Tuesday, March 31, 2026
Home Blog Page 241

മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 200 റൺസിന്‍റെ കൂറ്റൻ ജയം, വെസ്റ്റിൻഡീസിനെതിരായ പരമ്പര സ്വന്തമാക്കി ഇന്ത്യ

0

വെസ്റ്റിൻഡീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തിൽ ഇന്ത്യക്ക് 200 റൺസിന്‍റെ കൂറ്റൻ ജയം. ഇതോടെ ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കി. ശുഭ്മാൻ ഗില്ലാണ് കളിയിലെ താരം. ഇഷാൻ കിഷൻ പരമ്പരയിലെ താരമായി. ഇന്ത്യ നിശ്ചിത 50 ഓവറിൽ അഞ്ചിന് 351 റൺസ് നേടി. വെസ്റ്റിൻഡീസ് 35 ആം ഓവറിൽ 151 റൺസിന്‌ എല്ലാവരും പുറത്താവുകയായിരുന്നു.

ബാറ്റ്‌സ് മാൻമാർ മികച്ച സ്കോറാണ് ടീമിന് സമ്മാനിച്ചത്. ഓപ്പണർമാരായ ഗില്ലും (92 പന്തിൽ 85) കിഷനും (64 പന്തിൽ 77) മികച്ച തുടക്കമാണ്‌ നൽകിയത്‌. നാലാമനായെത്തിയ സഞ്‌ജുവും (41 പന്തിൽ 51) മികച്ച കളി പുറത്തെടുത്തു. അവസാന ഓവറുകളിൽ ഹാർദിക്‌ (52 പന്തിൽ 70*) തകർത്തടിച്ചു. കിഷൻ പരമ്പരയിൽ തുടർച്ചയായ മൂന്നാം അരസെഞ്ചുറിയാണ്‌ തികച്ചത്‌.
മൂന്നാമനായെത്തിയ ഋതുരാജിന്‌ (8) തിളങ്ങാനായില്ല.

4 മണിക്കൂർ കൊണ്ട് 52 കാരി ചന്ദ്രിക ചേച്ചി 25കാരിയായ കല്യാണപ്പെണ്ണായി; വൈറലായി മേക്ക്ഓവർ

0

മെയ്ക് ഓവറിലൂടെ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ് 52 കാരിയായ ചന്ദ്രികച്ചേച്ചി. കണ്ണൂർ ആലക്കോട് സ്വദീഷിണി ജിൻസിയാണ് ചന്ദ്രികയെ മെയ്ക്ഓവർ നടത്തി ചെറുപ്പക്കാരിയാക്കിയത്. വീട്ടുജോലിക്ക് എത്തുന്ന ചന്ദ്രിക ചേച്ചിയോട് ജിൻസി ചോദിച്ചു ഒന്ന് ഒരുക്കി എടുക്കട്ടേ എന്ന്, ചേച്ചിക്കും മനസ്സിൽ ആ​ഗ്രഹം ഉണ്ടായിരുന്നു എന്നാണ് ജിൻസി പറയുന്നത്. ഇതോടെയാണ് ചന്ദ്രിക ചേച്ചി കല്യാണപ്പെണ്ണായി മാറിയത്.

നാല് മണിക്കൂർ കൊണ്ടാണ് ചന്ദ്രികയെ ഒരുക്കിയെടുത്തത് എന്ന് ജിൻസി പറയുന്നു. വളരെ ഡ്രൈ സ്കിൻ ആയിരുന്നു, ഫേഷ്യലും പെഡിക്യൂറുമെല്ലാം ചെയ്തു. ഒരു സുഹൃത്തിന്റെ വിവാഹ നിശ്ചയ സാരിയാണ് ചേച്ചിയെ ഉടുപ്പിച്ചത്. കല്യാണ ആവശ്യത്തിനായി ആഭരണങ്ങൾ വാടകയ്ക്ക് നൽകാറുണ്ട്. അതുകൂടി അണിയിച്ചപ്പോൾ ചന്ദ്രിക ചേച്ചി 25 കാരിയായി മാറിയെന്നു ജിൻസി പറയുന്നു. ഫോട്ടോ ഷൂട്ടിനായി കടയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോൾ എല്ലാവരും അത്ഭുതത്തോടെ നോക്കിയെന്നും ചന്ദ്രിക ചേച്ചിയാണ് അതെന്ന് ആർക്കും വിശ്വസിക്കാനായില്ലെന്നും ജിൻസി പറയുന്നു.

