ദുബൈ: എമിറേറ്റ്‌സ് എയര്‍ലൈന്‍സിന് റെക്കോര്‍ഡ് ലാഭം. 2,270 കോടി ദിര്‍ഹമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ലാഭം. മുന്‍ വര്‍ഷത്തേക്കാള്‍ വലിയ വര്‍ദ്ധനയാണ് ഇത്തവണ രേഖപ്പെടുത്തിയത്. സര്‍വ്വീസുകളിലെ കൃത്യതയും മികച്ച സേവനവുമാണ് എമിറേറ്റ്‌സിനെ കൂടുതല്‍ ജനപ്രീയമാക്കിയത്. കൂടുതല്‍ യാത്രക്കാരെത്തിയതോടെ എയര്‍ലൈന്റെ വാര്‍ഷിക ലാഭത്തിലും വര്‍ദ്ധന രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 14,540 കോടി ദിര്‍ഹമാണ് വരുമാനം. ഇതില്‍ നികുതി ഉള്‍പ്പെടെ 2,270 കോടി ദിര്‍ഹം ലാഭം സ്വന്തമാക്കിയതായി എമിറേറ്റ്‌സ് അറിയിച്ചു. വരുമാനത്തില്‍ മുന്‍ വര്‍ഷങ്ങളേക്കാള്‍ ആറ് ശതമാനമാണ് വര്‍ദ്ധന. ലാഭത്തില്‍ 18 ശതമാനവും വര്‍ദ്ധന രേഖപ്പെടുത്തി. രാജ്യത്ത് നടപ്പിലാക്കിയ കോര്‍പ്പറേറ്റ് ടാക്‌സ് ആദ്യമായി നടപ്പിലാകുന്ന വര്‍ഷമാണിത്. ഒമ്പത് ശതമാനം നികുതി കുറച്ച ശേഷം 2050 കോടി ദിര്‍ഹം ലാഭമാണ് ലഭിച്ചത്. ആഗോള വ്യോമയാന മേഖലയില്‍ പ്രവര്‍ത്തനം വന്‍ വിജയമായതായാണ് ലാഭ നേട്ടം വ്യക്തമാക്കുന്നത്. ദുബൈയുടെ വ്യോമയാന മേഖല ആഗോള തലത്തില്‍ സ്വാധീനുമുള്ള മേഖലയായി മാറുകയാണ് ലക്ഷ്യമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍ ആന്റ് ഗ്രൂപ്പ് ചെയര്‍മാനും സിഇഒയുമായ ഷെയ്ഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തും പറഞ്ഞു. ലോകോത്തര സേവനങ്ങള്‍ നല്‍കുന്നതില്‍ എമിറേറ്റ്‌സ് നടത്തുന്ന പ്രവര്‍ത്തനമാണ് റെക്കോര്‍ഡ് ലാഭ നേട്ടത്തിനു പിന്നിലെന്ന് ഷെയ്ഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തും പറഞ്ഞു. 2024 – 2025 സമ്പത്തിക വര്‍ഷം 53.7 ദശലക്ഷം യാത്രക്കാരാണ് എമിറേറ്റ്‌സില്‍ യാത്ര ചെയ്തത്. അടുത്ത വര്‍ഷം 16, എ350 വിമാനങ്ങളും, 4 ബോയിങ് 777 വിമാനങ്ങളുമാണ് എമിറേറ്റ്‌സ് പുതിയതായി വാങ്ങുന്നത്. ഇതോടെ സര്‍വ്വീസുകള്‍ കൂടുതല്‍ വിപുലമാക്കും.
