ഷാര്‍ജ: പൊതുപാര്‍ക്കിംഗുകള്‍ ഉപയോഗിക്കുന്നതിന് എസ്എംഎസ് പേയ്‌മെന്റ് രീതികള്‍ ഏകീകരിച്ച് മുനിസിപ്പാലിറ്റി. എമിറേറ്റിലെ എല്ലാ നഗരങ്ങളിലും ഒറ്റ രീതിയിലായിരിക്കും എസ്എംഎസ് പേയ്‌മെന്റ് സംവിധാനം. എമിറേറ്റിലെ പാര്‍ക്കിംഗ് രീതികള്‍ വേഗത്തിലും സുതാര്യവുമാക്കുന്നതിനാണ് മുനിസിപ്പാലിറ്റിയുടെ പുതിയ പദ്ധതി. എമിറേറ്റിലെ എല്ലാ നഗരങ്ങളിലും പൊതു പാര്‍ക്കിംഗുകള്‍ ഉപയോഗിക്കുന്നതിന് എസ്എംഎസ് പേയ്‌മെന്റ് രീതി ഏകീകരിച്ചു. 5566 എന്ന നമ്പറിലാണ് എസ്എംഎസ് അയക്കേണ്ടത്. എസ്എംഎസ് വഴി പാര്‍ക്കിംഗ് ഫീസ് അടക്കുന്നതിന് ഇനി മുതല്‍ ഒറ്റ ഫോര്‍മാറ്റില്‍ മെസേജ് അയച്ചാല്‍ മാതിയാകും. നമ്പര്‍ പ്ലേറ്റ് ഏത് എമിറേറ്റിലേതാണ്, പ്ലേറ്റിന്റെ നമ്പര്‍, പാര്‍ക്കിംഗ് ആവശ്യമുള്ള സമയം എന്നിവ മാത്രം എസ്എംഎസായി അയച്ചാല്‍ മതിയാകും. വാഹന ഉടമകള്‍ക്ക് വേഗത്തില്‍ പാര്‍ക്കിംഗ് ഫീസ് അടക്കുന്നതിനായാണ് മുനിസിപ്പാലിറ്റി എസ്എംഎസ് പേയ്‌മെന്റ് ഫോര്‍മാറ്റ് ഏകീകരിച്ചിരിക്കുന്നത്. ഖോര്‍ഫക്കനില്‍ മുമ്പ് ഉപയോഗിച്ചിരുന്ന കെഎച്ച് എന്ന സിറ്റി കോഡ് നിര്‍ത്തലാക്കിയതായും മുനിസിപ്പാലിറ്റി അറിയിച്ചു. എമിറേറ്റിലെ പാര്‍ക്കിംഗ് സംവിധാനങ്ങള്‍ കൂടുതല്‍ സ്മാര്‍ട്ട് ആക്കുകയാണ്. ഇതിന്റെ ഭാഗമായി മൗക്വഫ് എന്ന പേരില്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷനും മുനിസിപ്പാലിറ്റി പുറത്തിറക്കിയിരുന്നു.
തുല്യ നികുതി:നികുതി ഇനിയും കടുപ്പിക്കും എന്ന് ഡൊണള്‍ഡ് ട്രംപ്
പകരത്തിന് പകരം നികുതിയെന്ന ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്.ഓരോ രാജ്യങ്ങളും ഈടാക്കുന്നതിന് തുല്ല്യമായ നികുതി അമേരിക്കയും ഈടാക്കും എന്ന് ട്രംപ് പറഞ്ഞു.നികുതിയുടെ കാര്യത്തില്‍ ട്രംപ് വീണ്ടും ഇന്ത്യയെ വിമര്‍ശിച്ചു.
