Thursday, April 9, 2026
Home Blog Page 225

ഷെയിൻ നിഗത്തിൻ്റെയും ശ്രീനാഥ് ഭാസിയുടെയും വിലക്ക് നീക്കി

0

നടന്മാരായ ശ്രീനാഥ് ഭാസിയുടേയും ഷെയ്ൻ നിഗത്തിന്റേയും വിലക്ക് നീക്കി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. ശ്രീനാഥ് ഭാസി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് ക്ഷമ പറഞ്ഞ് കത്ത് നൽകിയിരുന്നു. ഷെയ്ൻ നിഗം അധികമായി ആവശ്യപ്പെട്ട പ്രതിഫലത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുകയും ചെയ്‌തതോടെയാണ് വിലക്ക് നീക്കിയത്.

ശ്രീനാഥ് ഭാസി രണ്ട് ചിത്രങ്ങൾക്കായി വാങ്ങിയ അഡ്വാൻസ് തുക തിരികെ നൽകും. കൈപ്പറ്റിയ തുക ഘട്ടം ഘട്ടമായി തിരികെ നല്‍കാമെന്നും ഷൂട്ടിംഗ് സെറ്റുകളില്‍ കൃത്യ സമയത്ത് എത്താമെന്നും ശ്രീനാഥ് ഭാസി നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് രേഖാമൂലം എഴുതി നല്‍കിയെന്നാണ് സൂചന. ഇരുവരുടെയും പുതിയ ചിത്രങ്ങളുമായി നിർമാതാക്കൾ സഹകരിക്കും

ചന്ദ്രോപരിതലത്തില്‍ സള്‍ഫര്‍ സാന്നിധ്യം സ്ഥിരീകരിച്ച് ചന്ദ്രയാന്‍ 3; ഹൈഡ്രജൻ കണ്ടെത്താൻ ശ്രമം

0

ചന്ദ്രനില്‍ സള്‍ഫറിന്റെ സാന്നിധ്യം സ്ഥിരീകരിച്ച് ഐഎസ്ആര്‍ഒയുടെ ചന്ദ്രയാന്‍-3 ദൗത്യം. ചന്ദ്രോപരിതലത്തില്‍ സഞ്ചരിക്കുന്ന പ്രഗ്യാന്‍ റോവറിലെ പേലോഡായ ലേസര്‍ ഇന്‍ഡ്യൂസ്ഡ് ബ്രേക്ക്ഡൗണ്‍ സ്പെക്ട്രോസ്ക്കൊപ്പാണ് സള്‍ഫറിന്റെയും ഓക്‌സിജന്‍ അടക്കമുള്ള മറ്റു മൂലകങ്ങളുടേയും സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഐഎസ്ആര്‍ഒ വാര്‍ത്താ കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ശാസ്ത്രീയ പരീക്ഷണങ്ങള്‍ തുടരുകയാണെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി.

പ്രാഥമിക നിരീക്ഷണത്തിൽ ചന്ദ്രോപരിതലത്തില്‍ അലുമിനിയം, കാല്‍സ്യം, ഇരുമ്പ്, ക്രോമിയം, ടൈറ്റാനിയം എന്നിവയുടെ സാന്നിധ്യം വെളിപ്പെട്ടിട്ടുണ്ടെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.
കൂടാതെ മാംഗനീസ്, സിലിക്കണ്‍, ഓക്‌സിജന്‍ എന്നിവയുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. ഹൈഡ്രജന്റെ സാന്നിധ്യം സംബന്ധിച്ച് പരിശോധനകൾ നടന്നുവരികയാണെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി. ചന്ദ്രോപരിതലത്തിലെ മണ്ണില്‍ നേരിട്ട് പരീക്ഷണം നടത്തി ഇവയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നത് ഇതാദ്യമായാണ്.

സംസ്ഥാനത്ത് ഉത്രാട ദിനത്തിൽ റെക്കോർഡ് മദ്യവിൽപന

0

ഉത്രാട ദിനത്തിൽ റെക്കോർഡ് മദ്യവിൽപന. സംസ്ഥാനത്ത് ബെവ്‌കോ ഔട്‌ലെറ്റ് വഴി ഉത്രാട ദിനത്തിൽ വിറ്റത് 116 കോടിയുടെ മദ്യമാണ്. കഴിഞ്ഞ വർഷം 112 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ഇത്തവണ നാലു കോടിയുടെ അധിക വില്പനയാണ് ഉണ്ടായിട്ടുള്ളത്.

