവ് വര്‍ദ്ധിപ്പിക്കും.ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ദിവസം വളരെ പ്രധാനമാണ്.വെള്ളിയാഴ്ച്ചകളെ അപേക്ഷിച്ച് ഞായറാഴ്ച ടിക്കറ്റ് എടുത്താല്‍ ശരാശരി പതിനാറ് ശതമാനത്തോളം ആയിരിക്കും ലാഭം.വ്യാഴാഴ്ച്ചകളെ അപേക്ഷിച്ച് ഞായറാഴ്ച ഇരുപത്തിരണ്ട് ശതമാനവും കുറവ് ലഭിക്കും.

യാത്രയ്ക്ക് ആറ് മുതല്‍ പന്ത്രണ്ട് വരെയുള്ള ദിവസങ്ങള്‍ക്ക് മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് 128 മുതല്‍ 138 ദിവസങ്ങള്‍ക്ക് മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവരെക്കാള്‍ ഇരുപത്തിയൊന്ന് ശതമാനം വരെ നിരക്ക് കുറവ് ലഭിക്കും എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.രാത്രി ഒന്‍പത് മുതല്‍ പുലര്‍ച്ചെ മൂന്ന് മണി വരെയുള്ള വിമാനങ്ങള്‍ ആണ് റദ്ദാക്കപ്പെടാന്‍ ഏറ്റവും സാധ്യത കുറവുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗാസ വെടിനിര്‍ത്തലിന്റെ രണ്ടാംഘട്ട ചര്‍ച്ചകള്‍ ആരംഭിക്കുന്നു

0

ഗാസവെടിനിര്‍ത്തലിന്റെ രണ്ടാംഘട്ടത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് മധ്യസ്ഥ രാജ്യങ്ങള്‍.തുടര്‍ച്ചര്‍ച്ചകള്‍ വിജയംകണ്ടാല്‍ ഗാസ യുദ്ധം സ്ഥിരമായി അവസാനിക്കും.പക്ഷെ ഗാസയില്‍ നിന്നുള്ള സൈനിക പിന്മാറ്റം അടക്കമുള്ള സങ്കീര്‍ണ്ണവിഷയങ്ങള്‍ മധ്യസ്ഥര്‍ക്ക് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.ഗാസ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന പതിനൊന്ന് ദിവസങ്ങള്‍ പിന്നിടുകയാണ്.ഒന്നാംഘട്ട വെടിനിര്‍ത്തലിന്റെ പതിനാറാം ദിവസം രണ്ടാംഘട്ടവെടിനിര്‍ത്തലിനുള്ള ചര്‍ച്ചകള്‍ ആരംഭിക്കാം എന്നതാണ് നിലവിലെ ധാരണ.ചര്‍ച്ചകള്‍ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിയെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.ഫെബ്രുവരി നാലിന് തുടര്‍ചര്‍ച്ചകള്‍ ആരംഭിച്ചേക്കും.

അമേരിക്കയുടെ പിന്തുണയോടെ ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയില്‍ ആണ് തുടര്‍ചര്‍ച്ചകള്‍.വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷം ഹമാസിനും ഇസ്രയേലിനും ഇടയില്‍ രൂപപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും മധ്യസ്ഥരാജ്യങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.വെടിനിര്‍ത്തലിന്റെ അടുത്തഘട്ടങ്ങളെക്കുറിച്ചുളള ചര്‍ച്ചകള്‍ക്കായി ഹമാസ് പ്രതിനിധി സംഘം ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയില്‍ എത്തിയിട്ടുണ്ട്.ഹമാസിന്റെ പക്കലുള്ള അറുപതോളം ബന്ദികളുടെ മോചനവും ഗാസയില്‍ നിന്നുള്ള ഇസ്രയേല്‍ സൈന്യത്തിന്റെ സമ്പൂര്‍ണ്ണ പിന്മാറ്റവും ആണ് അടുത്തഘട്ടത്തില്‍ ചര്‍ച്ച ചെയ്യേണ്ടത്.

