Tuesday, March 31, 2026
Home Blog Page 242

തെരുവുനായ കുറുകെ ചാടി; ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

0

കോഴിക്കോട് തെരുവുനായ്ക്കൾ കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു. വടകര അഴിയൂർ ആവിക്കര റോഡിൽ പുതിയപറമ്പത്ത് അനിൽ ബാബുവാണ് മരിച്ചത്.

വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെ കണ്ണൂക്കര-ഒഞ്ചിയം റോഡിലാണ് അപകടം നടന്നത്. കണ്ണൂക്കരയിൽ ബസ് സ്റ്റോപ്പിന് മുന്നിലൂടെ പോകുമ്പോൾ ഓട്ടോയുടെ മുന്നിലേക്ക് ഒരു കൂട്ടം തെരുവ് നായ്ക്കള്‍ റോഡിന് കുറുകെ ചാടുകയായിരുന്നു. നാട്ടുകാർ വടകര സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രാത്രിയോടെ മരിച്ചു. സി.ഐ.ടി.യു ഹാര്‍ബര്‍ സെക്ഷൻ സെക്രട്ടറിയും സജീവ സാമൂഹിക പ്രവര്‍ത്തകനുമാണ്. മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: നിഷ. മകന്‍: അനുനന്ദ്.

ഐ ഫോൺ വാങ്ങാനായി കൈക്കുഞ്ഞിനെ വിറ്റ ദമ്പതികൾ അറസ്റ്റിൽ

0

മൊബൈൽ ഫോൺ വാങ്ങാനും ആഡംബര ജീവിതത്തിനുമായി 8 മാസം പ്രായമായ കൈക്കുഞ്ഞിനെ വിറ്റ ദമ്പതികൾ അറസ്റ്റിലായി. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലാണ് സംഭവം. കുഞ്ഞിനെ കാണാതായ ശേഷം ഉണ്ടായ സംശയകരമായ ചില സാഹചര്യങ്ങളെ തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്ന ഇവരുടെ കയ്യിൽ പെട്ടന്ന് ഐ ഫോൺ കണ്ടതിനെ തുടർന്നാണ് അയൽവാസികൾക്ക് സംശയം തോന്നിയത്.
ജയ്‌ദേവ് ഘോഷും സതിയും കുഞ്ഞിനെ 2 ലക്ഷം രൂപയ്ക്ക് വിറ്റു. ആ പണവുമായി ഹണിമൂണിനായി ദിഘാ, മന്ദർമണി ബീച്ചുകൾ ഉൾപ്പെടെ സംസ്ഥാനത്തുടനീളമുള്ള നിരവധി സ്ഥലങ്ങൾ സന്ദർശിച്ചു. ദമ്പതികൾക്ക് ഒരു മകൾ കൂടി ഉണ്ട്. ഒന്നരമാസം മുൻപാണ് സംഭവം നടന്നതെങ്കിലും ജൂലൈ 24നാണ് വിവരം പുറത്തറിഞ്ഞത്.

ഭർത്താവിനെ കൊന്ന് കുഴിച്ചുമൂടി; ഭാര്യ പോലീസ് പിടിയിൽ

0

പത്തനംതിട്ട കലഞ്ഞൂരിൽ ഒന്നര വര്ഷം മുൻപ് കാണാതായ യുവാവ് കൊല്ലപ്പെട്ടെന്ന് സൂചന. പാടം സ്വദേശി നൗഷാദ് എന്നയാൾ കൊല്ലപ്പെട്ടതായാണു സംശയം. പരുത്തിപ്പാറയില്‍ ഭര്‍ത്താവിനെ കൊന്ന് കുഴിച്ചിട്ടെന്ന് യുവതി മൊഴി നല്‍കിയതിന് പിന്നാലെ പോലീസിന്റെ വ്യാപക പരിശോധന. പരുത്തിപ്പാറയിൽ വാടകവീട്ടിലാണ് നൗഷാദും ഭാര്യയും താമസിച്ചിരുന്നത്. അവിടെ കുഴിച്ചിട്ടെന്നാണ് ഭാര്യ മൊഴി നൽകിയത്.
2021 ലാണ് നൗഷാദിനെ കാണാതായത്. പിതാവ് നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഭാര്യയെ ചോദ്യം ചെയ്യുന്നതിനിടെ മൊഴിയിൽ വൈരുധ്യം ശ്രദ്ധയിൽപ്പെട്ടു. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് കൊന്നതാണെന്ന് ഭാര്യ മൊഴി നൽകിയത്. നൗഷാദിനെ കൊലപ്പെടുത്തി പുഴയിലെറിഞ്ഞെന്നും ഭാര്യ പറയുന്നുണ്ട്.