21.8.23 മുതൽ ഉത്രാടം 28.8.23 വരെയുള്ള ഓണക്കാലത്തെ മൊത്തം വിൽപ്പനയുടെ കണക്കാണിത്. 41കോടി രൂപയുടെ അധിക വിൽപനയാണ് ഉണ്ടായത്. എട്ട് ദിവസം കൊണ്ട് 665 കോടി രൂപയുടെ മദ്യമാണ് വിറ്റത്.

ഉത്രാട ദിനത്തിൽ ഏറ്റവും കൂടുതൽ മദ്യം വിറ്റത് ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റിലാണ്. 1.06 കോടി രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. രണ്ടാം സ്ഥാനം കൊല്ലം ആശ്രാമം ഔട്‌ലെറ്റിലാണ്. 1.01 കോടി രൂപയുടെ മദ്യമാണ് വിൽപന നടന്നത്.

കഴിഞ്ഞ വർഷം 9.9.22 വരെയുള്ള മൊത്തം ഓണക്കാലത്തെ വിൽപ്പന 700.6 കോടിയായിരുന്നു. ഈ വർഷം 30.8.23 വരെ 770 കോടിയാണ് പ്രതീക്ഷിക്കുന്നത്.

പാചക വാതക വില കുറച്ച് കേന്ദ്രം; സബ്‌സിഡി പ്രഖ്യാപിച്ചു

0

രാജ്യത്ത് ഗാർഹിക ആവശ്യത്തിനുള്ള പാചക വാതക വില കേന്ദ്ര സർക്കാർ കുറച്ചു. വിലയിൽ 200 രൂപ സബ്‌സിഡി നൽകാനാണ് കേന്ദ്ര തീരുമാനം. ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതോടെ, പ്രധാനമന്ത്രി ഉജ്വല പദ്ധതി പ്രകാരമുള്ളവർക്ക് ഇളവ് 400 രൂപയായി ഉയരും. ലോക്‌സഭാ തെരഞ്ഞെടുപ്പും അഞ്ചു സംസ്‌ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും അടുത്തിരിക്കെയാണ് കേന്ദ്രത്തിന്റെ നിർണായക നടപടി.

എല്ലാ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും സിലിണ്ടറിന് 200 രൂപ സബ്‌സിഡിയും പിഎം ഉജ്വല സ്‌കീമിന് കീഴിലുള്ളവര്‍ക്ക് സബ്‌സിഡിക്ക് പുറമെ 200 രൂപയുടെ ആനുകൂല്യവും ലഭിക്കുമെന്ന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രക്ഷാബന്ധന്‍ സമ്മാനമായാണ് ഇളവെന്നും അദ്ദേഹം പറഞ്ഞു. 33 കോടി ഉപഭോക്താക്കള്‍ക്ക് എല്‍പിജി സിലിണ്ടറിന്മേലുള്ള അധിക സബ്‌സിഡിയുടെ ആനുകൂല്യം ലഭിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. നിലവില്‍ 1,100 രൂപയാണ് സിലണ്ടർ വില.

ഇമ്രാൻ ഖാന് ആശ്വാസം: തടവുശിക്ഷ മരവിപ്പിച്ചു, ജയിൽ മോചിതനാകും

തോഷഖാന അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ആശ്വാസം. ഇസ്‍ലാമാബാദ് ഹൈക്കോടതി തടവുശിക്ഷ മരവിപ്പിച്ചു. ഇതോടെ ഇമ്രാൻ ഖാന്റെ ജയിൽ മോചനം വൈകാതെ തന്നെ സാധ്യമാകും. താത്കാലികമായാണ് ശിക്ഷ മരവിപ്പിച്ചത്.

തോഷഖാനാ അഴിമതി കേസില്‍ ഇമ്രാന്‍ ഖാന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി മൂന്ന് വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതില്‍ നിന്നും ഇമ്രാനെ അഞ്ച് വര്‍ഷത്തേക്ക് അയോഗ്യനാക്കിയിരുന്നു. ഒരു ലക്ഷം രൂപ പിഴയും ചുമത്തി. ഇസ്ലാമാബാദിലെ വിചാരണ കോടതിയുടേതായിരുന്നു നടപടി.

