ദുബൈ: അല്‍ബര്‍ഷയില്‍ താമസ കെട്ടിടത്തില്‍ തീപിടുത്തം ഉണ്ടായി. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല. ദുബൈ സിവില്‍ ഡിഫന്‍സിന്റെ നേതൃത്വത്തില്‍ അതിവേഗം തീ നിയന്ത്രണ വിധേയമാക്കി. അല്‍ബര്‍ഷ ഒന്നില്‍ ഹാലിം സ്ട്രീറ്റില്‍ പതിമൂന്ന് നിലകളുള്ള താമസകെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ സ്ഥിതി ചെയ്യുന്ന റസ്റ്ററന്റില്‍ പാചക വാതകം ചോര്‍ന്നതാണ് തീപിടുത്തത്തിന് കാരണമെന്ന് സ്ഥിരീകരിച്ചു. തീപിടുത്തം ഉണ്ടായതിനെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്നും താമസക്കാരെ അതിവേഗം ഒഴിപ്പിച്ചു. മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന റസ്റ്ററന്റാണിത്. തീപിടിത്തത്തിന് മുന്‍പ് വലിയ ശബ്ദം കേട്ടതായി താമസക്കാര്‍ അറിയിച്ചു.
ഇതിഹാസം കളമൊഴിയുന്നു: വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ താരം വിരാട് കോലി. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് കോലി ടെസ്റ്റില്‍ നിന്ന് വിരമിക്കുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. രണ്ടാഴ്ച മുമ്പാണ് കോലി ടെസ്റ്റില്‍ നിന്ന് വിരമിക്കാനുള്ള സന്നദ്ധത ബിസിസിഐയെ അറിയിച്ചത്. ഇംഗ്ലണ്ട് പരമ്പരയിലെങ്കിലും കളിക്കണമെന്ന് ബിസിസിഐ അഭ്യര്‍ത്ഥിച്ചെങ്കിലും വിരാട് കോലി ഇതിന് മറുപടി നല്‍കിയിരുന്നില്ല. ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസതാരത്തെ ബന്ധപ്പെട്ട് വിരാട് കോലിയെ വിരമിക്കല്‍ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ബിസിസിഐ ശ്രമിച്ചെങ്കിലും ഇതും വിജയിച്ചില്ല. ഇതിന് പിന്നാലെയാണ് കോലി ഇന്‍സ്റ്റഗ്ലാം പോസ്റ്റിലൂടെ വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റ് എന്നെ പരീക്ഷിച്ചു, പാകപ്പെടുത്തി, ജീവിതത്തില്‍ പലതും പഠിപ്പിച്ചു. ദിവസങ്ങള്‍ നീളുന്ന പോരാട്ടങ്ങള്‍, ആരും കാണാത്ത നമുക്ക് മാത്രം സ്വന്തമായ ചില ചെറിയ നിമിഷങ്ങള്‍, അതെല്ലാം എന്നെന്നേക്കും എന്നോടൊപ്പമുണ്ടാകും. ഇങ്ങനെ വൈകാരികമായ കുറിപ്പ് പങ്കുവെച്ചാണ് താരം തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്ക് പിന്നാലെ തന്നെ തന്റെ ടെസ്റ്റ് കരിയര്‍ അവസാനിച്ചുവെന്ന് കോലി സഹതാരങ്ങളെയും ടീം മാനേജ്‌മെന്റിനെയും അറിയിച്ചെങ്കിലും അന്നത് ആരും ഗൗരവമായി എടുത്തിരുന്നില്ല. 2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ കിംഗ്സ്റ്റണിലാണ് കോലി ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറിയത്. ഇന്ത്യക്കായി 123 ടെസ്റ്റുകളില്‍ കളിച്ച വിരാട് കോലി 46.85 ശരാശരിയില്‍ 9230 റണ്‍സാണ് നേടിയത്. 30 സെഞ്ചുറികളും 31 അര്‍ധസെഞ്ചുറികളുമാണ് വിരാട് കോലിയുടെ പേരിലുള്ളത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വിരമിച്ചശേഷം ബാറ്റിംഗ് ഓര്‍ഡറില്‍ നാലാം സ്ഥാനത്ത് വിരാട് കോലിയാണ് ഒരു ദശകത്തോളം ഇന്ത്യയുടെ നെടും തൂണായത്.
