Thursday, April 9, 2026
Home Blog Page 229

നാണം അടുത്തുകൂടെ പോയിട്ടില്ലാത്തവർ തെറ്റായ പ്രചാരണം നടത്തുന്നു; ഇത്തരക്കാർ കണ്ടാലും കൊണ്ടാലും പഠിക്കില്ലെന്നും മുഖ്യമന്ത്രി

0

ഈ ഓണം സന്തോഷത്തിന്റേതാകരുത് എന്ന് ഒരു കൂട്ടർ ആഗ്രഹിച്ചിരുന്നു. എന്നാൽ സന്തോഷത്തിന്റെ ഓണം യാഥാർത്ഥ്യമാകുന്നത് നാട് കണ്ടുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിലക്കയറ്റം നേരിടാൻ കൃത്യസമയത്തുള്ള വിപണി ഇടപെടൽ ഉണ്ടായി. സബ്സിഡി സാധനങ്ങൾ സപ്ലൈകോയിൽ 2016ലെ അതേ വിലയിൽ തന്നെയാണ് ഇപ്പോഴും നൽകുന്നത്. ഇവയ്ക്ക് പൊതുവിപണിയിൽ വലിയ വിലയാണ്. ചില സാധനങ്ങൾക്ക് ചില ദിവസങ്ങളിൽ അപര്യാപ്തത ഉണ്ടാകാറുണ്ട്. അതിന്റെ പേരിൽ സാധനങ്ങൾ എല്ലാ എന്ന രീതിയിൽ പ്രചാരണം നടത്തുന്നുവെന്നും പിണറായി പറഞ്ഞു.

ചില നിക്ഷിപ്ത താൽപര്യക്കാർ ബോധപൂർവമായ പ്രചാരണം നടത്തുകയാണ്. ഇവർ കണ്ടാലും കൊണ്ടാവും പേടിക്കില്ല. ഇത്തരം പ്രചാരണങ്ങളെ ജനങ്ങൾ തള്ളിക്കളയുമെന്നതിന്റെ തെളിവാണ് രണ്ടാമതും എൽ ഡി എഫ് സർക്കാർ നിലവിൽ വന്നത്. കേരള സെക്രട്ടേറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ വനിതാ കമ്മിറ്റിയായ കനലിന്റെ ഓണ സ്മൃതി ഉദ്‌ഘാടനം ചെയ്ത് മുഖ്യമന്ത്രി. മുഖ്യമന്ത്രിയും ഭാര്യ കമല വിജയനും ആയിരുന്നു ചടങ്ങിലെ മുഖ്യാതിഥികൾ.

ചരിത്രം തൊടാൻ നിമിഷങ്ങളുടെ കാത്തിരിപ്പ്; ചന്ദ്രയാന്റെ അവസാന 15 മിനിറ്റുകൾ നിർണായകം

0

ഇന്ത്യയുടെ അഭിമാന പേടകമായ ചന്ദ്രയാന്‍-3 ചന്ദ്രനിലിറങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ദൗത്യം ഏറ്റവും നിര്‍ണായകമായ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ നിർണായക നിമിഷങ്ങളാണ് തരണം ചെയ്യേണ്ടതായുള്ളത്. ചന്ദ്രനിൽ ഇറങ്ങാൻ ചന്ദ്രയാൻ 3 സജ്ജമെന്ന് ഐഎസ്ആർഒ. എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് ഐഎസ്ആർഒ അറിയിച്ചു. വൈകിട്ട് 5.45 മുതൽ സോഫ്റ്റ് ലാൻഡിംഗ് തുടങ്ങും. ദൗത്യം പ്രതീക്ഷിച്ചത് പോലെ തന്നെ മുന്നോട്ട് പോകുകയാണെന്നും ഐഎസ്ആർഒ അറിയിച്ചു.

