Friday, April 10, 2026
Home Blog Page 70

വിമാനയാത്രക്കാരുടെ ബാഗേജ് വീടുകളില്‍ എത്തിച്ച് നല്‍കും

0

ദുബൈ രാജ്യാന്തരവിമാനത്താവളത്തില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ക്ക് ബാഗേജ് വീട്ടിലെത്തിച്ചുനല്‍കുമെന്ന് മര്‍ഹബ എയര്‍പോര്‍ട്ട് സര്‍വീസസ്.പ്രത്യേക നിരക്ക് ഈടാക്കിയാണ് സേവനം.

വിമാനത്താവള ബാഗേജ് ടെക്കനോളജി ലോജിസ്റ്റിക്‌സ് കമ്പനിയായ ഡുബ്‌സുമായി ചേര്‍ന്നാണ് യാത്രക്കാരുടെ വീടുകൡ മര്‍ഹബ എയര്‍പോര്‍ട്ട് സര്‍വീസസ് സേവനം എത്തിക്കുന്നത്.വിമാന യാത്രക്കാരുടെ വീടുകളില്‍ എത്തി ചെക്ക്ഇന്‍ പൂര്‍ത്തിയാക്കി ബാഗേജ് ശേഖരിക്കുന്ന സേവനവും വിപുലപ്പെടുത്തുകയാണ്.ദുബൈയില്‍ നിന്നും യാത്രചെയ്യുന്നവരുടെ വീടുകളില്‍ എത്തി ബാഗേജിന്റെ ഭാരം പരിശോധിച്ച് ബോര്‍ഡിംഗ് പാസ് നല്‍കും.വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ ഇമിഗ്രേഷന്‍ പൂര്‍ത്തിയാക്കി വീടുകളില്‍ എത്തുന്നതിന് പിന്നാലെ തന്നെ ബാഗേജും എത്തിച്ചുനല്‍കുന്നതിനുള്ള സൗകര്യം ആണ് ഒരുക്കിയിരിക്കുന്നത്.

യുഎഇയില്‍ എവിടെയും ഈ രണ്ട് സേവനങ്ങളും ലഭ്യമാക്കും.ഇതിനായി മര്‍ഹബസര്‍വീസസ്.കോം എന്ന വെബ്‌സൈറ്റിലാണ് ബുക്ക് ചെയ്യേണ്ടത്.താമസകേന്ദ്രത്തില്‍ എത്തിയുള്ള ചെക്കിന്‍സേവനത്തിന് 279 ദിര്‍ഹം മുതലും ലഗേജ് വീടുകളില്‍ എത്തിക്കുന്നതിന് 249 ദിര്‍ഹം മുതലും ആണ് നിരക്ക്.

ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിന് ചര്‍ച്ച തുടങ്ങി

0

ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കിയാല്‍ കൂടുതല്‍ ബന്ദികളെ മോചിപ്പിക്കാം എന്ന് ഹമാസ്.ഖത്തറില്‍ നടക്കുന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചകളിലാണ് ഹമാസ് നിലപാട് വ്യക്തമാക്കിയത്.ഗാസയില്‍ ഇന്നലെ രാത്രി ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ നൂറ് പലസ്തീനികള്‍ കൊല്ലപ്പെട്ടു.

ഗാസയില്‍ ഇസ്രയേല്‍ ആക്രമണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചതിന് പിന്നാലെയാണ് ബന്ദികളുടെ മോചനത്തിന് സന്നദ്ധത അറിയിച്ച് ഹമാസ് മുന്നോട്ടുവരുന്നത്. അറുപത് ദിവസത്തെ വെടിനിര്‍ത്തലിന് പകരമായി ഒന്‍പത് ബന്ദികളെ മോചിപ്പിക്കാം എന്നാണ് ഹമാസിന്റെ നിലപാട്.പ്രതിനം ഗാസയിലേക്ക് നാനൂറ് ട്രക്കുകള്‍ എന്ന നിലയില്‍ മാനുഷിക സഹായം എത്തിക്കണം,ആക്രമണത്തില്‍ പരുക്കേറ്റവരേയും രോഗികളേയു ഗാസയുടെ പുറത്ത് എത്തിച്ച് ചികിത്സിക്കുന്നതിന് സൗകര്യം ഒരുക്കണം തുടങ്ങിയവയാണ് ഹമാസ് മുന്നോട്ട് വെച്ചിരിക്കുന്ന നിലപാട്.

