Thursday, April 9, 2026
Home Blog Page 58

കുവൈത്തില്‍ ബാച്ചിലേഴ്‌സിനായി പ്രത്യേക പാര്‍പ്പിട സമുച്ചയം

0

കുവൈത്തില്‍ കുടുംബങ്ങള്‍ക്ക് താമസിക്കാനുള്ള മേഖലകളില്‍ നിന്നും ബാച്ചിലേഴ്‌സിനെ ഒഴിപ്പിക്കുന്നതിനുള്ള കരട് നിയമത്തിന് മുന്‍സിപ്പാലിറ്റി രൂപം നല്‍കി.പകരം ബാച്ചിലര്‍മാര്‍ക്കായി പ്രത്യേക പാര്‍പ്പിട സമുച്ചയങ്ങള്‍ നിര്‍മ്മിക്കും.
പ്രവാസി കുടുംബങ്ങള്‍ക്ക് താമസിക്കാനുള്ള മേഖലയില്‍ നിന്നും ബാച്ചിലര്‍മാരെ മാറ്റുന്നതിനുള്ള കരട് നിയമത്തിനാണ് കുവൈത്ത് മുന്‍സിപ്പാലിറ്റി അംഗീകാരം നല്‍കിയിരിക്കുന്നത്.ജലീബ് അല്‍ ശുയൂഖ് പ്രദേശത്ത് അനുഭവപ്പെടുന്ന പ്രതിസന്ധികള്‍ക്ക്പരിഹാരം കാണുന്നതിന് ആണ് തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായാണ് കരട് നിയമം എന്ന് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അഞ്ച് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഏഴിന കര്‍മ്മപദ്ധതികള്‍ക്ക് ആണ് രൂപം നല്‍കിയിരിക്കുന്നത്.ആറ് ലേബര്‍ സിറ്റികള്‍ ആണ് സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്.നാല് ലക്ഷത്തോളം ബാച്ചിലര്‍മാര്‍ക്ക് താമസിക്കാന്‍ കഴിയുന്ന പന്ത്രണ്ട് ഭവനസമുച്ചയങ്ങളും നിര്‍മ്മിക്കും.വ്യവസായിക-കാര്‍ഷിക മേഖലകളില്‍ മാത്രമായി
തൊഴിലാളികളുടെ താമസകേന്ദ്രങ്ങള്‍ ക്രമീകരിക്കും.ജലീബ് മേഖലയിലെ ബാച്ചിലേഴ്‌സിന്റെ എണ്ണം കുറയ്ക്കുക,സുരക്ഷാ വെല്ലുവിളികള്‍ ലഘൂകരിക്കുക, മേഖലയിലെ ജനസാന്ദ്രത കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ടാണ് പുതിയ കരട് നിയമം തയ്യാറാക്കിയിരിക്കുന്നത്.

സൗദിയിലും ഒമാനിലും പൊടിക്കാറ്റ് മുന്നറിയിപ്പ്‌

0

സൗദി അറേബ്യയില്‍ വരും ദിവസങ്ങളില്‍ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസഥാ കേന്ദ്രം.ഒമാനിലും പൊടിക്കാറ്റ് അനുഭവപ്പെടുന്നുണ്ട്.ഗള്‍ഫ് രാജ്യങ്ങളില്‍ ചൂട് കനക്കുകയാണ്.സൗദി അറേബ്യയില്‍ അടുത്ത ആഴ്ച്ച വരെ വിവിധ പ്രവിശ്യകളില്‍ പൊടിക്കാറ്റ് തുടരുംഎന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്‌.റിയാദ്,മദീന,മക്കയുടെ കിഴക്കന്‍ പ്രദേശങ്ങള്‍,അസീര്‍,നജ്‌റാന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ പൊടിക്കാറ്റിന് സാധ്യതയുണ്ട്.ജിദ്ദ-ജിസ്സാ തീരദേശപാതയിലും ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ട്.ശക്തമായ കാറ്റ് ദൂരക്കാഴ്ച മറയ്ക്കും.വാഹനം ഓടിക്കുന്നവര്‍ കൂടുതല്‍ ജാഗ്ര പുലര്‍ത്തണം എന്നും കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കി.സൗദിയില്‍ ചൂടുകൂടുകയാണ്.

