Sunday, April 5, 2026
Home Blog Page 233

വാഹനങ്ങള്‍ തമ്മില്‍ അകലം പാലിക്കണം: പിഴ ഈടാക്കുമെന്ന് റാസല്‍ഖൈമ പൊലീസ്

0

റാസല്‍ഖൈമ: അപകടങ്ങള്‍ ഒഴിവാക്കുന്നതിന് വാഹനങ്ങള്‍ അമിത വേഗത ഒഴിവാക്കണമെന്നും വാഹനങ്ങള്‍ക്കിടയില്‍ മതിയായ അകലം പാലിക്കണമെന്നും റാസല്‍ഖൈമ പൊലീസ് ഓര്‍മ്മിപ്പിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ പൊലീസ് ആരംഭിച്ച ബോധവല്‍ക്കരണ ക്യാമ്പെയിനില്‍ ഉയര്‍ന്ന വേഗതയില്‍ വാഹനമോടിക്കുന്നവര്‍ ഓരോ റോഡിനും അനുവദിച്ച നിയമപരമായ വേഗപരിധി പാലിക്കണമെന്നും സ്വന്തം വാഹനവും മുന്നിലുള്ള വാഹനവും തമ്മില്‍ മതിയായ അകലം പാലിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. ഇത് വ്യക്തമാക്കുന്ന വീഡിയോയും പൊലീസ് പുറത്തുവിട്ടു.

ജാഗ്രതയോടെ വാഹനമോടിക്കുക സുരക്ഷിത അകലം പാലിക്കുക എന്ന സന്ദേശത്തോടെ റാസല്‍ഖൈമ പൊലീസും ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുമായി ചേര്‍ന്നാണ് ക്യാമ്പെയിന്‍ നടത്തുന്നത്. വാഹനമോടിക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നും പൊലീസ് അറിയിച്ചു. സ്വന്തം കാര്യങ്ങള്‍ക്ക് പുറമേ മറ്റ് റോഡ് ഉപയോക്താക്കളേയും സംരക്ഷിക്കുന്നതിന് ട്രാഫിക് നിയമങ്ങള്‍ പാലിക്കണമെന്നും പൊലീസ് വാഹനമോടിക്കുവരോട് ആവശ്യപ്പെട്ടു. അഞ്ച് മുതല്‍ പത്ത് മീറ്റര്‍ വരെ അകലത്തിലാണ് വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തേണ്ടത്. നിയമലംഘനങ്ങള്‍ക്ക് 400 ദിര്‍ഹം പിഴയും നാല് ബ്ലാക് പോയിന്റുമാണ് ശിക്ഷ.

ആകാശത്ത് ഓണസദ്യ: എമിറേറ്റ്‌സ് സര്‍പ്രൈസ് ഒരുക്കുന്നു

0

ദുബൈ: ഓണം സീസണില്‍ മറ്റ് എയര്‍ലൈനുകള്‍ കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് യാത്രക്കാരെ ആകര്‍ഷിക്കാന്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍ ഓണസദ്യ ഒരുക്കുന്നത്. കൊച്ചിയിലേയ്ക്കും തിരുവനന്തപുരത്തേയ്ക്കും യാത്ര ചെയ്യുന്ന എല്ലാ ക്ലാസിലുള്ളവര്‍ക്കും സദ്യ നല്‍കുമെന്നാണ് എമിറേറ്റ്‌സ് അറിയിച്ചിരിക്കുന്നത്. ഓഗസ്റ്റ് 20 മുതല്‍ 31 വരെ യാത്രയ്ക്കിടയില്‍ സദ്യ ലഭിക്കും. ഇലയിലായിരിക്കും സദ്യ. ഓണം വിഭവങ്ങള്‍ക്ക് പുറമേ നോണ്‍ വെജും ഉണ്ടായിരിക്കും. മെനുവിലെ ആവശ്യാര്‍ത്ഥം യാത്രക്കാര്‍ക്ക് ഭക്ഷണം തെരഞ്ഞെടുക്കാം. ഓണക്കാലത്ത് കേരളത്തിലേയ്ക്കുള്ള സര്‍വീസുകളില്‍ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കുമെന്നും എയ്‌ലൈന്‍ അറിയിച്ചിട്ടുണ്ട്. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേയ്ക്ക് കൂടുതല്‍ സര്‍വീസുകളും എമിറേറ്റ്‌സ് എയര്‍ലൈന്‍ പ്രഖ്യാപിച്ചിരുന്നു. ജനുവരിയോടെയായിരിക്കും കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങുക

സോഷ്യല്‍ മീഡിയ വ്യാജപരസ്യങ്ങള്‍ക്കെതിരെ മുന്നറിയിപ്പ്: അബുദബി പ്രോസിക്യൂഷന്‍

0

അബുദബി: സോഷ്യല്‍ മീഡിയയില്‍ വരുന്ന വ്യാജ പരസ്യങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി അബുദബി പ്രോസിക്യൂഷന്‍. വെബ്‌സൈറ്റുകളുടെ ആധികാരികത ഉറപ്പാക്കിയ ശേഷം മാത്രം ഓണ്‍ലൈന്‍ ഷോപ്പിങ് നടത്തണമെന്നും അറിയിപ്പില്‍ പറയുന്നുണ്ട്. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് പിടിക്കപ്പെട്ടാല്‍ പത്ത് ലക്ഷം ദിര്‍ഹവും തടവും ശിക്ഷ ലഭിക്കും. പലവിധം തട്ടിപ്പുകള്‍ നിലവിലുള്ള സാഹചര്യത്തിലാണ് അബുദബി പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കിയത്. സോഷ്യല്‍ മീഡിയ വഴി വരുന്ന വ്യാജ പരസ്യങ്ങളിലൂടെ ഓണ്‍ലൈന്‍ ഷോപ്പിങ് നടത്തരുതെന്നാണ് അറിയിപ്പില്‍ പറയുന്നത്.

വ്യാജ സൈറ്റുകളോട് പ്രതികരിക്കുന്നതിന് മുന്‍പ് അതിന്റെ ആധികാരികത ഉറപ്പു വരുത്തണം. ഇത് വ്യക്തമാക്കുന്ന വീഡിയോയും അബുദബി പ്രോസിക്യൂഷന്‍ പുറത്തുവിട്ടു. വലിയ വിലക്കുറവ് വാഗ്ദാനം ചെയ്തായിരിക്കും പരസ്യം വരുന്നത്. ഇത്തരം തട്ടിപ്പുകളില്‍ വീഴരുതെന്നും അറിയിപ്പുണ്ട്. തട്ടിപ്പുകാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. പത്ത് ലക്ഷം ദിര്‍ഹം വരെ പിഴയും തടവും ലഭിക്കാവുന്ന കുറ്റമാണിതെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.

ചരിത്രത്തിന്റെ ഭാഗമാകാനൊരുങ്ങി യുഎഇ വനിത

0

അബുദബി: യുഎഇയിലെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി നോറ അല്‍ മത്രൂഷിയാണ് സ്‌പേസ് വാകിനുള്ള പരിശീലനം ആരംഭിച്ചത്. ടെക്‌സസിലെ നാസയുടെ പരിശീലന കേന്ദ്രത്തിലാണ് നോറ അല്‍ മത്രൂഷി. ബഹിരാകാശത്ത് ഉപയോഗിക്കുന്ന 145 കിലോ തൂക്കം വരുന്ന സ്യൂട്ട് ധരിച്ചാണ് നോറ അല്‍ മത്രൂഷി പരിശീലനത്തിന് ഇറങ്ങിയത്. ടെക്‌സസിലെ ന്യൂട്രല്‍ ബൂയന്‍സി ലബോറട്ടറില്‍ 2.3 ദശലക്ഷം ലിറ്റര്‍ വെള്ളം നിറച്ച ഇന്‍ഡോര്‍ പൂളിലാണ് പരിശീലനം പുരോഗമിക്കുന്നത്. നോറയ്‌ക്കൊപ്പം ബഹിരാകാശത്തേയ്ക്ക് യാത്രയ്ക്ക് തയ്യാറെടുക്കുന്ന മുഹമ്മദ് അല്‍ മുഅല്ല എന്ന ഇമാറാത്തിയും പരിശീലനത്തില്‍ പങ്കുചേരുന്നുണ്ട്.