രണ്ടാമത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ആദ്യ അമേരിക്കന്‍ കോണ്‍ഗ്രസ് പ്രസംഗത്തില്‍ ആണ് ഡൊണള്‍ഡ് ട്രംപ് നികുതി നയത്തില്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കും ഇല്ലെന്ന് പ്രഖ്യാപിച്ചത്.ഏപ്രില്‍ രണ്ട് മുതല്‍ തത്തുല്ല്യ നികുതി ആരംഭിക്കും എന്ന് ട്രംപ് അറിയിച്ചു.പതിറ്റാണ്ടുകളായി വിവിധ ലോകരാജ്യങ്ങള്‍ അമേരിക്കയ്ക്ക് മേല്‍ കനത്ത നികുതിയാണ് ചുമത്തുന്നത്.ഇന്ത്യയും ചൈനയും യൂറോപ്യന്‍ യൂണിയനും ബ്രസീലും മെക്‌സിക്കോയും എല്ലാം അമേരിക്ക ഈടാക്കുന്നതിനെക്കാള്‍ വളരെ ഉയര്‍ന്ന നികുതിയാണ് ഈടാക്കുന്നത്.ഓട്ടോ മൊബൈല്‍ രംഗത്ത് ഇന്ത്യ നൂറ് നൂറ് ശതമാനം നികുതിയാണ് ചുമത്തുന്നത്.
ഇത് അനീതിയാണ്.ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ട്രംപ് പറഞ്ഞു.അമേരിക്ക തിരിച്ചുവരുന്നു എന്ന വാചകത്തോടെയാണ് ഒരുമണിക്കൂറും നാല്‍പ്പത് മിനുട്ടും നീണ്ട പ്രസംഗം ഡൊണള്‍ഡ് ട്രംപ് ആരംഭിച്ചത്.മുന്‍സര്‍ക്കാരുകള്‍ എട്ട് വര്‍ഷങ്ങള്‍ക്ക്‌കൊണ്ട് ചെയ്ത കാര്യങ്ങളേക്കാള്‍ കൂടുതല്‍ നാല്‍പ്പത്തിമൂന്ന് ദിവസങ്ങള്‍ക്കൊണ്ട് തങ്ങള്‍ ചെയ്‌തെന്നും ഡൊണള്‍ഡ് ട്രംപ് പറഞ്ഞു.സര്‍ക്കാര്‍ തലത്തിലുള്ള എല്ലാം സെന്‍സര്‍ഷിപ്പുകളും അവസാനിപ്പിച്ചു.ആവിഷ്‌കാരസ്വാതന്ത്ര്യം തിരുച്ചുകൊണ്ടുവന്നു.മനുഷ്യര്‍ പുരുഷന്‍ സ്്ത്രീം എന്നിങ്ങനെ രണ്ട് വിഭാഗങ്ങള്‍ മാത്രമേയുള്ളുവെന്നും ട്രാന്‍സ്‌ജെന്‍ഡര്‍ എന്നൊന്നില്ലെന്നും ട്രംപ് ആവര്‍ത്തിച്ചു.
ചലച്ചിത്രതാരം രന്യ റാവു ദുബൈയില്‍ നിന്നും കടത്തിയത് 14 കിലോഗ്രാം സ്വര്‍ണ്ണം
തെന്നിന്ത്യന്‍ താരസുന്ദരി രന്യ റാവു ദുബൈയില്‍ നിന്നും കടത്തിയത് കിലോക്കണക്കിന് സ്വര്‍ണ്ണം.14.8 കിലോഗ്രാം സ്വര്‍ണ്ണം ആണ് രന്യയില്‍ നിന്നും ബംഗ്ലൂരു വിമാനത്താവളത്തില്‍വെച്ച് ഡി.ആര്‍.ഐ പിടിച്ചെടുത്തത്.പതിനാല് കിലോഗ്രാമിന്റെ സ്വര്‍ണ്ണക്കട്ടികളും എണ്ണൂറ് ഗ്രാം ആഭരണങ്ങളും ആണ് പിടിച്ചെടുത്തത്.രന്യയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 2.67 കോടി രൂപയും 2.06 കോടി രൂപയുടെ സ്വര്‍ണ്ണവും കണ്ടെത്തി.കഴിഞ്ഞ രണ്ടാഴ്ച്ചക്കിടയില്‍ മാത്രം നാല് ദുബൈ യാത്രകളാണ് രന്യ നടത്തിയത്.ജനുവരി മുതല്‍ പത്തിലധികം തവണ ജിസിസിയിലേക്ക് യാത്ര ചെയ്തു.