നാല്‍പ്പത്തിയേഴ് ഡിഗ്രിയിലേക്ക് വരെ പരമാവധി താപനില ഉയര്‍ന്നിട്ടുണ്ട്.ദമ്മാമിലാണ് ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത്.വടക്ക പടിഞ്ഞാറന്‍ കാറ്റ് ശക്തിപ്രാപിച്ചതാണ് ഒമാനില്‍ പൊടിപടലങ്ങളുയര്‍ത്തുന്നത്.മരുഭൂപ്രദേശങ്ങളിലും തുറസ്സാ പ്രദേശങ്ങളും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് റോയല്‍ ഒമാന്‍ പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ഒമാന്റെ വടക്കന്‍ മേഖലയില്‍ ആയിരിക്കും ഏറ്റവും ശക്തമായ കാറ്റ് അനുഭവപ്പെടുക.

കേരളത്തിലേക്ക് ടിക്കറ്റ് നിരക്കിളവ് പ്രഖ്യാപിച്ച് എയര്‍അറേബ്യ

0

കേരളം ഉള്‍പ്പടെയുള്ള ഇന്ത്യന്‍ സെക്ടറുകളിലേക്കും വിവിധ വിദേശരാജ്യങ്ങളിലേക്കും കുറഞ്ഞനിരക്കില്‍ വിമാനടിക്കറ്റുകള്‍ പ്രഖ്യാപിച്ച് ഷാര്‍ജ എയര്‍ലൈനായ എയര്‍അറേബ്യ.വിവിധ സെക്ടറുകളില്‍ ജൂലൈയ് ഓഗസ്റ്റ് സെപ്റ്റംബര്‍ മാസങ്ങളിലെ ടിക്കറ്റുകള്‍ ആണ് കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കിയിരിക്കുന്നത്.കേരളത്തില്‍ നിന്നും യുഎഇയിലേക്കുള്ള ടിക്കറ്റുകള്‍ക്കും നിരക്കിളവുണ്ട്.149 ദിര്‍ഹം മുതല്‍ ആരംഭിക്കുന്ന വണ്‍വേ ടിക്കറ്റുകള്‍ ആണ് എയര്‍ അറേബ്യ പ്രഖ്യാപിച്ചിരിക്കുന്നത്.ജൂലൈയ് ആറ് വരെയുള്ള ദിവസങ്ങളില്‍ ആണ് കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുക.ജുലൈയ് പതിനാല് മുതല്‍ സെപ്റ്റംബര്‍ മുപ്പത് വരെയുള്ള ടിക്കറ്റുകള്‍ ഈ ദിവസങ്ങളില്‍ ബുക്ക് ചെയ്യാന്‍ സാധിക്കുക.കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്കുകള്‍ 315 ദിര്‍ഹം മുതല്‍ ആണ് ആരംഭിക്കുന്നത്.

ഓഗസ്റ്റ് സെപ്റ്റംബര്‍ മാസങ്ങളിലാണ് കേരളത്തിലേക്ക് കുറഞ്ഞ നിരക്കുകളില്‍ എയര്‍അറേബ്യ ടിക്കറ്റുകള്‍ ലഭ്യമാക്കിയിട്ടുള്ളത്.കരളത്തില്‍ നിന്നും തിരികെ യുഎഇ നഗരങ്ങളിലേക്ക 293 ദിര്‍ഹം മുതല്‍ ടിക്കറ്റുകള്‍ ലഭ്യമാണ്.ജുലൈയ് 14 മുതലുള്ള ദിവസങ്ങളിലേക്കാണ്് യുഎഇയിലേക്കുള്ള ടിക്കറ്റുകള്‍ ലഭിക്കുക.ചെന്നൈയിലേക്ക് 275 ദിര്‍ഹം മുതല്‍ ടിക്കറ്റുകള്‍ ലഭിക്കു.ഷാര്‍ജയില്‍ നിന്നും ബഹ്‌റൈന്‍,മസ്‌ക്കത്ത് തുടങ്ങിയ സ്ഥലങ്ങളിലേക്ക് 149 ദിര്‍ഹം മുതല്‍ ആണ് നിരക്ക്.സലാല,റിയാദ്,കുവൈത്ത് എന്നിവടങ്ങളിലേക്ക് 199 ദിര്‍ഹം മുതലും ടിക്കറ്റുകള്‍ ലഭിക്കും.എയര്‍അറേബ്യയുടെ ബുക്കിംഗ് പോര്‍ട്ടില്‍ നിരക്കിളവിലുള്ള ടിക്കറ്റുകളുടെ പ്രത്യേക പട്ടിക നല്‍കിയിട്ടുണ്ട്.ഇതില്‍ നിന്നും അനുയോജ്യമായ തീയതികള്‍ തെരഞ്ഞെടുക്കാം.