ഗാസയില്‍ ബന്ദികളാക്കിയിട്ടുള്ളവര്‍ ജീവനോടെ ഉണ്ടെന്നതിനുള്ള തെളിവ് ഹമാസ് ഹാജരാക്കണം എന്ന് ഇസ്രയേലും ആവശ്യപ്പെട്ടു.ഇന്നലെ ഉച്ചയോടെയാണ് ദോഹയില്‍ ഖത്തറിന്റെയും അമേരിക്കയുടെയും മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ആരംഭിച്ചത്.ഹമാസിന്റെ ആവശ്യങ്ങളോട് ഇസ്രയേല്‍ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.ഗാസയുടെ എല്ലാ ഭാഗത്തും തന്നെ അതിരൂക്ഷമായ ആക്രമണം ആണ് ഇസ്രയേല്‍ സൈന്യം വ്യാഴാഴ്ച മുതല്‍ നടത്തുന്നത്.കഴിഞ്ഞ മൂന്ന് ദിവസത്തിനിടയില്‍ മൂന്നൂറിലധികം പേരാണ് ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ഹൈദരാബാദില്‍ തീപിടുത്തതില്‍ 17 മരണം

0

ഹൈദരാബാദില്‍ കെട്ടിടത്തില്‍ തീപിടിച്ച് പതിനേഴ് മരണം.ഇരുപതോളം പേര്‍ക്ക് പരുക്കേറ്റു.മരിച്ചവരില്‍ എട്ട് പേര്‍ കുട്ടികളാണ്.
ചാര്‍മിനാറിന് സമീപത്തുള്ള കെട്ടിടത്തില്‍ ഇന്ന് രാവിലെ ആറരയോട് കൂടിയാണ് തീപിടുത്തം ഉണ്ടായത്.ജുവലറികള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ നിന്നാണ് തീ പടര്‍ന്നത്.മുകളിലുള്ള മൂന്ന് നിലകളിലേക്കും തീ വേഗത്തില്‍ പടര്‍ന്നു.ഏറ്റവും മുകളിലെ മുറികളില്‍ താമസച്ചിരുന്നവര്‍ ആണ് മരിച്ചവരില്‍ കൂടുതല്‍ പേരും.പൊള്ളലേറ്റും പുകശ്വസിച്ചും ആണ് മരണങ്ങള്‍.

പതിനൊന്ന് അഗ്നിശമന സേനാ വാഹനങ്ങള്‍ ചേര്‍ന്നാണ് തീ അണച്ചത്.പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം.ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തിപിടുത്തത്തിന് കാരണം എന്നാണ് സൂചന.തിപിടുത്തത്തില്‍ മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. പരുക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയും നല്‍കും.