നിരന്തരമായ യാത്രകള്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.ഇതോടെ ഡിആര്‍ഐയുടെ നോട്ടപ്പുള്ളിയായും രന്യ മാറി.പക്ഷെ ഇത് അറിയാതെ രന്യ സ്വര്‍ണ്ണക്കടത്തിനായുള്ള യാത്രകള്‍ തുടര്‍ന്നു.2014-ല്‍ ആണ് രന്യ റാവു സിനിമയില്‍ എത്തിയത്.കര്‍ണ്ണാടകയില്‍ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ രാചന്ദ്രറാവുവിന്റെ മകളാണ് രന്യ
ദുബൈയില്‍ വാഹനങ്ങള്‍ തമ്മില്‍ മതിയായ അകലം ഇല്ലെങ്കില്‍ കുടുങ്ങും
മുന്നില്‍പോകുന്ന വാഹനവുമായി മതിയായ അകലം പാലിക്കാത്ത ഡ്രൈവര്‍മാര്‍ ഇനി ദുബൈ പൊലീസിന്റെ റഡാറില്‍ കുടങ്ങും.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന റഡാറുകള്‍ ആണ് സ്ഥാപിച്ചിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.
മുന്നില്‍പോകുന്ന വാഹനവുമായി സുരക്ഷിതമല്ലാത്ത അകലത്തില്‍ വാഹനം ഓടിക്കുന്ന പ്രവണത വര്‍ദ്ധിച്ച സാഹചര്യത്തില്‍ ആണ് ദുബൈ പൊലീസിന്റെ പുതിയ നീക്കം.ഇത്തരം നിയമലംഘനങ്ങള്‍ ഇനി നിരത്തുകളിലെ ട്രാഫിക് റഡാറുകള്‍ രേഖപ്പെടുത്തും.നാനൂറ് ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയിന്റുമായിരിക്കും പിഴ ശിക്ഷ ലഭിക്കുക എന്നും പൊലീസ് അറിയിച്ചു.സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കലും മൊബൈല്‍ ഫോണിന്റെ ഉപയോഗവും അടക്കമുള്ള നിയമലംഘനങ്ങളും ട്രാഫിക് റഡാറില്‍ പതിയും.
സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ നാനൂറ് ദിര്‍ഹം പിഴയും നാല് ബ്ലാക് പോയിന്റും ആണ് ശിക്ഷ എന്നും ദുബൈ പൊലീസ് അറിയിച്ചു.
ഗാസ പുനര്‍നിര്‍മ്മാണം:ഈജിപ്തിന്റെ പദ്ധതിക്ക് അറബ് ലീഗ് ഉച്ചകോടിയില്‍ അംഗീകാരം
ഗാസ പുനരുദ്ധാരണത്തിനുള്ള ഈജിപ്തിന്റെ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ അറബ് രാഷ്ട്രങ്ങളുടെ തീരുമാനം.കെയ്‌റോയില്‍ ചേര്‍ന്ന അറബ് ലീഗ് അസാധാരണ ഉച്ചകോടിയില്‍ ആണ് തീരുമാനം.5300 കോടി ഡോളര്‍ ചിലവ് പ്രതീക്ഷിക്കുന്ന പുനര്‍നിര്‍മ്മാണ പദ്ധതിയാണ് ഈജ്പിത് മുന്നോട്ട് വെച്ചിരിക്കുന്നത്.
