Friday, April 10, 2026
Home Blog Page 219

മെസ്സിക്ക് മുമ്പെ ഐതിഹാസിക നേട്ടം റൊണാള്‍ഡോക്ക്..! ഗോട്ട് ഡിബേറ്റില്‍ ഇതും പരിഗണിക്കുമോ..?

0

ക്ലബ്ബിനും ദേശീയ ടീമിനുമായി 850 ഗോള്‍ നേടുന്ന ആദ്യ താരമെന്ന ഐതിഹാസിക നേട്ടത്തിലേക്ക് ഓടിയെത്തി ഫുട്ബാള്‍ ഇതിഹാസം കൃസ്റ്റാനോ
റൊണാള്‍ഡോ, സൗദി പ്രോ ലീഗില്‍ അല്‍ ഹസമിനെതിരായ മല്‍സരത്തില്‍ നേടിയ ഗോളോടെയാണ് താരം ഈ നേട്ടം കൈവരിച്ചത്.
മല്‍സരത്തില്‍ 1 ഗോളും രണ്ട് അസിസ്റ്റും നേടിയാണ് റോണോ ഈ റെക്കോര്‍ഡ് ആഘോഷമാക്കിയത്.
അല്‍ നസറിന് വേണ്ടി താരത്തിന്റെ 26 ാം ഗോളായിരുന്നു ഇത്.

തന്റെ കരിയറില്‍ റൊണാള്‍ഡോ ഏറ്റവുമധികം വല കുലുക്കിയത് റയല്‍ മാഡ്രിഡിനു വേണ്ടിയാണ്. 450 തവണയാണ് എതിരാളികള്‍ റോണോയുടെ
ബൂട്ടിന്റെ ചൂടറിഞ്ഞത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി 145 ഗോളും പോര്‍ച്ചുഗലിനായി 123 ഉം യുവന്റസിനായി 101 മാണ് താരത്തിന്റെ സമ്പാദ്യം.

നടൻ മാധവന്‍ പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍

0

നടനും സംവിധായകനുമായ ആര്‍ മാധവന്‍ പുണെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍. മുന്‍ പ്രസിഡന്റ് ഡയറക്ടര്‍ ശേഖര്‍ കപൂറിന്റെ കാലാവധി കഴിഞ്ഞ മാര്‍ച്ച് 3 ന് അവസാനിച്ചിരുന്നു. മാധവനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റായി നിയമിച്ച വിവരം കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ എക്സിലൂടെ അറിയിച്ചു.

ചെയര്‍മാനും പ്രമുഖരായ പൂര്‍വ വിദ്യാര്‍ഥികള്‍ അടക്കം 12 അംഗങ്ങളും ഉള്‍പ്പെടുന്നതാണ് ഭരണ സമിതി. മാധവനെ അനുരാഗ് ഠാക്കൂർ അഭിനന്ദിക്കുകയും ചെയ്തു. മാധവന്റെ അനുഭവ സമ്പത്ത് ഇൻസ്റ്റിറ്റ്യൂട്ടിൽ ​​ഗുണകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും പുതിയ ഉയരങ്ങളിലെത്തിക്കുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കുറിച്ചു.

പ്രസിഡന്റായി നിയമിച്ചതില്‍ അനുരാഗ് ഠാക്കൂറിനോട് മാധവൻ നന്ദിയറിയിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കൂടുതല്‍ വികസനത്തിനായി തന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നും മാധവൻ പ്രതികരിച്ചു.

മാധവൻ പ്രധാന വേഷത്തിലെത്തുകയും സംവിധാനം ചെയ്യുകയും ചെയ്ത റോക്കട്രി: ദ നമ്പി ഇഫക്ട് എന്ന ചിത്രം മികച്ച ഫീച്ചർ ഫിലിമിനുള്ള 69-ാമത് ദേശീയ പുരസ്കാരം സ്വന്തമാക്കിയിരുന്നു.