പോലീസ് കസ്റ്റഡിയിൽ മരിച്ച യുവാവിന്റെ ആമാശയത്തില്‍ കവറുകള്‍, MDMA എന്ന് സംശയം

0

മലപ്പുറം താനൂരില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച യുവാവിൻ്റെ ആമാശയത്തില്‍ നിന്ന് ക്രിസ്റ്റല്‍ രൂപത്തിലുള്ള വസ്തുവടങ്ങിയ രണ്ട് പ്ലാസ്റ്റിക് കവറുകള്‍ കണ്ടെത്തി. ഇത് എം.ഡി.എം.എയാണോ എന്ന സംശയത്തിലാണ് പോലീസ്. ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ ഉണ്ടെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. രാസപരിശോധനാ ഫലം വന്നാലേ മരണകാരണം വ്യക്തമാകൂ.

നാലര മണിക്കൂറോളമാണ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ നീണ്ടത്. ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ട്. നട്ടെല്ലിനു ക്ഷതമേട്ടുണ്ട്. മലദ്വാരത്തിൽ ലാത്തി കയറ്റിയതിന്റേത് പോലെയുള്ള ലക്ഷണങ്ങൾ കണ്ടെത്തിയതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നു.

മയക്കുമരുന്ന് കൈവശംവെച്ചതിന്റെ പേരിലാണ് തിരൂരങ്ങാടി മൂഴിക്കല്‍ മമ്പുറം മാളിയേക്കല്‍ താമിര്‍ ജഫ്രിതാനൂര്‍ പോലീസിന്റെ പിടിയിലായത്. ഇയാൾ ഉൾപ്പടെ അഞ്ചു പേരെയാണ് പോലീസ്ഇ പിടികൂടിയത്. ചൊവ്വാഴ്ച പുലർച്ചെ ഒന്നേകാലോടെ പിടിയിലായ പ്രതി പുലർച്ചെ നാലരയോടെ മരണമടയുകയായിരുന്നു.

ഷംസീറിന്റെ പ്രസ്താവനയിൽ പ്രതിഷേധം കടുപ്പിച്ച് എൻ എസ് എസ്; ഷംസീർ മാപ്പ് പറയണമെന്ന് സുകുമാരന്‍ നായര്‍