നൂറ് ഭീകരര്‍ കൊല്ലപ്പെട്ടു: പ്രകാപിപ്പിച്ചാല്‍ തിരിച്ചടിക്കുമെന്ന് ഇന്ത്യ: സര്‍വ്വകക്ഷി യോഗം ചേര്‍ന്നു
ദില്ലി:ഓപ്പറേഷന്‍ സിന്ദൂരിന്റെ ഭാഗമായി ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ നൂറ് ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. സര്‍വകക്ഷി യോഗത്തിലാണ് ഓപ്പറേഷന്‍ സിന്ദൂരിന്റെ വിശദാംശങ്ങള്‍ രാജ്‌നാഥ് സിങ് പുറത്തുവിട്ടത്. പ്രധാനമന്ത്രിയുടെ അസാന്നിധ്യത്തിലായിരുന്നു യോഗം ചേര്‍ന്നത്. പാക്കിസ്ഥാനിലെയും പാക്ക് അധിനിവേശ കശ്മീരിലെയും ഒന്‍പത് ഭീകരപരിശീലന ക്യാംപുകളാണ് ഇന്ത്യ തകര്‍ത്തത്. പാക്കിസ്ഥാനിലെ ഭീകരപരിശീലന കേന്ദ്രങ്ങള്‍ തകര്‍ത്ത ‘ഓപ്പറേഷന്‍ സിന്ദൂറി’ന് ശേഷം സൈനിക നടപടികളെ കുറിച്ച് വിശദീകരിക്കുന്ന സര്‍വകക്ഷിയോഗത്തില്‍ രാജ്‌നാഥ് സിങ് പറഞ്ഞു. സ്ഥിതിഗതികള്‍ വഷളാക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ല. എന്നാല്‍, പാകിസ്താന്‍ പ്രകോപിപ്പിച്ചാല്‍ തിരിച്ചടിക്കുമെന്നും സര്‍വകക്ഷിയോഗത്തില്‍ രാജ്‌നാഥ് സിങ് പറഞ്ഞു. യോഗത്തില്‍ ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമുള്ള അതിര്‍ത്തിയിലെ സ്ഥിതിഗതികളും ചര്‍ച്ചയായി. പ്രധാനമന്ത്രിയുടെ സന്ദേശം യോഗത്തില്‍ കേന്ദ്രമന്ത്രിമാര്‍ വായിച്ചു. സര്‍വകക്ഷി യോഗത്തിനു തൊട്ടുമുന്‍പ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. അതിര്‍ത്തിയിലെ നിലവിലെ സ്ഥിതിഗതികള്‍ അജിത് ഡോവല്‍ പ്രധാനമന്ത്രിയോട് വിശദീകരിച്ചു. രാജ്‌നാഥ് സിങിന് പുറമെ, ആഭ്യന്തര മന്ത്രി അമിത് ഷാ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ, വിവിധ കക്ഷി നേതാക്കള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. എന്തുകൊണ്ടാണ് രണ്ട് സര്‍വകക്ഷി യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കാതിരുന്നതെന്ന ചോദ്യം യോഗത്തില്‍ ഖാര്‍ഗെ ഉന്നയിച്ചു. പ്രധാനമന്ത്രി എന്തിനാണ് പ്രതിപക്ഷത്തെ പേടിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഒറ്റക്കെട്ടായി രാജ്യത്തോടൊപ്പം നില്‍ക്കുമെന്നും പ്രതിപക്ഷപാര്‍ട്ടികള്‍ സര്‍വകക്ഷി യോഗത്തില്‍ അറിയിച്ചു.
