Friday, April 10, 2026
Home Blog Page 221

സല സൗദി പ്രോലീഗിലേക്ക്: അല്‍ ഇത്തിഹാദും ലിവര്‍പൂളും ധാരണയില്‍ എത്തിയെന്ന് റിപ്പോര്‍ട്ട്‌

0

ലിവര്‍പൂള്‍ സൂപ്പര്‍ താരം മുഹമ്മദ് സലയും സൗദി പ്രോലീഗില്‍ എത്തിയേക്കും. ലിവര്‍പൂളും അല്‍ഇത്തിഹാദ് ക്ലബും തമ്മില്‍ കൈമാറ്റത്തിന് ധാരണയില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് രാത്രി സല സൗദിയില്‍ എത്തുമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സൗദി ദിനപത്രമായ ഒകാസ് ആണ് സലയെ കൈമാറുന്നതിന് ക്ലബുകള്‍ തമ്മില്‍ ധാരണയായെന്ന് റിപ്പോര്‍ട്ട് ചെയ്തതത്. 150 ദശലക്ഷം പൗണ്ടിനാണ് സലയെ അല്‍ഇത്തിഹാദ് ക്ലബ് സ്വന്തമാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് അല്‍ നാസര്‍ ക്ലബ് നല്‍കുന്നതിലും ഇരട്ടി തുകയാണ് സലയ്ക്ക് അല്‍ഇത്തിഹാദ് നല്‍കുന്നത്. ട്രാന്‍സ്ഫര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി സല ഇന്ന് രാത്രി സൗദിയില്‍ എത്തും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

സ്വകാര്യവിമാനത്തില്‍ ജിദ്ദയില്‍ ആയിരിക്കും സല എത്തുക. കഴിഞ്ഞ ആറ് സീസണുകളായി ലിവര്‍പൂളിന്റെ ഏറ്റവും മികച്ച സ്‌ട്രൈക്കറാണ് സല. 2017-ല്‍ ആണ് ഈജിപ്ഷ്യന്‍ താരം ലിവര്‍പൂളില്‍ എത്തിയത്.

ക്ലോക്ക് ടവറിന് പുതിയ മുഖം: ദുബൈ ക്ലോക്ക് ടവര്‍ നവീകരിച്ചു:

0

ദുബൈയിലെ ക്ലോക്ക് ടവര്‍ നവീകരണം പൂര്‍ത്തിയായെന്ന് മുന്‍സിപ്പാലിറ്റി അറിയിച്ചു. പത്ത് ദശലക്ഷം ദിര്‍ഹം ചിലവിലാണ് ക്ലോക്ക് ടവര്‍ നവീകരിച്ചത്. രൂപത്തില്‍ മാറ്റം വരുത്താതെയാണ് നവീകരണം. ദുബൈ നഗരത്തിലെ പ്രധാന ലാന്‍ഡ് മാര്‍ക്കുകള്‍ എല്ലാം നവീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ക്ലോക്ക് ടവറും മുന്‍സിപ്പാലിറ്റി നവീകരിച്ചത്.

1963-ല്‍ നിര്‍മ്മിച്ച ക്ലോക്ക് ടവര്‍ ദുബൈയിലെ ചരിത്രപ്രാധാന്യമുള്ള റൗണ്ട് എബൗട്ടാണ്. പ്രധാന തൂണുകളുടെ രൂപത്തില്‍ മാറ്റം വരുത്താതെയാണ് നവീകരണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഈ വര്‍ഷം മെയ് മാസത്തിലാണ് നവീകരണം ആരംഭിച്ചത്. ക്ലോക്ക് ടവറും ചുറ്റുമുള്ള റൗണ്ട് എബൗട്ടും ആണ് നവീകരിച്ചത്. റൗണ്ട് എബൗട്ടില്‍ കൂടുതല്‍ ചെടികള്‍ നട്ടുവളര്‍ത്തി മനോഹരമാക്കി. റൗണ്ട് എബൗട്ടിലെ വാട്ടര്‍ ഫൗണ്ടനും നവീകരിച്ചു. ഫൗണ്ടനിലെ ലൈറ്റുകളിലും മാറ്റം വരുത്തി. ക്ലോക്ക് ടവറിന് ചുറ്റും നിലത്ത് പുതിയ ടൈലുകള്‍ പതിപ്പിച്ചു.

