Wednesday, April 1, 2026
Home Blog Page 28

ഇന്ത്യ – ഒമാൻ വ്യാപാരകരാർ വലിയ വിപണിസാധ്യതകൾ ഉണ്ടാക്കുമെന്ന് ഒമാൻ

0

ഒമാനും ഇന്ത്യയും തമ്മില്‍ ഒപ്പുവച്ച സ്വതന്ത്ര വ്യാപാരകരാര്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വലിയ വിപണി സാധ്യതകള്‍ തുറക്കുമെന്ന് ഒമാന്‍ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. ഉഭയകക്ഷി ബന്ധത്തിലൂടെ 17 ട്രില്യന്റെ വിപണിയിലേക്കുള്ള പാതയാണ് ഇതിലൂടെ സാധ്യമാകുന്നത്. സെപ കരാര്‍ ഇന്ത്യയും ഒമാനും തമ്മിലുളള ബന്ധത്തില്‍ പുതിയൊരു നാഴികക്കല്ലാണെന്നും ഒമാന്‍ വാണിജ്യ മന്ത്രാലയം വ്യക്തമാക്കി..

വ്യാപാരത്തിലൂടെയുള്ള വിനിമയം ക്രമാതീതമായി വര്‍ധിപ്പിക്കുന്നതിനും, ചരക്കുസേവനങ്ങളിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിനും, ഗുണനിലവാരമുള്ള നിക്ഷേപങ്ങളെ ആകര്‍ഷിക്കുന്നതിനും ഒമാനും ഇന്ത്യയും തമ്മില്‍ ഒപ്പുവച്ച സ്വതന്ത്ര വ്യാപാര കരാറിലൂടെ കഴിയുമെന്നാണ് ഒമാന്‍ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം വിലയിരുത്തുന്നത്. വര്‍ഷങ്ങളായി വളര്‍ന്നുവരുന്ന സാമ്പത്തിക ഇടപെടലുകളെ ഏകീകരിക്കാനും വ്യാപാര, നിക്ഷേപ പങ്കാളിത്തങ്ങള്‍ക്ക് വിശാലമായ മേഖലകള്‍ തുറക്കാനും ഇതിലൂടെ കഴിയും. സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ ഇന്ത്യയിലേക്കുള്ള ഉന്നതതല സന്ദര്‍ശനത്തിന്റെ ഭാഗമായാണ് കരാര്‍ യാഥാര്‍ഥ്യമായതെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. പുതിയ കരാര്‍ ആഴത്തിലുള്ള സാമ്പത്തിക സഹകരണത്തിന് ശക്തമായ അടിത്തറ പാകും.
ഒമാനില്‍ നിന്നുളള കറ്റുമതി കൂട്ടുന്നതിനൊപ്പം ദേശീയ സമ്പദ് വ്യവസ്ഥയില്‍ അധിക മൂല്യം വര്‍ധിപ്പിക്കുന്നതിനുമുള്ള സാധ്യതയും ഇതില്‍ പ്രധാനമാണ്. നിയമപരവും നിയന്ത്രണപരവുമായ ചട്ടക്കൂടുകള്‍, ഉത്ഭവ നിയമങ്ങള്‍, ആരോഗ്യസാങ്കേതിക നടപടികള്‍, വ്യാപാര സൗകര്യം, ചരക്കുകളുടെയും സേവനങ്ങളുടെയും വ്യാപാരം, ബൗദ്ധിക സ്വത്തവകാശം, സഹകരണം, തര്‍ക്ക പരിഹാരം എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. കരാര്‍ പ്രകാരം, ഒമാന്‍ 97.4 ശതമാനം ഉത്പ്പന്നങ്ങളിലും വ്യാപാര ഉദാരവത്ക്കരണം കരസ്ഥമാക്കി. ഇന്ത്യയിലേക്കുള്ള വിപണി പ്രവേശനം ഏകദേശം 77.8 ശതമാനത്തിലെത്തുകയും ചെയ്തു. പ്രധാനപ്പെട്ട ഉത്പ്പന്നങ്ങള്‍ക്ക് പ്രത്യേക പരിഗണനയും ലഭിക്കും. ചരക്കുകളുടെയും സേവനങ്ങളുടെയും വ്യാപാരം, കസ്റ്റംസ് തീരുവ, ഇറക്കുമതി, കയറ്റുമതി നടപടിക്രമങ്ങള്‍, ഉത്ഭവ നിയമങ്ങള്‍, വ്യാപാര പരിഹാരങ്ങള്‍, സാനിറ്ററി, സാങ്കേതിക നടപടികള്‍, ചെറുകിട ഇടത്തരം സംരംഭങ്ങള്‍, സാമ്പത്തിക, സാങ്കേതിക സഹകരണം, സേവന വ്യാപാരത്തിലെ സുതാര്യത എന്നിവ നിയന്ത്രിക്കുന്ന 16 പ്രധാന വ്യവസ്ഥകളും കരാറിന്റെ ഭാഗമാണ്. ഒമാനിലെ ഏറ്റവും മികച്ച പത്ത് നിക്ഷേപ രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്നും, 2025ന്റെ ആദ്യ പാദത്തില്‍ 286 ദശലക്ഷം റിയാലായിരുന്നു വിദേശ നിക്ഷേപമെന്നും മന്ത്രാലയം പറഞ്ഞു. പുതിയ കരാര്‍ ആഗോള വ്യാപാര സംവിധാനത്തില്‍ ഒമാന്റെ സ്ഥാനം ശക്തിപ്പെടുത്തുകയും വൈവിധ്യമാര്‍ന്നതും മത്സരാധിഷ്ഠിതവും മൂല്യാധിഷ്ഠിതവുമായ ഒരു സമ്പദ് വ്യവസ്ഥയിലേക്കുള്ള പരിവര്‍ത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യുമെന്നും മന്ത്രാലയം പറഞ്ഞു.