റവാഡ ചന്ദ്രശേഖറിന് കേരള പൊലീസ് മേധാവിയായി നിയമനം

0

സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ നിയമിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 1991 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് ആന്ധ്രാപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയായ റവാഡ ചന്ദ്രശേഖര്‍
സംസ്ഥാനത്തിന്‌റെ നാല്‍പ്പത്തിയൊന്നാമത്തെ ഡിജിപിയാണ് റവാഡ ചന്ദ്രശേഖര്‍. കേന്ദ്ര ഡെപ്യൂട്ടേഷനില്‍ നിന്നാണ് റവാഡ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് എത്തുന്നത്. ഡിജിപിമാരില്‍ ഏറ്റവും സീനിയറായ, പട്ടികയില്‍ ഒന്നാമനായിരുന്ന നിധിന്‍ അഗര്‍വാളിനാണ് സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേയ്ക്ക് സാധ്യത കല്‍പിച്ചിരുന്നത്. പട്ടികയില്‍ മൂന്നാമനായ യോഗേഷ് ഗുപ്തയ്ക്ക് സര്‍ക്കാരുമായുള്ള മോശം ബന്ധമാണ് തിരിച്ചടിയായത് എന്നാണ് വിലയിരുത്തല്‍. നിലവിലെ ഡിജിപി എസ് ദര്‍വേഷ് സാഹിബ് ഇന്ന് സ്ഥാനമൊഴിയും.

റവാഡ ചന്ദ്രശേഖര്‍ സംസ്ഥാന പൊലീസ് മേധാവിയായി ഇന്നോ നാളെയോ ചുമതലയേല്‍ക്കുമെന്നാണ് വിവരം. ഔദ്യോഗിക തീരുമാനം ഇന്നാണ് പുറത്ത് വന്നതെങ്കിലും ശനിയാഴ്ച വൈകിട്ടോടെ സംസ്ഥാന സര്‍ക്കാരിന്‌റെ അറിയിപ്പ് റവാഡ ചന്ദ്രശേഖറിന് ലഭിച്ചിരുന്നു. രണ്ടാഴ്ച മുമ്പ് റവാഡ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 2026 ജൂലൈ അവസാനം വരെയാണ് ചന്ദ്രശേഖറിന് സര്‍വീസ്. എന്നാല്‍ സുപ്രിംകോടതി ഉത്തരവ് അനുസരിച്ച് ഒരു വര്‍ഷം കൂടി സര്‍വീസ് കലാവധി ലഭിക്കും.

ആകാശ ടാക്‌സി:ദുബൈയില്‍ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി

0

ദുബൈയില്‍ സര്‍വ്വീസ് ആരംഭിക്കാനൊരുങ്ങുന്ന ആകാശ ടാക്‌സിയുടെ ആദ്യ പരീക്ഷണം ദുബൈയില്‍ നടന്നു. ജോബി ഏവിയേഷന്‍സിന്റെ ഇലക്ട്രിക് ഫ്‌ളൈയിംഗ് ടാക്‌സി വിജയകരമായി പരീക്ഷണം പൂര്‍ത്തിയാത്തി. 2026 ല്‍ പൂര്‍ണതോതില്‍ സര്‍വ്വീസ് ആരംഭിക്കുമെന്ന് യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബൈ കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും അറിയിച്ചു.ദുബൈയുടെ ഗതാഗത രംഗത്തെ സ്വപ്‌ന പദ്ധതിയായ ആകാശ ടാക്‌സികള്‍ സര്‍വ്വീസ് ആരംഭിക്കാനൊരുങ്ങുകയാണ്. ദുബൈയില്‍ സര്‍വ്വീസ് നടത്തുന്ന ആകാശ ടാക്‌സി പരീക്ഷണ പറക്കല്‍ നടത്തി. ദുബൈ ആര്‍ടിഎയും കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജോബി ഏവിയേഷന്‍സും ചേര്‍ന്നാണ് ആകാശ ടാക്‌സികള്‍ ദുബൈയില്‍ എത്തിച്ചത്.