ലാൻഡിങ്ങ് പ്രക്രിയ തുടങ്ങുന്നതിന് മുമ്പ് അവസാന ഘട്ട കമാൻഡുകൾ പേടകത്തിലേക്ക് അയക്കും. പിന്നെ കാര്യങ്ങൾ നിയന്ത്രിക്കുന്നത് പേടകത്തിലെ കംപ്യൂട്ടര്‍ സംവിധാനങ്ങളും എഐ അധിഷ്ഠിത ഗതി നിര്‍ണയവുമാണ്. ചന്ദ്രയാന്‍ 3 ലാന്‍ഡറില്‍ നിന്നയക്കുന്ന സിഗ്നലുകളിലെ ഡാറ്റ ബെംഗളുരുവിലെ ഐഎസ്ആര്‍ഒ ടെലിമെട്രി ട്രാക്കിങ് ആന്റ് കമാന്റ് നെറ്റ് വര്‍ക്ക് കേന്ദ്രത്തിലാണ്. ബെംഗളുരുവിലെ ഡീപ്പ് സ്‌പേസ് നെറ്റ് വര്‍ക്കിലേക്കും യുഎസിലെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലേക്കും സ്‌പെയിനിലെ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി കേന്ദ്രത്തിലേക്കും അയക്കും. ചന്ദ്രനിലേക്ക് ഇറങ്ങുന്ന പ്രക്രിയ ആരംഭിച്ചുകഴിഞ്ഞാല്‍ പിന്നെ മിഷന്‍ കണ്‍ട്രോള്‍ സെന്ററില്‍ നിന്ന് പേടകത്തിന് നിര്‍ദേശങ്ങള്‍ നല്കാൻ കഴിയില്ല.

ചന്ദ്രയാൻ രണ്ടിൽ നിന്നും തികച്ചും വ്യത്യസ്തമായാണ് ചന്ദ്രയാൻ മൂന്നിന്റെ രൂപകൽപ്പന. ഓരോ പരാജയ സാധ്യതയും മുൻകൂട്ടി കണ്ട് അതിനെല്ലാം പ്രതിവിധിയും തയ്യാറാക്കിയാണ് ഇക്കുറി ദൗത്യം സജ്ജീകരിച്ചിരിക്കുന്നത്. ദൗത്യം വിജയിച്ചാൽ ചന്ദ്രനിൽ സോഫ്റ്റ്‍ലാൻഡിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന ഖ്യാതി ഇന്ത്യക്ക് കിട്ടും.

ചന്ദ്രയാന്‍ ദൗത്യത്തെ കളിയാക്കിയെന്ന പരാതിയിൽ നടൻ പ്രകാശ് രാജിനെതിരെ കേസ്

0

ഇന്ത്യയുടെ ചന്ദ്രയാന്‍ ദൗത്യത്തെ പരിഹസിക്കുന്ന തരത്തില്‍ സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ടുവെന്ന പരാതിയില്‍ നടന്‍ പ്രകാശ് രാജിനെതിരെ കര്‍ണാടക പോലീസ് പോലീസ് കേസെടുത്തു. ഹിന്ദു സംഘടനകളുടെ നേതാക്കള്‍ നല്‍കിയ പരാതിയിലാണ് ബാഗല്‍കോട്ട് ജില്ലയിലെ പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.

ലുങ്കിയുടുത്ത ഒരാള്‍ ചായ അടിക്കുന്ന കാര്‍ട്ടൂണ്‍ ചിത്രം ചന്ദ്രയാന്‍ -3 ദൗത്യവുമായി ബന്ധപ്പെടുത്തി പ്രകാശ് രാജ് എക്‌സില്‍ പങ്കുവച്ചിരുന്നു. ഇത് വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെക്കുകയായിരുന്നു. ലുങ്കി മടക്കിക്കുത്തി, ഷർട്ട് ധരിച്ച്, ചായ അടിക്കുന്നയാളുടെ കാരിക്കേച്ചറാണ് പ്രകാശ് രാജ് പങ്കുവച്ചത്. ‘ബ്രേക്കിങ് ന്യൂസ്: ചന്ദ്രനിൽനിന്ന് വിക്രം ലാൻഡർ അയയ്ക്കുന്ന ആദ്യ ചിത്രം’ എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. ഐഎസ്‍ആർഒയെയും അവിടെയുള്ള ശാസ്ത്രജ്ഞരുടെ ആത്മസമർപ്പണത്തെയും പരിഹസിച്ചു എന്നാണ് നടനെതിരെ ഉയർന്ന ആരോപണം.

