Saturday, April 11, 2026
Home Blog Page 203

വനിതാ സംവരണ ബില്‍ അവതരിപ്പിച്ചു: 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംവരണം നടപ്പാകില്ല

0

പുതിയ പാർലമെന്‍റ് മന്ദിരത്തിലെ ആദ്യ സമ്മേളനത്തിൽ വനിതാ സംവരണ ബിൽ അവതരിപ്പിച്ചു. കേന്ദ്ര നിയമമന്ത്രി അർജുൻ രാം മേഘ്വാളാണ് 128 -ാം ഭരണഘടനാ ഭേദഗതിയായി ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്. ‘നാരി ശക്തി വന്ദൻ’ എന്ന പേരിലാണ് വനിതാ സംവരണ ബിൽ അറിയപ്പെടുക.

എന്നാൽ പുതിയ വനിതാസംവരണ ബിൽ 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ നടപ്പാകില്ല. മണ്ഡലപുനർനിർണയത്തിനു ശേഷമായിരിക്കും വനിതാ സംവരണ നടപ്പാക്കുമെന്ന വ്യവസ്ഥ ബില്ലിൽ ചേർത്തിട്ടുണ്ട്. 33 ശതമാനം വനിതാ സംവരണം ഉറപ്പാക്കുന്നതാണ് പുതിയ ബിൽ. വനിതാ സംവരണ ബിൽ അവതരിപ്പിച്ചതിന് പിന്നാലെ ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു.

വനിതാ സംവരണം നടപ്പാകുന്നതോടെ ലോക്സഭയിലെയും നിയമസഭകളിലെയും വനിതകളുടെ എണ്ണം വർദ്ധിക്കും. കേരള നിയമസഭയിൽ വനിതകളുടെ എണ്ണം 46 ആകും. ഇപ്പോൾ എൽഡിഎഫിൽ പത്തും പ്രതിപക്ഷത്ത് ഒന്നും വനിതാ അംഗങ്ങളാണ് നിയമസഭയിൽ ഉള്ളത്. പുതിയ നിയമം നടപ്പാകുന്നതോടെ സംസ്ഥാനത്തെ 20 ലോക്സഭാ സീറ്റുകളിൽനിന്ന് ആറ് വനിതാ എം.പിമാർ ലോക്സഭയിലേക്ക് പോകും. നിലവില്‍ ഏക വനിതാ പ്രതിനിധിയായി രമ്യാ ഹരിദാസ് എം.പി മാത്രമാണ് കേരളത്തില്‍ നിന്ന് ലോക്‌സഭയിലുള്ളത്. ബിൽ പ്രകാരം പട്ടിക ജാതി-വർഗ സംവരണ സീറ്റുകളിലും മൂന്നിലൊന്ന് സീറ്റ് ആ വിഭാഗങ്ങളിൽനിന്നുള്ള സ്ത്രീകൾക്കായി മാറ്റിവെക്കണം.

കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് പാർട്ടി പിന്തുണയോടെ; സി പി ഐ എം നേതാക്കൾക്കും പങ്കുണ്ടെന്ന് വി ഡി സതീശൻ

0

കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് കേസില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. കള്ളപ്പണക്കാരെയും അഴിമതിക്കാരെയും സംരക്ഷിക്കുന്ന നിലപാടാണ് സി.പി.ഐ.എം സ്വീകരിക്കുന്നതെന്നും പാര്‍ട്ടി പിന്തുണയോടെയാണ് കരുവന്നൂരിലെ കൊള്ള നടന്നതെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.

സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബാങ്ക് കൊള്ളയാണ് കരുവന്നൂരിൽ നടന്നതെന്ന് സതീശൻ പറഞ്ഞു. സി പി ഐ എം ജില്ലാ നേതാക്കൾക്ക് തട്ടിപ്പിൽ പങ്കുണ്ട്. ജില്ലാ, സംസ്ഥാന കമ്മിറ്റികള്‍ അന്വേഷണം നടത്തി കാര്യങ്ങള്‍ ബോധ്യമായിട്ടും കള്ളപ്പണക്കാരെയും അഴിമതിക്കാരെയും സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. നിരപരാധികളെ കുടുക്കി വമ്പന്മാരായ നേതാക്കളെ രക്ഷപ്പെടുത്താൻ ശ്രമം നടക്കുന്നുവെന്നും സതീശൻ പറഞ്ഞു.

