ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണിലിസ്റ്റ് പാര്‍ട്ടി അധ്യക്ഷയുമായ ബീഗം ഖാലിദ സിയ അന്തരിച്ചു. 80 വയസായിരുന്നു. ഹൃദയ, ശ്വാസകോശസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് നവംബര്‍ 23-നാണ് ഖാലിദ സിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്..
ബംഗ്ലാദേശില ആദ്യ വനിതാ പ്രധാനമന്ത്രിയായ ഖാലിദ സിയയെ ഏറെനാളായി വിവിധ ആരോഗ്യപ്രശ്നങ്ങള്‍ അലട്ടിയിരുന്നു. ആരോഗ്യനില വഷളായതോടെ ബംഗ്ലാദേശ്, യുകെ, യുഎസ്, ചൈന, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലായിരുന്നു ചികിത്സ. ഡിസംബര്‍ ആദ്യം ചികിത്സയ്ക്കായി വിദേശത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും ആരോഗ്യനില മോശമായതിനാല്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ധാക്കയിലെ ആശുപത്രിയില്‍ ചികിത്സ തുടരുകയായിരുന്നു. 1991-ലെ ദേശീയ തിരഞ്ഞെടുപ്പില്‍ ആദ്യമായി പ്രധാനമന്ത്രിയായ ഖാലിദ സിയ മൂന്നുവട്ടമാണ് ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയായത്. വ്യാപാരിയായ ഇസ്‌കന്ദര്‍ മസൂംദറിന്റെയും തയേബ മസൂംദറിന്റെയും മകളായി 1945-ല്‍ ബ്രിട്ടീഷ് ഇന്ത്യയിലെ ജല്‍പായ്ഗുരിയിലാണ് ഖാലിദ സിയയുടെ ജനനം. 1947-ലെ വിഭജനത്തിനുശേഷം ഖാലിദ സിയയുടെ കുടുംബം കിഴക്കന്‍ പാകിസ്താനിലേക്ക് മാറി. ബംഗ്ലാദേശിലെ ദിനാജ്പുര്‍ മിഷിണറി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ദിനാജ്പുര്‍ ഗേള്‍സ് സ്‌കൂളില്‍നിന്ന് മെട്രിക്കുലേഷന്‍ പാസായി. 1960ലാണ് ഖാലിദ സിയ പാകിസ്താന്‍ സൈന്യത്തില്‍ ക്യാപ്റ്റനായിരുന്ന സിയാവുര്‍ റഹ്‌മാനെ വിവാഹം കഴിച്ചത്. ഇതിനുശേഷം 1965-ല്‍ ദിനാജ്പുരിലെ സുരേന്ദ്രനാഥ് കോളേജില്‍ ചേര്‍ന്ന് ഖാലിദ സിയ വിദ്യാഭ്യാസം തുടര്‍ന്നു. 1971-ല്‍ ബംഗ്ലാദേശ് വിമോചന സമരത്തില്‍ പ്രധാനിയായിരുന്നു സിയാവുര്‍ റഹ്‌മാന്‍. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ പ്രഥമ അധ്യക്ഷനായ അദ്ദേഹം, പിന്നീട് ബംഗ്ലാദേശിന്റെ പ്രസിഡന്റുമായി.1980 മേയ് 30-നാണ് സിയാവുര്‍ റഹ്‌മാന്‍ കൊല്ലപ്പെട്ടത്. സിയാവുര്‍ റഹ്‌മാന്റെ മരണത്തിന് പിന്നാലെ പ്രതിസന്ധിയിലായ ബിഎന്‍പിയെ പിന്നീട് ഖാലിദ സിയയാണ് നയിച്ചത്. അന്നേവരെ രാഷ്ട്രീയത്തില്‍ ഇടപെടാതിരുന്ന ഖാലിദ സിയ, ബിഎന്‍പിയില്‍ സജീവമാകുകയും പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റാവുകയുംചെയ്തു. 1984-ല്‍ പാര്‍ട്ടിയുടെ അധ്യക്ഷ പദവിയിലെത്തി.ഖാലിദ സിയയുടെ നേതൃത്വത്തിലാണ് ബിഎന്‍പി 1983-ല്‍ ഏഴ് പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കി ഇര്‍ഷാദ് ഭരണകൂടത്തിനെതിരേ പോരാട്ടം നയിച്ചത്. 1991 മാര്‍ച്ച് 20-ന് ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി സിയ അധികാരമേറ്റു. പിന്നീട് 1996ലും 1999ലും ഖാലിദ സിയ ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയായി. ഷെയ്ഖ് ഹസീനയുടെ ഭരണകാലത്ത് ജയിലിലടക്കപ്പെട്ട ഖാലിദ സിയയെ ഷെയ്ഖ് ഹസീനയെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് 2024 ല്‍ രാജ്യത്ത് നിന്ന് സ്ഥാനഭ്രഷ്ടയായി പലായനം ചെയ്തതോടെയാണ് മോചിപ്പിച്ചത്. ജയില്‍ വാസത്തിനിടെ അസുഖബാധിതയായ ഖാലിദ സിയയെ വിദേശത്ത് ചികിത്സയ്ക്ക് കൊണ്ടുപോകാന്‍ പോലും ഹസീന ഭരണകൂടം അനുവദിച്ചിരുന്നില്ല.
