Friday, April 10, 2026
Home Blog Page 208

ദുബൈയില്‍ സ്വയം നിയന്ത്രിത വാഹനങ്ങളുടെ വേള്‍ഡ് കോണ്‍ഗ്രസ്‌

0

ദുബൈ വേള്‍ഡ് ട്രേഡ് സെന്ററിലാണ് സെല്‍ഫ് ഡ്രൈവിംഗ് ട്രാന്‍സ്‌പോര്‍ട്ട് വേള്‍ഡ് കോണ്‍ഗ്രസിന്റെ മുന്നാമത് പതിപ്പ് നടക്കുന്നത്. സെപ്റ്റംബര്‍ 26, 27 തിയതികളിലായാണ് കോണ്‍ഗ്രസ് നടക്കുന്നത്. ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബന്‍ റാഷിദ് അല്‍ അല്‍ മക്തുവുമിന്റെ മുഖ്യരക്ഷകര്‍തൃത്വത്തിലാണ് പ്രദര്‍ശനം ഒരുക്കുന്നത്. രണ്ടായിരത്തിലധികം അന്തരാഷ്ട്ര പ്രതിനിധികളാണ് മേളയില്‍ പങ്കെടുക്കുക. സെല്‍ഫ് ഡ്രൈവിംഗ് ട്രാന്‍സ്‌പോര്‍ട്ട് വേള്‍ഡ് ചലഞ്ചിന്റെ അവസാന റൗണ്ടിലെത്തിയ 10 വാഹനങ്ങളുടെ പേരുകള്‍ ദിവസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു. മൂന്നാമത് ഡ്രൈവറില്ലാ വാഹനങ്ങളുടെ അന്താരാഷ്ട്ര മത്സരത്തില്‍ ഇത്തവണ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള വാഹനങ്ങള്‍ പങ്കെടുത്തിരുന്നു. സ്വയം പ്രവര്‍ത്തിക്കുന്ന ബസുകള്‍ തമ്മിലാണ് മത്സരങ്ങള്‍ നടന്നത്. അപകടങ്ങളും തടസ്സങ്ങളും മുന്‍കൂട്ടി കണ്ട് സ്വയം ഓടുന്നവയാണ് ബസുകള്‍.

വാഹനങ്ങള്‍ നിര്‍മ്മിക്കുന്ന മുന്‍നിര സ്ഥാപനങ്ങളും യുഎഇയിലെ ഗവേഷണ വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് ചലഞ്ചില്‍ മാറ്റുരച്ചത്. 23 ലക്ഷം ഡോളറാണ് സമ്മാനത്തുക. 20 ലക്ഷം ഡോളര്‍ സ്ഥാപനങ്ങള്‍ക്കും, 3 ലക്ഷം ഡോളര്‍ ഗവേഷണ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ലഭിക്കും. സെല്‍ഫ് ഡ്രൈവിംഗ് ട്രാന്‍സ്‌പോര്‍ട്ട് വേള്‍ഡ് കോണ്‍ഗ്രസില്‍ വെച്ചാണ് മത്സര വിജയികളെ പ്രഖ്യാപിക്കുന്നത്. മുന്‍വര്‍ഷത്തേക്കാള്‍ ഇത്തവണ മത്സരാര്‍ത്ഥികളുടെ എണ്ണം 130 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. പൊതുഗതാഗതത്തില്‍ 25 ശതമാനം സ്വയം നിയന്ത്രിത വാഹനങ്ങളാക്കുകയാണ് ലക്ഷ്യം.

നിപ: സമ്പർക്ക പട്ടികയിലുള്ളത് 702 പേർ, മരിച്ചയാളുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു

0

കോഴിക്കോട്ട് നിപ ബാധിച്ച് മരിച്ച കുറ്റ്യാടി മരുതോങ്കര കള്ളാട് എടവലത്ത് മുഹമ്മദിന്‍റെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. ഓഗസ്റ്റ് 22നാണ് മുഹമ്മദിന് രോഗലക്ഷണങ്ങള്‍ കണ്ടത്. പനി ബാധിച്ച മുഹമ്മദ് പിറ്റേന്ന് വൈകിട്ട് ഏഴുമണിയോടെ തിരുവള്ളൂരിലെ കുടുംബചടങ്ങില്‍ പങ്കെടുത്തു. 25 ന് രാവിലെ 11 മണിയോടെ ഗ്രാമീണ്‍ ബാങ്കിലും തുടര്‍ന്ന് 12.30 ഓടെ കള്ളാട് ജുമാ മസ്ജിദിലും പോയി. പനി കടുത്തതിനെ തുടര്‍ന്ന് 26 ന് കുറ്റ്യാടിയിലെ സ്വകാര്യ ക്ലിനിക്കിലെത്തി ചികിത്സ തേടി. തുടര്‍ന്ന് 28–ാം തിയതി രാത്രി തൊട്ടില്‍പ്പാലത്തെ ആശുപത്രിയിലും ചികിത്സതേടി. പിറ്റേ ദിവസം കോഴിക്കോട് ഇഖ്റ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും 30–ാം തിയതിയോടെ മരിക്കുകയുമായിരുന്നു.

റൂട്ട് മാപില്‍ പറഞ്ഞിരിക്കുന്ന സ്ഥലങ്ങളില്‍ ആ സമയങ്ങളിലുണ്ടായിരുന്നവര്‍ സമ്പര്‍ക്ക സാധ്യത സംശയിക്കുന്നുണ്ടെങ്കില്‍ പഞ്ചായത്ത് അധികൃതരെ വിവരമറിയിക്കണമെന്ന് നാട്ടുകാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിപ വൈറസ് സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലേർപ്പെട്ട കൂടുതൽ പേരെ കണ്ടെത്തി. മൂന്ന് കേസുകളിൽ നിന്നായി നിലവിൽ ആകെ 702 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ആദ്യം മരിച്ച ആളുടെ സമ്പർക്ക പട്ടികയിൽ 371 പേരും രണ്ടാമത്തെ ആളുടെ സമ്പർക്കപട്ടികയിൽ 281 പേരും ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 50 പേരുമാണുള്ളത്.

പത്ത് മിനിറ്റിനുള്ളില്‍ ഡ്രൈവിങ് ലൈസന്‍സ് പുതുക്കാം

0

ദുബൈ: ഡ്രൈവിങ് ലൈസന്‍സിന്റെ കാലാവധി അവസാനിക്കുന്നവര്‍ക്ക് ഇനി ഓഫീസ് കയറിയിറങ്ങി സമയം കളയേണ്ടെന്നാണ് ദുബൈ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചത്. പത്ത് മിനിറ്റിനുള്ളില്‍ വെബ്‌സൈറ്റ് വഴിയോ ആര്‍ടിഎ ആപ്ലിക്കേഷന്‍ വഴിയോ വീട്ടിലിരുന്ന് ലൈസന്‍സ് പുതുക്കാന്‍ കഴിയും. ഇതിനായി ആര്‍ടിഎ രജിസ്റ്റര്‍ ചെയ്ത ഒപ്റ്റിക്കല്‍ സ്റ്റോറിലെത്തി നേത്രപരിശോധന നടത്തണം. പഴയ നേത്രപരിശോധന സര്‍ട്ടിഫിക്കറ്റ് സ്വീകാര്യമല്ലെന്നും ആര്‍ടിഎ അറിയിച്ചിട്ടുണ്ട്. നേത്രപിശോധനാ സര്‍ട്ടിഫിക്കറ്റിന് 140 ദിര്‍ഹം മുതല്‍ 180 ദിര്‍ഹമാണ് നിരക്ക്. ആപ്ലിക്കേഷന്‍ വഴി അപേക്ഷിച്ചാല്‍ ഒരു മിനിറ്റിനുള്ളില്‍ ലൈസന്‍സിന്റെ ഡിജിറ്റല്‍ പകര്‍പ്പ് ഫോണില്‍ ലഭിക്കും. ആര്‍ടിഎ ഉപഭോക്തൃ സേവന കേന്ദ്രമോ കിയോസ്‌കോ സന്ദര്‍ശിച്ചും എളുപ്പത്തില്‍ ലൈസന്‍സ് പുതുക്കാന്‍ കഴിയും. ലൈസന്‍സിന്റെ യഥാര്‍ത്ഥ പകര്‍പ്പ് ലഭിക്കാനായി അധിക സേവന നിരക്കുകള്‍ നല്‍കണം. ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാനായി ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട പിഴകള്‍ പൂര്‍ണ്ണമായും അടയ്ക്കണമെന്നും ആര്‍ടിഎ അറിയിച്ചിട്ടുണ്ട്.

നിയമ ലംഘനം: യുഎഇയില്‍ സ്ഥാപനങ്ങളുടെ റദ്ദാക്കി

0

അബുദബി: യുഎഇയില്‍ നിയമ ലംഘനം നടത്തിയ രണ്ട് സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കി. ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍സികളുടെ ലൈസന്‍സാണ് റദ്ദാക്കിയത്. യുഎഇ മാനവവിഭശേഷി മന്ത്രാലയത്തിന്റേതാണ് നടപടി. യുഎഇയില്‍ ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് നടത്തുന്ന സ്ഥാപനത്തിനെതിരെയാണ് മാനവവിഭശേഷി സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ നടപടി. ദുബൈയിലെ ഷമ്മ അല്‍ മഹൈരി ഡൊമസ്റ്റിക് വര്‍ക്കേഴ്‌സ് സര്‍വ്വീസ് സെന്ററും, അജ്മാനിലെ അല്‍ ബാര്‍ഖ് ഡൊമസ്റ്റിക് വര്‍ക്കേഴ്‌സ് സര്‍വ്വീസ് സെന്റര്‍ എല്‍ എല്‍ സിയുമാണ് രണ്ട് ഏജന്‍സികള്‍.

യുഎഇയിലെ ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കുന്നതില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയമങ്ങള്‍ ലംഘിച്ചതിനാണ് സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കിയത്. തൊഴിലാളികളുടെ അവസ്ഥ പരിഹരിക്കാന്‍ തൊഴില്‍ ഉടമയ്ക്ക് നിര്‍ദ്ദേശം നല്‍കി. ലൈസന്‍സ് റദ്ദാക്കുന്നതിനൊപ്പം നിമയം ലംഘിച്ചതിനുള്ള പിഴയും അടക്കണം. തൊഴിലാളികളുടെ ക്ഷേമം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് നടപടികള്‍ ശക്തമാക്കിയിരിക്കുന്നത്. തൊഴില്‍ നിയമ ലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ യുഎഇ മാനവവിഭവ ശേഷി മന്ത്രാലയം നിയമ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കിയത്.

മയക്കുമരുന്ന് മാഫിയാ തലവന്‍ റിഡൗവന്‍ ടാഗിയുടെ മകന്‍ അറസ്റ്റില്‍

0

ദുബൈ: ഡച്ച് മയക്കുമരുന്ന് മാഫിയാ തലവന്‍ റിഡൗവന്‍ ടാഗിയുടെ മകന്‍ യുഎഇയില്‍ അറസ്റ്റിലായി. നെതര്‍ലന്‍ഡ്‌സിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് 22കാരനായ ഫൈസല്‍ ടാഗിയെ അറസ്റ്റ് ചെയ്തത്. യുവാവിനെ നെതര്‍ലന്‍ഡ്‌സിന് കൈമാറും. മൊറോക്കന്‍ വംശജനായ റിഡൗവന്‍ ടാഗിയുടെ ആദ്യ മകനാണ് ഫൈസല്‍ ടാഗിയെന്ന് നെതര്‍ലാന്‍ഡ്‌സിലെ മാധ്യമങ്ങള്‍ വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും വലിയ കൊക്കെയ്ന്‍ വിതരണക്കാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന ആംസ്റ്റര്‍ഡാം ആസ്ഥാനമായുള്ള ഒരു ഗ്രൂപ്പിന്റെ സൂത്രധാരനാണ് റിഡൗവന്‍ ടാഗി. 2019ല്‍ ദുബൈയില്‍ അറസ്റ്റിലായ ഇയാളെ ഉടന്‍ തന്നെ നെതര്‍ലന്‍ഡ്‌സിന് കൈമാറിയിരുന്നു. കൊലപാതകം ഉള്‍പ്പെടെയുള്ള നിരവധി കേസുകളില്‍ റിഡൗവന്‍ ടാഗി വിചാരണ നേരിടുകയാണ്. ദുബൈയില്‍ വച്ചാണ് ഫൈസല്‍ ടാഗിയെ യു.എ.ഇ പോലീസ് പിടികൂടിയത്. ഫൈസല്‍ ടാഗി ദുബായില്‍ അറസ്റ്റിലായതായി യുഎഇ അധികൃതര്‍ ഡച്ച് പബ്ലിക് പ്രോസിക്യൂഷന്‍ സര്‍വീസിനെ അറിയിച്ചിട്ടുണ്ട്. ഇയാളെ കൈമാറണമെന്ന് നെതര്‍ലന്‍ഡ്‌സ് അഭ്യര്‍ത്ഥിച്ചതായി ഡച്ച് പ്രോസിക്യൂട്ടര്‍മാര്‍ വെളിപ്പെടുത്തി.

കത്തിൽ ഉമ്മൻചാണ്ടിയുടെ പേരുണ്ടായിരുന്നു; രണ്ട് മുൻ കോൺ​ഗ്രസ് മന്ത്രിമാർ കത്ത് വിവാദമാകാൻ ആ​ഗ്രഹിച്ചുവെന്നും ടി ജി നന്ദകുമാർ

0

സോളാർ കേസുമായി ബന്ധപ്പെട്ട പീഡനകേസിലെ ഇര പുറത്തുവിട്ട ഒരു കത്തിൽ ഒന്നാംപേജിൽതന്നെ ഉമ്മൻ ചാണ്ടിയുടെ പേരുണ്ടായിരുന്നതായി ടി ജി നന്ദകുമാർ. തനിക്ക്‌ ലഭിച്ച രണ്ടു കത്തുകളിൽ ഒന്നായിരുന്നു ഇത്‌. ഈ കത്ത്‌ ഒറിജിനൽ ആണെന്ന് ഇര തന്നെ പറഞ്ഞിട്ടുണ്ടെന്നും നന്ദകുമാർ കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സോളാര്‍ പീഡനക്കേസിലെ സി.ബി.ഐ. റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു നന്ദകുമാര്‍.

ഉമ്മൻചാണ്ടിക്ക്‌ അപകീർത്തിപരമായ കത്ത്‌ പുറത്തുവിടാൻ ആഗ്രഹിച്ചത്‌ അന്നത്തെ യുഡിഎഫ്‌ സർക്കാരിലെ ആഭ്യന്തരമന്ത്രിസ്ഥാനം വഹിച്ച രണ്ടുപേരായിരുന്നുവെന്നും നന്ദകുമാർ പറഞ്ഞു. കത്തുപുറത്തുവരണമെന്നും അത് കലാപമാകണമെന്നും അവരാഗ്രഹിച്ചു. മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിച്ച അവർ തന്നെ നേരിട്ട്‌ ബന്ധപ്പെട്ടിട്ടില്ല. ദൂതൻമാർ വഴിയാണ്‌ ആഗ്രഹം പ്രകടിപ്പിച്ചത്‌. ശരണ്യ മനോജാണ്‌ വിവാദമായ രണ്ടു കത്തുകളും എനിക്ക്‌ കൈമാറിയത്‌. പരാതിക്കാരി എഴുതിയ കത്തിനെ കുറിച്ച് അന്വേഷിക്കാൻ വി എസ് അച്ചുതാന്ദനാണ് പറഞ്ഞത്. അതുപ്രകാരമാണ് ശരണ്യ മനോജിനെ ബന്ധപ്പെട്ടത്. ഈ കത്ത് കിട്ടിയപ്പോൾ തന്നെ അത് വി.എസിനെ കാണിക്കുകയും അന്നത്തെ പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനെ കാണിക്കുകയും ചെയ്തു. ഈ കത്തിനെ കുറിച്ച് സംസാരിച്ചു.

കത്ത്‌ താനാണ് ഏഷ്യാനെറ്റ്‌ ലേഖകന്‌ നൽകിയതെന്നും നന്ദകുമാർ പറഞ്ഞു. കത്ത്‌ ലഭിക്കാൻ ഇരയ്‌ക്ക്‌ പണം നൽകിയിട്ടില്ല. ബെന്നിബഹ്‌നാനും തമ്പാനൂർ രവിയും പണം നൽകാമെന്നു പറഞ്ഞ്‌ കബളിപ്പിച്ചുവെന്നും അമ്മയുടെ ചികിൽസയ്‌ക്ക്‌ പണമില്ലെന്നും സഹായിക്കണമെന്നും പറഞ്ഞപ്പോൾ മാത്രമാണ്‌ പണം നൽകിയത്‌. 2016 ല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയതിന് പിന്നാലെ പരാതിക്കാരി കാണാന്‍ പോയിരുന്നു. ഉമ്മന്‍ചാണ്ടി ശാരീരികമായും സാമ്പത്തികമായും ഉപയോഗിച്ചതായി ആ അവര്‍ നല്‍കിയ പരാതിയില്‍ ഉണ്ടായിരുന്നു. പരാതി നൽകിയ ഘട്ടത്തിലും അന്വേഷണത്തിന്റെ ഘട്ടത്തിലും ഒരു തരത്തിലും ഇടപെട്ടിട്ടില്ലെന്നും നന്ദകുമാർ പറഞ്ഞു.

മിനിമം സൗകര്യം നല്‍കിയില്ലെങ്കില്‍ വലിയ വില നല്‍കേണ്ടിവരും; ഗതാഗത വകുപ്പിനെയും കെഎസ്ആർടിസിയെയും വിമർശിച്ച് ‌മുകേഷ്

0

കൊല്ലം കെഎസ്ആർടിസി ബസ്റ്റാൻഡ് കെട്ടിടത്തിന്റെ അപകടാവസ്ഥയിൽ ഗതാഗത വകുപ്പിനെയും കെഎസ്ആർടിസിയെയും വിമർശിച്ച് കൊല്ലം എംഎൽഎ എം. മുകേഷ്. സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലാണ് ഇതുമായി ബന്ധപ്പെട്ടുള്ള ആരോപണം ഉന്നയിക്കുന്നത്. പറയാതെ വയ്യ എന്ന തലക്കെട്ടോടെയാണ് ഡിപ്പോയുടെ അപകടാവസ്ഥയെയും അധികൃതരുടെ അവഗണനയെയും ചൂണ്ടിക്കാട്ടുന്നത്. ചിത്രം സഹിതമാണ് കുറിപ്പ്.

ഡിപ്പോയുടെ ശോച്യാവസ്ഥ പരിഹരിച്ച് യാത്രക്കാര്‍ക്ക് ആവശ്യമായ മിനിമം സൗകര്യംനല്‍കാന്‍ മാനേജ്‌മെന്റും വകുപ്പും തയ്യാറായില്ലെങ്കില്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് കുറിപ്പിൽ മുകേഷ് പറയുന്നു. കൂപ്പുകൈയുടെ ഇമോജിക്കൊപ്പമാണ് പോസ്റ്റ്. മേൽക്കൂരയിൽ കമ്പികള്‍ തെളിഞ്ഞുകാണാവുന്ന സ്ഥിതിയാണ്. പഴയ കെട്ടിടത്തിൽ ജീവനക്കാർക്ക് വിശ്രമിക്കാനുള്ള സൗകര്യങ്ങളും പരിമിതമാണ്. എം.എൽ.എ. എന്ന നിലയിൽ ഇടപെടൽ നടത്തിയെന്ന് കുറിപ്പിൽ പറയുന്നു. ആദ്യം എം.എൽ.എ. ഫണ്ടിൽനിന്നു ഒരുകോടിയും പിന്നീട് ആറുകോടിയും നൽകാമെന്നു പറഞ്ഞ് ബന്ധപ്പെട്ട വകുപ്പിന് കത്ത് നൽകി. ഒട്ടേറെത്തവണ നിയമസഭയിൽ ഇതുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ചോദിക്കുകയും വിഷയങ്ങൾ അവതരിപ്പിച്ച് ഗൗരവം ബോധ്യപ്പെടുത്താൻ പരിശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ഒന്നും രണ്ടും മന്ത്രിസഭകളിലെ വകുപ്പ് മന്ത്രിമാരോട് നേരിട്ടുകണ്ടും വിഷയം ബോധ്യപ്പെടുത്തി. ഡിപ്പോയ്ക്ക് അടിയന്തരാവശ്യം വാണിജ്യസൗധമല്ലെന്നും യാത്രികർക്ക് സുരക്ഷിതമായും ഭയരഹിതമായും കയറിനിൽക്കാൻ കഴിയുന്ന മിനിമം സൗകര്യമാണെന്നും മുകേഷ് പറയുന്നു.

ഇതോടൊപ്പം മുൻ ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനും നിലവിലെ മന്ത്രി ആന്റണി രാജുവിനും കെ.എസ്.ആർ.ടി.സി. മാനേജ്മെൻറിനും കെട്ടിടത്തിന്റെ ദയനീയസ്ഥിതി ചൂണ്ടിക്കാട്ടി അയച്ച കത്തുകളും നിയമസഭാ ചോദ്യോത്തരവേളയിൽ വിഷയം ഉന്നയിച്ചതിന്റെ വിവരങ്ങളും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

നിപ പശ്ചാത്തലത്തിൽ കോഴിക്കോട് അതീവ ജാ​ഗ്രത; കണ്ടെയ്ൻമെന്റ് സോണുകൾ അടച്ചു

0

അസ്വഭാവിക പനി ബാധിച്ചു മരിച്ച രണ്ട് പേര്‍ക്കും നിലവില്‍ ചികിത്സയിലുള്ള രണ്ട് പേര്‍ക്കും നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് കനത്ത ജാഗ്രത. ആദ്യം മരിച്ചയാളുടെ ചികിത്സയിലുള്ള 9 വയസ്സുകാരന്‍ മകനും 24 വയസ്സുള്ള ഭാര്യാ സഹോദരനുമാണ് നിലവില്‍ നിപ സ്ഥിരീകരിച്ചത്. മരിച്ചയാളുടെ നാലുവയസുള്ള മകന്റെയും ഭാര്യാ സഹോദരന്റെ 10മാസം പ്രായമുള്ള കുഞ്ഞിന്റെയും പരിശോധനാഫലം നെഗറ്റീവാണ്. നിലവില്‍ ഏഴ് പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്.

ഏഴു പഞ്ചായത്തുകളിലായി കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. കണ്ടെയിന്‍മെന്റ് സോണുകളില്‍ നിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാന്‍ അനുവദിക്കില്ല. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വില്‍പ്പന കേന്ദ്രങ്ങള്‍ മാത്രമെ തുറക്കാവൂ. രാവിലെ 07 മണി മുതല്‍ വൈകുന്നേരം 05 മണി വരെ മാത്രമെ ഈ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വില്ലേജ് ഓഫീസുകളും മിനിമം ജീവനക്കാരെ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കണം. സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍-പൊതുമേഖല- ബാങ്കുകള്‍, സ്‌കൂളുകള്‍, അങ്കണവാടികള്‍ എന്നിവ ഉള്‍പ്പെടെ മറ്റൊരു സ്ഥാപനവും ഇനിയൊരുത്തരവുണ്ടാവുന്നത് വരെ തുറക്കാൻ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്.

നിപ സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തിലുള്ളവരുടെ വിശദാംശങ്ങള്‍ തയ്യാറാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. നിലവില്‍ 168 പേരുള്ള സമ്പര്‍ക്കപ്പട്ടിക തയ്യാറായിട്ടുണ്ട്. ഇതില്‍ ആദ്യ കേസിലെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 158 പേരുണ്ട്. ഈ പട്ടികയില്‍ 127 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. ബാക്കിയുള്ള 31പേര്‍ വീട്ടിലും പരിസരത്തും ഉള്ളവരാണ്. രണ്ടാമത്തെ കേസില്‍ 100ലേറെ പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ട്.

കണ്ടെയ്ന്‍മെന്റ് സോണുകള്‍

ആയഞ്ചേരി ഗ്രാമപഞ്ചായത്ത് -1,2,3,4,5,12,13,14,15 വാർഡുകൾ
മരുതോങ്കര ഗ്രാമപഞ്ചായത്ത് -1,2,3,4,5,12,13,14 വാർഡുകൾ
തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് -1,2,20 വാർഡുകൾ
കുറ്റ്യാടി ഗ്രാമപഞ്ചായത്ത് -3,4,5,6,7,8,9,10 വാർഡുകൾ
കായക്കൊടി ഗ്രാമപഞ്ചായത്ത് -5,6,7,8,9 വാർഡുകൾ
വില്യപ്പളളി ഗ്രാമപഞ്ചായത്ത് -6,7 വാർഡ് വാർഡുകൾ
കാവിലും പാറ ഗ്രാമപഞ്ചായത്ത് -2,10,11,12,13,14,15,16 വാർഡുകൾ

മുതിർന്ന ബിജെപി നേതാവ് പി പി മുകുന്ദൻ അന്തരിച്ചു

0

ബിജെപി മുതിർന്ന നേതാവും മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പി.പി.മുകുന്ദൻ (78) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ ആർഎസ്എസ് കാര്യാലയത്തിൽ രണ്ടു മണിവരെ ഭൗതികദേഹം പൊതുദർശനത്തിനുവയ്ക്കും. രണ്ടു മണിക്കുശേഷം ജന്മനാടായ കണ്ണൂരിലേക്ക് കൊണ്ടുപോകും. കണ്ണൂർ കൊട്ടിയൂർ മണത്തണ കുടുംബ ശമ്ശാനത്തിൽ നാളെ വൈകിട്ട് 4നാണ് അടക്കം.

കണ്ണൂർ കൊട്ടിയൂർ കൊളങ്ങരയത്ത് തറവാട്ടിൽ കൃഷ്ണൻ നായരുടെയും കല്യാണിയമ്മയുടെയും രണ്ടാമത്തെ മകനായി 1946 ഡിസംബർ 9 നാണ് പി.പി.മുകുന്ദൻ ജനിച്ചത്. മണത്തല യുപി സ്കൂൾ, പേരാവൂർ സെന്റ് ജോസഫ് ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഹൈസ്കൂൾ പഠനകാലത്താണ് രാഷ്ട്രീയ സ്വയംസേവക സംഘത്തിൽ ആകൃഷ്ടനാകുന്നത്. മണത്തലയിൽ ആർഎസ്എസ് ശാഖ ആരംഭിച്ചപ്പോൾ സ്വയംസേവകനായി. 1965 ൽ കണ്ണൂർ ജില്ലയിൽ പ്രചാരകനായി. 1967 ൽ ചെങ്ങന്നൂർ താലൂക്ക് പ്രചാരകനായി. 1972 ൽ തൃശ്ശൂർ ജില്ലാ പ്രചാരകനായും പ്രവർത്തിച്ചു.

1991ൽ ബിജെപി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിയായി. 2004 വരെ ആ സ്ഥാനത്ത് തുടർന്നു. 1991 ലെ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് കോൺഗ്രസും മുസ്‌ലിം ലീഗുമായി ബിജെപി ധാരണയുണ്ടാക്കിയപ്പോൾ അതിന്റെ മുൻനിരയിൽ മുകുന്ദനുണ്ടായിരുന്നു. ദീര്‍ഘകാലം ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായിരുന്നു. 1988 മുതല്‍ 95 വരെ ജന്മഭൂമി മാനേജിംങ് ഡയറക്ടറായിരുന്നു. 2006 മുതല്‍ 10 വര്‍ഷം പാര്‍ട്ടിയില്‍ നിന്നും പുറത്ത് നിന്ന പിപി മുകുന്ദന്‍ 2016 ലാണ് തിരികെയെത്തുന്നത്.

പത്തനംതിട്ടയിൽ വാഹനാപകടത്തിൽ രണ്ട് മരണം

0

പന്തളം കുരമ്പാലയില്‍ കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ ഫാസ്റ്റ് ബസും മിനി പിക് അപ് വാനും കൂട്ടിയിടിച്ച് രണ്ടു മരണം. പിക് അപ് വാനിലെ ഡ്രൈവറും സഹായിയുമാണ് മരിച്ചത്. എം സി റോഡിൽ കുരമ്പാല അമൃത വിദ്യാലയത്തിന് മുമ്പിലാണ് അപകടം നടന്നത്.

കിഴക്കമ്പലം സ്വദേശി ജോൺസൺ മാത്യു(48) ആലുവ ഇടത്തല സ്വദേശി ശ്യാം വിഎസ്(30) എന്നിവരാണ് മരിച്ചത്. പന്തളം ഭാഗത്ത് നിന്നും വന്ന ഡെലിവറി വാന്‍ എതിർ ഭാഗത്തുനിന്നും വന്ന കെഎസ്ആർടിസി ബസിൽ ഇടിക്കുകയായിരുന്നു. കെഎസ്ആർടിസി ബസ്സിലെ യാത്രക്കാർക്കും പരിക്കേറ്റു. വാനിലുണ്ടായിരുന്നവർ സംഭവസ്ഥലത്തുതന്നെ മരിച്ചു. പിക് അപ് വാനിന്റെ ഫ്രണ്ട് ക്യാബിനില്‍ കുടുങ്ങിയ നിലയിലായിരുന്നു ഇരുവരും. അടൂരില്‍നിന്ന് ഫയര്‍ഫോഴ്‌സ് എത്തി ഹൈഡ്രോളിക് ഉപകരണങ്ങള്‍ ഉപയോഗിച്ച് ഫ്രണ്ട് ക്യാബിന്‍ പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.