ഏറ്റവും പുതിയ മോഡലായ കുഞ്ഞൻ എസ്‌യുവി എക്സ്റ്റർ പുറത്തിറക്കി ഹുണ്ടായി. മോഡലിന്റെ അഞ്ച് വേരിയന്റുകളാണ് പുറത്തിറക്കിയത്. ട്രിം, പെട്രോള്‍, സിഎൻജി ഇന്ധന ഓപ്ഷനുകളുള്ള എഞ്ചിൻ, മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകൾ എന്നിവ വാഹനത്തിനുണ്ട്.
ഹുണ്ടായ് എക്സ്റ്റർ 1.2 പെട്രോൾ മാനുവലിന് ആറ് ലക്ഷം മുതലാണ് വില. വേരിയന്റ് അനുസരിച്ച് 9.32 ലക്ഷം വരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. എക്സിന് ആറ് ലക്ഷവും, എസിന് 7.27 ലക്ഷവും ആണ് അടിസ്ഥാനവില. എസ്എക്സ് എട്ട് ലക്ഷത്തിനും എസ്എക്സ് (ഒ) 8.64 ലക്ഷത്തിനും എസ്എക്സ്(ഒ) കണക്ട് 9.32 ലക്ഷത്തിനുമാണ് വിപണിയിലുള്ളത്.
കാർ വിപണിയെ ഞെട്ടിച്ച് ഹ്യുണ്ടായിയുടെ കുഞ്ഞൻ എസ്.യു.വി എക്‌സ്റ്റര്‍; വില ആറ് ലക്ഷം മുതൽ
ആദ്യം സെമി ഹൈസ്പീഡ് റെയിൽ: മാറ്റങ്ങൾ നിർദ്ദേശിച്ച് ഇ ശ്രീധരൻ; റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി
അതിവേഗ ട്രെയിൻ സംബന്ധിച്ച മാറ്റങ്ങൾ നിർദേശിച്ച് മെട്രോമാൻ ഇ ശ്രീധരന്‍റെ റിപ്പോർട്ട്. സിൽവർലൈൻ അതേപടി നടപ്പാക്കാനാകില്ലെന്നും പദ്ധതിയിൽ മാറ്റം വേണമെന്നും വ്യക്തമാക്കുന്ന റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. ഡൽഹിയിലെ കേരളത്തിന്‍റെ പ്രത്യേക പ്രതിനിധി കെ.വി. തോമസ് വഴിയാണ് മുഖ്യമന്ത്രിയ്ക്ക് റിപ്പോര്‍ട്ട് കൈമാറിയത്. വികസന കാര്യത്തില്‍ രാഷ്ട്രീയമില്ലെന്നും കെ.വി.തോമസ് ഡല്‍ഹിയില്‍ പറഞ്ഞു
പുതിയ പാതയെ ദേശീയ റെയില്‍പാതയുമായി ബന്ധിപ്പിക്കാന്‍ ബന്ധിപ്പിക്കാന്‍ കഴിയണം. നിലവിലെ സില്‍വര്‍ ലൈന്‍ ദേശീയ റെയില്‍പാതയുമായി ബന്ധിപ്പിക്കാന്‍ കഴിയില്ല. ബ്രോഡ്‌ഗേജ് സംവിധാനത്തിലേക്ക് മാറിയാലേ ഇത് സാധ്യമാകൂ. മംഗലാപുരം ഉള്‍പ്പടെ കേരളത്തിനു പുറത്തേക്കും ഹൈസ്പീഡ് പാത നീട്ടണം. എങ്കില്‍ മാത്രമേ പദ്ധതി പ്രായോഗികമാകൂ. ആദ്യം സെമി ഹൈസ്പീഡ് റെയില്‍ വേണമെന്നും പിന്നീട് ഇത് ഹൈസ്പീഡാക്കണമെന്നും ശ്രീധരന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
മുതലപ്പൊഴിയില്‍ മന്ത്രിമാരെ തടഞ്ഞത് രാഷ്ട്രീയ ഗൂഢാലോചനയെന്ന് മന്ത്രി ആന്‍റണി രാജു
മുതലപ്പൊഴിയില്‍ ഇന്നലെ മന്ത്രിമാരെ തടഞ്ഞ സംഭവം രാഷ്ട്രീയ ഗൂഢാലോചനയെന്ന് മന്ത്രി ആന്‍റണി രാജു. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ പോയ മന്ത്രിമാരെ തടയാന്‍ പുറത്തു നിന്ന് കോണ്‍ഗ്രസുകാര്‍ എത്തി. സംഘര്‍ഷമുണ്ടാക്കാന്‍ ബോധപൂര്‍വം ശ്രമം നടന്നു. പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചവരോടാണ് കയര്‍ത്തതെന്നും മന്ത്രി പറഞ്ഞു.
