നിശ്ചിത അളവില്‍ സുതാര്യതയുള്ള ടിന്റ് ഗ്ലാസ് മാത്രമേ വാഹനങ്ങളില്‍ ഉപയോഗിക്കാവൂ എന്ന നിയമം നിലനില്‍ക്കേയാണ് അബുദബി, ഉമ്മുഖുവൈന്‍ പോലീസ് വീണ്ടും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വേനല്‍ക്കാലത്ത് ചൂട് ഏല്‍ക്കാതിരിക്കാനാണ് കനം കൂടിയ ടിന്റുകള്‍ കൂടുതലായും ഉപയോഗിക്കുന്നത്. ഇത് സംബന്ധിച്ച് നിയമലംഘനങ്ങള്‍ കൂടി വരുന്ന സാഹചര്യത്തില്‍ കൂടിയാണ് പിഴ സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. 1500 ദിര്‍ഹം പിഴയാണ് ഈ നിയമലംഘനത്തിന് ഈടാക്കുക. നിലവില്‍ അന്‍പത് ശതമാനം കനമുള്ള ടിന്റ് പതിക്കാനാണ് അനുവാദമുള്ളത്. ഡ്രൈവര്‍മാരുടെ കാഴ്ചയെ ബാധിക്കാത്ത വിധമാണ് ടിന്റുകള്‍ പതിക്കേണ്ടതും. ഇത് മറികടക്കുന്നത് അപകട ഭീഷണി ഉയര്‍ത്തുമെന്നും പൊലീസ് വ്യക്തമാക്കി. വാഹനത്തിന്റെ മുന്‍വശത്തെ വിന്‍ഡ്ഷീല്‍ഡില്‍ നിറം നല്‍കിയാലും പിഴ ഈടാക്കും. പിഴ നല്‍കി വീണ്ടും കുറ്റം ആവര്‍ത്തിച്ചാല്‍ പൊലീസിന് വാഹനം പിടിച്ചെടുക്കാനും കഴിയും. നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണെന്നും ഇളവുകള്‍ നല്‍കില്ലെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
‘ഇന്ത്യ’ വേണ്ട ‘ഭാരത്’ മതിയെന്ന് സെവാഗ്; ട്രോള്‍ മഴയുമായി ആരാധകര്‍
ക്രിക്കറ്റ് ലോകകപ്പില്‍ ഭാരത് എന്ന പേരിലാകണം ഇന്ത്യ കളിക്കേണ്ടതെന്ന് മുന്‍ താരം വീരേന്ദര്‍ സെവാഗ്. ബിസിസിഐ സെക്രട്ടറി ജയ് ഷായോടാണ് സെവാഗ് ആവശ്യം എക്സിലൂടെ ഉന്നയിച്ചിരിക്കുന്നത്. രാജ്യത്തിന്റെ പേര് മാറ്റം പാര്‍ലമെന്റിലൂടെ സംഭവിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി
രണ്ട് തിരഞ്ഞെടുപ്പുകളിലായി രണ്ട് പ്രധാന പാര്‍ട്ടികള്‍ തന്നെ സമീപിച്ചിരുന്നതായും എന്നാല്‍ രാഷ്ട്രീയത്തില്‍ തനിക്ക് ഒട്ടും താത്പര്യമില്ലെന്നും സെവാഗ് വെളിപ്പെടുത്തി. ബിജെപി എംപിയും മുന്‍ സഹതാരവുമായ ഗൗതം ഗംഭീറിനെ പരോക്ഷമായി എക്സിലൂടെ പരിഹസിക്കുകയും ചെയ്തിട്ടുണ്ട് സെവാഗ്
ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം എന്നായിരുന്നു ബിസിസിഐ എക്സില്‍ കുറിച്ചിരുന്നത്. ‘ടീം ഇന്ത്യയല്ല, ടീം ഭാരത് എന്നാണ് വേണ്ടത്. നമ്മുടെ ഹൃദയത്തില്‍ ഭാരതം ഉണ്ടാകുന്നതിനൊപ്പം കളിക്കാരുടെ ജഴ്സിയിലും അതുണ്ടാകട്ടെയെന്ന് ജയ്ഷായെ ടാഗ് ചെയ്തുകൊണ്ട് സെവാഗ് വ്യക്തമാക്കി. ഇതിന് പിന്നാലെ ഗംതം ഗംഭീറിന് മുന്നെ നിങ്ങളായിരുന്നു എംപിയാകേണ്ടത് എന്ന് ഒരാളുടെ എക്സിലെ പ്രതികരണത്തിനാണ് തനിക്ക് രാഷ്ട്രയത്തില്‍ താത്പര്യമില്ലെന്ന് സെവാഗ് അറിയിച്ചത്.
സാമ്പത്തിക രംഗം വളര്‍ച്ചയിലേക്ക്: യുഎഇയുടെ എണ്ണേതര മേഖല പുരോഗതിയില്‍
അബുദബി: യുഎഇയുടെ സാമ്പത്തിക വളര്‍ച്ചയില്‍ എണ്ണേതര മേഖലകള്‍ ശക്തമായ വളര്‍ച്ച കൈവരിച്ചതായി റിപ്പോര്‍ട്ടുകള്‍. വിവിധ മേഖലകളുടെ കാലാനുസൃതമായ വളര്‍ച്ച ചൂണ്ടിക്കാട്ടിയാണ് സാമ്പത്തിക പുരോഗതിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കോവിഡ് കാലത്തിനു ശേഷം രാജ്യം എണ്ണഇതര മേഖലയില്‍ സാമ്പത്തികമായി വലിയ നേട്ടം കൈവരിച്ചതായി പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ വ്യക്തമാക്കി. ഉയര്‍ന്ന നിക്ഷേപം, ടൂറിസം വളര്‍ച്ച, പുതിയ ഓര്‍ഡറുകള്‍ എന്നിവയുടെ വലിയ വര്‍ദ്ധനയുടെ പശ്ചാത്തലത്തില്‍ സാമ്പത്തിക രംഗം അതിവേഗം വളര്‍ച്ച കൈവരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എണ്ണേതര മേഖലകള്‍ കോവിഡ് കാലത്തിനു ശേഷം ഉയര്‍ന്ന സ്ഥിരത കൈവരിച്ചതായി പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ മുമ്പ് വ്യക്തമാക്കിയിരുന്നു. പ്രതിമാസ എസ് ആന്റ് പി ഗ്ലോബല്‍ യുഎഇ പിഎംഐ സൂചിക ഓഗസ്റ്റില്‍ 55.0 ല്‍ എത്തി. വിവിധ മേഖലകളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്. പുതിയ സംരംഭങ്ങള്‍, ഉത്പന്നം, തൊഴില്‍, വിതരണം, സംഭരണം എന്നിങ്ങനെ അഞ്ച് സൂചികകളുടെ ശരാശരി വിലയിരുത്തിയാണ് ഓഗസ്റ്റിലെ പി എം ഐ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്.
എണ്ണേതര സമ്പദ്‌വ്യവസ്ഥയുടെ ശക്തമായ പ്രവര്‍ത്തനങ്ങള്‍ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കും കരുത്തു പകരുമെന്നാണ് വിലയിരുത്തല്‍. 2020 മുതല്‍ വ്യവസായ രംഗം മെച്ചപ്പെട്ട നിലയിലാണ് മുമ്പോട്ട് പോകുന്നത്. പുതിയ സംരംഭങ്ങള്‍, ടൂറിസം നിക്ഷേപം എന്നിവ പുരോഗതിയുടെ പാതയിലാണെന്ന് സൂചികകള്‍ വ്യക്തമാക്കുന്നുണ്ട്. പാന്‍ഡെമിക് വര്‍ഷങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നാണ് യുഎഇ. യുഎഇ സമ്പദ്‌വ്യവസ്ഥ 2022ല്‍ 7.9 ശതമാനത്തില്‍ ശ്രദ്ധേയമായ വളര്‍ച്ച കൈവരിച്ചിരുന്നു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ സുസ്ഥിരമാക്കാനുള്ള ശ്രമങ്ങള്‍ വിജയകരമായതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഗതഗാത നിയമം കടുപ്പിച്ച് കുവൈത്ത്: മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ പിടിവീഴും