വൈകുന്നേരങ്ങളിലും രാത്രിയിലും കൂടുതല്‍ മനോഹരമാകും വിധത്തിലാണ് ക്ലോക്ക് ടവര്‍ നവീകരിച്ചിരിക്കുന്നത്.

ഒരുരാജ്യം ഒരു തെരഞ്ഞെടുപ്പ്: നീക്കം തകൃതിയാക്കി കേന്ദ്രം, രാംനാഥ് കോവിന്ദ് അധ്യക്ഷനായി സമിതി

0

ഒരു രാജ്യം ഒരു തെരഞ്ഞടുപ്പ് നീക്കം കേന്ദ്ര സർക്കാർ തകൃതിയായി മുന്നോട്ട് കൊണ്ടുപോകുന്നു. വിഷയം ആലോചിക്കാന്‍ കേന്ദ്രം പ്രത്യേക സമിതി രൂപീകരിച്ചു. സമിതിയുടെ അധ്യക്ഷനായി മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ നിയമിച്ചു. പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നാലെയാണു തിരക്കിട്ട നീക്കം. വിഷയം പഠിച്ചതിനു ശേഷം സമിതി കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കും.

സമിതിയുമായി ബന്ധപ്പെട്ട് മറ്റു കാര്യങ്ങളൊന്നും തന്നെ ഔദ്യോഗിക വിശദീകരണമായി പുറത്തുവന്നിട്ടില്ല. ആരൊക്കെയാണ് മറ്റു അംഗങ്ങൾ എന്നതിനെക്കുറിച്ചും വ്യക്തതയില്ല. വിരമിച്ച ജഡ്ജിമാരും സമിതിയിലുണ്ടാകുമെന്നാണ് സൂചനകള്‍. 2014 ല്‍ ബി ജെ പിയുടെ പ്രകടന പത്രികയില്‍ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന വിഷയം ഉന്നയിച്ചിരുന്നു. ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേയ്ക്കും ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയം ഏറെക്കാലമായി ബിജെപി മുന്നോട്ടുവെക്കുന്നുണ്ട്. എന്നാല്‍ ഇതിനെതിരേ പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍നിന്നടക്കം എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ഒറ്റ തെരഞ്ഞെടുപ്പു നടത്തുന്നത് പൊതുഖജനാവിന് വലിയ ലാഭമുണ്ടാക്കുമെന്നും വികസന പദ്ധതികള്‍ക്കുണ്ടാകുന്ന തടസ്സം ഒഴിവാകുമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.

110 കോടി പ്രതിഫലത്തിനുപിന്നാലെ ലാഭവിഹിതവും; രജനിക്ക് ചെക്ക് കൈമാറി ജയിലർ നിർമാതാവ്

0

മികച്ച പ്രതികരണങ്ങളോടെ തീയറ്ററുകളില്‍ നിറഞ്ഞോടുകയാണ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് ചിത്രം ജയിലര്‍. ആഗോള തലത്തില്‍ ബോക്‌സ്ഓഫീസില്‍ ചിത്രം ഇതുവരെ നേടിയത് 600 കോടിയാണ്. ചിത്രത്തില്‍ അഭിനയിച്ചതിന്റെ പ്രതിഫലത്തിന് പുറമേ രജനീകാന്തിന് ലാഭവിഹിതത്തിന്റെ ഒരു ഭാഗം കൂടി നല്‍കിയിരിക്കുകയാണ് നിര്‍മാതാവ് കലാനിധി മാരന്‍.

