Tuesday, April 7, 2026
Home Blog Page 57

യു.എസിലെ ടെക്‌സാസിലുണ്ടായ മിന്നല്‍പ്രളയത്തില്‍ മരണം 24 ആയി

കനത്ത മഴയെ തുടര്‍ന്ന് ടെക്‌സാസിലുണ്ടായ മിന്നല്‍പ്രളയത്തില്‍ മരണം 24 ആയി. ദുരന്തത്തില്‍ സമ്മര്‍ ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ 23 പെണ്‍കുട്ടികളടക്കം നിരവധി പേരെ കാണാതായി. കാണാതായവര്‍ക്കായുള്ള തിരച്ചിലും രക്ഷാപ്രവര്‍ത്തനവും പുരോഗമിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന.ഇന്നലെ രാത്രിയോടെ അപ്രതീക്ഷിതമായി പെയ്ത അതിതീവ്ര മഴ, ടെക്‌സാസ് സംസ്ഥാനത്ത് മിന്നല്‍ പ്രളയമാണ് സൃഷ്ടിച്ചത്. കെര്‍ കൗണ്ടിയിലുണ്ടായ പ്രളയ ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിക്കുകയാണ്. വേനല്‍ക്കാല ക്യാമ്പില്‍ പങ്കെടുക്കാന്‍ എത്തിയ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേരെ കാണാതായി. ബോട്ട്, ഹെലികോപ്റ്റര്‍ എന്നിവ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം. 237 പേരെ ഇതുവരെ രക്ഷപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.

ഗ്വാഡലൂപ്പെ നദിയില്‍ 45 മിനിറ്റിനുളളില്‍ ജലനിരപ്പ് 26 അടിയായി ഉയര്‍ന്നതോടെയാണ് പ്രളയത്തിലേക്ക് മാറിയത്. പ്രദേശത്ത് തിരച്ചില്‍ പുരോഗമിക്കുകയാണ്. 14 ഹെലികോപ്റ്ററുകളും 12 ഡ്രോണുകളും ഒന്‍പത് രക്ഷാസേന സംഘവും അഞ്ഞൂറോളം രക്ഷാപ്രവര്‍ത്തകരുമാണ് സ്ഥലത്ത് തിരച്ചില്‍ നടത്തുന്നത്. അതേസമയം ടെക്‌സസിന്റെ പടിഞ്ഞറും മധ്യ ഭാഗങ്ങളിലും പ്രളയത്തിന് സാധ്യതയുണ്ടെന്നും ജനങ്ങളോട് ജാഗ്രത പാലിക്കാനും മുന്നറിയിപ്പ് നല്‍കി. മിന്നല്‍ പ്രളയം ഭയപ്പെടുത്തുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പ്രതികരിച്ചു. പ്രളയ ദുരന്തത്തിലുണ്ടായ നാശനഷ്ടങ്ങള്‍ക്ക് ട്രംപ് സഹായം വാഗ്ദാനം ചെയ്തു. ടെക്‌സസ് ഗവര്‍ണറുമായി സംസാരിച്ചതായും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഗ്വാഡലൂപ്പ് നദിയില്‍ വെളളപ്പൊക്കമുണ്ടാവുന്നത് സാധാരണ സംഭവമാണെങ്കിലും ഇത്രയും കുറഞ്ഞ സമയത്തിനുളളില്‍ ക്രമാതീതമായ നിലയില്‍ ജലനിരപ്പുയരുന്നത് ആദ്യമായാണ്.

യുഎഇ-ഇന്ത്യ:സീറ്റ് വര്‍ദ്ധന അട്ടിമറിച്ച് ഇന്ത്യന്‍ വിമാനകമ്പനികള്‍

0

ഇന്ത്യ-യുഎഇ സെക്ടറില്‍ സീറ്റ് വര്‍ദ്ധന അട്ടിമറിച്ച് ഇന്ത്യന്‍ എയര്‍ലൈനുകള്‍.വര്‍ദ്ധനയ്ക്ക് കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാത്തതോടെ ഇന്ത്യന്‍ സെക്ടറില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത് ഒഴിവാക്കാനാണ് എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ തീരുമാനം.കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി ഈ സെക്ടറില്‍ സീറ്റ് വര്‍ദ്ധനയില്ല.