ആകാശ ടാക്‌സിയ്ക്കായി തയ്യാറാക്കിയ വെര്‍ട്ടിക്കല്‍ എയര്‍പോര്‍ട്ടില്‍ നിന്നും ടേക്ക് ഓഫ് ചെയ്ത് ദുബൈയുടെ ആകാശത്തു കൂടെ പറന്ന് തിരികെ വെര്‍ട്ടി പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്തു. ആദ്യ പരീക്ഷണ പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കിയാതായി യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബൈ കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും അറിയിച്ചു. ആകാശ ടാക്‌സികള്‍ എമിറേറ്റില്‍ വേനല്‍ക്കാലത്ത് പരീക്ഷണം നടത്തുമെന്ന് ദുബൈ ആര്‍ടിഎ അറിയിച്ചിരുന്നു. ഉയര്‍ന്ന താപനില, ടേക്ക് ഓഫ്, ലാന്‍ഡിങ് എന്നിവ നിരീക്ഷണം നടത്തി. 2026 ല്‍ ആകാശ ടാക്‌സികള്‍ പൂര്‍ണതോതില്‍ സര്‍വ്വീസ് ആരംഭിക്കുന്നതിനാണ് പദ്ധതിയെന്ന് ഷെയ്ഖ് ഹംദാന്‍ അറിയിച്ചു. എമിറേറ്റിലെ ജനങ്ങളുടെ ജീവിത നിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പദ്ധതി.

അബുദബി ജനസംഖ്യയില്‍ 7.5 ശതമാനം വര്‍ദ്ധന

0

അബുദബി ജനസംഖ്യയില്‍ ഏഴര ശതമാനത്തിന്റെ വര്‍ദ്ധന എന്ന് സ്റ്റാറ്റിസ്റ്റിക്‌സ് സെന്ററിന്റെ കണക്ക്.കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ അന്‍പത് ശതമാനത്തിലധികം ആണ് ജനസംഖ്യാ വര്‍ദ്ധന.കഴിഞ്ഞ വര്‍ഷം 41,35985-ആയിട്ടാണ് അബുദബിയിലെ ജനസംഖ്യ ഉയര്‍ന്നത്.2014-ല്‍ അബുദബിയില്‍ ഇരുപത്തിയേഴ് ലക്ഷം ആയിരുന്നു എമിറേറ്റിലെ ജനസംഖ്യ എന്ന് അബുദബി സ്റ്റാറ്റിസ്റ്റിക്‌സ് സെന്റര്‍ അറിയിച്ചു.രാജ്യാന്തരതലത്തിലുള്ള പ്രതിഭകളേയും നിക്ഷേപവും ആകര്‍ഷിക്കുന്നതിന് അബുദബി ഭരണകൂടം സ്വീകരിച്ച നടപടികള്‍ ആണ് ജനസംഖ്യാ വര്‍ദ്ധനയില്‍ പ്രതിഫലിക്കുന്നത്.അബുദബി ജനസംഖ്യയിലെ അന്‍പത്തിനാല് ശതമാനം പേരും ഇരുപത്തിയഞ്ചിനും നാല്‍പ്പത്തിനാലിനും ഇടയില്‍ പ്രായമുള്ളവരാണെന്നും സ്റ്റാറ്റിസ്റ്റിക്‌സ് സെന്റര്‍ അറിയിച്ചു.