ഭാവിയില്‍ ബഹിരാകാശത്തേയ്ക്ക് യാത്ര ചെയ്യുന്നതിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായാണ് പരിശീലനം. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും മുഹമ്മദ് ബിന്‍ റാഷിദ് ബഹിരാകാശ കേന്ദ്രം പുറത്ത് വിട്ടിട്ടുണ്ട്. 2019ല്‍ ബഹിരാകാശ സഞ്ചാരിയായ ഹസ അല്‍ മന്‍സൂരിയും സുല്‍ത്താന്‍ അല്‍ നെയാദിയുമാണ് ബഹിരാകാശ യാത്ര നടത്തിയിട്ടുള്ള ഇമാറാത്തികള്‍. സുല്‍ത്താന്‍ അല്‍ നെയാദി ദൗത്യം പൂര്‍ത്തിയാക്കി ഈ മാസം ഭൂമിയിലേയ്ക്ക് മടങ്ങും.

ഇന്ത്യന്‍ സ്വാതന്ത്ര്യദിനം: ആശംസകള്‍ നേര്‍ന്ന് ഷെയ്ഖ് മുഹമ്മദ്

0

ദുബൈ: ഇന്ത്യയുടെ എഴുപത്തിയേഴാം സ്വാതന്ത്ര്യദിനത്തില്‍ ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍ക്ക് ആശംസകള്‍ നേര്‍ന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും. ട്വിറ്ററില്‍ ഹിന്ദിയില്‍ ആണ് ഷെയ്ഖ് മുഹമ്മദിന്റെ ആശംസ. സ്വാതന്ത്ര്യദിനത്തില്‍ രാഷ്ട്രനേതാക്കള്‍ക്കും ഇന്ത്യയിലെ ജനങ്ങള്‍ക്കും അഭിനന്ദനം അറിയിച്ചുകൊണ്ടാണ് ഷെയ്ഖ് മുഹമ്മദിന്റെ ട്വീറ്റ്. ഇന്ത്യയുമായുള്ള രാഷ്ട്രീയ-വാണിജ്യ-സാംസ്‌കാരിക ബന്ധം പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുന്നതില്‍ യുഎഇ പ്രതിജ്ഞാബദ്ധമാണെന്നും ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.

ഉംറ തീര്‍ത്ഥാടകര്‍ മാസ്‌ക്ക് ധരിക്കണം എന്ന് സൗദി

0


ഉംറ തീര്‍ത്ഥാടകര്‍ ഫെയ്‌സ് മാസ്‌ക്ക് ധരിക്കണം എന്ന് സുരക്ഷാ അതോറിട്ടിയുടെ നിര്‍ദ്ദേശം. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ മാസ്‌ക്ക് ധരിക്കാനാണ് സൗദി ജനറല്‍ സെക്യൂരിറ്റി അതോറിട്ടിയുടെ നിര്‍ദ്ദേശം. സ്വന്തം സുരക്ഷയ്ക്കും മറ്റുള്ളവരുടെ സുരക്ഷയ്ക്കും മാസ്‌ക്ക് ധരിക്കുന്നതാണ് ഉചിതം എന്നും സുരക്ഷാ അഥോറിട്ടി നിര്‍ദ്ദേശം നല്‍കി. ഗ്രാന്‍ഡ് മോസ്‌ക്കിലും പ്രവാചകന്റെ പള്ളിയിലും മറ്റ് പുണ്യസ്ഥലങ്ങളിലും മാസ്‌ക്ക് ധരിക്കണം എന്നും അതോറിട്ടി നിര്‍ദ്ദേശം നല്‍കി

ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ച് യുഎഇ പ്രവാസികള്‍

0


യുഎഇ അടക്കമുള്ള ജിസിസി രാജ്യങ്ങളിലും വിപുലമായ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍. ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ രാവിലെ എട്ട് മണിക്ക് ആക്ടിംഗ് കോണ്‍സല്‍ ജനറല്‍ രാംകുമാര്‍ തങ്കരാജ് ദേശീയ പതാക ഉയര്‍ത്തി. കോണ്‍സുലേറ്റിലെ ഗാന്ധി പ്രതിമയില്‍പുഷ്പാര്‍ച്ച നടത്തിയതിന് ശേഷമായിരുന്നു ദേശീയ പതാക ഉയര്‍ത്തല്‍. തുടര്‍ന്ന് കോണ്‍സുലേറ്റ് ഹാളില്‍ വിവിധങ്ങളായ കലാപരിപാടികളും. ഷാര്‍ജ ഇന്ത്യന്‍ അസ്സോസിയേഷനില്‍ കോണ്‍സുലേറ്റ് വീസ ആന്റ് കമ്മ്യൂണിറ്റി അഫയേഴ്‌സ് കോണ്‍സല്‍ ഉത്തംചന്ദ് ദേശീയ പതാക ഉയര്‍ത്തി.ഷാര്‍ജ ഇന്ത്യന്‍ അസ്സോസിയേഷന്‍ വൈസ് പ്രസിഡന്റ് മാത്യു ജോണ്‍, ട്രഷറര്‍ ശ്രീനാഥ് കാടഞ്ഞേരി എന്‍ടിവി ചെയര്‍മാന്‍ മാത്തുക്കുട്ടി കടോണ്‍ എന്നിവര്‍ പങ്കെടുത്തു. ഉമല്‍ഖുവൈന്‍ ഇന്ത്യന്‍ അസ്സോസിയേഷനില്‍ വൈസ് കോണ്‍സല്‍ മഞ്ചു അഹുജയും , റാസല്‍ഖൈമ ഇന്ത്യന്‍ റിലീഫ് കമ്മിറ്റിയില്‍ കോണ്‍സല്‍ പാസ്‌പോര്‍ട്ട് സുനില്‍ കുമാറും ദേശീയ പതാക ഉയര്‍ത്തി. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഫുജൈറയില്‍ വൈസ് കോണ്‍സല്‍ അംരിഷ് കുമാറും പതാക ഉയര്‍ത്തി

യുഎഇ എഫ്എന്‍സി തെരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശപത്രിക ഇന്ന് മുതല്‍

0


യുഎഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള നാമനിര്‍ദ്ദേശപത്രിക സമര്‍പ്പണത്തിന് തുടക്കമായി. ഇന്ന് മുതല്‍ മൂന്ന് ദിവസം ആണ് നാമനിര്‍ദ്ദേശപത്രി സമര്‍പ്പിക്കുന്നതിന് അവസരം. എഫ്എന്‍സി തെരഞ്ഞെടുപ്പിനുള്ള മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് ദേശീയ തെരഞ്ഞെടുപ്പ് സമിതി അറിയിച്ചു.

രാജ്യത്ത് വിവിധയിടങ്ങളിലായി തെരഞ്ഞെടുപ്പ് സമിതി തുറന്നിരിക്കുന്ന ഒന്‍പത് കേന്ദ്രങ്ങളിലും സമിതിയുടെ വെബ്‌സൈറ്റിലും സ്മാര്‍ട്ട് ആപ്ലിക്കേഷനിലും ആണ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍ കഴിയുക. ദുബൈയില്‍ വേള്‍ഡ് ട്രേഡ് സെന്ററിലെ ഹത്ത ഹാളിലാണ് രജിസ്‌ട്രേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ഇലക്ട്രല്‍ കൊളോജില്‍ പേരുള്ളവര്‍ക്കാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയുക.ദുബൈയില്‍ വോട്ടവകാശമുള്ളവരുടെ എണ്ണം 73574-ആയി വര്‍ദ്ധിച്ചെന്ന് എമിറേറ്റിലെ തെരഞ്ഞെടുപ്പ് സമിതി അറിയിച്ചു. ദുബൈയിലെ ആകെ വോട്ടര്‍മാരില്‍ 55 ശതമാനവും സ്ത്രീകളാണ്. ഓസ്റ്റ് ഇരുപത്തിയഞ്ചിന് സ്ഥാനാര്‍ത്ഥികളുടെ പ്രാഥമിക പട്ടിക പ്രസിദ്ധീകരിക്കും. സെപ്റ്റംബര്‍ രണ്ടിന് സ്ഥാനാര്‍ത്ഥികളുടെ അന്തിമപട്ടിക പ്രഖ്യാപിക്കും. വോട്ടെടുപ്പ് നടക്കുന്ന ഒക്ടോബര്‍ ഏഴിന് തന്നെ ഫലപ്രഖ്യാപനവും നടക്കും. ഒക്ടോബര്‍ എട്ട് മുതല്‍ പത്ത് വരെയാണ് അപ്പീലുകള്‍ സമര്‍പ്പിക്കുന്നതിന് അവസരം. ഒക്ടോബര്‍ പതിമൂന്നിന് വിജയികളുടെ അന്തിമപട്ടിക പ്രഖ്യാപിക്കും. വോട്ടവകാശം ഉള്ളവര്‍ക്ക് രാജ്യത്തിന് പുറത്തും വോട്ട് രേഖപ്പെടുത്തുന്നതിന് സൗകര്യം ഒരുക്കും.ഒക്ടോബര്‍ ആറിന് റിമോട്ട് വോട്ടിംഗ് ആരംഭിക്കും.

