Saturday, April 11, 2026
Home Blog Page 196

മുനമ്പത്ത് വള്ളം മറിഞ്ഞ് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി

0

മുനമ്പത്ത് കടലിൽ വളളം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. മാലിപ്പുറം ചാപ്പാ കടപ്പുറം സ്വദേശിയായ അപ്പു എന്ന ശരത്തിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൂന്ന് പേരെ കണ്ടെത്താനുണ്ട്. നേവി, കോസ്റ്റ് ഗാർഡ്, ഫിഷറീസ് വകുപ്പ്, മറൈൻ എൻഫോഴ്സ്മെന്റ്, കോസ്റ്റൽ പൊലീസ്, മത്സ്യത്തൊഴിലാളികൾ എന്നിവർ സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്.

വ്യാഴാഴ്ച രാത്രി നടന്ന അപകടത്തിൽ ബോട്ട് മുങ്ങി നാല് പേരെയാണ് കാണാതായത്. താഹ, മോഹനൻ, ആലപ്പുഴ സ്വദേശി രാജു എന്നിവരെ കാണ്ടെത്താനുണ്ട്. നന്മ മത്സ്യബന്ധന ബോട്ടിന്റെ കാരിയർ ബോട്ടാണ് അപകടത്തിൽപെട്ടത്. ബോട്ടിൽ ഉണ്ടായിരുന്ന മൂന്ന് പേരെ വെളളിയാഴ്ച രാത്രി മത്സ്യതൊഴിലാളികൾ രക്ഷപ്പെടുത്തിയിരുന്നു. ഇവർ വള്ളത്തിലെ ഡീസല്‍ കാനില്‍ പിടിച്ചുകിടക്കുകയായിരുന്നു.

ആകെ ഏഴ് പേരാണ് ബോട്ടിലുണ്ടായിരുന്നത്. മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരുമ്പോഴാണ് ബോട്ട് അപകടത്തിൽ പെട്ടത്. വള്ളത്തിന്റെ പിന്‍ഭാഗത്തുകൂടി വെള്ളം കയറി വള്ളം മുങ്ങുകയായിരുന്നു. ശക്തിയായ തിരമാലയും ഇരുട്ടും മൂലം അപകടം പുറത്തറിയാൻ വൈകി. കാണാതായവർക്കായി തെരച്ചിൽ നടക്കുകയാണ്.

പലിശനിരക്കിൽ മാറ്റമില്ല; റിപ്പോ 6.5 ശതമാനത്തിൽ തുടരും

0

റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്. തുടർച്ചയായ നാലാം തവണയാണ് മാറ്റം വരുത്താതെ തുടരുന്നത്. റിപ്പോ 6.5 ശതമാനത്തിൽ തുടരും. പണപ്പെരുപ്പം ഉയർന്ന നിലയിലാണെങ്കിലും ഉത്സവകാലം പരിഗണിച്ചാണ് തിരുമാനം. നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനവും അഞ്ചാം തവണയും 6.5 ശതമാനത്തില്‍ നിലനിര്‍ത്തി.

പണപ്പെരുപ്പം രാജ്യത്ത് ഉയര്‍ന്ന നിലയിലാണ്. ഇത്തവണത്തെ പണ വായ്പാനയ യോഗം റിപ്പോ നിരക്കിൽ മാറ്റം വരുത്തുന്നതിനോട് യോജിച്ചില്ല. വരുന്ന രണ്ട് മാസം റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരും. സ്റ്റാന്‍ഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി മാര്‍ജിനല്‍, സ്റ്റാന്‍ഡിങ് ഫെസിലിറ്റി എന്നിവയുടെ നിരക്കിൽ മാറ്റം ഉണ്ടാകില്ല . യഥാക്രമം 6.25 ശതമാനത്തിലും 6.75 ശതമാനത്തിലും തുടരും.

