Thursday, April 9, 2026
Home Blog Page 60

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ അമേരിക്കയ്ക്ക് തകര്‍ക്കാന്‍ കഴിഞ്ഞില്ലെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്:നിഷേധിച്ച് ട്രംപ്‌

ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ ബോംബാക്രമണം ഫലം കണ്ടില്ലെന്ന് യു.എസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.ഇറാന്റെ ആണവപദ്ധതി തകര്‍ക്കുന്നതിന് ആക്രമണത്തിന് സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.എന്നാല്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നിഷേധിച്ച് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് രംഗത്ത് എത്തി.അമേരിക്ക ഇറാനിലെ ആണവകേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തെകുറിച്ചുള്ള പെന്റഗന്റെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടാണ് വാഷിങ്ടണ്‍പോസ്റ്റും ന്യൂയോര്‍ക്ക് ടൈസും അടക്കമുള്ള യു.എസ് മാധ്യമങ്ങള്‍ പുറത്തുവിട്ടത്.ഞായറാഴ്ച അമേരിക്ക നടത്തിയ ബങ്കര്‍ ബസ്റ്റര്‍ ബോംബ് ആക്രമണത്തില്‍ ഇറാന്റെ സമ്പൂഷ്ടീകരിച്ച യൂറേനിയം ശേഖരം ഇല്ലാതായില്ലെന്നാണ് യു.എസ് പ്രതിരോധ ഇന്റലിജന്‍സ് ഏജന്‍സിയുടെ വിലയിരുത്തലായി പുറത്ത് വന്നത്.സെന്‍ട്രിഫ്യൂജുകള്‍ക്കും കാര്യമായ കേടുപാടുകള്‍ ഇല്ല.അമേരിക്കയുടെ ആക്രമണത്തിലൂടെ ഇറാന്റെ ആണവകേന്ദ്രങ്ങളെ ദുര്‍ബലമാക്കുന്നതിന് മാത്രമേ സാധിച്ചിട്ടുള്ളു.ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പൂര്‍വ്വസ്ഥിതിയിലേക്ക് എത്തിക്കുന്നതിന് ഇറാന് കഴിയുമെന്നും യു.എസ് ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സി വിലയിരുത്തുന്നുണ്ട്.

യു.എസ് ആക്രമണത്തിന് മുന്‍പ് തന്നെ ആണവകേന്ദ്രങ്ങളില്‍ നിന്നും സബുഷ്ടീകരിച്ച യൂറേനിയം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയെന്നും വിലയിരുത്തല്‍ ഉണ്ട്.എന്നാല്‍ അമേരിക്കന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ തള്ളി പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് രംഗത്ത് എത്തി.ഫോര്‍ദോ അടക്കം മൂന്ന് ആണവകേന്ദ്രങ്ങള്‍ പൂര്‍ണ്ണമായി നശിപ്പിക്കപ്പെട്ടുവെന്ന് ട്രംപ് അവകാശപ്പെട്ടു.സിഎന്‍എന്നും ന്യൂയോര്‍ക്ക് ടൈസും വ്യാജവാര്‍ത്തകള്‍ ചമയ്ക്കുന്നുവെന്നും ചരിത്രത്തിലെ തന്നെ ഏറ്റവും വിജയകരമായ ആക്രമണങ്ങളില്‍ ഒന്നിനെ താഴ്ത്തിക്കാണിക്കാന്‍ ശ്രമിക്കുകയാണെന്നും ട്രംപ് ആരോപിച്ചു.ഇറാനിലെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കുന്നതിനാണ് യുദ്ധം എന്ന് വിശദീകരിച്ചാണ് ഇസ്രയേല്‍ ആക്രമണം ആരംഭിച്ചത്. എന്നാല്‍ വെടിനിര്‍ത്തലിന് ശേഷവും ഇറാന്റെ ആണവകേന്ദ്രങ്ങള്‍ക്ക് എന്ത് സംഭവിച്ചുവെന്ന കാര്യത്തില്‍ ഇസ്രയേലിനും വ്യക്തതയില്ല.യു.എസ് ആക്രമണത്തിന്റെ ഫലം എന്തെന്ന് വിലയിരുത്താറായിട്ടില്ലെന്നാണ് ഇസ്രയേല്‍ പ്രതിരോധ സേന വക്താവ് എഫി ഡെഫ്രിന്‍ ഇന്ന് പ്രതികരിച്ചത്