0

സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ പരാമർശങ്ങൾ ഹെെന്ദവ വിശ്വാസികൾക്ക് എതിരാണെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായർ. ഷംസീറിനെതിരെ നിലപാട് കടുപ്പിക്കുകയാണ് എൻ എസ് എസ്. എൻ.എസ്.എസ് ആഹ്വാനം ചെയ്ത വിശ്വാസസംരക്ഷണ ദിനാചരണത്തിന് തുടക്കമായി. ഇതിന്റെ ഭാ​ഗമായി സുകുമാരന്‍ നായര്‍ കോട്ടയം വാഴപ്പിള്ളി ക്ഷേത്രത്തിൽ പ്രാര്‍ഥനയും വഴിപാടും നടത്തി.
ഷംസീറിന്റെ പരാമർശങ്ങൾ ഹൈന്ദവ ജനതയുടെ ചങ്കിൽ തറച്ചു. എല്ലാ മതങ്ങളെയും അംഗീകരിച്ചു മുന്നോട്ടു പോകുന്നവരാണ് ഹിന്ദുക്കൾ. ഹൈന്ദവരെ ആക്ഷേപിച്ചാൽ വിട്ടുവീഴ്ച്ച ഇല്ലാത്ത എതിർപ്പ് നേരിടേണ്ടി വരും. ഹിന്ദു സംഘടനകൾക്കൊപ്പം യോജിച്ചു പ്രവർത്തിക്കുമെന്നും സുകുമാരന്‍ നായർ പറഞ്ഞു.
സ്പീക്കർ സ്ഥാനത്ത് തുടരാൻ ഷംസീർ അർഹനല്ല. എന്നാൽ രാജി വെക്കണമെന്ന് താൻ പറഞ്ഞിട്ടില്ല. തെറ്റുപറ്റി എന്ന് ഷംസീർ മാപ്പ് പറയണമെന്നും സുകുമാരൻ നായർ പറഞ്ഞു. ശാസ്ത്രമല്ല, വിശ്വസമാണ് വലുത്. ശാസ്ത്രം ഗണപതിക്ക്‌ മാത്രം മതിയോ. മറ്റു മതങ്ങൾക്ക് വേണ്ടേ എന്നും സുകുമാരൻ നായർ ചോദിച്ചു.

ഹരിയാനയിലെ വർഗീയ കലാപം: യുപിയിലും ദില്ലിയിലും അതീവജാഗ്രത

0

ഹരിയാനയിലെ കലാപത്തിന്റെ പശ്ചാത്തലത്തിൽ ദില്ലിയിലും ഉത്തർപ്രദേശിലും ജാഗ്രതാ നിദേശം നൽകി. ഹരിയാനയുടെ അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ കലാപം പടരാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് നിർദേശം. ആരാധനാലയങ്ങൾക്ക് സുരക്ഷയൊരുക്കാൻ പോലീസ് നിർദേശം നൽകി.
ഹരിയാനയിലെ നൂഹിലും സമീപപ്രദേശങ്ങളിലും രണ്ടുദിവസമായി തുടരുന്ന വർഗീയസംഘർഷങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായതായാണ് റിപോർട്ടുകൾ. മരിച്ചവരിൽ രണ്ട്‌ ഹോംഗാർഡുകളും ഉൾപ്പെടും. ഡൽഹിക്ക്‌ സമീപം ഗുഡ്‌ഗാവിൽ തിങ്കളാഴ്‌ച രാത്രി ഒരു പള്ളി അക്രമികൾ കത്തിച്ചു. പള്ളി ഇമാം വെടിയേറ്റ്‌ മരിച്ചു. അക്രമം ഗുരുഗ്രമിലേക്കും പടർന്നു. അക്രമങ്ങളിൽ നൂഹ് പോലീസ് 116 പേരെ അറസ്റ്റ് ചെയ്തു. 26 എഫ് ഐ ആർ ആണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
നൂ​ഹ് ജി​ല്ല​യി​ൽ ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച നന്ദ് ഗ്രാമത്തിൽ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ബ്രി​ജ് മ​ണ്ഡ​ൽ ജ​ലാ​ഭി​ഷേ​ക് യാ​ത്ര​യാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. നൂ​ഹി​ലെ ഖെ​ഡ്ല മോ​ഡി​ലെ​ത്തി​യ​പ്പോ​ൾ ചിലർ യാ​ത്ര ത​ട​ഞ്ഞ് ക​ല്ലേ​റ് ന​ട​ത്തി​യ​താ​യും തി​രി​ച്ചും ക​ല്ലേ​റു​ണ്ടാ​യ​താ​യും പ​റ​യു​ന്നു. ഇ​ത് സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് ന​യി​ക്കു​ക​യാ​യി​രു​ന്നു. സം​ഘ​ർ​ഷം ആ​സൂ​ത്രി​ത​മാ​ണെ​ന്ന് ഹ​രി​യാ​ന ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​നി​ൽ വി​ജ് പ​റ​ഞ്ഞിരുന്നു.