ഇസ്‍ലമാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആമിർ ഫറൂഖ്, ജസ്റ്റിസ് താരിഖ് മെഹമൂദ് ജഹാംഗീർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ശിക്ഷ മരവിപ്പിച്ച് ഉത്തരവ് ഇറക്കിയത്. ഇസ്‍ലാമാബാദ് ജില്ലാക്കോടതിയുടെ വിധി ഹൈക്കോടതി മരവിപ്പിച്ചെന്ന് ഇമ്രാൻ ഖാന്റെ കക്ഷിയായ പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) വാട്സാപ് സന്ദേശത്തിലൂടെ വിവരം പുറത്തുവിടുകയായിരുന്നു.

അദ്ധ്യാപിക തല്ലിച്ച കുട്ടിയുടെ വിദ്യാഭ്യാസവും ചെലവുകളും ഏറ്റെടുക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി

0

മുസഫര്‍ നഗറില്‍ അദ്ധ്യാപിക സഹപാഠികളെ കൊണ്ട് തല്ലിച്ച വിദ്യാര്‍ത്ഥിയുടെ വിദ്യാഭ്യാസമേറ്റെടുക്കാന്‍ കേരളം തയ്യാറാണെന്ന് മന്ത്രി വി. ശിവന്‍കുട്ടി. കുട്ടിയുടെ രക്ഷിതാക്കള്‍ തയ്യാറായാല്‍ എല്ലാവിധ സഹായങ്ങളും കേരളം നല്‍കുമെന്നും മന്ത്രി തിരുവനന്തപുരത്ത് അറിയിച്ചു. കേരളം കുട്ടിയെ സ്വാഗതം ചെയ്യുന്നുവെന്നും ശിവൻകുട്ടി പറഞ്ഞു.

മതേതര ആശയങ്ങളെ നെഞ്ചോട് ചേര്‍ക്കാന്‍ കേരളം പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി അറിയിച്ചു. മണിപ്പൂരിലെ കലാപബാധിത പ്രദേശത്ത് നിന്നുള്ള കുട്ടിയെ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്ത് കേരളം പഠിപ്പിക്കുമെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

വിദ്യാര്‍ത്ഥിയെ ക്ലാസില്‍ അപമാനിച്ച അദ്ധ്യാപികയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം മന്ത്രി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചിരുന്നു. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനുള്ളിൽ ഇത്തരം വിഭജനപരമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ഉത്തരവാദികളായ വ്യക്തികൾക്കെതിരെ കർശനമായ നടപടിയെടുക്കാൻ കാലതാമസം പാടില്ലെന്നും മുഖ്യമന്ത്രിയ്ക്ക് അയച്ച കത്തിൽ പറഞ്ഞു.

ദളിത് യുവാവിനെ തല്ലിക്കൊന്ന പ്രതികൾ അറസ്റ്റിൽ

0

മധ്യപ്രദേശിലെ സാഗർ ജില്ലയിൽ ദളിത് യുവാവിനെ ആൾകൂട്ടം തല്ലിക്കൊന്ന സംഭവത്തിൽ എട്ട് പേർ അറസ്റ്റിൽ. മുഖ്യപ്രതിയായ വിക്രം സിംഗ് താക്കൂറടക്കം എട്ട് പേരാണ് അറസ്റ്റിലായത്. പത്തൊന്‍പതുകാരനായ നിതിൻ അഹിർവാരിനെയാണ് ആള്‍ക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തിയത്. അക്രമികളില്‍ നിന്ന് മകനെ രക്ഷിക്കാന്‍ ശ്രമിച്ച അമ്മയെ നഗ്നയാക്കി മര്‍ദിക്കുകയും ചെയ്തു.

പ്രതികൾക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടു‍ത്തു. മുഖ്യപ്രതിയുൾപ്പെടെ ഒമ്പത് പേർക്കെതിരെ സെക്ഷൻ 307 പ്രകാരം കേസ് ഫയൽ ചെയ്തിട്ടുണ്ട്. സെക്ഷൻ 302 എസ്സി, എസ്ടി ആക്ട് പ്രകാരവും കേസ് എടുത്തിട്ടുണ്ടെന്നും എസ് പി സഞ്ജീവ് ഉയ്ക് പറഞ്ഞു.