വി എസ് അച്യുതാനന്ദന്‍ ആശുപത്രിയില്‍ തുടരുന്നു:ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

0

ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‌റെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍.മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും നേരിയ പുരോഗതി ഉണ്ടെന്നും ഇന്നലെ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തിയിരുന്നു. ആരോഗ്യ സ്ഥിതി അവലോകനം ചെയ്യാന്‍ മെഡിക്കല്‍ ബോര്‍ഡ് ഇന്ന് യോഗം ചേരുകയായിരുന്നു. തുടര്‍ന്നാണ് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കിയത്.നിലവില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ് വി എസ് അച്യുതാനന്ദന്‍.വിവിധ സ്‌പെഷ്യലിസ്റ്റുകള്‍ അടങ്ങിയ വിദഗ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലാണ് ആരോഗ്യനില നിരീക്ഷിക്കുന്നത്.ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് വി എസിനെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനടക്കം വി എസിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു.ഏറെ നാളായി വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു വി എസ് അച്യുതാനന്ദന്‍

വിജയകരമായി വിക്ഷേപണം, ഇന്ത്യക്ക് അഭിമാനമായി ശുഭാംശു ശുക്ല

0

പതിനാല് ദിവസം നീണ്ട ബഹിരാകാശ ദൗത്യത്തിനായി ആക്‌സിയം ഫോര്‍ വിക്ഷേപിച്ചു. ഇന്ത്യക്കനാരനായ ശുഭാംശു ശുക്ല ഉള്‍പ്പെടെ നാല് പേരാണ് ദൗത്യ സംഘത്തിലുള്ളത്. രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ആദ്യ ഇന്ത്യക്കാരനാണ് ശുഭാംശു ശുക്ല. പേടകം നാളെ വൈകിട്ട് ബഹിരാകാശ നിലയത്തിലെത്തും.ഫ്‌ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്‌ററില്‍ നിന്ന ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.01നായിരുന്നു വിക്ഷേപണം. ഇന്ത്യക്കാരനായ ബഹിരാകാശ യാത്രികന്‍ ശുഭാന്‍ശു ശുക്‌ളയാണ് പൈലറ്റ്. നാസയുടെ മുന്‍ ബഹിരാകാശ സഞ്ചാരിയും ആക്‌സിയം സ്‌പേസിന്‌റെ ഹ്യൂമന്‍ സ്‌പേസ് ഫ്‌ളൈറ്റ് ഡിറക്ടറുമായി പെഗ്ഗി വിറ്റ്‌സണാണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ആദ്യ ഇന്ത്യക്കാരനും ശുഭാന്‍ശു ശുക്ലയാണ്. ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിന്‌റെ കമാന്‍ഡറായിരുന്നു ശുഭാംശു ശുക്ല.

വിക്ഷേപണത്തിനുള്ള എല്ലാ സംവിധാനങ്ങളും സജ്ജമാണെന്നും കാലാവസ്ഥ അനുകൂലമാണെന്നും സ്‌പേസ് എക്‌സ് രാവിലെ അറിയിച്ചിരുന്നു. പുതുതായി വികസിപ്പിച്ചെടുത്ത സ്‌പേസ് എക്‌സ് ഡ്രാഗണ്‍ ബഹിരാകാശ പേടകത്തിലാണ് യാത്ര. ഫാല്‍ക്കണ്‍ 9 റോക്കറ്റിന് മുകളിലാണ് പേടകം ഘടിപ്പിച്ചിരിക്കുന്നത്. ശുഭാന്‍ശു ശുക്ല അടക്കം നാല് പേരാണ് സഞ്ചാരികള്‍. 14 ദിവസം ബഹിരാകാശ നിലയത്തില്‍ തങ്ങുമെന്നാണ് റിപ്പോര്‍ട്ട്. 60 ശാസ്ത്രീയ ഗവേഷണങ്ങള്‍ നടത്തുകയാണ് ലക്ഷ്യം. ഗവേഷണങ്ങളില്‍ 31 രാജ്യങ്ങള്‍ സഹായിക്കും. മോശം കാലാവസ്ഥ, സാങ്കേതിക തകരാര്‍ അങ്ങനെ വിവിധ കാരണങ്ങളെ തുടര്‍ന്ന് പലതവണ മാറ്റിവച്ച ദൗത്യമാണ് വിജയകരമായി ഇന്നുച്ചയ്ക്ക് പറന്നുയര്‍ന്നത്.