ഇന്ത്യ – പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അതീവജാഗ്രത:രാജസ്ഥാന്‍ പഞ്ചാബ് അതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കി
ദില്ലി: കര-വ്യോമ-നാവിക സേനകള്‍ പ്രതിരോധം ശക്തമാക്കി. പാക്കിസ്ഥാന്റെ ഭാഗത്തുനിന്നു സംഭവിച്ചേക്കാവുന്ന വ്യോമാക്രമണം തടയാന്‍ വിവിധ തലങ്ങളിലുള്ള വ്യോമ പ്രതിരോധ മേഖലയും സജീവമാക്കി. നാവിക സേന അറബിക്കടലില്‍ യുദ്ധക്കപ്പലുകള്‍ വിന്യസിച്ചിട്ടുണ്ട്. അതിര്‍ത്തിയിലെ കരസേനാ യൂണിറ്റുകളും ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ തയ്യാറാണ്. വ്യോമസേന യുദ്ധവിമാനങ്ങളും അതിര്‍ത്തിയില്‍ വ്യോമ പട്രോളിങ് നടത്തുന്നുണ്ട്. പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുള്ള ആക്രമണം ഏതു നിമിഷവും പ്രതീക്ഷിക്കുന്നതിനാല്‍ രാജസ്ഥാനിലും പഞ്ചാബിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മേഖലയിലെ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം ശനിയാഴ്ച പുലര്‍ച്ചെ വരെ റദ്ദാക്കിയതായി ഔദ്യോഗിക വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ സംസ്ഥാന പൊലീസിനും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലെയും എല്ലാ പൊലീസ് ഉദ്യോഗസ്ഥരോടും അവധികള്‍ റദ്ദാക്കി തിരിച്ചെത്തണമെന്നു സംസ്ഥാന സര്‍ക്കാരുകള്‍ ഉത്തരവിട്ടു. മേഖലയില്‍ പൊതുസമ്മേളനങ്ങള്‍ നടത്തുന്നതിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിര്‍ത്തിയില്‍ സംശയാസ്പദമായ എന്തെങ്കിലും നീക്കം കണ്ടാല്‍ വെടിവയ്ക്കാനുള്ള നിര്‍ദേശം സുരക്ഷാ സേനാംഗങ്ങള്‍ക്കു നല്‍കി. മേഖലയില്‍ ഇന്ത്യന്‍ വ്യോമസേനയും അതീവ ജാഗ്രതയിലാണ്. പടിഞ്ഞാറന്‍ മേഖലയില്‍ യുദ്ധവിമാനങ്ങള്‍ പട്രോളിങ് നടത്തുന്നതിനൊപ്പം കരസേനയുടെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്നാണു വിവരം. ഗംഗാനഗറില്‍ നിന്ന് റാന്‍ ഓഫ് കച്ച് വരെയുള്ള പാക്ക് അതിര്‍ത്തിയില്‍ സുഖോയ്30 എംകെഐ യുദ്ധവിമാനങ്ങള്‍ വ്യോമ പട്രോളിങ് നടത്തുന്നുണ്ട്.
അടിയന്തര സേവന വാഹനങ്ങള്‍: തടസ്സപ്പെടുത്തിയാല്‍ പിഴയും വാഹനം കണ്ടുകെട്ടലും
ഷാര്‍ജ: അടിയന്തര സേവന വാഹനങ്ങള്‍ക്ക് വഴി നല്‍കാതിരുന്നാല്‍ കടുത്ത ശിക്ഷാ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി പൊലീസ്. വാഹനം മുപ്പത് ദിവസത്തേയ്ക്ക് കണ്ടുകെട്ടുകയും മൂവായിരം ദിര്‍ഹം പിഴയും ഈടാക്കും. ഇത്തരം സംഭവങ്ങളില്‍ 2024ല്‍ 325 അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. തീപിടുത്തം, റോഡപകടങ്ങള്‍, കാലാവസ്ഥാ സംഭവങ്ങള്‍, ഉള്‍പ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളില്‍ വേഗത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് തടസ്സമാകുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2024ല്‍ അടിയന്തര സേവന വാഹനങ്ങളുടെ വഴി തടസ്സപ്പെടുത്തി 17 അപകടങ്ങളാണ് ഉണ്ടായത്. ദുബൈയില്‍ 160 ഉം, അബുദബിയില്‍ 107 ഉം, അജ്മാനില്‍ 31 ഉം, റാസല്‍ഖൈമയില്‍ 5 ഉം, ഉംഅല്‍ഖുവൈനില്‍ 3 ഉം, ഫുജൈറയില്‍ രണ്ടും അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ലംഘനങ്ങള്‍ ഗുരുതര കുറ്റകൃത്യമായി കണക്കാക്കുമെന്നും കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു. പൊതു സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ വാഹന ഡ്രൈവര്‍മാരും നിയമങ്ങള്‍ പാലിക്കണമെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് അതോരിറ്റി ഡയറക്ടര്‍ ജനറല്‍ കേണല്‍ സാമി അല്‍ നഖ്ബി പറഞ്ഞു. റെഡ് സിഗ്നലില്‍ അടിയന്തര വാഹനങ്ങള്‍ എത്തിയാല്‍ മുമ്പിലുള്ള വാഹനം കാല്‍നടയാത്രക്കാര്‍ക്കുള്ള ക്രോസിംഗുകളിലേക്ക് നീക്കണം. രക്ഷാ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയാല്‍ നിലവിലുള്ള പിഴകള്‍ക്ക് പുറമേ ആയിരം ദിര്‍ഹം പിഴയും, നാല് ബ്ലാക്ക് പോയിന്റും, അറുപത് ദിവസത്തേയ്ക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്യും.
