Thursday, April 2, 2026
Home Blog Page 44

ഗാസ സിറ്റിയില്‍ കനത്ത ബോംബാക്രമണം:123 മരണം

0

ഗാസ സിറ്റിയില്‍ കനത്ത വ്യോമാക്രണം തുടര്‍ന്ന് ഇസ്രയേല്‍.123 പേരാണ് മരിച്ചത്.ഭക്ഷണം കിട്ടാതെ എട്ട് പേരും മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.ഗാസസിറ്റി പിടിച്ചെടുക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതിന് പിന്നാലെയാണ് ഇസ്രയേല്‍ സൈന്യം ആക്രമണം കടുപ്പിച്ചത്.സമീപകാലത്ത് ഒരു ദിവസം രേഖപ്പെടുത്തന്ന ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണ് ഇന്നത്തേത്.നിരവധി വീടുകളും ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്നു.ഭക്ഷണവിതരണ കേന്ദ്രങ്ങളില്‍ കാത്ത് നിന്ന പന്ത്രണ്ട് പേരെ ഇസ്രയേല്‍ സൈന്ംയ വെടിവെച്ച് കൊന്നതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

മൂന്ന് കുട്ടികള്‍ അടക്കം എട്ട് പേരാണ് പട്ടിണിമൂലം മരിച്ചത്.ഇതോടെ ഗാസയിലെ ആകെ പട്ടിണിമരണം 235 ആയി ഉയര്‍ന്നു.ഗാസയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തുന്നുണ്ടെങ്കിലും മതിയാകുന്നില്ലെന്നാണ് സന്നദ്ധസംഘടനകള്‍ വ്യക്തമാക്കുന്നത്.ഇന്നലെ 320 ട്രക്കുകള്‍ ആണ് ഗാസ മുനമ്പില്‍ പ്രവേശിച്ചത്.അതെസമയം ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തുടരുന്നുണ്ട്.മുഴുവന്‍ ബന്ദികളെ ഒറ്റഘട്ടമായി മോചിപ്പിച്ചുകൊണ്ടുള്ള വെടിനിര്‍ത്തല്‍ എന്ന നിര്‍ദ്ദേശം ആണ് ഇസ്രയേല്‍ മുന്നോട്ട് വെച്ചിരിക്കുന്നത്.

വോട്ട് ക്രമക്കേട്:പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ്

0

വോട്ട് ക്രമക്കേടില്‍ പ്രതിഷേധ നടപടികള്‍ കടുപ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്.വെബ്‌സൈറ്റിന് പിന്നാലെ സോഷ്യല്‍ മീഡിയ പ്രചരാണവും ശക്തമാക്കി.വോട്ട് ക്രമക്കേടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയിക്കാന്‍ വോട്ട് ചോരി വെബ്‌സൈറ്റ് നിര്‍മിച്ചതിന് പിന്നാലെയാണ് പ്രചാരണ വിഡിയോയുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്.വോട്ടര്‍മാര്‍ വോട്ട് ചെയ്യാനെത്തുമ്പോള്‍ തങ്ങളുടെ വോട്ട് മറ്റുചിലര്‍ ചെയ്ത് മടങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്യ പ്രായമായവരുടേയും സ്ത്രീകളുടേയും വോട്ട് പോലും ബിജെപി പ്രവര്‍ത്തകര്‍ പോള്‍ ചെയ്യുകയാണെന്നും വോട്ടിംഗ് അട്ടിമറിക്കുകയാണെന്നുമുള്ള സന്ദേശം ജനങ്ങള്‍ക്ക് നല്‍കുകയാണ് ലക്ഷ്യം.

വോട്ട് ക്രമക്കേട് ചൂണ്ടിക്കാണിക്കാനായി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന പ്രചാരണങ്ങളുടെ ഭാഗമാണ് വിഡിയോ.ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകത്തിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലും വ്യാപകമായ ക്രമക്കേട് നടന്നു എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ഗൂഢാലോചന നടത്തിയെന്നും തെളിവുകള്‍ നിരത്തി രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു.

കുവൈത്തില്‍ വിഷമദ്യം കഴിച്ച് പത്ത് പ്രവാസികള്‍ മരിച്ചു

0

കുവൈത്തില്‍ വിഷമദ്യം കഴിച്ച് പത്ത് പ്രവാസികള്‍ മരിച്ചു.മരിച്ചവരില്‍ മലയാളികളും ഉണ്ടെന്നാണ് അനൗദ്യോഗിക വിവരം.നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.കുവൈത്തിലെ അല്‍ അഹമ്മദി ഗവര്‍ണറേറ്റിലെ വിവിധയിടങ്ങളിലായിട്ടാണ് മരണം.പത്ത് പ്രവാസി തൊഴിലാളികള്‍ മരിച്ചതായി ആഭ്യന്തരമന്ത്രാലയം വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക അറബ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.വിഷബാധയേറ്റതിനെ തുടര്‍ന്ന് ഞായറാഴ്ചയാണ് പതിനഞ്ചിലധികം പ്രവാസികളെ ഫര്‍വാനിയ അദാന്‍ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.

നിര്‍മ്മാണ തൊഴിലാളികളായ പ്രവാസികളാണ് മരിച്ചവരില്‍ ഏറെയും.പലരേയും കുഴഞ്ഞുവീണതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ആശുപത്രികളില്‍ നടത്തിയ വിശദപരിശോധനയില്‍ ആണ് വിഷമദ്യം ആണെന്ന് കണ്ടെത്തിയത്.ജലീബ് ബ്ലോക് ഫോറില്‍ നിന്നാണ് മദ്യം ലഭിച്ചത് എന്നാണ് വിവരം.സമ്പൂര്‍ണ മദ്യനിരോധനം നിലവിലുളള രാജ്യമാണ് കുവൈത്ത്. എന്നാല്‍ രാജ്യത്തിന്റെ പല ഭാഗത്തും അനധികൃത മദ്യവില്‍പ്പനയുണ്ട്.കഴിഞ്ഞ ആഴ്ച്ചകളില്‍ രാജ്യത്ത് പലയിടത്തുനിന്നായി മദ്യശേഖരം പിടികൂടിയിരുന്നു.വ്യാജമദ്യവില്‍പ്പന തടയാന്‍ ആഭ്യന്തരമന്ത്രാലയം നിരന്തരം പരിശോധന നടത്തുന്നുണ്ട്.

നരേന്ദ്ര മോദി അമേരിക്കയിലേക്ക്:വ്യാപാരകരാര്‍ ചര്‍ച്ചയാകാന്‍ സാധ്യത

0

ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം അമേരിക്കയിലേക്ക്.പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താനും വ്യാപാരബന്ധങ്ങളിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയാകാനും സാധ്യത.ഇന്ത്യയോടുള്ള ട്രംപിന്റെ കടുത്ത നിലപാട് തുടരുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്ക സന്ദര്‍ശിക്കുന്നത്.റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ വിയോജിപ്പ് പ്രകടിപ്പിച്ച ട്രംപ് കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യയ്ക്ക് മേല്‍ അധിക തീരുവ ഏര്‍പ്പെടുത്തിയത്.നിലവില്‍ അമേരിക്കയില്‍ ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം താരിഫാണ് ചുമത്തിയിരിക്കുന്നത്.

ഇതിന് പുറമേയാണാ 25 ശതമാനം അധിക തീരുവ കൂടി ചുമത്തിയത്.അധിക തീരുവ ചുമത്തിയ നടപടി ദൗര്‍ഭാഗ്യകരമെന്ന് പ്രതികരിച്ച ഇന്ത്യ വിഷയത്തില്‍ പ്രകോപനപരമായ നടപടികളിലേക്ക് കടക്കേണ്ടെന്ന് തീരുമാനിച്ചിരുന്നു.അതിന് പിന്നാലെ കൂടുതല്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി വ്യാപിപ്പിക്കാനും ഇന്ത്യ തീരുമാനിച്ചിരുന്നു.ട്രംപിന്റെ നിലപാട് പക്ഷപാതപരവും നീതികരിക്കാനാകാത്തതും ആണെന്നും, ദേശീയ താത്പര്യം സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഇന്ത്യ നിലപാടെടുത്തു

ഗാസ സിറ്റിയില്‍ രൂക്ഷമായ ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍

0

സമ്പൂര്‍ണ്ണപിടിച്ചെടുക്കലിന് തീരുമാനിച്ചതിന് പിന്നാലെ ഗാസ സിറ്റിയില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ രൂക്ഷ ആക്രമണം.ജനവാസമേഖലകളില്‍ ആണ് ഇസ്രയേല്‍ ആക്രമണം നടത്തുന്നതെന്ന് ഹമാസ് ആരോപിച്ചു.കഴിഞ്ഞ മൂന്ന് ദിവസമായി ഗാസ സിറ്റിയില്‍ ഇസ്രയേല്‍ സൈന്യം തീവ്രമായ വ്യോമാക്രമണം നടത്തുന്നുവെന്നാണ് രാജ്യാന്തരമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.നിരവധി പാര്‍പ്പിടങ്ങള്‍ ആക്രമണങ്ങളില്‍ തകര്‍ന്നതായി ഗാസ സിവില്‍ ഡിഫന്‍സ് ഏജന്‍സി അറിയിച്ചു.തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയവരെ രക്ഷപെടുത്താനോ മൃതദേഹങ്ങള്‍ കണ്ടെടുക്കാനോ കഴിയുന്നില്ലെ എന്നും സിവില്‍ ഡിഫന്‍സ് പറയുന്നു.

വ്യോമാക്രമണത്തിന് ഒപ്പം ടാങ്കുകള്‍ ഉപയോഗിച്ചും ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തുന്നുണ്ട്.ഇരുപത്തിനാല് മണിക്കൂറുകള്‍ക്കിടയില്‍ നൂറ് പേരാണ് ഗാസയില്‍ കൊല്ലപ്പെട്ടത്.ഇതില്‍ മുപ്പത്തിയൊന്ന് പേര്‍ ഭക്ഷണവിതരണ കേന്ദ്രങ്ങള്‍ക്ക് സമീപത്താണ് കൊല്ലപ്പെട്ടത്.ഇതുവരെ അറുപത്തൊരായിരത്തിലധികം പലസ്തീനികള്‍ ആണ് ഗാസ മുനമ്പില്‍ കൊല്ലപ്പെട്ടത്.പട്ടിണി മൂലം അഞ്ച് പേരും മരിച്ചു.അതെസമയം ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ചര്‍ച്ചകള്‍ക്കായി ഹമാസിന്റെ പ്രതിനിധി സംഘം ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയില്‍ എത്തിയിട്ടുണ്ട്.യുദ്ധത്തിന് എതിരെ ഇസ്രയേലിനുളളിലും പ്രതിഷേധം ശക്തമായിട്ടുണ്ട്.

ട്രംപിന്റെ തീരുവ ഭീഷണി മറികടക്കാന്‍ നീക്കവുമായി ഇന്ത്യ

0

ട്രംപിന്റെ തീരുവ ഭീഷണി മറികടക്കാന്‍ പുതിയ നീക്കവുമായി ഇന്ത്യ.കയറ്റുമതി കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനം.ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി 20ല്‍ നിന്ന് 50 രാജ്യങ്ങളിലേക്ക് വര്‍ധിപ്പിച്ചതായി വാണിജ്യമന്ത്രാലയം അറിയിച്ചു.മിഡില്‍ ഈസ്റ്റ്,ആഫ്രിക്ക തുടങ്ങിയ ഇടങ്ങളിലേ വിപണികള്‍ ലക്ഷ്യമിട്ടാണ് ഇന്ത്യ കയറ്റുമതി വ്യാപിപ്പിക്കുന്നത്.ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ 90 ശതമാനവും ഈ രാജ്യങ്ങളിലേക്കാണ് പോകുന്നത്.

കയറ്റുമതി വൈവിധ്യവത്കരണം, ഇറക്കുമതിക്ക് പകരം വയ്ക്കല്‍, കയറ്റുമതി മത്സരശേഷി വര്‍ധിപ്പിക്കല്‍ തുടങ്ങി പ്രധാന മേഖലകള്‍ സജീവമാക്കി നിര്‍ത്താനാണ് വാണിജ്യ മന്ത്രാലയം ശ്രമിക്കുന്നത്.യുഎസ് ഉള്‍പ്പടെയുള്ള രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുകയാണ് നീക്കം കൊണ്ട് ലക്ഷ്യമിടുന്നത്.ഒപ്പം മത്സ്യസമ്പത്തിന്റെ കയറ്റുമതിയും വ്യാപിപ്പിക്കും യൂറോപ്പ്യന്‍ യൂണിയന്‍,റഷ്യ,ദക്ഷിണ കൊറിയ,ജപ്പാന്‍,ന്യൂസിലന്‍ഡ് ഗള്‍ഫ് മേഖല അടക്കമുള്ള വിപണികളാണ് ലക്ഷ്യം.

മഴ ലഭ്യതകൂട്ടാന്‍ യുഎഇ ചെലവഴിക്കുന്നത് ലക്ഷങ്ങള്‍

0

യുഎഇയില്‍ മഴ ലഭ്യത കൂട്ടുന്നതിനായി ചെലവഴിക്കുന്നത് ദശലക്ഷക്കണക്കിന് ദിര്‍ഹം.പ്രതിവര്‍ഷം 900 മണിക്കൂറിലധികം ക്ലൗഡ് സീഡിംഗ് വിമാനങ്ങള്‍ പറക്കുന്നുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നത്.മഴയുടെ തോത് വര്‍ദ്ധിപ്പിക്കുന്നതിനായി വന്‍ നിക്ഷേപം ആണ് യുഎഇ ഭരണകൂടം നടത്തിവരുന്നത്.ക്ലൗഡ് സീഡിംഗിന് മാത്രമായി നാല് വിമാനങ്ങളും പ്രത്യേക പരിശീലനം ലഭിച്ച നാല് പൈലറ്റുമാരുമാണ് ഉള്ളത്.ഇത് കൂടാതെ കാലാവസ്ഥാ റഡാറുകളുടെ വലിയൊരു ശൃംഖലയും ഉണ്ട്. മഴമേഘങ്ങള്‍ രൂപപ്പെട്ടാല്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് ദേശീയകാലാവസ്ഥാ കേന്ദ്രത്തിലെ വിദഗദ്ധന്‍ ഡോ.അഹമ്മദ് ഹബീബ് പറഞ്ഞു.

ക്ലൗഡ് സീഡിംഗ് വിമാനങ്ങള്‍ ഒരു മണിക്കൂര്‍ പറക്കുന്നതിന് മാത്രം ഇരുപത്തിയൊന്‍പതിനായിരം ദിര്‍ഹം ആണ് ചിലവ്.ഒരു വര്‍ഷം തൊള്ളായിരം മണിക്കൂറിലധികം ക്ലൗഡ് സീഡിംഗ് വിമാനങ്ങള്‍ പറക്കുന്നുണ്ട്.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയും മഴ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിന് ഉപയോഗിക്കുന്നുണ്ട്.ഈ വര്‍ഷം ഇതുവരെ 185 ക്ലൗഡ് സീഡിംഗ് ദൗത്യങ്ങള്‍ നടത്തിയത്.കഴിഞ്ഞ മാസം മാത്രം മുപ്പത്തിയൊന്‍പത് തവണ ക്ലൗഡ് സീഡിംഗ് നടത്തിയതായി ഡോ.അഹമ്മദ് ഹബിബ് പറഞ്ഞു.മഴ ലഭ്യതയില്‍ പതിനഞ്ച് മുതല്‍ ഇരുപത്തിയഞ്ച് ശതമാനം വരെ വര്‍ദ്ധനയാണ് ക്ലൗഡ് സീഡിംഗിലൂടെ ലഭിക്കുന്നത്.

എമിറേറ്റ്‌സ് റോഡ് റീടാറിംഗ് ഓഗസ്റ്റ് 25-ന് പൂര്‍ത്തിയാകും

0

ദുബൈ എമിറേറ്റ്‌സ് റോഡിലെ അറ്റകുറ്റപ്പണികള്‍ ഓഗസ്റ്റ് ഇരുപത്തിയഞ്ചിന് പൂര്‍ത്തിയാകും എന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടി.ഇതോടെ നിലവില്‍ അനുഭവപ്പെടുന്ന ഗതാഗപ്രശ്‌നങ്ങള്‍ പരിഹാരമാകും.രണ്ട് മാസം മുന്‍പാണ് എമിറേറ്റ്‌സ് റോഡിലെ അറ്റകുറ്റപ്പണി ആര്‍ടിഎ ആരംഭിച്ചത്.പതിനാല് കിലോമീറ്റര്‍ ദൂരത്തിലാണ് റീടാറിംഗ് നടത്തുന്നത്.വാഹനയാത്രികര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തില്‍ ഘട്ടംഘട്ടമായിട്ടാണ് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുന്നതെന്ന് ആര്‍ടിഎ അറിയിച്ചു.ഒരു ഒരു വശത്ത് മാത്രമാണ് ടാറിംഗ് നടത്തുന്നത്.

ഓരോ ഭാഗത്തും അതിവേഗത്തിലാണ് ടാറിംഗ് പൂര്‍ത്തിയാക്കുന്നതെന്നും ആര്‍ടിഎ അറിയിച്ചു.അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ഓഗസ്റ്റ് പതിനഞ്ചിന് ഹൈവേയും ഇരുവശങ്ങളും ഗതാഗതത്തിനായി തുറന്ന് നല്‍കും.അറ്റകുറ്റപ്പണിക്കായി എമിറേറ്റ്‌സ് റോഡില്‍ പല ഭാഗത്തും ചില ദിവസങ്ങളില്‍ ഗതാഗതം വഴി തിരിച്ചുവിട്ടിരുന്നു.പരിശോധനയില്‍ ടാറിംഗിന് കേടുപാടുകള്‍ സംഭവിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആര്‍ടിഎ മാറ്റിസ്ഥാപിക്കാന്‍ തീരുമാനിച്ചത്.

നംബിയോ റിപ്പോര്‍ട്ട്:സുരക്ഷിത നഗരങ്ങളുടെ പട്ടികയില്‍ അബുദബി ഒന്നാമത്‌

0

ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരങ്ങളുടെ പട്ടികയില്‍ ഗള്‍ഫ് നഗരങ്ങള്‍ മുന്‍നിരയില്‍.അബുദബിക്കാണ് പട്ടികയില്‍ ഒന്നാം സ്ഥാപനം.രാജ്യാന്തര റേറ്റിംഗ് വെബ്‌സൈറ്റായ നംബിയോയുടെ സേഫ്റ്റി ഇന്‍ഡെക്‌സില്‍ ആണ് ഗള്‍ഫ് നഗരങ്ങളുടെ മുന്നേറ്റം.ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പത്ത് പത്ത് നഗരങ്ങളില്‍ ഏഴും ഗള്‍ഫ് രാജ്യങ്ങളിലാണെന്നാണ് നംബിയോ റിപ്പോര്‍ട്ട് പറയുന്നത്.ഇതില്‍ തന്നെ അഞ്ച് നഗരങ്ങളും യുഎഇയില്‍ നിന്നുള്ളതാണ്.അബുദബിയാണ് ഏറ്റവും സുരക്ഷതമായ നഗരം.പട്ടികയില്‍ രണ്ടാം സ്ഥാനം അജ്മാനും മൂന്നാം സ്ഥാനം ഷാര്‍ജയ്ക്കുമാണ്.

അബുദബി ഇത് തുടര്‍ച്ചയായ ഒന്‍പതാം വര്‍ഷം ആണ് പട്ടികയില്‍ ഒന്നാം സ്ഥാനം നേടുന്നത്.ഖത്തര്‍ തലസ്ഥാനമായ ദോഹ നാലാം സ്ഥാനത്തും ദുബൈ അഞ്ചാം സ്ഥാനത്തും ഇടംപിടിച്ചു.റാസല്‍ഖൈമയാണ് പട്ടികയില്‍ ആറാമത്.ഒമാന്‍ തലസ്ഥാനമായ മസ്‌കത്ത് എട്ടാം സ്ഥാനത്തും എത്തി.ഇന്ത്യയില്‍ നിന്നും വഡോദരയാണ് സുരക്ഷിത നഗരങ്ങളുടെ പട്ടികയില്‍ മുന്‍പില്‍.എണ്‍പത്തിയഞ്ചാം സ്ഥാനത്താണ് വഡോദര ഇടംപിടിച്ചിരിക്കുന്നത്.

ഉത്തരകാശി ദുരന്തം:ധനസഹായം അപര്യാപ്തമെന്ന് നാട്ടുകാര്‍

0

ഉത്തരകാശി ദുരന്തത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര ധനസഹായത്തില്‍ പ്രതിഷേധം.5000രൂപ ധനസഹായം ആക്ഷേപിക്കുന്നതിന് തുല്യമെന്ന് ദുരന്തബാധിതര്‍.മേഘവിസ്‌ഫോടനവും മിന്നല്‍പ്രളയവും തകര്‍ത്ത് ഉത്തരകാശിയിലെ ധരാലി ഗ്രാമവാസികള്‍ക്കാണ് സര്‍ക്കാര്‍ 5000 രൂപ ധനസഹായമായി നല്‍കുന്നത്.വീട് പൂര്‍ണമായി നഷ്ടപ്പെട്ടര്‍ക്കും അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും 5ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചു.ദുരന്തത്തിന്റെ വ്യാപ്തി മനസിലാക്കാതെയുള്ള ധനസഹായമാണ് ഇതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.എന്നാല്‍ ദുരന്തബാധിതര്‍ക്ക് അടിയന്തര ആശ്വാസം എന്ന നിലയിലാണ് തുക നല്‍കുന്നത് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.തങ്ങളുടെ നഷ്ടത്തെ കുറച്ചുകാണിക്കാന്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിഗ് ധാമിയുടെ സര്‍ക്കാര്‍ ശ്രമിക്കുകയാണ് എന്നാണ് നാട്ടുകാര്‍ പറയുന്നത്.

മേഖലയിലേക്കുള്ള വൈദ്യുതി ബന്ധം പൂര്‍ണമായി വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്.വെളിച്ചമെത്താന്‍ നാല് ദിവസങ്ങളെടുത്തു.റേഷന്‍ നല്‍കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനവും പാഴായെന്നും നാട്ടുകാര്‍ പറയുന്നു.അതേസമയം ഉത്തരകാശിയില്‍ ഇന്നും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.1000ത്തിലധികം പേരെ രക്ഷപ്പെടുത്തിയെന്നാണ് കണക്കുകള്‍.അടിയന്തരസഹായമായി ഭക്ഷണവും വെള്ളവും ഹെലികോപ്റ്ററുകള്‍ വഴി എത്തിക്കുന്നുണ്ട്.രക്ഷാപ്രവര്‍ത്തനത്തിന് സംസ്ഥാന ദുരന്ത നിവാരണ സേന,ഡോഗ് സ്‌ക്വാഡ് അടക്കം പ്രദേശത്ത് തുടരുന്നുണ്ട്