ഗാസയെ കടല്‍ത്തീരസുഖവാസ കേന്ദ്രമാക്കി മാറ്റണം എന്ന ഡൊണള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശത്തിന് ബദലായിട്ടാണ് ഈജിപ്തിന്റെ പദ്ദതി.പലസ്തീനികളെ ഗാസയില്‍ നിന്നും ഒഴിപ്പിക്കാതെ തന്നെ മൂന്ന്ഘട്ടങ്ങളിലായി ഗാസയുടെ പുനര്‍നിര്‍മ്മാണം നടത്തുന്നതിനുള്ള പദ്ധതി ഈജിപ്ത് പ്രസിഡന്റ് അബ്ദേല്‍ ഫത്താ അല്‍ സിസിയാണ് ഉച്ചകോടിയില്‍ അവതരിപ്പിച്ചത്.ആദ്യഘട്ടത്തില്‍ ഗാസയിലെ കെട്ടിടാവശിഷ്ടങ്ങള്‍ നീക്കി രണ്ട് ലക്ഷത്തോളം താത്കാലിക പാര്‍പ്പിടങ്ങള്‍ ഒരുക്കും.ഘട്ടംഘട്ടമായി നാല് ലക്ഷം വീടുകളും വിമാനത്താവളവും തുറമുഖം അടക്കമുള്ള സൗകര്യങ്ങളും ഗാസയില്‍ ഒരുക്കുന്നതിനുള്ളതാണ് അറബ് ലീഗ് അംഗീകരിച്ച ഈജിപ്തിന്റെ പദ്ധതി.ഗാസയുടെ നിയന്ത്രണത്തിനായി ഒരു താത്കാലിക ഭരണസമിതിക്കും രൂപം നല്‍കണം.ഇതില്‍ ഹമാസിന്റെ പങ്കാളിത്തം ഉണ്ടാകില്ല.
പലസ്തീന്‍ അതോറിട്ടിക്ക് കീഴിലായിരിക്കും ഗാസ ഭരണസിമിതി പ്രവര്‍ത്തിക്കുക.ഈജിപ്ത് മുന്നോട്ട് വെച്ച പദ്ധതിയെ സ്വാഗതം ചെയ്യുന്നതായി പലസ്തീന്‍ അതോറിട്ടി സ്വാഗതം ചെയ്തു.ഈജിപിതിന്റെ ഗാസ പദ്ധതി ഇപ്പോള്‍ അറബ് രാഷ്ട്രങ്ങളുടെ പദ്ധതിയായി മാറിയിരിക്കുകയാണെന്ന് അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹമ്മദ് അബൗള്‍ ഗെയ്ത്ത് പറഞ്ഞു.അതെസമയം അമേരിക്കയും ഇസ്രയേലും ഈജിപ്തിന്റെ പദ്ധതിയെ വിമര്‍ശിച്ച് രംഗത്ത് എത്തി.ഈജ്പിതിന്റെ പദ്ധതി നടപ്പാക്കിയാല്‍ ഹമാസ് തന്നെ ഗാസയുടെ നിയന്ത്രണം തുടരും എന്ന് ഇസ്രയേല്‍ ആരോപിച്ചു.ഗാസയുടെ നിലവിലെ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നതല്ല ഈജിപ്തിന്റെ പദ്ധതി എന്ന് വൈറ്റ്ഹൗസും വ്യക്തമാക്കി
ഈജിപ്തിന്റെ നിര്‍ദ്ദേശം:ഹമാസിനെ ഒഴിവാക്കി ഗാസ പുനരുദ്ധരിക്കുന്നതിന് പദ്ധതി
ഹമാസിനെ ഒഴിവാക്കി ഗാസയുടെ പുനരുദ്ധാരണത്തിനായി പദ്ധതി തയ്യാറാക്കി ഈജിപ്ത്.ഈജിപ്തിന്റെ പദ്ധതി അറബ് ലീഗ് ഉച്ചകോടി ഇന്ന് ചര്‍ച്ച ചെയ്യും.എന്നാല്‍ ഈജിപ്തിന്റെ ഈ പദ്ധതി തള്ളുകയാണ് ഹമാസ് നേതൃത്വം
പലസ്തീനികളെ പുറത്താക്കി ഗാസ പുനര്‍നിര്‍മ്മിക്കണം എന്ന ഡൊണള്‍ഡ് ട്രംപിന്റെ ആശയത്തിന് ബദലായി ഈജിപ്ത് തയ്യാറാക്കിയ പദ്ധതിയില്‍ ആണ് ഹമാസിനെ ഒഴിവാക്കണം എന്ന നിര്‍ദ്ദേശം.ഹമാസിന് പകരം ്‌റബ് ഇസ്ലാമിക് രാഷ്ട്രങ്ങളുടെയും പാശ്ചാത്യരാജ്യങ്ങളുടെയും നേതൃത്വത്തിലുള്ള ഒരു ഇടക്കാല സമിതി ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കണം.ഹമാസ് ഭരണം തുടര്‍ന്നാല്‍ ഗാസയുടെ പുനരുദ്ധാരണത്തിനായി രാജ്യാന്തരതലത്തില്‍ ധനസഹായം ലഭിക്കാന്‍ ബുദ്ധിമുട്ടുകള്‍ നേരിടും എന്നാണ് ഈജിപിതിന്റെ നിര്‍ദ്ദേശത്തില്‍ പറയുന്നത്.എന്നാല്‍ എപ്പോള്‍ പുനിര്‍നിര്‍മ്മാണം ആരംഭിക്കും എന്നോ എവിടെ നിന്ന് പണം കണ്ടെത്തും എന്നോ ഈജിപ്തിന്റെ പദ്ധതിയില്‍ പറയുന്നില്ല.