ദുബൈയില്‍ ബസ് സര്‍വീസുകള്‍ വര്‍ദ്ധിപ്പിച്ച് ആര്‍ടിഎ

0

ദുബൈ നഗരത്തിന്റെ എണ്‍പത്തിയെട്ട് ശതമാനം പ്രദേശങ്ങളില്‍ ബസ് സര്‍വീസുകള്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടി.ബസ് യാത്രക്കാരുടെ എണ്ണത്തില്‍ എട്ട് ശതമാനം വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ദുബൈ ആര്‍ടിഎയും 1390 ബസുകള്‍ ഒരു ദിവസം എമിറേറ്റില്‍ നടത്തുന്നത് പതിനൊരായിരം ട്രിപ്പുകള്‍ ആണെന്നാണ് ആര്‍ടിഎ വ്യക്തമാക്കുന്നത്.ഈ ബസുകള്‍ എല്ലാം ചേര്‍ന്ന് ഒരു ദിവസം മാത്രം മൂന്ന് ലക്ഷത്തി മുപ്പത്തിമൂവായിരം കിലോമീറ്റര്‍ ദൂരം ഓടുന്നുണ്ട്.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടക്കമുള്ള ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതിനാല്‍ ബസ് സര്‍വീസുകളുടെ കാര്യക്ഷത വര്‍ദ്ധിക്കുകയും പ്രവര്‍ത്തനച്ചിലവ് കുറയുകയും ചെയ്തു.2024-ല്‍ 188 ദശലക്ഷം യാത്രക്കാരാണ് ആര്‍ടിഎ ബസുകളില്‍ സഞ്ചരിച്ചത്.2023-നെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ എട്ട് ശതമാനം ആണ് വര്‍ദ്ധന.പ്രതിദിനം അഞ്ച് ലക്ഷത്തിലധികം യാത്രക്കാര്‍ ആര്‍ടിഎ ബസുകളില്‍ സഞ്ചരിക്കുന്നുണ്ട്.

187 റൂട്ടുകളിലാണ് ബസുകള്‍ സര്‍വീസ് നടത്തുന്നത്.13 ഇന്റര്‍സിറ്റി റൂട്ടുകളിലും ദുബൈ ആര്‍ടിഎയുടെ ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.ബസുകള്‍ക്കും ടാക്‌സികള്‍ക്കും മാത്രമായുള്ള പാതകളും ആര്‍ടിഎ വര്‍ദ്ധിപ്പിച്ചു.പതിമൂന്ന് കിലോമീറ്റര്‍ നീളത്തില്‍ ആറ് പുതിയ പാതകള്‍ ആണ് ആര്‍ടിഎ നിര്‍മ്മിച്ചത്.

ഏഷ്യയില്‍ വീണ്ടും കോവിഡ് വ്യാപനം

0

ഏഷ്യയില്‍ വീണ്ടും കോവിഡ് വ്യാപനം.പുതിയ കോവിഡ് തരംഗമാണോയെന്നും ആരോഗ്യവിദഗ്ദ്ധര്‍ സംശയിക്കുന്നുണ്ട്.എന്നാല്‍ ഇന്ത്യയില്‍ കോവിഡ് കേസുകളില്‍ നിലവില്‍ വര്‍ദ്ധനയില്ല.

ചൈനയും സിങ്കപ്പൂരും അടക്കമുള്ള രാജ്യങ്ങളിലാണ് പുതിയ കോവിഡ് തരംഗം സംശയിക്കുന്നത്്.ഹോങ്കോങ്ങിലും സിങ്കപ്പൂരിലും ആരോഗ്യഅതോറിട്ടികള്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുപ്പിച്ചിട്ടുണ്ട്.കോവിഡ് കേസുകളുടെ എണ്ണം ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയെന്നാണ് ഹോങ്കോങ് ആരോഗ്യസുരക്ഷാ കേന്ദ്രം വ്യക്തമാക്കുന്നത്.മെയ് ആദ്യ വാരം ഗുരുതരകേസുകളിലും കോവിഡ് മരണങ്ങളിലും കാര്യമായ വര്‍ദ്ധനയുണ്ട്.എന്നാല്‍ രണ്ട് വര്‍ഷം മുന്‍പത്തേതിന് സമാനമാം വിധത്തിലുള്ള കേസുകള്‍ നിലവില്‍ ഇല്ല.സിങ്കപ്പൂരില്‍ മെയ് ആദ്യ ആഴ്ച്ചയില്‍ തൊട്ടുമുന്‍പുള്ള ആഴ്ച്ചയേക്കാള്‍ കോവിഡ് കേസുകളില്‍ ഇരുപത്തിയെട്ട് ശതമാനത്തിന്റെ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

