Thursday, April 9, 2026
Home Blog Page 228

തെരഞ്ഞെടുപ്പടുത്തിരിക്കെ മധ്യപ്രദേശില്‍ മന്ത്രിസഭാ വിപുലീകരണം; മൂന്ന് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു

0

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ അവശേഷിക്കെ മദ്ധ്യപ്രദേശിൽ മൂന്ന് ബി.ജെ.പി. എം.എല്‍.എ.മാര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഇതോടെ മധ്യപ്രദേശിലെ ആകെ മന്ത്രിസഭാംഗങ്ങള്‍ 34 പേരായി. ഗവര്‍ണര്‍ മങ്കുഭായ് പട്ടേല്‍ ഭോപാലിലെ രാജ്ഭവനില്‍വെച്ച് മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. മുന്‍ മന്ത്രിയും നാലുതവണ എം.എല്‍.എ.യുമായ രാജേന്ദ്ര ശുക്ല, ഏഴുതവണ എം.എല്‍.എ.യായ ഗൗരിശങ്കര്‍ ബിസെന്‍, ഒരുതവണ എം.എല്‍.എ.യായ രാഹുല്‍ ലോധി എന്നിവരാണ് മന്ത്രിമാരായി ചുമതലയേറ്റത്.

മധ്യപ്രദേശിലെ ജാതി-പ്രാദേശിക സമവാക്യങ്ങള്‍ പരിഗണിച്ചാണ് നിലവിലെ മന്ത്രിസഭാ വിപുലീകരണം. പുതുതായി സത്യപ്രതിജ്ഞ ചെയ്ത ലോധി, ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് ഉമാ ഭാരതിയുടെ കുടുംബാംഗമാണ്. ബിസനും ലോധിയും പിന്നാക്ക വിഭാഗക്കാര്‍ കൂടിയാണ്. ഖരഖ്പൂരിൽ നിന്നുള്ള രരാഹുല്‍ ലോധിയിലൂടെ നാൽപത് ശതമാനം വരുന്ന ഒബിസി വോട്ടാണ് ബി‍ജെപി ലക്ഷ്യംവയ്ക്കുന്നത്.

പുതിയ നിയമം: വിമാനം റദ്ദാക്കിയാല്‍ യാത്രാക്കൂലിയുടെ 200 ശതമാനം വരെ പിഴ

0

ജിദ്ദ:വിമാനം റദ്ദാക്കുകയോ പുറപ്പെടാന്‍ വൈകുകയോ ചെയ്താല്‍ വിമാന കമ്പനികള്‍ യാത്രക്കാര്‍ക്ക് വന്‍ തുക നഷ്ടപരിഹാരം നല്‍കേണ്ടി വരും. ഇത് സംബന്ധിച്ച പുതിയ നിയമം നടപ്പിലാക്കാന്‍ തയ്യാറെടുക്കുകയാണ് സൗദി അറേബ്യ. വിമാനയാത്രക്കൂലിയുടെ ഇരുനൂറ് ശതമാനം വരെ നഷ്ടപരിഹാരമാകും വിമാനകമ്പനികള്‍ യാത്രക്കാര്‍ക്ക് നല്‍കേണ്ടി വരിക. സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രഖ്യാപിച്ച വ്യാമയാന നിയമത്തിലാണ് പുതിയ നിര്‍ദേശങ്ങളും നിബന്ധകളും ഉള്‍പ്പെടുത്തിയിരിക്കുന്നത്. നവംബര്‍ ഇരുപത് മുതല്‍ പുതിയ നിയമം രാജ്യത്ത് പ്രാബല്യത്തില്‍ വരും. ഏതെങ്കിലും കാരണത്താല്‍ വിമാനങ്ങള്‍ റദ്ദാക്കുകയോ പുറപ്പെടുന്നതിന് കാലതാമസം നേരിടുകയോ ചെയ്താല്‍ ടിക്കറ്റിന്റെ 150 മുതല്‍ 200 ശതമാനം വരെ യാത്രക്കാരന് വിമാന കമ്പനികള്‍ നഷ്ടപരിഹാരം നല്‍കേണ്ടി വരും. ലഗേജുകള്‍ നഷ്ടപ്പെടുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍ 6568 സൗദി റിയലോ 6432 ദിര്‍ഹമോ നഷ്ടപരിഹാരമായി നല്‍കണമെന്നും പുതിയ നിയമം വ്യക്തമാക്കുന്നു.

രണ്ട് മണിക്കൂറില്‍ കൂടുതല്‍ വിമാനം വൈകിയാല്‍ റീഫണ്ട് ഓപ്ഷനോടെ ടിക്കറ്റ് റദ്ദാക്കാന്‍ വിമാന കമ്പനിയോട് ആവശ്യപ്പെടാനും യാത്രാക്കാരന് അവകാശമുണ്ട്. ഹജ്ജ്, ഉംറ പോലുളള സാഹചര്യങ്ങളില്‍ ഏര്‍പ്പെടുത്തുന്ന ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ക്കും പുതിയ നിയന്ത്രണങ്ങളും മാര്‍ഗ നിര്‍ദേശങ്ങളും ബാധകമാണ്. ടിക്കറ്റ്, ബോര്‍ഡിംഗ്, ബാഗേജ് കൈകാര്യം ചെയ്യല്‍, പ്രത്യേക പരിചരണം ആവശ്യമുള്ള യാത്രക്കാര്‍ക്ക് സഹായം നല്‍കല്‍ തുടങ്ങി വിമാനയാത്രയുമായി ബന്ധപ്പെട്ട എല്ലാ മേഖലയെയും ഉള്‍പ്പെടുത്തിയാണ് പുതിയ നിയമം തയ്യാറാക്കിയിരിക്കുന്നത്.

ഇ ഡി ഇല്ലെങ്കിൽ അതുക്കും മേലെ; സഞ്ജയ് കുമാർ മിശ്രക്ക് അന്വേഷണ ഏജൻസിയുടെ സിഐഒ പദവി നല്കാൻ കേന്ദ്രം

0

ഇ ഡി മേധാവി പദവിയിൽ തുടരാൻ നിയമപരമായ തടസ്സം നേരിടുന്ന സാഹചര്യത്തിൽ സഞ്‌ജയ്‌ കുമാർ മിശ്രയ്ക്ക്‌ ചീഫ്‌ ഇൻവെസ്റ്റിഗേഷൻ ഓഫീസർ ഓഫ്‌ ഇന്ത്യ (സിഐഒ) എന്ന പുതിയ പദവി നൽകാനൊരുങ്ങി മോദി സർക്കാർ. സെപ്‌തംബർ 15ന്‌ ഇഡി ഡയറക്ടർ സ്ഥാനത്തുനിന്ന്‌ മിശ്ര വിരമിക്കാനിരിക്കെയാണ്‌ ഇഡിയുടെയും സിബിഐയുടെയും മേൽനോട്ടചുമതലയുളള പദവി നൽകാന്‍ നീക്കം.

ഇഡി ഡയറക്ടർ സ്ഥാനത്ത്‌ മിശ്രയുടെ കാലാവധി നീട്ടാനുള്ള കേന്ദ്രനീക്കം സുപ്രീംകോടതി തടഞ്ഞിരുന്നു. 2018 മുതൽ ഇഡി ഡയറക്ടറാണ്‌ മിശ്ര. 2020ൽ കാലാവധി അവസാനിച്ചെങ്കിലും മൂന്നുവട്ടം നീട്ടിനൽകി. ഇതിനിടെയാണ് സിബിഐ, ഇഡി തലവൻമാർക്ക്‌ മുകളിലായി മിശ്രയെ നിയമിക്കുന്നത്. സിഐഒ പദവിയിൽ മിശ്ര എത്തിയാൽ സിബിഐയുടെയും ഇഡിയുടെയും തലവൻമാർ മിശ്രയ്ക്ക്‌ റിപ്പോർട്ട്‌ നൽകണം. രണ്ട്‌ ഏജൻസികളുടെയും പ്രവർത്തന മേൽനോട്ടം സിഐഒയ്ക്ക്‌ കൈമാറും. സിഡിഎസിന്‌ സമാനമായി പ്രധാനമന്ത്രി കാര്യാലയത്തിനായിരിക്കും സിഐഒയും റിപ്പോർട്ടുചെയ്യുക. സെക്രട്ടറി തസ്‌തികയ്ക്ക്‌ തുല്യമായ സ്ഥാനമായിരിക്കും സിഐഒയ്ക്കും.