ഗാസയില്‍ നിന്നുള്ള ഇസ്രയേല്‍ സൈന്യത്തിന്റെ പൂര്‍ണ്ണപിന്മാറ്റം എന്ന വിഷയത്തിലാണ് മുന്‍പ് നടന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ എല്ലാം പരാജയപ്പെട്ടത്.ഇത്തവണ സങ്കീര്‍ണ്ണമായ വിഷയങ്ങള്‍ രണ്ടാംഘട്ടത്തിലേക്ക് മാറ്റിവെച്ച് വെടിനിര്‍ത്തല്‍ ധാരണയില്‍ എത്തുന്നതിന് മധ്യസ്ഥരാജ്യങ്ങള്‍ ശ്രമിച്ചതുകൊണ്ടാണ് വെടിനിര്‍ത്തലിലേക്ക് കാര്യങ്ങള്‍ എത്തിയത്.തുടര്‍ചര്‍ച്ചകളില്‍ ശേഷിക്കുന്ന വിഷയങ്ങളില്‍ ധാരണരൂപപ്പെടുത്താന്‍ മധ്യസ്ഥര്‍ക്ക് കഴിഞ്ഞാല്‍ ഗാസ യുദ്ധത്തിന് അവസാനമാകും.

ഗാസ ഒഴിപ്പിക്കല്‍:ട്രംപിന്റെ നിര്‍ദ്ദേശം തള്ളി ജോര്‍ദ്ദാനും

0

ഗാസ ഒഴിപ്പിക്കണം എന്ന യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ആവശ്യം തള്ളി ഈജിപ്തും ജോര്‍ദ്ദാനും.ട്രംപിന്റെ പ്രസ്താവനയ്ക്ക് എതിരെ ജര്‍മ്മനിയും രംഗത്ത് എത്തി.അതെസമയം വടക്കാന്‍ ഗാസയിലേക്ക് പലസ്തീനികള്‍ തിരികെ എത്തിക്കൊണ്ടിരിക്കുകയാണ്.മൂന്ന് ലക്ഷത്തിലധികം പേരാണ് ഇതുവരെ എത്തിയത്.

ഗാസ ഒഴിപ്പിക്കണം എന്നും പലസ്തീനികളെ അയല്‍രാജ്യങ്ങളായ ജോര്‍ദ്ദാനും ഈജിപ്തും സ്വീകരിക്കണം എന്ന ഡൊണള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശത്തിന് എതിരെ ആഗോളതലത്തില്‍ വലിയ വിമര്‍ശനം ആണ് ഉയരുന്നത്.പലസ്തീന്‍ ജനത അവരുടെ നാട്ടില്‍ തന്നെ തുടരണം എന്നാണ് നിലപാടെന്ന് ജോര്‍ദ്ദാന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.ഇക്കാര്യത്തില്‍ ഒരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ല.സ്വന്തംഭൂമിയില്‍ ജീവിക്കാനുള്ള പലസ്തീനികളുടെ അവകാശത്തിനൊപ്പം നില്‍ക്കുമെന്ന് ഈജിപ്തും വ്യക്തമാക്കി.ഗാസയില്‍ നിന്നും പലസ്തീനികളെ ഒഴിപ്പിക്കുന്നതിനോ ഇസ്രയേല്‍ അധിനിവേശം ശക്തിപ്പെടുത്തുന്നതിനോ ഉള്ള നീക്കത്തെ എതിര്‍ക്കുമെന്നും ഈജിപ്ത് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

പലസ്തീന്‍ ജനതയെ ഗാസയില്‍ നിന്നും പുറത്താക്കാന്‍ പാടില്ലെന്നാണ് നിലപാടെന്ന് ജര്‍മ്മന്‍ വിദേശകാര്യമന്ത്രാലയവും അറിയിച്ചു.വെടിനിര്‍ത്തല്‍ തുടരുന്ന ഗാസയില്‍ ജനങ്ങള്‍ സ്വദേശങ്ങളിലേക്ക് തിരികെ എത്തിക്കൊണ്ടിരിക്കുകയാണ്.വടക്കന്‍ ഗാസയിലേക്ക് മൂന്ന് ലക്ഷത്തിലധികം പേര്‍ തിരികെ എത്തി.ഇനി മൂന്നര ലക്ഷത്തോളം പേര്‍ കൂടി തിരികെ എത്താനുണ്ടെന്നാണ് കണക്ക്.വീടുകളും കെട്ടിടങ്ങളും പൂര്‍ണ്ണമായും തകര്‍ന്ന വടക്കന്‍ മേഖലയിലെ ടെന്റുകള്‍ കെട്ടി ജീവിക്കുന്നതിനാണ് പലരുടെയും ശ്രമം.