എമിറേറ്റിലെ തൊഴില്‍ ശക്തിയില്‍ 2024-ല്‍ 9.1 ശതമാനത്തിന്റെ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.എല്ലാ മേഖലകളിലും തന്നെ വളര്‍ച്ചയുണ്ട്.സാമ്പത്തികവളര്‍ച്ചയിലും അബുദബി കുതിപ്പ് തുടരുകയാണ്.2024-ല്‍ എമിറേറ്റിന്റെ ജിഡിപി 3.8 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തി 1.2 ട്രില്യണ്‍ ദിര്‍ഹത്തില്‍ എത്തി.എണ്ണേതര മേഖലകളുടെ വളര്‍ച്ചയാണ് വരുമാനത്തില്‍ വര്‍ദ്ധന വരുത്തുന്നത്.മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 54.7 ശതമാനവും എണ്ണേതര മേഖലയില്‍ നിന്നും ആണ്.

യു.എസ് ആക്രമണത്തില്‍ ഇറാന്റെ ആണവശേഷി ഇല്ലാതാക്കന്‍ കഴിഞ്ഞില്ലെന്ന് ഐ.എ.ഇ.എ

0

ഇറാന് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ യൂറോനിയം സമ്പൂഷ്ടീകരണം പുനഃരാരംഭിക്കാന്‍ കഴിയും എന്ന് രാജ്യാന്തര ആണവോര്‍ജ ഏജന്‍സി.അമേരിക്കയുടെ ബോംബാക്രമണം ഇറാന്റെ ആണവശേഷി പൂര്‍ണ്ണമായി ഇല്ലാതാക്കിയിട്ടില്ലെന്ന് ആണവോര്‍ജ എജന്‍സി മേധാവി റാഫേല്‍ ഗ്രോസി പറഞ്ഞു.അമേരിക്കയുടെ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഇറാന്റെ ആണവനിലയങ്ങള്‍ പൂര്‍ണ്ണമായി തകര്‍ത്തെന്ന ഡൊണള്‍ഡ് ട്രംപിന്റെ അവകാശവാദം തള്ളുകയാണ് രാജ്യാന്തര ആണവോര്‍ജ ഏജന്‍സി മേധാവി.അമേരിക്കന്‍ ആക്രമണം ആണവനിലയങ്ങള്‍ക്ക് ഗുരുതരനാശ നഷ്ടമുണ്ടാക്കിയെങ്കിലും പൂര്‍ണ്ണമായി തകര്‍ക്കാനായിട്ടില്ല.അണുബോംബ് ഉണ്ടാക്കുന്നതിനായി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇറാന് യൂറോനിയം സമ്പുഷ്ടീകരണം പുനരാരംഭിക്കാന്‍ കഴിയും എന്ന് രാജ്യാന്തര ആണവോര്‍ജ ഏജന്‍സി മേധാവി റാഫേല്‍ ഗ്രോസി പറഞ്ഞു.ഇറാന് ഇപ്പോഴും വ്യാവസായികമായും സാങ്കേതികമായും മികച്ച ശേഷി ഉണ്ട്.അവര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ എപ്പോള്‍ വേണമെങ്കിലും യൂറോനിയം സമ്പുഷ്ടീകരണം വീണ്ടും ആരംഭിക്കാന്‍ കഴിയും.

ഇറാന്റെ ആണവശേഷി നശിപ്പിക്കുന്നതിന് വേണ്ടിയെന്ന് അവകാശപ്പെട്ടാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു ജൂണ്‍ പതിമൂന്നിന് ആക്രമണം ആരംഭിച്ചത്.ഇറാന്റെ ആണവശേഷി ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് ബെന്യമിന്‍ നെതന്യാഹുവിനും തിരച്ചടിയാണ്.പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും വലിയ ആക്രമണം ആണ് ഇറാനില്‍ നിന്നും ഇസ്രയേലിന് നേരിടേണ്ടിവന്നത്.രാജ്യത്ത് കനത്ത നാശനഷ്ടവും ഉണ്ടായി.ഇസ്രയേലിലെ പതിനായിരക്കണക്കിന് ജനങ്ങള്‍ക്ക് ആണ് ആക്രമണത്തിന്റെ കെടുതികള്‍ അനുഭവിക്കേണ്ടിവന്നത്.അതിന് ശേഷവും ലക്ഷ്യങ്ങള്‍ പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞില്ല എന്നത് രാജ്യത്തിന് അകത്തുനിന്ന് തന്നെ നെതന്യാഹിവിന് നേരെ വിമര്‍ശനങ്ങള്‍ ഉയരുന്നതിന് കാരണമാകും.

