Friday, April 10, 2026
Home Blog Page 217

ബംഗാൾ ഉൾക്കടലിൽ ന്യൂനമ‌ർദം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ കനത്ത മഴക്ക് സാദ്ധ്യത

0

സംസ്ഥാനത്ത് മധ്യകേരളത്തിലും തെക്കന്‍ ജില്ലകളിലും ഇന്ന് വ്യാപകമായി മഴ ലഭിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം. പത്തനംതിട്ട , ഇടുക്കി ജില്ലകളിൽ ശക്തമായ മഴക്കുള്ള സാദ്ധ്യത ഉള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം എറണാകുളം, തൃശൂർ ജില്ലകളിൽ യെലോ അലർട്ടും നൽകിയിട്ടുണ്ട്. ഇടിമിന്നലിനും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്. ബംഗാൾ ഉൾകടലിൽ നിലനിന്നിരുന്ന ചക്രവാതച്ചുഴി ശക്തി പ്രാപിച്ചു ന്യൂനമർദമായി മാറിയിട്ടുണ്ട്.

നാളെ രാത്രിവരെ കേരള തീരത്ത് 2.1 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്കും കടലേറ്റത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം അറിയിച്ചു. കേരള തീരത്ത് ഇന്ന് രാത്രി കടലാക്രമണത്തിനും സാദ്ധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കൻ തമിഴ്നാട് തീരത്ത് ഇന്ന് രാത്രി ശക്തമായ തിരമാലക്ക് സാദ്ധ്യതയുണ്ട്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ഈ മേഖലകളിൽ വിനോദ സഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

പുതുപ്പള്ളിയുടെ വികസനം തടസ്സപ്പെടുത്തിയത് എൽ ‍‍ഡി എഫ്; മികച്ച വിജയം ലഭിക്കുമെന്ന് ചാണ്ടി ഉമ്മൻ

0

പുതുപ്പള്ളിയിൽ വികസനം തടസ്സപ്പെടുത്തിയത് ഈ സർക്കാരെന്ന് ചാണ്ടി ഉമ്മൻ കുറ്റപ്പെടുത്തി. വ്യക്തി അധിക്ഷേപത്തിലേക്ക് അധപതിച്ചതെന്തിനെന്നും വികസനം ആണ് ചർച്ചയെന്ന് പറഞ്ഞവർ ചെയ്യുന്നതെന്താണെന്നും ചാണ്ടി ഉമ്മൻ ചോദിച്ചു. ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലെത്തി മെഴുകുതിരി കത്തിച്ച് പുതുപ്പള്ളി പളളിയിലെത്തി പ്രർത്ഥിച്ച ശേഷമാണ് ചാണ്ടി ഉമ്മൻ വോട്ടുചെയ്യാനായി പോളിം​ഗ് ബൂത്തിലേക്ക് തിരിച്ചത്. പുതുപ്പള്ളി ജോർജിയൻ സ്കൂൾ ബൂത്തിലാണ് ചാണ്ടി ഉമ്മൻ വോട്ട് ചെയ്തത്.

കുടുംബത്തിനൊപ്പമാണ് ചാണ്ടി ഉമ്മന്‍ വോട്ടുചെയ്യാനെത്തിയത്. മാതാവ് മറിയാമ്മ ഉമ്മനും സഹോദരിമാരായ മറിയം ഉമ്മനും അച്ചു ഉമ്മനും യു ഡി എഫ് സ്ഥാനാർത്ഥിക്കൊപ്പം വോട്ടുചെയ്യാനെത്തി. വോട്ടിം​ഗ് ആരംഭിക്കുന്നതിന് മുമ്പുതന്നെ വിവിധ ബൂത്തുകളിൽ ചാണ്ടി സന്ദർശനം നടത്തി. ശേഷം9.30 ഓടെയാണ് ജോര്‍ജിയന്‍ പബ്ലിക് സ്‌കൂളില്‍ ചാണ്ടി ഉമ്മന്‍ എത്തിയത്. പിതാവ് ഒപ്പമില്ലാത്ത ആദ്യത്തെ തെരഞ്ഞെടുപ്പെന്ന നിലയില്‍ സ്വാഭാവികമായും അതിന്റെ വിഷമമുണ്ടെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. വളരെ പോസിറ്റീവായ പ്രതികരണമാണ് വോട്ടര്‍മാരില്‍നിന്ന് ലഭിക്കുന്നത്. ജനാധിപത്യപ്രക്രിയയില്‍ പങ്കെടുക്കാനുള്ള ജനങ്ങളുടെ താത്പര്യം ജനാധിപത്യവിശ്വാസികള്‍ക്ക് ആഹ്ലാദം നല്‍കുന്നതാണെന്നും ചാണ്ടി പറഞ്ഞു.

പുതുപ്പള്ളിയിൽ ബൂത്തുകളിൽ നീണ്ട ക്യൂ; ആദ്യ മണിക്കൂറുകളിൽ ഭേദപ്പെട്ട പോളിം​ഗ്

0

പുതുള്ളിയിൽ വോട്ടെടുപ്പ് ആരംഭിച്ച രാവിലെ ഏഴ് മണി മുതൽ ബൂത്തുകളിൽ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.
രാവിലെ ഒമ്പത് മണിയോടെ 12.5 ശതമാനം പോളിങ് രേഖപ്പെടുത്തി. 10 മണിയായപ്പോൾ പോളിം​ഗ് ശതമാനം 20 കടന്നു. എൽ.ഡി.എഫ്. സ്ഥാനാർഥി ജെയ്ക് സി.തോമസ് രാവിലെ എട്ട് മണിയോടെ മണർകാട് കണിയാംകുന്ന് യു.പി.സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തി.

വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്. 1,76,417 വോട്ടര്‍മാരാണുള്ളത്. എട്ടിനാണ് വോട്ടെണ്ണല്‍. ഏഴ് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാലു ട്രാന്‍സ്ജെന്‍ഡറുകളുമടക്കം 1,76,417 വോട്ടര്‍മാരാണുള്ളത്. 957 പുതിയ വോട്ടർമാരും മണ്ഡലത്തിലുണ്ട്.

182 ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വോട്ടെടുപ്പിന്റെ സുരക്ഷയ്ക്കായി 675 അംഗ പോലീസ് സേനയെ നിയോഗിച്ചിട്ടുണ്ട്.

ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തുടങ്ങി കോൺഗ്രസ്സ്; പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

0

ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ 16 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ച് കോണ്‍ഗ്രസ്. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, അംബിക സോണി, അധിര്‍ രഞ്ജന്‍ ചൗധരി, സല്‍മാന്‍ ഖുര്‍ഷിദ്, മധുസൂദന്‍ മിസ്ത്രി, ഉത്തം കുമാര്‍ റെഡ്ഡി, ടി എസ് സിങ് റാവു, കെ ജെ ജോര്‍ജ്, പ്രീതം സിങ്, മുഹമ്മദ് ജാവേദ്, അമീ യാജ്‌നിക്, പിഎല്‍ പുനിയ, ഓംകാര്‍ മാര്‍കം, കെ സി വേണുഗോപാല്‍ എന്നിവരാണ് സമിതി അംഗങ്ങള്‍.

ലോക്‌സഭ തെരഞ്ഞെടുപ്പ് നേരത്തേ ഉണ്ടാകാനുള്ള സാദ്ധ്യത റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. കേന്ദ്ര സർക്കാർ വിളിച്ചുചേർത്ത അടിയന്തിര പാർലമെന്റ് സമ്മേളനവും നടക്കാനിരിക്കുകയാണ്. ഈ സാ‍ഹചര്യത്തിലാണ് കോൺ​ഗ്രസ് നീക്കം.

കമ്മറ്റി അം​ഗങ്ങൾ

മല്ലികാർജുൻ ഖാർഗെ
സോണിയ ഗാന്ധി
രാഹുൽ ഗാന്ധി
അംബിക സോണി
അധിർ രഞ്ജൻ ചൗധരി
സൽമാൻ ഖുർശിദ്
മധുസൂദനൻ മിസ്ത്രി
എൻ. ഉത്തം കുമാർ റെഡ്ഢി
ടി.എസ് സിങ് ദേവ്
കെ.ജെ. ജോർജ്
പ്രീതം സിങ്
മുഹമ്മദ് ജാവേദ്
അമി യാജ്നിക്
പി.എൽ. പുനിയ
ഓംകാർ മർകം
കെ.സി. വേണുഗോപാൽ

ഉദയനിധിയുടെ സനാതന പരാമർശത്തിൽ നിലപാട് വ്യക്തമാക്കി മമത ബാനർജി; പ്രതിഷേധം കടുപ്പിച്ച് ബിജെപി

0

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍റെ മകനും ഡിഎംകെ മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍റെ സനാതന ധർമ്മവുമായി ബന്ധപ്പെട്ട പരാമർശത്തിനെത്തിരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്ത്. ഉദയനിധി ജൂനിയറായതുകൊണ്ട് കാര്യങ്ങൾ അറിയില്ലായിരിക്കാമെന്നും താനും സാനതന ധർമ വിശ്വാസിയാണെന്നും മമത പറഞ്ഞു. രാജ്യത്തെ പ്രതിപക്ഷ പാർട്ടികളുടെ മുന്നണിയായ ‘ഇന്ത്യ’യിലും വിഷയത്തിൽ പല അഭിപ്രായങ്ങൾ ഉയർന്നു വരുന്നുണ്ട്. മമതയടക്കം നേതാക്കൾ ഉദയനിധിയുടെ പ്രസ്താവനയെ തള്ളിയപ്പോൾ, വിഷയം വിവാദമാക്കുന്നത് ബിജെപിയെന്ന ആരോപണമാണ് സമാജ് വാദി പാ‍ര്‍ട്ടി ഉയ‍ര്‍ത്തിയത്.

ഓരോ മത വിഭാഗത്തിനും അവരുടേതായ വൈകാരികതലം ഉണ്ടാകുമെന്നും ഒരു വിഭാഗത്തെയും വേദനിപ്പിക്കുന്ന വിഷയങ്ങളില്‍ ഇടപെടരുതെന്നുമായിരുന്നു വിവാദത്തിൽ മമതയുടെ പ്രതികരണം. ഏത് സാഹചര്യത്തിലാണ് സനാതന ധർമവുമായി ബന്ധപ്പെട്ട് വിവാദ പരാമർശം ഉണ്ടായതെന്ന് അറിയില്ല. എന്നിരുന്നാലും എല്ലാ മതത്തെയും ബഹുമാനിക്കേണ്ടതുണ്ടെന്നും സനാതന ധർമ്മത്തെ താന്‍ ബഹുമാനിക്കുന്നുവെന്നും മമത ബാന‍‍ര്‍ജി വിശദീകരിച്ചു. സ്റ്റാലിനോടും ദക്ഷിണേന്ത്യയോടും തനിക്ക് ബഹുമാനമാണെന്നും മമത കൂട്ടിച്ചേര്‍ത്തു.

ഉദയനിധിയുടെ പരാമർശത്തെ പരസ്യമായി തള്ളിപ്പറഞ്ഞ് ശിവസേന ഉദ്ദവ് വിഭാഗവും രംഗത്തെത്തി. സനാതന ധർമ്മത്തെ അപമാനിക്കും വിധമുള്ള പരാമർശങ്ങൾ അജ്ഞത മൂലമെന്നാണ് പ്രതികരണം.

എന്നാൽ സനാതനയെന്ന വാക്ക് ബിജെപി പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്ന് സമാജ്‍വാദി പാര്‍ട്ടി നേതാവ് സ്വാമി പ്രസാദ് മൗര്യ അഭിപ്രായപ്പെട്ടു. ഉത്തർപ്രദേശിലെ പിന്നാക്ക വിഭാഗം എസ് പി നേതാവാണ് സ്വാമി പ്രസാദ് മൗര്യ.

സനാതന ധർമ്മ പരാമർശത്തിനെതിരെ നിലപാട് കടുപ്പിക്കുയാണ് ബിജെപി. പ്രസ്താവന ബി.ജെ.പി ദേശീയ തലത്തിൽ ‘ഇൻഡ്യ’ മുന്നണിക്കെതിരായ പ്രചാരണായുധമാക്കിയിരിക്കുകയാണ്. സനാതന ധർമ്മത്തെ അവഹേളിക്കുന്നത് പ്രതിപക്ഷ സഖ്യത്തിന്‍റെ നയമായോ എന്ന ചോദ്യമാണ് ബി ജെ പി ഉയർത്തുന്നത്. വിഷയത്തിൽ രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടു. സര്‍വധര്‍മ്മ സമഭാവനയാണ് കോൺഗ്രസ് നിലപാടെന്നായിരുന്നു വിഷയത്തിൽ എഐസിസി പ്രതികരണം.

കോവിഡും മലമ്പനിയും മറ്റും പരത്തുന്ന വൈറസുകളെപ്പോലെ തകർത്തുകളയേണ്ട ഒന്നാണ് സനാതനമെന്നാണ് തമിഴ്നാട് യുവജനക്ഷേമ മന്ത്രി ഉദയനിധി സ്റ്റാലിൻ പറഞ്ഞത്. ചെന്നൈയിൽ തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ്സ് അസോസിയേഷന്റെ പരിപാടിയിലാണ് ‘സനാതന’ത്തെയും ദ്രാവിഡ സംസ്കാരത്തെയും താരതമ്യം ചെയ്ത് അദ്ദേഹം സംസാരിച്ചത്.

യൂടൂബർ മുകേഷ് നായർക്കെതിരെ എക്സൈസ് കേസെടുത്തു

0

കൊല്ലത്തെ ഒരു ബാറിലെ മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ പരസ്യം നൽകിയതിന് യൂട്യൂബർ മുകേഷ് നായർക്കെതിരെ എക്സൈസ് കേസെടുത്തു. ബാറുടമ രാജേന്ദ്രനാണ് ഒന്നാം പ്രതി. ബാറിൻെറ ഉദ്ഘാടനത്തോടനുബന്ധിച്ച് മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വിധം പരസ്യം നൽകി അഭിനയിച്ചുവെന്നാണ് കേസ്. ഫാമിലി റെസ്റ്റോ ബാറിനെ കുറിച്ചുള്ള പരസ്യത്തിൽ മദ്യം കാണിക്കുകയും ചെയ്തിരുന്നു. അബ്കാരി ചട്ട പ്രകാരം ബാറുകള്‍ക്ക് പരസ്യം പാടില്ല. ഈ നിയമം മറികടന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്. ബാർ ലൈസൻസ് വയലേഷനാണ് കേസെടുത്തതെന്നാണ് എക്സൈസ് അറിയിച്ചത്.

തൃശൂരിൽ സെപ്റ്റിക് ടാങ്കിൽ യുവാവിൻ്റെ മൃതദേഹം; കണ്ടെത്തിയത് കഴിഞ്ഞ മാസം തൂങ്ങി മരിച്ച ആളുടെ പുരയിടത്തിൽ

0

തൃശൂർ കുന്നംകുളം അഞ്ഞൂരിൽ സെപ്റ്റിക് ടാങ്കിൽ കണ്ടെത്തിയ മൃതദേഹം കഴിഞ്ഞ ദിവസം കാണാതായ പ്രതീഷിന്റേതെന്ന് സംശയം. ദിവസങ്ങള്‍ക്ക് മുന്‍പ് തൂങ്ങിമരിച്ചയാളുടെ പുരയിടത്തിലെ സെപ്റ്റിക് ടാങ്കിൽ ആണ് മൃതദേഹം കണ്ടെത്തിയത്. സുഹൃത്ത് മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ ശാസ്ത്രീയ സ്ഥിരീകരണം വന്ന ശേഷമേ മരിച്ചത് ആരാണെന്ന്
വ്യക്തമാകൂ എന്നാണ് പോലീസ് നിലപാട്.

രണ്ട് മാസം മുമ്പാണ് പ്രതീഷിനെ കാണാതാകുന്നത്. ബംഗളൂരുവിലേക്ക് പോകുകയാണെന്നും ഓണത്തിന് മടങ്ങി എത്തുമെന്നും ആണ് ഇയാൾ ഭാര്യയോട് പറഞ്ഞിരുന്നത്. എന്നാൽ മടങ്ങിവരാത്തതിനെ തുടർന്ന് കഴിഞ്ഞ ഒന്നാം തീയതി ഭാര്യ പൊലീസിൽ പരാതി നൽകി. ഇതേത്തുടർന്ന് പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു.

അതേ സമയം, കഴിഞ്ഞമാസം 25ാം തീയതിയാണ് ശിവരാമൻ എന്നയാൾ തൂങ്ങിമരിക്കുന്നത്. മരിച്ച ശിവരാമനും പ്രതീഷും സുഹൃത്തുക്കളായിരുന്നെന്നും പ്രതീഷ് രണ്ട് കൊലപാതകകേസുകളിലെ പ്രതിയായാണ് എന്നുമാണ് പൊലീസിന് ലഭിച്ച വിവരം. പ്രതീഷിന്റെ പേരിൽ ആറിലധികം ക്രിമിനൽ കേസുകളുണ്ടെന്നും പൊലീസിന് വ്യക്തമായി. പ്രതീഷ് ശിവരാമന്റെ വീട്ടിലെത്തുകയും മദ്യപിക്കുകയും ചെയ്തതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. അന്വേഷണം പുരോഗമിക്കവേ ഇന്ന് രാവിലെയാണ് ഇവിടുത്തെ സെപ്റ്റിക് ടാങ്കിന്റെ ഭാഗത്തെ മണ്ണ് ഇളകിക്കിടക്കുന്നു എന്ന വിവരം ലഭിക്കുന്നത്. ഇതോടെ ദിവസങ്ങള്‍ക്കുള്ളില്‍ നടന്ന രണ്ട് മരണങ്ങള്‍ സംബന്ധിച്ച് ദുരൂഹത വര്‍ധിക്കുകയാണ്.

മൂന്ന് പെൺമക്കളുടെ കഴുത്തറുത്ത ശേഷം അച്ഛൻ ജീവനൊടുക്കി; സംഭവം പാലാ രാമപുരത്ത്

0

പാലായ്ക്കടുത്ത് രാമപുരത്ത് മൂന്നു പെൺമക്കളുടെ കഴുത്തറുത്ത ശേഷം അച്ഛൻ തൂങ്ങി മരിച്ചു. രാമപുരം ചേറ്റുകുളം സ്വദേശി ജോമോൻ (40) ആണ് സ്കൂൾ വിദ്യാർത്ഥിനികളായ മക്കളുടെ കഴുത്ത് അടുത്തത്. ഇന്നലെ അർദ്ധരാത്രി പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടികളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അനന്യ 13, അമേയ 10, അനാമിക ഏഴ് എന്നിവരാണ് അച്ഛൻ്റെ ക്രൂരതക്ക് ഇരയായത്. അനാമികയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. പരുക്കേറ്റ ഒരു പെൺകുട്ടി തൊട്ടടുത്തുള്ള ബന്ധുവീട്ടിലേക്ക് ഓടി ചെന്നതോടെയാണ് സംഭവം നാട്ടുകാർ അറിഞ്ഞത്. രാമപുരം പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ഇയാൾ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ജോമോനെയും മക്കളെയും ഭാര്യ ഉപേക്ഷിച്ചു പോയിരുന്നു. മൂന്ന് പെൺമക്കളുമൊത്ത് ജോമോൻ കഴിഞ്ഞ ഒന്നര വർഷമായി ഈ വീട്ടിൽ താമസിക്കുകയാണ്. പെട്ടന്നുള്ള പ്രകോപനത്തിന് കാരണമെന്താണെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

ജി20 ഉച്ചകോടി; ചൈനീസ് പ്രസിഡന്റ് ഇന്ത്യയിലേക്കില്ല, കാരണമെന്ത്‌ ?

0

ഇന്ത്യയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗ് പങ്കെടുക്കാതിരിക്കുന്നതില്‍ അസ്വാഭാവികതയൊന്നുമില്ലെന്ന് ഇന്ത്യ. പ്രസിഡന്റിന് പകരം ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി ലെ ക്വിയാങ് പങ്കെടുക്കുമെന്ന് ചൈന അറിയിച്ചിരുന്നു. ഇതോടെ ഇന്ത്യ ആതിഥേയത്വം വഹിക്കുന്നതിനാലാണ് പല ലോകരാജ്യ നേതാക്കളും ജി 20യില്‍ പങ്കെടുക്കാത്തത് എന്ന ആക്ഷേപമുയര്‍ന്നിരുന്നു.ലോക നേതാക്കളുടെ തിരക്കേറിയ ഷെഡ്യൂളുകള്‍ കണക്കിലെടുക്കുമ്പോള്‍ എല്ലാ നേതാക്കള്‍ക്കും എല്ലാ ഉച്ചകോടിയിലും പങ്കെടുക്കുന്നത് എപ്പോഴും സാധ്യമല്ല എന്നും വ്യക്തിപരമായ കാരണങ്ങളാല്‍ പലരും ഉച്ചകോടികള്‍ ഒഴിവാക്കിയേക്കാമെന്നും വൃത്തങ്ങള്‍ പറഞ്ഞു.

എന്നാല്‍ അതും ആതിഥേയ രാജ്യവും തമ്മില്‍ ബന്ധമില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. 2008 മുതല്‍ നടന്ന ജി 20യുടെ 16 ഉച്ചകോടികള്‍ ആണ് നടന്നത്. 2010 ന് ശേഷം നടന്ന ഒരു ഉച്ചകോടിയിലും എല്ലാ രാഷ്ട്രങ്ങളുടേയും തലവന്‍മാര്‍ പങ്കെടുത്ത ചരിത്രമുണ്ടായിട്ടില്ല. 2010, 2011, 2012, 2013, 2016, 2017 വര്‍ഷങ്ങളില്‍ നടന്ന ഉച്ചകോടികളില്‍ അഞ്ച്-ആറ് രാജ്യങ്ങളിലെ തലവന്‍മാരോ ഭരണത്തലവന്‍മാരോ പങ്കെടുത്തിട്ടുണ്ട്.

കേരളത്തിലേയ്ക്ക് കൂടുതല്‍ സര്‍വീസുമായി ഫ്‌ളൈനാസ്‌

0

റിയാദ്: കേരളത്തിലേയ്ക്ക് സര്‍വീസ് വര്‍ദ്ധിപ്പിച്ച് റിയാദ് ആസ്ഥാനമായ ഫ്‌ളൈനാസ്. ആഴ്ചയില്‍ നാല് സര്‍വീസില്‍ നിന്ന് ആറ് സര്‍വീസായാണ് വര്‍ദ്ധിപ്പിച്ചത്. ഉംറ തീര്‍ത്ഥാടകര്‍ക്ക് ഏറെ സഹായകരമാകുന്ന സര്‍വീസാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫ്‌ളൈനാസ് വിമാനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ച സാഹചര്യത്തിലാണ് കേരളത്തിലേയ്ക്ക് കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചത്. ഇനി മുതല്‍ കേരളത്തിലേയ്ക്ക് ആഴ്ചയില്‍ ആറ് സര്‍വീസുകള്‍ ഉണ്ടാകും. മുന്‍പ് നാല് സര്‍വീസുകളാണ് കോഴിക്കോട്- റിയാദ് സെക്ടറില്‍ ഉണ്ടായിരുന്നത്. വ്യാഴാഴ്ച ഒഴികെയുള്ള ദിവസങ്ങളിലായിരിക്കും സര്‍വീസ്. വിമാന ടിക്കറ്റ്, തവണ വ്യവസ്ഥയില്‍ അടയ്ക്കാനുള്ള സേവനമുള്ളതിനാല്‍ ഉംറ തീര്‍ത്ഥാടകര്‍ക്ക് ഏറെ പ്രയോജനകരമായിരിക്കും. ഈ സൗകര്യം കഴിഞ്ഞ സെപ്റ്റംബര്‍ മുതലാണ് പ്രാബല്യത്തിലായത്. പലിശയില്ലാതെ നാല് തവണകളായി പണമടയ്ക്കാനാണ് കമ്പനി യാത്രക്കാര്‍ക്ക് സൗകര്യം ഒരുക്കിയിരിക്കുന്നത്. പുതിയ സര്‍വീസ് റിയാദില്‍ നിന്ന് രാത്രി 12.40ന് പുറപ്പെട്ട് കരിപ്പൂരില്‍ രാവിലെ 8.20ന് എത്തിച്ചേരും. കോഴിക്കോട് നിന്ന് രാവിലെ 9.10ന് പുറപ്പെട്ട് സൗദി പ്രാദേശിക സമയം 11.45ന് റിയാദിലെത്തും. ആഭ്യന്തര അന്താരാഷ്ട്ര സെക്ടറുകളിലായി 70ലേറെ നഗരങ്ങളിലേയ്ക്ക് 1500ല്‍ അധികം സര്‍വീസുകളാണ് ഫ്‌ളൈനാസ് നടത്തുന്നത്. 2030ഓടെ സര്‍വീസ് നടത്തുന്ന നഗരങ്ങളുടെ എണ്ണം 165 ആയി ഉയര്‍ത്താനുള്ള പദ്ധതിയാണ് കമ്പനിയാണ് ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ ഹജ്ജ് സീസണില്‍ ഒരു ലക്ഷത്തോളം തീര്‍ത്ഥാടകരാണ് യാത്രക്കായി ഫ്‌ളൈനാസ് തെരഞ്ഞെടുത്തത്.