ബീഗം ഖാലിദ സിയ അന്തരിച്ചു
ശബരിമല സ്വര്‍ണപാളികേസ് – കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തു
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ശനിയാ്‌ഴ്ച്ച നടന്ന ചോദ്യം ചെയ്യല്‍ രണ്ട് മണിക്കൂര്‍ നീണ്ടു.
ശബരിമലയിലെ സ്വര്‍ണപാളികള്‍ മോഷണം പോകുമ്പോള്‍ ദേവസ്വം മന്ത്രിയായിരുന്നത് കടകംപള്ളി സുരേന്ദ്രനായിരുന്നു. തട്ടിപ്പ നടത്തിയ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി കടകംപള്ളിക്ക് ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കടകംപള്ളിയെ ചോദ്യംചെയ്യലിന് വിധേയനാക്കിയത്. ശനിയാഴ്ച്ച നടന്ന ചോദ്യം ചെയ്യല്‍ രണ്ട് മണിക്കൂറിലേറെ നീണ്ടു. മുന്‍ മന്ത്രിയെന്ന നിലയ്ക്ക് വിവരശേഖരണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്തതെന്ന് കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു. ആ നിലയ്ക്ക് അറിയാവുന്നകാര്യങ്ങള്‍ പ്രത്യേക അന്വേഷണസംഘത്തോട് പങ്കുവെച്ചിട്ടുണ്ടെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കടകംപള്ളിക്ക് പുറമെ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് വളരെ നിര്‍ണ്ണായകമായ ചോദ്യം ചെയ്യലാണ ്ഇപ്പോള്‍ നടന്നിരിക്കുന്നത്. അതിനിടെ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പത്മകുമാറിന്റെയും ഗോവര്‍ധന്റെയും ജാമ്യാപേക്ഷ കോടതി തള്ളി. 40 ദിവസമായി ജയിലില്‍ കഴിയുന്നു എന്ന് പത്മകുമാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഒരു പരിധിക്ക് അപ്പുറം അന്വേഷണം മുന്നോട്ട് പോകുന്നില്ല എന്ന് ഹൈക്കോടതി ആവര്‍ത്തിച്ച് വ്യക്തമാക്കി. ജാമ്യം തള്ളിയ കോടതി ഹര്‍ജികള്‍ പരിഗണിക്കുന്നത് അവധിക്ക് ശേഷം മാത്രമെന്ന് വ്യക്തമാക്കി.