ഈ സാമ്പത്തിക വർഷത്തെ വിലക്കയറ്റ പ്രതീക്ഷ 5.4 ശതമാനത്തിൽ തന്നെ നില നിർത്തിയും അടുത്ത വര്‍ഷം ആദ്യ പാദത്തിൽ അത് 5.2 ശതമാനത്തിലേക്ക് താഴുമെന്നും കമ്മിറ്റി വിലയിരുത്തുന്നു. കഴിഞ്ഞ സാമ്പത്തിക നയ അവലോകന സമയത്ത് കൊണ്ടുവന്ന അധിക ക്യാഷ് റിസർവ് റേഷ്യോ (I-CRR) പൂർണമായും പിൻവലിക്കും. അതോടെ 1.1 ലക്ഷം കോടി രൂപ വീണ്ടും സമ്പദ് ഘടനയിലേക്ക് തിരിച്ചെത്തും. ഇത് സമ്പദ് ഘടനയിൽ പണലഭ്യത വർദ്ധിപ്പിക്കുകയൂം വളർച്ചയെ ഊർജിതപ്പെടുത്തുകയും ചെയ്യും.

ഇന്‍ഡിഗോയില്‍ യാത്രാച്ചിലവേറും:ഇന്ധന ചാര്‍ജ് ഈടാക്കാന്‍ എയര്‍ലൈന്‍

0

ഇന്‍ഡിഗോ വിമാനങ്ങളിലെ യാത്രയ്ക്ക് ഇനി ചിലവേറും. ഇന്ധന ചാര്‍ജ് എന്ന പേരിലാണ് നിരക്ക് വര്‍ദ്ധന. ടിക്കറ്റുകള്‍ക്ക് ആയിരം രൂപ വരെ അധികമായി ഈടാക്കാനാണ് എയര്‍ലൈന്റെ തീരുമാനം.

വിമാന ഇന്ധനത്തിന്റെ വില വന്‍തോതില്‍ ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ ആണ് ടിക്കറ്റുകളില്‍ ഇന്ധന ചാര്‍ജ് കൂടി കൂട്ടിച്ചേര്‍ക്കുന്നതെന്നാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ വിശദീകരണം. യാത്ര ചെയ്യുന്ന ദൂരത്തിന്റെ അടിസ്ഥാനത്തില്‍ മൂന്ന് രൂപ മുതല്‍ ആയരം രൂപ വരെയായിരിക്കും അധികമായി ഈടാക്കുക.ഇന്ന് മുതല്‍ ടിക്കറ്റ് എടുക്കുന്നവരില്‍ നിന്ന് ഇന്‍ഡിഗോ ഈ നിരക്കുകള്‍ അധികമായി ഈടാക്കും. യാത്ര ചെയ്യുന്ന ദൂരത്തിന്റെ അടിസ്ഥാനത്തില്‍ പല സ്ലാബുകളായി തിരിച്ചാണ് ഇന്ധന ചാര്‍ജ് ഈടാക്കുക.

അഞ്ചൂറ് കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്ക് മുന്നൂറ് രൂപയായിരിക്കും നിരക്ക്. 1001 മുതല്‍ 1500 കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്ക് 550 രൂപ ഈടാക്കും. 1501 മുതല്‍ 2500 കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്ക് 650 രൂപയാണ് ഇന്ധന ചാര്‍ജ്. 2501 മുതല്‍ 3500 കിലോമീറ്റര്‍ എണ്ണൂറ് രൂപയും 3501-ന് മുകളില്‍ ദൂരമുള്ളവര്‍ക്ക് ആയിരം രൂപയും നല്‍കേണ്ടിവരും. ആഭ്യന്തര-രാജ്യാന്തര സര്‍വീസുകള്‍ക്ക് ഇന്ധന ചാര്‍ജ് ബാധകമാണെന്ന് എയര്‍ലൈന്‍ അറിയിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിലധികമായി ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലിന്റെ നിരക്കില്‍ വന്‍തോതില്‍ വര്‍ദ്ധന രേഖപ്പെടുത്തിയതാണ് നിരക്ക് വര്‍ദ്ധനയ്ക്ക് എയര്‍ലൈനെ പ്രേരിപ്പിച്ചത്

സൗദിവത്കരണം:സൗദിയില്‍ സ്വകാര്യമേഖലയില്‍ 22 ലക്ഷം സ്വദേശികള്‍

0

സൗദിയില്‍ സ്വദേശിവല്‍ക്കരണം ശക്തമാകുന്നു. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശി പൗരന്‍മാരുടെ എണ്ണം 22 ലക്ഷമായി ഉയര്‍ന്നു. നാഷ്ണല്‍ ലേബര്‍ ഒബ്‌സര്‍വേറ്ററി പുറത്ത് വിട്ട കണക്കിലാണ് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം വ്യക്തമാക്കുന്നത്.