ഇന്ത്യ-പാക്ക് അതിര്‍ത്തി ശാന്തം: പ്രകോപനമുണ്ടാക്കിയാല്‍ തിരിച്ചടിക്കുമെന്ന് ഇന്ത്യ
ദില്ലി: ഇന്നലെ രാത്രി അതിര്‍ത്തി മേഖലകള്‍ സാധാരണ നിലയിലെത്തി. പാക്ക് ഷെല്ലാക്രമണമോ ഡ്രോണ്‍ ആക്രമണമോ ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ പറയുന്നു. രാജസ്ഥാന്‍, ജമ്മു, പഞ്ചാബ് അതിര്‍ത്തികളില്‍ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ത്യ-പാക്ക് മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാര്‍ ഫോണില്‍ ചര്‍ച്ച നടത്തി. സംഘര്‍ഷ സാഹചര്യത്തില്‍ അടച്ച 32 വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നത് ഇന്നത്തെ ചര്‍ച്ചയുടെ അടിസ്ഥാനത്തിലായിരിക്കും. നിലവില്‍ 14 വരെയാണ് സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുന്നത്. സംഘര്‍ഷമുണ്ടായ സാഹചര്യത്തില്‍ ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രത തുടരാനാണ് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. അതിര്‍ത്തിയില്‍ ഇന്ത്യ കനത്ത ജാഗ്രത തുടരും. ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ലെന്നും പ്രകോപനമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്നുമാണ് സേനകള്‍ വ്യക്തമാക്കുന്നത്. ഇരു രാജ്യങ്ങളുടെയും സൈനിക നേതൃത്വം നേരത്തേ നടത്തിയ ചര്‍ച്ചയിലും ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. പഞ്ചാബിന്റെ അതിര്‍ത്തി മേഖലകളില്‍ ജീവിതം സാധാരണനിലയിലേക്കെത്തി. മേഖലകളിലെ മാര്‍ക്കറ്റുകള്‍ തുറന്നു. പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഫിറോസ്പുര്‍, ഫാസിക, പഠാന്‍കോട്ട്, അമൃത്സര്‍, ടാന്‍ തരണ്‍, ഗുര്‍ദാസ്പുര്‍ ജില്ലകളിലെ സ്‌കൂളുകള്‍ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ മൂന്നു സേനകളും സംയുക്തമായി ഇന്ന് വാര്‍ത്താ സമ്മേളനം നടത്തും. ഡിജിഎംഒ തല ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഈ വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടേക്കും.
ദുബൈ ഗ്ലോബല്‍ വില്ലേജ്: മെയ് പതിനെട്ട് വരെ പ്രവര്‍ത്തനം നീട്ടി
ദുബൈ: ഗ്ലോബല്‍ വില്ലേജിന്റെ ഈ സീസണിന്റെ പ്രവര്‍ത്തനം രണ്ടാഴ്ചത്തേയ്ക്ക് കൂടി നീട്ടി. സന്ദര്‍ശന കേന്ദ്രം മെയ് പതിനെട്ട് വരെ പ്രവര്‍ത്തിക്കും. ആകര്‍ഷകമായ അനുഭവങ്ങളാണ് ഗ്ലോബല്‍ വില്ലേജില്‍ ഒരുക്കിയിരിക്കുന്നത്. ഗ്ലോബല്‍ വില്ലേജിന്റെ 29-ാമത് സീസണ്‍ ഇന്നലെ അവസാനിക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ സന്ദര്‍ശകരുടെ തിരക്ക് വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഒരാഴ്ചത്തേയ്ക്ക് കൂടി പ്രവര്‍ത്തനം നീട്ടിയത്. സീസണ്‍ അവസാനിക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ഓഫറുകളും സന്ദര്‍ശകര്‍ക്ക് ലഭിക്കും. മെയ് പതിനെട്ട് വരെ എല്ലാ ദിവസവും വൈകിട്ട് നാല് മുതല്‍ പുലര്‍ച്ചെ ഒരു മണി വരെ പ്രവര്‍ത്തിക്കും. 12 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് സൗജന്യ പ്രവേശനം അനുവദിക്കുന്ന കിഡ്‌സ് ഗോ ഫ്രീ ഓഫര്‍ തുടരും. 50 ദിര്‍ഹത്തിന് കാര്‍ണിവല്‍ റൈഡുകള്‍ ആസ്വദിക്കാം. ഇതിനൊപ്പം വിവിധ ഗെയിമുകളും സമ്മാനങ്ങളും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഭക്ഷണവും രുചിവൈവിധ്യങ്ങള്‍ക്കുമായി പ്രത്യേക സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അടുത്ത വാരാന്ത്യത്തില്‍ ഗ്രാന്‍ഡ് ഫിനാലെയുടെ ഭാഗമായി വെടിക്കെട്ടും നടത്തും.
