Friday, April 10, 2026
Home Blog Page 76

യുഎഇയില്‍ പൊടിക്കാറ്റ്:അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍

0

യുഎഇയില്‍ അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ നിറഞ്ഞ കാലാവസ്ഥ.രാജ്യത്ത് വിവിധയിടങ്ങളില്‍ പൊടിക്കാറ്റും വീശുന്നുണ്ട്.നാളെയും പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ഇന്ന് രാവിലെ മുതല്‍ തന്നെ രാജ്യത്ത് പലയിടത്തും അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ നിറഞ്ഞ അവസ്ഥയാണ് അനുഭവപ്പെട്ടത്.ഇന്ന് കാഴ്ച്ചയ്ക്ക് തടസ്സം സൃഷ്ടിക്കും വിധത്തില്‍ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് ദേശീയകാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.വിവിധയിടങ്ങളില്‍ ഓറഞ്ച് യെല്ലോ അലര്‍ട്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

ദുബൈ,ഷാര്‍ജ,അബുദബി എമിറേറ്റുകളില്‍ ആണ് മുന്നറിയിപ്പ്.വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണം എന്നാണ് നിര്‍ദ്ദേശം.ഇതിനൊപ്പം പൊടിപടലങ്ങള്‍ കയറാതിരിക്കുന്നതിന് കെട്ടിടങ്ങളുടെ ജനാലകളും വാതിലുകളും അടച്ചിടണം എന്നും ദേശീയകാലാവസ്ഥാ കേന്ദ്രം ആവശ്യപ്പെട്ടു.നാളെയും പൊടിക്കാറ്റും പൊടിപടലങ്ങള്‍ നിറഞ്ഞ അന്തരീക്ഷവും തുടരും എന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.രാജ്യത്ത് അന്തരീക്ഷ ഈര്‍പ്പത്തിലും വര്‍ദ്ധനയുണ്ട്.ഇന്ന് രാവിലെ മൂടല്‍മഞ്ഞും അനുഭവപ്പെട്ടു.

രാജ്യാന്തരവിപണിയില്‍ അസംസ്‌കൃത എണ്ണവിലയില്‍ ഇടിവ്‌

രാജ്യാന്തരവിപണയില്‍ അസംസ്‌കൃത എണ്ണയ്ക്ക് വീണ്ടും വിലത്തകര്‍ച്ച.ബ്രെന്റ് ക്രൂഡിന് ബാരലിന് അറുപത്തിയഞ്ച് ഡോളറായിട്ടാണ് വില കുറഞ്ഞത്.യു.എസ്-ചൈന വ്യാപാരയുദ്ധം ആണ് ക്രൂഡ് ഓയില്‍ വിപണിയെയും ബാധിക്കുന്നത്.

മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്നനിലയിലാണ് നിലവില്‍ അസംസ്‌കൃത എണ്ണവില.അമേരിക്കന്‍ ക്രുഡായ വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റിന്റെ വില ബാരലിന് അറുപത്തിയൊന്ന് ഡോളറിലേക്കാണ് താഴ്ന്നത്.ബ്രെന്റ് ക്രൂഡ് ഇന്ന് മാത്രം ദശാംശം ആറ് ശതമാനത്തിന്റെ വിലയിടിവാണ് നേരിട്ടത്.അമേരിക്ക-ചൈന വ്യാപാരയുദ്ധം ആഗോളതലത്തില്‍ വളര്‍ച്ചാ നിരക്കിനെ ബാധിച്ചേക്കും എന്നും അത് എണ്ണയുടെ ആവശ്യകതയില്‍ കുറവ് വരുത്തും എന്ന ആശങ്കയാണ് വിലയിടിവിന് പ്രധാനകാരണം.ആഗോളതലത്തില്‍ പ്രതീക്ഷിച്ചതിനെക്കാള്‍ എണ്ണയുടെ ആവശ്യകത കുറയും എന്ന് രാജ്യാന്തര ഊര്‍ജ്ജ ഏജന്‍സിയുടെ പ്രവചനവും എണ്ണവിലയെ ബാധിക്കുന്നുണ്ട്.

ഈ വര്‍ഷം കഴിഞ്ഞ അഞ്ച് കൊല്ലത്തിനിടയിലെ ഏറ്റവും താഴ്ന്ന വളര്‍ച്ചാ നിരക്കായിരിക്കും എണ്ണ ആവശ്യകതയില്‍ ഉണ്ടാവുക എന്നാണ് രാജ്യാന്തര ഊര്‍ജ്ജ ഏജന്‍സിയുടെ പ്രവചനം.പ്രതിദിനം 7,30000 ബാരല്‍ എന്ന നിലയിലായിരിക്കും ഈ വര്‍ഷം ആഗോളതലത്തില്‍ എണ്ണയുടെ ആവശ്യകതയിലെ വര്‍ദ്ധന.നേരത്തെ ഏജന്‍സി പ്രവചിച്ചിരുന്നത് പത്ത് ലക്ഷത്തിലധികം ബാരല്‍ എന്നായിരുന്നു.

82 ശതമാനം വളര്‍ച്ച കൈവരിച്ച് അബുദബിയുടെ തൊഴില്‍ മേഖല

0

അബുദബിയുടെ തൊഴില്‍ മേഖലയില്‍ അതിവേഗ വളര്‍ച്ച. പന്ത്രണ്ട് വര്‍ഷത്തിനിടെ തൊഴില്‍ ശക്തി 82 ശതമാനം വര്‍ദ്ധിച്ച് ഇരുപത്തിയഞ്ച് ലക്ഷമായി ഉയര്‍ന്നു. അബുദബി സ്റ്റാറ്റിസ്റ്റിക്‌സ് സെന്ററിന്റെ റിപ്പോര്‍ട്ടിലാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ ആഗോള കേന്ദ്രമായി അതിവേഗം വളരുകയാണ് അബുദബി. 2011 നും 2023നും ഇടയില്‍ തൊഴില്‍ ശക്തി 82 ശതമാനം വര്‍ദ്ധിച്ചു. എമിറേറ്റില്‍ വൈറ്റ് കോളര്‍ പ്രൊഫഷണലുകളുടെ എണ്ണം 109 ശതമാനമായി വര്‍ദ്ധിച്ചു. മൊത്തം തൊഴില്‍ മേഖലയുടെ 46 ശതമാനമാണ് വൈറ്റ് കോളര്‍ ജോലിക്കാരുടെ എണ്ണം. തൊഴില്‍ മേഖലയുടെ 54 ശതമാനവും ബ്ലൂ കോളര്‍ തൊഴിലാളികളാണ്. പന്ത്രണ്ട് വര്‍ഷത്തിനിടയില്‍ 65 ശതമാനം വര്‍ദ്ധനയുണ്ടായി. എമിറേറ്റിലെ ജനസംഖ്യയിലുണ്ടായ വര്‍ദ്ധവയാണ് തൊഴില്‍ മേഖലയിലെ വളര്‍ച്ചയ്ക്ക് കാരണമെന്ന് അബുദബി സ്റ്റാറ്റിസ്റ്റിക്‌സ് സെന്ററിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ജനസംഖ്യയില്‍ 83 ശതമാനമാണ് വളര്‍ച്ച.