മാസപ്പടി വിവാദത്തിൽ മാധ്യമങ്ങളെ പരിഹസിച്ചും വിമർശിച്ചും മുഹമ്മദ് റിയാസ്; അന്തിചര്‍ച്ചയിലെ വിഷയങ്ങളുടെ സ്ഥാനം ചവറ്റുകുട്ടയിലാണെന്ന് മന്ത്രി

0

മാസപ്പടി വിവാദത്തില്‍ മാധ്യമപ്രവര്‍ത്തകർക്ക് വിമർശനവുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറിയറ്റ് വിശദമായ പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ടെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി തന്നെ നിലപാട് പറഞ്ഞിട്ടുണ്ടെന്നും മന്ത്രി മാധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്കു മറുപടിയായി പറഞ്ഞു.

ഉടമകളുടെ രാഷ്ട്രീയതാത്പര്യത്തിനനുസരിച്ച് മനഃസാക്ഷിക്ക് അനുസരിച്ചുള്ള വാര്‍ത്ത നല്‍കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കഴിയുന്നില്ലെന്ന് മുഹമ്മദ് റിയാസ് വിമർശിച്ച്. അന്തിചര്‍ച്ചയിലെ വിഷയങ്ങളുടെ സ്ഥാനം ചവറ്റുകൊട്ടയിലാണെന്ന പ്രഖ്യാപനം കൂടിയാണ് 2021 തിരഞ്ഞെടുപ്പിന്റെ ഫലം. യഥാര്‍ഥത്തില്‍ സ്വാതന്ത്ര്യം ലഭിക്കാത്ത വിഭാഗം മാധ്യമപ്രവര്‍ത്തകരാണെന്ന് തോന്നുന്നു. മനഃസാക്ഷിക്ക് വിരുദ്ധമായി ചിലര്‍ക്ക് പറയേണ്ടി വരുന്നു. സ്വാതന്ത്ര്യദിനം ആശംസിക്കുമ്പോഴും ഉടമകളുടെ രാഷ്ട്രീയതാത്പര്യത്തിനനുസരിച്ച് നില്‍ക്കേണ്ട ഗതികേട് നിങ്ങള്‍ക്കുണ്ട്.

2016 മുതല്‍ 2021 വരെ അഞ്ചുവര്‍ഷ കാലത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണത്തെ എങ്ങനെയാണ് ഉടമകളുടെ രാഷ്ട്രീയ താത്പര്യം സംരക്ഷിക്കാന്‍ നിര്‍ബന്ധിതമായി വേട്ടയാടപ്പെട്ടത് എന്ന് നാം കണ്ടതാണ്. 2016 മുതല്‍ 2021 വരെയുള്ള അന്തിചര്‍ച്ചകള്‍ കേട്ട് വിശ്വസിച്ച് മലയാളികള്‍ പോളിങ് ബൂത്തില്‍ പോയിരുന്നെങ്കില്‍ മഹാഭൂരിപക്ഷം മണ്ഡലങ്ങളിലും എല്‍.ഡി.എഫിന് കെട്ടിവെച്ച പണം ലഭിക്കില്ലായിരുന്നു. 2021 ലെ തിരഞ്ഞെടുപ്പ് ഫലം യഥാര്‍ഥത്തില്‍ രാഷ്ട്രീയ താത്പര്യം കാത്തുസംരക്ഷിക്കുന്ന മാധ്യമ ഉടമകള്‍ക്കേറ്റ കനത്തപ്രഹരം കൂടിയാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