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’; ബില്ലിന്റെ നിയമ സാധ്യതകൾ പരിശോധിച്ച് കേന്ദ്രത്തിന് സമിതി ഉടൻ റിപ്പോർട്ട് നൽകിയേക്കും

0

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിന്റെ നിയമ സാധ്യതകള്‍ പരിശോധിച്ച് ഉടന്‍ കേന്ദ്രത്തിന് സമിതി റിപ്പോര്‍ട്ട് നല്‍കിയേക്കുമെന്ന് സൂചന. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയാണ് സാധ്യതകള്‍ പരിശോധിക്കുന്നത്. 2018 ലോ കമ്മീഷന്‍ നല്‍കിയ കരട് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്ന പ്രശ്നങ്ങള്‍ ആയിരിക്കും പ്രാഥമികമായി സമിതി പരിശോധിക്കുക. സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ ചേരുന്ന പ്രത്യേക സമ്മേളനത്തില്‍ ആയിരിക്കും കേന്ദ്രം ബില്ല് അവതരിപ്പിക്കുക.

സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചു ചേര്‍ത്തതിന് പിന്നാലെയാണ് ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കാനായി കേന്ദ്രം ഒരുഘ്ഘുന്നത്. ഇതിനായി മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയില്‍ ഉടനടി സമിതിയും രൂപീകരിച്ചു. ഭരണഘടനയിലെ നിലവിലെ ചട്ട പ്രകാരം ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടത്താന്‍ സാധ്യമല്ലന്നായിരുന്നു ജസ്റ്റിസ് ബി എസ് ചൗഹാന്‍ അധ്യക്ഷനായ സമിതി നേരത്തെ നിരീക്ഷിച്ചത്. 50% സംസ്ഥാനങ്ങളെങ്കിലും ഭരണഘടനാ ഭേദഗതികള്‍ അംഗീകരിക്കണമെന്നും കരട് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ബില്ല് നിലവിൽ വന്നാൽ പ്രാദേശിക പാര്‍ട്ടികള്‍ക്ക് തിരിച്ചടിയാകും. നിലവില്‍ രൂപീകരിച്ച സമിതി സംസ്ഥാനങ്ങളോട് അഭിപ്രായം തേടിയെക്കും.

ബില്‍ പ്രാവര്‍ത്തികമാക്കുന്നതോടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക നഷ്ടങ്ങള്‍ പരിഹരിക്കാന്‍ ആകും എന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ബില്ല് പാര്‍ലമെന്റില്‍ വരുമ്പോള്‍ ശക്തമായി എതിര്‍ക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ബില്ലിന്റെ നിയമ സാധ്യതകള്‍ പരിശോധിച്ച് ഉടന്‍ തന്നെ കേന്ദ്രത്തിന് സമിതി റിപ്പോര്‍ട്ട് നല്‍കിയേക്കുമെന്നാണ് സൂചന.

ധീരജ്‌ വധക്കേസ്‌ പ്രതി യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌ നിഖിൽ പൈലിക്കെതിരെ അറസ്‌റ്റ്‌ വാറണ്ട്‌

0

ഇടുക്കി ഗവ.എന്‍ജിനീയറിങ്ങ് കോളജിലെ എസ് എഫ് ഐ പ്രവര്‍ത്തകന്‍ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖില്‍ പൈലിക്ക് തൊടുപുഴ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കേസ് വിളിക്കുമ്പോള്‍ നിരന്തരം ഹാജരാകാത്തതിനെ തുടര്‍ന്നാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. കുറ്റപത്രം വായിക്കുമ്പോഴും നിഖില്‍ പൈലി കോടതിയില്‍ ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിലാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. പോലീസിനോട് അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിടണം എന്നാണ് കോടതി നിര്‍ദ്ദേശം നൽകിയിരിക്കുന്നത്. കുറ്റപത്രം വായിച്ചുകേൾപ്പിക്കാൻ കേസ് അടുത്ത മാസം നാലിലേയ്ക്ക് മാറ്റി.

കേസിലെ ഒന്നാം പ്രതിയാണ് നിഖില്‍. കൊലപാതകം, കൊലപാതകശ്രമം, തെളിവ് നശിപ്പിക്കൽ, പട്ടികജാതി പട്ടികവർഗ പീ‌ഡന നിരോധന നിയമം, അന്യായമായി സംഘം ചേരൽ എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. തൊടുപുഴ സെഷന്‍സ് കോടതിയാണ് നിഖിലിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കാനോ കൃത്യം നടന്ന സ്ഥലത്തു പ്രവേശിക്കാനോ പാടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം എന്നീ വ്യവസ്ഥകളോടെയാണു ജാമ്യം അനുവദിച്ചത്. അറസ്റ്റ് വാറണ്ട് നില നിൽക്കെയാണ് നിഖിൽ പൈലി പുതുപ്പള്ളിയിൽ പ്രചാരണത്തിനെത്തിയത്. കൊലക്കേസ് പ്രതി ചാണ്ടി ഉമ്മൻ്റെ പ്രചാരണത്തിനെത്തിയത് പുതുപ്പള്ളിയിൽ എത്തിയത് വിവാദമായിരുന്നു.

ധീരജ് കൊലക്കേസ് പ്രതിയായ നിഖിൽ പൈലിയെ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുമതലപ്പെടുത്തിയത് ഖേദകരമാണെന്ന് ഡിവൈഎഫ്ഐ കുറ്റപ്പെടുത്തിയിരുന്നു. നിഖിൽ പൈലിയെ മണ്ഡലത്തിലുടനീളം പ്രചാരണത്തിനു വേണ്ടി കൊണ്ടുനടക്കുന്ന യുഡിഎഫിന്റെ കാപട്യം ജനങ്ങൾ തിരിച്ചറിയണം. യു ഡി എഫ് സ്ഥാനാർത്ഥി പോലും നിഖിൽ പൈലി പ്രചാരണം നടത്തുന്നതിനെ ന്യായീകരിക്കുകയുണ്ടായെന്നും ഡിവൈഎഫ്‌ഐ കുറ്റപ്പെടുത്തി. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനും മറ്റ്‌ യൂത്ത്‌ – കോൺഗ്രസ്‌ നേതാക്കൾക്കുമൊപ്പമുള്ള നിഖിൽ പൈലിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ നിഖില്‍ പൈലി പ്രചാരണത്തിന് എത്തിയ വാര്‍ത്ത ചാണ്ടി ഉമ്മന്‍ നിഷേധിച്ചിരുന്നു.

പരസ്യപ്രചരണത്തിന്റെ അവസാന ഘട്ടം തിരക്കിട്ട പരിപാടികളിൽ സ്ഥാനാർത്ഥികൾ; രാഷ്ട്രീയവും വികസനവും സൈബർ ആക്രമണങ്ങളും ചർച്ചയാക്കി മുന്നണികൾ

0

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാന ഘട്ടത്തിൽ. നാളെ കൊട്ടിക്കലാശത്തോടെ പരസ്യ പ്രചാരണം അവസാനിക്കും. വികസനത്തർക്കങ്ങളും സൈബർ ആക്രമണവുമാണ് പുതുപ്പള്ളിയിൽ സജീവ ചർച്ചയായി നിലനിൽക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരെയുണ്ടായ സൈബർ ആക്രമണത്തിന് പിന്നാലെ ഇടതുമുന്നണി സ്ഥാനാർത്ഥി ജെയ്ക് സി തോമസിന്റെ ഭാര്യ ഗീതു തോമസിനെതിരെയും സമാന ആക്രമണമുണ്ടായി. വികസന ചർച്ചയിൽ ഇടത് വലത് മുന്നണികൾ തർക്കം തുടരുന്ന കാഴ്ചയാണ് പ്രചരണത്തിലുടനീളം കാണാനാകുന്നത്.

സൈബർ ആക്രമണത്തിനെതിരെ പുതുപ്പള്ളിയിലെ എൽഡിഎഫ്‌ സ്ഥാനാർഥി ജെയ്‌ക്‌ സി തോമസിന്റെ ഭാര്യ ഗീതു പരാതി നൽകി. ആക്രമണം മാനസികമായി വളരെയധികം വേദനിപ്പിച്ചുവെന്ന്‌ ഗീതു പറഞ്ഞു. വ്യാജ വീഡിയോ അടക്കം പോസ്‌റ്റ്‌ ചെയ്‌തിരിക്കുന്നത്‌ കോൺ​ഗ്രസ് അനുകൂലികളാണ്. സ്‌ത്രീകൾ അടക്കമുള്ള കോൺഗ്രസ്‌ പ്രവർത്തകർ വളരെ മോശമായ രീതിയിൽ കമന്റ്‌ ചെയ്യുന്നുണ്ട്‌. മാനസികമായി വളരെയധികം ബുദ്ധിമുട്ട്‌ ഉണ്ടായതുകൊണ്ടാണ്‌ ഒൻപത്‌ മാസം ഗർഭിണിയായിട്ടും പൊലീസ്‌ സ്‌റ്റേഷനിൽ വരേണ്ടിവന്നതെന്ന് ഗീതു പറഞ്ഞു.

ഗീതു പരിചയമുള്ള ചിലയിടങ്ങളിൽ പോയി വോട്ടഭ്യർത്ഥിക്കുക മാത്രമാണ് ചെയ്തതെന്നും അതിന്റെ പേരിലാണ് സൈബർ അധിക്ഷേപം നടക്കുന്നതെന്നും ജയ്ക് പ്രതികരിച്ചു. സൈബർ ഇടത്തിലും പുറത്തുമുള്ള അധിക്ഷേപം ആർക്കെതിരെ വന്നാലും തെറ്റാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നാലാം നിരക്കാരൻ എന്ന് തന്നെ വിളിച്ചു. പിതൃസ്വത്തിനെയും മാതാപിതാക്കളെയും വരെ സൈബർ ആക്രമണത്തിലേക്ക് വലിച്ചിഴച്ചുവെന്നും ജെയ്ക്ക് പറഞ്ഞു.

മുൻ മുഖ്യമന്ത്രിയും പുതുപ്പളളി എംഎൽഎയുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ മരണത്തെ തുടർന്ന് നടക്കുന്ന തെരഞ്ഞെടുപ്പിനെ ഇരു മുന്നണികളും അഭിമാന പോരാട്ടമായാണ് കാണുന്നത്. പുതുപ്പള്ളി മണ്ഡലത്തിൽ കാര്യമായൊരു വികസനവും കൊണ്ടുവരാൻ ഉമ്മൻ ചാണ്ടിക്ക് കഴിഞ്ഞില്ലെന്ന വാദമാണ് ഇടതുമുന്നണി ഉയർത്തുന്നത്. വികസന ചർച്ചകൾ ജെയ്ക് സി തോമസിന് അനൂകുലമാകുമെന്നാണ് എൽഡിഎഫ് കണക്കുകൂട്ടൽ. മുഖ്യമന്ത്രി പിണറായി വിജയനെ മണ്ഡലത്തിലെ മുഴുവൻ ഇടങ്ങളിലും എത്തിക്കാൻ കഴിഞ്ഞതും നേട്ടമായി എൽഡിഎഫ് കരുതുന്നു. പൊതുയോഗങ്ങളില്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവും മുഖ്യമന്ത്രി ഉന്നയിച്ചു.

ഉമ്മൻ ചാണ്ടിയുടെ ജനകീയതയുടെ പേരിൽ ലഭിക്കുന്ന വോട്ടുകൾ തന്നെയാണ് യുഡിഎഫ് ലക്ഷ്യം വയ്ക്കുന്നത്. സർക്കാരിനെതിരെയുള്ള പരമാവധി വിവാദങ്ങൾ മണ്ഡലത്തിൽ ഉയർത്താനാണ് യുഡിഎഫ് ശ്രമിച്ചത്. ഓണത്തിന് എല്ലാവർക്കും കിറ്റ് നൽകാത്തതും മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഉയര്‍ന്ന വിവാദവുമൊക്കെ മണ്ഡലത്തിൽ സജീവ ചർച്ചയാക്കാൻ കഴിഞ്ഞു. ശശി തരൂർ ഉൾപ്പെടെയുള്ള താരപ്രചാരകരെയാണ് യുഡിഎഫ് രംഗത്തിറക്കുന്നത്. മണര്‍കാട് മുതല്‍ പാമ്പാടിവരെ ഇന്ന് തരൂരിന്റെ റോഡ് ഷോ ഉണ്ട്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉൾപ്പെടെയുള്ള ദേശീയ നേതാക്കളടക്കം മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് പ്രചാരണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദത്തിന്റെ പദ്ധതികളും ഉയർത്തിക്കാണിച്ച് എൻഡിഎ സ്ഥാനാർത്ഥി ലിജിൻലാലും സജീവമാണ്. ലോക്സഭ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച് മണ്ഡലത്തിലെ വോട്ട് നില ഉയർത്താനാണ് എൻ ഡി എ ശ്രമിക്കുന്നത്. ബിജെപി ദേശീയ വക്താവ് അനിൽ ആന്റണി ഉൾപ്പെടെയുള്ള നേതാക്കൾ പ്രചാരണ രം​ഗത്തുണ്ട്. കേന്ദ്ര മന്ത്രി വി മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുള്ള നേതാക്കളും സജീവമായി മണ്ഡലത്തിലുണ്ട്.

ബഹ്‌റൈനില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു

0

മനാമ: ബഹ്‌റൈനിലെ ആലിയില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍ അടക്കം അഞ്ച് ഇന്ത്യക്കാര്‍ മരിച്ചു. മരിച്ചവരെല്ലാം മുഹറഖിലെ സ്വകാര്യ ആശുപത്രി ജീവനക്കാരാണ്. ഓണാഘോഷം കഴിഞ്ഞ് താമസ സ്ഥലത്തേയ്ക്ക് മടങ്ങിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. ബഹ്‌റൈനിലെ ഷെയ്ഖ് ഖലീഫ ബിന്‍ സല്‍മാന്‍ ഹൈവേയില്‍ പ്രാദേശിക സമയം രാത്രി പത്തു മണിയോടെ ആയിരുന്നു അപകടം. കോഴിക്കോട് സ്വദേശി വി.പി മഹേഷ്, പെരിന്തല്‍മണ്ണ സ്വദേശി ജഗത് വാസുദേവന്‍, തൃശൂര്‍ ചാലക്കുടി സ്വദേശി ഗൈദര്‍ ജോര്‍ജ്, തൃക്കരിപ്പൂര്‍ സ്വദേശി അഖില്‍ രഘു എന്നിവരാണ് മരിച്ച മലയാളികള്‍. തെലങ്കാന സ്വദേശി സുമന്‍ രാജണ്ണയാണ് മരിച്ച അഞ്ചാമന്‍. മുഹറഖിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഇവര്‍ ഓണാഘോഷത്തിന് ശേഷം താമസ സ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അപകടം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ട്രക്ക് ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന അഞ്ചു പേരും അപകടത്തില്‍ മരിച്ചു. മൃതദേഹങ്ങള്‍ സല്‍മാനിയ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടു പോകും.

ഹാസ്യതാരം ആർ എസ് ശിവാജി അന്തരിച്ചു

0

പ്രമുഖ തെന്നിന്ത്യൻ ചലച്ചിത്ര താരം ആർ. എസ് ശിവാജി(66) അന്തരിച്ചു. ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനാണ് താരം. നിരവധി തമിഴ് സിനിമകളിൽ ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 1980- 90 കളിലെ കമൽഹാസൻ സിനിമകളിലെ ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് ശ്രദ്ധേയനായത്. കോലമാവ് കോകില, ധാരാള പ്രഭു, അൻപേ ശിവം തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടു.

സെപ്റ്റംബർ 1ന് പുറത്തിറങ്ങിയ യോഗി ബാബു ചിത്രം ലക്കി മാനിൽ ശിവാ‍ജി അഭിനയിച്ചിരുന്നു. നടനും നിർമാതാവുമായിരുന്ന എം.ആർ. സന്താനത്തിന്റെ മകനായി 1956ൽ ചെന്നൈയിലാണ് ജനനം. സഹസംവിധായകൻ, സൗണ്ട് ഡിസൈനർ, ലൈൻ പ്രൊഡ്യൂസർ തുടങ്ങിയ നിലകളിലും ശ്രദ്ധേയനായിരുന്നു.

യുഎഇയില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്നു: മലയാളികള്‍ക്ക് ലക്ഷങ്ങള്‍ നഷ്ടം

0

അബുദബി: ഡോക്ടര്‍മാരും, ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെയുള്ള മലയാളി പ്രവസികളാണ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തട്ടിപ്പിന് ഇരയായിരിക്കുന്നത്. ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം നഷ്ടമായ സന്ദേശം ലഭിക്കുമ്പോഴാണ് വിവരം അറിയുന്നത്. പരിചിതമല്ലാത്ത വെബ്‌സൈറ്റ് ലിങ്കുകളില്‍ പ്രവേശിക്കുന്നതിലൂടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെടുന്നതായി സൈബര്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ രാജ്യത്ത് ഇത്തരത്തിലുള്ള തട്ടിപ്പ് തുടരുകയാണ്. പ്രമുഖ ഭക്ഷണ വിതരണ കമ്പനികളുടേതിന് സമാനമായ രീതിയില്‍ വെബ്‌സൈറ്റ് വഴിയും പണം തട്ടിയെടുക്കുന്നതായാണ് കണ്ടെത്തല്‍.

പണം അടക്കാനുള്ള ലിങ്കിലൂടെ ഒ ടി പി കൈമാറുന്നതോടെ ബാങ്ക് അക്കൗണ്ടിലെ പണം മുഴുവന്‍ തട്ടിപ്പുകാരുടെ കൈകളിലെത്തും. യുഎഇില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം ഡോക്ടര്‍, ആര്യോഗ്യ പ്രവര്‍ത്തകര്‍, ഫാര്‍മാസിസ്റ്റ് എന്നിവരെ കേന്ദ്രീകരിച്ച് വലിയ തട്ടിപ്പാണ് നടത്തിയത്. ഒരേ സ്ഥാപനത്തിലെ 10 പേര്‍ക്കാണ് പണം നഷ്ടമായത്. ഫാര്‍മസി ജീവനക്കാരിക്ക് 50000 ദിര്‍ഹമാണ് നഷ്ടമായത്. മറ്റ് പല ജീവനക്കാര്‍ക്കും വലിയ തുകകള്‍ നഷ്ടമായിട്ടുണ്ട്. പണം കൈമാറുന്ന ഗൂഗില്‍ പേ ആപ്ലിക്കേഷന്‍ വഴിയും ചിലര്‍ക്ക് പണം നഷ്ടമായതായണ് വിവരം. പരിചിതമല്ലാത്ത വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കരുതെന്നും പരിചിതമല്ലാത്ത കോളുകള്‍ക്ക് മറുപടി നല്‍കരുതെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

യുഎഇ എഫ് എന്‍ സി തിരഞ്ഞെടുപ്പ്: 309 സ്ഥാനാര്‍ത്ഥികള്‍

0

അബുദബി: യുഎഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക ദേശീയ തിരഞ്ഞെടുപ്പ് കമ്മറ്റി അംഗീകരിച്ചു. നാഷണല്‍ ഫെഡറല്‍ കൗണ്‍സിലില്‍ 20 അംഗങ്ങള്‍ക്കായുള്ള തിരഞ്ഞെടുപ്പാണ് നടക്കുക. പത്രികാസമര്‍പ്പണം പൂര്‍ത്തിയായതോടെ 309 സ്ഥാനാര്‍ത്ഥികളാണ് മത്സരത്തിനുള്ളത്. സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക ദേശീയ തിരഞ്ഞെടുപ്പ് കമ്മറ്റി അംഗീകരിച്ചു. ഓഗസ്റ്റ് 26 മുതല്‍ 28 വരെയായിരുന്നു അപ്പീല്‍ കാലാവധി. തുടര്‍ന്നാണ് അന്തിമ പട്ടിക പുറത്തിറക്കിയത്. അബുദാബി, ദുബൈ എമിറേറ്റുകളില്‍ നാല് വീതം സീറ്റുകളും ഷാര്‍ജ, റാസല്‍ഖൈമ എമിറേറ്റുകളില്‍ മൂന്ന് വീതം സീറ്റുകളും അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ എന്നിവിടങ്ങളില്‍ രണ്ട് സീറ്റുകള്‍ വീതമാണ് നല്‍കിയിരിക്കുന്നത്. സ്ഥാനാര്‍ത്ഥികളില്‍ 41 ശതമാനം സ്ത്രീകളും 59 ശതമാനം പുരുഷന്മാരുമാണുള്ളത്. സ്ത്രീകളില്‍ ഭൂരിഭാഗവും 36 വയസ്സിനു മുകളില്‍ പ്രയാമുള്ളവരാണ്.

അബുദബിയില്‍ 118 പേരും, ദുബൈയില്‍ 57 പേരും, ഷാര്‍ജയില്‍ 50 പേരും, അജ്മാനില്‍ 21 പേരും, റാസല്‍ഖൈമയില്‍ 14 ഉം, ഉമല്‍ഖുവൈനില്‍ 14 പേരും, ഫുജൈറയില്‍ 15 പേരുമാണ് സ്ഥാനാര്‍ത്ഥികളായുള്ളത്. തെരഞ്ഞെടുപ്പിന്റെ വിജയം ഉറപ്പാക്കാന്‍ എല്ലാ ശ്രമങ്ങളും നടത്താന്‍ കമ്മിറ്റി തീരുമാനിച്ചതായി എഫ്എന്‍സി കാര്യ സഹമന്ത്രിയും എന്‍ഇസി ചെയര്‍മാനുമായ അബ്ദുള്‍ റഹ്മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഒവൈസ് പറഞ്ഞു. 2023ലെ എഫ്എന്‍സി തിരഞ്ഞെടുപ്പിനുള്ള എക്‌സിക്യൂട്ടീവ് നിര്‍ദ്ദേശങ്ങള്‍ സ്ഥാനാര്‍ത്ഥികള്‍ പാലിക്കണം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും അല്‍ ഒവൈസ് പറഞ്ഞു. സെപ്റ്റംബര്‍ 11ന് ആരംഭിച്ച് 23 ദിവസം നീണ്ടുനില്‍ക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 26 ആയിരിക്കും സ്ഥാനാര്‍ത്ഥികള്‍ക്ക് പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം.

ദില്ലിയിൽ 85-കാരിയെ വീട്ടിൽക്കയറി ബലാത്സംഗം ചെയ്ത് ക്രൂരമായി പീഡിപ്പിച്ച യുവാവ് പിടിയിൽ

0

ദില്ലിയില്‍ വയോധികയെ വീട്ടില്‍ക്കയറി ബലാത്സംഗം ചെയ്ത് ക്രൂരമായി പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ദില്ലി നേതാജി സുഭാഷ് പ്ലേസില്‍ 85-കാരിയെ പീഡിപ്പിച്ച സംഭവത്തിലാണ് പ്രതി ആകാശി(28)നെ പോലീസ് പിടികൂടിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെ വീട്ടില്‍ ഉറങ്ങികിടക്കുകയായിരുന്ന വൃദ്ധയെ വീട്ടിൽ അതിക്രമിച്ചു കടന്ന പ്രതി പീ‍‍ഡിപ്പിക്കുകയായിരുന്നു.

യുവാവ് വയോധികയെ ബലാത്സംഗം ചെയ്യുകയും ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. ബ്ലേഡുകള്‍ കൊണ്ട് വയോധികയുടെ ചുണ്ടുകള്‍ പ്രതി മുറിച്ചെടുത്തു. വൃദ്ധയുടെ സ്വകാര്യഭാഗങ്ങളിലും മുഖത്തും മാരകമായി പരിക്കേല്‍പ്പിച്ചിട്ടുമുണ്ട്. കഴുത്ത് ഞെരിച്ച് കൊല്ലാനും ശ്രമിച്ചു.

അതിനിടെ സംഭവത്തിൽ ദില്ലി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ പോലീസിനെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. അതിക്രമത്തിന് ഇരയായ വയോധികയെ വനിത കമ്മിഷന്‍ അധ്യക്ഷ വീട്ടിലെത്തി സന്ദര്‍ശിച്ചു. അമ്മയുടെ കണ്ണീര്‍ തോരുന്നില്ലെന്നും നമ്മുടെ സംവിധാനം മൊത്തത്തില്‍ പരാജയപ്പെട്ടെന്നുമാണ് വയോധികയെ സന്ദര്‍ശിച്ചശേഷം സ്വാതി മലിവാള്‍ എക്സില്‍ കുറിച്ചത്. ആരും സുരക്ഷിതരല്ലെന്നും ഇന്ന് ഈ അമ്മയാണെങ്കില്‍ നാളെ താനോ നിങ്ങളോ ആകുമെന്നും അവര്‍ പറഞ്ഞു.