പുതുവത്സരാഘോഷം – വിസ്മയം തീര്‍ക്കാന്‍ ബഹ്‌റിന്‍
പുതുവര്‍ഷത്തെ വരവേല്‍ക്കാനുളള തയ്യാറെടുപ്പിലാണ് പ്രവാസ ലോകം. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ബഹ്റിനില്‍ ഇത്തവണ വെടിക്കെട്ടും ഡ്രോണ്‍ ഷോയും ഉള്‍പ്പെടെയുളള വ്യത്യസ്തമായ പരിപാടികളാണ് അരങ്ങേറുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്‍മാര്‍ അണിനിരക്കുന്ന ലൈവ് സംഗീത പരിപാടി ഉള്‍പ്പെടെയുളള പരിപാടികളും പുതുവത്സരാഘോഷത്തിന്‍രെ മാറ്റ് കൂട്ടും
പുതുവര്‍ഷത്തെ വരവേല്‍ക്കാനായി വലിയ ആഘോഷ പരിപാടികളാണ് ബഹ്റൈന്റെ വിവിധ ഭാഗങ്ങളില്‍ ഒരുങ്ങുന്നത്. രാത്രി 12 മണിക്ക് എട്ട് സ്ഥലങ്ങളില്‍ ഒരേ സമയം വെടിക്കെട്ട് ആരംഭിക്കുന്ന രീതിയിലാണ് ക്രമീകരണങ്ങള്‍. വെടിക്കെട്ടിലെ ഓരോ ഘട്ടവും വ്യത്യസതമായിരിക്കും. ബഹ്റൈന്‍ ദേശീയ പതാകയുടെ നിറങ്ങളും പരമ്പരാഗത എമിറാത്തി സംഗീതത്തെ ആസ്പദമാക്കി ക്രമീകിച്ച ദൃശ്യവിസ്മയങ്ങളും കാണികള്‍ക്ക് വേറിട്ട അനുഭവം സമ്മാനിക്കും. വെടിക്കെട്ടിനൊപ്പം ഡ്രോണുകള്‍ ഉപയോഗിച്ച് ആകാശ പ്രദര്‍ശനവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും. എമിറാത്തി പൈതൃകവും ദേശീയ സ്വത്വവും പ്രതിഫലിപ്പിക്കുന്ന ത്രിമാന രൂപങ്ങള്‍ ആകാശത്ത് സൃഷ്ടിച്ച് കൊണ്ടാകും ഡ്രോണുകളുടെ പ്രകടനം. മാസങ്ങളോളം നീണ്ട ആസൂത്രണത്തിന് ശേഷമാണ് വിസ്മയ കാഴ്ചകള്‍ ഒരുക്കാന്‍ സംഘാടകര്‍ തയ്യാറെടുക്കുന്നത്. സംഗീത പരിപാടി, രുചി വൈവിധ്യങ്ങള്‍ എന്നിവ ആസ്വിക്കാനും അവസരമുണ്ടാകും. ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ക്ക് പുറമെ നിരവധി സ്വകാര്യ പരിപാടികളും പുതുവത്സരത്തലേന്ന് രാജ്യത്ത് അരേങ്ങറും..ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാരുടെ വലിയ സംഘവും ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ ബഹ്റൈനില്‍ എത്തുന്നുണ്ട്..
വിഷപ്പുകയില്‍ ശ്വാസംമുട്ടി ഡല്‍ഹി
ഡല്‍ഹിയില്‍ വായു മലിനീകരണം വീണ്ടും അതീവ ഗുരുതരാവസ്ഥയിലേക്ക്.തിങ്കളാഴ്ച രാവിലെ രേഖപ്പെടുത്തിയ വായുനിലവാര സൂചിക 400 നു മുകളില്‍ എത്തി.
പലയിടത്തും വായുഗുണനിലവാരം തോത് 450ന് മുകളിലാണ്. ഇതോടൊപ്പം ശക്തമായ മൂടല്‍മഞ്ഞും അനുഭവപ്പെട്ടതോടെ ദില്ലിയിലും പരിസര പ്രദേശങ്ങളിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വായുനിലവാരം ശരാശരി വായുഗുണനിലവാരം 403 ആയി ഉയര്‍ന്നപ്പോള്‍, ആനന്ദ് വിഹാറില്‍ ഇത് 459 വരെ എത്തി. ഐടിഒ, ചാന്ദ്‌നി ചൗക്ക് എന്നിവിടങ്ങളിലും വായുനിലവാരം അപകടകരമായ നിലയിലാണ്.അതിശക്തമായ മൂടല്‍മഞ്ഞ് മൂലം കാഴ്ചാ പരിധി പൂജ്യത്തിനടുത്തേക്ക് താഴ്ന്നു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കി. 120ലധികം വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. നിരവധി വിമാനങ്ങള്‍ വൈകി.ഉത്തരേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കടുത്ത തണുപ്പും മലിനീകരണവും പരിഗണിച്ച് നോയിഡയിലെ സ്‌കൂളുകള്‍ക്ക് ജനുവരി ഒന്ന് വരെ അവധി പ്രഖ്യാപിച്ചു. വായുനിലവാരം 400 കടന്നത് ശ്വാസകോശ സംബന്ധമായ അസുഖമുള്ളവര്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.