വിമാനസര്‍വീസ് റദ്ദാക്കല്‍ തുടരുന്നു

0

പശ്ചിമേഷ്യയിലെ വ്യോമപാതകള്‍ തുറക്കുകയും വിമാനത്താവളങ്ങള്‍ പ്രവര്‍ത്തനം പുനരാരംഭിക്കുകയും ചെയ്‌തെങ്കിലും ഗള്‍ഫ് രാജ്യങ്ങള്‍ക്കും കേരളത്തിനും ഇടയിലെ വിമാനസര്‍വീസ് റദ്ദാക്കല്‍ തുടരുകയാണ്.ആയിരക്കണക്കിന് യാത്രക്കാരെയാണ് ഇത് ബാധിക്കുന്നത്.കേരളത്തിനും ഗള്‍ഫ് നഗരങ്ങള്‍ക്കുമിടയില്‍ ഇന്നലെ രാത്രിയും ഇന്നുമായി സര്‍വീസ് നടത്തേണ്ടിയിരുന്ന നാല്‍പ്പത്തിയെട്ട് വിമാനങ്ങള്‍ ആണ് റദ്ദാക്കപ്പെട്ടത്.കരിപ്പൂരില്‍ നിന്നും ഇന്ന് വിവിധ ഗള്‍ഫ് നഗരങ്ങളിലേക്ക് പറക്കേണ്ടിയിരുന്ന എട്ട് വിമാനങ്ങള്‍ ആണ് റദ്ദാക്കിയത്.കണ്ണൂര്‍ വിമാനത്താവളത്തിനും വിവിധ ഗള്‍ഫ് നഗരങ്ങള്‍ക്കുമിടയില്‍ ഇന്ന് സര്‍വീസ് നടത്തേണ്ടിയിരുന്ന പതിനേഴ് വിമാനങ്ങളും റദ്ദാക്കി.

കൊച്ചിക്കും ഗള്‍ഫ് നഗരങ്ങള്‍ക്കിടയില്‍ സര്‍വീസ് നടത്തേണ്ടിയിരുന്ന പതിനേഴ് വിമാനങ്ങളും റദ്ദാക്കപ്പെട്ടിട്ടുണ്ട്.നാളത്തെ ചില വിമാനങ്ങളും റദ്ദാക്കപ്പെട്ടിട്ടുണ്ട്. കണ്ണൂര്‍ വിമാനത്താവളത്തിനും ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ പറക്കേണ്ടിയിരുന്ന മൂന്ന് വിമാനങ്ങളും കരിപ്പൂരില്‍ നിന്നുള്ള ഒരു വിമാനവും ആണ് റദ്ദാക്കപ്പെട്ടത്.ഖത്തറിലേക്ക് ഇറാന്‍ മിസൈലുകള്‍ തൊടുത്തതിനെ തുടര്‍ന്ന് എയര്‍ഇന്ത്യ ഗള്‍ഫിലേക്കുള്ള മുഴുവന്‍ സര്‍വീസുകളും നിര്‍ത്തിവെച്ചിരുന്നു.ഇത് ഘട്ടംഘട്ടമായി പുനരാരംഭിക്കുകയാണെന്ന് എയര്‍ഇന്ത്യ അറിയിച്ചു.ഗള്‍ഫിലെ എയര്‍ലൈനുകളും തടസ്സങ്ങളും വൈകലുകളും ഉണ്ടാകാമെന്ന് യാത്രക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്,


വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ എന്ന് ട്രംപ്:ഇറാന്‍ ധാരണ ലംഘിച്ചെന്ന് ഇസ്രയേല്‍