ബംഗ്ലാദേശ് കലാപം -രണ്ടാമതൊരു വിദ്യാര്‍ത്ഥി നേതാവിനും വെടിയേറ്റു

0

ബംഗ്ലാദേശില്‍ കലാപം തുടരുന്നതിനിടെ വീണ്ടുമൊരു വിദ്യാര്‍ത്ഥി നേതാവിന് വെടിയേറ്റു. നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടിയുടെ ഖുല്‍നയിലെ മുഖ്യ സംഘാടകനായ മുഹമ്മദ് മൊത്തലേബ് സിഖ്ദറിനാണ് വെടിയേറ്റത്. വിദ്യാര്‍ത്ഥി പ്രക്ഷോഭനേതാവായ ഉസ്മാന്‍ ഹാദി വെടിയേറ്റ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പുതിയ സംഭവം

വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയിരുന്ന ഉസ്മാന്‍ ഹാദി വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്ന് രാജ്യവ്യാപകമായി കലാപം തുടരുന്നതിനിടെയാണ് മറ്റൊരു വിദ്യാര്‍ത്ഥി നേതാവിനുകൂടി വെടിയേറ്റത്. നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടിയുടെ ഖുല്‍നയിലെ മുഖ്യ സംഘാടകനായ മുഹമ്മദ് മൊത്തലേബ് സിഖ്ദറിന അജ്ഞാതനായ ഒരാളാണ് വെടിവെച്ചത്. ഷെയ്ഖ് ഹസിന സര്‍ക്കാരിനെ പുറത്താക്കാനായി രാജ്യവ്യാപകമായി 2024 ല്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന നേതാവാണ് സിഖ്ദര്‍. സിഖ്ദര്‍ അപകടനില തരണം ചെയ്തുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഹാദിയുടെ കൊലപാതകത്തിന് പിന്നാലെ ആരംഭിച്ച ദേശവ്യാപകകലാപത്തില്‍ ഇതിനോടകം നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. ചിലര്‍ കൊല്ലപ്പെടുകയും ചെയ്തു. മാധ്യമസ്ഥാപനങ്ങളുള്‍പ്പടെ നിരവധി കെട്ടിടങ്ങള്‍ക്ക് അക്രമികള്‍ തീയിടുകയും ചെയ്തു. ഇന്ത്യന്‍ എംബസി അടക്കമുള്ളവയ്ക്ക് നേരെയും ആക്രമണങ്ങള്‍ അരങ്ങേറി. ഹിന്ദുവംശജനായ ഒരാള്‍ ആള്‍ക്കൂട്ടകൊലപാതകത്തിനും ഇരയായി. ഇന്ത്യയ്‌ക്കെതിരേ വ്യാപകപ്രതിഷേധമാണ് പ്രക്ഷോഭകാരികള്‍ ഉയര്‍ത്തുന്നത്. ഇതിനെ തുടര്‍ന്ന് ബംഗ്ലാദേശിലെ ഇന്ത്യയുടെ വിസ പ്രൊസസിങ് സെന്റര്‍ അടച്ചിട്ടു. അതേസമയം ഹാദിയുടെ കൊലയാളികള്‍ ആരാണെന്നത് സംബന്ധിച്ച് ഇതുവരേയും വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

സ്വര്‍ണവില ലക്ഷത്തിലേക്ക് അടുത്തു

0

സംസ്ഥാനത്ത് സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡിലെത്തി. 99840 ആണ് ഇന്നത്തെ വില. ഇന്ന് രണ്ട് തവണയാണ് വില ഉയര്‍ന്നത്.