പ്രീ ബുക്കിങ്ങിൽ 2.5 കോടി കളക്ഷനും ഹൗസ്ഫുൾ ഷോകളും; കിംഗ് ഓഫ് കൊത്ത 24ന്

0

മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി ഒരു സിനിമയുടെ ടിക്കറ്റ് ബുക്കിങ് തുടങ്ങിയതുമുതൽ ഈ നിമിഷം വരെ ബുക്ക് മൈ ഷോയിൽ ടിക്കറ്റ് വിൽപനയിൽ ട്രെൻഡിങ്ങിൽ നിൽക്കുന്ന ആദ്യ ചിത്രമായിമാറി കിംഗ് ഓഫ് കൊത്ത. രാജു എന്ന കഥാപാത്രമായെത്തുന്ന ദുൽഖർ സൽമാന്റെ ഹൈ ബജറ്റ് ചിത്രം ഓ​ഗസ്റ്റ് 24ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

ചിത്രത്തിന്‍റെ സംവിധാനം അഭിലാഷ് ജോഷിയാണ്. സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രം കൂടിയാണ് കിംഗ് ഓഫ് കൊത്ത. ബഹുഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയി എത്തുന്ന ചിത്രം ഓണം റിലീസുകളില്‍ ഏറ്റവും പ്രതീക്ഷ ഉയർത്തുന്ന ചിത്രം കൂടിയാണ്.

ചിത്രത്തിന്‍റെ യുകെയിലെ വിതരണക്കാരായ ആര്‍എഫ്ടി ഫിലിംസിന്‍റെ ചെയര്‍മാന്‍ റൊണാള്‍ഡ് തൊണ്ടിക്കല്‍ ചിത്രത്തിന്‍റെ കാഴ്ചാനുഭവം പങ്കുവച്ച് രംഗത്തെത്തി. ചിത്രത്തിന്‍റെ അയര്‍ലന്‍ഡ് റിലീസിന് മുന്നോടിയായി അവിടെ നടന്ന സെന്‍സറിംഗിന്‍റെ ഭാഗമായാണ് റൊണാള്‍ഡ് ചിത്രം കണ്ടത്. ചിത്രം കണ്ട ശേഷമുള്ള അഭിപ്രായം അദ്ദേഹം വീഡിയോ ആയും ട്വീറ്റ് ആയും പങ്കുവച്ചു. “വേറൊന്നും പറയാനില്ല. കിംഗ് ഓഫ് കൊത്ത വന്‍ വിജയമാവും. അപാര മേക്കിംഗ്, അപാര സ്റ്റൈലിഷ് ചിത്രം, ബിജിഎമ്മിനെക്കുറിച്ച് ഒന്നും പറയാനില്ല. എത്രയും പെട്ടെന്ന് എല്ലാവരും ടിക്കറ്റ് എടുത്തോളൂ. ഒരിക്കലും നിങ്ങളെ നിരാശരാക്കില്ല. കേരളത്തിലെ അടുത്ത 300 കോടി കളക്ഷന്‍ ചിത്രമാണ്”, റൊണാള്‍ഡ് പറയുന്നു.

ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രൻ, വടചെന്നൈ ശരൺ, ശാന്തി കൃഷ്ണ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തില്‍ അണിനിരക്കുന്നു. സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്‍റെ വേഫെറെർ ഫിലിംസും ചേർന്നാണ് നിര്‍മ്മാണം. ഛായാഗ്രഹണം നിമീഷ് രവി, സംഗീതം ജേക്സ്‌ ബിജോയ്, ഷാൻ റഹ്മാൻ.

‘മുഖ്യമന്ത്രിയും കുടുംബവും നടത്തുന്ന കൊള്ളയറിഞ്ഞാൽ കേരളം ഞെട്ടും’; വീണാ വിജയൻ കൈപ്പറ്റിയത് കോടികളെന്ന് മാത്യു കുഴൽനാടൻ

0

വീണാ വിജയനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. 1.72 കോടി മാത്രമല്ല വീണ പല കോടികള്‍ കൈപ്പറ്റി. വീണയുടെ അക്കൗണ്ടില്‍ വന്ന പണത്തിന്റെ കണക്ക് പുറത്ത് വന്നാല്‍ കേരളം ഞെട്ടുമെന്ന് കുഴല്‍നാടന്‍ പറഞ്ഞു. പുറത്ത് വന്ന തുക വളരെ ചെറുതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വീണയുടെയും കമ്പനിയുടെയും അക്കൗണ്ട് വിവരങ്ങൾ പുറത്തുവിടാൻ കുഴൽനാടൻ വെല്ലുവിളിച്ചു.

നികുതി അടച്ചിട്ടുണ്ടോ ഇല്ലയോ എന്നതല്ല തന്റെ ചോദ്യം. അങ്ങനെ ആക്കി തീര്‍ക്കാന്‍ ചില നീക്കം സിപിഐഎം നേതാക്കള്‍ നടത്തുന്നുണ്ട്. കരിമണൽ കമ്പനിയിൽനിന്ന് അവർ എത്ര രൂപ കൈപ്പറ്റിയെന്ന് വെളിപ്പെടുത്തണമെന്നും കുഴൽനാടൻ ആവശ്യപ്പെട്ടു. രണ്ടു ദിവസമായി വെല്ലുവിളിച്ചിട്ടും എന്തുകൊണ്ടാണ് സിപിഐഎം നേതൃത്വം വീണയുടെ അക്കൗണ്ടിന്റെ വിശദാംശങ്ങൾ പുറത്ത് വിടുന്നില്ല.

കടലാസ് കമ്പനികൾ വഴി കള്ളപ്പണം വെളുപ്പിക്കുകയാണ് ചെയ്യുന്നത്. വിദ്യാഭ്യാസ സോഫ്റ്റ്‌വെയർ മുഖ്യ സേവനമെന്നാണ് എക്സാലോജിക് കമ്പനി അവകാശപ്പെടുന്നത്. കരിമണൽ കമ്പനിക്ക് എന്തിനാണ് സ്കൂളുകൾക്കുള്ള സോഫ്റ്റ്‌വെയർ?

സിഎംആർഎൽ കമ്പനിയെ കൂടാതെ മറ്റു കമ്പനികളിൽ നിന്നും വലിയ തുക എക്സാലോജിക് കമ്പനി കൈപ്പറ്റിയിട്ടുണ്ട്. വീണാ വിജയൻ എത്ര കോടിരൂപ ആരിൽ നിന്നൊക്കെ കൈപ്പറ്റിയെന്ന് സിപിഐഎം വ്യക്തമാക്കണം. പിണറായി വിജയൻ മറുപടി പറയണം. വീണയും വീണയുടെ കമ്പനിയും ജിഎസ്ടി അക്കൗണ്ട് എന്തിനാണ് ക്ലോസ് ചെയ്തതെന്നും മാത്യു കുഴൽനാടൻ ചോദിച്ചു.

40 കോടി ലഭിക്കും; കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ഇന്ന് നൽകാനാകുമെന്ന് മന്ത്രി ആന്റണി രാജു

0

കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധിയിൽ ധനമന്ത്രി കെ എന്‍ ബാലഗോപാലുമായി ഗതാഗത മന്ത്രി ആന്‍റണി രാജു ചർച്ച നടത്തി. 40 കോടി രൂപ ഉടന്‍ നൽകാന്‍ ധനവകുപ്പ് ശ്രമിക്കുന്നുണ്ടെന്ന് ആന്‍റണി രാജു അറിയിച്ചു. കെഎസ്ആർടിസിയുടെ അക്കൗണ്ടിൽ പണം എത്തിയാൽ ഉടന്‍ തന്നെ ശമ്പളം വിതരണം ചെയ്യാൻ ക്രമീകരണം ഏർപ്പടാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥ തല നടപടി ക്രമങ്ങളില്‍ കാലതാമസം ഉണ്ടാകാം. അങ്ങനെ ഉണ്ടാകരുത് എന്നാണ് ആഗ്രഹമെന്നും മന്ത്രി പറഞ്ഞു.