ഹമാസിന്റെ സ്വാധീനം എങ്ങനെ ഒഴിവാക്കും എന്നും ഈജിപ്തിന്റെ പദ്ധതിയില്‍ പറയുന്നില്ല.എന്നാല്‍ പുറത്തുനിന്നുള്ള ഒരു ശക്തിക്കും ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ കഴിയില്ലെന്നാണ് ഹമാസ് വ്യക്തമാക്കുന്നത്.ഗാസയുടെ ഭാവി തീരുമാനിക്കുന്നത് പലസ്തീനികള്‍ തന്നെ ആയിരിക്കും എന്ന് മുതിര്‍ന്ന ഹമാസ് നേതാവ് സമി അബു സുഹ്രി പറഞ്ഞു.ഗാസയുടെ പുന്‍നിര്‍മ്മാണത്തിനായി 5300 കോടി ഡോളര്‍ എങ്കിലും വേണ്ടിവരും എന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍.245000 വീടുകള്‍ അടക്കം ഗാസയിലെ എഴുപത് ശതമാനത്തോളം നിര്‍മ്മിതികളും പൂര്‍ണ്ണമായോ ഭാഗികമായോ തകര്‍ക്കപ്പെട്ടിട്ടുണ്ടെന്നും ഐക്യരാഷ്ട്രസഭ വിലയിരുത്തുന്നുണ്ട്.
റാഗിങ് കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി
കേരളത്തിലെ വിദ്യാലയങ്ങളില്‍ റാഗിങ് സംഭവങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി. ലീഗല്‍ സര്‍വീസസ് അതോറിറ്റി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് നിര്‍ദ്ദേശം.
റാഗിങ് വിരുദ്ധ നിയമങ്ങള്‍ നിലവിലുണ്ടായിട്ടും ബന്ധപ്പെട്ട കേസുകളില്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ലീഗല്‍ സര്‍വീസസ് അതോറിറ്റി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് നിര്‍ദ്ദേശം. ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, എസ്.മനു എന്നിവരുടെ നിര്‍ദേശം. റാഗിങ് തടയണമെന്ന കോടതി ഉത്തരവുണ്ടായിട്ടും ഇതു സംബന്ധിച്ച് കൃത്യമായ ചട്ടക്കൂടുകളുണ്ടാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഇതുമൂലം ഒട്ടേറെ റാഗിങ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഈ സാഹചര്യത്തില്‍ ഫലപ്രദമായ റാഗിങ് വിരുദ്ധ നടപടികള്‍ക്ക് കോടതി നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.