2019ൽ നിതിൻ അഹിർവാറിന്റെ സഹോദരി നൽകിയ ലൈംഗിക പീഡന കേസ് പിൻവലിക്കാത്തതിനെ തുട‌ർന്നാണ് ആക്രമണമുണ്ടായത്. ഇതുമായി ബന്ധപ്പെ‌ട്ട് നിതിൻ അഹിർവാറും വിക്രം സിംഗ് താക്കൂറും തമ്മിൽ വാക്ക് തർക്കമുണ്ടായിരുന്നു. പിന്നാലെയാണ് യുവാവിനെ വീട്ടിൽകയറി തല്ലിക്കൊന്നത്. നിതിൻ അഹിർവാറിന്റെ വീട്ടിൽ കയറിയ വിക്രം സിംഗ് യുവാവിനെ തല്ലിക്കൊലപ്പെടുത്തുകയായിരുന്നു.

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ആദ്യ സ്വർണ്ണം എറിഞ്ഞുവീഴ്ത്തി നീരജ് ചോപ്ര

0

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ ജാവലിനില്‍ നീരജ് ചോപ്ര സ്വര്‍ണം എറിഞ്ഞുവീഴ്‌ത്തി. ജാവലിൻ ത്രോയിലെ സ്വർണ നേട്ടത്തോടെ ലോക ചാമ്പ്യനാവുന്ന ആദ്യ ഇന്ത്യൻ അത്‍ലറ്റായി നീരജ് മാറി. 88.17 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ചാണ് നീരജിന്റെ സ്വര്‍ണ നേട്ടം. ആദ്യശ്രമം ഫൗളായത് ആശങ്കയായെങ്കിലും രണ്ടാം ശ്രമത്തില്‍ നീരജ് സ്വര്‍ണം എറിഞ്ഞിടുകയായിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ ലോക അത്‍ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നീരജ് ചോപ്ര വെള്ളി മെഡല്‍ നേടിയിരുന്നു. ഒറിഗോണില്‍ 88.13 ദൂരം എറിഞ്ഞാണ് വെള്ളി നേടിയത്. 25 വയസുകാരനായ നീരജ് ചോപ്ര പാരിസ് ഒളിംപിക്‌സിന് ഇതിനകം യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്. അണ്ടർ 20 ലോക ചാമ്പ്യനായി വരവറിയിച്ച നീരജ് ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംയിലും സ്വർണം നേടി. ഒളിംപിക്സ് അത്‍ലറ്റിക്സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് നീരജ്.

അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 87.82 മീറ്ററോടെ പാകിസ്ഥാന്‍റെ അർഷാദ് നദീമാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. 84.77 മീറ്ററോടെ കിഷോർ ജെന അഞ്ചും 83.72 മീറ്ററോടെ ഡി പി മനു ആറും സ്ഥാനത്ത് ഫിനിഷ് ചെയ്‌തതും ഇന്ത്യക്ക് അഭിമാനമായി.

യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടോയെന്ന് സംശയം; മലയാളി യുവതിയെ പ്രഷർ കുക്കർ കൊണ്ട് തലയ്ക്കടിച്ച് കൊന്ന കൊല്ലം സ്വദേശി അറസ്റ്റില്‍

0

ബംഗളൂരുവില്‍ മലയാളി യുവതിയെ പങ്കാളി തലയ്ക്കടിച്ച് കൊന്നു. 24 കാരിയായ തിരുവനന്തപുരം ആറ്റിങ്ങള്‍ സ്വദേശിനി ദേവയാണ് കൊല്ലപ്പെട്ടത്. യുവതിക്കൊപ്പം താമസിച്ചിരുന്ന കൊല്ലം സ്വദേശി വൈഷണവിനെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം.

ലിവിങ് ടുഗദര്‍ പങ്കാളിയായ ദേവയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമായതെന്ന് പ്രതി മൊഴി നല്‍കി. ദേവ സ്ഥിരമായി മൊബൈലിൽ സമയം ചിലവഴിക്കുന്നതും ചിലര്‍ക്ക് മെസേജ് അയക്കുന്നതും സംശയത്തിന് കാരണമായി. സംഭവദിവസം ഇരുവരും ബെംഗളൂരുവില്‍ തന്നെ താമസിക്കുന്ന ദേവയുടെ സഹോദരി കൃഷ്ണയുടെ വീട്ടിലെത്തിയിരുന്നു. ഇവിടെവെച്ച് രണ്ടു പേരും തമ്മില്‍ വഴക്കിട്ടിരുന്നതായി കൃഷ്ണ മൊഴി നൽകി. ഇരുവരെയും അനുനയിപ്പിക്കാന്‍ ശ്രമിക്കുകയും ഉച്ചയ്ക്ക് ഒരു മണിയോടെ രണ്ടു പേരും വാടകവീട്ടിലേക്ക് മടങ്ങിപ്പോവുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ദേവയെ വൈഷ്ണവ് കൊലപ്പെടുത്തിയത്.

കുക്കറുമായി കിടപ്പുമുറിയിലെത്തിയ പ്രതി വൈകിട്ട് നാലിനും നാലരയ്ക്കും ഇടയില്‍ മൂന്നു തവണ യുവതിയുടെ തലയ്ക്കടിച്ചു. ഗുരുതര പരുക്കേറ്റ യുവതി തൽക്ഷണം മരിച്ചുവെന്ന് പോലീസ് അറിയിച്ചു. ദേവയെ ഫോണില്‍വിളിച്ചിട്ട് കിട്ടാതായതോടെ സഹോദരി കൃഷ്ണ അയല്‍ക്കാരെ വിവരമറിയിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ വീട്ടിലെത്തി പരിശോധിച്ചതോടെയാണ് കൊലപാതകവിവരം അറിഞ്ഞത്.

കാലാവസ്ഥ സര്‍ക്കാര്‍ പ്രവചിക്കും:ഔദ്യോഗികമല്ലാത്ത കാലാവസ്ഥാ പ്രവചനത്തിന്പിഴശിക്ഷയെന്ന് സൗദി

0

അനുമതിയില്ലാതെ കാലാവസ്ഥാ പ്രവചനം നടത്തിയാല്‍ അഞ്ച് ലക്ഷം റിയാല്‍ വരെ പിഴ ലഭിക്കുമെന്ന് സൗദി പരിസ്ഥിതി മന്ത്രാലയം. കാലാവസ്ഥ സംബന്ധിച്ച് അംഗീകൃതമല്ലാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കും ശിക്ഷ ലഭിക്കും. മാധ്യമങ്ങള്‍ക്കും ഇത് ബാധകമാണ്.
കാലാവസ്ഥ സംബന്ധിച്ച് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ലഭ്യമാക്കുന്ന വിവരങ്ങളെയാണ് ആശ്രയിക്കേണ്ടതെന്ന് വ്യക്തമാക്കുകയാണ് സൗദി പരിസ്ഥിതി വകുപ്പ്. കാലാവസ്ഥ സംബന്ധിച്ച് ഔദ്യോഗികമല്ലാത്ത വിവിരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കുള്ള ശിക്ഷ സംബന്ധിച്ച നിയമത്തില്‍ ഭേദതഗതി വരുത്തിയിരിക്കുകയാണ് മന്ത്രാലയം. നിയമലംഘകര്‍ക്ക് അന്‍പതിനായിരം റിയാല്‍ മുതല്‍ അഞ്ച് ലക്ഷം റിയാല്‍ വരെയാണ് പിഴശിക്ഷ. കാലാവസ്ഥാ നിരീക്ഷണം നടത്തുന്ന കേന്ദ്രങ്ങള്‍ക്കും കാലാവവസ്ഥാ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുകയും സംപ്രേക്ഷണം നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും നിയമഭേദഗതി ബാധകമായിരിക്കും.

സര്‍ക്കാരിന്റെ കാലാവാസ്ഥാ വകുപ്പ് ലഭ്യമാക്കുന്ന വിശദാംശങ്ങളാണ് ഇത്തരം സ്ഥാപനങ്ങള്‍ പ്രസിദ്ധീകരിക്കേണ്ടത്. ഔദ്യോഗകമല്ലാത്ത കാലാവസ്ഥാ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കും പിഴശിക്ഷ ലഭിക്കും. വന്‍കിട പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോഴും സാധ്യത പഠനം നടത്തുമ്പോഴും കാലാവസ്ഥാ വിവരങ്ങള്‍ കൂടി പരിഗണിക്കണമെന്നും നിയമത്തില്‍ പറയുന്നുണ്ട്.