പ്രാബല്യത്തില്‍ വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഇറാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചെന്ന ആരോപണവുമായി ഇസ്രയേല്‍. ഇറാന്‍ വീണ്ടും മിസൈല്‍ ആക്രമണത്തിന് ശ്രമിച്ചെന്ന് ഇസ്രയേല്‍ ആരോപിച്ചു.ഇറാന് ശക്തമായ തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് അറിയിച്ചു.എന്നാല്‍ വെടിനിര്‍ത്തല്‍ ആരംഭിച്ചതിന് ശേഷം മിസൈലുകള്‍ അയച്ചിട്ടില്ലെന്ന് ഇറാന്‍ പ്രതികരിച്ചു.പന്ത്രണ്ട് ദിവസം നീണ്ടുനിന്ന രൂക്ഷമായ ആക്രമണങ്ങള്‍ക്ക് ശേഷം ആണ് ഇറാനും ഇസ്രയേലും വെടിനിര്‍ത്തലിന് വഴങ്ങിയത്.ഖത്തറിന്റെ നിര്‍ണ്ണായക ഇടപെടല്‍ ആണ് വെടിനിര്‍ത്തലിലേക്ക് നയിച്ചത്.ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്‌മാന്‍ അല്‍ താനിയാണ് ഇറാനുമായി വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടത്തിയത്.ധാരണയില്‍ എത്തിയതിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പ്രാബല്യത്തില്‍ വന്നതായി പ്രഖ്യാപിച്ചു.വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം അംഗീകരിച്ചെന്ന് ഇസ്രയേല്‍ ഭരണകൂടവും അറിയിച്ചു.

വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായി ഇറാന്‍ ദേശീയടെലിവിഷനും സ്ഥിരീകരിച്ചു.വെടിനിര്‍ത്തല്‍ നിലവില്‍ വന്നതോടെ ഇസ്രയേല്‍ വ്യോമമേഖല തുറന്നു.ജനങ്ങള്‍ക്ക് ഷെല്‍ട്ടറുകളില്‍ നിന്നും സുരക്ഷിതമായി പുറത്തിറങ്ങാം എന്ന് ഇസ്രയേല്‍ സൈന്യവും അറിയിച്ചു.എന്നാല്‍ രണ്ട് മണിക്കൂറിന് ഇറാന്‍ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ലംഘിച്ചെന്ന ആരോപണവുമായി ഇസ്രയേല്‍ രംഗത്ത് എത്തി.വടക്കന്‍ ഇസ്രയേല്‍ ലക്ഷ്യമിട്ട് ഇറാനില്‍ നിന്നും ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവെന്നാണ് ആരോപണം.വടക്കന്‍ ഇസ്രയേലില്‍ അപായസൈറനുകളും മുഴങ്ങി.കരാര്‍ ലംഘത്തിന് ഇറാനില്‍ തീവ്രമായ ആക്രമണങ്ങള്‍ നടത്താന്‍ ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് സൈന്യത്തിന് നിര്‍ദ്ദേശവും നല്‍കി.ഇന്ന് പുലര്‍ച്ചെ മുതല്‍ ഇസ്രയേലില്‍ ഇറാന്‍ രൂക്ഷമായ ആക്രമണം ആണ് നടത്തിയത്.വെടിനിര്‍ത്തലിന് അരമണിക്കൂര്‍ മുന്‍പ് വരെ ഇസ്രയേലില്‍ ഇറാന്‍ ശക്തമായ ആക്രമണം തുടര്‍ന്നു.മൂന്ന് തവണയായി മിസൈലുകള്‍ കൂട്ടത്തോടെ തൊടുത്തു.ഇറാന്റെ ആക്രമണത്തില്‍ ഇന്ന് മാത്രം ഇസ്രയേലില്‍ ഒന്‍പത് പേരാണ് കൊല്ലപ്പെട്ടത് മുപ്പത്തിമൂന്ന് പേര്‍ക്ക് പരുക്കേറ്റു.അതെസമയം ഇറാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചാല്‍ ആക്രമണം പുനരാരംഭിക്കും എന്ന് ഇസ്രയേല്‍ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അസംസ്‌കൃത എണ്ണവിലയില്‍ വന്‍ ഇടിവ്‌