ബിജെപിക്ക് എതിരായി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ദേശീയതലത്തില്‍ നടക്കുന്ന വര്‍ഗീയ വിരുദ്ധ ഫാസിസ്റ്റ് മുന്നണിയുമായി സഹകരിക്കേണ്ടെന്നാണ് കേരളത്തിലെ സിപിഎമ്മിന്റെ തീരുമാനം. ഇന്‍ഡ്യ മുന്നണിയില്‍ നിന്നുള്ള സിപിഐഎമ്മിന്റെ പിന്മാറ്റം കേരള ഘടകത്തിന്റെ സമ്മര്‍ദ്ദം മൂലമാണ്. കള്ളക്കടത്ത് കേസ്, ലൈഫ് മിഷന്‍ കേസ് ലാവ്‌ലിന്‍ കേസ് സിഎംആര്‍എല്‍ വിവാദം അടക്കമുള്ള വിഷയങ്ങളിൽ ബിജെപിയെ പേടിയുള്ളത് കൊണ്ടാണ് അങ്ങനെ ഒരു തീരുമാനം എടുത്തതെന്നും സതീശൻ ആരോപിച്ചു.

‘നിൻ്റെ പ്രണയത്തിന് ഞാൻ ഏറെ കടപ്പെട്ടിരിക്കുന്നു’; പിറന്നാൾ ദിനത്തിൽ വിഘ്നേഷിന് ചുംബനവുമായി നയൻതാര

0

നടനും സംവിധായകനുമായ ഭർത്താവ് വിഘ്നേഷ് ശിവന് പിറന്നാളാശംസകൾ നേർന്ന് ഇൻസ്റ്റാഗ്രാമിൽ നയൻതാരയുടെ പോസ്റ്റ്. സെപ്തംബർ പതിനെട്ടിനായിരുന്നു വിഘ്നേഷ് ശിവന്റെ മുപ്പത്തിയെട്ടാം പിറന്നാൾ. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾക്കൊപ്പമാണ് മനോഹരമായ കുറിപ്പും നയൻതാര പങ്കുവെച്ചത്. തനിക്ക് ലഭിച്ച അനുഗ്രഹം എന്നാണ് പോസ്റ്റിൽ വിഘ്നേഷ്നെ നയൻസ് അഭിസംബോധന ചെയ്തിരുന്നത്. ഈ പ്രത്യേകദിനത്തിൽ വിഘ്നേഷിനെക്കുറിച്ച് എഴുതാൻ ഒരുപാടുണ്ടെന്നും പക്ഷേ എന്നാൽ തുടങ്ങിയാൽ കുറച്ചുകാര്യം മാത്രമെഴുതി അവസാനിപ്പിക്കാൻ കഴിയുമെന്ന് കരുതുന്നില്ലെന്നും നയൻസ് കുറിക്കുന്നു.

ഇൻസ്റ്റഗ്രാമിൽ പുതുതാരമാണെങ്കിലും ചുരുങ്ങിയ സമയംകൊണ്ട് അഞ്ചരമില്യൺ ഫോളോവേഴ്സ് സ്വന്തമാക്കിയ നടിയാണ് നയൻ താര. കന്നിബോളിവു‍ഡ് ചിത്രം ജവാൻ പുറത്തിറങ്ങുന്നതിനോട് അനുബന്ധിച്ചാണ് താരം ഇൻസ്റ്റഗ്രാമിൽ വരവറിയിച്ചത്. സിനിമാവിശേഷങ്ങളും വിഘ്നേഷ് ശിവനും മക്കൾക്കുമൊപ്പമുള്ള വിശേഷങ്ങളുമൊക്കെ നയൻസ് ഇൻസ്റ്റയിൽ പങ്കുവെച്ചിരുന്നു.