എ സി മൊയിദീന്റെ 15 കോടിയുടെ സ്വത്ത് കണ്ടുകെട്ടി ED; രാഷ്ട്രീയ പകപോക്കലെന്ന് സി പി ഐ എം

0

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് 15 കോടി രൂപ വിലമതിക്കുന്ന സ്വത്തുവകകള്‍ കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് . എ.സി. മൊയ്തീന്റെ നിര്‍ദേശപ്രകാരമാണ് ബിനാമി ഇടപാടുകള്‍ നടന്നതെന്നും ഇ.ഡി. പറയുന്നു. എ.സി മൊയ്തീന്‍റെയും ഭാര്യയുടെയും പേരിലുള്ള 28 ലക്ഷം രൂപയുടെ ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ മരവിപ്പിക്കുകയും ചെയ്തു.

ബാങ്കില്‍ വ്യാപകമായ തട്ടിപ്പ് നടന്നതായുള്ള കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഇ.ഡി. റെയ്ഡ് നടത്തിയത്. എ.സി. മൊയ്തീന്റെ വീട്ടില്‍നിന്ന് 15 കോടി വിലമതിക്കുന്ന 36 വസ്തുവകകളാണ് കണ്ടെത്തിയത്. ഇവ കണ്ടുകെട്ടുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. കൂടാതെ 28 ലക്ഷം രൂപയുടെ നിക്ഷേപങ്ങള്‍ മരവിപ്പിക്കുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് എ.സി. മൊയ്തീന്‍ ഉള്‍പ്പെടെയുള്ളര്‍ക്ക് നോട്ടീസ് നല്‍കി ചോദ്യംചെയ്യാനായി കൊച്ചിയിലെ ഇ.ഡി. ഓഫീസിലേക്ക് വിളിച്ചുവരുത്തും.

അതേസമയം ED യുടെ നടപടി രാഷ്ട്രീയ പകപോക്കലാണെന്ന് സി പി ഐ എം പ്രതികരിച്ചു. മന്ത്രിയായിരുന്ന കാലയളവിൽ പോലും മികച്ച പ്രകടനം കാഴ്ച വച്ചയാളാണ് മൊയ്‌ദീൻ. പുതുപള്ളി തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ഈ ഡിയുടെ നടപടി പ്രതിഷേധാർഹമാണെന്നും പാർട്ടി വ്യക്തമാക്കി.

വീരയോദ്ധാവായി മോഹന്‍ലാല്‍; ‘വൃഷഭ’യിലെ ലുക്ക്

0

മോഹന്‍ലാല്‍ നായകനാവുന്ന പാന്‍ ഇന്ത്യന്‍ ബിഗ് ബജറ്റ് ചിത്രമാണ് ‘വൃഷഭ’. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ചിത്രത്തിലെ തന്റെ കഥാപാത്ര ലുക്കും പങ്കുവച്ചിട്ടുണ്ട്. യോദ്ധാവിന് സമാനമായി കയ്യില്‍ വാളേന്തി നില്‍ക്കുന്ന മോഹന്‍ലാലിനെ ചിത്രത്തില്‍ കാണാം.

പ്രധാനമായും തെലുങ്കിലും മലയാളത്തിലുമായി നിര്‍മ്മിക്കപ്പെടുന്ന ദ്വിഭാഷാ ചിത്രം തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും രാജ്യമൊട്ടാകെ റിലീസ് ചെയ്യും. 200 കോടിയാണ് ബജറ്റ്. ബോളിവുഡിലെ പ്രമുഖ നിര്‍മ്മാതാവ് ഏകത കപൂര്‍ സഹനിര്‍മ്മാതാവാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നന്ദകിഷോര്‍ ആണ്.

റോഷന്‍ മെക, ഷനയ കപൂര്‍, സഹ്‌റ ഖാന്‍, രാഗിണി ദ്വിവേദി, ശ്രീകാന്ത് മെക തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എപിക് ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം പ്രധാന കഥാപാത്രങ്ങളെ മുന്‍നിര്‍ത്തി തലമുറകളിലൂടെ കഥ പറയുന്ന ഒന്നാണെന്നാണ് വിവരം. എവിഎസ് സ്റ്റുഡിയോസ്, ഫസ്റ്റ് സ്റ്റെപ്പ് മൂവീസ്, ബാലാജി ടെലിഫിലിംസ്, കണക്റ്റ് മീഡിയ എന്നീ ബാനറുകലില്‍ അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍നാനി, ജൂഹി പരേഖ് മെഹ്ത, ശ്യാം സുന്ദര്‍, ഏക്ത കപൂര്‍, ശോഭ കപൂര്‍, വരുണ്‍ മാതൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ഇനി ചന്ദ്ര പര്യവേഷണത്തിന്റെ നിർണായക ഘട്ടം; ഇനിയുള്ള പതിനാലു ദിവസം ചന്ദ്രന്റെ രഹസ്യങ്ങൾ ചുരുളഴിയും