ഷാരൂഖിന്റെ ജവാനിലെ ‘സിന്ദാ ബന്ദ’ ഗാനത്തിനായി ചെലവഴിച്ചത് 15 കോടി; ഗാന രംഗത്തിൽ കിംഗ് ഖാനൊപ്പം1000 നർത്തകിമാർ

0

കിങ് ഖാൻ ഷാരൂഖ് ഖാൻ നായകനാകുന്ന ചിത്രമായ ‘ജവാൻ’ എന്ന സിനിമയിലെ ആദ്യ ഗാനം അടുത്താഴ്ച പുറത്തിറങ്ങും. ‘സിന്ദാ ബന്ദ’ എന്ന ഗാനത്തിന് വേണ്ടി മാത്രം ചിലവഴിച്ചത് 15 കോടി രൂപയാണ്. കൂടാതെ മികച്ച ദൃശ്യ അനുഭവം പ്രേക്ഷകർക്ക് ഒരുക്കികൊണ്ട് ആയിരത്തിലധികം നർത്തകിമാർ ഗാന രംഗത്തിൽ അണിനിരക്കുന്നുണ്ട്. ജവാന്റെ പ്രിവ്യൂ പുറത്ത് വന്നതിനു പിന്നാലെ ചിത്രം ഏറെ ചർച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് പുതിയ ഗാനവും എത്തുന്നത്.

പാൻ-ഇന്ത്യൻ ചിത്രമായ ജവാൻ സംവിധാനം ചെയ്യുന്നത് അറ്റ്‍ലി ആണ്. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഗൗരി ഖാൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. അനിരുദ്ധ് ആണ് ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഗാനത്തിന്റെ കൊറിയോഗ്രാഫി നിര്‍വഹിച്ചിരിക്കുന്നത് ഷോബിയാണ്.
ചിത്രത്തിൽ നയൻതാര, സന്യ മൽഹോത്ര, വിജയ് സേതുപതി, പ്രിയാമണി, റിദ്ദി ദോഗ്ര തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഷാരൂഖ് ഖാൻ എത്തുന്നത് ഇരട്ട വേഷത്തിലാണ് എന്നും സൂചനയുണ്ട്. ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ അച്ഛനും ഒരു ഫൈറ്ററായ മകനുമായി ഷാറൂഖ് ഖാൻ എത്തുമെന്നാണ് റിപ്പോർട്ട്. തമിഴില്‍ ഹിറ്റ് മേക്കറായി മാറിയ അറ്റ്ലിയുടെ ബോളിവുഡ് അരങ്ങേറ്റം എന്ന നിലയിലും ദക്ഷിണേന്ത്യന്‍ സിനിമ പ്രവര്‍ത്തകരുമായി ചേര്‍ന്ന് വളരെ കാലത്തിന് ശേഷം ഷാരൂഖ് ഖാന്‍ പ്രവര്‍ത്തിക്കുന്ന ചിത്രമെന്ന നിലയിലും ജവാന്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രം സെപ്റ്റംബർ 7ന് റിലീസ് ചെയ്യും. ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായാണ് ചിത്രം തിയേറ്ററുകളിലെത്തുക.

കറുത്ത വസ്ത്രമണിഞ്ഞ് പ്രതിപക്ഷ എംപിമാര്‍; പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധം

0

മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധം. പ്രധാനമന്ത്രി സഭയില്‍ സംസാരിക്കണമെന്ന ആവശ്യം പ്രതിപക്ഷം ആവർത്തിച്ചു. തുടര്‍ന്നുണ്ടായ ബഹളത്തില്‍ ലോക്‌സഭയും രാജ്യസഭയും രണ്ട് മണി വരെ നിര്‍ത്തി വെച്ചു. ഭരണപക്ഷത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് കറുത്ത വസ്ത്രം ധരിച്ചാണ് പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റിലെത്തിയത്. അവിശ്വാസ പ്രമേയം കൊണ്ടുവന്നിട്ടോ കറുത്ത വസ്ത്രം ധരിച്ചിട്ടോ ഒരു പ്രയോജനവുമില്ലെന്നും നരേന്ദ്ര മോദി തന്നെ 2024 ലും ഇന്ത്യ ഭരിക്കുമെന്നും പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് പരിഹസിച്ചു.
പാർലമെന്റ് ചേരുന്നതിനു മുന്നോടിയായി, രാവിലെ പ്രതിപക്ഷ യോഗം ചേർന്നിരുന്നു. പ്രതിപക്ഷ നേതാക്കളുടെ കറുത്ത വസ്ത്രം പ്രധാനമന്ത്രിയുടെ ധാർഷ്ട്യത്തിന് എതിരാണെന്ന് പറഞ്ഞ കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയ്, മണിപ്പുരിലെ ജനങ്ങളുടെ മുറിവുകളിൽ പ്രധാനമന്ത്രി ഉപ്പ് പുരട്ടുകയാണെന്നും ആരോപിച്ചു.

കേരളത്തിൽ സ്വര്‍ണവില വീണ്ടും കുതിച്ചു

0

തുടര്‍ച്ചയായ രണ്ടാംദിനവും കേരളത്തില്‍ സ്വര്‍ണവില വര്‍ധിച്ചു. രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവാണ് ഇതിന് കാരണമായി പറയുന്നത്. ഒരു പവന് 240 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരാഴ്ച മുമ്പുള്ള വിലയിലേക്ക് സ്വര്‍ണം എത്തി. സ്വര്‍ണവിലയില്‍ നേരിയ കുറവ് വന്നേക്കുമെന്ന സൂചനയുണ്ടായിരുന്നു.
കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 44360 രൂപയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കേരളത്തില്‍ ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നത്തെ വില 5545 രൂപയാണ്. ജൂലൈ 21ന് ഇതേ വിലയായിരുന്നു. ബുധനാഴ്ച വില വര്‍ധിച്ച പിന്നാലെയാണ് ഇന്നും വര്‍ധിച്ചിരിക്കുന്നത്. രണ്ടു ദിവസത്തിനിടെ 360 രൂപയുടെ വര്‍ധനവാണ് വന്നിരിക്കുന്നത്. വിപണിയിലെ അസ്ഥിരതയും സ്വര്‍ണത്തിലുള്ള വിശ്വാസ്യതയുമാണ് ഉപഭോക്താക്കളെ മഞ്ഞലോഹത്തിലേക്ക് ആകര്‍ഷിക്കുന്നത്.
അതേസമയം സംസ്ഥാനത്ത് വെള്ളി വിലയും വര്‍ധിച്ചു. ഒരു രൂപയാണ് വെള്ളിയ്ക്ക് കൂടിയത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 81 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളി വിലയില്‍ ഇന്നും മാറ്റമില്ല. വിപണി നിരക്ക് 103 രൂപയാണ്.

75 കാരനെ ഹണിട്രാപ്പിൽ കുടുക്കി 11 ലക്ഷം കവർന്നു; സീരിയൽ നടിയും സുഹൃത്തും അറസ്റ്റിൽ

0

ഹണിട്രാപ്പിലൂടെ കേരള സർവകലാശാല മുൻജീവനക്കാരനായ വയോധികന്റെ 11 ലക്ഷം കവർന്ന കേസിൽ സീരിയൽ നടിയും സുഹൃത്തും അറസ്റ്റിൽ. പത്തനംതിട്ട സ്വദേശി നിത്യ ശശി, പരവൂര്‍ കലയ്‌ക്കോട് സ്വദേശി ബിനു എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. തിരുവനന്തപുരം പട്ടത്ത് താമസിക്കുന്ന മുന്‍ സൈനികനും കേരള സര്‍വ്വകലാശാല ജീവനക്കാരനുമായിരുന്ന 75കാരനാണ് ചതിയില്‍പ്പെട്ടത്.
കൊല്ലം പരവൂരിലാണ് സംഭവം. മേയ് 24ന് ആണ് ഹണി ട്രാപ്പിനായി കെണിയൊരുക്കിയത്. കലയ്‌ക്കോട്ടെ വീട് വാടകയ്ക്ക് ചോദിച്ച് ഫോണിലൂടെ വയോധികനുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. ദിവസവും ഫോണ്‍ വിളിച്ച് സൗഹൃദം ഊട്ടിയുറപ്പിച്ചു. ഒരു ദിവസം വയോധികന്‍ കലയ്‌ക്കോട്ടെ വീട്ടിലെത്തിയപ്പോള്‍ ഭീഷണിപ്പെടുത്തി വസ്ത്രങ്ങള്‍ അഴിപ്പിച്ച് വിവസ്ത്രയായ നിത്യയ്‌ക്കൊപ്പം ചിത്രങ്ങള്‍ എടുത്തു. വയോധികന്റെ ബന്ധു കൂടിയായ ബിനുവാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.
ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 25 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഭീഷണി തുടര്‍ന്നതോടെ 11 ലക്ഷം രൂപ നല്‍കി. വീണ്ടും പണം ആവശ്യപ്പെട്ട് പ്രതികള്‍ ഭീഷണി തുടര്‍ന്നതോടെ വയോധികന്‍ പൊലീസില്‍ പരാതി നൽകുകയായിരുന്നു. പൊലീസ് ആവശ്യപ്പെട്ട പ്രകാരം ബാക്കി പണം നല്‍കാനെന്ന പേരില്‍ പരാതിക്കാരന്‍ പ്രതികളെ പട്ടത്തെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി. അവിടെ വച്ച് പരവൂര്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

