Friday, April 10, 2026
Home Blog Page 215

സീറ്റ് വിഭജന ചർച്ചയുമായി ഇന്ത്യ സഖ്യം; കേരളത്തിൽ തെരഞ്ഞെടുപ്പ് ധാരണ നടക്കില്ലെന്ന് കെ.സി വേണുഗോപാൽ

0

ലോക്സഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ തയ്യാറെടുപ്പിലേക്ക് കടന്ന് ഇന്ത്യ സഖ്യം. പ്രാഥമിക ചർച്ചകൾ കഴിഞ്ഞ് തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചർച്ചകളിലേക്ക് കടക്കുകയാണ് സഖ്യം. ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ ആദ്യ യോഗം 13 ന് ചേരുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ വ്യക്തമാക്കി.

കേരളത്തിൽ തെരഞ്ഞെടുപ്പിൽ ധാരണ സാധ്യമല്ല. ഇവിടെ സി പി എമ്മും കോൺഗ്രസും ധാരണയിലെത്താൻ പ്രയാസമാണ്. സമാനമായ പ്രതിസന്ധി ബംഗാളിലും പഞ്ചാബിലും നിലനിൽക്കുന്നുവെന്നും വേണുഗോപാൽ പറഞ്ഞു. ബിജെപി പ്രബല കക്ഷിയാകുന്നിടത്ത് പൊതു സ്ഥാനാർത്ഥിയെ നിർത്താനാണ് നീക്കമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

അതേ സമയം മുംബൈ യോഗത്തിൽ നിന്ന് മമത ബാനർജി ഇറങ്ങിപ്പോയിയെന്നത് തെറ്റായ പ്രചാരണമെന്ന് വേണുഗോപാൽ വ്യക്തമാക്കി. മമത ബാനർജി ഇടഞ്ഞിട്ടില്ല. മാത്രമല്ല പ്രതിപക്ഷ സഖ്യത്തിനായി കൂടുതൽ താൽപര്യമെടുക്കുന്നത് മമതയാണന്നും കെസി വേണുഗോപാൽ കൂട്ടിച്ചേർത്തു.

വാഹനാപകടത്തിൽ പിഞ്ചു കുഞ്ഞടക്കം ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം

0

നിര്‍ത്തിയിട്ട ട്രക്കിലേക്ക് മിനിവാന്‍ ഇടിച്ചുകയറി ഒരുവയസ്സുള്ള പെണ്‍കുഞ്ഞടക്കം ആറുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്ക്. തമിഴ്‌നാട്ടിലെ സേലം ജില്ലയിൽ ശങ്കരി ബൈപാസിലാണ് സംഭവം.

ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. നിര്‍ത്തിയിട്ട ട്രക്കിന്റെ പിന്‍ഭാഗത്തേക്ക് അതിവേഗത്തില്‍ പാഞ്ഞുവന്ന കാര്‍ ഇടിച്ചുകയറുകയായിരുന്നു. ഈറോഡ് പെരുന്തുറൈയിലെ കുട്ടംപാളയം ഹരിജന്‍ കോളനിയിലെ ഒരു കുടുംബത്തിലെ ആറുപേരാണ് മരിച്ചത്. സെല്‍വരാജ് (50), അറുമുഖം (48), ഭാര്യ മഞ്ജുള (45), പളനിസ്വാമി (45), ഭാര്യ പാപ്പാത്തി (40), സഞ്ജന (1 വയസ്സ്) എന്നിവരാണ് മരിച്ചത്.

പരിക്കേറ്റവരെ സേലം മോഹന്‍ കുമരമംഗലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരുടെ മൃതദേഹം ശങ്കരി സര്‍ക്കാര്‍ ഹോസ്പിറ്റലിലേക്ക് മാറ്റി. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

പുതുപ്പള്ളി ഭൂരിപക്ഷത്തെച്ചൊല്ലി തർക്കം; കാലടിയിൽ ഒരാൾക്ക് വെട്ടേറ്റു

0

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ഒരാൾക്ക് വെട്ടേറ്റു. കാലടി പൊതിയക്കര സ്വദേശി കുന്നേക്കാടൻ ജോൺസനാണ് വെട്ടേറ്റത്. സിപിഐഎം പൊതിയക്കര ബ്രാഞ്ച് സെക്രട്ടറി കുന്നേക്കാടൻ ദേവസിയാണ് ആക്രമിച്ചതെന്ന് പരുക്കേറ്റയാൾ പറഞ്ഞു. ദേവസിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തലയ്ക്ക് പരുക്കേറ്റ ജോൺസനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോൺസൺ ലോറി ഡ്രൈവറാണ്. കഴിഞ്ഞ ദിവസങ്ങളിൽ പുതുപ്പള്ളിയിലെ ഭൂരിപക്ഷവുമായി ബന്ധപ്പെട്ട് തർക്കം ഉടലെടുത്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് ആക്രമണമുണ്ടായത്.

ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമിച്ചതെന്ന് ജോൺസൻ പറഞ്ഞു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജോണ്‍സന് ആറു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടത്തണമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ബിജെപി വോട്ട് മറിച്ചില്ലെങ്കിൽ പുതുപ്പള്ളിയിൽ എൽഡിഎഫ് ജയിക്കുമെന്ന് വി എൻ വാസവൻ

0

ബി.ജെ.പി വോട്ട് മറിച്ചില്ലെങ്കിൽ പുതുപ്പള്ളിയിൽ എൽ.ഡി.എഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് വിജയിക്കുമെന്ന് മന്ത്രി പറഞ്ഞു. യു.ഡി.എഫ് ക്യാമ്പിനെ ഞെട്ടിക്കുന്ന ഫലമാവും ഇത്തവണ പുതുപ്പള്ളിയിൽ ഉണ്ടാകുക. നേരത്തെ മണ്ഡലത്തിൽ ബി.ജെ.പി വോട്ടു മറിച്ച അനുഭവമുണ്ട്. ഇത്തവണ അങ്ങിനെ ഉണ്ടായില്ലെങ്കിൽ വിജയം എൽ.ഡി.എഫിനാകും. വോട്ടെടുപ്പ് മനപ്പൂര്‍വം വൈകിച്ചെന്ന കോൺഗ്രസ് ആരോപണം അദ്ദേഹം തള്ളി. ബൂത്തിൽ വന്നവർക്കെല്ലാം വോട്ട് ചെയ്യാൻ അവസരമുണ്ടായെന്നും ബൂത്തുകളിലെ യന്ത്രത്തകരാര്‍ കാരണമാകാം ഇതെന്നും വാസവൻ പറഞ്ഞു.

ഉമ്മൻചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് പുറത്തു വന്ന ഓഡിയോ ക്ലിപ്പുമായി എൽ.ഡി.എഫിന് ബന്ധമുണ്ടെന്ന വാദവും വാസവൻ തള്ളി. കോൺഗ്രസുകാരുടെ സംഭാഷണം എങ്ങനെ സി.പി.ഐ.എം ചോർത്തുമെന്നും വാസവൻ ചോദിച്ചു.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: പോളിങ് 72.91 ശതമാനം

0

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ 72.91 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ചിലയിടങ്ങളിൽ സമയം കഴിഞ്ഞും നീണ്ട ക്യൂ ഉണ്ടായിരുന്നു. ചില ബൂത്തുകളിൽ പോളിംഗ് വൈകിയിരുന്നു. ഇതിനെതിരെ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മൻ പരാതിയുമായി രംഗത്തെത്തി. പോളിംഗ് സമയം കൂട്ടണമെന്നും അന്വേഷണം വേണമെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു.

ഉച്ചയ്ക്ക് ഒന്നരയോടെ തന്നെ പോളിങ് 50% പിന്നിട്ടിരുന്നു. ചില ഇടങ്ങളിൽ മഴ ഉണ്ടായെങ്കിലും മണ്ഡലത്തിൽ പോളിങ്ങിനെ അത് ബാധിച്ചില്ല. പോളിങ് അവസാന മണിക്കൂറുകളിലേക്കു കടന്നപ്പോൾ നിരവധിപ്പേരാണ് വോട്ടു ചെയ്യാൻ എത്തിയത്. ഉച്ചവരെയുള്ള വോട്ടിങ് ശതമാനം 2021ലേതിനേക്കാൾ ഉയർന്നതോടെ മുന്നണികൾ പ്രതീക്ഷയിലാണ്.

മികച്ചപോളിങ് തങ്ങൾക്ക് അനുകൂലം ആണെന്ന അവകാശ വാദവുമായി ഇടത് വലത് മുന്നണികൾ രംഗത്തെത്തി. ഉറച്ച വിജയ പ്രതീക്ഷയിലാണ് സ്ഥാനാര്‍ഥികള്‍. പുതിയ പുതുപ്പള്ളിയുടെ ചരിത്രദിനമാണെന്ന് ഇടതു സ്ഥാനാര്‍ഥി ജെയ്ക് സി തോമസ് പ്രതികരിച്ചു. വോട്ടെടുപ്പ് ദിവസം ഉമ്മൻ ചാണ്ടിയുടെ ഓർമകൾ സജീവമാക്കി നിർത്തി യുഡിഎഫ് ക്യാമ്പ്. ഉമ്മൻചാണ്ടി എന്ന വികാരവും വികസനവും രാഷ്ട്രീയവും കുടുംബ വിഷയങ്ങളും വരെ തർക്കങ്ങളായ തെരഞ്ഞെടുപ്പിൽ ജനങ്ങൾ എങ്ങനെ ചിന്തിക്കുന്നു എന്നത് വോട്ടായി കഴിഞ്ഞു. അത് എന്താണെന്ന് 8ആം തീയതി അറിയാം.

കേരളാ ബ്ലാസ്‌റ്റേഴ്‌സിന് യു.എ.യില്‍ ഇനി പ്രീ സീസണ്‍ അംഗം..!

0

പ്രീ സീസണ്‍ ഒരുക്കങ്ങളുടെ അവസാന ഘട്ടമായി കേരളാ ബ്ലാസ്‌റ്റേഴ്‌സ് യു.എ.യില്‍. സെപ്തംബര്‍ 16 വരെ നീണ്ടുനില്‍ക്കുന്ന 11 ദിവസത്തെ പരിശീലന ക്യാമ്പാണ് ബ്ലാസ്‌റ്റേഴ്‌സിന് യു.എ.യില്‍ ഉള്ളത്.
യു.എ.ഇ പ്രോ ലീഗ് ക്ലബ്ബുകളുമായി മൂന്ന് സൗഹ്യദ മല്‍സരങ്ങളും ടീം കളിക്കും.

സെപ്തംബര്‍ 9ന് അല്‍ വാസല്‍ എ.ഫ് സിക്കെതിരെ ആദ്യ മല്‍സരം ബ്ലാസ്‌റ്റേഴ്‌സ് കളിക്കും, സബീല്‍ സ്റ്റേഡിയത്തിലാണ് മല്‍സരം നടക്കുന്നത്. സെപ്തംബര്‍ 12 ന് ഷാര്‍ജ ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ ഷാര്‍ജ ഫുട്‌ബോള്‍ ക്ലബ്ബിനെയും സെപ്തംബര്‍ 15 ന് കഴിഞ്ഞ സീസണ്‍ പ്രോ ലീഗ് ചാംപ്യന്‍മാരായ അല്‍ അഹ്ലിയെയും നേരിടും, ഈ മല്‍സരം ദുബായ് ഷബാബ് അല്‍ അഹ്ലി സ്റ്റേഡിയത്തിലാണ് നടക്കുക.

ഐ.എസ്.എല്‍ സീസണ്‍ സെപ്തംബര്‍ 21 ന് ആരംഭിക്കുമ്പോള്‍ കൊച്ചിയില്‍ ഉദ്ഘാടന മല്‍സരത്തില്‍ ബംഗളൂരു എ.ഫ് സിയാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളികള്‍.

പാര്‍ലമെന്റ് ഉദ്ഘാടനത്തിന് രാഷ്ട്രപതിയെ വിളിക്കാഞ്ഞത് സനാതന ജാതി വിവേചനത്തിന് ഉദാഹരണമെന്ന് ഉദ​യനിധി സ്റ്റാലിന്‍

0

സനാതന ധര്‍മത്തിനെതിരായ പ്രസ്താവനയില്‍ മാപ്പ് പറയില്ലെന്ന് ആവര്‍ത്തിച്ച് ഡിഎംകെ നേതാവും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍. ഹിന്ദു മതത്തിന് എതിരായല്ല തന്‍റെ പ്രസ്താവനയെന്നും സനാതന ധര്‍മത്തിന്‍റെ ജാതിവിവേചനം പോലുള്ള സമ്പ്രദായങ്ങൾക്കെതിരെയാണ് താൻ പറഞ്ഞതെന്നും സ്റ്റാലിൻ വ്യക്തമാക്കി. പാര്‍ലമെന്റ് ഉദ്ഘാടനത്തിന് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കേന്ദ്രസര്‍ക്കാര്‍ ക്ഷണിക്കാതിരുന്നത് സനാതന ജാതി വിവേചനത്തിന്റെ നിലവിലെ ഉദാഹരണങ്ങളിലൊന്നാണെന്ന് ഉദയനിധി വ്യക്തമാക്കി.

സനാതന ധര്‍മം ഉന്മൂലനം ചെയ്യപ്പെടണമെന്ന ഉദയനിധിയുടെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ ഉയർത്തിയിരുന്നു. സനാതന ധർമവുമായി ബന്ധപ്പെട്ട സാമൂഹിക വിവേചനത്തിന് നിലവിലെ ഉദാഹരണം നല്‍കാമോ എന്ന ചോദ്യത്തിനായിരുന്നു ഉദയനിധി സ്റ്റാലിന്റെ മറുപടി. സനാതന ധർമം സംബന്ധിച്ച പരാമർശത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് അദ്ദേഹം വീണ്ടും വ്യക്തമാക്കി. എന്ത് നിയമനടപടി നേരിടാനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഉദയനിധിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് ഗവര്‍ണര്‍ക്ക് കത്തയച്ചിട്ടുണ്ടെന്ന് ബിജെപി നേതാവ് സുബ്രമഹ്ണ്യന്‍ സ്വാമി സാമൂഹ്യമാധ്യമമായ എക്‌സിലൂടെ അറിയിച്ചു.

ലോക ബീഫ് കയറ്റുമതിയില്‍ ഇന്ത്യ നാലാമത്…!!

0

ലോകത്ത് ഏറ്റവും കൂടുതല്‍ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഇന്ത്യക്ക് നാലാം സ്ഥാനം.
യുനൈറ്റഡ് സ്‌റ്റേറ്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രികള്‍ച്ചര്‍ ആണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
ഈ റാങ്കിംഗ് പ്രകാരം പട്ടികയില്‍ ഒന്നാമതുള്ളത് ബ്രസീല്‍ ആണ്.
രണ്ടും മൂന്നും സ്ഥാനത്ത് ഓസ്‌ട്രേലിയയും അമേരിക്കയുമാണ്.

2020 ലെ കണക്കുകള്‍ പ്രകാരം ലോകത്തില്‍ ഏകദേശം 24 ശതമാനം ബീഫും ബ്രസീലില്‍ നിന്നുള്ള കയറ്റുമതിയാണ്.
ഇന്ത്യയില്‍ നിന്ന് 12 ശതമാനമാണ് കയറ്റുമതി എന്നാണ് റിപ്പോര്‍ട്ട്.

സ്‌കൂളുകളില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കി ദുബൈ മുനിസിപ്പാലിറ്റി

0

ദുബൈ: വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ പരിശോനയുമായി ദുബൈ മുനിസിപ്പാലിറ്റി. എമിറേറ്റിലെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്താന്‍ സ്‌കൂള്‍ ക്യാന്റീനുകളില്‍ പരിശോധന നടത്തി. വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിശോധന. നിയമം അനുശാസിക്കുന്ന ഭക്ഷ്യ സുരക്ഷ, വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പാക്കുകയാണ് ദുബൈ മുനിസിപ്പാലിറ്റി. പോഷക സമൃദ്ധവും, സുരക്ഷിതവുമായ ഭക്ഷണം, ഉറപ്പാക്കുകയാണ് ലക്ഷ്യം. ദുബൈ മുനിസിപ്പാലിറ്റിയുടെ കീഴിലെ, 350 ക്യാന്റീനുകളില്‍, പരിശോധന നടത്തി. പൊതു, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഭക്ഷ്യ സുരക്ഷാ ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍, ഉയര്‍ന്ന ഭക്ഷ്യ സുരക്ഷാ നിലവാരം മെച്ചപ്പെടുത്തും. വിദ്യാര്‍ത്ഥികളുടെ ആരോഗ്യവും, സുരക്ഷയും, ജീവിത നിലവാരവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പരിശോധന.

വിവിധയിടങ്ങളില്‍ നിന്നും, ഭക്ഷണ സാമ്പിളുകളും ശേഖരിച്ചാണ് പരിശോധന നടത്തിയത്. ഭക്ഷണം തയ്യാറാക്കുന്ന രീതി, സൂക്ഷിക്കുന്ന വിധം, താപനില, ശുചിത്വം, എന്നിവ പ്രധാനമായും പരിശോധനയ്ക്ക് വിധേയമാക്കി. ക്യാന്റീനുകള്‍ മുനിസിപ്പാലിറ്റി നിഷ്‌കര്‍ഷിച്ചിരിക്കുന്ന ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കി. ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ അധ്യയനം ആരംഭിക്കുന്നതിനു മുമ്പായി വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയിരുന്നു. 500 അല്‍ അധികം സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കുന്നതിനൊപ്പം സുരക്ഷിതമായ ആരോഗ്യവും പ്രധാനം ചെയ്യുകയാണ് മുന്‍സിപ്പാലിറ്റി. സ്‌കൂളുകളിലും ക്യാന്റീനുകളിലും മുനിസിപ്പാലിറ്റിയുടെ സൂപ്പര്‍വൈസര്‍ പരിശോധ നടത്തും. സ്‌കൂളുകള്‍ ആരോഗ്യകരവും സുരക്ഷിതവുമാണെന്ന ക്യാമ്പയിന്റെ ഭാഗമായാണ് മുനിസിപ്പാലിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

ദുബൈയില്‍ ട്രാഫിക് സംവിധാനങ്ങളും സ്മാര്‍ട്ടാകുന്നു

0

ദുബൈ കിരീടാവകാശിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അല്‍ ബര്‍ഷയിലെ ദുബൈ ഇന്റലിജന്റ് ട്രാഫിക് സിസ്റ്റംസ് സെന്ററില്‍ സന്ദര്‍ശനം നടത്തി. റോഡുകളിലെ തിരക്ക് പ്രവചിക്കാനും, വാഹന ഡ്രൈവര്‍മാര്‍ക്ക് സേവനങ്ങള്‍ നല്‍കാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കാനും സൗകര്യത്തിന് കഴിയുമെന്ന് ഷെയ്ഖ് ഹംദാന്‍ പറഞ്ഞു. ആഗോള നിലവാരത്തിലുള്ള ട്രാഫിക് സംവിധാനമാണ് യുഎഇ നടപ്പിലാക്കുന്നത്. ഗാതഗാത രംഗത്ത് ലോകത്തിലെ തന്നെ മികച്ച ട്രാഫിക് സംവിധാനങ്ങളൊരുക്കുയാണ് ദുബൈ. ലോകോത്തര നിലവാരത്തിലെ സേവനങ്ങളും പദ്ധതികളുമാണ് തയ്യാറാകുന്നത്. ഇതിന്റെ ഭാഗമായാണ് ഇന്റലിജന്റ് ട്രാഫിക് സിസ്റ്റം തയ്യാറാകുന്നത്. ആര്‍ടിഎയുടെ അനുബന്ധ സ്ഥാപനമായ അല്‍ ബര്‍ഷയിലെ ദുബായ് ഐടിഎസ് സെന്ററിലാണ് ഷെയ്ഖ് ഹംദാന്‍ സന്ദര്‍ശനം നടത്തിയത്. നൂതനമായ ട്രാഫിക് നിയന്ത്രണ സംവിധാനമാണ് ദുബൈയിലെ ഐ ടി എസ് നടപ്പിലാക്കുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റര്‍നെറ്റ് സാങ്കേതിക വിദ്യ, നൂതനമായ ട്രാഫിക് സൊല്യൂഷനുകള്‍ നല്‍കുന്നതിന് വിപുലമായ ആശയവിനിമയ സംവിധാനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യകളാണ് കേന്ദ്രം ഉപയോഗിക്കുന്നത്. ട്രാഫിക് നിയന്ത്രണങ്ങള്‍ക്കും ഡേറ്റാ ശേഖരണത്തിനുമായി ദുബൈയുടെ ഗതാഗത മേഖലയില്‍ സ്മാര്‍ട്ട് സേവനങ്ങള്‍ മെച്ചപ്പെടുത്തുകയാണ് ഇന്റലിജന്റ് ട്രാഫിക് സിസ്റ്റം. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും ദുബൈയിലെ മുഴുവന്‍ റോഡ് ശൃംഖലയിലും ഇന്റലിജന്റ് ട്രാഫിക് മാനേജ്‌മെന്റിന്റെ ഉപയോഗം വിപുലീകരിക്കുതിനുമുള്ള നൂതന പദ്ധതികള്‍ നടപ്പിലാക്കുമെന്നും ഷെയ്ഖ് ഹംദാന്‍ പറഞ്ഞു. 2020 ല്‍ ആരംഭിച്ച ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചതായാണ് വിലയിരുത്തല്‍. റോഡ് വികസനവും, സൈക്ലിംഗ്, കാല്‍നട യാത്രികര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയും ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും ഷെയ്ഖ് ഹംദാന്‍ കൂട്ടിച്ചേര്‍ത്തു. നിരത്തുകളില്‍ സ്മാര്‍ട്ട് സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതോടെ രാജ്യം വലിയ പുരോഗതിയിലേക്കെത്തുമെന്നാണ് പ്രതീക്ഷ.