കെട്ടിടങ്ങളില്‍ ഡിഷുകള്‍ സ്ഥാപിച്ചാല്‍ പിഴ:അബുദബി മുനിസിപ്പാലിറ്റി
അബുദബി: സാറ്റലൈറ്റ് ഡിഷുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് കനത്ത പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ്. കെട്ടിടങ്ങളുടെ സൗന്ദര്യവും ശുചിത്വും സംരക്ഷിക്കുന്നതിന്റ ഭാഗമായാണ് നിര്‍ദ്ദേശം. അബുദബി മുനിസിപ്പാലിറ്റി ഗതാഗത വകുപ്പാണ് നിയമം സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കുന്നത്. കെട്ടിട ഉടമകള്‍ അംഗീകൃത മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി സാറ്റലൈറ്റ് ഡിഷുകള്‍ സ്ഥാപിക്കണം. മേല്‍ക്കൂരകളിലും ബാല്‍ക്കണികളിലും ചുമരുകളിലും തെറ്റായ രീതിയില്‍ ഡിഷുകള്‍ സ്ഥാപിച്ചാല്‍ നിയമ നടപടി സ്വീകരിക്കും. നിയമലംഘനം കണ്ടെത്തിയാല്‍ ആദ്യം ആയിരം ദിര്‍ഹം പിഴ ഈടാക്കും. സമാനമായ ലംഘനം ആവര്‍ത്തില്‍ പിഴ തുക രണ്ടായിരം ദിര്‍ഹമാക്കി ഉയര്‍ത്തും. ആവര്‍ത്തിച്ചുള്ള നാലായിരം ദിര്‍ഹം പിഴ ചുമത്തും. കെട്ടിടങ്ങളുടെ ബാല്‍ക്കണികളില്‍ അനാവശ്യമായ ഫര്‍ണീച്ചറുകള്‍, മറ്റ് അവശിഷ്ടങ്ങള്‍, ആരോഗ്യത്തിന് ഹാനികരമാകുന്ന മറ്റ് വസ്തുക്കള്‍ എന്നിവ സൂക്ഷിക്കുന്നതിന് അഞ്ഞൂറ് ദിര്‍ഹം മുതല്‍ രണ്ടായിരം ദിര്‍ഹം വരെ പിഴ ഈടാക്കും. താമസ വാണിജ്യ മേഖലകളില്‍ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ നിരന്തരം പരിശോധനകള്‍ തുടരുന്നതായും അധികൃതര്‍ അറിയിച്ചു.
ഭീകരരെ വേട്ടയാടും, സൈന്യത്തിന് അഭിനന്ദവുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്
ദില്ലി: ആക്രമണം നടത്തിയ ശേഷം ഭീകരര്‍ എവിടെ വരെ ഓടിയാലും ഇന്ത്യ പിന്തുടര്‍ന്ന് വേട്ടയാടുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഭീകരര്‍ക്ക് ശക്തമായ മറുപടി സൈന്യം നല്‍കിയെന്നും രാജ്‌നാഥ് സിംഗ് ചൂണ്ടിക്കാട്ടി. റാവല്‍പിണ്ടി ആക്രമിച്ചെന്നും പ്രതിരോധ മന്ത്രി സ്ഥിരീകരണം നല്‍കി. ഇന്ത്യ ഒരിക്കലും പാകിസ്ഥാനിലെ ഒരു ജനവാസമേഖലകളെയും ഉന്നമിട്ട് ആക്രമണം നടത്തിയില്ല. പാക് സൈന്യത്തിന്റെ കമാന്‍ഡ് സെന്ററുകളില്‍ ഒന്നായ റാവല്‍പിണ്ടിയിലടക്കം ആക്രമണം നടത്തി. പാകിസ്ഥാനില്‍ പ്രവേശിച്ച് പല തവണ ആക്രമണം നടത്തി തിരിച്ചെത്തിയ സൈന്യത്തിന് രാജ്‌നാഥ് സിംഗ് അഭിനന്ദനമറിയിച്ചു. ഭീകരര്‍ക്ക് പാക് മണ്ണ് സുരക്ഷിതമല്ലെന്ന മുന്നറിയിപ്പ് ഓപ്പറേഷന്‍ സിന്ദൂര്‍ നല്‍കി. ലഖ്‌നൗവിലെ പുതിയ ബ്രഹ്മോസ് നിര്‍മാണ യൂണിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതിരോധമന്ത്രി. അതേസമയം, ഇന്ത്യന്‍ തിരിച്ചടിയില്‍ പാകിസ്താനിലെ വ്യോമതാവളങ്ങള്‍ തകര്‍ന്നതായി പാക് മാധ്യമങ്ങളും സ്ഥിരീകരിച്ചു. റഹിം യാര്‍ ഖാനിലെ വ്യോമതാവളത്തിന് നേരേ ശനിയാഴ്ച പുലര്‍ച്ചെ ഇന്ത്യയുടെ മിസൈല്‍ ആക്രമണമുണ്ടായെന്നും കാര്യമായ നാശനഷ്ടമുണ്ടായെന്നുമാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തകര്‍ന്നുകിടക്കുന്ന വ്യോമതാവളത്തിന്റെ ചിത്രങ്ങളും പാക് മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.
ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ല: ദൗത്യം തുടരുമെന്ന് ഇന്ത്യന്‍ വ്യോമസേന
ദില്ലി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ വിജയകരമായി നിര്‍വഹിച്ചുവെന്ന് വ്യോമസേന. അതേസമയം ദൗത്യങ്ങള്‍ ഇപ്പോഴും തുടരുകയാണെന്നും വ്യോമസേന എക്‌സിലൂടെ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി. വെടിനിര്‍ത്തല്‍ പ്രാബല്യത്തിലിരിക്കെയാണ് സേനയുടെ ഇത്തരത്തിലുള്ള ഒരു പ്രതികരണം. ഓപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് നിര്‍ദ്ദേശിക്കപ്പെട്ട ദൗത്യങ്ങള്‍ കൃത്യതയോടെയും പ്രൊഫഷണലിസത്തോടെയും വിജയകരമായി നിര്‍വ്വഹിച്ചിരിക്കുന്നു. ദേശീയ ലക്ഷ്യങ്ങള്‍ക്കനുസൃതമായി, തികഞ്ഞ ആസൂത്രണത്തോടെയും രഹസ്യസ്വഭാവത്തോടെയുമാണ് ഓപ്പറേഷനുകള്‍ നടത്തപ്പെട്ടത്. ഓപ്പറേഷനുകള്‍ ഇപ്പോഴും തുടരുന്നതിനാല്‍, വിശദമായ ഒരു വിവരണം യഥാസമയം നല്‍കുന്നതായിരിക്കും. അഭ്യൂഹങ്ങളില്‍ നിന്നും സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നും ഏവരും വിട്ടുനില്‍ക്കണമെന്ന് IAF അഭ്യര്‍ത്ഥിക്കുന്നു’ വ്യോമസേനയുടെ എക്‌സില്‍ കുറിച്ച വാചകങ്ങളാണിത്. പഹല്‍ഗാം ഭീകരാക്രമണത്തിനു രാജ്യം തിരിച്ചടി നല്‍കിയ ഓപ്പറേഷന്‍ സിന്ദൂറില്‍ 5 ഭീകരരെ വധിച്ചെന്നു സൈനിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. പാക്കിസ്ഥാനിലെ 9 ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യ തകര്‍ത്തത്. ഇന്ത്യന്‍ തിരിച്ചടിയില്‍ മുപ്പതിലേറെപ്പേര്‍ കൊല്ലപ്പെട്ടെന്നു വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഇതില്‍ ഭീകരര്‍ ആരൊക്കെയെന്നതില്‍ വ്യക്തതയുണ്ടായിരുന്നില്ല. ഇതോടെയാണ് മേയ് 7നു പുലര്‍ച്ചെ നടന്ന ആക്രമണത്തില്‍ 5 ഭീകരര്‍ കൊല്ലപ്പെട്ടെന്ന് സേന വൃത്തങ്ങള്‍ അറിയിച്ചത്.