2026 ൽ ദുബൈയിൽ വാടക നിരക്ക് കൂടുമെന്ന് റിപ്പോര്‍ട്ട്
പുതുവര്‍ഷത്തില്‍ ദുബൈയിലെ കെട്ടിക വാടക ആറ് ശതമാനത്തോളം ഉയരുമെന്ന് റിപ്പോര്‍ട്ട്. ജനപ്രിയ മേഖലകളിലെ താമസക്കാരെയായിരിക്കും ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക. അതേ സമയം കഴിഞ്ഞ വര്‍ഷത്തെപ്പോലെ വാടകയില്‍ ഉണ്ടായ കുതിച്ചുചാട്ടം ഇത്തവണ ഉണ്ടാകില്ലെന്നാണ് വിലയിരുത്തല്‍.
ദുബൈയിലെ താമസക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടാകുന്നത്. ഈ സാഹചര്യം പരിഗണിച്ചാണ്് 2026ല്‍ വാടകയില്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വിദഗ്ധര്‍ വിലയിരുത്തുന്നത്. നാല് മുതല്‍ ആറ് ശതമാനം വരെ വര്‍ദ്ധന ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ ആവശ്യക്കാര്‍ ഉള്ളതും വാടക കെട്ടിടങ്ങളുടെ ലഭ്യത കുറവുമുളളതുമായ മേഖലകളിലായിരിക്കും ഇത് ഏറ്റവ് കൂടുതല്‍ പ്രതിഫലിക്കുക. ഡൗണ്ടൗണ്‍ ദുബായ്, പാം ജുമൈറ, ദുബായ് മറീന തുടങ്ങിയ പ്രധാന പ്രദേശങ്ങളില്‍ ഉയര്‍ന്ന വാടക നല്‍കേണ്ടി വരും. സ്‌കൂളുകള്‍, ബിസിനസ് മേഖലകള്‍, വേഗത്തില്‍ പൊതുഗതാഗത സംവിധാനം ലഭ്യമാകുന്ന ഇടങ്ങള്‍ എന്നിങ്ങനെ സൗകര്യങ്ങള്‍ കൂടുതല്‍ ഉള്ള സ്ഥലങ്ങളിലും വാടകയില്‍ വര്‍ദ്ധനവ് ഉണ്ടാകും. അതേ സമയം കൂടുതല്‍ കെട്ടിടങ്ങള്‍ ഉളളതും ഡിമാന്റ് കുറവുമുളളതുമായ പ്രദേശങ്ങളെ ഇത് കാര്യമായി ബാധിക്കില്ല. ദുബായിലെ ജനസംഖ്യയുടെ വര്‍ദ്ധനവിന് അനുസരിച്ച് പുതിയ കെട്ടിടങ്ങളുടെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്. അതുകൊണ്ട് തന്നെ കഴിഞ്ഞ വര്‍ഷം വാടകയില്‍ ഉണ്ടായതുപോലെയുളള വലിയ കുതിച്ചുചാട്ടം ഈ വര്‍ഷം ഉണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. 2026ന്റെ നാലാം പാദത്തില്‍ നിരവധി കെട്ടിങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാകും. 2027ല്‍ രണ്ട് ലക്ഷം യൂണിറ്റുകള്‍ വിതരണം ചെയ്യാന്‍ കഴിയുമെന്നും റിയല്‍ എസ്റ്റേറ്റ് വ്യാപാരികള്‍ വ്യക്തമാക്കുന്നു. 2030ല്‍ ആകുമ്പേഴേക്കും 22,000 പുതിയ വില്ലകളും 42,000 ടൗണ്‍ഹൗസുകളും പൂര്‍ത്തിയാകും. കെട്ടിട വാടകയിലെ വര്‍ദ്ധനവ് മൂലം സ്വന്തമായി ഫ്‌ളാറ്റുകളും വില്ലകളും വാങ്ങുന്ന പ്രവാസികളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട്. യുവാക്കളാണ് ഇതില്‍ മുന്‍പന്തിയിലെന്ന് അടിത്തിടെ പുറത്ത് വന്ന കണക്കുകള്‍ വ്യക്തമാക്കുന്നു.