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയില്‍ കുത്തനെ ഇടിവ്.വിലയില്‍ അഞ്ച് ശതമാനത്തിലധികം ആണ് ഇടിവ്.ബ്രെന്റ് ക്രൂഡ് വില ബാരലിന് എഴുപത് ഡോളറില്‍ താഴെ എത്തി.ബ്രെന്റ് ക്രൂഡ് വില 69.5 ഡോളറായും യുഎഇയുടെ മര്‍ബാന്‍ ക്രൂഡിന്റെ വില 70 ഡോളറായിട്ടും ആണ് കുറഞ്ഞത്.അമേരിക്കന്‍ ക്രൂഡായ വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റിന്റെ വില 66.5 ഡോളറായും കുറഞ്ഞു.ഇറാന്‍-ഇസ്രയേല്‍ ഏറ്റമുട്ടല്‍ അവസാനിക്കുന്നു എന്ന സൂചനകളും ഖത്തറിലെ യു.എസ് എയര്‍ബേസ് ആക്രമണത്തിന് പ്രത്യാക്രമണം ഉണ്ടാകില്ലെന്ന ഡൊണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനവും ആണ് വിലയിടിവ് കാരണമായി വിലയിരുത്തപ്പെടുന്നത്.

ഇന്നലെ ക്രൂഡ് ഓയില്‍ വില എഴുപത്തിയെട്ട് ഡോളറിലേക്ക് വരെ ഉയര്‍ന്നതിന് ശേഷം ഇടിവ് രേഖപ്പെടുത്തുന്നത്.രാജ്യാന്തര എണ്ണ നീക്കത്തില്‍ അതിനിര്‍ണ്ണായകമായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചേക്കുമെന്ന സൂചനകളും വിപണിയെ ആശങ്കയിലാക്കിയിരുന്നു.കടലിടുക്ക് അടയ്ക്കുന്നതിന് ഇറാന്‍ പാര്‍ലമെന്റ് അംഗീകാരവും നല്‍കിയിരുന്നു.എന്നാല്‍ അത്തരത്തില്‍ ഒരു നീക്കത്തിലേക്ക് ഇറാന്‍ നീങ്ങാന്‍ തയ്യാറാകാതിരുന്നതും എണ്ണവിലയിടിവിന് കാരണമായി.

2000 കോടിയുടെ ആയുധങ്ങള്‍ വാങ്ങാന്‍ ഇന്ത്യ ഒരുങ്ങുന്നു

0

രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താന്‍ ഒരുങ്ങി ഇന്ത്യ. ഡ്രോണ്‍ പ്രതിരോധ സംവിധാനങ്ങളും കൂടുതല്‍ പ്രഹര ശേഷിയുള്ള മിസൈലുകളുമാണ് വാങ്ങുന്നത്. പദ്ധതിയ്ക്കായി 2000 കോടിയുടെ കരാറില്‍ ഒപ്പുവച്ചു.അടിയന്തര ആയുധ സംഭരണ സംവിധാനത്തിലാണ് പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങാനൊരുങ്ങുന്നത്. സൈന്യത്തിന് വേണ്ടി 2000 കോടിയുടെ ആയുധ സംഭരണത്തിനാണ് പ്രതിരോധമന്ത്രാലയം അനുതി നല്‍കിയിരിക്കുന്നത്. ഭീകരവാദ ഭീഷണികള്‍ നേരിടുന്നതിനും ഡ്രോണുകളെ പ്രതിരോധിക്കുന്നതിനും സൈനികരുടെ സുരക്ഷയും ആക്രമണ ശേഷിയും വര്‍ധിപ്പിക്കാനുമുള്ള പ്രതിരോധ ഇടപാടിനാണ് കളമൊരുങ്ങുന്നത്.