ജെറ്റ് സ്‌കീകളില്‍ പരിശോധന: നിയമലംഘനത്തിന് പിഴ ഈടാക്കി ദുബൈ പൊലീസ്
ദുബൈ: പ്രവര്‍ത്തന രഹിതമായതും ലൈസന്‍സില്ലാത്തതുമായ ജെറ്റ് സ്‌കീകള്‍ പിടിച്ചെടുത്ത് പൊലീസ്. ജലയാനങ്ങളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന. നിയമലംഘനങ്ങള്‍ക്ക് അയ്യായിരം ദിര്‍ഹം വരെയാണ് പിഴ ഈടാക്കുക. സാരമായ കേടുപാടുകള്‍ സംഭവിച്ചതും അപകടങ്ങളില്‍പ്പെട്ടതുമായ 32 ജെറ്റ് സ്‌കീകളാണ് ദുബൈ പൊലീസ് പിടിച്ചെടുത്തത്. ദുബൈ ഫിഷിംഗ് പോര്‍ട്ട് ത്രീയിലാണ് ജെറ്റ് സ്‌കീ കമ്പനികളില്‍ പരിശോധന നടത്തിയത്. സഹാസിക ജലയാനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു പരിശോധന. ഉപയോഗ ശൂന്യമായ വാഹങ്ങള്‍ പിടിച്ചെടുത്തു. സുരക്ഷാപരമായ ലംഘനങ്ങള്‍ക്ക് 39 ജെറ്റ് സ്‌കീകള്‍ക്കെതിരെ കേസെടുത്തു. ഇലക്ട്രോണിക് രേഖകളിലെ അഭാവവും നടപടിക്രമങ്ങളിലെ വ്യക്തതയില്ലായ്മയും കണ്ടെത്തി. ലൈസന്‍സില്ലാത്ത മറൈന്‍ വാഹനം ഓടിക്കുകയോ എമിറേറ്റില്‍ ജലാശയങ്ങളില്‍ ഉപയോഗിക്കാന്‍ അനുമതിയില്ലാത്ത വാഹനം ഓടിക്കുകയോ ചെയ്താല്‍ അയ്യായിരം ദിര്‍ഹം പിഴ ഈടാക്കും. ലൈസന്‍സ് കലാവധി കഴിഞ്ഞ മറൈന്‍ വാഹനങ്ങള്‍ ഉപയോഗിച്ചാല്‍ ആയിരം ദിര്‍ഹമാണ് പിഴ. ഉപയോഗ ശൂന്യമായ വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന കമ്പനിയ്ക്ക് അയ്യായിരം ദിര്‍ഹവും പിഴ ഈടാക്കും. സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിശോധനയെന്നും പൊലീസ് അറിയിച്ചു.
ദുബൈയുടെ ഏറ്റവും വലിയ റോഡ് വികസനം: അന്‍ ഷിന്ദഗ ഇടനാഴി വികസനം പൂര്‍ത്തിയായി: യാത്രാ സമയം 85 ശതമാനം കുറഞ്ഞു
ദുബൈ: ഏറ്റവും പ്രധാന റോഡ് വികസന പദ്ധതിയായ അല്‍ ഷിന്ദഗ ഇടനാഴി വികസന പദ്ധതി പൂര്‍ത്തിയായി. അവസാനഘട്ടം പൂര്‍ത്തിയായ പാലം ഗതാഗതത്തിനായി തുറന്നു നല്‍കി. റോഡ് വികസ പദ്ധതിയുടെ സുപ്രധാന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ദുബൈ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോരിറ്റി. ദുബൈയുടെ ദ്രുതഗതിയിലുള്ള നഗരവികസനത്തിനൊപ്പം അടിസ്ഥാന സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കുകയാണ് പദ്ധതി. ഷെയ്ഖ് സായിദ് റോഡില്‍ അല്‍ മിന സ്ട്രീറ്റ് ഇന്റര്‍സെക്ഷനിലെ പാലം പൂര്‍ത്തിയായതോടെയാണ് അല്‍ ഷിന്ദഗ ഇടനാഴി വികസന പദ്ധതി പൂര്‍ത്തിയായത്. ഇതോടെ ദുബൈ നഗരത്തിലെ യാത്രാ സമയം 85 ശതമാനം വരെ കുറഞ്ഞതായി ആര്‍ടിഎ അറിയിച്ചു. 