ചരിത്രകുതിപ്പാണ് സ്വര്‍ണത്തിന്റെ വിലയില്‍ ഉണ്ടായിരിക്കുന്നത്. രണ്ട് തവണയായി 1440 രൂപയാണ് പവന് ഇന്ന് കൂടിയത്. രാവിലെ പവന് 800 രൂപ കൂടിയതിന് പിന്നാലെ ഉച്ചക്ക്‌ശേഷം 640 രൂപയും വര്‍ദ്ധിച്ചു. ഇതോടെ സ്വര്‍ണത്തിന്റെ വില സര്‍വ്വകാല റെക്കോര്‍ഡ് ഭേദിച്ചു. രണ്ട് ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷമാണ് സ്വര്‍ണവില റെക്കോര്‍ഡുകള്‍ താണ്ടുന്ന കുതിപ്പ് നടത്തിയത്. ഉച്ചകഴിഞ്ഞ് ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 99,840 രൂപയാണ്. ഡിസംബര്‍ 15 ന് ചരിത്രത്തിലാദ്യമായി സ്വര്‍ണവില 99,000 കടന്നിരുന്നുവെങ്കിലും പിന്നീട് നേരിയ തോതില്‍ സ്വര്‍ണവില ഇടിഞ്ഞു. വെള്ളിയാഴ്ച പവന് 480 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞ ആറ് ദിവസംകൊണ്ട് പവന് 880 രൂപ കുറഞ്ഞതിന് ശേഷമാണ് ഇന്നത്തെ റെക്കോര്‍ഡ് കുതിപ്പ്. ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചതിനെത്തുടര്‍ന്ന് യുഎസ് ഡോളറിന്റെ മൂല്യം കുറഞ്ഞതും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ഡിമാന്‍ഡ് നിലനില്‍ക്കുന്നതും കാരണമാണ് സ്വര്‍ണ്ണ വില കൂടുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകള്‍, ഇറക്കുമതി തീരുവകള്‍, നികുതികള്‍, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകള്‍ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വര്‍ണ്ണ വിലയെ സ്വാധീനിക്കുന്നത്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ചേര്‍ത്താല്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ഒന്നര ലക്ഷത്തിന് അടുത്ത് നല്‍കണം.

വാളയാറിലെ ആൾക്കൂട്ട കൊലപാതകം പരിഷ്കൃത സമൂഹത്തിന് കളങ്കമെന്ന് മുഖ്യമന്ത്രി

0

വാളയാറില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ട റാം നാരായണ്‍ ബകേലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതികള്‍ക്കതിരെ കര്‍ശന നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ അറിയിച്ചു. പാലക്കാട് എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുന്നുണ്ട്. കേസിന്റെ വിശദംശങ്ങള്‍ പരിശോധിച്ച് ആവശ്യമായ നിയമ നടപടികള്‍ കൈക്കൊള്ളാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ പരിശോധിച്ച് ഉചിതമായ നഷ്ടപരിഹാരം ഉറപ്പാക്കും. കേരളം പോലുള്ള പരിഷ്‌കൃത സമൂഹത്തിന്റെ യശസ്സിന് കളങ്കമുണ്ടാക്കുന്ന ഇത്തരം പ്രവൃത്തികള്‍ ഒരിക്കലും അംഗീകരിക്കാനാവാത്തതാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാവരും ജാഗ്രത കാണിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