ഡ്രോണുകള്‍ അടക്കം വാങ്ങുന്നതിന് മൊത്തം 13 കരാറുകളാണ് നടപ്പിലാക്കുക. ഇന്‌റഗ്രേറ്റഡ് ഡ്രോണ്‍ ഡിറ്റക്ഷന്‍ ആന്‍ഡ് ഇന്‌റെര്‍ഡിക്ഷന്‍ സിസ്റ്റം, ലോ ലെവല്‍ ലൈറ്റ് വെയ്റ്റ് റാഡര്‍,വെരി ഷോര്‍ട്ട് റേഞ്ച് എയര്‍ ഡിഫന്‍സ് സിസ്റ്റം, അതിന്‌റെ ലോഞ്ചറുകളും മിസൈലുകളും, വിദൂര നിയന്ത്രിത നിരീക്ഷണ ഡ്രോണുകള്‍ , ചെറുകിട ഡ്രോണുകള്‍,ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ വെടിയുണ്ടകളെ പ്രതിരോധിക്കുന്ന ഹെല്‍മറ്റുകള്‍ അടക്കം അടിയന്തര നടപടിയായി വാങ്ങും.സേനയെ ആയൂധീവത്കരിക്കുക,കൂടുതല്‍ കരുത്തുറ്റതാക്കുക തുടങ്ങിയവയാണ് ലക്ഷ്യങ്ങള്‍

ഖത്തറിലേക്ക് ഇറാന്‍ തൊടുത്തത് 19 മിസൈലുകള്‍

0

ഖത്തറിലെ അമേരിക്കന്‍ സൈനിക താവളം ലക്ഷ്യമിട്ട് ഇറാന്‍ തൊടുത്തത് പത്തൊന്‍പത് മിസൈലുകള്‍.ഇതില്‍ ഒരെണ്ണം മാത്രമാണ് സൈനിക താവളത്തില്‍ വീണത്.ഇറാന്റെ ആക്രണശ്രമത്തില്‍ നാശനഷ്ടങ്ങള്‍ ഇല്ലെന്ന ഖത്തര്‍ സായുധ സേന അറിയിച്ചു.രണ്ട് ഘട്ടങ്ങളായിട്ടാണ് ഇറാന്‍ ദോഹയിലെ അമേരിക്കയുടെ അല്‍ഉദൈദ് വ്യോമതാവള ലക്ഷ്യമിട്ട് മിസൈലാക്രമണം നടത്തിയത്.ആദ്യ പതിനൊന്ന് മിസൈലുകള്‍ ആണ് തൊടുത്ത്.മിസൈലുകള്‍ എത്തുന്നതായി ഖത്തറിന്റെ വ്യോമനിരീക്ഷണ സംവിധാനങ്ങള്‍ കണ്ടെത്തി.ഖത്തറിന്റെ വ്യോമമേഖലയിലേക്ക് പ്രവേശിച്ചതിന് പിന്നാലെ പ്രതിരോധ സംവിധാനങ്ങള്‍ മിസൈലുകള്‍ നശിപ്പിച്ചതായി സായുധ സേന സേന ജോയിന്റ് ഓപ്പറേഷന്‍സ് ഉപമേധാവി ഷയിഖ് അല്‍ ഹജ്രി അറിയിച്ചു.മിനുട്ടുകള്‍ക്കുള്ളില്‍ പന്ത്രണ്ട് മിസൈലുകളും ഖത്തറിലേക്ക് ഇറാന്‍ തൊടുത്തു.ഇതില്‍ പതിനൊന്ന് എണ്ണവും വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തു.

രണ്ടാംഘട്ടം എത്തിയ മിസൈലുകളില്‍ ഒന്ന് യു.എസ് വ്യോമതാവളത്തില്‍ വീണു.മിസൈല്‍ പതിച്ച സ്ഥലത്ത് നേരിയ തോതില്‍ തീപിടുത്തം ഉണ്ടായെങ്കിലും കാര്യമായ നാശനഷ്ടങ്ങള്‍ ഇല്ല.നിലവില്‍ സ്ഥിതിഗതികള്‍ സാധാരണനിലയിലേക്ക് എത്തിയെന്നും ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും ഇല്ലെന്നും ഖത്തര്‍ ഭരണകൂടം അറിയിച്ചു.ഇറാന്റെ മിസൈലാക്രമണത്തിന് പിന്നാലെ അടച്ച വ്യോമപാത ഇന്നലെ രാത്രി തന്നെ തുറന്നു.സാധാരണജനജീവിതത്തിന് ഭീഷണി സൃഷ്ടിക്കുന്ന ഒരു സാഹചര്യവും നിലവില്‍ ഇല്ലെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രാലയ വക്താവ് മജീത് അല്‍ അന്‍സാരി അറിയിച്ചു.