താമസതൊഴില്‍ നിയമലംഘനം:സൗദിയില്‍ ഒരാഴ്ചക്കിടയില്‍ പിടിയിലായത് 13,532 പേര്‍

0

സൗദിഅറേബ്യയില്‍ അനധികൃത താമസക്കാര്‍ക്കെതിരെ നടപടി കടുപ്പിച്ച് ആഭ്യന്തര മന്ത്രാലയം. ഒരാഴ്ചക്കിടെ 13,532 പേര്‍ പിടിയിലായി. നിയമലംഘകര്‍ക്ക് സഹായങ്ങള്‍ നല്‍കുന്നവര്‍ക്തെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.ജൂണ്‍ 19നും 25നും ഇടയില്‍ നടത്തിയ പരിശോധയിലാണ് 13,532 അനധികൃത താമസക്കാര്‍ പിടിയിലായത്. 7903 പേര്‍ താമസ നിയമലംഘനം നടത്തിയതിനാണ് പിടിയിലാത്. അതിര്‍ത്തി സുരക്ഷാ നിയമം ലംഘിച്ച 3744 പേരും, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 1885 പേരുമാണ് പിടിയിലായത്. നിയമവിരുദ്ധമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചവരില്‍ 31 ശതമാനം പേര്‍ യമന്‍ പൗരന്മാരും, 67 ശതമാനം പേര്‍ എത്യോപ്യന്‍ പൗരന്മാരും, രണ്ട് പേര്‍ മറ്റ് രാജ്യക്കാരുമാണ്.

നിയമലംഘകര്‍ക്ക് ഗതാഗതം, താമസം, തൊഴില്‍ എന്നിവ നല്‍കിയ 17 പേരെയും അറസ്റ്റ് ചെയ്തു. പിടിയിലായവരില്‍ 9479 പേരെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 6225 പേരെ യാത്രാ രേഖകള്‍ ശരിയാക്കുന്നതിനായി നയതന്ത്ര കാര്യാലയങ്ങളിലേക്ക് കൈമാറി. 10783 പുരുഷന്മാരും, 1125 സ്ത്രീകളും ഉള്‍പ്പെടെ 11908 അനധികൃത താമസക്കാര്‍ നിയമനടപടികള്‍ നേരിടുന്നതായും മന്ത്രാലയം അറിയിച്ചു. നിയമവിരുദ്ധമായി രാജ്യത്ത് കഴിയുന്നവര്‍ക്ക് സഹായം നല്‍കുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവും ഒരു ദശലക്ഷം സ ൗദി റിയാല്‍ പിഴയും ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.


മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു

0

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. ജലനിരപ്പ് 136 അടി പിന്നിട്ടതോടെയാണ് ഷട്ടറുകള്‍ തുറന്നത്. 250 ഘനയടി വെള്ളമാണ് അണക്കെട്ടില്‍ നിന്നും പുറത്തേയ്ക്ക് ഒഴുക്കുന്നത്.രാവിലെ 11.52 ഓടെ ഷട്ടറുകള്‍ ഉയര്‍ത്തി. അണക്കെട്ടിന്റെ 13 ഷട്ടറുകള്‍ പത്ത് സെന്റിമീറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 250 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. തമിഴ്‌നാട് സെക്കന്‍ഡില്‍ 2117 ഘനയടി വെള്ളം കൊണ്ടു പോകുന്നുണ്ട്. ജലനിരപ്പ് രാത്രിയില്‍ 136 അടി പിന്നാട്ടാലും, രാത്രിയില്‍ ഷട്ടറുകള്‍ തുറന്ന് ജലം പുറത്തേയ്ക്ക് ഒഴുക്കരുതെന്ന് ഇടുക്ക ജില്ലാ ഭരണകൂടം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിരുന്നു. അണക്കെട്ടിന്റെ നിലവിലെ റൂള്‍ കര്‍വ് പ്രകാരം തമിഴ്‌നാടിന് സംഭരിക്കാന്‍ കഴിയുക 136 അടി വെള്ളമാണ്.