യുഎഇയ്ക്കും ഇന്ത്യയ്ക്കും ഇടയിലെ പ്രതിവാര സീറ്റുകള്‍ മതിയാകുന്നില്ലെന്നും വര്‍ദ്ധന വേണം എന്നത് യുഎഇ എയര്‍ലൈനുകളുടെ കാലങ്ങളായുളള ആവശ്യമാണ്.എന്നാല്‍ സീറ്റുകള്‍ വര്‍ദ്ധിപ്പിച്ചാല്‍ യുഎഇ എയര്‍ലൈനുകള്‍ ആധിപത്യം നേടും എന്നാണ് ഇന്ത്യന്‍ എയര്‍ലൈനുകളുടെ ഭയം.ഇന്ത്യന്‍ എയര്‍ലൈനുകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ സീറ്റ് വര്‍ദ്ധനയ്ക്ക് തയ്യാറാകുന്നില്ല.ഇന്‍ഡിഗോയും എയര്‍ഇന്ത്യയും ആണ് സീറ്റ് വര്‍ദ്ധനയ്ക്ക് എതിരെ കരുക്കള്‍ നീക്കുന്നത് എന്നാണ് വിവരംഇത് അനുവദിക്കപ്പെടാത്തതിനാല്‍ ഇന്ത്യന്‍ സെക്ടറില്‍ ഇനി ശ്രദ്ധകേന്ദ്രീകരിക്കേണ്ടെന്നാണ് ദുബൈ വിമാനകമ്പനിയായ എമിറേറ്റസ് എയര്‍ലൈന്‍സിന്റെ തീരുമാനം.എമിറേറ്റ്‌സിന്റെ ടോപ് ഫൈവ് പട്ടികയിലുണ്ടായിരുന്നതാണ് ഇന്ത്യന്‍ സെക്ടര്‍.കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്.എന്നാല്‍ 2014-ന് ശേഷം ഇതുവരെ ഇന്ത്യ-യുഎഇ സെക്ടറില്‍ സീറ്റ് വര്‍ദ്ധിപ്പിച്ചിട്ടില്ല.ആഴ്ച്ചയില്‍ ദുബൈയിലേക്ക് 65000 സീറ്റുകള്‍ വീതവും അബുദബിയിലേക്ക് അന്‍പതിനായിരം സീറ്റുകളില്‍ വീതവും ആണ് ഇന്ത്യ-യുഎഇ എയര്‍ലൈനുകള്‍ക്ക് അനുവദിച്ചിരിക്കുന്നത്.

ഇന്ത്യന്‍ നഗരങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ക്ക് യുഎഇ എയര്‍ലൈനുകള്‍ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്.അനുവദിക്കപ്പെട്ടിട്ടുള്ളതില്‍ 95 ശതമാനം സീറ്റുകളിലും ഇവര്‍ സര്‍വീസും നടത്തുന്നുണ്ട്.എന്നാല്‍ വിമാനങ്ങളുടെ എണ്ണത്തിലെ കുറവ് മൂലം ഇന്ത്യന്‍ എയര്‍ലൈനുകള്‍ക്ക് ഇതിന് കഴിയുന്നില്ല.ഇതാണ് തടസ്സം സൃഷ്ടിക്കുന്നതിന് കാരണം.വിമാനസര്‍വീസുകള്‍ വര്‍ദ്ധിപ്പിച്ചാല്‍ ടിക്കറ്റ് നിരക്കില്‍ കുറവുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.എന്നാല്‍ ഇതിന് ഇനിയും കാത്തിരിക്കേണ്ടിവരും എന്നാണ് നിലവിലെ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്.
………