സംസ്ഥാനത്ത് പ്ലസ് വൺ 97 ബാച്ചുകൾ കൂടി അനുവദിച്ചു; 57 ബാച്ചുകൾ സർക്കാർ സ്കൂളുകളിൽ

0

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള പ്രതിസന്ധി പരിഹരിക്കാന്‍ പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള മലബാര്‍ ജില്ലകളില്‍ 97 അധിക ബാച്ചുകള്‍ക്ക് കൂടി അനുമതി. വിദ്യാഭ്യാസ വകുപ്പിന്റെ ശുപാർശ മന്ത്രിസഭാ യോഗം അംഗീകരിക്കുകയായിരുന്നു. 97ൽ 57 ബാച്ചും സർക്കാർ സ്കൂളുകളിലാണെന്ന് വിശ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

സീറ്റ് പ്രതിസന്ധി കൂടുതൽ നേരിടുന്ന മലബാർ മേഖലയിലാണ് അധിക ബാച്ചുകൾ ഏറെയും അനുവദിച്ചത്. മലപ്പുറം ജില്ലയിൽ 53 പുതിയ ബാച്ചുകൾ തുടങ്ങും. കാസർകോട് 15, കോഴിക്കോട് 11, കണ്ണൂർ 10, പാലക്കാട് 4, വയനാട് 4 എന്നിങ്ങനെയാണ് ബാച്ചുകൾ.

മണിപ്പൂര്‍ കലാപം: മോദി സര്‍ക്കാരിനെതിരേ കോൺഗ്രസ് നൽകിയ അവിശ്വാസപ്രമേയ നോട്ടീസിന് അനുമതി

0

മണിപ്പുര്‍ കലാപത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേ ലോക്‌സഭയില്‍ കോണ്‍ഗ്രസ് നല്‍കിയ അവിശ്വാസപ്രമേയ നോട്ടീസിന് അനുമതി. കോണ്‍ഗ്രസ് സഭാകക്ഷി ഉപനേതാവ് ഗൗരവ് ഗൊഗോയി നല്‍കിയ നോട്ടീസിനാണ് സ്പീക്കര്‍ അനുമതി നല്‍കിയത്. മന്ത്രിസഭയില്‍ വിശ്വാസം നഷ്ടപ്പെട്ടതായുള്ള ഒറ്റവരി നോട്ടീസ് ഗൊഗോയി സഭയില്‍ വായിച്ചു.
പ്രമേയത്തിനുള്ള പിന്തുണ സ്പീക്കര്‍ പരിശോധിച്ചു. പ്രതിപക്ഷാംഗങ്ങള്‍ എഴുന്നേറ്റുനിന്ന് നോട്ടീസിനെ പിന്തുണച്ചു. അന്‍പതിലേറെ അംഗങ്ങളുടെ പിന്തുണ വ്യക്തമായതിനെത്തുടര്‍ന്ന് എല്ലാ പാര്‍ട്ടികളിലേയും നേതാക്കളുമായി സംസാരിച്ച്, പ്രമേയത്തിലുള്ള ചര്‍ച്ചയ്ക്കുള്ള സമയം തീരുമാനിക്കുമെന്ന് സ്പീക്കർ ഓം ബിർള സഭയെ അറിയിച്ചു.