ഇപ്പോള്‍ കുറേ ദിവസമായി ഈ വിഷയം എടുക്കുന്നുണ്ട്. അത് അതിന്റേതായ രീതിയില്‍ പോട്ടെ. പ്രൊമോ കാര്‍ഡില്‍ എന്റേതുള്‍പ്പെടെയുള്ള ചിത്രങ്ങള്‍ നല്‍കുന്നുണ്ട്. ആ ചിത്രങ്ങള്‍ ചിരിച്ചിട്ടുള്ളതാണ്. പേടിച്ചുകാണുന്ന മുഖം വരുന്നതാണ് നല്ലത്. പറ്റിയൊരു ഫോട്ടോഗ്രാഫറെ പറഞ്ഞയച്ചാല്‍ ആ നിലയില്‍ പോസ് ചെയ്തു തരാം. ഇനിമുതല്‍ അത് കൊടുക്കുന്നതാവും കുറേക്കൂടി വിഷയത്തിന് അനുസരിച്ച് നല്ലതെന്നും അദ്ദേഹം പരിഹസിച്ചു.

സ്വാതന്ത്ര ദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി മണിപ്പൂര്‍ വിഷയം പരാമര്‍ശിച്ചതിലും മന്ത്രി പ്രതികരിച്ചു. പ്രധാനമന്ത്രി മണിപ്പൂര്‍ സംഭവം ആദ്യമായി കേട്ടത് പോലെയാണ് പ്രസംഗിക്കുന്നത് . ഇന്ന് ജനിച്ച കുട്ടിയെ പോലെയാണ് പ്രധാനമന്ത്രി സംസാരിക്കുന്നത്. ലൈബ്രറികളില്‍ സംഘപരിവാര്‍ ആശയം വായിക്കാന്‍ നിര്‍ബന്ധിതമാകുന്ന നിലയിലേക്കുള്ള തീരുമാനങ്ങള്‍ വരികയാണ്. സ്വാതന്ത്ര്യ ദിനത്തില്‍ ഏറ്റവും ഗൗരവതരമായി ചര്‍ച്ച ചെയ്യേണ്ട വിഷയമാണതെന്നും മന്ത്രി വ്യക്തമാക്കി. കണ്ണൂരില്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെ ആനുകാലിക രാഷ്ട്രീയ വിഷയങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

നവകേരളം യാഥാർഥ്യമാക്കാൻ ഓരോ പൗരനും പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി

0

സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തി. 76 വര്‍ഷംകൊണ്ട് രാജ്യം എത്തിച്ചേര്‍ന്ന സ്വന്തമാക്കിയ നേട്ടങ്ങള്‍ വിശദീകരിച്ച ശേഷം, കഴിഞ്ഞ ഏഴുവര്‍ഷത്തെ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.

ആയുര്‍ദൈര്‍ഘ്യത്തിന്റേയും സാക്ഷരതയുടേയും വരുമാനത്തിന്റേയും കാര്യത്തില്‍ 1947-നെ അപേക്ഷിച്ച് 2023-ല്‍ വളരെയേറെ മെച്ചപ്പെട്ടു. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക – സൈനിക ശക്തികളുടെ പട്ടികയിൽ ഇന്ന് ഇന്ത്യയുണ്ട്. ആഗോള തലത്തിലെ വലിയ ടൂറിസം കേന്ദ്രമാണ് നമ്മൾ. ലോക ഐ ടി രംഗത്ത് ഇന്ത്യ സാന്നിധ്യം അറിയിച്ചുകൊണ്ടിരിക്കുകയാണ്. ബഹിരാകാശത്തും ചന്ദ്രനിലും ഒക്കെ നമ്മുടെ സാങ്കേതികവിദ്യയും ചെന്നെത്തിയിരിക്കുന്നു. ഇന്ത്യയിലെ ആയുർവ്വേദവും യോഗയും ചെറുധാന്യങ്ങളുമെല്ലാം ലോകശ്രദ്ധയിലെത്തി നിൽക്കുന്നു. തീർച്ചയായും ഇതൊക്കെ അഭിമാനകരമായ നേട്ടങ്ങളാണെന്ന് പിണറായി വിജയൻ പറഞ്ഞു.