നിലവിലെ പ്രതിസന്ധിക്ക് കാരണം കേന്ദ്രനയമാണ്. ബൾക്ക് പർച്ചേസ് കേന്ദ്രം എടുത്തുമാറ്റിയത് വഴി കോടികളുടെ അധിക ചെലവുണ്ടായി. ഇതിനെ ആരും വിമർശിക്കാറില്ലെന്നും ആന്‍റണി രാജു ആരോപിച്ചു. ജൂലൈ വരെ ഉള്ള ശമ്പളം കൊടുത്ത് തീർത്തിട്ടുണ്ട്. ആഗസ്റ്റ് അഞ്ചിനകം കൊടുക്കാൻ ഉള്ളത് മാത്രമാണ് ഇനി ബാക്കി ഉള്ളതെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ഓണകാലത്ത് ഹൈക്കോടതിയാണ് കൂപ്പണ്‍ കൊടുക്കാൻ ഉത്തരവിട്ടത്. കെഎസ്ആർടിസി കൂപ്പണ്‍ കൊടുക്കാൻ ഹൈക്കോടതിയോട് അനുമതി തേടിയിട്ടില്ല എന്നും മന്ത്രി വ്യക്തമാക്കി. സ്വിഫ്റ്റിന് ലഭിക്കുന്ന പണം കെഎസ്ആർടിസിക്ക് വേണ്ടിയാണ് അടയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി 113 ഇലക്ട്രിക് ബസുകൾ സർവീസ് നടത്തുമെന്ന് മന്ത്രി അറിയിച്ചു. 104 കോടി ചെലവാക്കിയാണ് വാഹനങ്ങൾ വാങ്ങിയത്. നിലവിൽ 50 ബസുകൾ ഉണ്ട്. 15 ബർത്തും 27 സീറ്റുകളുമായി ആകെ 42 സീറ്റുകൾ ബസില്‍ ഉണ്ടാകും. പദ്ധതിയ്ക്കായി 500 കോടി കേന്ദ്രവും 500 കോടി സംസ്ഥാനവും 135 കോടി കോർപ്പറേഷനും മുടക്കും. 40 സ്മാർട്ട് സിറ്റി റോഡുകളിൽ പത്ത് എണ്ണം ഗതാഗത യോഗ്യമായെന്നും ഒന്‍പത് എണ്ണം പണി നടക്കുകയാണെന്നും മന്ത്രി അറിയിച്ചു.

പുതുപ്പള്ളി തെരഞ്ഞെടുപ്പിന് ശേഷം ചിലത് പറയും; നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമാക്കി കെ.മുരളീധരന്‍

0

കെപിസിസി നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമാക്കി കെ.മുരളീധരന്‍ എം.പി. പുതുപ്പള്ളി തെരഞ്ഞെടുപ്പിന് ശേഷം ശേഷം ചിലതൊക്കെ പറയാനുണ്ടെന്ന് മുരളീധരൻ പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗത്വത്തില്‍ അവഗണിക്കപ്പെട്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലേ എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല.

തത്കാലം തെലങ്കാനയിലെ തെരഞ്ഞെടുപ്പിനെക്കുറിച്ച് ചോദിച്ചാല്‍ മറുപടി പറയാം. കേരളത്തിനെക്കുറിച്ച് ഒന്നും പറയുന്നില്ല. കെ. കരുണാകരന്‍ സ്മാരകത്തിന്റെ പണി ഇതുവരെ തിരുവനന്തപുരത്ത് ആരംഭിച്ചിട്ടില്ല. ലോക്‌സഭാ കാലാവധി കഴിഞ്ഞതിന് ശേഷം അക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. അതുവരെ പൊതുരംഗത്തുനിന്ന് മാറണം എന്നൊക്കെ ആഗ്രഹിക്കുന്നുണ്ട്. വിശദമായ കാര്യങ്ങള്‍ ആറാം തീയതിക്കുശേഷം ഞാനും പറയാമെന്നും മുരളീധരൻ പറഞ്ഞു.

മലപ്പുറത്ത് ‘ദൃശ്യം’ മോഡൽ കോല; സുജിതയെ കൊന്ന് കുഴിച്ചിട്ട സ്ഥലത്ത് പ്രതികൾ കുളിമുറി നിർമിക്കാൻ പദ്ധതിയിട്ടു

0

മലപ്പുറം തുവ്വൂരില്‍ നടന്നത് ദൃശ്യം മോഡല്‍ കൊലപാതകമെന്ന് മലപ്പുറം എസ്.പി. സുജിത്ദാസ്. നാലുപേര്‍ ചേര്‍ന്നാണ് തുവ്വൂര്‍ സ്വദേശി സുജിതയെ കൊലപ്പെടുത്തിയത്. പള്ളിപ്പറമ്പ് മാങ്കുത്ത് മനോജിന്റെ ഭാര്യ സുജിതയെ കൊലപ്പെടുത്തി കുഴിച്ചിട്ടു. അതിന് മുകളില്‍ മെറ്റലും ഹോളോബ്രിക്‌സും എം സാന്‍ഡും നിരത്തിയിരുന്നതായും എസ്.പി. മാധ്യമങ്ങളോട് പറഞ്ഞു. മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് കുളിമുറി നിര്‍മിക്കാനായിരുന്നു പ്രതികളുടെ പദ്ധതി.

ഓഗസ്റ്റ് 11-ാം തീയതിയാണ് സുജിതയെ കാണാതായത്. സുഹൃത്തും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയുമായ വിഷ്ണുവാണ് അവസാനമായി സുജിതയുടെ ഫോണിലേക്ക് വിളിച്ചത്. ഇത് കേന്ദ്രീകരിച്ചു പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കരുവാരകുണ്ട് പൊലീസ് കസ്റ്റഡിയിലെടുത്ത വിഷ്ണുവിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോളാണ് കൊലപാതക വിവരം പുറത്തായത്.

സുജിതയും വിഷ്ണുവും ഒരേ കെട്ടിടത്തിൽ ജോലി ചെയ്തിരുന്നവരാണ്. ഇരുവരും തമ്മിൽ വ്യക്തിപരമായ പരിചയവുമുണ്ടായിരുന്നു. ഇവർ തമ്മിൽ പണമിടപാടുകളും അതിന്റെ പേരിൽ തർക്കങ്ങളും ഉണ്ടായിരുന്നു. സുജിത 11–ാം തീയതി രാവിലെ ജോലിക്കായി ഓഫിസിൽ പോയിരുന്നു. അവിടെനിന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പോകുന്നുവെന്നു പറഞ്ഞാണ് ഇറങ്ങിയത്. എന്നാൽ വിഷ്ണുവിന്റെ വീട്ടിലാണ് എത്തിയത്. വീട്ടിലെത്തിയ സുജിത വിഷ്ണുവുമായി സംസാരിക്കുന്നതിനിടെ പുറത്ത് നിന്ന മറ്റു പ്രതികളും അകത്ത് വന്നു. ഇവർ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. സുജിതയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. ബോധംകെട്ടു വീണ സുജിതയുടെ കഴുത്തിൽ കയറിട്ട് ജനലിലൂടെ വലിച്ചു. തുടർന്ന് മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ച ശേഷം ആഭരണങ്ങൾ കൊണ്ടുപോയി വിറ്റു. അവിടെനിന്നു കിട്ടിയ പണം എല്ലാവരും വീതിച്ചെടുത്തു.

രാത്രി വീടിന്റെ പിന്നിൽ വേസ്റ്റ് ഇടുന്ന കുഴി വലുതാക്കി മൃതദേഹം മണ്ണിട്ടു മൂടി. കുഴിച്ചിട്ട സ്ഥലത്ത് ഒരു ബാത്റൂം പണിയാൻ പ്രതികൾ തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായി ഹോളോബ്രിക്സും എം സാൻഡും മെറ്റലും ഇതിനു മുകളിൽ കൊണ്ടുവന്നിട്ടു. വളരെ ആസൂത്രിതമായി നടന്ന കൊലപാതകമാണിതെന്നും എസ് പി വ്യക്തമാക്കി.

കൊലപാതകത്തിൽ പിടിയിലാവില്ലെന്ന വിശ്വാസം വിഷ്ണുവിന് ഉണ്ടായിരുന്നു. യുവതിയെ കാണാതായത്തിനു പിന്നാലെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് വലിയ പ്രചരണമാണ് വിഷ്ണു നടത്തിയത്. പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് സംഘടിപ്പിക്കാനും തീരുമാനിച്ചിരുന്നു.

പ്രത്യേക കണ്ട്രോൾ റൂം; കോപ്പിയടിക്ക് വേണ്ടി നിർമിച്ച ഹെഡ്സെറ്റും ഡിവൈസും; ഹൈടെക്ക് കോപ്പിയടിയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

0

വി.എസ്.എസ്.സി പരീഷയിലെ കോപ്പിയടി സംഭവത്തിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. സംഘത്തിന് രാജ്യമാകെ വേരുകളെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ സി.എച്ച് നാഗരാജു. കോപ്പിയടിക്കായി ഏറെ നാളത്തെ ആസൂത്രണമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.