സംഭവം അറിഞ്ഞ് അദാലത്ത് നിര്‍ത്തിവെച്ചാണ് തങ്ങള്‍ മന്ത്രിമാര്‍ സ്ഥലത്തെത്തിയത്. എത്തുമ്പോള്‍ നൂറിലധികം പേരുണ്ടായിരുന്നു. ഇതില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നാല് പേരാണ് പ്രതിഷേധ സ്വരത്തില്‍ സംസാരിച്ചത്. അവര്‍ നാട്ടുകാരോ മരിച്ചുപോയവരുടെ ബന്ധുക്കളോ അല്ല. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജോളി പത്രോസ്, കോൺഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പരാജയപ്പെട്ട മറ്റൊരു സ്ത്രീ, യൂത്ത് കോണ്‍ഗ്രസ മണ്ഡലം പ്രസിഡന്റ് കിരണ്‍ ഡേവിഡ് ഉള്‍പ്പെടെ നാല് പേരാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത്. മത്സ്യത്തൊഴിലാളികളും കോണ്‍ഗ്രസുകാരുമായുള്ള സംഘര്‍ഷം ഒഴിവാക്കാനാണ് മന്ത്രിമാര്‍ ശ്രമിച്ചത്. വള്ളംമറിഞ്ഞ് മരിച്ചവരുടെ ബന്ധുക്കള്‍ പരാതി ഒന്നും പറഞ്ഞില്ലെന്നും മന്ത്രി പറഞ്ഞു.
ഗ്ലാസ് പാളികൾ ദേഹത്ത് വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം
ഏലൂരിൽ ഗ്ളാസ് പാളികൾ മറിഞ്ഞ് വീണ് യന്ത്രത്തിനിടയിൽ പെട്ട് തൊഴിലാളി മരിച്ചു. കൊച്ചി ഇടയാറിലെ ഗ്ലാസ് ഫാക്ടറിയിലാണ് സംഭവം. അസം സ്വദേശി ധൻകുമാർ (20) ആണ് മരിച്ചത്. ഗ്ലാസ് പാളിയിൽ സ്റ്റിക്കർ ഒട്ടിക്കുന്നതിനിടെ ആയിരുന്നു സംഭവം.
ഏഴ് വലിയ ഗ്ളാസ് പാളികളാണ് ധൻകുമാറിന്റെ ശരീരത്തേക്ക് പതിച്ചത്. അപകടം സ്ഥലത്തുവെച്ച് തന്നെ മരണം സംഭവിക്കുകയായിരുന്നു. പോലീസും ഫയർഫോഴ്‌സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അപകടനില കടന്ന് യമുനയിലെ ജലനിരപ്പ് ; ഡല്‍ഹിയിൽ ആളുകളെ ഒഴിപ്പിക്കുന്നു
യമുനാ നദിയിലെ ജലം അപകട നിലക്ക് മുകളിലെത്തി. കനത്ത മഴയെ തുടർന്ന് അണക്കെട്ടുകൾ തുറന്നു വിട്ടതിനാൽ പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തിലാണ് വെള്ളം അപകടനിലക്ക് മുകളിലെത്തിയതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നദിയുടെ തീരത്തോട് ചേര്‍ന്ന സ്ഥലങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നത് ദ്രുതഗതിയിലാക്കി.