https://www.instagram.com/p/CxVLPnRvL7z/?igshid=MzRlODBiNWFlZA==

“നീ എന്നിൽ ചൊരിയുന്ന പ്രണയത്തിന് ഞാനേറെ കടപ്പെട്ടിരിക്കുന്നു. നമ്മുടെ ബന്ധത്തിനു നീ നൽകുന്ന ബഹുമാനത്തിന് ഏറെ കടപ്പെട്ടിരിക്കുന്നു. നിന്നെപ്പോലെ മറ്റാരുമില്ല. എന്റെ ജീവിതത്തിലേക്ക് കടന്നുവന്നതിന്, ജീവിതത്തെ സ്വപ്നതുല്യവും അർത്ഥപൂർണ്ണവും മനോഹരവുമാക്കിയതിന് നന്ദി. നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നിങ്ങളാണ് ഏറ്റവും മികച്ചത്. നിങ്ങളുടെ എല്ലാ സ്വപ്നങ്ങളും സഫലമാവട്ടെ. ലോകത്തിലെ എല്ലാ സന്തോഷങ്ങളും നിങ്ങൾക്കായി ആശംസിക്കുന്നു.’’ നയൻതാര കുറിച്ചു.

വിഘ്നേഷ് ശിവനും പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ ഇൻസ്റ്റയിൽ പങ്കുവച്ചിട്ടുണ്ട്. ‘‘അനുഗ്രഹീതമായ ജന്മദിനം, എന്റെ ആൺകുട്ടികൾക്കൊപ്പമുള്ള ആദ്യ ജന്മദിനം’ ഹൃദയസ്പർശിയായ സര്‍പ്രൈസ് ഒരുക്കിയതിന് നയൻതാരയ്ക്ക് നന്ദി.’’ വിഘ്നേഷ് കുറിച്ചു.

‘എനിക്ക് അയിത്തം, പൈസയ്ക്കില്ല, പോയി പണിനോക്കാന്‍ പറഞ്ഞു’: ക്ഷേത്ര ചടങ്ങിൽ ജാതി വിവേചനം നേരിട്ടെന്ന് മന്ത്രി രാധാകൃഷ്ണൻ

0

ക്ഷേത്രച്ചടങ്ങിൽ ജാതീയ വിവേചനം നേരിടേണ്ടി വന്നതായി ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ. കോട്ടയത്ത് വേലൻ സർവീസ് സൊസൈറ്റി സംസ്ഥാന സമ്മേളനത്തിൽ പ്രസംഗിക്കുമ്പോഴായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തൽ. ഒരു ക്ഷേത്രത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിനിടെ ജാതിയുടെ പേരിൽ തന്നെ മാറ്റിനിർത്തി എന്നാണ് മന്ത്രി വെളിപ്പെടുത്തിയത്. ജാതീയമായ വേർതിരിവുണ്ടായതിൽ അതേവേദിയിൽ പ്രതിഷേധം അറിയിച്ചതായും മന്ത്രി പറഞ്ഞു.

“ഒരു ക്ഷേത്രത്തിൽ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു. അവിടുത്തെ പ്രധാന പൂജാരി ഒരു വിളക്കുമായി എന്റെ നേരെ വന്നു. അതെനിക്കു തരാനാണെന്നു കരുതി ഞാൻ നിൽക്കുകയായിരുന്നു. പക്ഷേ പൂജാരി വിളക്ക് എന്റെ കയ്യിൽ തന്നില്ല. നേരെ പോയി അദ്ദേഹം നിലവിളക്ക് കത്തിച്ചു. ആചാരത്തിന്റെ ഭാഗമാണെന്നും ആചാരത്തെ തൊട്ടുകളിക്കേണ്ടെന്നും കരുതി ഞാൻ മാറിനിന്നു. പ്രധാന പൂജാരി അടുത്തുണ്ടായിരുന്ന സഹപൂജാരിക്ക് വിളക്ക് കൈമാറി. ഇതിനുശേഷം വിളക്ക് എനിക്കു തരുമെന്നാണു കരുതിയത്. പക്ഷേ തന്നില്ല. അതിനുശേഷം അവര്‍ വിളക്ക് നിലത്തു വച്ചു. അത് ഞാനെടുത്ത് കത്തിക്കട്ടെ എന്നാണവർ ഉദ്ദേശിച്ചത്. ഞാന്‍ കത്തിക്കണോ? എടുക്കണോ? ഞാൻ പറഞ്ഞു: പോയി പണിനോക്കാന്‍. ഞാന്‍ തരുന്ന പൈസയ്ക്ക് അയിത്തമില്ല. എനിക്ക് അയിത്തം കൽപ്പിക്കുകയാണ്. ഇക്കാര്യം അവിടെ നടന്ന ചടങ്ങിൽ പ്രസംഗിക്കുകയും ചെയ്തു. ഏത് പാവപ്പെട്ടവനും കൊടുക്കുന്ന പൈസയ്ക്ക് അയിത്തമില്ല. ആ പൂജാരിയെ ഇരുത്തിക്കൊണ്ടുതന്നെ ഞാൻ ഇക്കാര്യം പറഞ്ഞു.” മന്ത്രി പറഞ്ഞു.

“ഈ പൈസ എത്രയെത്ര ആളുകളുടെ കയ്യിലൂടെ വരുന്നതാണ്. ഇറച്ചിവെട്ടുകാരന്റെ, മത്സ്യക്കച്ചവടക്കാരന്റെയൊക്കെ ട്രൗസറിന്റെ പോക്കറ്റിൽ കിടുന്നു വരുന്നതാണ്. അത് വാങ്ങാൻ ഇവർക്ക് ഒരു മടിയുമില്ല. പക്ഷേ മനുഷ്യനെ അയിത്തം കൽപ്പിച്ചു മാറ്റിനിർത്തുകയാണ്. ജാതി വ്യവസ്ഥയിലേക്ക് മടങ്ങുന്നതിനോട് എനിക്കു യോജിപ്പില്ല. ജാതിവ്യവസ്ഥ ഉണ്ടാക്കിയവർക്ക് എങ്ങനെ മനുഷ്യനെ വിഭജിച്ചു നിർത്തണമെന്ന് കാഴ്ചപ്പാടുണ്ടായിരുന്നു. ജാതിവ്യവസ്ഥ സൃഷ്ടിച്ചവർ ബുദ്ധിമാൻമാരാണ്. അവരുടെ ബുദ്ധി ചന്ദ്രയാൻ വിട്ടവരേക്കാൾ വലുതാണ്. ഇപ്പോഴും മനുഷ്യർ വ്യത്യസ്തമായിട്ട് നിൽക്കുന്നു. ഓരോരുത്തരും വിചാരിക്കുന്നു അവരാണ് ഉയർന്നവരെന്ന്.’’

ഏത് ക്ഷേത്രത്തിലാണ് സംഭവം ഉണ്ടായതെന്ന് മന്ത്രി പറയുന്നില്ല. ഏതായാലും മന്ത്രിയുടെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ വിവേചനം കാണിച്ചവർക്കേതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.

കരുവന്നൂര്‍ സഹകരണ ബാങ്ക് കേസ്: എ.സി മൊയ്തീന്‍ ഇന്ന് ചെയ്യലിന് ഹാജരാകില്ല

0

കരുവന്നൂര്‍ സഹകരണ ബാങ്ക് കേസിൽ മുന്‍ മന്ത്രിയും സിറ്റിങ് എം.എല്‍.എയുമായ എ.സി മൊയ്തീന്‍ ഇ.ഡിക്ക് മുന്നില്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. നിയമസഭാ സാമാജികര്‍ക്കുള്ള ഓറിയന്റേഷന്‍ ക്ലാസ്സില്‍ പങ്കെടുക്കേണ്ടതിനാല്‍ ഇന്നും നാളെയും ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് മൊയ്തീൻ ഇ.ഡിയെ അറിയിച്ചു. നിയമസഭാ സാമാജികര്‍ക്കായുള്ള ക്ലാസില്‍ പങ്കെടുക്കാനായി എ.സി മൊയ്തീന്‍ തലസ്ഥാനത്തുണ്ട്.

ഈ മാസം 10ന് മൊയ്തീനെ ഇ.ഡി 10 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. അദ്ദേഹം സമര്‍പ്പിച്ച രേഖകളും ഇ.ഡി ശേഖരിച്ച വിവരങ്ങളും തമ്മില്‍ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് വീണ്ടും നോട്ടീസ് നല്‍കിയത്. നേരത്തെ മൊയ്തീന്റെ വസതിയില്‍ ഇ.ഡി റെയ്ഡ് നടത്തുകയും 28 ലക്ഷം രൂപയുടെ നിക്ഷേപ വിവരങ്ങള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. തിങ്കളാഴ്ച കേസില്‍ ഉള്‍പ്പെട്ട ബിനാമികളെന്ന് കരുതുന്നവരുടെ വീടുകള്‍ ഇ.ഡി റെയ്ഡ് ചെയ്തിരുന്നു.

യു എ ഇ യുടെ സാമ്പത്തിക കുതിപ്പ് ; വളര്‍ച്ച 31.8 ശതമാനം

0

2022 ല്‍ സാമ്പത്തിക രംഗത്ത് ശ്രദ്ധേയമായ നേട്ടമുണ്ടാക്കി യു എ ഇ. ഉയര്‍ന്ന എണ്ണവില, വര്‍ധിച്ച നികുതി വരുമാനം തുടങ്ങി സമ്പദ്വ്യവസ്ഥയുടെ എല്ലാ പ്രധാന മേഖലകളിലെയും ശക്തമായ വളര്‍ച്ചയുടേയും പിന്തുണയോടെ വരുമാനത്തില്‍ 31.8 ശതമാനം വര്‍ധനവാണ് 2022 ല്‍ യു എ ഇ ഉണ്ടാക്കിയിരിക്കുന്നത്. ഇതോടെ സര്‍ക്കാറിന്റെ ഫിസിക്കല്‍ ബാലന്‍സ് മിച്ചം രേഖപ്പെടുത്തുകയും ചെയ്തു

നികുതി നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കുകയും ഡിജിറ്റലൈസ് ചെയ്യുകയും ചെയ്തതോടൊപ്പം നികുതി ബോധവല്‍ക്കരണ കാമ്പെയ്നുകളുടെ തീവ്രതയും നികുതി പിരിവിന്റെ കാര്യക്ഷമത വര്‍ധിപ്പിച്ചു. ഇതോടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വര്‍ധനവാണ് നികുതി വരുമാനത്തില്‍ ഉണ്ടായിരിക്കുന്നതെന്നാണ് യു എ ഇ ധനമന്ത്രാലയം ഞായറാഴ്ച പുറത്തിറക്കിയ 2022 ലെ സാമ്പത്തിക പ്രകടന വിശകലനത്തില്‍ വ്യക്തമാക്കുന്നത്.

.
2022-ല്‍ സാമ്പത്തികേതര ആസ്തി സമ്പാദനത്തില്‍ 94.5 ശതമാനം വളര്‍ച്ച കൈവരിച്ചതായും മന്ത്രാലയം വിശദീകരിച്ചു. ഇത് വരുമാന വൈവിധ്യവല്‍ക്കരണത്തിലേക്കുള്ള യുഎഇയുടെ മുന്നേറ്റത്തിന്റെയും സര്‍ക്കാര്‍ വരുമാനത്തിലും പ്രാദേശിക സമ്പദ്വ്യവസ്ഥയിലും എണ്ണ വിലയിലെ ഏറ്റക്കുറച്ചിലുകളുടെ ആഘാതം കുറയ്ക്കുന്നതിന്റെയും തെളിവാണെന്നും വിലയിരുത്തപ്പെടുന്നു.

ധനനയം സാമ്പത്തിക വളര്‍ച്ചയും മത്സരാധിഷ്ഠിത ബിസിനസ്സ് അന്തരീക്ഷവും വര്‍ധിപ്പിച്ചതായും 2022-ല്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയായി യുഎഇ മാറിയെന്ന് ഷെയ്ഖ് ഹംദാനും വ്യക്തമാക്കി. 2022 ല്‍ യുഎഇ സമ്പദ്വ്യവസ്ഥ 7.9 ശതമാനം വളര്‍ന്നു. എണ്ണ ഉത്പാദനം ഉള്‍പ്പെട മിക്കവാറും എല്ലാ മേഖലകളും ശക്തമായ വേഗതയില്‍ വികസിച്ചു. രാജ്യത്തിന്റെ ജിഡിപി 1.86 ട്രില്യണ്‍ ദിര്‍ഹമായി. അതായത് 2021 നെ അപേക്ഷിച്ച് 337 ബില്യണ്‍ ദിര്‍ഹത്തിന്റെ വര്‍ധന.

ഭാര്യയെ തീകൊളുത്തിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി

0

കൊല്ലം പാരിപ്പള്ളിയിൽ ഭാര്യയെ ഭർത്താവ് തീകൊളുത്തി കൊലപ്പെടുത്തി. കർണാടക കുടക് സ്വദേശി നാദിറയാണ് കൊല്ലപ്പെട്ടത്.
നാവായിക്കുളം സ്വദേശി റഹീം ഭർത്താവ് നാലു ദിവസം മുൻപാണ് ജയിലിൽ നിന്നും ഇറങ്ങിയത്. സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട ഇയാൾ സ്വയം കഴുത്ത് മുറിച്ച് കിണറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.

പാരിപ്പള്ളി അക്ഷയകേന്ദ്രത്തിലെ ജീവനക്കാരിയായിരുന്നു നദീറ. രണ്ട് വര്‍ഷമായി ഇവിടെ ജോലി ചെയ്യുകയായിരുന്നു. രാവിലെ ഹെല്‍മറ്റ് ധരിച്ച് സെന്ററിലെത്തിയ റഹീം മണ്ണെണ്ണ ഒഴിച്ച് ഭാര്യയെ തീകൊളുത്തുകയായിരുന്നു. ഭാര്യയുടെ മരണം ഉറപ്പാക്കിയതിന് ശേഷം കത്തി വീശി പുറത്തേക്ക് ഓടി. സംഭവം കണ്ടുനിന്ന കസ്റ്റമറായ പെൺകുട്ടിയുടെ നിലവിളി കേട്ട് അക്ഷയ സെന്ററിലെ മറ്റ് ജീവനക്കാർ എത്തിയപ്പോഴേക്കും മുറിയിൽ തീയും പുകയും നിറഞ്ഞിരുന്നു. ഊരിപിടിച്ച കത്തിയുമായി റഹീം അക്ഷയ സെന്ററിന്‍റെ പുറത്തിറങ്ങി പാരിപ്പള്ളി പരവൂർ റോഡിലൂടെ ഓടി. തുടർന്നാണ് തൊട്ടടുത്തുള്ള പുരയിടത്തിലെ കിണറ്റിലേക്ക് ചാടിയത്.

നദീറയെ അക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ റിമാന്‍ഡിലായിരുന്നു റഹീം. ഇയാൾ അതിക്രൂരമായി ഇവരെ അക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. പള്ളിക്കല്‍ പോലീസില്‍ വധശ്രമത്തിനുള്‍പ്പെടെ ഇയാള്‍ക്കെതിരെ കേസുണ്ട്. ഭാര്യയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്ന ഇയാള്‍ പലകുറി ഇവരെ പിന്തുടർന്നിരുന്നു.

കളിക്കളത്തിന് പുറത്തും ഹ്യദയം കീഴടക്കി മുഹമ്മദ് സിറാജ് ; പ്ലെയര്‍ ഓഫ് ദ മാച്ച് സമ്മാനത്തുക കൊളംബോ ഗ്രൗണ്ട്സ്റ്റാഫിന്

0

ഏകദിനത്തിലെ തന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണ് ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കയ്ക്കെതിരേ മുഹമ്മദ് സിറാജ് പുറത്തെടുത്തത്. 21 റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയ സിറാജിന്റെ മികവില്‍ ലങ്കയെ വെറും 50 റണ്‍സിന് പുറത്താക്കിയ ഇന്ത്യ 10 വിക്കറ്റ് ജയത്തോടെ എട്ടാം തവണയും ഏഷ്യാ കപ്പില്‍ മുത്തമിടുകയും ചെയ്തു.

തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തോടെ സിറാജായിരുന്നു ഫൈനലിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ പ്ലെയര്‍ ഓഫ് ദ മാച്ച് സമ്മാനത്തുക കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫിന് നല്‍കുകയാണ് അദ്ദേഹം ചെയ്തത്. വെല്ലുവിളികള്‍ നിറഞ്ഞ കാലാവസ്ഥയിലും കൊളംബോ ഗ്രൗണ്ട് സ്റ്റാഫുകളാണ് ഏഷ്യാ കപ്പ് മത്സരങ്ങളുടെ നടത്തിപ്പ് ഉറപ്പാക്കിയത്. നേരത്തേ പാകിസ്താനെതിരായ മത്സരശേഷം രോഹിത് ശര്‍മയും വിരാട് കോലിയും ഗ്രൗണ്ട് സ്റ്റാഫുകളെ പ്രശംസിച്ചിരുന്നു. ഫൈനലിന് ശേഷമുള്ള സമ്മാനദാന ചടങ്ങിനിടെയാണ് സിറാജ് ഗ്രൗണ്ട് സ്റ്റാഫുകളുടെ സേവനത്തെ അഭിനന്ദിക്കുകയും തനിക്ക് ലഭിച്ച സമ്മാനത്തുക അവര്‍ക്കായി നല്‍കുകയാണെന്നും അറിയിച്ചത്. അവരില്ലായിരുന്നുവെങ്കില്‍ ഈ ടൂര്‍ണമെന്റ് തന്നെ സാധ്യമാകുമായിരുന്നില്ലെന്നും സിറാജ് പറഞ്ഞു. താരത്തിന്റെ ഈ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പ്രതികരിക്കുന്നത്.

രോഹിത്, കോഹ്ലി ഇവരുടെ ജീവിത കഥ സിനിമയില്‍ ആര് അവതരിപ്പിക്കണം – തമന്ന പറയുന്നു.

0

ഇന്ത്യയുടെ ദേശീയ വിനോദം നിലവില്‍ ഹോക്കിയാണെങ്കിലും ജനപ്രീതിയുടെ കാര്യത്തില്‍ ക്രിക്കറ്റിനെ വെല്ലാന്‍ രാജ്യത്തു മറ്റൊരു ഗെയിം ഇല്ലെന്നു ആരും സമ്മതിക്കും. അതിശയിപ്പിക്കുന്ന ആരാധക പിന്തുണയാണ് ക്രിക്കറ്റിനു ഇന്ത്യക്കാര്‍ക്കു ഇടയിലുള്ളതെന്നു ടീമിന്റെ മല്‍സരങ്ങള്‍ക്കായി നിറഞ്ഞുകവിയുന്ന സ്റ്റേഡിയങ്ങള്‍ അടിവരയിടുകയും ചെയ്യുന്നു. ക്രിക്കറ്റും സിനിമയും തമ്മില്‍ അഭേദ്യമായ ബന്ധമുള്ളതെന്നു നമുക്കു കാണാന്‍ സാധിക്കും. ക്രിക്കറ്റ് പ്രമേയമാക്കി നിരവധി സിനിമകളും വിവധിധ ഭാഷകളിലായി വരികയും ചെയ്തിരുന്നു.

നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ചില വമ്പന്‍ താരങ്ങള്‍ സിനിമയില്‍ കഥാപാത്രമായി വരികയാണെങ്കില്‍ ആരൊക്കെയായിരിക്കും ഈ റോളുകള്‍ക്കു ഏറ്റവും അനുയോജ്യരായ നടന്‍മാരെന്നു പറഞ്ഞിരിക്കുകയാണ് തെന്നിന്ത്യന്‍ സിനിമയിലെ ഹരമായ താരസുന്ദരി തമന്ന ഭാട്ടിയ. സ്റ്റാര്‍ സ്പോര്‍ട്സിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

രോഹിത്തിന്റെ റോളിലേക്കു താന്‍ തിരഞ്ഞെടുക്കുക തമിഴ് സിനിമകളിലൂടെ തുടങ്ങി ഇപ്പോള്‍ ബോളിവുഡില്‍ വരെ തന്റെ സാന്നിധ്യമറിയിച്ച വിജയ് സേതുപതിയെ ആയിരിക്കുമെന്നു തമന്ന ഭാട്ടിയ വ്യക്തമാക്കി. ഹിറ്റ്മാനെന്നു ലോകം വിശേഷിപ്പിക്കുന്ന രോഹിത്തിന്റെ വേഷം ഏറ്റവും നന്നായി അഭിനയിക്കാന്‍ സാധിക്കുക വിജയ് സേതുപതിക്കു ആയിരിക്കുമെന്നും തമന്ന അഭിപ്രായപ്പെട്ടു.

സൂപ്പര്‍ താര പദവിയിലേക്കു എത്തിനില്‍ക്കുന്ന ധനുഷാണ് ഹാര്‍ദിക് പാണ്ഡ്യയുടെ റോളിലേക്കു അനുയോജ്യനായ നടനെന്നു തമന്ന പറയുന്നു. ധനുഷിന്റെ വശീകരണ ശേഷിയും ഊര്‍ജവുമാണ് ഹാര്‍ദിക്കിന്റെ റോളിലേക്കു ധനുഷിനെ താന്‍ തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണമെന്നു തമന്ന വ്യക്തമാക്കി

ജഡേജയുടെ റോളില്‍ ഏറ്റവും ബെസ്റ്റ് തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരമായ അല്ലു അര്‍ജുനാണെന്നാണ് തമന്നയുടെ അഭിപ്രായം. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച മാച്ച് വിന്നര്‍മാരുടെ നിരയിലാണ് ജഡ്ഡുവിന്റെ സ്ഥാനം. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് തുടങ്ങി കളിയുടെ എല്ലാ മേഖലയിലും തന്റെ സാന്നിധ്യമറിക്കാന്‍ ശേഷിയുള്ള താരമാണ് അദ്ദേഹം.

വിരാട് കോലിയുടെ റോള്‍ വെള്ളിത്തിരയില്‍ അഭിനയിക്കാന്‍ ഏറ്റവും അനുയോജ്യനായ നടന്‍ തെലുങ്കിലെ തന്നെ മറ്റൊരു സൂപ്പര്‍ താരമായ രാം ചരണ്‍ തേജയാണെന്നാണ് തമന്നയുടെ അഭിപ്രായം. രാജമൗലിയുടെ സംവിധാനത്തില്‍ പിറവിയെടുത്ത ആര്‍ആര്‍ആര്‍ എന്ന വമ്പന്‍ ഹിറ്റിലൂടെ രാജ്യം മുഴുവന്‍ ആരാധകരെ നേടിയെടുക്കാന്‍ മുന്‍ സൂപ്പര്‍ താരം ചിരഞ്ജീവിയുടെ മകന്‍ കൂടിയായ രാംചരണിനു സാധിച്ചിരുന്നു.

പൊതുപ്രവർത്തകൻ ഗിരീഷ് ബാബു മരിച്ച നിലയിൽ

0

മാസപ്പടി ഉൾപ്പെടെയുള്ള കേസുകളിലെ ഹർജിക്കാരൻ ഗിരീഷ് ബാബു മരിച്ച നിലയിൽ. കളമശേരിയിലെ വീട്ടിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബവുമൊത്ത് ഇവിടെ താമസിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്ന ഗിരീഷ് ചികിത്സയിൽ ആയിരുന്നെന്ന് വീട്ടുകാർ അറിയിച്ചു.

കേരള രാഷ്ട്രീയത്തിൽ നിരവധി പൊതുതാൽപര്യ ഹർജികളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ഗിരീഷ്. പാലാരിവട്ടം അഴിമതി, മാസപ്പടി കേസ് എന്നിവയിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഗിരീഷ് ഹർജി നൽകിയിട്ടുണ്ട്. മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഫയൽ ചെയ്ത ഹർജി തള്ളിയിരുന്നു. പിന്നീട് ഗിരീഷ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു.