അബുദബി: ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ റോഡ് ഇ 10 ഭാഗീകമായി അടച്ചു. റോഡ് നവീകരണത്തിന്റെ ഭാഗമായി പാത അടച്ചതായി സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു. സെപ്റ്റംബര്‍ 18 വരെയാണ് പാത താല്‍കാലികമായി അടച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ആരംഭിച്ച നവീകരണ പ്രവര്‍ത്തനങ്ങള്‍ സെപ്റ്റംബര്‍ 18 വരെ തുടരും. വാഹന ഡ്രൈവര്‍മാര്‍ മറ്റ് പാതകള്‍ തിരഞ്ഞെടുക്കണമെന്നും ശ്രദ്ധാപൂര്‍വ്വം വാഹനം ഓടിക്കണമെന്നും സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു. ഒരു വശത്തേക്കുള്ള പാതയില്‍ ഇടത് ലൈനിലാണ് അറ്റകുറ്റപ്പണികള്‍ ആരംഭിച്ചത്. ഇന്ന് രാത്രി മുതല്‍ ഒരു വശത്തേക്കുള്ള മുഴുവന്‍ ലൈനുകളിലും അറ്റകുറ്റപ്പണികള്‍ ആരംഭിക്കും. വാഹനം ഓടിക്കുന്നവര്‍ ഡിജിറ്റല്‍ സൈന്‍ ബോര്‍ഡുകളിലെ മുന്നറിയിപ്പുകള്‍ പാലിക്കണമെന്നും സംയോജിത ഗതാഗത കേന്ദ്രം എസ്‌കിലൂടെ അറിയിച്ചു.
പുതിയ മെഡിക്കല്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍: ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും
ദുബൈ: പുതിയ മെഡിക്കല്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കാന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും നിയമം പുറപ്പെടുവിച്ചു. ശാസ്ത്രീയ ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സ്ഥാപനങ്ങള്‍ ഒരുങ്ങുന്നത്. സ്ഥാപനത്തിന്റെ നിയമ നിര്‍മ്മാണത്തിനായി ബോര്‍ഡ് അംഗങ്ങളെ നിയമിച്ചു. വിവിധ മേഖലകളില്‍ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനും, ശാസ്ത്രീയ ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് മെഡിക്കല്‍, എജ്യുക്കേഷണല്‍ സയന്‍സ് സ്ഥാപനങ്ങള്‍ ഒരുങ്ങുന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും പദ്ധതി പ്രഖ്യാപിച്ചു. ഷെയ്ഖ് റാഷിദ് ബിന്‍ ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂമിനെ സ്ഥാപനത്തിന്റെ പ്രസിഡന്റായും നിയമിച്ചു. ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും സ്ഥാപനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. വൈദ്യശാസ്ത്ര രംഗത്തിന്റെ പുരോഗതി ലക്ഷ്യമിട്ടുള്ള നൂതന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തിയായിരിക്കും സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നടത്തുക.
പ്രകൃതി ദുരന്തങ്ങള്‍ പോലെ രാജ്യം പ്രതിസന്ധി നേരിടുന്ന ഘട്ടങ്ങളില്‍ ആരോഗ്യമേഖലയിലും മറ്റുമായി സേവനങ്ങള്‍ നല്‍കുന്നവരെ ആദരിക്കും. ശാസ്ത്രസംബന്ധമായ ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുന്നവരെ അംഗീകരിക്കും. പ്രദേശിക ശാസ്ത്രജ്ഞരും ഗവേഷകരുമായുള്ള ആശയ വിനിമയം പ്രോത്സാഹിപ്പിക്കുന്നതും പുതിയ സ്ഥാപനത്തിന്റെ ഭാഗമാക്കും. ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ഹുമൈദ് മുഹമ്മദ് അല്‍ ഖുതാമി അധ്യക്ഷനായ സ്ഥാപനത്തിന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റിയെ പ്രഖ്യാപിച്ചു. ഡോ.ജമാല്‍ മുഹമ്മദ് അല്‍ മുഹൈരി ബോര്‍ഡിന്റെ വൈസ് ചെയര്‍മാനായിരിക്കും. അവദ് സഗീര്‍ അല്‍ കെത്ബി, ഡോ. ഖലീഫ അലി അല്‍ സുവൈദി, ഡോ. അഹമ്മദ് ഈദ് അല്‍ മന്‍സൂരി, ഡോ. സുലൈമാന്‍ മുഹമ്മദ് അല്‍ ഹമ്മാദി, ഇസ്സ അല്‍ ഹാജ് ഖാദെം അല്‍ മൈദൂര്‍, അബ്ദുല്ല സയീദ് ബെല്‍യോഹ എന്നിവരും ബോര്‍ഡിലെ അംഗങ്ങളാണ്.