0

വിക്രം ലാന്‍ഡറില്‍നിന്ന് റോവര്‍ പ്രഗ്യാന്‍ ചന്ദ്രോപരിതലത്തിൽ ഇങ്ങിയതോടെ ചന്ദ്രന്റെ ലോകം അറിയാത്ത രഹസ്യങ്ങളുടെ ചുരുളഴിയ്ക്കുക എന്ന നിർണായക ദൗത്യം തുടങ്ങിക്കഴിഞ്ഞു. അശോക സ്തംഭവും ഐ എസ് ആർ ഒയുടെ ചിഹ്നവും ചന്ദ്രോപരിതലത്തിൽ പതിപ്പിച്ചാണ് റോവറിന്റെ യാത്ര. പ്രഗ്യാൻ റോവറിനു ഒരു ചന്ദ്ര ദിനമാണ് ആയുസ്സ്. അതായത് ഭൂമിയിലെ 14 ദിവസം.

26 കിലോഗ്രാം ഭാരമുള്ള പ്രഗ്യാൻ റോവറിൽരണ്ടു പരീക്ഷണ ഉപഗ്രഹങ്ങളാണ് ഉള്ളത്. ചന്ദ്രനിലെ മണ്ണിനെക്കുറിച്ച് പഠിക്കാനുള്ള LIBS (Laser Induced Breakdown Spectroscope) മൂലകങ്ങളെ കുറിച്ച് കൂടതല്‍ അറിയാനുള്ള APXS (Alpha Particle X-Ray Spectrometer) എന്നിവയാണ് റോവറിന് അകത്തെ രണ്ട് പേ ലേഡുകള്‍. പൂർണ്ണമായി സൗരോർജ്ജത്തില്‍ മാത്രമാണ് റോവറും ലാന്‍ഡറും പ്രവർത്തിക്കുന്നത്. ലാന്‍ഡറിലേക്ക് ലഭിക്കുന്ന വിവരങ്ങള്‍ ചന്ദ്രയാന്‍-2 ഓർബിറ്റർ വഴിയായിരിക്കും ഭൂമിയിലേക്ക് എത്തുക.

ലാന്‍ഡറിലും വിവര ശേഖരണത്തിനായുള്ള ഉപകരണങ്ങളുണ്ട്. ചന്ദ്രന്റെ ഉപരിതലത്തിലെ പ്ലാസ് സാന്നിധ്യം പഠിക്കാനുള്ള RAMBHA (Radio Anatomy of Moon Bound Hypersensitive ionosphere and Atmosphere) താപ വ്യതിയാനം പഠിക്കാന്‍ നിയോഗിക്കപ്പെട്ട ChaSTE (Chandra’s Surface Thermo physical Experiment), ചന്ദ്രന്റെ കുലുക്കങ്ങള്‍ പടിക്കാനുള്ള ILSA (Instrument for Lunar Seismic Activity) എന്നിവയോടൊപ്പം ഏക വിദേശ പേ ലോഡായി നാസയുടെ LRA (Laser Retroreflector Array) യും ലാന്‍ഡറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ചന്ദ്രനെ തൊട്ട് ഇന്ത്യ; ദക്ഷിണധ്രുവത്തിൽ സുരക്ഷിത ലാൻഡിങ്, ചന്ദ്രയാൻ 3 സമ്പൂർണ വിജയം

0

140 കോടി ഇന്ത്യക്കാരുടെയും അഭിമാനം ചന്ദ്രനോളം ഉയർത്തി ചന്ദ്രയാൻ 3 വിജയകരമായി ചന്ദ്രനിൽ ഇറങ്ങി. ‘വിക്രം’ എന്ന ലാന്‍ഡര്‍ മൊഡ്യൂളിനെ ചന്ദ്രോപരിതലത്തിലേക്ക് ഇറക്കുന്നതിനുള്ള നടപടികള്‍ ബുധനാഴ്ച വൈകീട്ട് 5.45-ന് ആരംഭിച്ചു. ബെംഗളൂരു പീനിയയിലെ ഐ.എസ്.ആര്‍.ഒ. ടെലിമെട്രി ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ് വർക്കിലെ മിഷന്‍ ഓപ്പറേഷന്‍ കോംപ്ലക്‌സില്‍നിന്നാണ് ലാന്‍ഡറിന് നിര്‍ദേശങ്ങള്‍ നല്‍കിയത്. വൈകീട്ട് 6.04-ന് ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തിയതോടെ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ.

ജൂലായ് 14 ഉച്ചക്ക് 2.35 നാണ് ചന്ദ്രയാന്‍-3 പേടകം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്സ് സെന്ററില്‍നിന്ന് മാര്‍ക്ക് -3 റോക്കറ്റില്‍ കുതിച്ചുയര്‍ന്നത്. ഓഗസ്റ്റ് ഒന്നിന് പേടകത്തെ ഭൂമിയുടെ ഭ്രമണപഥത്തില്‍നിന്ന് വേര്‍പെടുത്തി. ഓഗസ്റ്റ് അഞ്ചിന് പേടകത്തെ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിച്ചു. ഓഗസ്റ്റ് 19-ന് ചന്ദ്രോപരിതലത്തില്‍നിന്ന് 70 കിലോമീറ്റര്‍ ഉയരത്തില്‍ ലാന്‍ഡര്‍ പൊസിഷന്‍ ഡിറ്റക്ഷന്‍ ക്യാമറയും ഓഗസ്റ്റ് 20-ന് ലാന്‍ഡര്‍ ഇമേജര്‍ ക്യാമറ 4-ഉം പകര്‍ത്തിയ ചന്ദ്രന്റെ ദൃശ്യങ്ങള്‍ ഐ.എസ്.ആര്‍.ഒ. പുറത്തുവിട്ടിരുന്നു.

വൈദ്യുതി ഉപഭോഗം കുറക്കാൻ ജനങ്ങൾ സഹകരിക്കണമെന്ന് കെ എസ് ഇ ബി

0

വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെ. എസ് ഇ ബി. സാങ്കേതിക തകരാറിനെ തുടർന്ന് വിവിധ കേന്ദ്ര വൈദ്യുതി നിലയങ്ങളിൽ നിന്ന് സംസ്ഥാനത്തിന് ലഭിച്ചു കൊണ്ടിരുന്ന വൈദ്യുതിയിൽ അപ്രതീക്ഷിതമായി 300 മെഗാവാട്ട് കുറവുണ്ടായിട്ടുണ്ട്. സംസ്ഥാനത്തിന്റെ മൊത്തം വൈദ്യുതി ലഭ്യതയിൽ വന്ന കുറവ് കാരണം വൈദ്യുതി നിയന്ത്രണമേർപ്പെടുത്തേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. നിയന്ത്രണം ഒഴിവാക്കുന്നതിനായി വൈകുന്നേരം 6 മണി മുതൽ രാത്രി 11 വരെ അത്യാവശ്യമല്ലാത്ത വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതെ ഉപഭോഗം പരമാവധി നിയന്ത്രിക്കാൻ മാന്യ ഉപഭോക്താക്കൾ തയ്യാറാകണമെന്ന് കെ എസ് ഇ ബി അഭ്യർത്ഥിച്ചു.

താൻ മരിച്ചിട്ടില്ല; മരണവാർത്ത തിരുത്തി ഹീത്ത് സ്ട്രീക്ക്

0

മരണത്തെ കുറിച്ച് പ്രചരിച്ച വാര്‍ത്തകള്‍ തള്ളി സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് രംഗത്തെത്തി. താന്‍ ജീവിച്ചിരിപ്പുണ്ടെന്നും പ്രചരിച്ച തെറ്റായ വാർത്ത വേദനയുണ്ടാക്കിയെന്നും അദ്ദേഹം ഒരു മാധ്യമത്തോട് പ്രതികരിച്ചു.

”വാർത്ത പൂര്‍ണമായും അടിസ്ഥാനരഹിതവും അസത്യവുമാണത്. ഞാന്‍ ജീവിച്ചിരിപ്പുണ്ട്, അതും സുഖമായിത്തന്നെ. ആരെങ്കിലും പങ്കുവെയ്ക്കുന്ന കാര്യങ്ങള്‍ സ്ഥിരീകരിക്കാതെ പ്രചരിക്കുന്നതില്‍ വളരെ അസ്വസ്ഥനാണ്. ഈ വാര്‍ത്ത എന്നെ ഏറെ വേദനിപ്പിച്ചു.” സ്ട്രീക്ക് പറഞ്ഞു.