ജയ്പുര്‍-മുംബൈ എക്സ്പ്രസിൽ വെടിവെപ്പ്; RPF എഎസ്ഐ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു

0

ജയ്പുർ- മുംബെെ എക്സ്പ്രസിൽ പുലർച്ചെയുണ്ടായ വെടിവെപ്പിൽ നാല് മരണം. ഒരു ആർ‌പി‌എഫ് ഉദ്യോ​ഗസ്ഥൻ, പാൻട്രി ജീവനക്കാരൻ, രണ്ട് യാത്രക്കാർ എന്നിവരാണ് കൊല്ലപ്പെട്ടത്. ആർ പി എഫ് കോൺസ്റ്റബിൾ ചേതൻ സിങിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളുടെ പക്കൽ നിന്ന് ആയുധവും പിടിച്ചെടുത്തു.
പുലർച്ചെ അഞ്ച് മണിയോടെ വാപി സ്റ്റേഷനും ബോറിവാലി സ്റ്റേഷനും ഇടയില്‍വെച്ച് ബി-5 കോച്ചിലായിരുന്നു സംഭവം. ആർ പി എഫ് ഉദ്ദ്യോഗസ്ഥർ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന. ബോറിവലി സ്റ്റേഷനിൽ വച്ച് മൃതദേഹങ്ങൾ ട്രെയിനിൽ നിന്ന് സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

പെരുമ്പാവൂരില്‍ അതിഥി തൊഴിലാളികളുടെ ക്യാമ്പുകളിൽ എക്സൈസ് പരിശോധന; ലഹരി വസ്‌തുക്കൾ പിടിച്ചെടുത്തു

0

പെരുമ്പാവൂർ, ആലുവ ഉൾപ്പെടെ വിവിധയിടങ്ങളിലെ ലേബർ ക്യാമ്പുകളിൽ എക്സൈസ് പരിശോധന നടത്തി. പരിശോധനയിൽ ലഹരി വസ്‌തുക്കൾ കണ്ടെത്തി. ജില്ലയിലെ എക്സൈസ് ഉദ്യോഗസ്ഥർ വിവിധ യൂണിറ്റുകളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ നിർദേശ പ്രകാരമാണ് പരിശോധന.
റെയ്ഡില്‍ നിരോധിത പുകയില ഉത്പന്നങ്ങളും ലഹരി വസ്തുക്കളും കണ്ടെടുത്തതായി എക്‌സൈസ് അധികൃതര്‍ അറിയിച്ചു. ലോഡ്ജുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ബിവറേജസ് ഔട്ട്ലെറ്റ് പരിസരം, ഇതരസംസ്ഥാന തൊഴിലാളികള്‍ ധാരാളമായുളള മേഖലകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന. ആലുവയിൽ അഞ്ചുവയസ്സുകാരിയുടെ കൊലപാതകത്തിന്റെ സാഹചര്യത്തിൽ അതിഥി തൊഴിലാളികളുടെ ലഹരി ഉപയോഗം സംബന്ധിച്ച പരാതികൾ ഉയരുന്നതിനിടെയാണ് പരിശോധന നടത്തുന്നത്.

അവളെ കൊന്നു; ആലുവയില്‍നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചുവയസ്സുകാരിയെ മരിച്ചനിലയില്‍ കണ്ടെത്തി

0

കഴിഞ്ഞ 20 മണിക്കൂർ നീണ്ട കാത്തിരിപ്പ് വിഫലമായി. ഇന്നലെ ആലുവയിൽ നിന്ന് കാണാതായ അഞ്ചുവയസ്സുകാരിയുടെ മൃതദേഹം ആലുവ മാര്‍ക്കറ്റിന് സമീപത്താണ് കണ്ടെത്തി. രാവിലെ 11.45-ഓടെയാണ് മാര്‍ക്കറ്റിന് പിറകില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി മരിച്ചത് ആലുവ ചൂര്‍ണിക്കരയില്‍നിന്ന് കാണാതായ അഞ്ചുവയസ്സുകാരിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

മാര്‍ക്കറ്റിന് പിറകിലെ കാടുമൂടിയസ്ഥലത്ത് ചാക്കില്‍കെട്ടിയ നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം. ചാക്കിൽ നിന്ന് കൈ പുറത്തേക്ക് കിടന്നിരുന്നു. കൈ കണ്ട് പ്രദേശത്ത് എത്തിയ ആളുകൾ പൊലീസിനെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് ഫൊറൻസിക് സംഘം സ്ഥലത്ത് പരിശോധനക്ക് എത്തി.

അസം സ്വദേശിയായ അസഫാക് ആലമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയെ പണം വാങ്ങിച്ച് മറ്റൊരാൾക്ക് നൽകിയെന്നാണ് ഇയാൾ പറഞ്ഞത്. സക്കീർ എന്ന ആളാണ് കുട്ടിയെ കൊണ്ടുപോയതെന്നും ഇയാൾ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് കുറ്റിക്കായി തിരച്ചിൽ നടത്തിവരികയായിരുന്നു.

ആലുവ ചൂര്‍ണിക്കര പഞ്ചായത്തില്‍ ഗാരേജിനു സമീപം മുക്കത്ത് പ്ലാസയില്‍ വാടകയ്ക്ക് താമസിക്കുന്ന ബിഹാര്‍ സ്വദേശികളായ മഞ്ജയ് കുമാറിന്റെയും നീതു കുമാരിയുടെയും മകളാണ് കുട്ടി. തായിക്കാട്ടുകര യു.പി. സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ബിഹാര്‍ കുടുംബം നാല് വര്‍ഷമായി ഇവിടെ താമസിച്ചുവരുന്നു. ഇവര്‍ക്ക് വേറെ മൂന്നുമക്കള്‍ കൂടിയുണ്ട്. ഏറ്റവും ഇളയ കുട്ടിയാണ്.

അനിൽ ആന്‍റണി ബി.ജെ.പി ദേശീയ സെക്രട്ടറി; അബ്ദുല്ലക്കുട്ടി ഉപാധ്യക്ഷനായി തുടരും

0

അനിൽ ആന്‍റണിയെ ബി.ജെ.പി ദേശീയ സെക്രട്ടറിയായി നിയമിച്ചു. പാർട്ടിയുടെ പുതിയ കേന്ദ്രഭാരവാഹികളുടെ പട്ടിക ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയാണ് പ്രഖ്യാപിച്ചത്. ദേശീയ ജനറൽ സെക്രട്ടറിയായി ബി.എൽ. സന്തോഷ് തുടരും. എ.പി. അബ്ദുല്ലക്കുട്ടി ദേശീയ ഉപാധ്യക്ഷനായും തുടരും. ദേശീയ ഭാരവാഹി പട്ടികയിൽ കേരളത്തിൽനിന്നു മറ്റാരുമില്ല.

മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്‍റണിയുടെ മകനായ അനിൽ ആന്‍റണി കഴിഞ്ഞ ഏപ്രിലിലാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രി പീയുഷ് ഗോയലില്‍നിന്നാണ് അനില്‍ പാര്‍ട്ടി അംഗത്വം സ്വീകരി. കെ.പി.സി.സി ഡിജിറ്റൽ മീഡിയ കൺവീനറും എ.ഐ.സി.സി സമൂഹ മാധ്യമ കോ-ഓർഡിനേറ്ററുമായിരുന്നു അനിൽ.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി വിവാദത്തോടെയാണ് കോൺഗ്രസ് നേതൃത്വവുമായി തെറ്റിയത്. വിവാദത്തിൽ ബി.ജെ.പി അനുകൂല നിലപാടാണ് അനിൽ സ്വീകരിച്ചത്. ഇതേതുടർന്ന് കോൺഗ്രസിൽ വിമർശനം രൂക്ഷമായിരുന്നു.