14200 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണത്തില്‍ മുപ്പത് ശതമാനത്തിന്റെ വര്‍ദ്ധനയും രേഖപ്പെടുത്തി.ജനങ്ങളുടെ പ്രതിരോധ ശേഷിയിലുണ്ടായ കുറവയാരിക്കും രോഗവ്യാപാനം കൂടാന്‍ കാരണം എന്നാണ് സിംഗപ്പൂര്‍ ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍.ചൈനയില്‍ മെയ് നാല് വരെയുള്ള അഞ്ച് ആഴ്ച്ചകളില്‍ പുതിയ കേസുകളില്‍ ഇരട്ടിയിലധികം ആണ് വര്‍ദ്ധന.തായിലന്റിലും കോവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്.

ഗാസയിലെ ജനങ്ങളെ ലിബിയയിലേക്ക് മാറ്റാന്‍ അമേരിക്കന്‍ പദ്ധതി

ഗാസയിലെ ജനങ്ങളെ ലിബിയയിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ ഡൊണള്‍ഡ് ട്രംപ് ഭരണകൂടം പദ്ധതി തയ്യാറാക്കുന്നുവെന്ന് റിപ്പോര്‍ട്ട്.പത്ത് ലക്ഷത്തിലധികം വരുന്ന പലസ്തീനികളെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് ആണ് നീക്കം.എന്നാല്‍ ഇക്കാര്യം നിഷേധിച്ച് അമേരിക്കയും ലിബിയയും രംഗത്ത് എത്തി.

പ്രമുഖ മാധ്യമമായ എന്‍.ബി.സി ന്യൂസ് ആണ് സ്രോതസുകളെ ഉദ്ധരിച്ച് പലസ്തീനികളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള യു.എസ് പദ്ധതി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ഗാസയിലെ പലസ്തീനികളെ ലിബിയയില്‍ സ്ഥിരമായി പാര്‍പ്പിക്കുന്നതിനാണ് ഡൊണള്‍ഡ് ട്രംപിന്റെ പദ്ധതി എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.ഇക്കാര്യം ലിബിയന്‍ നേതൃത്വവുമായി അമേരിക്കന്‍ ഭരണകൂടം ചര്‍ച്ച ചെയ്തുകഴിഞ്ഞു.ഇസ്രയേലിനും പദ്ധതിയുടെ വിശദാംശങ്ങള്‍ അറിയാം.പലസ്തീനികളെ ഏറ്റെടുക്കുന്നതിന് പകരമായി ഒരു പതിറ്റാണ്ട് മുമ്പ്് യുഎസ് മരവിപ്പിച്ച ശതകോടികളുടെ ഫണ്ട് ലിബിയയ്ക്ക് നല്‍കും എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.എന്നാല്‍ ഇക്കാര്യത്തില്‍ അമേരിക്കയും ലിബിയയും തമ്മില്‍ അന്തിമ ധാരണയില്‍ എത്തിയിട്ടില്ല.

ആഭ്യന്തരയുദ്ധത്തില്‍ തകര്‍ന്ന ലിബിയയുടെ രണ്ട് ഭാഗങ്ങള്‍ രണ്ട് നേതാക്കളാണ് നിയന്ത്രിക്കുന്നത്.പലസ്തീനികളെ ഒഴിപ്പിച്ച് ഗാസ തീരദേശസുഖ വാസ കേന്ദ്രമാക്കി മാറ്റും എന്ന് ഡൊണള്‍ഡ് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.ഇതിന് എതിരെ അറബ് രാഷ്ട്രങ്ങള്‍ അടക്കം രംഗത്ത് എത്തിയിരുന്നു.ഗാസയുടെ കാര്യത്തില്‍ തീരുമാനം എടുക്കാനുള്ള അവകാശം പലസ്തീനികള്‍ക്ക് മാത്രമാണെന്നും മാതൃരാജ്യത്തേയും ജനങ്ങളേയും സംരക്ഷിക്കാന്‍ അവസാനം വരെ പോരാടുമെന്നും ഹമാസ് നേതൃത്വം അറിയിച്ചു.