ദുബൈയില്‍ പഠന ചിലവേറുന്നു: ഫീസ് വര്‍ദ്ധിപ്പിക്കാന്‍ സ്വകാര്യ സ്‌കൂളുകള്‍ക്ക് അനുമതി
ദുബൈ: സ്വകാര്യ സ്‌കൂളുകളിലെ പഠനത്തിന് ചിലവേറുന്നു. സ്‌കൂള്‍ ഫീസ് വര്‍ദ്ധിപ്പിക്കാന്‍ ദുബൈ നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡിവലെപ്പ്‌മെന്റ് അതോറിറ്റിയാണ് അനുമതി നല്‍കി. അടുത്ത അധ്യയന വര്‍ഷം ഫീസ് വര്‍ദ്ധന നടപ്പിലാക്കും. സ്‌കൂളുകളുടെ നടത്തിപ്പ് ചെലവ്, ജീവനക്കാരുടെ ശമ്പളം, വാടക ചെലവ് തുടങ്ങിയവ കണക്കിലെടുത്താണ് ഫീസ് വര്‍ധനയ്ക്ക് അനുമതി. ഫീസ് വര്‍ദ്ധന ആവശ്യപ്പെട്ട് സ്വകാര്യ സ്‌കൂളുകള്‍ സമര്‍പ്പിച്ച വാര്‍ഷിക അവലോകന റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയാണ് തീരുമാനം. സ്‌കൂള്‍ ഗ്രേഡിന് അനുയോജ്യമായ രീതിയില്‍ ഫീസ് വര്‍ധിപ്പിക്കും. 2.35 ശതമാനം വര്‍ദ്ധനയ്ക്കാണ് അനുമതി. ഒരു വിദ്യാഭ്യാസ വര്‍ഷത്തേക്കാണ് പുതുക്കിയ ഫീസ് ബാധകമാവുക. വിദ്യാഭ്യാസ മേഖലയിലെ ഫീസ് വര്‍ധനയുമായി ബന്ധപ്പെട്ട് തുറന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത് എന്ന് വിദ്യാഭ്യാസ സേവന വിഭാഗം ഡയറക്ടര്‍ ഷമ്മ അല്‍ മന്‍സൂരി പറഞ്ഞു. ദുബൈയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുക എന്നതിനാണ് പ്രഥമ പരിഗണന. അതേസമയം അടുത്ത അധ്യയന വര്‍ഷത്തെ ഫീസ് വര്‍ധനയുമായി ബന്ധപ്പെട്ട് സ്‌കൂളുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃര്‍ത്തി പരിചയമുള്ള സ്‌കൂളുകള്‍ക്കാണ് പരിഗണന. കെഎച്ച്ഡിഎയുടെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ഫീസ് വര്‍ദ്ധനയ്ക്കുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കും.