നിലവില്‍ പെരിയാറില്‍ വളരെ താഴ്ന്ന നിലയിലാണ് ജലനിരപ്പുള്ളത്. അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അണക്കെട്ടില്‍നിന്നുള്ള വെള്ളം ഒഴുകിയെത്തിയാലും പെരിയാര്‍ തീരത്ത് പ്രശ്‌നങ്ങളുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. പ്രദേശത്ത് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു. 883 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായുള്ള മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 20 ദുരിതാശ്വാസ ക്യാമ്പുകളും തുറന്നു. ആവശ്യമെങ്കില്‍ സമീപവാസികള്‍ക്ക് അവിടേക്ക് മാറാമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

വിശദീകരണം:പ്രത്യേക നിരക്ക് ഈടാക്കില്ലെന്ന് എമിറേറ്റ്‌സ് എന്‍ബിഡി

0

വിദേശങ്ങളിലേക്ക് പണം അയക്കുന്നതിന് പ്രത്യേക നിരക്ക് ഈടാക്കുമെന്ന അറിയിപ്പില്‍ വിശദീകരണവുമായി യുഎഇ ബാങ്കായ എമിറേറ്റ്‌സ് എന്‍ബിഡി.ഇന്ത്യ അടക്കം പ്രവാസികള്‍ കൂടുതലുള്ള രാജ്യങ്ങളിലേക്കുള്ള റെമിറ്റന്‍സിന് നിരക്ക് ഈടാക്കില്ലെന്നാണ് പുതിയ അറിയിപ്പ്.ഇന്ത്യയിലേക്ക് പണം അയക്കുന്നത് തുടര്‍ന്നും സൗജന്യമായിരിക്കും എന്നാണ് എമിറേറ്റ്‌സ് എന്‍ബിഡിയുടെ വിശദീകരണം.പാക്കിസ്ഥാന്‍,ഈജിപ്ത്,ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങളിലേക്കും പണം അയക്കുന്നതിന് റെമിറ്റന്‍സ് ഫീ ഈടാക്കില്ല.വിദേശങ്ങളിലേക്കുള്ള ഡയറക്ട് റെമിറ്റന്‍സിന് സെപ്റ്റംബര്‍ ഒന്ന് മുതല്‍ പ്രത്യേക നിരക്ക് ഈടാക്കുമെന്ന് വ്യക്തമാക്കി എമിറേറ്റ്‌സ് എന്‍ബിഡി കഴിഞ്ഞ ദിവസങ്ങളില്‍ ഇമെയില്‍ അയച്ചിരുന്നു.

ഓരോ തവണ പണം അയക്കുമ്പോഴും 26.25 ദിര്‍ഹം വീതം നിരക്ക് ഈടാക്കും എന്നായിരുന്നു അറിയിപ്പ്.ബാങ്കിന്റെ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍,ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം എന്നിവ വഴി പണം അയക്കുന്നവര്‍ക്കാണ് നിരക്ക് ഏര്‍പ്പെടുത്തിയത്.നിലവില്‍ ഈ പ്ലാറ്റ്‌ഫോം വഴി വിദേശങ്ങളിലേക്ക് പണം അയക്കുന്നതിന് പ്രത്യേക നിരക്ക് ഈടാക്കുന്നില്ല.നൂറ് ദിര്‍ഹത്തില്‍ കുറയാത്ത തുകയാണ് അയക്കാന്‍ കഴിയുക. ഈ രീതി ഇനിയും തുടരും എന്നാണ് എമിറേറ്റ്‌സ് എന്‍ബിഡിയുടെ അറിയിപ്പ്.ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണവുമായി നാളെ വാര്‍ത്താക്കുറിപ്പ് പ്രസിദ്ധീകരിക്കും.നിരക്ക് വര്‍ദ്ധന ബാധിക്കുന്ന ഉപയോക്താക്കള്‍ക്ക് പ്രത്യേക അറിയിപ്പ് നല്‍കും എന്നും എമിറേറ്റ്‌സ് എന്‍ബിഡി അറിയിച്ചു.