ഇത്തിഹാദ് റെയില്‍:പാസഞ്ചര്‍ ട്രെയിന്‍ 2026 ല്‍ സര്‍വ്വീസ് ആരംഭിക്കും

0

യുഎഇയില്‍ ഇത്തിഹാദ് റെയിലിന്റെ പാസഞ്ചര്‍ ട്രെയിന്‍ അടുത്ത വര്‍ഷം സര്‍വ്വീസ് ആരംഭിക്കും. നാനൂറ് പേര്‍ക്ക് സഞ്ചരിക്കാവുന്ന ട്രെയിനുകളാണ് സര്‍വ്വീസ് നടത്തുക. എല്ലാ പൊതുഗതാഗത സേവനങ്ങളിലും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ ഏകീകൃത ടിക്കറ്റായിരിക്കും നടപ്പിലാക്കുക.

യുഎഇയുടെ ഗതാഗത രംഗത്തെ സ്വപ്‌ന പദ്ധതിയാണ് ഇത്തിഹാദ് പാസഞ്ചര്‍ ട്രെയിന്‍ സര്‍വ്വീസ്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ഗതാഗത രംഗത്ത് വലിയ മാറ്റങ്ങള്‍ക്കാണ് വഴിയൊരുക്കുന്നത്. അബുദബിയില്‍ നിന്നും ദുബൈയിലേക്കും തിരിച്ചും 57 മിറ്റില്‍ യാത്ര ചെയ്യാം. അബുദബിയില്‍ നിന്നും ഫുജൈറയിലേക്കുള്ള യാത്രയ്ക്ക് ഒരു മണിക്കൂറും 45 മിനിറ്റും മതിയാകും. ദുബൈയില്‍ നിന്നും ഫുജൈറിയിലേക്ക് 50 മിനിറ്റാണ് ദൂരം. അബുദബിയിലെ സില മുതല്‍ ഫുജൈറ വരെ രാജ്യത്തെ പതിനൊന്ന് നഗരങ്ങളെ ബന്ധിപ്പിച്ചാണ് ട്രാക്ക് ഒരുക്കിയിരിക്കുന്നത്.

1200 കിലോമീറ്റര്‍ നീളമുള്ള റെയില്‍ ശൃംഖലയാണ് ഒരുക്കിയിരിക്കുന്നത്. മണിക്കൂറില്‍ 200 കിലോമീറ്ററാണ് ട്രെയിനിന്റെ വേഗത. ഒരേ സമയം നാനൂറ് പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയും. സര്‍വ്വീസ് ആരംഭിക്കുന്നതോടെ എമിറേറ്റുകള്‍ക്കിടിയിലെ യാത്രാ സമയം കുറയും. എല്ലാ യാത്രക്കാര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ ഏകീകൃത ടിക്കറ്റ് സംവിധാനമാണ് നടപ്പിലാക്കുക. നോല്‍ കാര്‍ഡുകള്‍ ഉപയോഗിച്ചായിരിക്കും ടിക്കറ്റ് നല്‍കുക. ദേശീയ റെയില്‍ ശൃംഖലയുടെ പുരോഗതി ഭരണാധികാരിയുടെ അല്‍ ദഫ്ര മേഖലയിലെ പ്രതിനിധി ഷെയ്ഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാനോട് വിശദീകരിച്ചതായി ഇത്തിഹാദ് റെയില്‍ പറഞ്ഞു. ഇത്തിഹാദ് റെയില്‍ സിഇഒ ഷാദി മാലിക്കിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് നിര്‍മാണ പുരോഗതിയും പാസഞ്ചര്‍ സര്‍വീസിന്റെ പ്രത്യേകതകളും വിശദീകരിച്ചത്.