ദുബൈയെ രണ്ട് സോണുകളാക്കുന്നു: അര്‍ബന്‍, റൂറല്‍ സോണുകള്‍
ദുബൈ: നഗര, ഗ്രാമ മേഖലകളാക്കി വിഭജിക്കുന്നതിനുള്ള പുതിയ സംരംഭം പ്രഖ്യാപിച്ച് ദുബൈ പൊലീസ്. സുരക്ഷയും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ സംരംഭം. ദുബൈ അര്‍ബന്‍ മാസ്റ്റര്‍ പ്ലാന്‍ 2024ന്റെ ഭാഗമായാണ് പദ്ധതി. എമിറേറ്റിന്റെ സമസ്ഥ മേഖലകളിലും സുരക്ഷയും സേവനങ്ങളും എത്തിക്കുന്നതിനാണ് ദുബൈ പൊലീസിന്റെ പുതിയ സംരംഭം. അര്‍ബന്‍, റൂറല്‍ എന്ന പേരില്‍ എമിറേറ്റിനെ രണ്ട് മേഖലകളാക്കി വിഭജിക്കുന്നതിനാണ് തീരുമാനം. ഈ മേഖലകളില്‍ പട്രോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് മികച്ച സേവനങ്ങള്‍ എത്തിക്കുന്നതിനും പരിശോധനകള്‍ വേഗത്തിലാക്കുന്നതിനും സാധിക്കും. ഓരോ മേഖലയിലും അത്യാധുനിക സ്മാര്‍ട്ട് സാങ്കേതിക വിദ്യകള്‍, നിര്‍മ്മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനങ്ങള്‍ എന്നിവ പ്രയോജനപ്പെടുത്തും. എമിറേറ്റിലെ ഓരോ താമസക്കാര്‍ക്കും പൗരന്മാര്‍ക്കും മികച്ച ജീവിത സാഹചര്യങ്ങള്‍ ഒരുക്കുകയാണ് ലക്ഷ്യമെന്ന് ദുബൈ പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ അഫയേഴ്‌സ് അസിസ്റ്റന്റ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹീം അല്‍ മന്‍സൂരി അറിയിച്ചു. പൊലീസിന്റെ സേവനം കൂടുതല്‍ കാര്യക്ഷമമാക്കും. പുതിയ സംരംഭത്തിലൂടെ അടിയന്തര സേവനങ്ങള്‍ വേഗത്തിലെത്തിക്കാന്‍ സാധിക്കും. എമിറേറ്റിന്റെ എല്ലാ മേഖലകളിലും മുഴുവന്‍ സമയവും സുരക്ഷയും സേവനവും ഉറപ്പാക്കും. ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരങ്ങളിലൊന്നായി ദുബൈയുടെ സ്ഥാനം ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുക.
ഇന്ത്യ-യുഎഇ നയതന്ത്ര ബന്ധം: ഇരു രാജ്യങ്ങളുടെ പ്രതിനിധികള്‍ ചര്‍ച്ച നടത്തി
ഇന്ത്യയും യുഎഇയും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം ശക്താമക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തി ഇരുരാജ്യങ്ങളിലേയും വിദേശകാര്യമന്ത്രിമാര്‍. ജനങ്ങള്‍ക്ക് കൂടുതല്‍ ഗുണകരമാകും വിധം സഹകരണം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. യുഎഇ വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഷേഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനും ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ എസ് ജയശങ്കറുമായാണ് ഫോണില്‍ ചര്‍ച്ച നടത്തിയത്.ഇരുരാജ്യങ്ങളിലേയും ജനങ്ങള്‍ക്ക് കൂടുതല്‍ ഫലപ്രദമാകുന്ന വിധത്തില്‍ സഹകരണം വ്യത്യസ്ത മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നത് സംബന്ധിച്ചും ചര്‍ച്ച നടന്നു.പഹല്‍ഗാം ഭീകരാക്രണത്തില്‍ അനുശോചനം അറിയിച്ച ഷെയ്ഖ് അബ്ദുല്ല പരുക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടേയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അക്രമങ്ങളേയും ഭീകരവാദത്തേയും തിരസ്‌കരിക്കുന്നതിലെ യുഎഇയുടെ നിലപാട് ആവര്‍ത്തിക്കുക്കയും ചെയ്തു.ദക്ഷിണേഷ്യയിലെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ അദ്ദേഹം പ്രശംസിച്ചു.സമാധാനം ഉറപ്പുവരുത്താന്‍ നയതന്ത്രതലത്തില്‍ ചര്‍ച്ച നടത്തി പരിഹാരം കാണമെന്നും ആവശ്യപ്പെട്ടു.