കോണ്‍ഗ്രസും പ്രതിപക്ഷസഖ്യമായ ‘ഇന്ത്യ’യുടെ ഭാഗമല്ലാത്ത ബി.ആര്‍.എസുമാണ് അവിശ്വാസപ്രമേയ നോട്ടീസ് നല്‍കിയിരുന്നത്. കെ. ചന്ദ്രശേഖര്‍ റാവുവിന്റെ പാര്‍ട്ടിയായ ബി.ആര്‍.എസ്. എം.പി. നാമനാഗേശ്വര റാവുവുവും അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കി. മണിപ്പൂർ വിഷയത്തിൽ പാർലമെൻറിൽ നരേന്ദ്രമോദി സംസാരിക്കണമെന്ന് ആവശ്യം ശക്തമാക്കിയാണ് നോട്ടീസ് നൽകിയത്.

ചാറ്റ് ജി പി ടി ആന്‍ഡ്രോയ്ഡ് പതിപ്പെത്തി; പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം

0

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ് ബോട്ട് സേവനമായ ചാറ്റ് ജിപിടിയുടെ ആന്‍ഡ്രോയിഡ് ആപ്പ് അവതരിപ്പിച്ചു. എല്ലാ സ്മാര്‍ട്ട് ഫോണുകളിലും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. യുഎസ്, ഇന്ത്യ, ബംഗ്ലാദേശ്, ബ്രസീല്‍ എന്നിവിടങ്ങളിലാണ് ചാറ്റ് ജിപിടി ആന്‍ഡ്രോയിഡ് അവതരിപ്പിച്ചത്. മറ്റ് രാജ്യങ്ങളിൽ വരുന്ന ദിവസങ്ങളിൽ ആപ്പ് എത്തിക്കുമെന്ന് ഓപ്പൺ എ ഐ അറിയിച്ചു.

മനുഷ്യന്റെ ഭാഷ മനസിലാക്കാനും അതിനനുസരിച്ച് സംഭാഷണങ്ങൾ നടത്താനുമാണ്‌ ചാറ്റ് ജിപിടിയെ തയ്യാറാക്കിയിരിക്കുന്നത്. ചാറ്റ് ജിപിടിയുടെ ഉപയോഗം വലിയ തോതില്‍ പ്രചരിച്ചതിനു പിന്നാലെയാണ് ആന്‍ഡ്രോയിഡ് ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ചോദ്യങ്ങള്‍ക്കുള്ള ഉത്തരം, നിര്‍ദേശങ്ങള്‍, ലേഖനങ്ങള്‍ എഴുതുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി ഈ ആപ്പ് ഉപയോഗിക്കാം.

‘കസ്റ്റമൈസ്ഡ് ഇന്‍സ്ട്രക്ഷന്‍സ്’ എന്ന പേരില്‍ പുതിയൊരു ഫീച്ചര്‍ ചാറ്റ്ജിപിടി അവതരിപ്പിച്ചിരുന്നു. ഭാവി ആശയവിനിമയങ്ങള്‍ക്ക് ഉപഗോഗിക്കുന്ന വിധം എന്തും ചാറ്റ് ജി പി ടി യോട് പറയാനാവുന്ന സൗകര്യമാണിത്. ചാറ്റ് ജി പി ടി പ്ലസ് ബീറ്റാ ഉപഭോക്താക്കള്‍ക്കാണ് ഈ ഫീച്ചര്‍ ലഭിക്കുക. ആവശ്യങ്ങളും താല്പര്യങ്ങളും ഒക്കെ ഫീഡ് ചെയ്ത് വയ്ക്കുന്ന സംവിധാനമാണ് ഇത്.

ചാറ്റ്ആ ജി പി ടി യുടെ വരവ് വലിയൊരു കുതിച്ചുചാട്ടമാണ് സാങ്കേതിക മേഖലയിൽ ഉണ്ടാക്കിയത്. ബിസിനസ് രംഗത്ത് ഇതിന്റെ സാദ്ധ്യതകൾ എത്രത്തോളമാണെന്ന് പറയാനാവില്ല. ഈ സംവിധാനത്തെ കൂടുതൽ പേർസണൽ ആക്കുക എന്നതാണ് ഏതായാലും ഓപ്പൺ എ ഐ യുടെ ലക്‌ഷ്യം. ആപ്പിന്റെ ആൻഡ്രോയ്ഡ് പതിപ്പ് സൗജന്യമായി തന്നെ ഉപയോഗിക്കാം. ചാറ്റ് ജിപിടി-യുടെ വെബ് പതിപ്പ് 2022 നവംബറിലായിരുന്നു അവതരിപ്പിച്ചത്. ഏതായാലും ആപ്പുകൂടി വന്നതോട് കൂടി ചാറ്റ് ജി പി ടി യുടെ ഉപയോഗം കൂടുതൽ ജനകീയമാകും.