മരിച്ചിട്ടില്ല; നൗഷാദിനെ തൊടുപുഴയിൽ കണ്ടെത്തി

0

ഒന്നര വർഷം മുപ് കാണാതായ കലഞ്ഞൂർ സ്വദേശി നൗഷാദിനെ പൊലീസ് തൊടുപുഴയിൽ കണ്ടെത്തി. തൊടുപുഴ തൊമ്മൻകുത്ത് മേഖലയിൽനിന്നാണ് കണ്ടെത്തിയത്. ഇയാളെ ഡിവൈഎസ്പി ഓഫിസിൽ എത്തിച്ചു. നൗഷാദിനെ കൊന്നു കുഴിച്ചുമൂടിയെന്നു ഭാര്യ അഫ്‌സാന മൊഴി നൽകിയിരുന്നു. ഇവരുടെ മൊഴികൾ കണക്കിലെടുത്ത് നിരവധി ഇടങ്ങളിൽ മൃതദേഹത്തിനായി പൊലീസ് പരിശോധന നടത്തി. ഇടയ്ക്ക് നൗഷാദിനെ തിരികെ കൊണ്ടുവരണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്ന് അഫ്സാന പറഞ്ഞിരുന്നു. ഇതാണ് നൗഷാദ് ജീവിച്ചിരിപ്പുണ്ടെന്ന സംശയത്തിലേക്കു പൊലീസിനെ നയിച്ചതെന്നാണ് വിവരം.

ഭാര്യയുമായി ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് നൗഷാദ് പറഞ്ഞു. ജീവഹാനി ഉണ്ടാകുമെന്നു ഭയന്നാണ് മാറി കഴിഞ്ഞതെന്നാണ് ഇയാൾ പറയുന്നത്. അഫ്സാനക്ക് മാനസിക പ്രശനം ഉണ്ടോ എന്ന ചോദ്യത്തിന്, അറിയില്ല എന്നായിരുന്നു നൗഷാദിന്റെ പ്രതികരണം. സ്വന്തം വീട്ടുകാരുമായും ബന്ധപ്പെട്ടിരുന്നില്ലെന്ന് നൗഷാദ് പറഞ്ഞു. ചാനലുകളിൽ വാർത്ത വന്നത് അറിഞ്ഞില്ല. ഇന്ന് പത്രത്തിൽ വാർത്ത വന്നപ്പോളാണ് അറിഞ്ഞത്. ഭാര്യയെയും വീട്ടുകാരെയും കാണാൻ താല്പര്യം ഇല്ലെന്നും നൗഷാദ് പറഞ്ഞു.

അതെസമയം അറസ്റ്റിലായ ഭാര്യ അഫ്സാനയെ കോടതി റിമാൻഡ് ചെയ്തു.
അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് അഫ്‌സാനയെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യലില്‍ നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയതായി മൊഴിനൽകുകയും ചെയ്തിരുന്നു. മൃതദേഹം ആറ്റിലെറിഞ്ഞെന്നും അവർ പിന്നീട് മൊഴി മാറ്റിമാറ്റിപ്പറഞ്ഞു. ഇതുസംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നൗഷാദിനെ തൊടുപുഴയില്‍ കണ്ടെത്തിയത്. നൗഷാദിനെ കാണാതായെന്ന് കാട്ടി ഇയാളുടെ അച്ഛന്‍ പാടം വണ്ടണി പടിഞ്ഞാറ്റേതില്‍ സുബൈര്‍ 2021 നവംബര്‍ അഞ്ചിനാണ് കൂടല്‍ പോലീസില്‍ പരാതി നല്‍കിയത്.