Saturday, April 11, 2026
Home Blog Page 200

സർക്കാർ വാഹനങ്ങൾ ഇനി KL 90

0

സർക്കാർ വാഹനങ്ങൾക്കെല്ലാം ഇനി മുതൽ കെഎൽ 90 എന്ന ഒറ്റ രജിസ്ട്രേഷൻ സീരീസ്. വാഹനങ്ങളെല്ലാം ഒറ്റ ആർടി ഓഫിസിൽ രജിസ്റ്റർ ചെയ്യുന്ന സംവിധാനമാണ് വരുന്നത്. എല്ലാ വാഹനങ്ങളും തിരുവനന്തപുരത്ത് റീജനൽ ട്രാൻസ്പോർട്ട് ഓഫിസ്–2 ൽ രജിസ്റ്റർ ചെയ്യാൻ തീരുമാനമായി. കെഎൽ 90 എ സംസ്ഥാന സർക്കാർ, കെഎൽ 90 ബി കേന്ദ്രസർക്കാർ, കെഎൽ 90 സി തദ്ദേശ സ്ഥാപനങ്ങൾ, കെഎൽ 90 ഡി സർക്കാർ ഉടമസ്ഥതയിലുള്ള മറ്റു സ്ഥാപനങ്ങൾ എന്നിങ്ങനെയാണ് നൽകുക. സർക്കാർ വാഹനങ്ങളുടെ കണക്കെടുക്കാനും വാഹനങ്ങളുടെ കാലാവധി കഴിയുന്നത് അറിയാനുമാണ് ഇങ്ങനെ ആക്കുന്നത്.

നിലവിൽ അതതു ജില്ലകളിലെ ആർടി ഓഫിസുകളിൽ രജിസ്റ്റർ ചെയ്ത സർക്കാർ വാഹനങ്ങളും ഈ ഓഫിസിൽ റീ രജിസ്ട്രേഷൻ നടത്തണം. എല്ലാ പഞ്ചായത്തുകളുടെയും വാഹനങ്ങൾ തിരുവനന്തപുരത്താകും രജിസ്റ്റർ ചെയ്യുക. ഇത് ഓൺലൈൻ വഴി ചെയ്യാനും അവസരമുണ്ട്. കെഎസ്ആർടിസി വാഹനങ്ങൾ മാത്രമാണ് നേരത്തേ ഒറ്റ ആർടി ഓഫിസിൽ റജിസ്റ്റർ ചെയ്തിരുന്നത്. അത് ഇനിയും തുടരും. തിരുവനന്തപുരം റീജനൽ ട്രാൻസ്പോർട്ട് ഓഫിസ് –1 ലാണ് കെഎസ്ആർടിസി ബസുകൾ റജിസ്റ്റർ ചെയ്യേണ്ടത്.

പാലക്കയത്ത് മഴ കുറഞ്ഞു; കാഞ്ഞിരപ്പുഴ ഡാമിലെ ഷട്ടറുകൾ ഉയർത്തി

0

ശക്തമായ മഴയെതുടർന്ന് ഉരുൾപൊട്ടിയ പാലക്കാട് പാലക്കയത്ത് മഴ കുറഞ്ഞു. റോഡുകളിൽ നിന്ന് വെളളം പൂർണ്ണമായി ഇറങ്ങി.കുണ്ടംപോട്ടി, ഇരുട്ടുക്കുഴി എന്നിവിടങ്ങളിലാണ് ഇന്നലെ ഉരുൾപൊട്ടലുണ്ടായത്. വട്ടപ്പാറ,പാണ്ടൻമല എന്നിവിടങ്ങളിലും ഉരുൾപൊട്ടലുണ്ടായിരുന്നു. പ്രദേശത്ത് കടകളിലും വീടുകളിലും വെളളം കയറി വൻ നാശനഷ്ടമാണ് ഉണ്ടായത്. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.

പ്രദേശത്ത് ഇന്നലെ രൂപപ്പെട്ട വെള്ളക്കെട്ട് കുറഞ്ഞു. ഇന്നലെ ശക്തമായ മഴയെ തുടർന്ന് ഇവിടെ ഉരുൾപൊട്ടിയിരുന്നു. വീടുകളിലും കടകളിലും വെള്ളം കയറിയെങ്കിലും ആളപായമില്ല. കാഞ്ഞിരപ്പുഴ ഡാമിലെ ജലനിരപ്പ് ഇനിയും കുറഞ്ഞിട്ടില്ല. മൂന്ന് ഷട്ടറുകൾ 80 സെന്റിമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. സാധാരണ നിലയിൽ ഷട്ടറുകൾ ഇത്രയും അളവിൽ ഉയർത്താറില്ല. പ്രദേശത്ത് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. കടകളിലും വീടുകളിലും ശുചീകരണ പ്രവര്‍ത്തനം നടക്കുന്നുണ്ട്.