ഇന്ന് രാവിലെ നദിയിലെ ജലനിരപ്പ് 206.24 മീറ്ററായി. ഇന്നലെ വൈകിട്ട് ഇത് 203.33 ആയിരുന്നു. ഇന്ന് ഉച്ചയോടെ അപകടനില മറികടക്കുമെന്നായിരുന്നു നേരത്തേ പ്രതീക്ഷിച്ചിരുന്നത്. യമുനയിലേക്ക് ഹത്നികുണ്ഡ് ബാരേജില്‍ നിന്ന് ഹരിയാന കൂടുതല്‍ ജലം തുറന്നുവിട്ടതോടെയാണ് ജലനിരപ്പ് വളരെ വേഗം ഉയരുന്നത്. വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള പ്രദേശങ്ങളെയും യമുനയിലെ ജലനിരപ്പും നിരീക്ഷിക്കുന്നതിന് ഡല്‍ഹി സര്‍ക്കാര്‍ 16 കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, ഉത്തരാഖണ്ഡ്, ഹരിയാന, ഡല്‍ഹി, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ ഇന്നും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഏകീകൃത സിവിൽകോഡിനെതിരെ പ്രതിഷേധിക്കാൻ യു ഡി എഫ് ; സി പി ഐ എം ക്ഷണം നിരസിച്ച ലീഗിന് അഭിനന്ദനം

ഏകീകൃത സിവിൽ കോഡിനെതിരെ പ്രതിഷേധിക്കാൻ യുഡിഎഫ് രംഗത്ത്. ജൂലൈ 29ന് തിരുവനന്തപുരത്ത് ബഹുസ്വരത സംഗമം സംഘടിപ്പിക്കും. എല്ലാ മതവിഭാഗങ്ങളെയും പങ്കെടുപ്പിക്കും. ജനപ്രതിനിധികളുടെയും യുഡിഎഫ് നേതാക്കളുടെയും നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കും. എല്ലാവരും ഒന്നിച്ച് നിന്നുകൊണ്ട് നീക്കത്തെ പ്രതിരോധിക്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു.
ബഹുസ്വരതയെ തകർക്കാനുള്ള എല്ലാ നീക്കത്തെയും പല്ലും നഖവുമുപയോഗിച്ച് തകർക്കാനുള്ള തീരുമാനമാണ് യുഡിഎഫ് എടുത്തിട്ടുള്ളത്. കോൺഗ്രസ്, മുസ്ലിം ലീഗ് പരിപാടികൾക്ക് മാറ്റമില്ലെന്നും സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഏകീകൃത സിവില്‍ കോഡ് വേണ്ട എന്നതാണ് കോണ്‍ഗ്രസ് നിലപാട്. സി പി ഐഎം ദേശീയ സെമിനാറിലേക്ക് മുസ്ലിം ലീഗിനെ ക്ഷണിച്ചത് രാഷ്ട്രീയ ലക്ഷ്യം വച്ചാണ്. ക്ഷണം തള്ളിയ ലീഗിനെ യു ഡി എഫ് ഒന്നാകെ അഭിനന്ദിച്ചു. ഏകസിവില്‍കോഡില്‍ സി പി എമ്മുമായി ചേര്‍ന്നു ഒരു പരിപാടിയും ഇല്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി.