ധനകാര്യം, സാങ്കേതിക വിദ്യ, ആരോഗ്യ സംരക്ഷണം, ടൂറിസം തുടങ്ങിയ മേഖലകളുടെ വളര്‍ച്ചയും തൊഴില്‍ശക്തി വര്‍ദ്ധിപ്പിച്ചു. എണ്ണഇതര നിക്ഷേപത്തില്‍ മുന്നൂറ് ശതമാനമാണ് വര്‍ദ്ധന. ഇത് തൊഴില്‍ മേഖലയുടെ വളര്‍ച്ചയ്ക്ക് നിര്‍ണായക പങ്ക് വഹിച്ചു. കൂടുതല്‍ പ്രൊഫഷണലുകളുടെ വരവ് എമിറേറ്റിന്റെ തൊഴില്‍ മേഖലയ്ക്കും ഇതിലൂടെ സമ്പദ് വ്യവസ്ഥയ്ക്കും വര്‍ദ്ധയ്ക്ക് കാരണമാകുമെന്നാണ് വിലയിരുത്തല്‍.

ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് റോഡില്‍ ഇനി മിനിമം വേഗമില്ല

0

അബുദബി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് റോഡില്‍ ഏര്‍പ്പെടുത്തിയിരുന്ന മിനിമം വേഗത ഗതാഗത അതോറിട്ടി പിന്‍വലിച്ചു.ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി.അബുദബിയില്‍ രണ്ട് പ്രധാന ഹൈവേകളില്‍ വേഗപരിധി കുറച്ചത് ഇന്ന് പ്രാബല്യത്തില്‍ വന്നു.

അബുദബി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് റോഡില്‍ മണിക്കൂറില്‍ 120 കിലോമീറ്ററില്‍ താഴെ വാഹനം ഓടിക്കാന്‍ പാടില്ലെന്ന നിബന്ധന പിന്‍വലിച്ചു എന്നാണ് അബുദബി മൊബിലിറ്റിയുടെ അറിയിപ്പ്.ഇനി മുതല്‍ വാഹനം ഓടിക്കുന്നവര്‍ മിനിമം വേഗത പാലിക്കേണ്ടതില്ല.ഗതാഗതം കൂടുതല്‍ സുഗമമവും സുരക്ഷിതവും ആക്കുക എന്ന ലക്ഷ്യത്തിലാണ് മിനിമം വേഗത ഒഴിവാക്കുന്നത്.2023 ഏപ്രിലില്‍ ആണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് റോഡില്‍ മണിക്കൂറില്‍ 120 കിലോമീറ്റര്‍ മിനിമം വേഗത ഏര്‍പ്പെടുത്തിയത്.ഇടതുവശത്തുള്ള ആദ്യ രണ്ട് വരികളില്‍ ആയിരുന്നു മിനിമം വേഗത ഏര്‍പ്പെടുത്തിയിരുന്നത്.

ഇത് പാലിക്കാത്തവര്‍ക്ക് നാനൂറ് ദിര്‍ഹം പിഴയും ചുമത്തിയിരുന്നു. മണിക്കൂറില്‍ 140 കിലോമീറ്ററാണ് ഈ പാതയില്‍ പരമാവധി വേഗത.അതെസമയം അബുദബി ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് ഇന്റര്‍നാഷണല്‍ റോഡിലും അബുദബി സൈ്വഹാന്‍ റോഡിലും പരമാവധി വേഗതയയില്‍ മാറ്റംവരുത്തിയത് പ്രാബല്യത്തിലായി.ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് ഇന്റര്‍നാഷണല്‍ റോഡില്‍ പരമാവധി വേഗത മണിക്കൂറില്‍ 160 കിലോമീറ്ററില്‍ നിന്നും 140 കിലോമീറ്ററായാണ് കുറച്ചത്. സൈ്വഹാന്‍ റോഡില്‍ മണിക്കൂറില്‍ കൂടിയ വേഗത മണിക്കൂറില്‍ 120 കിലോമീറ്ററില്‍ നിന്നും നൂറ്
കിലോമീറ്ററായി കുറച്ചു.

പ്രഥമ സന്ദര്‍ശനം:യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി സിറിയന്‍ പ്രസിഡന്റ്

0

സിറിയയുടെ പുന്‍നിര്‍മ്മാണത്തിന് സഹായം വാഗ്ദാനം ചെയ്ത് യുഎഇ.അബുദബിയില്‍ എത്തി സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍ ഷാര യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി.