സംസ്ഥാനത്ത് മഴ തുടരുന്നു

0

ശക്തമായ മഴ തുടർന്ന് കൊച്ചി ഇടപ്പള്ളിയിൽ വിവിധയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇന്ന് പുലർച്ചെ മുതൽ കൊച്ചിയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയാണ്. റോഡിൽ വൻ തോതിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് കാൽനട യാത്രികർ പ്രതിസന്ധിയിലായി.

അതിനിടെ സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ മഴ കനക്കുകയാണ്. നിലവിൽ മഴ മുന്നറിയിപ്പുകൾ ഇല്ല. എന്നാൽ പലയിടങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ട്. മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ശക്തമായ തിരമാല ഉണ്ടാകാൻ സാധ്യതയുണ്ട്. ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സധ്യതയുണ്ട്.

കൊച്ചി മെട്രോയുടെ പ്രവർത്തന വരുമാനം ഉയർന്നു; വരുമാനത്തിൽ 145 ശതമാനം വർധന

0

കൊച്ചി മെട്രോയുടെ പ്രവർത്തന വരുമാനം ഉയർന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2020-21 വർഷത്തിലെ 54.32 കോടി രൂപയിൽ നിന്ന് 2022-23 സാമ്പത്തിക വർഷത്തിൽ 134.04 കോടി രൂപയായി ഉയർന്നുവെന്നു. അഞ്ചുകോടി മുപ്പത്തിയഞ്ചുലക്ഷം രൂപയുടെ പ്രവര്‍ത്തന ലാഭമാണ് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ലഭിച്ചത്. യാത്രക്കാരുടെ എണ്ണം ഒരു ലക്ഷത്തിലെത്തിയതും നേട്ടമായി.

കോവിഡ് മഹാമാരി കാലത്തെ പ്രതിസന്ധികളെയും മറികടന്നാണ് പ്രവർത്തന ലാഭം കൈവരിച്ചിരിക്കുന്നത്. അത്യാധുനിക പശ്ചാത്തല സൗകര്യങ്ങൾ ഏതൊരു വികസിത സമൂഹത്തിനും അനിവാര്യമായ കാര്യമാണ്. ഒരു വിജ്ഞാന സമൂഹമായി കേരളത്തെ വാർത്തെടുക്കാൻ വിവിധ നടപടികളുമായി മുന്നോട്ടുപോകുകയാണ് എൽഡിഎഫ് സർക്കാരെന്നും പിണറായി ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
…………..
ഏതൊരു നാടിന്റെയും വികസനമുന്നേറ്റത്തിന് ഊർജ്ജം പകരുന്ന കാര്യമാണ് അവിടത്തെ പൊതുഗതാഗത രംഗത്തിന്റെ വളർച്ചയെന്നത്. കേരളത്തിന്റെ സ്വന്തം കൊച്ചി മെട്രോ 2022-23 സാമ്പത്തിക വർഷത്തിൽ വരുമാനത്തിലുണ്ടായ 145% വർദ്ധനവുവഴി പ്രവർത്തന ലാഭം നേടിയിരിക്കുന്നു. 2017 ജൂണിൽ സർവ്വീസ് ആരംഭിച്ച കൊച്ചി മെട്രോ കോവിഡ് മഹാമാരി കാലത്തെ പ്രതിസന്ധികളെയും മറികടന്നാണ് പ്രവർത്തന ലാഭം കൈവരിച്ചിരിക്കുന്നത്.

കൊച്ചി മെട്രോയുടെ പ്രവർത്തന വരുമാനം 2020-21 വർഷത്തിലെ 54.32 കോടി രൂപയിൽ നിന്ന് 2022-23 സാമ്പത്തിക വർഷത്തിൽ 134.04 കോടി രൂപയായി ഉയർന്നിരിക്കുന്നു. യാത്രക്കാരുടെ എണ്ണത്തിൽ വന്ന വർദ്ധനവാണ് ഇതിനു കാരണം. കൊച്ചി മെട്രോ ആരംഭിച്ച 2017 ൽ 59,894 ആളുകളാണ് ഇതിലൂടെ യാത്ര ചെയ്തത്. കൊവിഡ് കാലത്ത് യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡി (കെഎംആർഎൽ) ന്റെ പരിശ്രമങ്ങളുടെ ഫലമായി പിന്നീട് കൂടുതൽ യാത്രക്കാരെ മെട്രോയിലേക്കെത്തിക്കാൻ സാധിച്ചു. ഇതിന്റെ ഭാഗമായി 2023 ജനുവരിയിൽ ശരാശരി യാത്രക്കാരുടെ എണ്ണം 80,000 കടക്കുകയും ഇത് ഒരു ലക്ഷത്തിലധികം എന്ന സംഖ്യയിലേക്കുമെത്തുകയുണ്ടായി.

അത്യാധുനിക പശ്ചാത്തല സൗകര്യങ്ങൾ ഏതൊരു വികസിത സമൂഹത്തിനും അനിവാര്യമായ കാര്യമാണ്. ഒരു വിജ്ഞാന സമൂഹമായി കേരളത്തെ വാർത്തെടുക്കാൻ വിവിധ നടപടികളുമായി മുന്നോട്ടുപോകുകയാണ് എൽഡിഎഫ് സർക്കാർ. കാര്യക്ഷമവും വികസിതവുമായ പൊതുഗതാഗത സംവിധാനങ്ങളൊരുക്കാനും സർക്കാർ പദ്ധതികൾ ആവിഷ്കരിച്ചുവരുന്നു. കേരളത്തിന്റെ അഭിമാന സംരംഭമായ കൊച്ചി മെട്രോ പ്രവർത്തന ലാഭം കൈവരിച്ചിരിക്കുന്നുവെന്നത് നമ്മുടെ ഈ വികസനക്കുതിപ്പിന് ശക്തി പകരും.

കനത്ത മഴ; താമരശ്ശേരി ചുരത്തിൽ മലയിടിഞ്ഞു

0

കനത്ത മഴയെ തുടർന്ന് താമരശ്ശേരി ചുരത്തിൽ മലയിടിഞ്ഞു. ചുരത്തിൽ തകരപ്പാടിയ്ക്ക് മുകളിലായാണ് മലയിടിഞ്ഞത്. മണ്ണും കല്ലും ദേശീയ പാതയിലേക്ക് പതിച്ചു.

രാത്രി ഏഴ് മണിയോടെയാണ് മണ്ണിടിച്ചിലുണ്ടായത്. റോഡിൽ നിന്നും കല്ലും മണ്ണും ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണ്. നിലവിൽ ഗതാഗത തടസ്സം ഇല്ല . എന്നാൽ മഴ തുടരുന്ന പാശ്ചാത്തലത്തിൽ ചുരത്തിലെ പല മേഖലകളിലും മണ്ണിടിച്ചിൽ ഉണ്ടാവാൻ സാധ്യതയുണ്ട്. മഴയിൽ വലിയ വെള്ളച്ചാട്ടങ്ങൾ ചുരത്തിൽ രൂപപെട്ടു.

കരുവന്നൂരിൽ പാർട്ടിക്ക് ബന്ധമുണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമമെന്ന് എം വി ഗോവിന്ദൻ

0

സഹകരണ മേഖലയെ തകർക്കാൻ കേന്ദ്ര നീക്കം നടക്കുന്നതായി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കരുവന്നൂരിൽ പാർട്ടിക്ക് ബന്ധമുണ്ടെന്ന് വരുത്താനായി ഇഡി ശ്രമം നടത്തുന്നു. അമിത് ഷാ തന്നെ ഇതിനായി രംഗത്തുണ്ട്. ഉത്തരേന്ത്യൻ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഭീഷണിപ്പെടുത്തുകയാണ്. സിപിഐഎം സംസ്ഥാന സമിതി അംഗവും മുന്‍ മന്ത്രിയുമായ എ.സി.മൊയ്തീനെതിരെ തെളിവുണ്ടാക്കാൻ ഇഡി ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചവരെ ഭീഷണിപ്പെടുത്തുകയും മൊയ്തീന്റെ പേര് പറയാൻ കൌൺസിലർമാരെ മർദ്ദിക്കുകയുമാണ്. മകളുടെ വിവാഹം പോലും നടക്കില്ലെന്ന് അരവിന്ദാക്ഷനെ ഭീഷണിപ്പെടുത്തി. സഹകാരികൾ ഇതുമായി ബന്ധപ്പെട്ട് ശക്തമായ ബഹുജന പ്രക്ഷോഭം നടത്താൻ തീരുമാനിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കരുവന്നൂരിൽ സംസ്ഥാന സര്‍ക്കാര്‍ ഫലപ്രദമായി അന്വേഷണം നടത്തിയിട്ടുള്ളതാണ്. അതിന് ശേഷം ഇഡി. മൊയ്തീന്‍റെ വീട് റെയ്ഡ് ചെയ്യുകയും ചോദ്യം ചെയ്യുകയുമുണ്ടായി. ഒരു തെളിവും അവര്‍ക്ക് മുന്നോട്ട് വെക്കാനുണ്ടായിരുന്നില്ല. തെളിവുണ്ടാക്കാനായി ചില ആളുകളെ ചോദ്യംചെയ്യാന്‍ പുറപ്പെട്ടു. അതിന്റെ ഭാഗമായി ചില ആളുകളോട് മൊയ്തീന്റെ പേര് പറയാൻ ഭീഷണിപ്പെടുത്തി.

കേരളത്തിലെ ജനങ്ങൾക്കെതിരായ യുദ്ധമാണ് നടക്കുന്നത്. കടമെടുക്കാനുള്ള പരിധി വെട്ടിക്കുറയ്ക്കുകയാണ്. എൽഡിഎഫ് സർക്കാരിനെതിരായ കള്ളപ്രചാര വേലയാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്നും എംവി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തേക്കില്ല; സുരേഷ് ഗോപിക്ക് അതൃപ്തി

0

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തേക്കില്ലെന്ന് സൂചന. നിയമനത്തെക്കുറിച്ച് പാര്‍ട്ടി കേന്ദ്രനേതൃത്വം മുന്‍കൂട്ടി അറിയിക്കാത്തതിൽ അമര്‍ഷമുണ്ടെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ചാനല്‍ സ്‌ക്രോളുകളിലൂടെയാണ് നിയമന വിവരം സുരേഷ് ഗോപി അറിഞ്ഞത്. ഇതിലുള്ള അമര്‍ഷം ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിക്കും.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ നിന്ന് മത്സരിക്കാനുള്ള തയ്യാറെടുപ്പുകളിലാണ് സുരേഷ് ഗോപി. മണ്ഡലത്തിൽ സജീവമായി അദ്ദേഹം ഉണ്ട്. ഇവിടെ വീണ്ടും മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. കുറച്ച് നാൾ മുൻപ് അമിത് ഷാ പങ്കെടുത്ത പരിപാടിയിൽ ‘ തൃശൂർ ഇങ്ങ് തന്നാൽ എടുത്തോളാം’ എന്നു സുരേഷ് ഗോപി പ്രസംഗിച്ചതും ഈ ചർച്ചകൾ സജീവമാക്കി. ഈ സാഹചര്യത്തിൽ തന്നെ അറിയിക്കാതെ ഉള്ള നീക്കത്തിന് പിന്നിൽ മറ്റെന്തെങ്കിലും ഗൂഢ നീക്കം ഉണ്ടോ എന്ന സംശയത്തിലാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ.

ഒക്ടോബര്‍ രണ്ടിന് കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനെതിരേ സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിച്ചിട്ടുണ്ട്. നിയമനം മൂന്ന് വര്‍ഷത്തേക്കാണ് എന്നതിനാല്‍ ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ സുരേഷ് ഗോപിക്ക് സാധിച്ചേക്കില്ല എന്നും റിപ്പോർട്ടുകൾ ഉണ്ട്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് നിയമനം സംബന്ധിച്ച വിവരം അറിയിച്ചിരിക്കുന്നത്. മൂന്ന് വര്‍ഷത്തേക്കാണ് സത്യജിത്ത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി സുരേഷ് ഗോപി നിയമിച്ചിരിക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ ചുമതലയും സുരേഷ് ഗോപിക്കാണ്.

കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണ് സത്യജിത്ത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നത്. സുരേഷ് ഗോപിയുടെ മഹത്തായ അനുഭവവും സിനിമയിലെ വൈഭവവും ഇന്‍സ്റ്റിറ്റ്യൂട്ടിനെ സമ്പന്നമാക്കുമെന്ന് അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹം നേരിട്ട് കണ്ട് അതൃപ്തി അറിയിച്ചേക്കും. അടുത്ത ദിവസം ഒരു സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് അദ്ദേഹം ഡല്‍ഹിയിലെത്തുന്നുണ്ട്. അവിടെവെച്ച് പ്രധാനമന്ത്രിയേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും കണ്ടേക്കുമെന്നാണ് വിവരം.

ഇന്ത്യയിലേക്ക് വിമാന സര്‍വ്വീസ് നിര്‍ത്തലാക്കുന്നു: സലാം എയര്‍

0

മസ്‌ക്കത്ത്: ബജറ്റ് എയര്‍ലൈന്‍ എന്നറിയപ്പെട്ടിരു സലാം എയറാണ് ഇന്ത്യയിലേക്കുള്ള സര്‍വ്വീസുകള്‍ പൂര്‍ണമായും നിര്‍ത്താലാക്കുന്നത്. ഇന്ത്യയിലേക്ക് വിമാനങ്ങള്‍ അനുവതിക്കുന്നതിലുള്ള പരിമിതി മൂലമാണ് സര്‍വ്വീസുകള്‍ നിര്‍ത്തുന്നതെന്ന് ട്രാവല്‍ ഏജന്‍സികള്‍ക്ക് അയച്ച സര്‍ക്കുലറില്‍ കമ്പനി വ്യക്തമാക്കുന്നുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന എല്ലാ യാത്രക്കാര്‍ക്കും സര്‍വ്വീസ് റദ്ദാക്കിയതായി സന്ദേശം ലഭിച്ചു. ബുക്കിംഗിനായി അടച്ച മുഴുവന്‍ തുകയും തിരികെ നല്‍കും. ടിക്കറ്റ് റീ ഫണ്ടിന് സലാം എയറിനെയോ ടിക്കറ്റ് എടുത്തിട്ടുള്ള ഏജന്‍സികളെയോ ബന്ധപ്പെടണം. കഴിഞ്ഞ ദിവസമാണ് സലാം എയര്‍ കോഴിക്കോട്ടേക്കും, തിരുവനന്തപുരത്തേയ്ക്കും പുതിയ സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചത്. മസ്‌കത്ത്, സലാല എന്നിവിടങ്ങളില്‍ നിന്നും കേരളത്തിലേക്കുള്ള സര്‍വ്വീസ് പ്രവാസികള്‍ക്കും ആശ്വാസകരമായിരുന്നു. കേരത്തിന് പുറമേ മസ്‌കത്തില്‍ നിന്നും ലക്ക്‌നൗ, ജയ്പൂര്‍ സെക്ടറുകളിലേക്കും സര്‍വ്വീസ് നടത്തിയിരുന്നു.

ടിക്കറ്റ് നിരക്ക് കുറവായതിനാല്‍ സലാം എയറിന്റെ കണക്ഷന്‍ വിമാനങ്ങളും യാത്രക്കായി നിരവധി ആളുകള്‍ തിരഞ്ഞെടുത്തിരുന്നു. ഒക്ടോബര്‍ ഒന്ന് മുതല്‍ ഈ സെക്ടറുകളിലേക്ക് സര്‍വ്വീസ് ഉണ്ടായിരിക്കില്ല. എത്രകാലത്തേക്കാണ് സര്‍വ്വീസ് നിര്‍ത്തുന്നത് എന്നതിനെ കുറിച്ച് അധികൃതരുടെ ഭാഗത്തു നിന്നും വിശദീകരണം ഉണ്ടായിട്ടില്ല. കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ കഴിഞ്ഞിരുന്ന സലാം എയറിന്റെ പിന്‍മാറ്റം സാധാരണക്കാരായ മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് ഏറെ തിരിച്ചടിയാണ്. സര്‍വീസുകള്‍ കുറയുന്നതോടെ ടിക്കറ്റ് നിരക്കുകള്‍ ഉയരാന്‍ ഇത് കാരണമാകും. നിരവധി പേരാണ് സലാം എയറിനെ ആശ്രയിച്ചിരുതെന്നും അടുത്ത മാസങ്ങളിലേക്ക് ടിക്കറ്റെടുത്തിരുന്ന മുഴുവന്‍ ആളുകള്‍ക്കും ടിക്കറ്റുകള്‍ റീ ഫണ്ട് ചെയ്യുതിനുള്ള നടപടികള്‍ പുരോഗമിക്കുയാണെന്ന് ട്രാവല്‍ ഏജന്‍സികളും പറയുന്നു.

യുഎഇയില്‍ പകര്‍ച്ചപ്പനി വാക്‌സീന്‍ നല്‍കുന്നു

0

അബുദബി: സ്വയം സുരക്ഷിതരാകു, നിങ്ങളുടെ സമൂഹത്തെയും സംരക്ഷിക്കു എന്ന ആശയത്തിലാണ് പ്രതിരോധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയമാണ് വാക്‌സിനേഷന്‍ നടത്തുന്നത്. കാലാവസ്ഥാ മാറ്റത്തോടെ എത്തുന്ന പകര്‍ച്ചപ്പനിക്കെതിരെ വാക്‌സിന്‍ എടുത്ത് പ്രതിരോധം ശക്തമാക്കാനാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. ഗര്‍ഭിണികള്‍, 50 വയസസ്സിനു മുകളില്‍ പ്രായമുള്ളവര്‍, വിട്ടുമാറാത്ത രോഗമുള്ളവര്‍, 5 വയസ്സിനു താഴെയുള്ളവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് വാക്‌സിന്‍ വിതരണത്തില്‍ മുന്‍ഗണനയെന്ന് പൊതുജനാരോഗ്യ മേഖലാ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ ഹുസൈന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ റാന്‍ഡ് അറിയിച്ചു. ക്യാമ്പയിന്‍ രാജ്യവ്യാപകമായി നടപ്പിലാക്കും. എല്ലാ വിഭാഗക്കാര്‍ക്കും വാക്‌സീന്‍ ഉറപ്പാക്കുമെന്ന് അബുദാബി പബ്ലിക് ഹെല്‍ത്ത് സെന്ററിലെ സാംക്രമിക രോഗ വിഭാഗം എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. ഫരീദ അല്‍ ഹൊസാനി പറഞ്ഞു. പ്രതിരോധ ശേഷി വീണ്ടെടുക്കാന്‍ 2 ആഴ്ച എടുക്കുമെന്നതിനാല്‍ എത്രയും വേഗം വാക്‌സീന്‍ എടുക്കണമെന്നും ആവശ്യപ്പെട്ടു. ഇന്‍ഫ്‌ളുവന്‍സയുടെ പ്രത്യാഘാതം കുറയ്ക്കുകയാണ് ലക്ഷ്യം.

കുവൈത്തില്‍ തൊഴിലളികള്‍ക്ക് ക്ഷേമനിധി

0

കുവൈത്ത് സിറ്റി: ഒരു നിശ്ചിത തുക നല്‍കുന്ന സാമൂഹിക ഇന്‍ഷുറന്‍സ് സംവിധാനത്തിന് സമാനമായാണ് ക്ഷേമനിധി രൂപീകരിക്കുക. തൊഴിലാളികളുടെ സമ്പത്തിക അവകാശങ്ങള്‍ വിതരണം ചെയ്യുന്ന ക്ഷേമനിധി രൂപീകരിക്കാനാണ് പദ്ധതി. സേവനാനന്തര ആനുകൂല്യങ്ങള്‍ ഉറപ്പ് വരുത്താന്‍ തൊഴിലാളികള്‍ക്ക് വേണ്ടി അന്താരാഷ്ട്ര ലേബര്‍ ഓര്‍ഗനൈസേഷനുമായി ഏകോപിപ്പിച്ചു കൊണ്ട് ഒരു പ്രത്യേക ക്ഷേമനിധി രൂപീകരിക്കുവാന്‍ മാനവ ശേഷി സമിതി തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. മാനവ ശേഷി സമിതി വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിന പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മുമ്പ് ചില ജി സി സി രാജ്യങ്ങളില്‍ ഈ സംവിധാനം നടപ്പിലാക്കിയിരുന്നു. ഈ രാജ്യങ്ങളിലെ ക്ഷേമനിദിയുടെ പ്രവര്‍ത്തനം സമിതിയുടെ നേതൃത്വത്തില്‍ നിരീക്ഷിച്ചു വരികയാണ്. പദ്ധതി നടപ്പിലാക്കിയാല്‍ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെയും കുടിശ്ശികകള്‍ ഈ സംവിധാനം വഴി വിതരണം ചെയ്യുവാന്‍ സാധിക്കും. തൊഴിലുടമയാണ് തൊഴിലാളിയുടെ പേരില്‍ ഫീസ് അടയ്‌ക്കേണ്ടതെന്നും മാനവ ശേഷി സമിതി അധികൃതര്‍ വ്യക്തമാക്കിട്ടുണ്ട്.