അതേസമയം വാളയാറില്‍ സര്‍ക്കാര്‍ ഇരയുടെ കുടുംബത്തിനൊപ്പമാണെന്ന് റവന്യൂ മന്ത്രി കെ രാജനും പറഞ്ഞു. തൃശൂരില്‍ ജില്ല കലക്ടറുടെ സാന്നിധ്യത്തില്‍ കുടുംബാംഗങ്ങളുമായി സംസാരിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. കുറ്റക്കാരെ ഒരാളെയും വെറുതെ വിടില്ലെന്നും മന്ത്രി പറഞ്ഞു. കൊല്ലപ്പെട്ട രാം നാരായണിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് അയക്കും. അതിനു വേണ്ട ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. ഇതിനായി ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. കുടുംബാംഗങ്ങളെയും മൃതദേഹത്തിനൊപ്പം വിമാനത്തില്‍ തിരിച്ചയക്കും. പ്രതികള്‍ക്കെതിരെ എസ് സി, എസ് ടി വകുപ്പുകള്‍ ചുമത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേസിനെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. കൊല്ലപ്പെട്ട രാം നാരായണിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ സഹായധനം കൈമാറും. പണം കുടുംബത്തിന് തന്നെ എത്തും എന്ന കാര്യം ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്യാബിനറ്റ് യോഗത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള എല്ലാ മന്ത്രിമാരുമായും ചര്‍ച്ച നടത്തിയ ശേഷമാണ് പണം കൈമാറുകയെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു.

വ്യാജസർട്ടിഫിക്കറ്റുകൾ തടയാൻ നടപടി

0

വ്യാജ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിക്കുന്നത് തടയാന്‍ കര്‍ശന നടപടികളുമായി കുവൈത്ത്. നിയമനങ്ങളിലും പ്രമോഷനുകളിലും സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

സര്‍ക്കാര്‍ സര്‍വീസുകളില്‍ വ്യാജ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിക്കുന്നത് തടയാന്‍ കുവൈത്ത് സിവില്‍ സര്‍വീസ് കമ്മീഷന്‍. ഇതുസംബന്ധിച്ച് എല്ലാ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും വകുപ്പുകള്‍ക്കും കമ്മീഷന്‍ തലവന്‍ ഡോ. ഇസാം അല്‍ റുബൈയാന്‍ ഔദ്യോഗിക സര്‍ക്കുലര്‍ അയച്ചു. സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പുവരുത്തുന്നതിനായി ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ച പുതിയ ഇലക്ട്രോണിക് ഫോം ഇനി മുതല്‍ നിര്‍ബന്ധമാക്കും.പുതിയ നിബന്ധന പ്രകാരം ഉന്നത വിദ്യാഭ്യാസ മന്ത്രാലയം നല്‍കുന്ന ഔദ്യോഗിക തുല്യതാ ഫോമുമായി പൊരുത്തപ്പെടുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് മാത്രമേ ഇനി മുതല്‍ അംഗീകാരം നല്‍കുകയുള്ളൂ. നിയമനങ്ങളിലും പ്രമോഷനുകളിലും സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. സര്‍ട്ടിഫിക്കറ്റുകളുടെ കാര്യത്തില്‍ എന്തെങ്കിലും തരത്തിലുള്ള അവ്യക്തതയോ വൈരുദ്ധ്യമോ ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട വകുപ്പുകള്‍ നേരിട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രാലയവുമായി ബന്ധപ്പെടണമെന്നും ഡോ. ഇസാം അല്‍ റുബൈയാന്‍ നിര്‍ദ്ദേശിച്ചു.

ഫാസ്റ്റ് ലെയിന്‍ ദുരുപയോഗം ചെയ്താല്‍ ഡ്രൈവര്‍മാര്‍ക്ക് 400 ദിര്‍ഹം പിഴ.

0


അതിവേഗ പാത ദുരുപയോഗം ചെയ്താല്‍ ഡ്രൈവര്‍മാര്‍ക്ക് ഇനിമുതല്‍ 400 ദിര്‍ഹം പിഴ. അതിവേഗ പാതകളില്‍ പതുക്കെ വാഹനമോടിക്കുന്നത് റോഡുകളില്‍ ആശയക്കുഴപ്പത്തിനും കൂട്ടിയിടികള്‍ക്കും കാരണമാകുമെന്ന പശ്ചാത്തലത്തിലാണ് പിഴ കര്‍ശനമാക്കിയത്. ആര്‍ടിഎയും ദുബായ് പോലീസും ഇത് സംബന്ധിച്ച് പുതിയ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചു.