അതേസമയം തന്നെ ഏഴു പതിറ്റാണ്ടുകൾക്കു മുമ്പ് ഒരു രാഷ്ട്രം എന്ന നിലയിൽ പുതിയ ദിശയിലേക്കു നീങ്ങിയ പല രാജ്യങ്ങളോടും താരതമ്യം ചെയ്യുമ്പോൾ സാമ്പത്തിക, സാമൂഹിക, ശാസ്ത്ര, സാങ്കേതിക മേഖലകളിലെല്ലാം നമ്മൾ ഇനിയുമേറെ മുന്നേറാനുണ്ടെന്ന് പിണറായി വിജയൻ പറഞ്ഞു. ഇന്ത്യയിലെ നാനാ ജാതി മതസ്ഥരും വിവിധങ്ങളായ പ്രദേശങ്ങളിൽ പെട്ടവരും വ്യത്യസ്തങ്ങളായ ഭാഷ, സംസ്‌കാരം, വിശ്വാസങ്ങൾ തുടങ്ങിയവ പിന്തുടരുന്നവരും ഉൾപ്പെട്ടതായിരുന്നു നമ്മുടെ സ്വാതന്ത്ര്യസമര പ്രസ്ഥാനം. എല്ലാ മനുഷ്യരെയും തുല്യരായി കണ്ടും സമൂഹത്തിന്റെയാകെ പ്രശ്‌നങ്ങളെ ഒറ്റക്കെട്ടായി നിന്ന് പരിഹരിച്ചുമാണ് നമ്മുടെ കേരളം പല കാര്യങ്ങളിലും രാജ്യത്തിനാകെ മാതൃകയായി തീർന്നിരിക്കുന്നത്. നമ്മുടെ ഒരുമയും മതനിരപേക്ഷതയും ശാസ്ത്രീയചിന്തയും എല്ലാം അതിനുപകരിച്ചിട്ടുണ്ട്. അവയെ പിറകോട്ടടിപ്പിക്കാൻ പല നീക്കങ്ങളും നടക്കുന്നുണ്ട്. അത്തരം ശ്രമങ്ങളെ മുളയിലേ നുള്ളിക്കളയേണ്ടതുണ്ട്.

2016 ൽ കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം ഏകദേശം 5.6 ലക്ഷം കോടി രൂപയായിരുന്നു. ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം അത് 10.17 ലക്ഷം കോടി രൂപയിലേക്കെത്തിയിരിക്കുന്നു. അതായത്, കഴിഞ്ഞ 7 വർഷംകൊണ്ട് 84 ശതമാനം വർദ്ധനവ്. 2016 ൽ കേരളത്തിന്റെ പ്രതിശീർഷ വരുമാനം 1.48 ലക്ഷം രൂപയായിരുന്നു. ഇന്നത് 2.28 ലക്ഷം രൂപയായി ഉയർന്നിരിക്കുന്നു. 54 ശതമാനത്തിലധികം വർദ്ധനവ്. കേരളത്തിന്റെ കടത്തെ ജി എസ് ഡി പിയുടെ 39 ശതമാനത്തിൽ നിന്നും 35 ശതമാനത്തിൽ താഴെയെത്തിക്കാൻ കഴിഞ്ഞു. ഈ വിധത്തിൽ എല്ലാ തലങ്ങളിലും കേരളത്തിന്റെ സാമ്പത്തിക വളർച്ചയുടെയും അതിനടിസ്ഥാനം നൽകുന്ന വികസന പ്രവർത്തനങ്ങളുടെയും ഫലം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.