സിറിയന്‍ പ്രസിഡന്റായതിന് ശേഷമുള്ള ആദ്യ യുഎഇ സന്ദര്‍ശനത്തിനായാണ് അഹമ്മദ് അല്‍ ഷാര അബുദബിയില്‍ എത്തിയത്.യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അഹമ്മദ് അല്‍ ഷാരയെ സ്വീകരിച്ചു.സിറിയയുടെ സുരക്ഷയും സ്ഥിരതയും മധ്യപൂര്‍വ്വദേശത്തിന് പ്രധാനമാണെന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു.സിറയയ്ക്ക് സാധ്യമായ എല്ലാ പിന്തുണയും യുഎഇ നല്‍കും.സിറിയന്‍ ജനതയുടെ അഭിലാഷങ്ങള്‍ നിറവേറ്റന്ന രീതിയില്‍ സിറിയയെ പുന്‍നിര്‍മ്മിക്കണം എന്നും പരിവര്‍ത്തനഘട്ടത്തിലെ വെല്ലുവിളികളെ അതിജീവിക്കണം എന്നും ഷെയ്ഖ് മുഹമ്മദ് ബിന്‍ പറഞ്ഞു.

പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം ഗള്‍ഫ് രാജ്യങ്ങളുടെ പിന്തുണ തേടിയാണ് അഹമ്മദ് അല്‍ ഷാരയുടെ സന്ദര്‍ശനം. അബുദബി അല്‍ ബത്തിന്‍ വിമാനത്താവളത്തില്‍ ആണ് അഹമ്മദ് അല്‍ ഷാര വിമാനമിറങ്ങിയത്. യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാന്‍ വിമാനത്താവളത്തില്‍ എത്തി സ്വീകരിച്ചു.തുടര്‍ന്ന് അല്‍ ഷാറ്റി കൊട്ടരത്തില്‍ ഗാര്‍ഡ് ഓഫ് ഓണറും നല്‍കി.

കേസ് മാറ്റിവെച്ചു:അബ്ദുള്‍ റഹീമിന്റെ മോചനക്കാര്യത്തില്‍ തീരുമാനം വൈകുന്നു

0

സൗദി ജയിലില്‍ കഴയുന്ന അബ്ദുള്‍ റഹീമിന്റെ മോചനക്കാര്യത്തില്‍ തീരുമാനം വൈകുന്നു. റിയാദിലെ ക്രിമിനല്‍ കോടതി വീണ്ടും കേസ് മാറ്റിവെച്ചു.ഇത് പതിനൊന്നാം തവണയാണ് കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുള്‍ റഹീമിന്റെ ഹര്‍ജി മാറ്റിവെയ്ക്കുന്നത്.ഇന്ന് രാവിലെ എട്ട് മണിക്കായിരുന്നു സിറ്റിംഗ്.ജയിലില്‍ നിന്നും അബ്ദുല്‍ റഹീമും പ്രഭിഭാഗം അഭിഭാഷകരും ഓണ്‍ലനൈയി ഹാജരായെങ്കിലും കോടതി മറ്റൊരു ദിവസത്തേക്ക് കേസ് മാറ്റിവെച്ചു.

ദിയാധനം നല്‍കിയതിനെ തുടര്‍ന്ന് അബ്ദുള്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കിയെങ്കിലും പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസില്‍ തീര്‍പ്പുണ്ടാവാത്തതാണ് മോചനത്തിന് തടസ്സം.അബ്ദുള്‍ റഹീം ജയ്‌ലില്‍ പത്തൊന്‍പതാം വര്‍ഷത്തിലേക്ക് കടന്നു.പബ്ലിക് റൈറ്റ് പ്രകാരം കോടതി ഇനി തടവുശിക്ഷ വിധിച്ചാലും റഹീമിന് അധികാലം ജയിലില്‍ കഴിയേണ്ടിവരില്ലെന്നാണ് കണക്കുകൂട്ടുന്നത്.കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഇരുപത്തിയൊന്നിനാണ് പബ്ലിക് റൈറ്റ് പ്രകാരമുള്ള സിറ്റിംഗ് ആരംഭിച്ചത്.