റാഗിങ് തടയുന്നതിന് സംസ്ഥാന, ജില്ലാ തല റാഗിങ് വിരുദ്ധ നിരീക്ഷണ സമിതികള്‍ രൂപീകരിക്കണമെന്നതാണ് ഹര്‍ജിക്കാര്‍ മുന്നോട്ടു വയ്ക്കുന്ന പ്രധാന നിര്‍ദേശം. സ്‌കൂളുകളില്‍ റാഗിങ് വിരുദ്ധ സ്‌ക്വാഡുകള്‍ രൂപീകരിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവ സംസ്ഥാനതല നിരീക്ഷക സമിതി മുന്‍പാകെ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഈ വിഷയം പരിഗണിക്കുന്നതിന് പ്രത്യേക ബെഞ്ച് രൂപീകരിക്കാന്‍ കോടതി തീരുമാനിച്ചത്. കേസ് നാളെ പ്രത്യേക ബെഞ്ച് പരിഗണിക്കും.
ഖത്തറില്‍ മാര്‍ച്ച് പകുതിയോടെ താപനില ഉയരും
ഖത്തറില്‍ ഈ മാസം പകുതിയോടെ താപനില ഉയര്‍ന്നു തുടങ്ങുമെന്ന് കാലാവസ്ഥാ വിഭാഗം. നിലവില്‍ അനുഭവപ്പെടുന്ന തണുപ്പ് ഏതാനും ദിവസങ്ങള്‍ കൂടി തുടരും. പകല്‍ സമയങ്ങളിലെ താപനില 21 ഡിഗ്രി സെല്‍ഷ്യസാണ് അനുഭവപ്പെടുന്നത്.
ഫെബ്രുവരി അവസാന വാരത്തിലെത്തിയ അപ്രതീക്ഷിത തണുപ്പില്‍ നിന്നും അന്തരീക്ഷ താപനില ഉയരുമെന്നാണ് കാലാവസ്ഥാ വിഭാഗം അറിയിച്ചിരിക്കുന്നത്. മാര്‍ച്ച് പകുതിയോടെ ചൂട് വര്‍ദ്ധിക്കും. അറേബ്യന്‍ ഉപദ്വീപില്‍ സുഡാനിലെ ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നതിനാലാണ് താപനില ഉയരുക.
നിലവിലെ തണുപ്പ് ഏതാനും ദിവസങ്ങള്‍ കൂടി തുടരുമെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു. പകല്‍ സമയങ്ങളില്‍ ഉയര്‍ന്ന താപനില 21.9 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് പരമാവധി രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ തണുപ്പാണ് രാജ്യത്ത് അനുഭവപ്പെട്ടത്. ദോഹ ഉള്‍പ്പെടെ നഗര മേഖലകളില്‍ 12 ഡിഗ്രിയിലേക്ക് വരെ അന്തരീക്ഷ താപനില കുറഞ്ഞിരുന്നു.
ഇന്ത്യന്‍ പാസ്‌പോര്‍ട്ട് നിയമങ്ങളില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍
ഇന്ത്യന്‍ പാസ്‌പോര്‍ട്ട് അനുവദിക്കുന്നതിനുള്ള നിയമങ്ങള്‍ ഭേദഗതി ചെയ്ത് കേന്ദ്രസര്‍ക്കാര്‍.ജനനതീയതി സംബന്ധിച്ച രേഖകള്‍ സമര്‍പ്പിക്കുന്നതില്‍ ആണ് മാറ്റം വരുത്തിയിരിക്കുന്നത്.
2023 ഒക്ടോബര്‍ ഒന്നിനോ അതിന് ശേഷമോ ജനിച്ചവര്‍ ഇനി മുതല്‍ ജനന-മരണ രജിസ്ട്രാര്‍,മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍,അല്ലെങ്കില്‍ 1969-ലെ ജനനമരണ രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരം അധികാരപ്പെടുത്തിയ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ജനനസര്‍ട്ടിഫിക്കറ്റ് ആണ് ഹാജരാക്കേണ്ടത്.അതെസമയം 2023 ഒക്ടോബര്‍ ഒന്നിന് മുന്‍പ് ജനിച്ചവര്‍ക്ക് പാസ്‌പോര്‍ട്ട് എടുക്കുന്നതിന് എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്,പാന്‍കാര്‍ഡ്.