ഗാസ വെടിനിര്‍ത്തല്‍:അനുകൂലമായി പ്രതികരിച്ച് ഹമാസ് നേതൃത്വം

അമേരിക്ക മുന്നോട്ടുവെച്ച ഗാസ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങളോട് അനുകൂലമായി പ്രതികരിച്ച് ഹമാസ് നേതൃത്വം.അടുത്ത ഘട്ടചര്‍ച്ചകള്‍ക്ക് തയ്യാറെന്നും ഹമാസ് അറിയിച്ചു.അടുത്തയാഴ്ചയോട് കൂടി വെടിനിര്‍ത്തല്‍ കരാറിലേക്ക് എത്താന്‍ കഴിഞ്ഞേക്കും എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും പറഞ്ഞു.മധ്യസ്ഥരാഷ്ട്രങ്ങളുമായുള്ള ചര്‍ച്ചകളില്‍ അമേരിക്ക മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങളോട് അനുകൂലമായി പ്രതികരിച്ചു എന്നാണ് ഹമാസ് നേതൃത്വത്തിന്റെ പ്രസ്താവന.എന്നാല്‍ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായി അംഗീകരിച്ചോ എന്ന് ഹമാസ് വെളിപ്പെടുത്തിയിട്ടില്ല.പൊതുവെയുള്ള നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചെന്നും നിരവധി ഭേദഗതികള്‍ ഹമാസ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പേര് വെളിപ്പെടുത്താത്ത സ്രോതസുകളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.ഇരുപത് മാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നത് അടക്കമുള്ള വിഷയങ്ങളിലാണ് ഭേദഗതി എന്നാണ് റിപ്പോര്‍ട്ട്.ഇസ്രയേല്‍ സൈന്യത്തിന്റെ സമ്പൂര്‍ണ്ണപിന്‍മാറ്റം ആണ് മറ്റൊരു ആവശ്യം.

ഐക്യരാഷ്ട്രസഭയുടെയും റെഡ് ക്രോസിന്റെയും നേതൃത്വത്തില്‍ ഗാസയിലേക്ക് അവശ്യവസ്തുക്കള്‍ അടിയന്തരമായി എത്തിക്കണം എന്ന നിര്‍ദ്ദേശവും ഹമാസ് മുന്നോട്ടുവെച്ചിട്ടുണ്ട്.വെടിനിര്‍ത്തല്‍ നിര്‍ദ്ദേശത്തോട് ഹമാസ് അനുകൂലമായി പ്രതികരിച്ചത് നല്ലതീരുമാനം ആണെന്നും ഇപ്പോഴത്തേതിനെക്കാള്‍ നല്ല ഒരു നിര്‍ദ്ദശം ഹമാസിന് ലഭിക്കില്ലെന്നും ഡൊണള്‍ഡ് ട്രംപ് പ്രതികരിച്ചു.ഇത് അംഗീകരിക്കുന്നില്ലെങ്കില്‍ ഇതിലും മോശമായ നിര്‍ദ്ദേശങ്ങള്‍ ആയിരിക്കും ഇനി ലഭിക്കുക എന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.അറുപത് ദിവസം നീണ്ടുനില്‍ക്കുന്ന വെടിനിര്‍ത്തലിനും ബന്ദികളുടെ മോചനത്തിനും ഉള്ള നിര്‍ദ്ദേശം ആണ് അമേരിക്ക മുന്നോട്ടുവെച്ചിരിക്കുന്നത്.വെടിനിര്‍ത്തല്‍ നിര്‍ദ്ദേശപ്രകാരം ജീവിച്ചിരിക്കുന്ന പത്ത് ബന്ദികളേയും കൊല്ലപ്പെട്ട പതിനെട്ട് ബന്ദികളുടെ മൃതദേഹങ്ങളും ഹമാസ് കൈമാറണം.ഗാസയില്‍ ഇരുപത് ബന്ദികള്‍ ജീവനോടെ ഉണ്ടെന്നാണ് ഇസ്രയേലിന്റെ കണക്ക്.

ഫുജൈറ ബീച്ചുകളില്‍ മുങ്ങി മരണങ്ങള്‍ കേസുകള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്

0

ഫുജൈറയിലെ ബീച്ചുകളില്‍ മുങ്ങി മരണങ്ങള്‍ കേസുകള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. 2024 ല്‍ എമിറേറ്റിലെ ബീച്ചുകളില്‍ ഇരുപത്തിയേഴ് പേരാണ് മുങ്ങി മരിച്ചത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് അപകടങ്ങള്‍ വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ട്.
പരിചിതമല്ലാത്ത സ്ഥലങ്ങളില്‍ നീന്താന്‍ ഇറങ്ങുന്നതും, സുരക്ഷാ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതുമാണ് അപകടങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്. സ്വദേശികളും പ്രവാസികളുമായുള്ള 27 പേരാണ് 2024 ല്‍ ബീച്ചില്‍ മുങ്ങി മരിച്ചത്. 2023 നെ അപേക്ഷിച്ച് ആറ് കേസുകള്‍ അധികമായി റിപ്പോര്‍ട്ട് ചെയ്തു. വേനല്‍ക്കാലങ്ങളില്‍ ബീച്ചുകളില്‍ സന്ദര്‍ശകരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്.

സുരക്ഷാ നിരീക്ഷണങ്ങള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ നീന്താന്‍ ഇറങ്ങുന്നതാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്. ബോട്ടുകള്‍ ഉപയോഗിക്കുമ്പോള്‍ ലൈഫ് ജാക്കറ്റുകള്‍ ഇല്ലാത്തതും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. അപകടങ്ങളുടെ എണ്ണം വര്‍ദ്ധിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സുരക്ഷാ നിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചു. നീന്താന്‍ അനുവദിച്ചിട്ടുള്ള സ്ഥലങ്ങളില്‍ മാത്രം ഇറങ്ങാന്‍ പാടുള്ളു എന്നാണ് നിര്‍ദ്ദേശം. രക്ഷിതാക്കളുടെ മേല്‍നോട്ടത്തിലല്ലാതെ കുട്ടികളെ ബിച്ചില്‍ ഇറക്കരുത്. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണം. ബീച്ചുകളില്‍ ഗാര്‍ഡുകള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. 2024 ല്‍ ബീച്ചില്‍ അപകടത്തില്‍പ്പെട്ട 26 പേരെ രക്ഷപ്പെടുത്തിയിരുന്നു.


ഹമാസ്ഥാന്‍ ഇനി ഉണ്ടാകില്ലെന്ന് ബെന്യമിന്‍ നെതന്യാഹു

വെടിനിര്‍ത്തല്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടയില്‍ ഗാസയില്‍ ഇനി ഹമാസ് ഉണ്ടാകില്ലെന്ന് അവകാശപ്പെട്ട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു.ഗാസയില്‍ ഹമാസ്ഥാന്‍ ഉണ്ടാകില്ലെന്നാണ് നെതന്യാഹുവിന്റെ പ്രസ്താവന.വെടിനിര്‍ത്തിലന് അമേരിക്ക മുന്നോട്ട് വെച്ച നിര്‍ദ്ദേശം പരിശോധിച്ച് വരികയാണെന്ന് ഹമാസ് അറിയിച്ചു.അറുപത് ദിവസം നീണ്ടുനില്‍ക്കുന്ന വെടിനിര്‍ത്തലിന് യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് നിര്‍ദ്ദേശം മുന്നോട്ട് വെച്ചതിന് പിന്നാലെയാണ് ഹമാസ് ഇനി ഉണ്ടാകില്ലെന്ന നെതന്യാഹുവിന്റെ പ്രസ്താവന.ഗാസയില്‍ ഇനി ഹമാസ് ഉണ്ടാകില്ലെന്നും അതിലേക്ക് ഒരു തിരിച്ചുപോക്കില്ലെന്നും ആണ് നെതന്യാഹുവിന്റെ പ്രസ്താവന.ഹമാസ് ബന്ദികളാക്കിയവരെ മുഴുവന്‍ മോചിപ്പിക്കും.ഇസ്രയേലിന് മുന്നിലുള്ള അവസരങ്ങള്‍ വലുതാണെന്നും അത് പാഴാക്കില്ലെന്നും നെതന്യാഹു പറഞ്ഞു.

വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങള്‍ ഇസ്രയേല്‍ അംഗീകരിച്ചെന്ന് ട്രംപ് പറഞ്ഞതിന് ശേഷവും ഹമാസിനെ ഇലാതാക്കുന്നത് വരെ തിരിച്ചുപോക്കില്ലെന്ന് നെതന്യാഹു പറയുന്നത് ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്.ഇതിനിടെ യുദ്ധം എന്നന്നേക്കുമായി അവസാനിപ്പിക്കും എങ്കില്‍ കരാറുമായി സഹകരിക്കാം എന്ന് ഹമാസ് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ട്.മധ്യസ്ഥ രാഷ്ട്രങ്ങളില്‍ നിന്നും വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഹമാസ് സ്ഥിരീകരിച്ചു.ഇസ്രയേല്‍ സൈന്യം ഗാസയില്‍ നിന്നും പൂര്‍ണ്ണമായും പിന്‍മാറണം എന്നാണ് ഹമാസ് നിലപാട് ആവര്‍ത്തിക്കുന്നത്.ഇസ്രയേലിന്റെയും ഹമാസിന്റെയും ഈ നിലപാടുകള്‍ക്കിടയില്‍ മധ്യസ്ഥര്‍ എങ്ങനെ ഒത്തുതീര്‍പ്പ് കരാര്‍ രൂപപ്പെടുത്തും എന്ന കാര്യത്തിലും ആശങ്ക ഉയരുന്നുണ്ട്.

യുഎഇയില്‍ തൊഴിലവസരങ്ങള്‍ തുറക്കാന്‍ ആകാശടാക്‌സി

0

യുഎഇയില്‍ ആകാശടാക്‌സി സര്‍വീസ് ആരംഭിക്കുന്നതോടെ കൂടുതല്‍ തൊഴിലവസരങ്ങളും തുറക്കപ്പെടും എന്ന് വിലയിരുത്തല്‍.ആകാശടാക്‌സി സര്‍വീസിന് ഒപ്പം നിര്‍മ്മാണത്തിനും കയറ്റുമതിക്കും യുഎഇയ്ക്ക് പദ്ധതിയുണ്ട്.യുഎഇയില്‍ ജോലി ചെയ്യാനാഗ്രഹിക്കുന്ന ഓരോരുത്തര്‍ക്കും പ്രതീക്ഷ പകരുന്നതാണ് പുതിയ തൊഴില്‍മേഖലകള്‍ തുറക്കുന്നുവെന്ന
വാര്‍ത്തകള്‍.അത്തരത്തിലൊന്നാണ് ആകാശടാക്‌സികള്‍.പരീക്ഷഘട്ടം പൂര്‍ത്തിയാക്കി വാണിജ്യാടിസ്ഥാനത്തിലേക്കുള്ള സര്‍വീസുകളിലേക്ക് നീങ്ങുകയാണ് ദുബൈയും അബുദബിയും.ആകാശടാക്‌സി സര്‍വീസിന് ഒപ്പം തന്നെ ഇവയുടെ നിര്‍മ്മാണവും എമിറേറ്റുകളുടെ പദ്ധതിയിലുണ്ട്.യുഎഇയില്‍ എയര്‍ടാക്‌സികള്‍ നിര്‍മ്മിച്ച് മറ്റ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്കാണ് ഒരുങ്ങുന്നത്.ഇതിനൊപ്പം അറ്റകുറ്റപ്പണിക്ക് ആവശ്യമായ കേന്ദ്രങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും.യാത്രാ സര്‍വീസ്,നിര്‍മ്മാണം,അറ്റകുറ്റപ്പണി തുടങ്ങി എയര്‍ടാക്‌സിയുമായി ബന്ധപ്പെട്ട് പലമേഖലകളില്‍ തൊഴിലവസരങ്ങള്‍ തുറക്കപ്പെടും.

പുതിയൊരു ഗതാഗത സംവിധാനത്തിന്റെ തുടക്കക്കാര്‍ എന്ന നിലയില്‍ ദുബൈയ്ക്കും അബുദബിക്കും എല്ലാം ഈ രംഗത്ത് വലിയ നേട്ടങ്ങള്‍ കൊയ്യുന്നതിന് സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. റാസല്‍ഖൈമയും അജ്മാനും അടക്കമുള്ള മറ്റ് എമിറേറ്റുകളും ആകാശടാക്‌സി സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങുകയാണ്.ദുബൈയിലും അബുദബിയിലും ആദ്യഘട്ട പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയായി കഴിഞ്ഞു.ഇരു എമിറേറ്റുകളിലും അടുത്ത വര്‍ഷം സര്‍വീസുകള്‍ തുടങ്ങുന്നതിന് ആണ് പദ്ധതി.

ആകാശ ടാക്‌സി:അബുദബിയില്‍ പരീക്ഷണ പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി

0

അബുദബിയില്‍ ആകാശടാക്‌സികളുടെ പരീക്ഷണ പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി. അല്‍ ബത്തീന്‍ എക്‌സിക്യൂട്ടീവ് വിമാനത്താവളത്തിലായിരുന്നു പരീക്ഷണം. അടുത്ത വര്‍ഷം ആദ്യം ആകാശ ടാക്‌സികള്‍ സര്‍വ്വീസ് ആരംഭിക്കും.ദുബൈയ്ക്കു പിന്നാലെ അബുദബിയും ആകാശ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി. അബുദബി ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസുമായി സഹകരിച്ചായിരുന്നു പരീക്ഷണ പറക്കല്‍. രാജ്യത്തെ അതികഠിനമായ ചൂടിനെ വാഹനം എങ്ങനെ പ്രതിരോധിക്കും എന്നറിയുന്നതിനുള്ള പരീക്ഷണം ഉള്‍പ്പെടെയാണ് നടത്തിയത്. രാജ്യത്തെ താപനില, അന്തരീക്ഷ ഊഷ്മാനവ്, പൊടിപടലങ്ങള്‍ എന്നിവയെ ആകാശ ടാക്‌സികള്‍ എങ്ങനെ അതിജീവിക്കും എന്നതാണ് പ്രധാനമായും പരിശോധിക്കുന്നത്. ചൂട് കാലാവസ്ഥയിലും ടേക്ക് ഓഫും ലന്‍ഡിങും വിജയകരമായി പൂര്‍ത്തിയാക്കി. സുരക്ഷാ പരിശോധനകളും പൂര്‍ത്തിയാകുന്നതോടെ ആകാശ ടാക്‌സികള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാന്‍ സജ്ജമാകും.

അമേരിക്കന്‍ കമ്പനിയായ ആര്‍ച്ചര്‍ ഏവിയേഷന്‍സാണ് അബുദബിയില്‍ ആകാശ ടാക്‌സി എത്തിച്ചത്. ആര്‍ച്ചറിന്റെ മിഡ്‌നൈറ്റ് വിഭാഗത്തില്‍ പെടുന്ന എയര്‍ക്രാഫിറ്റ് ആദ്യമായി അവതരിപ്പിക്കുന്നതും അബുദബിയിലാണ്. പൈലറ്റ് പരിശീലനം, ടാക്‌സിനിര്‍മാണം അടക്കം ആകാശ യാത്രയുമായി ബന്ധപ്പെട്ട് അനുബന്ധ സൗകര്യങ്ങളും ഒരുക്കുകയാണ്. അല്‍ഐനിലാണ് എയര്‍ടാക്‌സി നിര്‍മാണ യൂണിറ്റ് ആരംഭിക്കുന്നത്. 2027 ആകുമ്പോഴേക്കും നിര്‍മാണം തുടങ്ങും. സമീപ രാജ്യങ്ങളിലേക്ക് ഇവിടെ നിന്ന് എയര്‍ ടാക്‌സികള്‍ കയറ്റി അയയ്ക്കാനും പദ്ധതിയുള്ളതായി അബുദബി ഇന്‍വസ്റ്റ്‌മെന്റ് ഓട്ടണമസ് മൊബിലിറ്റി ആന്‍ഡ് റോബോട്ടിക്‌സ് മേധാവി ഒമ്രാന്‍ മാലേക് പറഞ്ഞു. ടാക്‌സികളുടെ അറ്റകുറ്റപ്പണികള്‍ക്ക് ആവശ്യമായ കേന്ദ്രം ഉള്‍പ്പടെ എല്ലാ അടിസ്ഥാനങ്ങളും പൂര്‍ത്തിയാക്കിയ ശേഷമാകും സര്‍വ്വീസ് ആരംഭിക്കുക.


അഹമ്മദാബാദ് ദുരന്തം:ഫ്‌ളൈറ്റ് സിമുലേഷന്‍ പഠനം നടത്തി എയര്‍ ഇന്ത്യ

0

അഹമ്മദാബാദ് ദുരന്തത്തില്‍ ഫ്‌ലൈറ്റ് സിമുലേറ്റര്‍ പഠനം നടത്തി എയര്‍ ഇന്ത്യ. വിമാനത്തിന്‌റെ രണ്ട് എഞ്ചിനുകളും പ്രവര്‍ത്തനരഹിതമായതെന്ന് സൂചന. എയര്‍ ക്രാഫ്റ്റ് ആക്‌സിഡന്‌റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ നടത്തുന്ന ഔദ്യോഗിക അന്വേഷണത്തിന് പുറമേയാണ് പരീക്ഷണം നടത്തിയത്.എയര്‍ ഇന്ത്യയിലെ പൈലറ്റുമാരെ ഉപയോഗിച്ച് ഫ്‌ലൈറ്റ് സിമുലേറ്ററില്‍ ലാന്‍ഡിംഗ് ഗിയര്‍, ചിറകുകളുടെ ഫ്‌ലാപ്പുകള്‍ എന്നിവയുടെ പ്രവര്‍ത്തനം പുനരാവിഷ്‌കരിച്ചാണ് പരീക്ഷണം നടത്തിയത്.പഠനത്തില്‍ രണ്ട് എഞ്ചിനുകളും തകരാറിലായതാണ് കണ്ടെത്തിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.സാധ്യമായ സാഹചര്യങ്ങള്‍ വഴി അപകടത്തിന്‌റെ കാരണം കണ്ടെത്തുകയാണ് ലക്ഷ്യം.

രണ്ട് എഞ്ചിനുകളും പ്രവര്‍ത്തിക്കാതായതിന് പിന്നിലെ സാങ്കേതിക കാരണം കണ്ടെത്താന്‍ ഇതുവരെയും സാധിച്ചിട്ടില്ല.ബോയിംഗ് 787 ഡ്രീംലൈനര്‍ ടേക്ക ഓഫ് ചെയ്യാന്‍ ഒരു എന്‍ജിന്‍ പ്രവര്‍ത്തിച്ചാല്‍ മതിയെന്നാണ് വ്യോമയാന വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.ഫ്‌ലൈറ്റ് ഡേറ്റാ റെക്കോഡറില്‍ നിന്ന് കൂടുതല്‍ ആധികാരികമായ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് അന്വേഷണ സംഘത്തിന്‌റെ വിലയിരുത്തല്‍.അതേസമയം ടേക്ക് ഓഫിന് പിന്നാലെ പൈലറ്റ് ചക്രങ്ങള്‍ അകത്തേക്ക് വലിക്കുന്നതിനുള്ള നടപടി ആരംഭിച്ചതായും സൂചന വരുന്നുണ്ട്.വിഷയത്തില്‍ എയര്‍ ഇന്ത്യ കൂടുതല്‍ പഠനങ്ങള്‍ നടത്തിവരികയാണ്.

ഗാസ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ഇസ്രയേല്‍ അംഗീകരിച്ചെന്ന് ട്രംപ്

ഗാസ വെടിനിര്‍ത്തല്‍ വ്യവസ്ഥകള്‍ ഇസ്രയേല്‍ അംഗീകരിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്.വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം അംഗീകരിക്കാന്‍ ഹമാസ് തയ്യാറാകണം എന്നും ട്രംപ് ആവശ്യപ്പെട്ടു.ട്രംപിന്റെ പ്രഖ്യാപനത്തില്‍ ഇതുവരെ ഇസ്രയേല്‍ ഭരണകൂടവും ഹമാസും പ്രതികരിച്ചിട്ടില്ല.സമൂഹമാധ്യമപ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ഗാസ വെടിനിര്‍ത്തലിനുള്ള സുപ്രധാന വ്യവസ്ഥകള്‍ക്ക് ഇസ്രയേല്‍ അംഗീകാരം നല്‍കിയതായി ഡൊണള്‍ഡ് ട്രംപ് അവകാശപ്പെട്ടത്.അറുപത് ദിവസത്തെ വെടിനിര്‍ത്തലിനുള്ളതാണ് നിര്‍ദ്ദേശങ്ങള്‍.തന്റെ പ്രതിനിധികള്‍ ഇസ്രയേലുമായി വെടിനിര്‍ത്തല്‍ സംബന്ധിച്ച് നടത്തിയ ചര്‍ച്ച ഫലപ്രദമായിരുന്നു.മധ്യപൂര്‍വ്വദേശത്തിന്റെ നല്ലതിനായി വെടിനിര്‍ത്തല്‍ വ്യവസ്ഥകള്‍ അംഗീകരിക്കുകയാണ് ഹമാസിന് നല്ലതെന്നും ട്രംപ് പറഞ്ഞു.വെടിനിര്‍ത്തല്‍ സംബന്ധിച്ച അന്തിമ നിര്‍ദ്ദേശങ്ങള്‍ ഇരുകൂട്ടര്‍ക്കും മുന്‍പില്‍ മധ്യസ്ഥ രാജ്യങ്ങളായ ഖത്തറും ഈജിപ്തും അവതരിപ്പിക്കും.

വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷം യുദ്ധം എന്നന്നേക്കുമായി അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തും എന്നും ട്രംപ് അറിയിച്ചു.ആരെല്ലാം തമ്മിലുള്ള ചര്‍ച്ചകള്‍ക്കിടയില്‍ ആണ് വെടിനിര്‍ത്തല്‍ ധാരണരൂപപ്പെട്ടത് എന്ന് ട്രംപ് വെളിപ്പെടുത്തിയിട്ടില്ല.ചര്‍ച്ചകള്‍ക്കായി നെതന്യാഹുവിന്റെ മുതിര്‍ന്ന ഉപദേഷ്ടാവ് റോണ്‍ ഡെര്‍മര്‍ ഇയാഴ്ച യു.എസില്‍ എത്തുമെന്ന് വൈറ്റ് ഹൗസ് വക്താവ് കരോലീന്‍ ലീവിറ്റ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.വൈസ് പ്രസിഡന്റ് ജെ.ജി വാന്‍സ്,വിദേശകാര്യസെക്രട്ടറി മാര്‍ക്കോ റൂബിയോ,പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് എന്നിവരുമായാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. ഈ കൂടിക്കാഴ്ച്ചയില്‍ ആണോ ഇസ്രയേല്‍ വെടിനിര്‍ത്തല്‍ വ്യവസ്ഥകള്‍ അംഗീകരിച്ചത് എന്ന് വ്യക്തമല്ല.ഗാസ യുദ്ധം നീട്ടിക്കൊണ്ട് പോകുന്നതിന് ഡൊണള്‍ഡ് ട്രംപിന് തിരെ താത്പര്യം ഇല്ലെന്നാണ് റിപ്പോര്‍ട്ട്.അടുത്തയാഴ്ച ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു വാഷിങ്ടണില്‍ എത്തി ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇത് നിര്‍ണ്ണായകമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.

അബുദബി റോഡുകളില്‍ എണ്ണൂറിലധികം ക്യാമറകള്‍:ദുബൈയില്‍ അറുനൂറിലധികം

0

അബുദബി നിരത്തുകളില്‍ സ്ഥാപിച്ചിരിക്കുന്നത് എണ്ണുറിലധികം ട്രാഫിക് ക്യാമറകള്‍.ദുബൈയിലും നൂറുകണക്ക് ക്യാമറകള്‍ ഗതാഗത നിയമലംഘനം നിരീക്ഷിക്കുന്നുണ്ട്.മൊബൈല്‍ ഫോണ്‍ ഉപയോഗം ആണ് ഡ്രൈവര്‍മാരുടെ ശ്രദ്ധതെറ്റിക്കുന്നതില്‍ മുന്‍പന്തിയില്‍ എന്നും ട്രാഫിക് സുരക്ഷാ വിദഗദ്ധര്‍ അറിയിച്ചു.അബുദബി എമിറേറ്റിലെമ്പാടുമായി എണ്ണൂറിലധികം ട്രാഫിക് ക്യാമറകള്‍ ഉണ്ടെന്ന് സംയോജിത ഗതാഗതകേന്ദ്രത്തിലെ ട്രാഫിക് സുരക്ഷാ വിദഗദ്ധന്‍ മുഹമ്മദ് കിഷിതയാണ് വ്യക്തമാക്കിയത്.പക്ഷെ ഇത് കൊണ്ട് മാത്രം കാര്യമില്ല.എങ്ങനെ സുരക്ഷിതമായി വാഹനം ഓടിക്കണം എന്നതില്‍ ജനങ്ങളെ കൂടുതല്‍ ബോധവത്കരിക്കണം എന്നും മുഹമ്മദ് കിഷിത പറഞ്ഞു.

ദുബൈയില്‍ അറുനൂറിലധികം സ്പീഡ് ക്യാമറകള്‍ ആണ് ഉള്ളത്.ഇത് കൂടാതെ ഗതാഗതം നിരീക്ഷിക്കുന്നതിനുള്ള മറ്റ് ഉപകരണങ്ങളും ഉണ്ട്.എന്നാല്‍ ഡ്രൈവര്‍മാരുടെ അശ്രദ്ധ അപകടങ്ങള്‍ക്ക് കാരണമാവുകയാണെന്നും ട്രാഫിക് സുരക്ഷാ വിദഗദ്ധര്‍ പറയുന്നു.കാഴ്ച്ചയിലും ചിന്തകളിലും എല്ലാം അശ്രദ്ധയ്ക്ക് കാരണമാകുന്ന സുപ്രധാനഘടകം മൊബൈല്‍ ഫോണ്‍ ഉപയോഗം ആണെന്നും വിദഗദ്ധര്‍ വ്യക്തമാക്കുന്നുണ്ട്.കഴിഞ്ഞ വര്‍ഷം യുഎഇയില്‍ ആകെ 384 റോഡ് അപകടമരണങ്ങള്‍ ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.അശ്രദ്ധമായ ഡ്രൈവിംഗ് ആണ് ഇവയില്‍ ഭൂരിഭാഗത്തിനും കാരണം എന്നും ഗതാഗതസുരക്ഷാ വിദഗദ്ധര്‍ പറഞ്ഞു.