ഇന്ത്യ-ദുബൈ നിക്ഷേപത്തില്‍ വന്‍ വര്‍ദ്ധന

0

ഇന്ത്യയ്ക്കും ദുബൈയ്ക്കുമിടയില്‍ വാണിജ്യ-വ്യാപാരബന്ധത്തില്‍ വന്‍ വളര്‍ച്ച എന്ന് കണക്കുകള്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ മാത്രം 3500 കോടിയിലധികം ദിര്‍ഹത്തിന്റെ പരസ്പര നിക്ഷേപം ആണ് നടന്നത്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ മാത്രം ഇന്ത്യയിലേക്ക് ദുബൈയില്‍ നിന്നും ഒഴുകിയത് 1720 കോടി ദിര്‍ഹത്തിന്റെ നിക്ഷേപമാണ്.ഇതെ കാലയളവില്‍ ദുബൈയിലേക്ക് ഇന്ത്യയില്‍ നിന്നും 1500 കോടി ദിര്‍ഹത്തിന്റെ നിക്ഷേപവും എത്തി.2024-ല്‍ മാത്രം 16623 ഇന്ത്യന്‍ കമ്പനികള്‍ ദുബൈയില്‍ ആരംഭിച്ചു.ദുബൈയിലെ ഇന്ത്യന്‍ കമ്പനികളുടെ എണ്ണം ഇന്ന് എഴുപതിനായിരത്തിലധികം ആണ്.ദുബൈയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളികളില്‍ മുന്‍നിരയിലാണ് ഇന്ന് ഇന്ത്യയുടെ സ്ഥാനം.ദുബൈ പോര്‍ട്ട് വേള്‍ഡ് കഴിഞ്ഞ ഇരുപത് വര്‍ഷത്തിലധികമായി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

വിവിധ ഇന്ത്യനഗരങ്ങള്‍ക്കും ദുബൈയ്ക്കും ഇടയില്‍ ആഴ്ച്ചയില്‍ പറക്കുന്നത് 538 വിമാനങ്ങളാണ്.2024-ല്‍ മാത്രം പന്ത്രണ്ട് ദശലക്ഷം യാത്രക്കാര്‍ ദുബൈയ്ക്കും ഇന്ത്യയ്ക്കും ഇടയില്‍ സഞ്ചരിച്ചു.ദുബൈ മീഡിയ ഓഫീസ് പുറത്തുവിട്ടതാണ് ഈ കണക്കുകള്‍.സമസ്ത മേഖലകളിലും ദുബൈയും ഇന്ത്യയും തമ്മിലുള്ള സഹകരണം അനുദിനം വളരുകയാണ്.ആ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നതാണ് ദുബൈ കിരീടവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിന്റെ ഇന്ത്യാ സന്ദര്‍ശനം.
ന്യൂസ് ഡസക്ക്,എന്‍ടിവി

സൗദി സന്ദര്‍ശത്തിന് ഒരുങ്ങി നരേന്ദ്രമോദി

0

രണ്ട് ദിവസത്തെ ഔദ്യോഗികസന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം സൗദി അറേബ്യയില്‍ എത്തും. ഈ മാസം ഇരുപത്തിരണ്ട് ഇരുപത്തിമൂന്ന് തീയതികളിലായിരിക്കും സന്ദര്‍ശനം.

രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ജിദ്ദയില്‍ ആയിരിക്കും പ്രധാനമന്ത്രി നരേന്ദ്രമോദി വിമാനമിറങ്ങുക.ജിദ്ദയില്‍ സൗദി ഭരണാധികാരിയുടെ കൊട്ടാരത്തില്‍ സല്‍മാന്‍ രാജാവുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തും.സൗദി കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി മോദി കൂടക്കാഴ്ച നടത്തും.ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക എന്നതാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനലക്ഷ്യം.

വ്യാപാരം,നിക്ഷേപം,ഊര്‍ജ്ജം,പ്രതിരോധം,സുരക്ഷ തുടങ്ങിയ മേഖലകളിലെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ചായിരിക്കും ചര്‍ച്ചകള്‍.സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ 2023 സെപ്റ്റംബറില്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.കഴിഞ്ഞ നവംബറില്‍ സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും ദില്ലിയില്‍ എത്തി.കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യ സൗദി ബന്ധം കൂടുതല്‍ ശക്തിപ്പെടുകയാണ്.ഇതിന്‍ മുന്‍പ് 2019-ല്‍ ആണ് ആണ് നരേന്ദ്രമോദി സൗദി സന്ദര്‍ശിച്ചത്.

128 വര്‍ഷങ്ങള്‍ക്ക് ശേഷം ഒളിംപിക്‌സില്‍ ക്രിക്കറ്റ് തിരിച്ചെത്തുന്നു

0

ഒളിംപിക്‌സില്‍ ഇനി ക്രിക്കറ്റും.2028 ലോസ് എയ്ഞ്ചലസ് ഒളിംപിക്‌സ് മുതല്‍ ആയിരിക്കും ക്രിക്കറ്റ് മത്സരങ്ങള്‍.ട്വന്റി-ട്വന്റി ഫോര്‍മാറ്റിലായിരിക്കും മത്സരങ്ങള്‍ നടക്കുക.

രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡാണ് ക്രിക്കറ്റ് ലോസ് എയ്ഞ്ചലസ് ഒളിംപിക്‌സില്‍ ഉള്‍പ്പെടുത്തുന്നതിന് അംഗീകാരം നല്‍കിയത്.സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി പ്രത്യേകം ടൂര്‍ണമെന്റുകള്‍ നടത്തും. ഇരുവിഭാഗത്തിലും ആറ് വീതം ടീമുകള്‍ക്ക് മത്സരിക്കാം.ടീമുകളുടെ യോഗ്യത സംബന്ധിച്ച മാനദണ്ഡങ്ങള്‍ നിലവില്‍ പ്രഖ്യാപിച്ചിട്ടില്ല.

ക്രിക്കറ്റ് മത്സരങ്ങളുടെ വേദി സംബന്ധിച്ചോ സമയക്രമം സംബന്ധിച്ചോ നിലവില്‍ എക്‌സിക്യൂട്ടീവ് ബോര്‍ഡ് തീരുമാനം സ്വീകരിച്ചിട്ടില്ല.128 വര്‍ഷങ്ങള്‍ക്ക് ശേഷം ആണ് ക്രിക്കറ്റ് ഒളിംപിക്‌സിലേക്ക് തിരികെ എത്തുന്നത്.1900-ല്‍ പാരീസില്‍ നടന്ന ഒളിംപിക്‌സില്‍ ആണ് അവസാനമായി ക്രിക്കറ്റ് മത്സരം നടന്നത്.ക്രിക്കറ്റിന് ഒപ്പം ബേസ് ബോള്‍,സോഫ്റ്റ്‌ബോള്‍,സ്‌ക്വാഷ്,ഫ്‌ളാഗ് ബോള്‍ തുടങ്ങിയ മത്സരങ്ങളും ലോസ് എയ്ഞ്ചലസ് ഒളിംപിക്‌സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഓഫര്‍ ലെറ്ററുകളുടെ സാധുത പരിശോധിച്ച് ഉറപ്പാക്കണമെന്ന് മാനവവിഭവശേഷി മന്ത്രാലയം