രാവിലെയോടെയാണ് അര്‍ബുദബാധയെത്തുടര്‍ന്ന് ഹീത്ത് സ്ട്രീക്ക് അന്തരിച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. സഹതാരമായിരുന്ന സീന്‍ വില്യംസ് എക്‌സില്‍ താരത്തിന് ആദരാഞ്ജലികളര്‍പ്പിച്ച് ട്വീറ്റ് ചെയ്തതോടെയാണ് ഇതിന്റെ തുടക്കം. പിന്നാലെ മറ്റൊരു സഹതാരമായിരുന്ന ഹെന്റി ഒലോങ്കയും ആദരാഞ്ജലിയര്‍പ്പിച്ച് ട്വീറ്റ് ചെയ്തു. ഇതോടെ അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം സ്ട്രീക്ക് മരിച്ചതായുള്ള വാര്‍ത്തകള്‍ പ്രചരിച്ചു.

എന്നാല്‍ ഒരുമണിക്കൂറിന് ശേഷം എക്‌സിലൂടെ ഒലോങ്ക തന്നെ സ്ട്രീക്ക് ജീവിച്ചിരിപ്പുണ്ടെന്ന് വ്യക്തമാക്കി രംഗത്തെത്തി. സ്ട്രീക്കിന്റെ വാട്‌സാപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടോട് കൂടിയാണ് ഒലോങ്ക വിവരം പങ്കുവെച്ചത്. ‘ഹീത്ത് സ്ട്രീക്ക് മരണപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യാജമാണ്. അദ്ദേഹവുമായി ഞാന്‍ സംസാരിച്ചു. ‘തേര്‍ഡ് അംപയര്‍’ അദ്ദേഹത്തെ തിരികെ വിളിച്ചിരിക്കുന്നു. അദ്ദേഹം ജീവനോടെയുണ്ട്’, ഒലോങ്ക എക്സില്‍ കുറിച്ചു.

മഞ്ജു വാരിയർ വീണ്ടും തമിഴിൽ; ആര്യക്കും ഗൗതം കാർത്തിക്കിനുമൊപ്പം ‘മിസ്റ്റർ എക്സ്’

0

മഞ്ജു വാരിയർ വീണ്ടും തമിഴിലേക്ക്. മനു ആനന്ദ് സംവിധാനം ചെയ്യുന്ന ആക്‌ഷൻ എന്റർടെയ്നർ ‘മിസ്റ്റർ എക്സി’ലൂടെയാണ് മഞ്ജു വീണ്ടും തമിഴകത്തെത്തുന്നത്. അസുരൻ, തുനിവ് എന്നീ ചിത്രങ്ങൾക്കുശേഷം മഞ്ജു അഭിനയിക്കുന്ന മൂന്നാമത്തെ തമിഴ് ചിത്രമാണിത്. ആര്യയും ഗൗതം കാർത്തിക്കുമാണ് നായകന്മാർ.

സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. വൻ ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രം ഇന്ത്യയെ കൂടാതെ ഉഗാണ്ട ജോർജിയ എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടത്തുക. ചിത്രത്തിൽ അഭിനയിക്കുന്ന വിവരം മഞ്ജു തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. ആര്യക്കും ഗൗതം കാർത്തിക്കിനുമൊപ്പം ഉള്ള ചിത്രങ്ങളും മഞ്ജു പങ്കുവച്ചിട്ടുണ്ട്. മിസ്റ്റർ എക്‌സിൽ ജോയിൻ ചെയ്തു. എന്ന് ചിത്രീകരണം ആരംഭിക്കും എന്നാണ് മഞ്ജുവിന്റെ പോസ്റ്റ്.

തമിഴിന് പുറമെ മലയാളം, കന്നഡ, തെലുഗു, ഹിന്ദി പതിപ്പുകളിലും ചിത്രം ഇറക്കും. അടുത്ത വർഷമാണ് ചിത്രം തീയേറ്ററുകളിൽ എത്തുക. പ്രിൻസ് പിക്ചർസ് ബാനറിൽ എസ് ലക്ഷ്മൺ കുമാറാണ് സിനിമയുടെ നിർമാണം.