ചെന്നൈയിലെ രജനീകാന്തിന്റെ വസതിയില്‍ എത്തിയാണ് കലാനിധി മാരന്‍ ചെക്ക് കൈമാറിയത്. ചെക്കിലെ തുക എത്രയാണെന്ന് പുറത്തുവിട്ടിട്ടില്ല. എന്നാല്‍ 20 കോടി രൂപയ്ക്കടുത്ത് ചെക്കിലെ തുക വരുമെന്നാണ് റിപ്പോർട്ട്.

സൺപിക്‌ചേഴ്‌സിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ ചെക്ക് കൈമാറുന്ന ചിത്രം പങ്കുവച്ചിട്ടുണ്ട്. ജയിലറിന്റെ ചരിത്ര വിജയം ആഘോഷിക്കുന്നുവെന്നാണ് പോസ്റ്റിനൊപ്പമുള്ള തലക്കെട്ട്. സണ്‍ പിക്‌ചേഴ്‌സിന്റെ സിഇഒ ആണ് കലാനിധി മാരന്‍. പ്രൊഫിറ്റ് ഷെയറിംഗ് കരാറും ജയിലറില്‍ രജനി സണ്‍ പിക്ചേഴ്സുമായി ഒപ്പിട്ടിരുന്നു എന്നാണ് സൂചന.

ഇനി സൂര്യനെ കീഴടക്കാൻ: ആദിത്യ എൽ1 വിക്ഷേപണം നാളെ‌, കൗണ്ട് ഡൗൺ ഇന്ന് ആരംഭിക്കും

0

ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എല്‍ 1 വിക്ഷേപണത്തിന് ഒരുങ്ങി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും ശനിയാഴ്ച രാവിലെ 11.50 നാണ് പേടകം വിക്ഷേപണം നടത്തുക. ആദിത്യ എല്‍ വണ്ണിന്റെ വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗണ്‍ ഇന്ന് തുടങ്ങും. വിക്ഷേപണത്തിന്റെ റിഹേഴ്സല്‍ പൂര്‍ത്തിയായതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് അറിയിച്ചു.

സൂര്യനില്‍ നിന്നു വികിരണങ്ങളെ കുറിച്ചുള്ള പഠനമാണ് ആദിത്യ എല്‍ വണ്ണിന്റെ ലക്ഷ്യം. ലാഗ്രേഞ്ച് 1 പോയിന്റിൽ നിന്നാണ് പേടകം സൂര്യനെ പഠിക്കുക. ഭൂമിയില്‍നിന്ന് ഏകദേശം 15 ലക്ഷം കിലോ മീറ്റര്‍ അകലെയാണ് ഇത്. വിക്ഷേപിച്ച് മൂന്ന് മാസം സഞ്ചരിച്ചാണ് പേടകം ഇവിടെ എത്തുക. പൂര്‍ണമായി തദ്ദേശീയമായി നിര്‍മിച്ചതാണ് ആദിത്യ എല്‍1. 5 കൊല്ലവും രണ്ടുമാസവും നീണ്ടുനില്‍ക്കുന്ന സ്പേസ് ഓബ്സര്‍വേറ്ററി ദൗത്യം വിജയിച്ചാല്‍ സൂര്യപര്യവേഷണം നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യമാറും.

ഭൂമിയുടെ ഭ്രമണപഥത്തിൽ സൂര്യനും ഭൂമിക്കും ഇടയിലുള്ള ലഗ്രാഞ്ച് പോയന്റ്-1 പോയിന്റിൽ ഗുരുത്വാകർഷണ ബലങ്ങൾ സന്തുലിതമാണ്. അതിനാൽ ബഹിരാകാശ പേടകങ്ങൾക്ക് തുടർച്ചയായി കൂടുതൽ ഇന്ധനം ഉപയോഗിക്കാതെ തന്നെ ഇവിടെ തുടരാനാകും. സൗര പ്രവർത്തനങ്ങൾ ഗ്രഹത്തിന്റെ അന്തരീക്ഷത്തിൽ സ്വാധീനം ചെലുത്തുന്നതിനാൽ ഭൂമിയുടെ കാലാവസ്ഥയെ കുറിച്ച് മറഞ്ഞിരിക്കുന്ന പല കാര്യങ്ങളും കണ്ടെത്താനും ഇത് സഹായകരമാകും.

ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പ്രതിപ്പട്ടിക സമര്‍പ്പിച്ചു, രണ്ട് ഡോക്ടര്‍മാരും നഴ്സുമാരും പ്രതികള്‍

0

പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പുതിയ പ്രതിപട്ടിക സമര്‍പ്പിച്ചു. ശസ്ത്രക്രിയ നടത്തിയ രണ്ട് ഡോക്ടര്‍മാരും സഹായിച്ച നഴ്‌സുമാരും പ്രതികളാണ്. കുന്നമംഗലം കോടതിയിലാണ് പൊലീസ് പ്രതിപട്ടിക സമര്‍പ്പിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ സി കെ രമേശനും കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഡോ ഷഹനയും, കോഴിക്കോട് മെഡിക്കൽ കോളേജിലെ നഴ്സുമാരായ രഹന എം, മഞ്ജു കെ ജി എന്നിവരാണ് പ്രതികൾ.

ഐപിസി 338 വകുപ്പ് പ്രകാരമാണ് ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. പ്രതികളെ ചോദ്യം ചെയ്ത ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ പ്രതി ചേര്‍ത്തതെന്നാണ് വിവരം. കേസില്‍ നിയമനടപടിയുമായി മുന്നോട്ട് പോകാമെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചിരുന്നു. ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യുന്നത് അടക്കമുള്ള നടപടികളിലേക്ക് അന്വേഷണ സംഘത്തിന് കടക്കാമെന്നും നിയമോപദേശത്തില്‍ പറയുന്നു. ഡിഎംഒയും മെഡിക്കല്‍ കോളേജ് സൂപ്രണ്ടും ഉള്‍പ്പടെ മുമ്പ് പ്രതിപ്പട്ടികയിലുണ്ടായിരുന്നവരെ ഒഴിവാക്കിയാണ് പുതിയ പട്ടിക സമര്‍പ്പിച്ചത്.

സംഭവത്തിൽ ഡോക്ടര്‍മാരെ പിന്തുണച്ച് ഐഎംഎ രംഗത്തെത്തി. നിരപരാധികള്‍ ശിക്ഷിക്കപ്പെടരുതെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് സുല്‍ഫി നൂഹു പറഞ്ഞു. അന്തിമ തീരുമാനം മെഡിക്കല്‍ ബോര്‍ഡിന്റെതാണ്. വിഷയത്തില്‍ അനാസ്ഥ സംഭവിച്ചിട്ടുണ്ട്. മെഡിക്കല്‍ ബോര്‍ഡിന്റേതല്ലാത്ത കണ്ടെത്തലുകള്‍ നിലനില്‍ക്കില്ലെന്നും സുല്‍ഫി നൂഹു പ്രതികരിച്ചു.

ആലുവയിലെ കൊലപാതകത്തിൽ കുറ്റപത്രം സമർപ്പിച്ചു

0

ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകത്തിൽ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കേരളത്തെ ഞെട്ടിച്ച
കൊലപാതമുണ്ടായി മുപ്പത്തഞ്ചാം ദിവസമാണ് അന്വേഷണസംഘം കുറ്റപത്രം നൽകിയത്. എറണാകുളം പോക്‌സോ കോടതിയിലാണ് അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ബിഹാർ സ്വദേശി അസഫാക് ആലം മാത്രമാണ് പ്രതി.