എമിറേറ്റിലെ പ്രധാന റോഡുകളിലുടനീളമുള്ള വേരിയബിള്‍ സന്ദേശ ചിഹ്നങ്ങളില്‍ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അടുത്തിടെ ഒരു പുതിയ അലേര്‍ട്ട് പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങി. ‘ജാഗ്രത പാലിക്കുക! മറികടക്കുന്നതിന് മാത്രം വേഗതയേറിയ പാത’ എന്ന സന്ദേശമാണ് ഇതില്‍ നല്‍കിയിരിക്കുന്നത്, എല്ലാ വാഹനമോടിക്കുന്നവര്‍ക്കും ലെയ്ന്‍ ഹോഗിംഗ് നിയമം വ്യക്തമായി ചിത്രീകരിക്കുന്ന ഒരു ഗ്രാഫിക് ചിത്രവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇലക്ട്രോണിക് റോഡ് ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകളിലെ ട്രാഫിക് മുന്നറിയിപ്പ്, ഫാസ്റ്റ് ലെയ്ന്‍ സുഖകരമായ വേഗതയില്‍ മുന്നോട്ട് പോകാനുള്ളതല്ല, മറിച്ച് മറികടക്കാനുള്ളതാണെന്ന് ഡ്രൈവര്‍മാരെ ഓര്‍മ്മിപ്പിക്കുന്നു. അതിവേഗ പാതകളില്‍ പതുക്കെ വാഹനമോടിക്കുന്നത് റോഡുകളില്‍ ആശയക്കുഴപ്പത്തിനും കൂട്ടിയിടികള്‍ക്കും കാരണമാകുമെന്ന് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ദുബായ് പോലീസ് ഈ സന്ദേശം ശക്തിപ്പെടുത്തിയിട്ടുണ്ട്. ‘മിനിമം വേഗതയ്ക്ക് മുകളില്‍ വാഹനമോടിക്കുന്നത് ഗതാഗതം സുരക്ഷിതമായി മുന്നോട്ട് കൊണ്ടുപോകുന്നു,’ ഡ്രൈവിംഗ് സമൂഹത്തില്‍ അവബോധം വളര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ദുബൈ പോലീസും ബോധവത്കരണ നടപടികള്‍ ആരംഭിച്ചു. നിര്‍ദേശങ്ങള്‍ തെറ്റിച്ചാല്‍ കനത്ത പിഴയാണ് ചുമത്തുക. അതിവേഗ പാതയില്‍ വഴിമാറി നല്‍കിയില്ലെങ്കില്‍ 400 ദിര്‍ഹം പിഴ ഈടാക്കും. ഫെഡറല്‍ ട്രാഫിക് നിയമപ്രകാരം, കുറഞ്ഞ വേഗതയില്‍ വാഹനമോടിച്ചതിനോ അല്ലെങ്കില്‍ വേഗത്തില്‍ ഓടുന്ന വാഹനങ്ങള്‍ കടന്നുപോകാന്‍ ശ്രമിക്കുന്നതിന് വഴങ്ങാതിരുന്നാലോ സമാനമായ പിഴ ഈടാക്കും. വേഗത്തിലുള്ള പാതകളില്‍ സാവധാനത്തില്‍ വാഹനമോടിക്കുന്നത് ഗതാഗതത്തെ തടസ്സപ്പെടുത്തുകയും ഡ്രൈവര്‍മാരെ നിരാശരാക്കുകയും പെട്ടെന്നുള്ള ബ്രേക്കിംഗ് അല്ലെങ്കില്‍ പെട്ടെന്നുള്ള ലെയ്ന്‍ മാറ്റങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. ഇത് ഗുരുതരമായ അപകടങ്ങളുടെ സാധ്യത ഗണ്യമായി വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.

ദുബായില്‍ രണ്ട് ട്രേഡ് സെന്റര്‍ പാലങ്ങള്‍ തുറന്നു;ഇനി യാത്രാ സമയം കുറയും

0

ദുബൈ ട്രേഡ് സെന്റര്‍ റൗണ്ട്എബൗട്ട് വികസന പദ്ധതിയുടെ ഭാഗമായി രണ്ട് പാലങ്ങള്‍ തുറന്നു. ജനുവരി പകുതിയോടെ നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയാകുമെന്നാണ് ആര്‍ടിഎയുടെ വിലയിരുത്തല്‍.ഡിസംബര്‍ 2 സ്ട്രീറ്റില്‍ നിന്ന് ഷെയ്ഖ് റാഷിദ് റോഡിലേക്കും അല്‍ മജ്‌ലിസ് സ്ട്രീറ്റിലേക്കും ഉള്ള ഗതാഗതം ഈ റോഡുകള്‍ വഴി എളുപ്പവും സുഗമവുമാകും.ഡിസംബര്‍ 2 സ്ട്രീറ്റില്‍ നിന്ന് അല്‍ മജ്‌ലിസ് സ്ട്രീറ്റ്, അല്‍ മുസ്തക്ബാല്‍ സ്ട്രീറ്റ്, സബീല്‍ പാലസ് സ്ട്രീറ്റ് എന്നിവിടങ്ങളിലേക്ക് വെറും രണ്ട് മിനിറ്റിനുള്ളില്‍ യാത്രക്കാര്‍ക്ക് എത്താന്‍ സാധിക്കും.ഇത് ട്രേഡ് സെന്റര്‍ റൗണ്ട്എബൗട്ടിലെ ഗതാഗതക്കുരുക്ക് ഗണ്യമായി കുറയ്ക്കാന്‍ കാരണമാകും.ഓരോ പാലവും ഇരു വശത്തിലേക്കും രണ്ട് വരി പാതകള്‍ നല്‍കുന്നുണ്ട്. 2,000 മീറ്റര്‍ നീളമുള്ളതിനാല്‍ മണിക്കൂറില്‍ ഏകദേശം 6,000 വാഹനങ്ങള്‍ക്ക് കടന്നുപോകാനുള്ള ശേഷിയുമുണ്ട്.കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ആര്‍ടിഎ അഞ്ച് പാലങ്ങളുടെ നിര്‍മ്മാണം പ്രഖ്യാപിച്ചത്.ഇത് ട്രേഡ് സെന്റര്‍ റൗണ്ട്എബൗട്ടിലെ തിരക്ക് കുറയ്ക്കുകയും ഗതാഗതം മെച്ചപ്പെടുത്തുകയും ചെയ്യും.

ഐക്യരാഷ്ട്രസഭയുടെ അഴിമതി വിരുദ്ധ സമ്മേളനം സമാപിച്ചു

0

അഴിമതി, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ എന്നിവ പരിഹരിക്കുന്നതിന് എഐ സംവിധാനങ്ങളുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനുള്ള ആഹ്വാനത്തോടെ ദോഹയില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ അഴിമതി വിരുദ്ധ സമ്മേളനം സമാപിച്ചു. സാങ്കേതികവിദ്യ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുകയും അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതിന്റേയും വ്യക്തമായ സന്ദേശം സമ്മേളനം മുന്നോട്ട് വെച്ചു

അന്താരാഷ്ട്ര സഹകരണവും സാങ്കേതിക സഹായവും ശക്തിപ്പെടുത്തുക, അഴിമതി തടയുന്നതിലും ചെറുക്കുന്നതിലും കൃത്രിമബുദ്ധി സംവിധാനങ്ങള്‍ നല്‍കുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്തുക’ എന്നീ പ്രമേയം അംഗീകരിച്ചുകൊണ്ടാണ് ലോകത്തിലെ ഏറ്റവും വലിയ അഴിമതി വിരുദ്ധ സമ്മേളനം ദോഹയില്‍ സമാപിച്ചത്. അഴിമതിയും സാമ്പത്തിക കുറ്റകൃത്യങ്ങളും കൂടുതല്‍ സങ്കീര്‍ണമാകുന്നതോടെ, നിയമ നിര്‍വ്വഹണ സംവിധാനങ്ങളും നീതിന്യായ വ്യവസ്ഥകളും ഈ മാറുന്ന ഭീഷണികളെ നേരിടേണ്ടതുണ്ട്. അതിര്‍ത്തി കടന്നുള്ള അഴിമതിയില്‍ അന്താരാഷ്ട്ര നിയമ നിര്‍വ്വഹണ സഹകരണം ശക്തിപ്പെടുത്തുന്നതിനും അഴിമതി അപകടസാധ്യതകള്‍ അളക്കുന്നതിനുള്ള ദേശീയ ശ്രമങ്ങളുടെ കൃത്യത, കാര്യക്ഷമത, വസ്തുനിഷ്ഠത എന്നിവ മെച്ചപ്പെടുത്തുന്നതിനും എഐ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്താന്‍ ‘ദോഹ പ്രഖ്യാപനം 2025’ രാജ്യങ്ങളോട് ആവശ്യപ്പെടുന്നു. സുരക്ഷിതവും വേഗത്തിലുള്ളതുമായ വിവര കൈമാറ്റം സാധ്യമാക്കുന്നതിന്, ഐക്യരാഷ്ട്രസഭയുടെ മയക്കുമരുന്ന്-കുറ്റകൃത്യ ഓഫീസ് ഗ്ലോബല്‍ ഓപ്പറേഷണല്‍ നെറ്റ്വര്‍ക്ക് ഓഫ് ആന്റി-കറപ്ഷന്‍ ലോ എന്‍ഫോഴ്സ്മെന്റ് അതോറിറ്റികള്‍ ഉള്‍പ്പെടെയുള്ള വിദഗ്ദ്ധ ശൃംഖലകള്‍ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകളുടെ ഉപയോഗം ഇത് പ്രോത്സാഹിപ്പിക്കുന്നു. അഴിമതി കേസുകളില്‍ സമയബന്ധിതമായ വിവരങ്ങള്‍ പങ്കിടല്‍ നിര്‍ണായകമാണ്, കാരണം കാലതാമസം അന്വേഷണങ്ങളെ ദുര്‍ബലപ്പെടുത്തുകയും ഫലങ്ങളെ അപകടത്തിലാക്കുകയും ചെയ്യും. ഇന്ന് ലോകം നേരിടുന്ന വെല്ലുവിളികളുടെ സങ്കീര്‍ണ്ണതയെ അടിവരയിടുന്ന വിവിധ വിഷയങ്ങളിലായി പതിനൊന്ന് പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ടിംഗില്‍ സുതാര്യത വര്‍ദ്ധിപ്പിക്കല്‍, തിരഞ്ഞെടുക്കപ്പെട്ട പൊതു ഓഫീസുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികള്‍, തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍, വിദ്യാഭ്യാസത്തിലൂടെ കുട്ടികളുടെയും യുവാക്കളുടെയും സമഗ്രത ശക്തിപ്പെടുത്തല്‍, കുടിയേറ്റക്കാരുടെ കള്ളക്കടത്ത്, പരിസ്ഥിതിയെ ബാധിക്കുന്ന കുറ്റകൃത്യങ്ങള്‍ തുടങ്ങിയ മറ്റ് കുറ്റകൃത്യങ്ങളില്‍ അഴിമതി വഹിക്കുന്ന പങ്ക്, ഐക്യരാഷ്ട്രസഭയുടെ അഴിമതിക്കെതിരായ കണ്‍വെന്‍ഷന്റെ പിയര്‍-റിവ്യൂ മെക്കാനിസത്തിന്റെ ഭാവി എന്നി്ങ്ങനെയായിരുന്നു പ്രമേയങ്ങള്‍.

കുവൈറ്റ് ഗാര്‍ഹിക തൊഴിലാളികളുടെ വിസാ നടപടികള്‍ ലളിതവത്ക്കരിക്കുന്നു

0

കുവൈറ്റ് ഭരണകൂടം ഗാര്‍ഹിക തൊഴിലാളികളുടെ വിസാ നടപടികള്‍ കൂടുതല്‍ എളുപ്പത്തിലാക്കുകയാണ് . ഇതിന്റെ ഭാഗമായി പുതിയ ഡിജിറ്റല്‍ സംവിധാനത്തിന് തുടക്കം കുറിച്ചു. നടപടികള്‍ കൂടുതല്‍ സുതാര്യമാക്കുകയാണ് പുതിയ നടപടിയുടെ ലക്ഷ്യം.

സഹേല്‍ ആപ്പില്‍ പുതിയ ഫീച്ചര്‍ ഏര്‍പ്പെടുത്തികൊണ്ടാണ് ക്രമീകരണം സജ്ജമാക്കിയിരിക്കുന്നത്. റിക്രൂട്ട്‌മെന്റ് നടപടികള്‍ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ വിസകളുടെ നിലവിലെ അവസ്ഥ പരിശോധിക്കാന്‍ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സാധിക്കുന്നതാണ് പുതിയ സംവിധാനം. ഒരു തൊഴിലാളിയുടെ പേരില്‍ ഒന്നിലധികം വിസകള്‍ നല്‍കുന്നത് തടയാന്‍ ഇതിലൂടെ സാധിക്കും. വിസ അപേക്ഷകള്‍ നിരസിക്കപ്പെടാനുള്ള സാധ്യത കുറയ്ക്കാന്‍ കഴിയും എന്നതും പുതിയ സംവിധാനത്തിന്റെ പ്രത്യേകതയാണ്. ഒരു വ്യക്തിക്ക് നിലവില്‍ വിസ അനുവദിച്ചിട്ടുണ്ടോ എന്ന് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്നതിലൂടെ ഭരണപരമായ പിശകുകള്‍ ഒഴിവാക്കാനും സുതാര്യത ഉറപ്പാക്കാനും സാധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. പൊതുസേവനങ്ങള്‍ ആധുനികവല്‍ക്കരിക്കുന്നതിനൊപ്പം റിക്രൂട്ട്‌മെന്റ് മേഖലയിലെ ക്രമക്കേടുകള്‍ ഒഴിവാക്കി തൊഴിലുടമയുടെയും തൊഴിലാളിയുടെയും അവകാശങ്ങള്‍ സംരക്ഷിക്കുക എന്നതാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി പൗരന്മാര്‍ സഹേല്‍ ആപ്പിലെ പുതിയ ഫീച്ചര്‍ ഉപയോഗപ്പെടുത്തണമെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു.

പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി ഷാര്‍ജ

0

വിപുലമായ ആഘോഷങ്ങളോടെ പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി ഷാര്‍ജ. വെടിക്കെട്ട്, കപ്പല്‍ യാത്രകള്‍, മരുഭൂമിയിലെ അനുഭവങ്ങള്‍ എന്നിവ ഉള്‍പ്പെടെ വ്യത്യസ്തമായ പരിപാടികളാണ് ആഘോഷത്തിനായി ഒരുക്കിയിരിക്കുന്നത്.

ഡിസംബര്‍ 31ന് രാത്രി 8 മുതല്‍ ആഘോഷം ആരംഭിക്കും.രാത്രി പന്ത്രണ്ടിന് 10 മിനിറ്റ് നീളുന്ന വെടിക്കെട്ട് അല്‍ മജാസ് വാട്ടര്‍ഫ്രണ്ട് അല്‍ ഹീറ ബീച്ച്, ഖോര്‍ഫക്കാന്‍ ബീച്ച് എന്നീ മൂന്നിടങ്ങളിലായി നടക്കും….
ഖാലിദ് ലഗൂണിന്റെ പശ്ചാത്തലത്തില്‍ ഫൗണ്ടന്‍ ഷോയും കലാപരിപാടികളും ഉണ്ടായിരിക്കും. അല്‍ഹീറ ബീച്ചില്‍ കുടുംബങ്ങള്‍ക്കായി വിപുലമായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മലനിരകളുടെയും കടലിന്റെയും ഭംഗി ആസ്വദിച്ച് വെടിക്കെട്ട് കാണാനാണ് ഖോര്‍ഫക്കാന്‍ ബീച്ചില്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്.
അല്‍ നൂര്‍ ഐലന്‍ഡില്‍ വെടിക്കെട്ട് കാണുന്നതിനൊപ്പം അത്താഴവും കഴിക്കാനും നക്ഷത്ര നിരീക്ഷണത്തിനും സൗകര്യമുണ്ടാകും.മുതിര്‍ന്നവര്‍ക്ക് 340 ദിര്‍ഹവും കുട്ടികള്‍ക്ക് 150 ദിര്‍ഹവുമാണ് നിരക്ക്
അല്‍ മജാസ് വാട്ടര്‍ഫ്രണ്ടില്‍ നിന്ന് രാത്രി 11.30ന് പുറപ്പെടുന്ന ബോട്ടിലിരുന്ന് വെടിക്കെട്ട് ആസ്വദിക്കാം.
ഒരു ബോട്ടില്‍ 10 പേര്‍ക്ക് യാത്ര ചെയ്യാം.മരുഭൂമിയില്‍ നക്ഷത്രങ്ങള്‍ കണ്ട് പുതുവത്സരം ആഘോഷിക്കാന്‍ മലീഹ നാഷനല്‍ പാര്‍ക്കില്‍ സംവിധാനമുണ്ട്. ഒട്ടക സവാരി, ഫയര്‍ പെര്‍ഫോമന്‍സ്,തനൂറ നൃത്തം, അത്താഴം
എന്നിവ അടങ്ങുന്ന ആഘോഷത്തിന് മുന്‍കൂട്ടി ബുക്ക് ചെയ്യണം. ഷാര്‍ജ ഇന്‍വസ്റ്റ്‌മെന്റ് ആന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റിയും ചേര്‍ന്നാണ് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്.