0

യുഎഇയില്‍ തൊഴില്‍ ലഭിക്കുന്നവര്‍ സ്ഥാപനങ്ങള്‍ നല്‍കുന്ന ഓഫര്‍ ലെറ്ററുകള്‍ യഥാര്‍ത്ഥമാണെന്ന് പരിശോധിച്ച് ഉറപ്പാക്കണമെന്ന് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം. തൊഴില്‍ തട്ടിപ്പുകളില്‍ ഇരയാകാതിരിക്കുന്നതിനാണ് മുന്നറിയിപ്പ്. മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ പരിശോധിക്കാന്‍ സാധിക്കും.

യുഎഇയിലേക്ക് രാജ്യത്തു നിന്നും പുറത്തു നിന്നും തൊഴില്‍ തേടുന്നവര്‍ക്കാണ് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. തൊഴില്‍ ലഭിക്കുന്നവര്‍ സ്ഥാപനത്തിന്റെ ആധികാരികത പരിശോധിച്ച് ഉറപ്പാക്കണം. കമ്പനികള്‍ നല്‍കുന്ന ഓഫര്‍ ലെറ്റര്‍ യഥാര്‍ത്ഥമാണോ എന്ന് അറിയുന്നതിനും തൊഴില്‍ തട്ടിപ്പില്‍പ്പെടാതിരിക്കുന്നതിനുമാണ് നിര്‍ദ്ദേശം. സ്ഥാപങ്ങള്‍ ഓഫര്‍ ലെറ്ററുകള്‍ മാനവവിഭവശേഷി സ്വദേശി വത്കരണ മന്ത്രാലയം വഴി നല്‍കണം. തൊഴിലുടമകള്‍ മന്ത്രാലയത്തിന്റെ കരാര്‍ അപേക്ഷ വഴിയാണ് വര്‍ക്ക് പെര്‍മിറ്റിനായി അപേക്ഷിക്കേണ്ടത്. ഈ ലെറ്ററുകളില്‍ സീരിയില്‍ നമ്പറുകളും ബാര്‍കോഡുകളും ഉണ്ടാകും. ഇത് പരിശോധിച്ച് ഉറപ്പാക്കാം. ജോലിയുടെ രീതി, ശമ്പളം, ആഴ്ചയിലുള്ള അവധി, നോട്ടീസ് പീരിയഡും മറ്റ് വ്യവസ്ഥകളും, ജോലിയില്‍ പ്രവേശിക്കുന്ന തിയതി, പദവി, കമ്പനിയുടെ നമ്പര്‍ എന്നിവ സാധുവായ എല്ലാ ഓഫര്‍ ലെറ്ററിലും ഉള്‍പ്പെടുത്തണം.

മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി ഈ ലെറ്റര്‍ പരിശോധിച്ച് ഉറപ്പാക്കാം. വെബ്‌സൈറ്റില്‍ സര്‍വ്വീസസ് വിഭാഗത്തില്‍ അന്വേഷണങ്ങള്‍ക്കായുള്ള വിഭാഗത്തില്‍ പ്രവേശിച്ചാല്‍ തൊഴില്‍ കരാറിന്റെ സാധുത പരിശോധിക്കാന്‍ സാധിക്കും. തുടര്‍ന്ന് വെബ്‌സൈറ്റില്‍ ആവശ്യപ്പെട്ടുന്ന വിശദാംശങ്ങളില്‍ ഓഫര്‍ ലെറ്ററില്‍ നിന്നും ടൈപ്പ് ചെയ്ത് നല്‍കണം. യഥാര്‍ത്ഥ കരാറാണെങ്കിലും വ്യാജമാണെങ്കിലും വെബ്‌സൈറ്റിലൂടെ അറിയിക്കും. തൊഴില്‍ തേടി എത്തുന്നവര്‍ തട്ടിപ്പിന് ഇരയാകുന്ന സാഹചര്യത്തിലാണ് മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..