സംസ്ഥാനത്ത് ഒരാൾക്ക് കൂടി നിപ സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഒരാൾക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു. കോഴിക്കോട് തന്നെയാണ് പുതിയ കേസ്. ആശുപത്രിയിൽ നിരീക്ഷണത്തിലുള്ള 39 വയസുകാരനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. നിപ പോസിറ്റീവായ വ്യക്തികൾ മറ്റ് ചികിത്സകൾ തേടിയ സ്വകാര്യ ആശുപത്രിയിൽ ഇദ്ദേഹവും ചികിത്സ തേടിയിരുന്നു. അതുകൊണ്ട് തന്നെ ഇയാൾ നിരീക്ഷണത്തിലുമായിരുന്നു. സംസ്ഥാനത്ത് സ്ഥിരീകരിക്കുന്ന ആറാമത്തെ നിപ പോസിറ്റീവ് കേസാണിത്. ഇതോടെ സംസ്ഥാനത്ത് നിപ ബാധിച്ച് നാലുപേർ ചികിത്സയിലാണ്.
അതേസമയം, കോഴിക്കോട് നിന്ന് ഇന്നലെ പരിശോധനയ്ക്ക് അയച്ച 11 സാംപിളുകളില്‍ നിപ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഹൈ റിസ്ക് കാറ്റഗറിയിലുണ്ടായിരുന്ന പതിനൊന്ന് പേരുടെ പരിശോധന ഫലമാണ് നെഗറ്റീവായത്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുടെത് അടക്കം ചേർത്ത് വിപുലീകരിച്ച സമ്പര്‍ക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. 950 പേരാണ് നിലവില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ളത്.
ഗണേഷ് കുമാർ മന്ത്രിസ്ഥാനത്തേക്ക് ? ഷംസീറിന് പകരം സ്പീക്കറായി വീണ ജോര്‍ജ് പരിഗണനയിൽ ; മന്ത്രിസഭ പുനഃസംഘടന ഉടൻ
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുന്ന പശ്ചാത്തലത്തില്‍ മന്ത്രിസഭാ പുന:സംഘടന നവംബറില്‍ നടക്കും. കെ.ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയില്‍ എത്തിയേക്കും. ആരോഗ്യമന്ത്രിസ്ഥാനത്ത് നിന്ന് വീണാ ജോര്‍ജിനെ മാറ്റിയേക്കും. പകരം സ്പീക്കർ സ്ഥാനം നൽകിയേക്കും. ഒറ്റ എംഎല്‍എമാരുള്ള പാര്‍ട്ടികള്‍ക്ക് രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം നല്‍കാനായിരുന്നു നേരത്തെ ഉണ്ടായിരുന്ന ധാരണ. അതനുസരിച്ചാണ് ആദ്യ ടേമില്‍ ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും മന്ത്രിമാരായത്.
ഈ മാസം 20ന് നടക്കുന്ന എൽഡിഎഫ് യോഗത്തിൽ അന്തിമ തീരുമാനം. മന്ത്രിസഭാ പുന:സംഘടനയ്‌ക്കൊപ്പം ചില മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റമുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. സിപിഐഎം മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റത്തിന് സാധ്യതയുണ്ട്. ഒറ്റ എംഎല്‍എമാര്‍ മാത്രമുള്ള പാര്‍ട്ടികളുടെ നിലവിലെ മന്ത്രിമാര്‍ ഒഴിവാകും. പകരം കടന്നപ്പള്ളി രാമചന്ദ്രനും കെബി ഗണേഷ് കുമാറും മന്ത്രിമാരായേക്കും. വനം വകുപ്പ് ആവശ്യപ്പെടാനാണ് ഗണേഷ് കുമാറിന്റെ നീക്കം.
സേവനങ്ങള്‍ സ്മാര്‍ട്ട് ആകുന്നു: ദുബൈ പാര്‍ക്കില്‍ സ്മാര്‍ട്ട് ആപ്പ്
ദുബൈയില്‍ സേവനങ്ങള്‍ എല്ലാം ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുകയാണ്. സ്മാര്‍ട്ട് സേവനങ്ങളില്‍ വര്‍ഷം തോറും 19 ശതമാനത്തിന്റെ വര്‍ദ്ധനവാണ് വരുത്തുന്നത്. പാര്‍ക്കുകളില്‍ സ്മാര്‍ട്ട് ടിക്കറ്റിംഗ് ആപ്പ് ആണ് പുതിയ പദ്ധതി. പുതിയ ഡിജിറ്റല്‍ സംവിധാനത്തിന്റെ ആദ്യഘട്ടം അടുത്തമാസം ആരംഭിക്കും. ദുബൈയുടെ ഭരണാധികാരികള്‍ വിവിധ മേഖലകളില്‍ വിപ്ലവകരമായ മാറ്റം സൃഷ്ടിച്ചാണ് ഡിജിറ്റല്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നത്. മാറ്റത്തിനനുസൃതമായി സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തുന്നതോടെ താമസക്കാരുടെ ജീവിത നിലവാരം മെച്ചപ്പെട്ടതായാണ് വിലയിരുത്തല്‍. നിലവില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ എല്ലാം സ്മാര്‍ട്ടായി മാറി കഴിഞ്ഞു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ കാഴ്ചപ്പാടിലാണ് മുനിസിപ്പാലിറ്റിയുടെ ഡിജിറ്റല്‍ സംവിധാനം രൂപപ്പെട്ടതെന്ന് ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ദാവൂദ് അല്‍ ഹജ്‌രി പറഞ്ഞു. ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി. ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ദീര്‍ഘവീക്ഷണമുള്ള പദ്ധതികളാണ് നടപ്പിലാക്കുന്നത്.
ബന്ധം മെച്ചപ്പെടുത്തി യുഎഇയും കുവൈത്തും: ഭരണാധികാരികള്‍ കൂടിക്കാഴ്ച നടത്തി
അബുദബി: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും കുവൈത്ത് ഉപപ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് ഫഹദ് അല്‍ അഹമ്മദ് അല്‍ സബാഹുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധങ്ങളും പ്രധാന മേഖലകളിലെ സഹകരണവും കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയായി. ദുബൈയിലെ സഅബീല്‍ പാലസിലായിരുന്നു കൂടിക്കാഴ്ച്ച. ദുബൈ രണ്ടാം ഡെപ്യൂട്ടി ഭരണാധികാരി ഷെയ്ഖ് അഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും പ്രധാന മേഖലകളിലെ സഹകരണവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. സമഗ്ര വികസന ലക്ഷ്യങ്ങളുടെ നേട്ടം ത്വരിതപ്പെടുത്തുന്നതിന് ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ച് നേതാക്കള്‍ ചര്‍ച്ച ചെയ്തു.
കൂടുതല്‍ മേഖലകളില്‍ പരസ്പര സമന്വയത്തോടെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി. പൊതുജനക്ഷേമം, അടിസ്ഥാന സൗകര്യങ്ങള്‍, സുരക്ഷിതമായ ജീവിത സാഹചര്യം എന്നിവയില്‍ ഇരു രാജ്യങ്ങളും കൈവരിച്ച പുരോഗതിയും യോഗത്തില്‍ ചര്‍ച്ചയായി. പ്രധാന മേഖലകളില്‍ ഇരു രാജ്യങ്ങളുടെയും സഹകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. യോഗത്തില്‍ ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസിഡന്റ് ഷെയ്ഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂം, ദുബായ് എയര്‍പോര്‍ട്ട് ചെയര്‍മാനും എമിറേറ്റ്‌സ് എയര്‍ലൈന്‍ ആന്‍ഡ് ഗ്രൂപ്പിന്റെ ചെയര്‍മാനും, ചീഫ് എക്‌സിക്യൂട്ടീവും, മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
അടുത്ത വര്‍ഷത്തെ വിശുദ്ധ റമദാന്‍: വ്രതശുദ്ധിയോടെ കാത്തിരിപ്പ്
അബുദബി: 2024 ലെ വിശുദ്ധ റമദാന്‍ മാസത്തിന് മാര്‍ച്ച് രണ്ടാം വാരം തുടക്കമാകുമെന്ന് യുഎഇയിലെ ജ്യോതിശാത്രജ്ഞരുടെ വിലയിരുത്തല്‍. ചെറിയപെരുന്നാള്‍ 2024 ഏപ്രില്‍ 10ന് വരാന്‍ സാധ്യതയുള്ളതായും വിദഗ്ധര്‍ അറിയിച്ചു. വ്രതാനുഷ്ടാനുങ്ങളോടെയും പ്രാര്‍ത്ഥനകളോടെയും വിശുദ്ധ മാസത്തെ വരവേല്‍ക്കാന്‍ കാത്തിരിക്കുകയാണ് ഇസ്ലാമിക മത വിശ്വാസികള്‍. ഇസ്ലാമിക ഹിജ്‌റി കലണ്ടര്‍ അടിസ്ഥാനമാക്കിയുള്ള ചന്ദ്രക്കലയുടെ ദര്‍ശനത്തെ അടിസ്ഥാനമാക്കിയാണ് യഥാര്‍ത്ഥ തീയതികള്‍ നിര്‍ണ്ണയിക്കുന്നത്. ഗ്രിഗോറിയന്‍ കലണ്ടറില്‍ നിന്ന് വ്യത്യസ്തമായി, ചന്ദ്രന്‍ കാണുന്ന സമയത്തെ ആശ്രയിച്ച് ഇസ്ലാമിക മാസങ്ങള്‍ 29 അല്ലെങ്കില്‍ 30 ദിവസങ്ങള്‍ നീണ്ടുനില്‍ക്കും. വിശുദ്ധ മാസത്തെ വരവേല്‍ക്കാന്‍ ഇനി ആറ് മാസത്തെ കാത്തിരിപ്പാണ്. ലോകമെമ്പാടുമുള്ള ഇസ്ലിമിക വിശ്വാസികള്‍ വര്‍ഷത്തിലെ ഏറ്റവും പവിത്രമായ മാസമായാണ് റമദാന്‍ കണക്കാക്കപ്പെടുന്നത്. വിശുദ്ധ ഖുര്‍ആന്‍ പാരായണവും, പകല്‍ സമയങ്ങളില്‍ ഭക്ഷണ പാനീയങ്ങള്‍ ഒഴിവാക്കിയും, ആത്മനിയന്ത്രണം നടത്തിയും ദൈവീക ബന്ധം ദൃഡമാക്കുകയാണ് ഈ സമയം. ഇസ്ലാമിക ഹിജ്‌റി കലണ്ടര്‍ അനുസരിച്ച്, നിലവില്‍ ഇത് സഫര്‍ മാസമാണ്. സഫറിന് ശേഷമുള്ള മാസം റാബി അല്‍ അവ്വല്‍ സെപ്റ്റംബര്‍ 16 ന് ആരംഭിക്കാന്‍ സാധ്യതയുണ്ടെന്നും ജ്യോതിശാസ്ത്ര വിദഗ്ധര്‍ വ്യക്തമാക്കുന്നു.
387 കോടി ദിര്‍ഹത്തിന്റെ മയക്കുമരുന്ന് വേട്ട: ദുബൈ പൊലീസ് ആറ് പ്രതികളെ പിടികൂടി
ദുബൈ: പൊലീസിന്റെ ഓപ്പറേഷന്‍ സ്റ്റോമിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് ഗുളികളുടെ വന്‍ ശേഖരം പിടികൂടിയത്. വാതിലുകള്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന പാനലുകള്‍ എന്നിവയ്ക്കുള്ളില്‍ കടത്താന്‍ ശ്രമിച്ച ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്. 387 കോടി ദിര്‍ഹം വിലമതിക്കുന്ന മയക്കുമരുന്ന് ഗുളിഗകളാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ ആറ് പ്രതികളെ പൊലീസ് പിടികൂടി. 651 വാതിലുകളിലും 432 അലങ്കാര പാനലുകളിലുമായി 13 ടണ്‍ നിരോധിത ക്യാപ്റ്റഗണ്‍ ഗുളിഗകളാണ് സംഘം കടത്താന്‍ ശ്രമിച്ചത്. 86 ദശലക്ഷം ഗുളിഗകളാണ് ഓപ്പറേഷന്‍ സ്റ്റോമില്‍ പോലീസ് പിടിച്ചെടുത്തത്. അഞ്ച് കണ്ടെയ്‌നറുകളിലായാണ് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചതെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനന്റ് ജനറല്‍ ഷെയ്ഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു. ആറ് സ്ഥലങ്ങളില്‍ നിന്നായി പ്രതികളെയും മയക്കുമരുന്ന് ഗുളിഗകളും പിടിച്ചെടുക്കുന്ന വീഡിയോയും മന്ത്രി പങ്കുവെച്ചു. ലഹരി കടത്തിനും ഉപയോഗത്തിനും ഇതിരെ ശക്തമായ പരിശോധനയും നടപടികളും സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ദുബൈ പൊലീസ് പരിശോധന ശക്തമാക്കിയത്.
മണിരത്‌നവും കമല്‍ഹാസനും ഒന്നിക്കുന്നു; കൂടെ ദുല്‍ഖറും..!
മുപ്പത്തിയാറു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കമല്‍ഹാസനെ നായകനാക്കി മണിരത്നം ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ്. 1987-ല്‍ മണിരത്നം സംവിധാനം ചെയ്ത ‘നായകനാ’ണ് ഇതിന് മുന്‍പ് മണിരത്നം- കമല്‍ഹാസന്‍ കൂട്ടുകെട്ടിലെത്തിയ ചിത്രം. ‘നായകനി’ലെ അഭിനയത്തിന് കമല്‍ഹാസന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.
മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രത്തില്‍ വന്‍താരനിരയാണ് വേഷമിടുന്നത്. ഇതുവരെ പേരിടാത്ത ചിത്രം കെ.എച്ച് 234 എന്നാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. കമലിന്റെ 234-ാം ചിത്രമാണിത്. തൃഷ, ദുല്‍ഖര്‍ സല്‍മാന്‍, ജയം രവി തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്ന് മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജിത്ത് അമ്പാടി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. അദ്ദേഹവും ഈ സിനിമയുടെ ഭാഗമാകുന്നുണ്ട്. ഇതെക്കുറിച്ച് മണിരത്നം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ് എന്നീ ബാനറുകളില്‍ കമല്‍ ഹാസന്‍, മണിരത്നം, ജി മഹേന്ദ്രന്‍, ശിവ അനന്ദ് എന്നിവര്‍ ചേര്‍ന്നാണ് കെഎച്ച് 234 നിര്‍മ്മിക്കുന്നത്.