ഷാജൻ സ്കറിയയുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു
മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയയുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു. ഷാജൻ സ്കറിയക്കെതിരായ കേസ് എസ്.സി-എസ്.ടി അതിക്രമ നിരോധന നിയമ പരിധിയിൽ വരില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് പി.വി. നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. അപകീർത്തിപരമായ പരാമർശങ്ങളാണ് ഷാജൻ സ്കറിയ നടത്തിയതെന്ന വാദം കോടതി ശരിവച്ചു. തുടർന്നാണ് അറസ്റ്റിൽ നിന്ന് ഇടക്കാല സംരക്ഷണം നൽകിയത്. മൂന്നാഴ്ച കഴിഞ്ഞ് കേസ് പരിഗണിക്കുന്നത് വരെയാണ് അറസ്റ്റ് തടഞ്ഞത്.ഷാജൻ സ്കറിയയോട് അഭിപ്രായങ്ങളിൽ കൂടുതൽ സംയമനം പാലിക്കണമെന്ന് നിർദേശിക്കാൻ ഷാജന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ലുത്രയോട് കോടതി പറഞ്ഞു.
കേരളത്തിൽ ഒരു ഡെങ്കിപ്പനി മരണം കൂടി
ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിൽ ആയിരുന്ന തൃശൂർ സ്വദേശി വീട്ടമ്മ മരിച്ചു. ദേശമംഗലം സ്വദേശിനി അമ്മാളുക്കുട്ടി (53) ആണ് മരിച്ചത്. ഡെങ്കിപ്പനിയെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിൽ ആയിരുന്നു. ഇന്ന് രാവിലെയോടെയാണ് മരണം.
ഡെങ്കി ഹൃദയത്തെ ബാധിച്ചുവെന്നാണ് മെഡിക്കൽ കോളേജ് അധികൃതർ പറയുന്നത്. ആറാം തീയതിയാണ് ഇവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിൽ ആയതിനെ തുടർന്ന് ഐ സി യു വിലക്ക് മാറ്റിയിരുന്നു.
മഴക്ക് ശമനമായിട്ടുണ്ടെങ്കിലും കേരളത്തിൽ വിവിധയിടങ്ങളിൽ ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ടൊവിനോയുടെ ‘നടികർ തിലകം’; ഷൂട്ടിംഗ് തുടങ്ങുന്നു
ലാല്‍ ജൂനിയറിന്റെ സംവിധാനത്തിൽ ടൊവിനോ തോമസ് നായകനായെത്തുന്ന ചിത്രം ‘നടികർ തിലകം’ ജൂലൈ 11 നു ഷൂട്ടിംഗ് തുടങ്ങും. സൂപ്പര്‍സ്റ്റാര്‍ ‘ഡേവിഡ് പടിക്കല്‍’ എന്ന കഥാപാത്രമായാണ് ടൊവിനോ ചിത്രത്തിലെത്തുന്നത്. സൗബിന്‍ ഷാഹിറും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും നടികര്‍ തിലകത്തിനുണ്ട്. ബാല എന്ന കഥാപാത്രത്തെയാണ് സൗബിന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
വീണ നന്ദകുമാർ, ഷൈൻ ടോം ചാക്കോ, അനൂപ് മേനോൻ, ലാൽ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ബാലു വർഗീസ്, എന്നിങ്ങനെ വമ്പൻ താരനിര അണിനിരക്കുന്ന ഒരു ബിഗ് ബജറ്റ് ചിത്രം കൂടിയാണ് നടികർ തിലകം. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സുവിൻ എസ് സോമശേഖരൻ ആണ്. ആൽബിയാണ് ഛായാഗ്രഹണം. യസ്‌കിൻ ഗാരി പെരേര, നേഹ എസ് നായർ എന്നിവർ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു.
ഡ്രൈവിംഗ് ലൈസന്‍സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് നടികർ തിലകം. ഗോഡ് സ്‍പിഡ്& മൈത്രി മൂവി മേക്കേഴ്‍സിന്റെ ബാനറിൽ നവീൻ യേർ നേനി, വൈ. രവിശങ്കർ, അലൻ ആന്റണി. അനൂപ് വേണുഗോപാൽ എന്നിവരാണ് ‘നടികര്‍ തിലകം’ നിര്‍മിക്കുന്നത്.