18 കിലോ മീറ്റര്‍ ദൂരത്തില്‍ പാലങ്ങളും ടണലുകളും 15 പ്രധാന കവലകളും ഉള്‍പ്പെടുന്നതാണ് പദ്ധതി. എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയായതോടെ, ഗര്‍ഹൂദ് പാലത്തില്‍ നിന്ന് ഇന്‍ഫിനിറ്റി പാലത്തിലേക്കും വാട്ടര്‍ഫ്രണ്ട് മാര്‍ക്കറ്റിലേക്കും സുഗമമായ ഗതാഗതം സാധ്യമാക്കുന്നതാണ് ഈ ഇടനാഴി. യാത്രാ സമയം 104 മിനിറ്റില്‍ നിന്ന് 16 മിനിറ്റായി കുറഞ്ഞു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദ്ദേശപ്രകാരമാണ് പദ്ധതി ആരംഭിച്ചത്. ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മേല്‍നോട്ടത്തിലാണ് പൂര്‍ത്തീകരണം. ദെയ്‌റ, ബര്‍ ദുബൈ, ദുബൈ ഐലന്റ്, ദുബൈ മാരിടൈം സിറ്റി, പോര്‍ട്ട് റാഷിദ് തുടങ്ങിയ പ്രധാന പ്രദേശങ്ങളിലെ പത്ത് ലക്ഷത്തിലധികം താമസക്കാര്‍ക്ക് പ്രയോജനം ചെയ്യുന്നതാണ് പദ്ധതി.
രാജ്യത്തെ 27 വിമാനത്താവളങ്ങള്‍ ശനിയാഴ്ച വരെ അടച്ചു; ഇന്നത്തെ 430 വിമാനസര്‍വീസുകള്‍ റദ്ദാക്കി
ദില്ലി: രാജ്യത്തിന്റെ വടക്കുപടിഞ്ഞാറ് മധ്യമേഖലകളിലുള്ള 27 വിമാനത്താവളങ്ങളിലെ വാണിജ്യ വിമാന സര്‍വീസുകള്‍ ശനിയാഴ്ച രാവിലെ 5.29 വരെ നിര്‍ത്തിവെച്ചു. വ്യാഴാഴ്ച മാത്രം 430 സര്‍വീസുകളാണ് റദ്ദാക്കിയത്. രാജ്യത്തെ ആകെ ഷെഡ്യൂള്‍ഡ് സര്‍വീസുകളുടെ മൂന്നുശതമാനമാണ് ഇത്. പാകിസ്താന്‍ 147 വിമാനസര്‍വീസുകള്‍ റദ്ദാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. അവരുടെ പ്രതിദിന സര്‍വീസുകളുടെ 17 ശതമാനമാണിത്. ശ്രീനഗര്‍, ജമ്മു, ലേ, ചണ്ഡീഗഢ്, അമൃത്സര്‍, ലുധിയാന, പട്യാല, ഭട്ടിന്‍ഡ, ഹല്‍വാര, പഠാന്‍കോട്ട്, ഭുംതര്‍, ഷിംല, ഗാഗ്ഗല്‍, ധര്‍മശാല, കിഷന്‍ഗഢ്, ജയ്‌സല്‍മേര്‍, ജോധ്പുര്‍, ബിക്കാനീര്‍, മുന്ദ്ര, ജാംനഗര്‍, രാജ്‌കോട്ട്, പോര്‍ബന്ദര്‍, കാണ്ട്‌ല, കേശോദ്, ഭുജ്, ഗ്വാളിയര്‍, ഹിന്‍ഡന്‍ തുടങ്ങിയ വിമാനത്താവളങ്ങളിലാണ് സര്‍വീസ് നിര്‍ത്തിവെച്ചിട്ടുള്ളത്. കശ്മീര്‍ മുതല്‍ ഗുജറാത്ത് വരെയുള്ള വ്യോമമേഖലയിലും പാകിസ്താന്‍ വ്യോമമേഖലയിലും വ്യാഴാഴ്ച സിവിലിയന്‍ വിമാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ആഗോള വിമാന ട്രാക്കിങ് പ്ലാറ്റ്‌ഫോമായ ഫ്‌ളൈറ്റ് റഡാര്‍ 24 റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. രാജ്യത്തെ 250 വിമാനസര്‍വീസുകള്‍ വ്യാഴാഴ്ച റദ്ദാക്കിയിരുന്നു.