സ്വകാര്യ മേഖലയില്‍ സ്വദേശിവല്‍ക്കരണം ശക്തമായതോടെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് വന്‍ തോതില്‍ കുറഞ്ഞിരിക്കുകയാണ്. സ്വകാര്യ മേഖലയില്‍ ഉയര്‍ന്ന ശമ്പളം വാങ്ങുന്ന സൗദി പൗരന്‍മാരുടെ എണ്ണം വലിയ തോതില്‍ കൂടിയതായും നാഷ്ണല്‍ ലേബര്‍ ഒബ്‌സര്‍വേറ്ററി പുറത്തിവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്വദേശി പൗരന്‍മാരുടെ എണ്ണം 22 ലക്ഷമായി ഉയര്‍ന്നു. 2022ലെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ജീവനക്കാരുടെ എണ്ണം 2,10,000 ആയി ഉയര്‍ന്നിട്ടുണ്ട്. ഈ വര്‍ഷം രണ്ടാം പാദത്തിലെ സ്വദേശിവല്‍ക്കരണ റിപ്പോര്ട്ട് പ്രകാരം സ്വദേശികളായ സ്ത്രീപുരുഷ ജീവനക്കാരുടെ എണ്ണത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തി. മൊത്തം സ്വദേശിവല്‍ക്കരണ നിരക്ക് 22.3 ശതമാനത്തിലെത്തി.

രാജ്യത്തിന്റെ കിഴക്കന്‍ മേഖലയിലാണ് ഉയര്‍ന്ന സ്വദേശിവല്‍ക്കരണം രേഖപ്പെടുത്തിയത്. മക്കയില്‍ 24 ശതമാനവും റിയാദിലും മദീനയിലും 21 ശതമാനവുമാണ് സ്വദേശിവല്‍ക്കരണ തോത്. വിദ്യാഭ്യാസ മേഖലയില്‍ സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്യൂണിക്കേഷന്‍സ് മേഖലയിലാണ് പുരുഷന്‍മാര്‍ കൂടുതലും ജോലിയില്‍ പ്രവേശിച്ചത്. തൊഴില്‍ മന്ത്രാലയത്തിന് കീഴിലെ ഹദ്ഫ വിഭാഹം സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്താനും പരിശീലനം നല്‍കാനും സഹായം നല്‍കി വരുന്നുണ്ട്.

യുഎഇ തൊഴിലില്ലായ്മ ഇന്‍ഷൂറന്‍സ്: പുതിയ തൊഴിലാളികള്‍ക്ക് 4 മാസം സമയം

0

യുഎഇയിലെ പുതിയ തൊഴിലാളികള്‍ക്ക് തൊഴിലില്ലായ്മ ഇന്‍ഷുറന്‍സില്‍ ചേരാന്‍ നാല് മാസത്തെ സമയം അനുവദിച്ചു. സമയപരിധി കഴിഞ്ഞും ചേരാത്തവര്‍ക്ക് പിഴ ഈടാക്കും. ഇതുവരെ 6.5 ദശലക്ഷം ജീവനക്കാരാണ് തൊഴിലില്ലായ്മ ഇന്‍ഷുറസന്റെ ഭാഗമായത്.

രാജ്യത്ത് ഏര്‍പ്പെടുത്തിയ തൊഴിലില്ലായ്മ ഇന്‍ഷുറന്‍സില്‍ 6.5 ദശലക്ഷം ആളുകളാണ് ഇതുവരെ ചേര്‍ന്നത്. സെപ്റ്റംബര്‍ 30 പദ്ധതിയില്‍ ചേരുന്നതിനുളള സമയപരിധി അവസാനിച്ചിരുന്നു. രാജ്യത്ത് പുതിയതായി എത്തിയ തൊഴിലളികള്‍ക്ക് ഇന്‍ഷുറന്‍സിന്റെ ഭാഗമാകാന്‍ അവസരമൊരുക്കുകയാണ് യുഎഇ മാനവവിഭവശേഷി മന്ത്രാലയം. പുതിയ തൊഴില്‍ വീസ ലഭിക്കുന്നതു മുതല്‍ നാല് മാസത്തേക്കാണ് സമയപരിധി ലഭിച്ചിരിക്കുന്നത്.

ഇതിനുശേഷവും ഇന്‍ഷുറന്‍സിന്റെ ഭാഗമാകാത്തവര്‍ക്ക് 400 ദിര്‍ഹം പിഴ ഈടാക്കും. സ്വകാര്യ മേഖലയിലെയും ഫെഡറല്‍ ഗവണ്‍മെന്റിലെയും എല്ലാ ജീവനക്കാര്‍ക്കും നിയമം ബാധകമാണ്. 16,000 ദിര്‍ഹവും അതില്‍ താഴെയും ശമ്പളമുള്ളവര്‍ക്ക് അവരുടെ ഇന്‍ഷുറന്‍സ് പ്രീമിയം പ്രതിമാസം 5 ദിര്‍ഹമാണ്. 16,000 ദിര്‍ഹത്തില്‍ കൂടുതലുള്ള ശമ്പളമുള്ള ജീവനക്കാര്‍ക്ക് അവരുടെ ഇന്‍ഷുറന്‍സ് പ്രീമിയം പ്രതിമാസം 10 ദിര്‍ഹമായിരിക്കും. പദ്ധതിയില്‍ ചേര്‍ന്ന ശേഷം മൂന്ന് മാസം തുടര്‍ച്ചയായി പ്രീമിയം അടക്കാതിരുന്നാല്‍ 200 ദിര്‍ഹം പിഴ ഈടാക്കും. കമ്പനിയുടെ ഉടമസ്ഥര്‍, ഗാര്‍ഹിക ജീവനക്കാര്‍, താല്‍കാലിക കരാര്‍ തൊഴിലാളികള്‍, 18 വയസ്സിനു താഴെയുള്ളഴര്‍, പെന്‍ഷന്‍ ലഭിച്ച് ജോലിയില്‍ നിന്നും വിരമിച്ചവര്‍ എന്നിവരെ പദ്ധതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 12 മാസം തുടര്‍ച്ചയായി ജോലി ചെയ്‌തെങ്കില്‍ മാത്രമേ ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കുകയുള്ളു.

എഐ ക്യാമറകൾ അപകടങ്ങൾ കുറച്ചുവെന്നത് പച്ചക്കള്ളം; കോടതിയെ തെറ്റിദ്ധരിപ്പിച്ചു; ഗതാഗത മന്ത്രി രാജിവയ്ക്കണമെന്ന് വിഡി സതീശൻ

0

സംസ്ഥാനത്ത് എ ഐ ക്യാമറകൾ സ്ഥാപിച്ച ശേഷം അപകടങ്ങൾ കുറഞ്ഞുവെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റേയും ഗതാഗത മന്ത്രി ആൻ്റണി രാജുവിൻ്റേയും വാദം പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നിയമസഭയിലും പുറത്തും കള്ളം ആവർത്തിച്ചത് കൂടാതെ സര്‍ക്കാര്‍ ഹൈക്കോടതിയെയും തെറ്റിദ്ധരിപ്പിച്ചു. ഹൈക്കോടതിയെ കബളിപ്പിക്കാൻ ശ്രമിച്ച ഗതാഗത മന്ത്രി നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണ്. ആ സ്ഥാനത്ത് തു‌ടരാൻ അദ്ദേഹം അർഹനല്ലെന്നും രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