സഹകരണം ശക്തിപ്പെടുത്തി യു.എസും യുഎഇയും

0

വ്യാപാര-നിക്ഷേപ രംഗങ്ങളില്‍ സഹകരണം ശക്തിപ്പെടുത്തി യുഎഇയും അമേരിക്കയും.പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ യുഎഇ സന്ദര്‍ശനത്തോട് അനുബന്ധിച്ചാണ് ശതകോടികളുടെ സഹകരണ കരാറുകള്‍ ഒപ്പുവെച്ചത്.ട്രംപിനെ ഓര്‍ഡര്‍ ഓഫ് സായിദ് ബഹുമതി നല്‍കി യുഎഇ ആദരിച്ചു.

ഊര്‍ജ്ജം,വ്യോമയാനം,ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ മേഖലകളില്‍ ആണ് യുഎഇയും അമേരിക്കയും സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നത്.ആകെ 20000 കോടി ഡോളറിന്റെതാണ് കരാറുകള്‍.അമേരിക്കന്‍ കമ്പനികളായ ബോയിംഗുമായും ജി.ഇ എയ്‌റോസ്‌പേസുമായും ഇത്തിഹാദ് എയര്‍വേയ്‌സ് ഒപ്പുവെച്ച കരാറാണ് ഇതിലൊന്ന്.ജി.ഇ എഞ്ചിനുകളില്‍ പ്രവര്‍ത്തിക്കുന്ന ഇരുപത്തിയെട്ട് ബോയിംഗ് വിമാനങ്ങള്‍ വാങ്ങുന്നതിന് 1450 കോടി ഡോളറിന്റെ കരാറിലാണ് ഇത്തിഹാദ് ഒപ്പുവെച്ചിരിക്കുന്നത്.ബോയിംഗിന്റെ 787,777എക്‌സ് വിമാനങ്ങളാണ് വാങ്ങുക.ഊര്‍ജ്ജ രംഗത്ത് 2035 ഓട് കൂടി യുഎഇയും അമേരിക്കയും ചേര്‍ന്ന് 44000 കോടി ഡോളറിന്റെ നിക്ഷേപം നടത്തും.യുഎഇയിലുള്ള ഊര്‍ജ്ജ പദ്ധതികളില്‍ 6000 കോടി ഡോളറിന്റെ നിക്ഷേപം യു.എസ് നടത്തും.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തും യുഎഇയും യു.എസും കൈകോര്‍ക്കും.

അമേരിക്കയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ എ.ഐ ക്യാമ്പസ് അബുദബിയില്‍ നിര്‍മ്മിക്കുന്നതിനും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.പരമോന്നത ബഹുമതിയായ ഓര്‍ഡര് ഓഫ് സായിദ് നല്‍കി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഡൊണള്‍ഡ് ട്രംപിനെ ആദരിച്ചു.അബുദബി കിരീടവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍,ദുബൈ കിരീടവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും എന്നിവരുമായും ഡൊണല്‍ഡ് ട്രംപ് കൂടിക്കാഴ്ച നടത്തി.