പുതിയ സാലിക് സംവിധാനം വിജയകരം: ഗതാഗതം ഒമ്പത് ശതമാനം കുറഞ്ഞു
ദുബൈ: പുതിയ വേരിയബിള്‍ സാലിക് നിരക്ക് സംവിധാനം ഷെയ്ഖ് സായിദ് റോഡിലെ ഗതാഗതം ഒമ്പത് ശതമാനം കുറച്ചതായി ആര്‍ടിഎ. തിരക്കേറിയ സമയങ്ങളില്‍ ആറ് ദിര്‍ഹമാണ് സാലിക് നിരക്ക് ഈടാക്കുന്നത്. ജനുവരി മുപ്പത്തിയൊന്നിനാണ് പുതിയ സാലിക് നിരക്ക് പ്രാബല്യത്തിലായത്. തിരക്കേറിയ സമയങ്ങളില്‍ സാലിക് നിരക്ക് വര്‍ദ്ധിപ്പിച്ചാണ് പുതിയ സംവിധാനം നടപ്പിലാക്കിയത്. റോഡുകളിലെ വാഹനത്തിരക്ക് കുറയ്ക്കുന്നതിനാണ് സാലിക്ക് നിരക്കുകളില്‍ മാറ്റം വരുത്തിയത്. ഇത് ഫലം കണ്ടുവെന്നാണ് ദുബൈ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോരിറ്റി വ്യക്തമാക്കുന്നത്. ഗതാഗത കാര്യക്ഷമത 20 മുതല്‍ 30 ശതമാനം വരെ മെച്ചപ്പെടുത്തുക എന്നതിനാണ് പദ്ധതിയിലൂടെ മുന്‍ഗണന നല്‍കുന്നത്. ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിന്റെ സാന്നിധ്യത്തില്‍ നടന്ന വര്‍ക്ക്‌ഷോപ്പിലാണ് ആര്‍ടിഎ കണക്കുകള്‍ വ്യക്തമാക്കിയത്. ഗതഗാതം മെച്ചപ്പെടുത്താന്‍ മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് എമിറേറ്റില്‍ നടപ്പിലാക്കിയിരിക്കുന്നതെന്ന് ആര്‍ടിഎ ചെയര്‍മാന്‍ മറ്റര്‍ അല്‍ തായര്‍ അറിയിച്ചു. സാധാരണ ദിവസങ്ങളില്‍ രാവിലെ ആറ് മുതല്‍ പത്ത് വരെയും, വൈകിട്ട് നാല് മുതല്‍ രാത്രി എട്ട് വരെയും ആറ് ദിര്‍ഹമാണ് സാലിക്ക് നിരക്ക്. രാവിലെ പത്ത് മുതല്‍ നാല് വരെയും, വൈകിട്ട് എട്ട് മുതല്‍ രാത്രി ഒരു മണി വരെയും നാല് ദിര്‍ഹവുമാണ് സാലിക്ക് നിരക്ക് ഈടാക്കുന്നത്. രാത്രി ഒരു മണി മുതല്‍ പുലര്‍ച്ചെ ആറ് വരെ സാലിക്ക് നിരക്ക് ഈടാക്കില്ല. പൊതുഅവധിയല്ലാത്ത ഞായറാഴ്ചകളില്‍ നാല് ദിര്‍ഹം ആണ് നിരക്ക്.