പ്രതിപക്ഷാംഗങ്ങളുടെ ചോദ്യത്തിന് നിയമസഭയില്‍ ഗതാഗത മന്ത്രി നല്‍കിയ മറുപടി പൊതുസമൂഹത്തിന് മുന്നില്‍ നില്‍ക്കെയാണ് നട്ടാല്‍ കുരുക്കാത്ത കള്ളം ആവര്‍ത്തിച്ചു കൊണ്ടിരുന്നതെന്നും വി ഡി സതീശൻ വിമർശിച്ചു. നിയമസഭാ രേഖകൾ അനുസരിച്ച് അപകടങ്ങൾ കൂടുതലാണ്. എഐ ക്യാമറയുടെ പേരിൽ നടന്ന കൊള്ള മറച്ചുവെക്കാനാണ് റോഡ് അപകടങ്ങളിൽ കുറവുണ്ടായതെന്ന വ്യാജ പ്രചരണം സർക്കാർ നടത്തിയതെന്നും സതീശൻ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ജൂണില്‍ 3714 അപകടങ്ങളും ഈ വര്‍ഷം ജൂണില്‍ 3787 അപകടങ്ങളും ഉണ്ടായി. ജൂലൈ മാസത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 254 അപകടങ്ങള്‍ കൂടുതലാണ്. 2022 ആഗസ്റ്റില്‍ 3366 അപകടങ്ങളും 307 അപകട മരണങ്ങളും ഉണ്ടായപ്പോൾ ഈ വര്‍ഷം ആഗസ്റ്റില്‍ 4006 അപകടങ്ങളും 353 അപകട മരണങ്ങളാണുണ്ടായത്. വസ്തുതകള്‍ മറച്ച് വച്ച് കള്ളക്കണക്ക് നല്‍കി ഹൈകോടതിയെ പോലും തെറ്റിദ്ധരിപ്പിക്കുന്നത് ഗൂഢലക്ഷ്യത്തോടെയാണെന്ന് വി ഡി സതീശൻ ആരോപിച്ചു.

​തട്ടിപ്പിന്റെ ചുരുളഴിയിക്കാൻ പൊലീസ്; നിയമന തട്ടിപ്പു കേസ് പ്രതി അഖില്‍ സജീവ് അറസ്റ്റിൽ

0

നിയമന തട്ടിപ്പു കേസിലെ മുഖ്യപ്രതി അഖില്‍ സജീവ് അറസ്റ്റിൽ. തമിഴ്നാട്ടിലെ തേനിയിൽ നിന്നുമാണ് അറസ്റ്റിലായത്. പത്തനംതിട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പത്തനംതിട്ട ഡിവൈഎസ്പി നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് അഖില്‍ സജീവിനെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ട സിഐടിയു ഓഫീസ് സെക്രട്ടറിയായിരിക്കെ അഖില്‍ സജീവ് പണം തട്ടിയെടുത്തതായി നേതൃത്വം പരാതി നല്‍കിയിരുന്നു. ഈ കേസിലാണ് അറസ്റ്റ്.

പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ എത്തിച്ച അഖിലിനെ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുകയാണ്. വൈദ്യപരിശോധനയ്ക്ക് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും. നേരത്തെ ഇയാൾ കന്യാകുമാരിയിലാണ് ഉണ്ടായിരുന്നത്. പൊലീസ് എത്തിയപ്പോഴേക്കും ഇയാൾ കടന്നുകളഞ്ഞിരുന്നു. അഖിലിന്റെ ഫോൺ സ്വിച്ച് ഓഫ് ആണ്. ഒളിവിലിരിക്കെ ഇയാൾ നെറ്റ് കോൾ വഴി മാധ്യമപ്രവർത്തകരെ അടക്കം ​​ബന്ധപ്പെട്ടിരുന്നു. താൻ നിരപരാധിയാണെന്നു പറഞ്ഞുകൊണ്ടുള്ള ഒരു വീഡിയോയും ഇയാൾ പോസ്റ്റ് ചെയ്തിരുന്നു. ശാസ്ത്രീയമായ അന്വേഷണത്തിലൂടെ ലൊക്കേഷൻ കണ്ടുപിടിച്ചാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

നിലവില്‍ അഞ്ചോളം തട്ടിപ്പ് കേസുകള്‍ അഖില്‍ സജീവിനെതിരേയുണ്ട്. 2022-ല്‍ CITU പത്തനംതിട്ട ജില്ലാ കമ്മറ്റി ഓഫീസിലെ ഫണ്ട് വെട്ടിച്ച കേസിലും സ്‌പൈസസ് ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് നാലര ലക്ഷം രൂപ തട്ടിയ കേസിലുമാണ് അഖില്‍ സജീവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസിലെ മറ്റ് പ്രതികളുടെ ചോദ്യം ചെയ്യലിൽ അഖിലാണ് മുഖ്യസൂത്രധാരൻ എന്ന് വ്യക്തമായിരുന്നു. സംഭവത്തിൽ അഖിലിൻ്റെ കൂട്ടാളിയായ റഹീസ് മാത്രമാണ് അറസ്റ്റിലായിട്ടുള്ളത്. മറ്റൊരു പങ്കാളിയായ ലെനിൻരാജും അറസ്റ്റിലായേക്കും.