ഒമാനില്‍ പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളുടെ നിരോധനം നാലാം ഘട്ടത്തിലേക്ക്
ഒമാനില്‍ പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളുടെ നിരോധനം നാലാം ഘട്ടത്തിലേക്ക്. ജനുവരി ഒന്ന് മുതല്‍ കൂടുതല്‍ മേഖലകളില്‍ നിരോധനം പ്രാബല്യത്തില്‍ വരുമെന്ന് പരിസ്ഥിതി വിഭാഗം അറിയിച്ചു.
പ്ലാസ്റ്റിക് ഫ്രീ ഒമാന്‍’ നടപടികളിലേക്ക് നീങ്ങുകയാണ് രാജ്യം. ഒമാനില്‍ പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളുടെ ഉപയോഗം പൂര്‍ണമായും ഒഴിവാക്കാനാണ് നീക്കം. ഘട്ടം ഘട്ടമായാണ് പ്ലാസ്റ്റിക് ഭാഗുകള്‍ ഇല്ലാതാക്കുന്നത്. 2027 ജൂലൈ ഒന്നോടെ പൂര്‍ണമായും പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകള്‍ ഇല്ലാത്ത രാജ്യമായി ഒമാന്‍ മാറും എന്നാണ് വിലയിരുത്തല്‍. നിയമ ലംലംഘകര്‍ക്ക് 50 റിയാല്‍ മുതല്‍ 1,000 റിയാല്‍ വരെ പിഴ ലഭിക്കും.നിയമം ലംഘിച്ച് പ്ലാസ്റ്റിക് ഇറക്കുമതി ചെയ്യുന്നവരില്‍ നിന്ന് 1,000 റിയാല്‍ ആയിരിക്കും പിഴ ഈടാക്കുക. നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകും.2026 ജനുവരി ഒന്നിന് നിരോധനം പ്രാബല്യത്തില്‍ വരുന്ന വിഭാഗങ്ങള്‍: ബില്‍ഡിങ്, കണ്‍സ്ട്രക്ഷന്‍ മെറ്റീരിയല്‍ സ്‌റ്റോര്‍, പണിയായുധ കടകള്‍, കാര്‍ഷിക ഉത്പന്നങ്ങള്‍, ജീവികളുടെ ഭക്ഷണങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകള്‍, ഐസ്‌ക്രീം, കോണ്‍, നട്ട്‌സ് വില്‍പന ശാലകള്‍, ജ്യൂസ് കടകള്‍, മില്ലുകള്‍, തേന്‍ വില്‍പന, ഈത്തപ്പഴ വില്‍പന, വാട്ടര്‍ ഫില്‍ട്ടര്‍ വില്‍പന സര്‍വീസിങ്, വാട്ടര്‍ പമ്പ് വില്‍പനസര്‍വീസിങ്, കാര്‍ പമ്പ് വില്‍പന, വളര്‍ത്തു ജീവികളെയും ഭക്ഷണങ്ങളും വില്‍ക്കുന്ന കടകള്‍, നഴ്‌സറികള്‍, കാര്‍ഷിക ഉത്പന്നങ്ങളുടെ വിതരണം,എന്നിവിടങ്ങളിലാണ് . 2026 ജൂലൈ ഒന്ന് മുതല്‍ , ബ്ലാങ്കറ്റ് സ്‌റ്റോര്‍, സ്വര്‍ണം, വെള്ളി ആഭരണ സ്ഥാപനങ്ങള്‍, കാര്‍ കെയര്‍ സെന്റര്‍, കാര്‍ ഏജന്‍സികള്‍ എന്നിവിടങ്ങളിലും നിരോധനം നടപ്പിലാക്കും.
യുക്രൈന്‍ – റഷ്യ യുദ്ധം : സമാധാന പദ്ധതികളില്‍ പുരോഗതിയെന്ന് ട്രംപ്
യുക്രെയിന്‍ റഷ്യ യുദ്ധമവസാനിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ്. 20 ഇന സമാധാന പദ്ധതികളില്‍ ഭൂരിഭാഗവും അംഗീകരിക്കപ്പെട്ടതായും ട്രംപ് പറഞ്ഞു.
അമേരിക്കയിലെ മാര്‍ ല ഗോയില്‍ യുക്രൈന്‍ പ്രസിഡന്റുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് യുദ്ധം അവസാനിപ്പിക്കാനായി തയ്യാറാക്കിയ 20 ഇന സമാധാന പദ്ധതികളുടെ 95 ശതമാനവും അംഗീകരിക്കപ്പെട്ടതായി ട്രംപ് വെളിപ്പെടുത്തിയത്. എന്നാല്‍ ഇനിയും കടമ്പകള്‍ ഏറെയാണ്. അതേസമയം തന്നെ വലിയ ചില മുള്ളുകള്‍ അവശേഷിക്കുന്നുണ്ട്. ഇത് കൂടി പരിഹരിക്കപ്പെട്ടാല്‍ യുദ്ധം അവസാനിക്കുമെന്ന് ട്രംപ് അവകാശപ്പെട്ടു. പുടിനുമായി രണ്ടരമണിക്കൂറോളം ടെലിഫോണിലൂടെ സംസാരിച്ചശേഷമായിരുന്നു സെലന്‍സ്്ക്കിയുമായുള്ള കൂടിക്കാഴ്ച്ച. അതേസമയം സമാധാനകരാറിന്റെ 90 ശതമാനത്തില്‍ മാത്രമേ ധാരണയിലെത്തിയിട്ടുള്ളുവെന്ന് യുക്രൈയിന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി തിരുത്തി. റഷ്യ കൈവശപ്പെടുത്തിയ പ്രദേശങ്ങള്‍ തിരികെ നല്‍കുന്നത് സംബന്ധിച്ചുള്ള കാതലായ പ്രശ്‌നങ്ങളാണ് തിരുമാനത്തിലെത്താതെ നില്‍ക്കുന്നത്. 2022 ഫെബ്രുവരിയില്‍ ആരംഭിച്ച യുദ്ധത്തില്‍ യുെൈക്രെയിനിന്റെ 20 ശതമാനം പ്രദേശങ്ങള്‍ ഇപ്പോള്‍ റഷ്യയുടെ കൈവശമാണ്. റഷ്യയുടെ കീഴിലുള്ള ഡോണ്‍ബാസ് റീജിയിണ്‍ വിട്ടുകിട്ടണമെന്ന യുക്രൈയിന്റെ ആവശ്യത്തോട് പ്രതികൂലമായാണ് റഷ്യ പ്രതികരിച്ചിട്ടുള്ളത്. ഈ പ്രദേശങ്ങള്‍ തിരികെ യുക്രൈന് കൈമാറുന്നകാര്യത്തില്‍ പലപ്പോഴും ട്രംപ് പല നിലപാടുകള്‍ ആണ് സ്വീകരിച്ചത്. ആദ്യം റഷ്യ പ്രദേശങ്ങള്‍ വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട ട്രംപ് പിന്നീട് നിലപാട് മാറ്റിപറഞ്ഞിരുന്നു. ഇക്കാര്യത്തില് കൂടി ധാരണയിലെത്തിയാല്‍ നാല് വര്‍ഷത്തോളമായി തുടരുന്ന യുദ്ധം അവസാനിച്ചേക്കും.
ട്രയിനിന് തീപിടിച്ച് ഒരാള്‍ മരിച്ചു
ടാറ്റാ നഗര്‍ – എറണാകുളം എക്‌സ്പ്രസ് ട്രെയിനിന് തീപിടിച്ച് ഒരാള്‍ മരിച്ചു. ബി 1, എം 2 കോച്ചുകളാണ് കത്തിയത്. കോച്ചുകളില്‍ ഉണ്ടായിരുന്ന 158 യാത്രക്കാരെ രക്ഷപ്പെടുത്തി. മരിച്ചയാളുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.
ടാറ്റാനഗര്‍ – എറണാകുളം ജംഗ്ഷന്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിന്റെ രണ്ട് കോച്ചുകളില്‍ തീപിടിത്തമുണ്ടായത്. പുലര്‍ച്ചെയാണ് സംഭവം. തീപിടിത്തമുണ്ടായപ്പോള്‍ ഒരു കോച്ചില്‍ 82 യാത്രക്കാരും രണ്ടാമത്തെ കോച്ചില്‍ 76 യാത്രക്കാരുമുണ്ടായിരുന്നു. തീപിടിത്തം ശ്രദ്ധയില്‍പ്പെട്ട ലോക്കോ പൈലറ്റുമാര്‍ ഉടന്‍ തന്നെ ട്രെയിന്‍ നിര്‍ത്തി. റെയില്‍വെ ഉദ്യോഗസ്ഥര്‍ അഗ്‌നിശമന സേനയെ വിവരമറിയിച്ചു. കനത്ത പുക പടര്‍ന്നതോടെ യാത്രക്കാര്‍ കോച്ചുകളില്‍ നിന്ന് പുറത്തേക്ക് ഓടി. ഫയര്‍ എഞ്ചിനുകള്‍ എത്തുന്നതിനുമുമ്പ്, രണ്ട് കോച്ചുകളും പൂര്‍ണമായും കത്തിനശിച്ചിരുന്നു.രക്ഷാപ്രവര്‍ത്തനത്തിന് മുതിര്‍ന്ന റെയില്‍വെ ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കി. തീപിടിച്ച രണ്ട് കോച്ചുകളും ട്രെയിനില്‍ നിന്ന് വേര്‍പെടുത്തി. യാത്രക്കാരെ ഉടനെ പുറത്തിറക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് ദക്ഷിണ മേഖലാ റെയില്‍വേ അധികൃതര്‍ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സമഗ്രമായ അന്വേഷണം നടത്തുമെന്ന് റെയില്‍വെ അറിയിച്ചു. സംഭവത്തെത്തുടര്‍ന്ന് വിശാഖപട്ടണം – വിജയവാഡ റൂട്ടിലെ നിരവധി ട്രെയിനുകള്‍ വൈകുകയോ റദ്ദാക്കുകയോ ചെയ്തു. കത്തിനശിച്ച കോച്ചുകള്‍ നീക്കം ചെയ്ത ശേഷം ടാറ്റാനഗര്‍ – എറണാകുളം എക്‌സ്പ്രസ് യാത്ര പുനരാരംഭിച്ചു.
ഇന്ത്യക്കാരുടെ നാടുകടത്തില്‍: മുന്നില്‍ സൗദി അറേബ്യ
ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരെ നാടുകടത്തിയ രാജ്യം സൗദി അറേബ്യയെന്ന് കണക്കുകള്‍. വിവിധ നിയമ ലംഘനങ്ങളുടെ പേരില്‍ സുരക്ഷാ സേന അറസ്റ്റ് ചെയ്ത 10,884 പേരെയാണ് രാജ്യത്ത് നിന്ന് നാടുകടത്തിയത്. ആഗോള തലത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന് കണക്കാണിത
ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയമാണ് വിവിധ രാജ്യങ്ങളില്‍ നിന്ന് ഒരു വര്‍ഷത്തിനുളളില്‍ നാടുകടത്തപ്പെട്ട ഇന്ത്യക്കാരുടെ കണക്കുകള്‍ പുറത്ത് വിട്ടത്. സൗദി അറേബ്യയാണ് ഇതില്‍ മുന്നില്‍. സൗദി തലസ്ഥാനമായ റിയാദില്‍ നിന്ന് 7,019 പ്രവാസികളെയും ജിദ്ദയില്‍ നിന്ന് 3,865 പേരെയും ഈ വര്‍ഷം നാടുകടത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 81 രാജ്യങ്ങള്‍ നാടുകടത്തിയ ഇന്ത്യക്കാരുടെ കണക്കുകള്‍ പരിശോധിച്ചശേഷമാണ് ഇത്തരത്തില്‍ ഒരു നിഗമനത്തിലേക്ക് വിദേശകാര്യ മന്ത്രാലയം എത്തിച്ചേര്‍ന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അമേരിക്ക നടത്തിയ ഏറ്റവും ഉയര്‍ന്ന നാടുകടത്തല്‍ 2025-ലായിരുന്നു. ഈ വര്‍ഷം 3800 ഇന്ത്യക്കാരെയാണ് യു.എസ് ഭരണകൂടം നാടുകടത്തിയത്. യു.ഇഎയില്‍ നിന്ന് ഈ വര്‍ഷം നാടുകടത്തിയ ഇന്ത്യന്‍ പ്രവാസികളുടെ എണ്ണം 1,469 ആണ്. 2021 മുതല്‍ ഇതുവരെ യു.എഇയില്‍ നിന്ന് നാടുകടത്തപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം ഏകദേശം നാലായിരത്തോളം വരും. ബഹ്റൈറില്‍ നിന്ന് 764 പ്രവാസികളെയും ഈ വര്‍ഷം നാടുകടത്തിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേ സമയം ഒമാനില്‍ നിന്ന് പതിനാറ് ഇന്ത്യക്കാരെ മ്ര്രാതമാണ് സ്വന്തം രാജ്യത്തേക്ക് തിരിച്ചയച്ചത്. മലേഷ്യ 1,485, മ്യാന്‍മര്‍ 1591, തായ്ലന്‍ഡ് 481, ശ്രീലങ്ക 372,ആസ്ട്രേലിയ 34, കാനഡ 188, യുകെ 203, എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ കണക്കുകള്‍. സാധുവായ വിസയില്ലാതെ രാജ്യത്ത് തുടരുക,തൊഴില്‍ നിയമങ്ങളുടെ ലംഘനം,വിവിധ കേസുകളില്‍ പ്രതിയാകല്‍ തുടങ്ങിയ നിയമ ലംഘനങ്ങളുടെ പേരില്‍ പിടിക്കെപ്പെട്ടവരെയാണ് വിവിധ രാജ്യങ്ങള്‍ നാടുകടത്തലിന് വിധേയരാക്കിയതെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു
ശബരിമല സ്വര്‍ണക്കൊള്ള – മുന്‍ ദേവസ്വം ബോര്‍ഡ് അംഗം അറസ്റ്റില്‍
ശബരിമല സ്വര്‍ണകൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം വിജയകുമാര്‍ അറസ്റ്റില്‍. പ്രത്യേക അന്വേഷണസംഘത്തിന്റെ ഓഫീസില്‍ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു വിജയകുമാര്‍. കേസില്‍ ജയിലില്‍ കഴിയുന്ന പത്മകുമാര്‍ അധ്യക്ഷനായ ബോര്‍ഡിലെ അംഗമായിരുന്നു വിജയകുമാര്‍.
ശബരിമല സ്വര്‍ണപാളി കൊള്ളകേസില്‍ അന്നത്തെ ദേവസ്വം ബോര്‍ഡിലെ അംഗമായിരുന്ന വിജയകുമാര് ഉച്ചയോടെയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ഓഫീസിലെത്തി കീഴടങ്ങിയത്. കേസില്‍ മുന്‍കൂര് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്ന വിജയകുമാര്‍ അത് പിന്‍വലിച്ചാണ് കീഴടങ്ങിയത്. ഇദ്ദേഹത്തെ അന്വേഷണ സംഘം അറസ്റ്റ് ചെയ്യുമെന്ന് വാര്‍ത്തകള്‍ക്കിടിയൊണ് നാടകീയമായ നീക്കം. സുഹൃത്തുക്കളും കുടുംബാംഗങ്ങളും നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് കീഴടങ്ങിയതെന്നാണ് വിജയകുമാര്‍ പറയുന്നത്. അതേസമയം താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും വിജയകുമാര്‍ പറഞ്ഞു. കേസില്‍ ബോര്‍ഡിലെ എല്ലാ അംഗങ്ങള്‍ക്കും തുല്യപങ്കാളിത്തമുണ്ടെന്ന് ഹൈക്കോടതി കഴിഞ്ഞദിവസം പരാമര്‍ശിച്ചതോടെയാണ് വിജയകുമാറിനേയും ബോര്‍ഡിലെ മറ്റൊരു അംഗമായ ശങ്കര്‍ദാസിനേയും അറസ്റ്റ് ചെയ്യുമെന്ന അഭ്യൂഹം ശക്തമായത്. ഇരുവരും തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. ബോര്‍ഡിലെ എല്ലാവരും ചേര്‍ന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണം കൈമാറാനുള്ള തീരുമാനമെടുത്തത് എന്ന് എ പത്മകുമാര്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. മറ്റ് അംഗങ്ങളിലേക്ക് അന്വേഷണം നീളാത്തതില്‍ കോടതി അതൃപ്തി രേഖ്‌പെടുത്തുകയും ചെയ്തതോടെയാണ് വിജയകുമാറിന്റേയും ശങ്കര്‍ ദാസിന്റേയും അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. 2018 ലാണ് സിപിഎം പ്രതിനിധിയായി വിജയകുമാര്‍ ദേവസ്വം ബോര്‍ഡിലെത്തിയത്. സ്വര്‍ണപ്പാളി കേസില്‍ മെറ്റൊരു സിപിഎം നേതാവ് കൂടി അകത്തായതോടെ പാര്‍ട്ടിയും കൂടുതല്‍ പ്രതിസന്ധിയിലായി.