ഗ്ലോബല്‍ വില്ലേജിലേക്ക് സൗജന്യ പ്രവേശനം, സന്ദര്‍ശകര്‍ക്ക് സൗകര്യമൊരുക്കി ദുബൈ ജിഡിആര്‍എഫ്എ
ദുബൈ: വിനോദസഞ്ചാരികള്‍ക്ക് ഗ്ലോബല്‍ വില്ലേജിലേക്കുള്ള സൗജന്യ പ്രവേശന പാസ് അനുവദിച്ച് ദുബൈ ജിഡിആര്‍എഫ്എ. ഗ്ലോബല്‍ വില്ലേജിലേക്ക് കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. ദുബൈ രാജ്യാന്തര വിമാനത്താവളം വഴിയോ ഹത്ത അതിര്‍ത്തി വഴി ദുബൈയിലേക്ക് പ്രവേശിക്കുന്നവര്‍ക്കാണ് ഗ്ലോബല്‍ വില്ലേജിലേക്കുള്ള സൗജന്യ പ്രവേശ സൗകര്യം ലഭ്യമാവുക. യുഎഇയുടെ സാമൂഹിക വര്‍ഷാചരണത്തിന്റെ ഭാഗമായാണ് സഞ്ചാരികള്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതെന്ന് ജിഡിആര്‍എഫ്എ അറിയിച്ചു. സന്ദര്‍ശകര്‍ക്ക് ഗ്ലോബല്‍ വില്ലേജിലെ വിവിധ വിനോദ പരിപാടികള്‍ സൗജന്യമായി ആസ്വദിക്കാന്‍ കഴിയും. കൂടുതല്‍ സന്ദര്‍ശകരെ ഗ്ലോബല്‍ വില്ലേജിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം. ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ദുബൈയുടെ നിലവാരം ഉയര്‍ത്തുക എന്നതും പദ്ധതിയുടെ ഭാഗമാണെന്ന് ജിഡിആര്‍എഫ്എ മേധാവി ലെഫ്.ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി പറഞ്ഞു. ഈ സീസണ്‍ അവസാനിക്കുന്നതിന്റെ ഭാഗമായി ഗ്ലോബല്‍ വില്ലേജില്‍ 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് സൗജന്യ പ്രവേശനം പ്രഖ്യാപിച്ചിരുന്നു. പ്രത്യേക ആനൂകുല്യങ്ങള്‍ സീസണ്‍ അവസാനിക്കുന്നത് വരെ നീണ്ടുനില്‍ക്കും. സന്ദര്‍ശകര്‍ക്കായി നിരവധി ആനുകൂല്യങ്ങളാണ് ഗ്ലോബല്‍ വില്ലേജ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. ഈ സീസണ്‍ മെയ് 11ന് അവസാനിക്കും.
യുഎഇ ചുട്ടുപൊള്ളുന്നു, ചൂട് അതികഠിനം
അബുദബി: യുഎഇയില്‍ അനുഭവപ്പെടുന്നത് രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന താപനില. ഏപ്രില്‍ മാസത്തെ ഉയര്‍ന്ന താപനില 46.6 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. അടുത്ത ദിവസങ്ങളില്‍ താപനില 49 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തുമെന്നാണ് പ്രവചനം. രാജ്യത്ത് മഴയുടെ ലഭ്യത കുറഞ്ഞതും ചൂട് വര്‍ദ്ധിക്കുന്നതിന് കാരണമായി കാലാവസ്ഥാ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ജൂണ്‍, ജൂലൈ മാസങ്ങളില്‍ അതികഠിമായ ചൂട് അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ്. താപനില ഉയരുന്ന സാഹചര്യത്തില്‍ പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം. രാജ്യത്ത് ഇന്നും പകല്‍ സമയങ്ങളില്‍ ഉയര്‍ന്ന താപനില രേഖപ്പെടുത്തി. അബുദബി, റാസല്‍ഖൈമ എമിറേറ്റുകളില്‍ 45 ഡിഗ്രി സെല്‍ഷ്യസാണ് പകല്‍ സമയത്തെ താപനില. ദുബൈ, ഷാര്‍ജ എമിറേറ്റുകളില്‍ 44 ഡിഗ്രി സെല്‍ഷ്യസും, അജ്മാന്‍ 41, ഉംഅല്‍ഖുവൈന്‍ 43, ഫുജൈറ 40, എന്നിവങ്ങനെയാണ് പകല്‍ സമയം രേഖപ്പെടുത്തിയ താപനില.