കുവൈത്ത്: വാഹനം ഓടിക്കുന്നവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് പതിവാകുന്നതോടെയാണ് കുവൈത്ത് ഗതഗാത വിഭഗം നടപടി കടുപ്പിക്കുന്നത്. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ കര്‍ശന ശിക്ഷാ നടപടികളിലേക്ക് കടക്കും. മൂന്ന് മാസം തടവോ, 100 ദിനാറില്‍ കുറയാത്ത പിഴയോ, രണ്ടും ഒന്നിച്ചോ ശിക്ഷ ലഭിക്കും. വാഹനം ഓടിക്കുന്നതിനിടെ ഫോട്ടോ, വീഡിയോ എന്നിവ എടുക്കുന്നതും, ലൈവില്‍ വരുന്നതും ഗുരുതരമായ കുറ്റകൃത്യമാണ്. ഇവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയും വാഹനം കണ്ടുകെട്ടുകയും ചെയ്യും. വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിക്കുന്നവര്‍ക്കും കടുത്ത ശിക്ഷയുണ്ടാകും. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചാണ് നടപടികള്‍ കടുപ്പിക്കുന്നത്. ജീവന്‍ അപകടത്തിലാക്കുന്ന ഡ്രൈവിംഗിന് തടയിടുകയാണ് ഗതാഗത വിഭാഗം. മണിക്കൂറില്‍ 180 കിലോ മീറ്റര്‍ വേഗതയില്‍ വാഹനം ഓടിച്ച് സോഷ്യല്‍ മീഡിയ ഉപയോഗിച്ച വ്യക്തിയെ കഴിഞ്ഞ ദിവസം പിടികൂടി. നിരത്തുകളില്‍ സുരക്ഷിത യാത്ര ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടികള്‍ ശക്തമാക്കുന്നത്.
വ്യാജന്‍ വിറ്റാല്‍ പത്ത് ലക്ഷം ദിര്‍ഹം പിഴ
ദുബൈ: യുഎഇയില്‍ പ്രശസ്ത കമ്പനികളുടെ പേര് ഉപയോഗിച്ച് വ്യാജ ഉല്‍ന്നപ്പങ്ങള്‍ വിറ്റാല്‍ പത്ത് ലക്ഷം ദിര്‍ഹം പിഴ ലഭിക്കും. ഉപഭോക്താക്കളെ കബളിപ്പിച്ച് നടത്തുന്ന രാജ്യത്തെ വ്യാജ ഉല്‍പ്പന്ന വിപണി മൂല്യം 23 ട്രില്യണ്‍ ഡോളറെന്ന് കണക്ക്. ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്താല്‍ പിഴയ്ക്ക് പുറമേ തടവും നാടുകടത്തലും ഉണ്ടാകും. ബ്രാന്‍ഡ് നെയിം ഉപയോഗിച്ച് സാധനങ്ങള്‍ വില്‍പ്പന നടത്തിയാല്‍ ജയില്‍ ശിക്ഷയോ ഒരു ലക്ഷം ദിര്‍ഹത്തില്‍ കുറയാത്തതും പത്ത് ലക്ഷം ദിര്‍ഹത്തില്‍ കൂടാത്തതുമായ പിഴയോ രണ്ടും ചേര്‍ത്തോ ശിക്ഷ ലഭിച്ചേക്കാം. കുറ്റകൃത്യത്തിന്റെ കാഠിന്യം അനുസരിച്ച് സാധനങ്ങള്‍ കണ്ടുകെട്ടല്‍, തടവ്, നാടുകടത്തല്‍ എന്നിവ ഉള്‍പ്പെടെ അനുഭവിക്കേണ്ടി വരും. ഇതിനായി പരിശോധനയും ശക്തമാക്കിയി. വ്യാജ ഉല്‍പ്പങ്ങള്‍ കണ്ടെത്തിയാല്‍ യുഎഇ ആഭ്യന്തര മന്ത്രാലയത്തിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തെ വിവരം അറിയിക്കണം. യുഎഇ അതിര്‍ത്തി വഴി വ്യാജ ഉല്‍പ്പങ്ങള്‍ കയറ്റിറക്കുമതി ചെയ്യുന്നുണ്ടോ എന്ന് ഉറപ്പാക്കാന്‍ കര്‍ശന നടപടികളാണ് സ്വീകരിച്ചു വരുന്നത്. ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് പുറമേ ഇവ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായാല്‍ ബന്ധപ്പെട്ടവരില്‍ നിന്ന് മറച്ചുവെയ്ക്കുന്നതും ശിക്ഷാര്‍ഹമാണ്
വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടി മഴ
ജിദ്ദ: മക്ക, അസീര്‍, ജിസാന്‍, അല്‍ബഹ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിന് സമാനമായ രീതിയില്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. വെള്ളിയാഴ്ച വരെയാണ് മഴ മുന്നറിയിപ്പ്. മഴയ്‌ക്കൊപ്പം പൊടിക്കാറ്റും ആലിപ്പഴ വര്‍ഷവും ഉണ്ടാകും. അപകട സാധ്യത മുന്‍നിര്‍ത്തി സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് സിവില്‍ ഡിഫന്‍സ് അറിയിച്ചത്. താപനിലയിലും കുറവ് രേഖപ്പെടുത്തുന്നുണ്ട്. രാജ്യത്തെ ഉയര്‍ന്ന താപനില 50 ഡിഗ്രി വരെ എത്തിയ ശേഷമാണ് കുറവ് ഉണ്ടായത്. കാലാവസ്ഥ മാറ്റത്തിന് മുന്നോടിയായാണ് മഴ ലഭിക്കുന്നതെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചത്. കഴിഞ്ഞ ആഴ്ചയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ ലഭിച്ചിരുന്നു. കനത്ത മഴ കാഴ്ച മറയ്ക്കുമെന്നതിനാല്‍ വാഹനമോടിക്കുവര്‍ ജാഗ്രത പാലിക്കാനും നിര്‍ദേശമുണ്ട്. വെള്ളത്തിന്റെ തീവ്രത കൂടുന്ന ഘട്ടങ്ങളില്‍ താഴ്വരകള്‍, ചതുപ്പുകള്‍ എന്നിവിടങ്ങളില്‍ ഇറങ്ങരുതെന്നും സിവില്‍ ഡിഫന്‍സ് അറിയിച്ചു. മുന്നറിയിപ്പുകള്‍ അവഗണിച്ചാല്‍ നടപടി നേരിടേണ്ടി വരും
ഇന്ത്യയുടെ ലോകകപ്പ് ടിം പ്രഖ്യാപിച്ചു; സഞ്ജു പുറത്ത് !
ഒക്ടോബര്‍ – നവംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് അജിത്ത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള ബിസിസിഐ സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസണെ ടീമിലേക്ക് പരിഗണിച്ചില്ല. സ്പിന്നര്‍മാരായ ആര്‍. അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍ എന്നിവരും ടീമിലില്ല.
രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍. നേരത്തേ ശ്രീലങ്കയിലെത്തിയ അഗാര്‍ക്കര്‍ ടീം തിരഞ്ഞെടുപ്പ് സംബന്ധിച്ച് ടീം മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തിയിരുന്നു. കെ.എല്‍ രാഹുലും ഇഷാന്‍ കിഷനും വിക്കറ്റ് കീപ്പര്‍മാരായി ടീമിലുണ്ട്. പരിക്ക് കാരണം ദേശീയ ക്രിക്കറ്റ് അക്കാദമിയിലുള്ള രാഹുലിന് മെഡിക്കല്‍ ക്ലിയറന്‍സ് ലഭിച്ചതിനു പിന്നാലെയാണ് ടീം പ്രഖ്യാപനം. ഏഷ്യാ കപ്പ് ടീമിനൊപ്പമുള്ള തിലക് വര്‍മയ്ക്കും പ്രസിദ്ധ് കൃഷ്ണയ്ക്കും അവസരം ലഭിച്ചില്ല.
‘സൂപ്പര്‍ 4 ല്‍ ഈ കളി പോര ഇന്ത്യ പ്രകടനം ഇനിയും മെച്ചപ്പെടുത്തണം’-രോഹിത് ശര്‍മ
ഏഷ്യാ കപ്പില്‍ സൂപ്പര്‍ ഫോറിലേക്ക് ഇന്ത്യ മുന്നേറിയെങ്കിലും പ്രകടനം ഇനിയും മെച്ചപ്പെടുത്താനുണ്ടെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ
‘ഞങ്ങള്‍ ഇതുവരെ മികച്ച നിലയിലായിരുന്നില്ല. ആദ്യ കളിയില്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. മാസങ്ങളോളം പുറത്തിരുന്ന് കുറച്ച് പേര്‍ തിരിച്ചു വന്ന
പരമ്പരയാണിത്, ബൗളിംഗ് ശരാശരി മാത്രമായിരുന്നു, ഫീല്‍ഡിംഗില്‍ ശരാശരിക്കും താഴെ പോയി. വരും മല്‍സരങ്ങളില്‍ അത് പരിഹരിക്കും’ എന്ന്
രോഹിത് വ്യക്തമാക്കി.
ആദ്യ രണ്ടു മല്‍സരങ്ങളില്‍ ഇന്ത്യയുടെ പ്രകടനം ആരാധകര്‍ക്കിടയില്‍ വലിയ വിമര്‍ശനത്തിന് ഇരയായ സന്ദര്‍ഭത്തിലായിരുന്നു രോഹിതിന്റെ
ഈ വാക്കുകള്‍
തല കൊയ്യാൻ 10 കോടി പ്രഖ്യാപിച്ച പരമഹംസക്ക് മറുപടി; തല ക്ഷൗരം ചെയ്യാൻ പത്ത് രൂപയുടെ ചീപ്പ് മതിയെന്ന് ഉദയനിധി
സനാതനധർമ പരാമർശം വിവാദമായെങ്കിലും പറഞ്ഞതിൽ ഉറച്ചു നിൽക്കുകയാണ് തമിഴ്നാട് സ്പോർട്സ് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിൻ. തനിക്കെതിരെ കൊലവിളി നടത്തുകയും തന്റെ തല വെട്ടുന്നവർക്ക് 10 കോടി രൂപ പാരിതോഷികം നൽകുമെന്നും പറഞ്ഞ അയോധ്യയിലെ തപസ്വി ചൗനി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ പരംഹൻസ് ആചാര്യക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഉദയനിധി. തമിഴ്നാടിനു വേണ്ടി സ്വന്തം ജീവൻ തന്നെ അപകടത്തിലാക്കിയ വ്യക്തിയുടെ കൊച്ചുമകനാണ് താനെന്നും, ഇത്തരം ഇത്തരം ഭീഷണികളിൽ വീഴില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ തലക്ക് പത്തു കോടിയുടെ ആവശ്യമില്ലെന്നും പത്തു രൂപയുടെ ചീപ്പ് കൊണ്ട് മുടി ചീകാമെന്ന് പരിഹസിക്കുകയും ചെയ്തു.
‘എന്റെ തല ക്ഷൗരം ചെയ്യാന്‍ ഒരു സ്വാമി പത്തു കോടി പാരിതോഷികം പ്രഖ്യാപിച്ചുവെന്ന് കേട്ടു. അദ്ദേഹം യഥാര്‍ഥ സന്യാസിയാണോ അതോ വ്യാജനാണോ? എന്റെ തലയോട് എന്താണ് ഇത്ര താൽപര്യം. ഇത്രയുമധികം പണം അദ്ദേഹത്തിന് എവിടെ നിന്നാണ് ലഭിക്കുന്നത്. എന്റെ തലക്ക് പത്തു കോടിയുടെ ആവശ്യമൊന്നുമില്ല. പത്തു രൂപയുടെ ഒരു ചീപ്പ് മതി, തന്നെ എന്റെ മുടി ചീകിക്കോളാം. ഇതൊന്നും നമുക്ക് പുതിയ കാര്യമല്ല. ഇത്തരം ഭീഷണികളെയൊന്നും ഭയക്കുന്നവരല്ല ഞങ്ങൾ. തമിഴിന് വേണ്ടി റെയിൽവേ ട്രാക്കിൽ തലവെച്ച കലാകാരന്റെ ചെറുമകനാണ് ഞാൻ’, ഉദയനിധി പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു പരംഹൻസയുടെ 10 കോടി വാഗ്ദാനം. മറ്റാർക്കും ഉദയനിധിയുടെ തലയെടുക്കാൻ സാധിക്കാതെ വന്നാൽ താൻ തന്നെ തലയറുക്കുമെന്നും പറഞ്ഞിരുന്നു. പ്രതീകാത്മകമായി മന്ത്രിയുടെ തലവെട്ടുന്നതിന്‍റെയും ചിത്രം കത്തിക്കുന്നതിന്‍റെയും വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.