കോപ്പിയടിക്കുന്നതിനായി പ്രത്യേകം തയ്യാറാക്കിയ ഇലക്ട്രോണിക് വസ്തുക്കൾ ഉപയോഗിച്ചതായി കമ്മീഷണർ വ്യക്തമാക്കി. ഇവ പ്രാദേശികമായി നിർമിച്ചതാണ്. മൊബൈൽ ഫോണിനു പുറമെ പ്രത്യേകമായി നിർമിച്ച ഹെഡ്‌സെറ്റും ഇതുമായി ബന്ധപ്പിച്ച മറ്റൊരു ഉപകരണവും ഉപയോഗിച്ചിട്ടുണ്ട്. ഈ ഉപകരണത്തിനകത്ത് സിം കാർഡ് ഇടുന്നതിനുള്ള സൗകര്യമുണ്ട്. ഇവ ബന്ധപ്പെട്ടിരിക്കുന്നത് പ്രത്യേക കണ്ട്രോള്‍ റൂമിൽ നിന്ന് ആണ്. ഉത്തരം പറഞ്ഞു കൊടുക്കുന്നത് ഈ കേന്ദ്രത്തിൽ നിന്നുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഹരിയാന കേന്ദ്രീകരിച്ച പ്രത്യേക കണ്ട്രോൾ റൂം ഇതിനായി സജ്ജീകരിച്ചിരുന്നു. വലിയ തുക വാങ്ങിയാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്. മറ്റ് ചില പരീക്ഷകളും സംശയത്തിന്റെ നിഴലിലാണ്. 2022-ൽ ഡിഫൻസിന്റെ സി ഗ്രൂപ്പ് പരീക്ഷയുമായി ബന്ധപ്പെട്ടും സമാനമായ രീതിയിൽ 29 ഹരിയാന സ്വദേശികളെ പിടികൂടിയിരുന്നു. നിലവിലെ കോപ്പിയടിയുമായി ഇതിനു എന്തെകിലും ബന്ധമുണ്ടോ എന്നും അന്വേഷിക്കും.

അതിനിടെ വിഎസ്എസ്‌സി പരീക്ഷയിലെ ക്രമക്കേടുകളെത്തുടർന്ന് ഞായറാഴ്ച നടന്ന ടെക്നീഷ്യൻ – ബി, ഡ്രൗട്ട്സ്മാൻ – ബി, റേഡിയോഗ്രാഫർ – എ എന്നീ പരീക്ഷകൾ റദ്ദാക്കി. തിരുവനന്തപുരത്തെ വിവിധ കേന്ദ്രങ്ങളിൽ വച്ചായിരുന്നു പരീക്ഷ. പുതിയ പരീക്ഷാ തീയതി വെബ്സൈറ്റിലൂടെ അറിയിക്കുമെന്നും വിഎസ്എസ്‌സി അറിയിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുല്‍ഗാന്ധി അമേഠിയില്‍ മത്സരിക്കുമെന്ന് അജയ് റായ്; അന്തിമ തീരുമാനമായില്ലെന്ന് എ ഐ സി സി

0

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്ന് മത്സരിക്കുമെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ്. എന്നാല്‍, രാഹുല്‍ ഗാന്ധിയും പ്രിയങ്കഗാന്ധിയും എവിടെ മത്സരിക്കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്ന് എഐസിസി നേതൃത്വം അറിയിച്ചു. യുപി അധ്യക്ഷന്‍ അദ്ദേഹത്തിന്റെ ആഗ്രഹമാണ് പ്രകടിപ്പിച്ചതെന്നും എഐസിസി നേതാക്കള്‍ അറിയിച്ചു.

പ്രിയങ്കഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കട്ടയെന്നും, യുപിയില്‍ എവിടെ മത്സരിച്ചാലും വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. ഇരുവരും മത്സരിക്കുന്നതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെല്ലാം സജീവമാകുമെന്നും അജയ് റായ് കൂട്ടിച്ചേര്‍ത്തു. ഇതിന് പിന്നാലെയാണ് എഐസിസി ഇടപെടല്‍.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയോടാണ് രാഹുല്‍ ഗാന്ധി അമേഠിയില്‍ പരാജയപ്പെട്ടത്. അമേഠിയെ കൂടാതെ കേരളത്തിലെ വയനാട് ലോക്സഭാ മണ്ഡലത്തില്‍ രാഹുല്‍ മത്സരിച്ചിരുന്നു. അതേസമയം, ഇത്തവണ വയനാട് മണ്ഡലത്തിൽ രാഹുൽ മത്സരിക്കുമോയെന്ന് അജയ് റായ് വ്യക്തമാക്കിയില്ല. വിഷയം വാർത്തയായതോടെ അജയ് റായ് യുടെ പരാമർശത്തിൽ പ്രതികരണവുമായി എഐസിസി രംഗത്തെത്തെത്തുകയായിരുന്നു. രാഹുല്‍ഗാന്ധിയുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ആയിട്ടില്ലെന്ന് എഐസിസി അറിയിച്ചു.