കേസിൽ വിചാരണ വേഗത്തിലാക്കുന്നതിനും പൊലീസ്, കോടതിയിൽ അപേക്ഷ നൽകും. വിശദമായ അന്വേഷണ റിപ്പോർട്ടും ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും ഉൾപ്പടുത്തി 645 പേജുള്ള കുറ്റപത്രമാണ് തയ്യാറാക്കിയിട്ടുള്ളത്. കേസിൽ 99 സാക്ഷികളാണുള്ളത്. കുട്ടിയെ കൊന്നത് തെളിവ് നശിപ്പിക്കാനെന്നാണ് കുറ്റപത്രത്തിലുള്ളത്. പ്രതിക്കെതിരെ പോക്സോ കൊലപാതകം, ബലാത്സംഗം ഉൾപ്പടെ 9 കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ജൂലൈ 28 നാണ് ആലുവ തായിക്കാട്ടുകരയിൽനിന്നു കാണാതായ ബിഹാർ സ്വദേശിയായ അഞ്ചുവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്.

ബീഹാർ സ്വദേശികളായ അതിഥി തൊഴിലാളികളുടെ അഞ്ചുവയസുകാരിയായ മകളെ കാണാനില്ലെന്ന് കാട്ടി അമ്മ ആലുവ ഈസ്റ്റ് പൊലീസിൽ നൽകിയ പരാതിയെ തുടർന്നു അന്വേഷണമാണ് ക്രൂരമായകൊലപാതകം പുറംലോകം അറിഞ്ഞത്. സി സി ടി വി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച സൂചന അനുസരിച്ച് അസഫാക് ആലത്തിനെ പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയില്ലെന്നാണ് ഇയാൾ ആദ്യം പറഞ്ഞത്. എന്നൽ തിരച്ചിലിന് ഒടുവിൽ മൃതദേഹം മാലിന്യ കൂമ്പാരത്തിൽ കണ്ടെത്തുകയായിരുന്നു.

നടി അപർണ നായർ മരിച്ച നിലയിൽ; അസ്വാഭാവിക മരണത്തിന് കേസെടുത്തു

0

സിനിമാ– സീരിയൽ താരം അപർണ നായരെ മരിച്ചനിലയിൽ കണ്ടെത്തി. കരമന തളിയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ ആണ് കണ്ടെത്തിയത്. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്.

വൈകിട്ട് ഏഴരയോടെയാണ് മരിച്ചനിലയിൽ കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ അന്ത്യം സംഭവിച്ചിരുന്നൂ. സംഭവ സമയത്ത് വീട്ടിൽ അമ്മയും സഹോദരിയും ഉണ്ടായിരുന്നതായി വിവരമുണ്ട്. മരണത്തിൽ കരമന പൊലീസ് അന്വേഷണം ആരംഭിച്ചു. അടുത്ത ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി.

മേഘതീർഥം, മുദ്ദുഗൗ, അച്ചായൻസ്, കോടതി സമക്ഷം ബാലൻ വക്കീൽ, കൽക്കി തുടങ്ങിയ സിനിമകളിലും ചന്ദനമഴ, ആത്മസഖി, മൈഥിലി വീണ്ടും വരുന്നു, ദേവസ്പർശം, തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഭർത്താവ്: സഞ്ജിത്, മക്കൾ: ത്രയ, കൃതിക.

വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെയും വില കുറച്ചു

0

ഗാർഹികാവശ്യത്തിനുള്ള പാചകവാതക വില കുറച്ചതിന് പിന്നാലെ വാണിജ്യാശ്യത്തിനുള്ള എൽ.പി.ജി. വിലയും കുറച്ച് കേന്ദ്രം. 19 കിലോ ഗ്രാം എൽ.പി.ജി.യ്ക്ക് 158 രൂപയാണ് കുറച്ചത്. കുറഞ്ഞ നിരക്ക് ഇന്നുമുതൽ പ്രാബല്യത്തിൽ വരും. ഇതോടെ ദില്ലിയിൽ വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ടറുകൾ 1522 രൂപ ആയി കുറയും.

ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിൻഡറിന്റെ വില 200 രൂപ കുറച്ചിരുന്നു. പ്രധാനമന്ത്രി ഉജ്ജ്വലയോജനപ്രകാരം ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള സ്ത്രീകൾക്ക് വിതരണം ചെയ്യുന്ന പാചകവാതക സിലിൻഡർ വിലയിൽ 200 രൂപ സബ്സിഡി നൽകുന്നത് തുടരുമെന്നും കേന്ദ്രം അറിയിച്ചിരുന്നു. ഫലത്തിൽ, ഉജ്ജ്വല പദ്ധതി ഉപഭോക്താക്കൾക്ക് 400 രൂപയുടെ ഇളവ് ലഭിക്കും.

നിയമസഭാ തെരഞ്ഞെടുപ്പുകളും ലോക്സഭാ തെരഞ്ഞെടുപ്പും അടുത്തിരിക്കെയാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള നീക്കമാണ് എന്നാണ് വിമർശനം.

ഡ്യൂറന്റ് കപ്പ് ഫൈനലില്‍ കൊല്‍ക്കത്ത ഡര്‍ബി; സെമിയില്‍ ഗോവയെ വീഴ്ത്തി മോഹന്‍ ബഗാൻ

0

ഡ്യൂറന്റ് കപ്പ് ഫൈനലിൽ കൊൽക്കത്ത ഡർബി. രണ്ടാം സെമിയിൽ എഫ്സി ഗോവയെ കീഴടക്കി മോഹൻ ബഗാൻ ഫൈനലിൽ കടന്നതോടെ ഈസ്റ്റ് ബംഗാൾ – മോഹൻ ബഗാൻ ഫൈനലിന് കളമൊരുങ്ങി. ചൊവ്വാഴ്ച നടന്ന ആദ്യ സെമിയിൽ നോർത്ത്ഈസ്റ്റ് യുണൈറ്റഡിനെ ഷൂട്ടൗട്ടിൽ കീഴടക്കിയാണ് ഈസ്റ്റ് ബംഗാൾ കലാശപ്പോരിന് യോഗ്യത നേടിയത്. ഞായറാഴ്ചയാണ് ഫൈനൽ.

സെമിയിൽ ഒന്നിനെതിരേ രണ്ട് ഗോളുകൾക്കാണ് മോഹൻ ബഗാൻ, ഗോവയെ മറികടന്നത്. കളിയുടെ 23-ാം മിനിറ്റിൽ നോവ സദോയിയിലൂടെ ഗോവയാണ് ആദ്യം മുന്നിലെത്തിയത്. ഹ്യൂഗോ ബോമസിന്റെ പിഴവിൽ നിന്ന് പന്ത് പിടിച്ചെടുത്ത് മുന്നേറിയ നോവ വലകുലുക്കി. ജേസൻ കമ്മിൻസ്, സാദിക്കു എന്നിവർ ബഗാന് വേണ്ടി വലകുലുക്കി. നാൽപ്പത്തി ഒന്നാം മിനുട്ടിൽ കമ്മിൻസിൻ്റെ പെനൽറ്റിയിലൂടെ മോഹൻ ബഗാൻ ഗോൾ മടക്കി. അറുപത്തി ഒന്നാം മിനുട്ടിൽ സദിക്കുവിൻ്റെ ഗോളിലൂടെ ബഗാൻ ലീഡ് കരസ്ഥമാക്കി. അവസാന നിമിഷങ്ങളിൽ ശക്തമായ പ്രതിരോധം തീർക്കാൻ ബഗാന് കഴിഞ്ഞു.

ടൂർണമെന്റിലെ പ്രാഥമിക ഘട്ടത്തിൽ ബഗാനെ തോൽപിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ഈസ്റ്റ് ബംഗാൾ ഇറങ്ങുന്നത്. നേരത്തെ ഗ്രൂപ്പ് ഘട്ടത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഈസ്റ്റ് ബംഗാൾ എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചിരുന്നു. 19 വർഷത്തിനു ശേഷമാണ് ഈസ്റ്റ് ബംഗാൾ ഡ്യുറാൻഡ് കപ്പ് ഫൈനലിൽ പ്രവേശിക്കുന്നത്.