റെക്കോര്‍ഡ് റണ്‍വേട്ടയാണ് വിജയ് ഹസാരെ ട്രോഫിയുടെ ആദ്യദിനത്തിലെ മത്സരങ്ങളില്‍ കണ്ടത്. ബൗളര്‍മാരെ തലങ്ങും വിലങ്ങും തല്ലിചതച്ച് ബാറ്റ്‌സ്മാന്‍മാര്‍ അരങ്ങുവാണപ്പോള്‍ പിറന്നത് 1 ഡബിള്‍ സെഞ്ച്വറിയും 21 സെഞ്ച്വറികളുമാണ്.
വെറ്ററന്‍ താരങ്ങളുടേയും യുവതാരങ്ങളുടേയും അഴിഞ്ഞാട്ടം തന്നെയായിരുന്നു അക്ഷരാര്‍ത്ഥത്തില്‍ വിജയ് ഹാസരെ ട്രോഫി മത്സരത്തിന്റെ ആദ്യ ദിവസത്തെ കളിയില്‍ കണ്ടത്. ബൗളര്‍മാരുടെ ശവപറമ്പായി മാറിയ പിച്ചുകളില്‍ സിക്‌സറുകളും ഫോറുകളും പറന്നപ്പോള്‍ തകര്‍ന്നുവീണത് ഒരു പിടി റെക്കോര്‍ഡുകളാണ്. ആഭ്യന്തര ക്രിക്കറ്റിലെ വേഗമേറിയ സെഞ്ച്വറികള്‍ മുതല്‍ ഉയര്‍ന്ന ടീം ടോട്ടല്‍ വരെ.
രോഹിത് ശര്‍മ, വിരാട് കോഹ്ലി, ദേവദത്ത് പടിക്കല്‍, ഇഷാന്‍ കിഷന്‍, വൈഭവ് സൂര്യവംശി, യാഷ് ദുബെ, ശുഭം ഖജൂരിയ, ഹിമാന്‍ഷു റാണ…. സെഞ്ച്വറി വേട്ടക്കാരില്‍ ചിലര്‍മാത്രമാണിത്. അതിവേഗ സെഞ്ച്വറി മുതല്‍ ഏറ്റവും വലിയ ടീം ടോട്ടല്‍ വരെ പിറന്ന ദിവസം 1 ഇരട്ട സെഞ്ച്വറിയും 21 സെഞ്ച്വറികളും പിറന്നു. ഒഡീഷയുടെ സ്വസ്തിക് സമലാണ് ഇരട്ട സെഞ്ച്വറി നേടിയത്. 212 റണ്‍സാണ് സ്വസ്തിക് സൗരാഷ്ട്രയ്ക്ക് എതിരെ നേടിയത്. 15 വര്‍ഷത്തിന് ശേഷം ആഭ്യന്തരക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ വിരാട് കോഹ്ലിയും രോഹിത് ശര്‍മയും നേടിയ സെഞ്ച്വറികള്‍ അക്ഷരാര്‍ത്ഥത്തില്‍ ദേശിയ സെലക്ടര്‍മാര്‍ക്കും ടീം മാനേജുമെന്റിനും നല്‍കിയ മറുപടിയായിരുന്നു. കോഹ്ലി ലിസ്റ്റ് എ ക്രിക്കറ്റില്‍ വേഗത്തില്‍ 16000 റണ്‍സ് തികയ്ക്കുന്ന താരമായി. സച്ചിന്റെ റെക്കോര്‍ഡാണ് കോഹ്ലി മറികടന്നത്. കേരളത്തിന്റെ വിഷ്ണു വിനേദും ആദ്യ മത്സരത്തില്‍ തന്നെ സെഞ്ച്വറി നേടിയ താരങ്ങളുടെ പട്ടികയിലുണ്ട്. 84 പന്തില്‍ നിന്ന് 190 റണ്‍സ് അടിച്ച വൈഭവ് സൂര്യവംശിയുടേയും 32 പന്തില്‍ അതിവേഗ സെഞ്ച്വറി നേടിയ ക്യ.ാപ്റ്റന്‍ സാക്കിബുള്‍ ഗാനിയും ആയുഷ് ലോഹരൂകയും നേടിയ സെഞ്ച്വറികളുടെ കരുത്തില്‍ ബിഹാര്‍ ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്‌റവും വലിയ ടീം സ്‌കോറാണ് അടിച്ചെടുത്തത്. അരുണാചല്‍ പ്രദേശിനെതിരെ 6 വിക്കറ്റിന് 574 റണ്‍സാണ് ബിഹാര്‍ അടിച്ചത്. 36 പന്തിലെ സെഞ്ച്വറി നേട്ടത്തോടെ വൈഭവ് ലിസ്റ്റ് എ ക്രിക്കറ്റില്‍ സെഞ്ച്വറി നേടുന്ന് പ്രായം കുറഞ്ഞ കളിക്കാരനായി. 33 പന്തില്‍ സെഞ്ച്വറി തികച്ച ഝാര്‍ഖണ്ഡിന്റെ നായകന്‍ ഇഷാന്‍ കിഷന്‍ ഇന്ത്യന്‍ ടീമിലേക്കുള്ള സെലക്ഷനെ ന്്യായീകരിക്കുന്ന പ്രകടനം തന്നെ ന്ടത്തി.
ഒറ്റദിനം 19 മത്സരം – പിറന്നത് 1 ഡബിള്‍ സെഞ്ച്വറി, 21 സെഞ്ച്വറി !!!
ഉദ്ദവ്-രാജ് താക്കറെ സഖ്യം – 20 വര്‍ഷത്തെ വൈര്യം മറന്ന് സഹോദരര്‍
നീണ്ട 20 വര്‍ഷത്തെ വൈര്യം മറന്ന് ഉദ്ദവ് താക്കറേയും രാജ് താക്കറേയും ഒന്നിക്കുന്നു. വരാനിരിക്കുന്ന മുബൈ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ഇരുവരുടേയും പാര്‍ട്ടികള്‍ സംയുക്തമായി മത്സരിക്കും.
2005 ലാണ് ബാല്‍താക്കറെയുടെ അനന്തരവകാശി ആരെന്ന തര്‍ക്കത്തെ തുടര്‍ന്ന് ബാല്‍താക്കറേയുടെ അനന്തരവനായിരുന്ന രാജ് താക്കറെ പാര്‍ട്ടിവിട്ടത്. താനായിരിക്കും അടുത്ത പാര്‍ട്ടി നേതാവ് എന്ന രാജ് താക്കറേയുടെ എല്ലാ പ്രതീക്ഷകളേയും തകിടം മറിച്ചാണ്് ബാല്‍താക്കറെ സ്വന്തം മകനായ ഉദ്ദവ് താക്കറെയെ അനന്തരാവകാശിയായി പ്രഖ്യാപിച്ചത്. അത്രയും കാലം ബാല്‍താക്കറേയുടെ വലംകൈയ്യായി നിന്ന് പാര്‍ട്ടിയെ നയിച്ച തന്നെ തഴഞ്ഞതില്‍ മനംനൊന്ത് പാര്‍ട്ടി വിട്ട അന്നുമുതല്‍ ഉദ്ദവുമായി വൈര്യം കാത്ത് സൂക്ഷിച്ച രാജ് താക്കറെ മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേനയെന്ന സ്വന്തം പാര്‍ട്ടിയും ആരംഭിച്ചു. കാര്യമായ നേട്ടം കൊയ്യാനൊന്നുമായില്ലെങ്കിലും തിരഞ്ഞെടുപ്പുകളില്‍ ചില ചലനമൊക്കെയുണ്ടാക്കാന്‍ നവനിര്‍മാണ സേനയ്ക്കായി. എന്നാലിപ്പോള്‍ പഴയ വൈര്യമെല്ലാം മാറ്റിവെച്ച് ഇരുവരും ഒന്നിക്കുകയാണ്. ശിവസേനയുടെ പിളര്‍പ്പിന് ശേഷം ഉദ്ദവിന്റെ നേതൃത്വത്തിലുള്ള ശിവസേന ഊര്‍ദ്ധ്വന്‍ വലിക്കുന്ന വേളയിലാണ് ഇരുവരും തമ്മില്‍ ഒന്നിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. സംസ്ഥാനം ഭരിക്കുന്ന ബിജെപി-ശിവസേന എക്‌നാഥ് ഷിന്‍ഡേ വിഭാഗം – എന്‍സിപി അജിത്ത് പവാര്‍ വിഭാഗം എന്നിവര്‍ നേതൃത്വം നല്‍കുന്ന മഹായുതി സര്‍ക്കാരിനെ പരാജയപ്പെടുത്തലാണ് ഇരുവരുടേയും മുഖ്യലക്ഷ്യം. ഇതിന്റെ ഭാഗമായാണ് ഇരുവരും തമ്മില്‍ സഖ്യമുണ്ടാക്കിയത്. നേരത്തെ ഹിന്ദി മൂന്നാം ഭാഷയായി സ്‌കകൂളുകളില്‍ പഠിപ്പിക്കണമെന്ന കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ ഇരുപാര്‍ട്ടികളും സംയുക്ത സമരം നടത്തിയിരുന്നു. അത് തിരഞ്ഞെടുപ്പ് രംഗത്തേക്കും നീളുന്നുവെന്നതാണ് പുതിയ സഖ്യം ചൂണ്ടിക്കാട്ടുന്നത്. ബോംബെ മുന്‍സിപാലിററിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഇരുവരും സഖ്യമായി മത്സരിക്കും. അതേസമയം മറ്റ് കേര്‍പറേഷനുകളില്‍ സഖ്യമുണ്ടാകുമോയെന്ന് വ്യക്തമായിട്ടില്ല.
വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം ഗുരുതര വകുപ്പുകള്‍ കൂടി ചുമത്തി
വാളയാര്‍ ആള്‍ക്കൂട്ടക്കൊലപാതകത്തില്‍ പ്രതികള്‍ക്കെതിരെ ഗുരുതര വകുപ്പുകള്‍ കൂടി ചുമത്തി. എസ്‌സി – എസ്ടി അതിക്രമം തടയല്‍, ആള്‍ക്കൂട്ട കൊലപാതകം എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. കേസില്‍ രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.
ആദ്യം കൊലപാതകത്തിനുള്ള വകുപ്പുകള്‍ മാത്രം ചേര്‍ത്ത് കേസ് എടുത്ത് പൊലീസ് സമ്മര്‍ദ്ദത്തിനൊടുവില്‍ ഏഴാം ദിവസം ആണ് പ്രതികള്‍ക്കെതിരെ ഗുരുതരമായ വകുപ്പുകള്‍ കൂടി ചുമത്തിയത്. കഴിഞ്ഞ ദിവസം മന്ത്രി കെ രാജന്‍ തന്നെ എസ് സി എസ് ടി വകുപ്പ് പ്രകാരം കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വാളയാര്‍ അട്ടപ്പള്ളത്ത് വെച്ചാണ് ചത്തീസ്ഗഡ് സ്വദേശിയായ രാം നാരായണ്‍ ബാഗലിനെ ഒരു സംഘം കള്ളനാണെന്നാരോപിച്ച് തല്ലിക്കൊന്നത്. ധനസഹായത്തോടൊപ്പം ഗുരുതര വകുപ്പുകള്‍ കൂടി ചുമത്തണമെന്നായിരുന്നു രാം നാരായണന്റെ കുടുംബത്തിന്റെ ആവശ്യം. കുടുംബത്തിന് അധികൃതര്‍ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് എസ്‌സി – എസ്ടി അതിക്രമം തടയല്‍, ആള്‍ക്കൂട്ട കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്താന്‍ പൊലീസ് തയ്യാറായത്. അതേസമയം, ആദ്യ ദിവസങ്ങളില്‍ കൂടുതല്‍ പ്രതികളെ പിടികൂടാനും മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ ശേഖരിക്കുന്നതിലും പൊലീസിന് വീഴ്ച സംഭവിച്ചതായി വിമര്‍ശനം ഉയര്‍ന്നു. കൂടുതല്‍ പേര്‍ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നെങ്കിലും അത് ശേഖരിക്കാനും പൊലീസിന് കഴിഞ്ഞില്ല. രണ്ട് ദിവസത്തിനുശേഷം മര്‍ദ്ദനത്തില്‍ പങ്കെടുത്തവര്‍ നാടുവിട്ടു. ഇവര്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് വിവരം. ആദ്യ മണിക്കൂറുകളില്‍ ഉണ്ടായ അനാസ്ഥ കാരണം തെളിവുകള്‍ ശേഖരിക്കുന്നതിലും അന്വേഷണ സംഘത്തിന് പരിമിതിയുണ്ട്. ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണുകള്‍ നശിപ്പിച്ചതായിട്ടാണ് വിലയിരുത്തല്‍. എന്നാല്‍ പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം നോക്കാതെ നടപടി സ്വീകരിക്കുമെന്നും കൂടുതല്‍ പേര്‍ ഉടന്‍ അറസ്റ്റിലാകുമെന്നും ഡിജിപി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതിനിടെ അട്ടപ്പള്ളം സ്വദേശികളായ ജഗദീഷ്, വിനോദ് എന്നിവരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. മര്‍ദ്ദനത്തില്‍ ഇവരും പങ്കെടുത്തു എന്നാണ് കണ്ടെത്തല്‍..
സ്വര്‍ണപാളികേസ് അന്വേഷണത്തിന് തയ്യാറെന്ന് സിബിഐ
ശബരിമല സ്വര്‍ണപാളി മോഷ്ടിച്ച് കേസ് അന്വേഷിക്കാന്‍ തയ്യാറാണെന്ന് സിബിഐ. ഹൈക്കോടതിയെയാണ് സിബിഐ ഇക്കാര്യം അറിയിച്ചത്. കേസ് അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
രാജീവ് ചന്ദ്രശേഖരിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കവെയാണ് സ്വര്‍ണപാളി മോഷണം പോയ സംഭവം അന്വേഷിക്കാന്‍ തയ്യാറാണെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചത്. നിലവില്‍ കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. എന്നാല്‍ അന്വേഷണം മന്ദഗതിയിലാണ് എന്ന് കഴിഞ്ഞദിവസം കോടതി കുറ്റപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് കേസ് അന്വേഷണം ഏറ്റെടുക്കാന്‍ സിബിഐ സന്നദ്ധത പ്രകടിപ്പിച്ചത്. കേസിന് അന്തര്‍സംസ്ഥാന ബന്ധങ്ങളും അന്താരാഷ്ട്ര പുരാവസ്തു മാഫിയയുമായി ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍, ഹൈക്കോടതി നിര്‍ദ്ദേശിക്കുകയാണെങ്കില്‍ കേസ് ഏറ്റെടുക്കുന്നതില്‍ തടസ്സമില്ലെന്നാണ് സിബിഐ കോടതിയെ അറിയിച്ചത്. നിലവില്‍ സ്വര്‍ണത്തിന്റെ കാലപഴക്കം നിര്‍ണയിക്കുന്നതിനുള്ള എഫ് എസ് എല്‍ റിപ്പോര്‍ട്ട് അന്തിമഘട്ടത്തിലാണ്. നേരത്തെ അന്വേഷണം നടത്താന്‍ ഇഡിയും രംഗത്തെത്തിയിരുന്നു. സ്വര്‍ണക്കൊള്ളക്കേസിലെ വിവരങ്ങളുടെ സര്‍ട്ടിഫൈഡ് പകര്‍പ്പ് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി നല്‍കിയ അപേക്ഷ കൊല്ലം വിജിലന്‍സ് കോടതി കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. കേസുകളുടെ എഫ്‌ഐആറുകള്‍, റിമാന്‍ഡ് റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ളവയുടെ പകര്‍പ്പാണ് ഇ.ഡി ആവശ്യപ്പെട്ടത്. ഇവ നല്‍കാന്‍ കൊല്ലം വിജിലന്‍സ് കോടതി ജഡ്ജി സി.മോഹിത് ഉത്തരവിടുകയായിരുന്നു.
ജബല്‍ ജെയ്‌സ് താല്‍ക്കാലികമായി അടച്ചിട്ടു
മലയോരപ്രദേശമായ ജബല്‍ ജെയ്‌സ് താല്‍ക്കാലികമായി അടച്ചു. കഴിഞ്ഞയാഴ്ച്ചയുണ്ടായ മഴയെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും അസ്ഥിരമായ കാലാവസ്ഥയും പരിഗണിച്ചാണ് അടച്ചിട്ടത്.
ഡിസംബര്‍ 17 മുതല്‍ 19 വരെ പെയ്ത മഴയില്‍ വലിയ മഴവെള്ളപാച്ചിലിന് ജബല്‍ ജെയ്‌സ് സാക്ഷ്യം വഹിച്ചിരുന്നു. ഇത് പ്രദേശത്തേക്കുള്ള യാത്രയും മറ്റും അപകട സാധ്യത ഉള്ളതാക്കിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് നിയന്ത്രിച്ചിരുന്നു. മഴയത്ത് പ്രദേശത്തുണ്ടായ നാശനഷ്ടങ്ങളും നിലവിലെ സ്ഥിതിഗതികളും വിലയിരുത്തി സുരക്ഷ ഉറപ്പുവരുത്തുന്നതിനായാണ് ഇപ്പോള്‍ ജബല്‍ ജെയ്‌സ് താല്‍ക്കാലികമായി അടച്ചിട്ടത്. വിവിധ ഭാഗങ്ങളില്‍ മലമുകളില്‍ നിന്ന് വെള്ളം വീഴുന്നുണ്ട്. ഇത് അപകടത്തിന് ഇടയാക്കിയേക്കാം എന്നതിനാല്‍ സുരക്ഷ മുന്‍കരുതലിന്റെ ഭാഗമായാണ് ജബല്‍ ജെയ്‌സ് അടച്ചിടുന്നത് എന്ന് ഇന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ അധികൃതര്‍ അറിയിച്ചു. പ്രദേശത്ത് വിദഗ്ധ സംഘം പരിശോധനകള്‍ നടത്തുകയാണ് പൂജ്യം ഡിഗ്രിവരെ താപനില താഴുന്ന ജബല്‍ ജെയ്‌സിലേക്ക് സഞ്ചാരികളുടെ പ്രവാഹം ഉണ്ടാകുന്ന സമയമാണ് ശൈത്യകാലം. അസ്ഥിരമായ കാലാവസ്ഥ തുടരുന്നതിനാല്‍ വാടികളില്‍ ക്യാമ്പ് ചെയ്യരുതെന്നും അധികൃതര്‍ ജനത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചിലപ്രദേശങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് മണ്ണിടിച്ചിലിനും വഴുക്കിവീഴുന്നതിനും കാരണമാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രദേശത്തെ അഡ്വഞ്ചര് ടൂറിസത്തിനും അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തി.
ലക്ഷം താണ്ടി പൊന്ന് – വില 1,01,600
കേരളത്തില്‍ സ്വര്‍ണ്ണവില പവന് ഒരു ലക്ഷം കടന്നു. പവന് 1760 രൂപയാണ ഇന്ന് കൂടിയത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണവില ഉയരാനിടയാക്കിയത്
ഇന്നലെ രണ്ട് തവണ കൂടി 99,840 രൂപയില്‍ വ്യാപാരം അവസാനിപ്പിച്ച 22 ക്യാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് ഒറ്റയടിക്കാണ് ഒരുലക്ഷം കടന്നത്. 1,01,600 രൂപയാണ് രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 12700 രൂപ. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 4487 ഡോളറിലേക്ക് എത്തിയതോടെയാണ് കേരളത്തിലും വില ഉയര്‍ന്നത്. ഡിസംബര്‍ 15 നാണ് ആദ്യമായി സ്വര്‍ണവില 99000 കടന്നത്. പിന്നീട് നേരിയ ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണത്തിന്റെ വില കഴിഞ്ഞ രണ്ട് ദിവസമായി റെക്കോര്‍ഡ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. യുഎഇ യില്‍ 24 ക്യാരറ്റ് സ്്വര്‍ണത്തിന് രാവിലെ 540 ദിര്‍ഹമാണ് ഗ്രാമിന് വില. ഇന്നലെ 533 ദിര്‍ഹം എന്ന നിരക്കിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്. ഒറ്റ രാത്രികൊണ്ട് കൂടിയത് 7 ദിര്‍ഹമാണ്. യുഎസ് ഫെഡറല്‍ പലിശ നിരക്ക് വീണ്ടും കുറയ്ക്കുമെന്ന സൂചനകളും,ഡോളറിന്റെ മൂല്യ ശോഷണവും, അന്താരാഷ്ട്ര സംഘര്‍ഷങ്ങളും, സ്വര്‍ണത്തെ ഏറ്റവും സുരക്ഷിത നിക്ഷേപം ആക്കി മാറ്റിയതാണ് വില ഉയരുന്നതിന്റെ കാരണങ്ങള്‍. വന്‍കിട നിക്ഷേപകര്‍ താല്‍ക്കാലിക ലാഭമെടുപ്പ് നടത്തിയാല്‍ വിലയില്‍ ചെറിയ കുറവ് വന്നേക്കാം. അതല്ല, ഔണ്‍സിന് 4500 ഡോളര്‍ കടന്നു മുന്നോട്ട് നീങ്ങിയാല്‍ വീണ്ടും വലിയതോതില്‍ വില വര്‍ധിക്കും. 2020 ലെ കോവിഡ് സമയത്ത് സ്വര്‍ണത്തിന്റെ വില പവന് 40000 രൂപയായിരുന്നു. അവിടെ നിന്നാണ് 5 വര്‍ഷം കൊണ്ട് വില ഒരു ലക്ഷം കടന്നത്. അന്താരാഷ്ട്ര വിപണിയില്‍ ഈ കാലഘട്ടത്തിലുണ്ടായ മാറ്റം 2500 ഡോളറിന്റേതായിരുന്നു.
‘മസ്‌കറ്റ് നൈറ്റ്‌സ് 2026 ‘ ഒമാന്‍ നഗരം ഉത്സവ ലഹരിയിലേക്ക്…
ഒമാന്റെ തലസ്ഥാന നഗരം മസ്‌കറ്റ് വീണ്ടും ആഘോഷങ്ങളുടെ ലഹരിയിലേക്ക്.മസ്‌കറ്റ് നൈറ്റ്‌സ് 2026 ജനുവരി 1 മുതല്‍ 31 വരെ നീളും. വിനോദം, കല, സംസ്‌കാരം, കായികം, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ എന്നിവയെ ഏകോപിപ്പിച്ച ഒരു സമഗ്ര നഗരോത്സവമായാണ് ഈ വര്‍ഷത്തെ മസ്‌കറ്റ് നൈറ്റ്‌സ് ഒരുക്കിയിരിക്കുന്നത്.ക്വുറം മുതല്‍ ഖുറിയാത്ത് വരെ നഗരത്തിന്റെ പല കോണുകളിലും ആഘോഷങ്ങള്‍ സംഘടിപ്പിക്കും. അല്‍ ക്വുറം നാച്ചുറല്‍ പാര്‍ക്ക്, അല്‍ അമിറാത്ത് പബ്ലിക് പാര്‍ക്ക്, ഒമാന്‍ ഓട്ടോമൊബൈല്‍ അസോസിയേഷന്‍ ഗ്രൗണ്ട്, റോയല്‍ ഓപ്പറ ഹൗസ് മസ്‌കറ്റ്, സീബ് ബീച്ച്, ഖുറിയാത്ത് വിലായത്ത്, വാദി അല്‍ ഖൂദ്, പ്രമുഖ ഷോപ്പിങ് സെന്ററുകള്‍ എന്നിവിടങ്ങളിലായി പരിപാടികള്‍ വ്യാപിച്ചു കിടക്കും. മസ്‌കറ്റ് നഗരത്തിന്റെ വിവിധ പ്രത്യേകതകള്‍ നേരിട്ട് അനുഭവിച്ചറിയുവാന്‍ സന്ദര്‍ശകര്‍ക്ക് ഇതിലൂടെ അവസരം ലഭിക്കും.മസ്‌കറ്റ് നൈറ്റ്‌സിന്റെ ഔദ്യോഗിക കഥാപാത്രമായി ‘സിറാജ്’ വീണ്ടും എത്തുന്നു. ആകാശത്തിലൂടെ സഞ്ചരിക്കുന്ന ‘പ്രകാശത്തിന്റെ ഒമാനി ബാലന്‍’ എന്ന ആശയത്തില്‍ രൂപകല്‍പ്പന ചെയ്ത ഈ കഥാപാത്രം, കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ഒരുപോലെ ആകര്‍ഷകമായ ദൃശ്യാനുഭവം സമ്മാനിക്കും. സംഗീതത്തിനനുസരിച്ച് ചലിക്കുന്ന ജലധാരകളും വെളിച്ചങ്ങളും മസ്‌കറ്റ് നൈറ്റ്‌സിന്റെ ദൃശ്യഭംഗി ഉയര്‍ത്തും.
മണിപ്പൂര്‍ – സമാധാനം പുലരാന്‍ കാലങ്ങളെടുക്കുമെന്ന് ഭാഗവത്
മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ സമയമെടുക്കുമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. മണിപ്പൂരിലെ ക്രമസമാധനപ്രശ്‌നങ്ങള്‍ പതിയെ മാറികൊണ്ടിരിക്കുകയാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
മണിപ്പൂരില് നടത്തിയ സന്ദര്‍ശനത്തെ സംബന്ധിച്ച് സംസാരിക്കവെയാണ് മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ സമയമെടുക്കുമെന്ന് ആര്‍എസ്എസ് ചീഫ് പ്രതികരിച്ചത്. മണിപ്പൂരില്‍ തീര്‍ച്ചയായും സമാധാനം പുലരും. എന്നാല്‍ അതിന് സമയമെടുക്കും. ക്രമസമാധാനപ്രശ്‌നങ്ങള്‍ കുറഞ്ഞുവരികയാണെന്നും ഒരു വര്‍ഷത്തിനകം അതെല്ലാം ഇല്ലാതാകുമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. മണിപ്പൂര്‍ സന്ദര്‍ശനത്തിനിടെ നിരവധി ഗോത്രവിഭാഗതലവന്‍മാരോടും സാമൂഹിക നേതാക്കളോടും മോഹന്‍ ഭാഗവത് സംസാരിച്ചിരുന്നു. മനസുകള്‍ തമ്മിലുള്ള അകല്‍ച്ച രൂക്ഷമാണ്. അത് മാറാന്‍ കാലങ്ങളെടുക്കുമെന്നും സംഭാഷണങ്ങളിലൂടെ മാത്രമേ ഇക്കാര്യം നേടിയെടുക്കാന്‍ സാധിക്കൂവെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. രണ്ട് വംശജര്‍ക്കിടയില്‍ മണിപ്പൂരിലുണ്ടായ കലാപത്തില്‍ നൂറുകണക്കിന് പേരാണ് കൊല്ലപ്പെട്ടത്. കലാപത്തിന് ശേഷം ആദ്യമായിട്ടായിരുന്നു മോഹന്‍ ഭാഗവത് മണിപ്പൂര്‍ സന്ദര്‍ശിച്ചത്.
യുഎഇയില്‍ ക്രിസ്മസ് ആഘോഷമാക്കാന്‍ നിരവധി സ്വകാര്യ മേഖലയില്‍ അവധി
ക്രിസ്മസ് എത്തിയതോടെ യുഎഇയിലെ നിരവധി സ്വകാര്യ സ്ഥാപനങ്ങള്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് ഡിസംബര്‍ 25നും ചിലയിടങ്ങളില്‍ 26നും പ്രത്യേക അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. യുഎഇയിലെ ഔദ്യോഗിക പൊതു അവധി പട്ടികയില്‍ ക്രിസ്മസ് ഉള്‍പ്പെട്ടിട്ടില്ലെങ്കിലും, കമ്പനികള്‍ ആഭ്യന്തര നയം അനുസരിച്ചാണ് ഈ അവധി അനുവദിക്കുന്നത്.ഈ വര്‍ഷം ഡിസംബര്‍ 25 വ്യാഴാഴ്ചയും 26 വെള്ളിയാഴ്ചയും ആയതിനാല്‍, ശനി, ഞായര്‍ വാരാന്ത്യ അവധികള്‍ കൂടി ചേരുമ്പോള്‍ ജീവനക്കാര്‍ക്ക് തുടര്‍ച്ചയായ നാല് ദിവസം അവധി ലഭിക്കും. ഇത് വിദേശങ്ങളില്‍ നിന്നുള്ള ജീവനക്കാര്‍ക്കും നാട്ടിലേക്ക് യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ക്കും വലിയ ആശ്വാസമാണ് നല്‍കുന്നത്. ക്രിസ്മസിന് നാട്ടില്‍ പോകാന്‍ ഒരാഴ്ചത്തെ വാര്‍ഷിക അവധി എടുക്കാന്‍ പ്ലാന്‍ ചെയ്തിരുന്നവര്‍ക്ക് കമ്പനി വക രണ്ട് ദിവസം അവധി ലഭിക്കുന്നത് വലിയ ഗുണകരമാകും. യുഎഇയില്‍ പൊതുസ്വകാര്യ മേഖലകളിലെ ഔദ്യോഗിക അവധികള്‍ സര്‍ക്കാര്‍ മുന്‍കൂട്ടി പ്രഖ്യാപിക്കാറുണ്ട്. ക്രിസ്മസ് ഒരു ഫെഡറല്‍ പൊതു അവധിയല്ലെങ്കിലും, ജീവനക്കാര്‍ക്ക് ഇത്തരം ഇളവുകള്‍ നല്‍കാന്‍ കമ്പനികള്‍ക്ക് അനുവാദമുണ്ട്. ഈ അവധി ദിനങ്ങള്‍ ജീവനക്കാരുടെ വാര്‍ഷിക അവധി അക്കൗണ്ടില്‍ നിന്ന് കുറയ്ക്കാറില്ല എന്നതും പ്രത്യേകതയാണ്.
ബസ് അപകടത്തിൽ 16 മരണം
ഇന്തോനേഷ്യയില്‍ ബസ് അപകടത്തില്‍ 16 പേര്‍ മരിച്ചു. ഇന്തോനേഷ്യയിലെ പ്രധാന ദ്വീപായ ജാവയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്.
തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നിന്ന് രാജ്യത്തിന്റെ പുരാതന രാജകീയ നഗരമായ യോഗ്യകാര്‍ത്തയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. ടോള്‍ റോഡില്‍ നിയന്ത്രണം നഷ്ടപ്പെട്ട ബസ് ഒരു കോണ്‍ക്രീറ്റ് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. അമിത വേഗതയാണ് അപകട കാരണമെന്നാണ് പ്രാധമിക നിഗമനം. ബസ് അമിതവേഗതയില്‍ ആയിരുന്നുവെന്നും അതാണ് നിന്ത്രണം നഷ്ടപ്പെടാന്‍ കാരണമായതെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. ബസില്‍ ആകെ 36 പേരാണ് ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തില്‍ യാത്രക്കാര്‍ പലരും ബസിനുള്ളില്‍ കുടുങ്ങിപ്പോയി. പരിക്കേറ്റ പലരുടെയും നിലഗുരുതരമാണ്.