മലപ്പുറം സ്വദേശി ഹരിദാസൻ നൽകിയ പരാതിയിൽ ആരോ​ഗ്യമന്ത്രിയുടെ ഓഫീസുമായി ​ബന്ധപ്പെട്ട് നിയമന കോഴ എന്ന തരത്തിലാണ് ആരോപണം ഉയർന്നത്. ആരോ​ഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അഖിൽമാത്യു കോഴവാങ്ങി എന്ന തരത്തിലായിരുന്നു ആരോപണം. എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ അഖിൽ മാത്യുവിനെതിരായ ആരോപണം തെറ്റാണെന്ന് തെളിഞ്ഞു. പണം കൈമാറി എന്ന് പരാതിക്കാരൻ പറയുന്ന ദിവസം അഖിൽ മാത്യു പത്തനംതിട്ടയിൽ ഒരു വിവാ​ഹ ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു. എന്നാൽ പരാതിക്കാരൻ ആരോപണത്തിൽ ഉറച്ചു നിൽക്കുന്ന സാഹചര്?ത്തിൽ തട്ടിപ്പുമായി ബന്ധപ്പെട്ട ​ഗൂഢാലോചനയടക്കം ഇനിയുള്ള ചോദ്യംചെയ്യലിൽ പുറത്തുവരേണ്ടതുണ്ട്.

അസംസ്‌കൃത എണ്ണവിലയില്‍ ഇടിവ് : എണ്ണവിലയില്‍ ഒരു ദിവസത്തിനിടയില്‍ 5 ഡോളറിന്റെ ഇടിവ്‌

0

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുത്തനെ ഇടിഞ്ഞു. ബ്രെന്റക്രൂഡ് വില ബാരലിന് എണ്‍പത്തിയഞ്ച് ഡോളറിലേക്ക് എത്തി. ഒരു ദിവസത്തിനിടയില്‍ മാത്രം അഞ്ച് ഡോളറിന്റെ ഇടിവാണ് അസംസ്‌കൃത എണ്ണയ്ക്ക് രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ ആഴ്ച്ച ബാരലിന് തൊണ്ണൂറ്റിയെട്ട് ഡോളറിലേക്ക് വരെ ഉയര്‍ന്നതിന് ശേഷം ആണ് ബ്രെന്റ് ക്രൂഡിന്റെ വില എണ്‍പത്തിയഞ്ച് ഡോളറിലേക്ക് താഴ്ന്നിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ച്ചക്കിടയില്‍ ബാരലിന് പത്ത് ഡോളറോളം കുറഞ്ഞു.

എണ്ണ ഉത്പാദനത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന അധിക നിയന്ത്രണം വര്‍ഷാവസാനം തുടരുമെന്ന് സൗദിയും റഷ്യയും ഇന്നലെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ പ്രഖ്യാപനത്തിന് എണ്ണയുടെ ആവശ്യകതയില്‍ കുറവുണ്ടായേക്കും എന്ന ആശങ്കയെ മറികടക്കാന്‍ കഴിഞ്ഞിട്ടില്ല. ആഗോളതലത്തില്‍ എണ്ണയ്ക്ക് വരും ആഴ്ച്ചകളില്‍ ആവശ്യകത കുറയും എന്ന റിപ്പോര്‍ട്ടുകള്‍ ആണ് വിലയിടിവിന് കാരണം. അമേരിക്കയിലെ സര്‍വീസ് മേഖലയില്‍ വളര്‍ച്ചാ നിരക്ക് കുറഞ്ഞത് അടക്കമുള്ള കാര്യങ്ങള്‍ എണ്ണവിലയെ ബാധിച്ചിട്ടുണ്ട്.