വ്യവസായ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാനാണ് സംരംഭക വർഷം പദ്ധതി നടപ്പാക്കിയത്. ഒരു വർഷംകൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കാനാണ് നമ്മൾ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ആദ്യത്തെ എട്ട് മാസം കൊണ്ടുതന്നെ ലക്ഷ്യത്തെ മറികടക്കാൻ നമുക്കു സാധിച്ചു. തെരഞ്ഞെടുക്കപ്പെട്ട ആയിരം സംരംഭങ്ങളെ, ആകെ ഒരു ലക്ഷം കോടി രൂപയുടെ വിറ്റുവരവുള്ള യൂണിറ്റുകളാക്കി ഉയർത്തുന്നതിനുള്ള മിഷൻ തൗസൻഡ് പദ്ധതി നടപ്പിലാക്കി വരികയാണ്. കേരളത്തിലെ ഐ ടി മേഖലയും കുതിപ്പിന്റെ പാതയിലാണ്. കഴിഞ്ഞ ഏഴ് വർഷം കൊണ്ട് 85,540 കോടി രൂപയുടെ ഐ ടി കയറ്റുമതിയാണ് കേരളത്തിൽ നിന്നുണ്ടായത്. ഈ കാലയളവിൽ 7,304 കോടി രൂപയുടെ നിക്ഷേപവും 62,000 തൊഴിലവസരങ്ങളും ഐ ടി മേഖലിൽ സൃഷ്ടിക്കപ്പെട്ടു.അഞ്ച് വർഷം കൊണ്ട് കിഫ്ബി മുഖേന 50,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കാനായിരുന്നു നമ്മൾ 2016 ൽ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ലക്ഷ്യത്തെ മറികടന്നുകൊണ്ട് 2021 ഓടെ 65,000 ത്തിലധികം കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ നമുക്കു കഴിഞ്ഞു.

വിവിധ മേഖലകളിൽ കേരളം ഇപ്പോൾ കൈവരിച്ചുകൊണ്ടിരിക്കുന്ന നേട്ടങ്ങളെ കൂടുതൽ മെച്ചപ്പെടുത്തിയാണ് നമ്മൾ നവകേരളം ഒരുക്കുക. അതിന് ഓരോ കേരളീയന്റെയും ആത്മാർത്ഥമായ സഹായവും സഹകരണവും ഉണ്ടാവണം. സ്വാതന്ത്ര്യ സമരകാലത്ത് മറ്റെന്തിനേക്കാളും രാജ്യത്തിന്റെ സ്വാതന്ത്ര്യ ലബ്ധിക്കു പ്രാധാന്യം കൊടുത്തവരാണ് നമ്മുടെ പൂർവ്വികർ. ഈയൊരു ഘട്ടത്തിൽ നവകേരള നിർമ്മിതിക്കാണ് നമ്മൾ പ്രാധാന്യം കൊടുക്കേണ്ടതെന്നും പിണറായി വിജയൻ പറഞ്ഞു.

സായുധ സേനാ വിഭാഗങ്ങളുടെയും മറ്റ് സേനാ വിഭാഗങ്ങളുടെയും അശ്വാരൂഢ സേന, എന്‍.സി.സി, സ്‌കൗട്ട്‌സ്, ഗൈഡ്‌സ്, സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ് എന്നിവരുടെയും പരേഡ് നടന്നു. മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു. വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡലുകള്‍, ഫയര്‍ സര്‍വ്വീസ് മെഡലുകള്‍, കറക്ഷനല്‍ സര്‍വ്വീസ് മെഡലുകള്‍, ജീവന്‍ രക്ഷാപതക്കങ്ങള്‍ എന്നിവ മുഖ്യമന്ത്രി സമ്മാനിച്ചു. തിരുവനന്തപുരം നഗരത്തിലെ വിവിധ സ്‌കൂളുകളിലെ കുട്ടികള്‍ ദേശഭക്തി ഗാനങ്ങള്‍ അവതരിപ്പിച്ചു.