അനധികൃത താമസം:ദുബൈയില്‍ പാര്‍ട്ടിഷന്‍ മുറികളില്‍ വ്യാപക പരിശോധന

0

ദുബൈയില്‍ താമസ കെട്ടിടങ്ങളിലെ അനധികൃത പാര്‍ട്ടീഷനുകള്‍ക്കെതിരെ വ്യാപക പരിശോധയുമായി മുനിസിപ്പാലിറ്റി. ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലാണ് ആദ്യഘട്ടത്തില്‍ പരിശോധന നടത്തുന്നത്. മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രവാസികള്‍ക്ക് തിരിച്ചടിയാകും മുനിസിപ്പാലിറ്റിയുടെ തീരുമാനം.

താമസ കെട്ടിടങ്ങളില്‍ അനധികൃതമായി കൂടുതല്‍ ആളുകളെ താമസിപ്പിക്കുന്നത് അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി ദുബൈ മുനിസിപ്പാലിറ്റി അറിയിച്ചു. മലയാളികള്‍ ഏറെ തിങ്ങിപ്പാര്‍ക്കുന്ന കരാമയിലും യൂണിയന്‍, അല്‍ബര്‍ഷ എന്നിവ ഉള്‍പ്പെടുന്ന മേഖലകളിലാണ് ആദ്യഘട്ടം പരിശോധന നടത്തുന്നത്. അല്‍ റിഗ്ഗ, മുറാഖാബാത്, അല്‍ ബര്‍ഷ, സത്വ, അല്‍ റഫ എന്നിവിടങ്ങളിലാണ് ആദ്യഘട്ട പരിശോധന. കെട്ടിട ഉടമകള്‍ക്ക് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പരിശോധയില്‍ അനധികൃത പാര്‍ട്ടിഷനുകള്‍ കണ്ടെത്തിയാല്‍ കനത്ത പിഴ ഈടാക്കും. ദുബൈ മുനിസിപ്പാലിറ്റി, ദുബൈ ലാന്‍ഡ് ഡിപ്പാര്‍ട്ട്്‌മെന്റ്, സിവില്‍ ഡിഫന്‍സ് എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. പാര്‍ട്ടീഷന്‍ മുറികളില്‍ ബാച്ചിലേഴ്‌സും, കുടുംബങ്ങളും ഉള്‍പ്പെടെ നിരവധി ആളുകള്‍ താമസിക്കുന്നതായാണ് മുനിസിപ്പാലിറ്റിയുടെ കണ്ടെത്തല്‍. ഫ്‌ളാറ്റുകളില്‍ അധികമായി മുറികള്‍ തിരിക്കുന്നതിന് മുനിസിപ്പാലിറ്റിയുടെ അനുമതി നിര്‍ഡബന്ധമാണ്. താമസ കെട്ടിടങ്ങളില്‍ ബെഡ് സ്‌പേസുകള്‍ നല്‍കുന്നതിനും പ്രത്യേകം അനുമതി വാങ്ങണം. നിയമവിരുദ്ധമായി താമസ സൗകര്യമൊരുക്കുന്ന ഫ്‌ളാറ്റ് ഉടമകള്‍ക്കെതിരെ കനത്ത പിഴ ഈടാക്കുന്നതിനാണ് തീരുമാനം.


വിഎസ് അച്യുതാനന്ദന് ഹൃദയാഘാതം:ആശുപത്രിയില്‍ തുടരുന്നു

0

വിഎസ് അച്യുതാനന്ദന് ഹൃദയാഘാതം.ഇന്ന് പുലര്‍ച്ചെ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടേഴ്‌സ് അറിയിച്ചു.ഏറെ നാളായി അസുഖബാധയെ തുടര്‍ന്ന് വിശ്രമ ജീവിതത്തിലായിരുന്നു.ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍.