Saturday, April 11, 2026
Home Blog Page 256

‘അരിക്കൊമ്പ’നിലുണ്ടോ? ; തഗ് മറുപടിയുമായി ടൊവിനോ

0

ജൂഡ് ആന്തണി സംവിധാനം ചെയ്ത ‘2018’ സിനിമയ്‌ക്കൊപ്പം കയ്യടി വാങ്ങുകയാണ് നടന്‍ ടൊവിനോ തോമസും. ജീവിതത്തില്‍ താര പരിവേഷം അഴിച്ചുവച്ച് പ്രളയ രക്ഷാ പ്രവര്‍ത്തനത്തിറങ്ങിയ ടൊവിനോയെ സിനിമയിലും കാണാം. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി നിര്‍മിച്ച ‘വൈറസ്’ സിനിമയ്ക്ക് പിന്നാലെയാണ് നടന്‍ 2018 ലും എത്തുന്നത്. ഇനി ‘അരിക്കൊമ്പ’നിലും ഉണ്ടാവുമോ എന്ന ചോദ്യത്തിന് രസകരമായ മറുപടി നല്‍കുകയാണ് ടൊവിനോ. അരിക്കൊമ്പന്റെ കഥ പശ്ചാത്തലമാക്കി സിനിമ പ്രഖ്യാപിച്ചിട്ടുണ്ടല്ലോ. അതിലും ടൊവിനോയെ പ്രതീക്ഷിക്കാമോയെന്നായിരുന്നു യൂട്യൂബറുടെ ചോദ്യം.

‘‘ഞാൻ അതിനുവേണ്ടി കൊമ്പ് വളർത്തിക്കൊണ്ട് ഇരിക്കുകയാണ്’’ എന്നായിരുന്നു ടൊവിനോയുടെ തമാശ കലർന്ന മറുപടി. 

ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, ശിവദ, വിനിതാ കോശി തുടങ്ങി വമ്പൻ താരനിര തന്നെ അണിനിരക്കുന്ന ചിത്രമാണ് 2018. അഖിൽ പി. ധർമജൻ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം അഖിൽ ജോർജും ചിത്രസംയോജനം ചമൻ ചാക്കോയുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. നോബിൻ പോൾ സംഗീതവും വിഷ്ണു ഗോവിന്ദ് സൗണ്ട് ഡിസൈനും നിർവഹിച്ചു.കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്‌ഷൻസ് എന്നിവയുടെ ബാനറിൽ വേണു കുന്നപ്പള്ളി, സി.കെ. പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

അതേസമയം, അരിക്കൊമ്പന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഇടി, മോഹന്‍ലാല്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ സാജിദ് യാഹിയയാണ്. ബാദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെയും ബാനറിൽ എൻ. എം. ബാദുഷ, ഷിനോയ് മാത്യു, രാജൻ ചിറയിൽ,മഞ്ജു ബാദുഷ, നീതു ഷിനോയ്, പ്രിജിൻ ജെ.പി. എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം. സുഹൈൽ എം കോയയാണ് അരിക്കൊമ്പന്റെ കഥ ഒരുക്കുന്നത്. 

നിശ്ചിത നിലവാരമില്ലാത്ത സിനിമകൾ പ്രദർശിപ്പിക്കില്ല: കടുത്ത തീരുമാനവുമായി ഫിയോക്

0

നിശ്ചിത നിലവാരമില്ലാത്ത സിനിമകൾ പ്രദർശിപ്പിക്കേണ്ടെന്ന തീരുമാനവുമായി തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്. ഇത്തരത്തിൽ അനുമതി ലഭിക്കാത്ത സിനിമകൾ തിയറ്ററിൽ പ്രദർശിപ്പിക്കണമെങ്കിൽ വാടക നൽകേണ്ടിവരും. തിയറ്ററുകൾ വലിയ നഷ്ടത്തിലാണ് എന്നും അതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെന്നും ഫിയോക് പ്രസിഡന്റ് എം. വിജയകുമാർ പറഞ്ഞു. ഈ വർഷം എഴുപതോളം സിനിമകൾ റിലീസ് ചെയ്തെങ്കിലും തിയറ്ററുകളിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത് അതിൽ വിരലിലെണ്ണാവുന്നവയാണെന്നും സംഘടന പറയുന്നു.

‘‘ഒരുപാടു സിനിമകൾ ഒന്നിച്ച് റിലീസ് ചെയ്യുന്നുണ്ടെങ്കിലും ഒരെണ്ണം പോലും വിജയിക്കുന്നല്ല. ഇത്രയും നാളത്തെ അനുഭവ പരിചയം കൊണ്ട് ഏതൊക്കെ സിനിമ ഓടും, ഓടില്ല എന്ന് തിയേറ്റർ നടത്തുന്നവർക്ക് ബോധ്യമുണ്ട്. ഇനി ഞങ്ങളുടെ കണക്കുകൂട്ടലിൽ ഓടും എന്ന് തോന്നുന്ന സിനിമ മാത്രം പ്രദർശിപ്പിച്ചാൽ മതിയെന്നാണ് ആലോചിക്കുന്നത്. അത്രത്തോളം നഷ്ടം സഹിച്ചാണ് തിയറ്ററുടമകൾ പടം ഓടിക്കുന്നത്.

ഇന്നുവരെ സിനിമാലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പ്രതിസന്ധിയാണ് സിനിമാ തിയറ്ററുകൾ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്. തിയറ്ററുകളുടെയും ഉടമകളുടെയും അവസ്ഥ വളരെ ദയനീയമാണ്. 90 ശതമാനം തിയറ്ററുകളും കഴിഞ്ഞ മാസത്തെ ശമ്പളം ജീവനക്കാർക്ക് കൊടുത്തിട്ടില്ല, വൈദ്യുതി ബില്ല് കൊടുത്തിട്ടില്ല, എന്നിട്ടും കിട്ടുന്ന റെവന്യൂവിൽനിന്നു 30 ശതമാനം സർക്കാർ പിടിച്ചു പറിക്കുന്നുണ്ട്. ഈ അവസ്ഥ മുൻപോട്ട് പോയാൽ ഇപ്പോൾ കേരളത്തിലുള്ളതിൽ അമ്പതു ശതമാനം സ്‌ക്രീനുകളെങ്കിലും അടച്ചു പൂട്ടേണ്ട അവസ്ഥയാണ്. കേരളത്തിലെ ഏകദേശം അഞ്ചു ശതമാനം തിയറ്ററുകൾ ജപ്തി ഭീഷണി നേരിടുകയാണ്. ഏകദേശം 20 ശതമാനം തിയറ്ററുകൾ അടുത്ത മൂന്നുമാസത്തിനകം ജപ്തി ചെയ്യപ്പെടും എന്നുറപ്പാണ്.

തിയറ്ററിൽ റിലീസ് ചെയ്യുന്ന സിനിമകളുടെ ഓൺലൈൻ റിലീസ് നീട്ടുക എന്ന നിർദേശം ഫിയോക്ക് മുന്നോട്ട് വച്ചിട്ടുണ്ട്. അതിനൊരു തീരുമാനം സർക്കാർ എടുത്തില്ലെങ്കിൽ ജൂൺ ആദ്യവാരത്തോടെ കേരളത്തിലെ തിയറ്ററുകളെല്ലാം അടച്ചിട്ടൊരു സമരത്തിലേക്ക് പോകേണ്ടുന്ന സാഹചര്യം ഉണ്ടാകും. ഇപ്പോൾ അനൗദ്യോഗികമായി കേരളത്തിലെ പല തിയറ്ററുകളും അടച്ചിട്ടിരിക്കുകയാണ്. പക്ഷേ സർക്കാർ ഒരു തീരുമാനം എടുത്തില്ലെങ്കിൽ ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയതിനുശേഷം ഞങ്ങൾ തിയറ്ററുകൾ അടച്ചിടും. നിലനിൽക്കാൻ മറ്റൊരു നിവൃത്തിയുമില്ലാത്തതുകൊണ്ടാണ് അങ്ങനെ ഒരു തീരുമാനം എടുക്കുന്നത്.’’- വിജയകുമാർ വ്യക്തമാക്കി.