ഡ്രൈവിംഗ് ലൈസന്‍സ്,തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ജനനതീയതിയ്ക്ക് തെളിവായി ഹാജരാക്കാം.1980-ലെ പാസ്‌പോര്‍ട്ട് നിയമങ്ങളില്‍ ആണ് ഭേദഗതി വരുത്തിയിരിക്കുന്നത്.പാസ്‌പോര്‍ട്ട് നിയമത്തിലെ മാറ്റം ഫെബ്രുവരി ഇരുപത്തിയെട്ടിന് പ്രാബല്യത്തില്‍ വന്നു.
ട്രക്കുകള്‍ തടഞ്ഞു:ഗാസയിലേക്കുള്ള സഹായവിതരണം തടഞ്ഞ് ഇസ്രയേല്‍
ഗാസയിലേക്കുള്ള സഹായവിതരണം ഇസ്രയേല്‍ തടസ്സപ്പെടുത്തിയതോടെ പതിനായിരങ്ങള്‍ പട്ടിണി ഭീതിയില്‍.വെടിനിര്‍ത്തല്‍ നീട്ടിയ തീരുമാനം ഹമാസ് അംഗീകരിക്കണം എന്നാവശ്യപ്പെട്ടാണ് ഇസ്രയേല്‍ നടപടി.എന്നാല്‍ ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഹമാസ് നേതൃത്വം അറിയിച്ചു.
ഗാസയിലേക്കുള്ള മുഴുവന്‍ മാനുഷികസഹായവും തടസപ്പെടുത്തിയിരിക്കുകയാണ് ഇസ്രയേല്‍.റമദാന്‍ ആരംഭിച്ചതോടെ വിവിധ രാജ്യങ്ങള്‍ കൂടുതല്‍ സഹായം ഗാസയിലേക്ക് എത്തിക്കുന്നുണ്ട്.എന്നാല്‍ ട്രക്കുകള്‍ ഗാസ മുനമ്പിലേക്ക് പ്രവേശിക്കുന്നതിന് ഇസ്രയേല്‍ അനുമതി നല്‍കുന്നില്ല.ഒന്നാംഘട്ടവെടിനിര്‍ത്തല്‍ നീട്ടാനുള്ള തീരുമാനം ഹമാസ് അംഗീകരിക്കും വരെ ട്രക്കുകള്‍ തടയും എന്നാണ് ഇസ്രയേല്‍ വ്യക്തമാക്കിയിട്ടുള്ളത്.ശേഷിക്കുന്ന ബന്ദികളില്‍ പകുതി പേരെ ഒറ്റഘട്ടമായി മോചിപ്പിക്കണം എന്നും ഇസ്രയേല്‍ ആവശ്യപ്പെടുന്നുണ്ട്.എന്നാല്‍ ഒന്നാംഘട്ട വെടിനിര്‍ത്തല്‍ നീട്ടുന്നതിനുള്ള ഇസ്രയേല്‍ തീരുമാനം ഹമാസ് അംഗീകരിക്കുന്നില്ല.രണ്ടാംഘട്ട വെടിനിര്‍ത്തല്‍ വേണം എന്നാണ് ഹമാസിന്റെ നിലപാട്.
ബന്ദികളെ ഘട്ടംഘട്ടമായി മാത്രമേ മോചിപ്പിക്കു എന്നും ഹമാസ് നേതൃത്വം വ്യക്തമാക്കുന്നുണ്ട്.ഗാസയിലേക്കുള്ള സഹായവിതരണം തടസപ്പെടുത്തുന്നത് വില കുറഞ്ഞ വിലപേശല്‍ തന്ത്രമാണെന്നും ഹമാസ് നേതൃത്വം ആരോപിച്ചു.റമദാനില്‍ ഗാസയിലേക്കുള്ള സഹായവിതരണം തടസ്സപ്പെടുത്തുന്ന ഇസ്രയേല്‍ നടപടിയ്ക്ക് എതിരെ രാജ്യാന്തര തലത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.സഹായം തടയുന്നത് നീതികരിക്കാന്‍ കഴിയില്ലെന്നും രാജ്യാന്തരനിയമങ്ങളുടെ ലംഘനം ആണെന്നും അറബ് രാഷ്ട്രങ്ങള്‍ ചൂണ്ടിക്കാട്ടി.