ഈ വര്‍ഷം മൂന്നാം പാദത്തില്‍ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഉയര്‍ന്നതും എണ്ണയുടെ ഡിമാന്‍ഡ് കുറയ്ക്കുന്നതിന് കാരണമായി. എണ്ണയുടെ വില നൂറ് ഡോളറിലേക്ക് അടുത്തതോടെ ഇന്ത്യ അടക്കമുള്ള പ്രധാനപ്പെട്ട ഇറക്കുമതി രാജ്യങ്ങള്‍ വില കുറയ്ക്കാന്‍ തയ്യാറാകണം എന്ന് സൗദി അടക്കമുള്ള ഉത്പാദക രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് തളളിക്കൊണ്ടാണ് നിലവിലെ ഉത്പാദത നിയന്ത്രണം തുടരാനുള്ള ഒപെക് പ്ലസ് സഖ്യത്തിന്റെ തീരുമാനം. ഇന്നലെ ചേര്‍ന്ന ഒപെക് പ്ലസ് സഖ്യത്തിന്റെ മന്ത്രിതല സമിതിയാണ് തീരുമാനം പ്രഖ്യാപിച്ചത്.

പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിരോധിക്കാന്‍ റാസല്‍ഖൈമ: ഒറ്റത്തവണ ഉപയോഗിക്കാവുന്ന ബാഗുകള്‍ക്ക് അടുത്ത വര്‍ഷം മുതല്‍ നിരോധനം

0

അടുത്ത വര്‍ഷം മുതല്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി റാസല്‍ഖൈമ.യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയുടെ നിര്‍ദേശപ്രകാരമാണ് നിരോധനം ഏര്‍പ്പെടുത്തുന്നത്
അബുദബി, ദുബൈ, ഷാര്‍ഡ, ഉമ്മുല്‍ഖുവൈന്‍, അജ്മാന്‍ എമിറേറ്റുകളില്‍ നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് റാസല്‍ഖൈമയും നിയന്ത്രണത്തിന് ഒരുങ്ങുന്നത്. പ്ലാസ്റ്റിക് ബാഗ് ഉപയോഗവും പ്രചാരവും അടുത്ത വര്‍ഷം മുതല്‍ എമിറേറ്റില്‍ നിരോധിക്കുമെന്ന് സുപ്രീംകൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ഷെയ്ഖ് സൗദി ബിന്‍ സഖര്‍ അല്‍ ഖാസിമിയാണ് അറിയിച്ചത്. എല്ലാ വ്യാപാര സ്ഥാപനങ്ങളും റീട്ടെയില്‍ സ്റ്റോറുകളും ഔട്ട്‌ലെറ്റുകളും അനുയോജ്യമായതും പലതവണ ഉപയോഗിക്കാന്‍ പറ്റുന്നതുമായ ബദല്‍ സംവിധാനം നടപ്പിലാക്കണമെന്ന് റാസല്‍ഖൈമ പരിസ്ഥിതി സംരക്ഷണ അതോറിറ്റിയും വ്യക്തമാക്കി. പ്ലാസ്റ്റിക് ബാഗ് ഉപയോഗം കുറയ്ക്കുന്നതിനായി അഞ്ച് എമിറേറ്റുകളിലും 25 ഫില്‍സ് വീതം ഈടാക്കുന്നുണ്ട്.

അബുദബിയില്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ ഒന്ന് മുതലും ദുബൈയില്‍ ജൂലൈ ഒന്ന് മുതലും ഷാര്‍ജയില്‍ ഒക്ടോബര്‍ മുതലുമാണ് പ്ലാസ്റ്റിക് ബാഗ് നിരോധിച്ചത്. ഉമ്മുല്‍ഖുവൈനിലും അജ്മാനിലും ഈ വര്‍ഷം ആദ്യത്തോടെയാണ് പ്ലാസ്റ്റിക് ബാഗ് നിരോധനം നിലവില്‍ വന്നത്. 2024 ജനുവരി ഒന്നോടെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം പൂര്‍ണ്ണമായും നിരോധിക്കാനാണ് യുഎഇ ഭരണകൂടത്തിന്റെ തീരുമാനം. ബാഗുകളുടെ ഇറക്കുമതി, ഉല്‍പ്പാദനം, വിതരണം എന്നിവയ്ക്കാണ് നിരോധനം. 2026ഓടെ പ്ലാസ്റ്റിക് കട്ട്‌ലറി, പ്ലാസ്റ്റിക് കപ്പുകള്‍, ബോക്‌സുകള്‍ എന്നിവ ഇറക്കുമതി ചെയ്യുന്നതും നിരോധിക്കും. ഫുഡ് പാക്കേജിങ്, പ്ലാസ്റ്റിക് കുപ്പികള്‍, കോട്ടണ്‍ സ്റ്റിക്കുകള്‍ , ബലൂണ്‍, ബലൂണ്‍ സ്റ്റിക് എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും.

ഫുട്‌ബോള്‍ ലോകകപ്പ് സൗദിയില്‍ എത്തിക്കാന്‍ ശ്രമം: 2034 ലോകകപ്പിന്റെ നടത്തിപ്പിന് ബിഡ് സമര്‍പ്പിക്കുമെന്ന് സൗദി

0

2034 ഫിഫ ലോകകപ്പിന് വേദിയാകാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. ആഗോള പരിപാടികള്‍ക്ക് ആതിഥേയത്വം വഹിക്കാനുള്ള കേന്ദ്രമാക്കി രാജ്യത്തെ മാറ്റിയെന്നും സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. ഇതിനായി സൗദി നാമനിര്‍ദേശം സമര്‍പ്പിക്കുമെന്ന് ഫുട്‌ബോള്‍ ഫെഡറേഷനും അറിയിച്ചിട്ടുണ്ട്.

2034ല്‍ ലോകകപ്പ് ആതിഥേയത്വം വഹിക്കാനുള്ള അവസരം ഏഷ്യക്കാണ്. ഇത് മുന്നില്‍ കണ്ടാണ് ഫിഫ ലോകകപ്പിന് വേദിയാകാനുള്ള ആഗ്രഹം സൗദി അറേബ്യ അറിയിച്ചിരിക്കുന്നത്. ആഗോള പരിപാടികള്‍ക്ക് ആതിഥേയത്വം വഹിക്കാനുള്ള കേന്ദ്രമാക്കി സൗദിയെ മാറ്റിയെന്നാണ് കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അറിയിച്ചത്. സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന സാഹചര്യത്തിലും മധ്യസ്ഥ ശ്രമങ്ങള്‍ നടത്തുന്നതിനാലും മറ്റ് രാജ്യങ്ങളുടെ പിന്തുണയും സൗദി പ്രതീക്ഷിക്കുന്നുണ്ട്. വിവിധ സംസ്‌കാരങ്ങളിലുള്ള ആളുകള്‍ക്ക് കൂടിച്ചേരാനുള്ള അവസരമാണ് ലോകകപ്പ് വേദിയെന്നും കിരീടവകാശി അറിയിച്ചു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ അന്‍പതിലധികം അന്താരാഷ്ട്ര ഇവന്റുകള്‍ സൗദി നടത്തിയിട്ടുണ്ട്. ആതിഥേയത്വം നേടാനായി സൗദി നാമനിര്‍ദ്ദേശം സമര്‍പ്പിക്കുമെന്ന് ഫുട്‌ബോള്‍ ഫെഡറേഷനും അറിയിച്ചിട്ടുണ്ട്. കായിക മേഖലയില്‍ മികച്ച നിക്ഷേപങ്ങള്‍ നടത്താനും സൗദി ആഗ്രഹം പ്രകടിപ്പിച്ചു. ലോകകപ്പിന്റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് മൂന്ന് ഭൂഖണ്ഡങ്ങളിലെ ആറ് രാജ്യങ്ങളിലായി 2030 ഫുട്‌ബോള് ലോകകപ്പ് നടത്താനാണ് ഫിഫ തീരുമാനിച്ചിരിക്കുന്നത്. സ്‌പെയിന്‍, പോര്‍ച്ചുഗല്‍, മൊറോക്കോ എന്നിവര്‍ സംയുക്തമായ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കും. ഉറുഗ്വായ്, പരാഗ്വേ, അര്‍ജന്റീന എന്നീ രാജ്യങ്ങള്‍ ഓരോ മത്സരത്തിനും വേദിയാകും.