മൂന്നാം ട്വന്റി20 ഇന്ന്: ഇന്ത്യക്ക് ജയം അനിവാര്യം: ജയിച്ചാല്‍ പരമ്പര

0

രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി20 മത്സരം ഇന്ത്യക്ക് ഇന്ന് നിര്‍ണായകമാകും. പരമ്പരയില്‍ 2-0ന് മുന്നിലാണ് ഇന്ത്യ. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കം. തുടര്‍ച്ചയായ രണ്ട് മത്സരങ്ങളിലും തുടര്‍ന്ന ബാറ്റിങ് ക്രമത്തില്‍ തന്നെയാകും ഇന്നും മത്സരത്തിനിറങ്ങുക എന്നാണ് സൂചന. കൊല്‍ക്കത്തയില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഇന്ത്യയെ വിറപ്പിച്ച ശേഷമായിരുന്നു ഇംഗ്ലണ്ട് കീഴടങ്ങിയത്. രണ്ടാം മത്സരത്തില്‍ രണ്ടു വിക്കറ്റ് വിജയമാണ് ഇന്ത്യ നേടിയത്. അതേസമയം ചെറിയ വ്യത്യാസത്തില്‍ നഷ്ടമായ വിജയം മൂന്നാം മത്സരത്തില്‍ നേടി പരമ്പരയിലേക്കു തിരിച്ചെത്താനാണ് ഇംഗ്ലണ്ടിന്റെ ശ്രമം. ഇന്നത്തെ മത്സരം സഞ്ജു സാംസണ് നിര്‍ണായകമാണ്. ഇംഗ്ലണ്ടിന്റെ പേസര്‍മാര്‍ക്കു മുന്നില്‍ സഞ്ജു സാംസണ്‍ അടിപതറുകയാണെന്ന ആരോപണത്തിന് ശക്തമായ മറുപടി നല്‍കാന്‍ താരത്തിനുള്ള അവസരം കൂടിയാണു ഇന്നത്തെ മത്സരം. ആദ്യ രണ്ടു കളികളിലും രാജസ്ഥാന്‍ റോയല്‍സിലെ സഹതാരം കൂടിയായിരുന്ന ജോഫ്ര ആര്‍ച്ചറുടെ പന്തുകളിലാണ് സഞ്ജു ഔട്ടായത്. ആദ്യ മത്സരത്തില്‍ 20 പന്തുകള്‍ നേരിട്ട സഞ്ജു 26 റണ്‍സാണു നേടിയത്. ഒരു സിക്‌സും നാലു ഫോറുകളും അടിച്ച താരം ആര്‍ച്ചറുടെ പന്തില്‍ ഗുസ് അറ്റ്കിന്‍സന്‍ ക്യാച്ചെടുത്ത് പുറത്താകുകയായിരുന്നു. രണ്ടാം മത്സരത്തില്‍ ഏഴു പന്തുകളില്‍ അഞ്ച് റണ്‍സ് മാത്രമാണു സഞ്ജുവിന്റെ സമ്പാദ്യം. ആര്‍ച്ചര്‍ എറിഞ്ഞ മൂന്നാം ഓവറിലെ മൂന്നാം പന്തില്‍ ബ്രൈഡന്‍ കാഴ്‌സ് ക്യാച്ചെടുത്താണു രണ്ടാം ട്വന്റി20യില്‍ മലയാളി താരം മടങ്ങിയത്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ വിശ്വസ്തനായതിനാല്‍ മൂന്നാം മത്സരത്തിലും സഞ്ജുവിന്റെ സ്ഥാനം സുരക്ഷിതമായിരിക്കും. പക്ഷേ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തിയാല്‍ 4,5 ട്വന്റി20കളില്‍ ടീം മാനേജ്‌മെന്റ് മാറ്റങ്ങള്‍ക്കു മുതിര്‍ന്നേക്കും. യുവതാരം ധ്രുവ് ജുറേലാണു സഞ്ജുവിനു പുറമേ ടീമിലുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റര്‍.