അമേരിക്കയില്‍ അറുപതിനായിരം കോടി ഡോളര്‍ നിക്ഷേപം നടത്താന്‍ സൗദി അറേബ്യ

0

ജിദ്ദ: പ്രതിരോധവും നിക്ഷേപവും ഉള്‍പ്പെ വിവിധ കരാറുകളില്‍ ഒപ്പുവെച്ച് യുഎസും സൗദിഅറേബ്യയും. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സൗദി സന്ദര്‍ശനത്തിലാണ് സുപ്രധാന തീരുമാനം. വിവിധ മേഖലകളില്‍ തന്ത്രപ്രധാനമായ വിവിധ കരാറുകളില്‍ ട്രംപിന്റെ സൗദി സന്ദര്‍ശനത്തില്‍ ഒപ്പുവെച്ചു. അമേരിക്കയില്‍ ട്രില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തുന്നതിനാണ് സൗദിയുടെ പദ്ധതി. 14,200 കോടി ഡോളറിന്റെ പ്രതിരോധ കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. തന്ത്രപ്രധാന സാമ്പത്തിക കരാറിലും ഡോണാള്‍ഡ് ട്രംപും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഒപ്പുവെച്ചു. രാജ്യത്തിന്റെ സാമ്പത്തിക സ്രോതസുകള്‍ വൈവിധ്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യയ്ക്കു മുഖ്യ പരിഗണന നല്‍കാന്‍ സൗദി തീരുമാനിച്ചതിന്റെ തുടര്‍ച്ചയായി, അമേരിക്കയുടെ എഐ ചിപ്പുകള്‍ സൗദിക്കു നല്‍കും. യുഎസ് സഹകരണത്തില്‍ 500 മെഗാവാട്ട് ശേഷിയുള്ള ഡേറ്റാ സെന്റര്‍ സൗദിയില്‍ ആരംഭിക്കാനും ധാരണയായി. സുരക്ഷാ കാരണങ്ങളാല്‍ ബൈഡന്‍ ഭരണകൂടം മറ്റു രാജ്യങ്ങളുമായി പങ്കുവയ്ക്കാതിരുന്ന യുഎസ് എഐ ചിപ്പുകള്‍ ട്രംപ് അധികാരത്തില്‍ വന്നതോടെ മറ്റു രാജ്യങ്ങള്‍ക്കും ലഭ്യമായി. അമേരിക്കയുടെ ഏറ്റവും മികച്ച യുദ്ധ വിമാനങ്ങളില്‍ ഒന്നായ എഫ് 35 ജെറ്റ്‌സ് വാങ്ങുന്നതിനുള്ള താല്‍പര്യം സൗദി അറിയിച്ചു. അമേരിക്കയുടെ ഏറ്റവും വിശ്വസ്ത സഖ്യ രാജ്യങ്ങള്‍ക്കു മാത്രമാണ് എഫ് 35 ജെറ്റുകളുള്ളത്. എന്നാല്‍, സൗദിയുടെ ആഗ്രഹത്തോട് അമേരിക്കയുടെ ഉറപ്പ് ലഭിച്ചിട്ടില്ല.അറേബ്യന്‍ ചീറ്റപ്പുലിയെ സൗദി അമേരിക്കയ്ക്കു നല്‍കും. ചീറ്റപ്പുലിയെ സംരക്ഷിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് കൈമാറ്റം. ചീറ്റയെ വാഷിങ്ടണ്‍ ഡിസിയില്‍ പരിപാലിക്കും.

യുഎഇയില്‍ പൊടിപടലങ്ങള്‍ നിറഞ്ഞ അന്തരീക്ഷം, താപനില ഉയരും

0

അബുദബി: ഈ വാരാന്ത്യം വരെ പൊടിപടലങ്ങള്‍ നിറഞ്ഞ അന്തരീക്ഷവും ഉയര്‍ന്ന താപനിലയും അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് പകല്‍ സമയങ്ങളിലെ ഉയര്‍ന്ന താപനില 44 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. പകല്‍ സമയങ്ങളില്‍ മേഘാവൃതമായ കാലാവസ്ഥ അനുഭവപ്പെടും. രാജ്യത്ത് ചൂട് വര്‍ദ്ധിക്കുന്നതിനും സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ പര്‍വ്വത പ്രദേശങ്ങളിലും വടക്ക് പടിഞ്ഞാറന്‍ മേഖലകളിലും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ എമിറേറ്റുകളില്‍ ലഭിച്ച നേരിയ മഴ ചൂടിന് അല്‍പം ആശ്വാസം നല്‍കിയെങ്കിലും അടുത്ത ദിവസങ്ങളില്‍ ഉയര്‍ന്ന താപനിലയാണ് രേഖപ്പെടുത്തുന്നത്. രാത്രിയില്‍ അന്തരീക്ഷ ഈര്‍പ്പവും ഉയര്‍ന്ന നിലയിലാണ്. പുലര്‍ച്ചെ മൂടല്‍ മഞ്ഞും അനുഭവപ്പെടുന്നതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.