Sunday, April 12, 2026
Home Blog Page 193

അമ്മയെ തലക്കടിച്ച് കൊല്ലാൻ ശ്രമിച്ച മകൻ പിടിയിൽ; അമ്മ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

0

നീലേശ്വരത്ത് അമ്മയെ മകൻ തലക്കടിച്ച് കൊല്ലാൻ ശ്രമിച്ച മകൻ പിടിയിൽ. നീലേശ്വരം കണിച്ചിറയിലെ പരേതനായ രാജന്റെ ഭാര്യ രുഗ്മണിയെയാണ് മകൻ സുജിത്ത് തലക്കടിച്ച് കൊല്ലാൻ ശ്രമിച്ചത്. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രുഗ്മിണി അതീവ ഗുരുതരാവസ്ഥയിലാണ്.

വ്യാഴാഴ്ച പുലർച്ചെ മൂന്നിനാണ് സംഭവം. തുടർച്ചയായി ഫോൺ ചെയ്തത് ചോദ്യം ചെയ്തതിനാണ് അമ്മയെ തലക്കടിച്ച് വീഴ്ത്തിയത്. രുഗ്മണിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ തടയാൻ നോക്കിയെങ്കിലും അയല്‍വാസികളെ ഇയാള്‍ വീട്ടിനകത്തേക്ക് കയറ്റിയില്ല. തുടർന്ന് ഇവർ നീലേശ്വരം പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി സുജിത്തിനെ ബലപ്രയോഗത്തിലൂടെ കീഴടക്കിയ ശേഷമാണ് രുഗ്മിണിയെ ആശുപത്രിയിൽ എത്തിച്ചത്. പൊലീസ് സ്റ്റേഷനിലെത്തിച്ചതിനുശേഷവും സുജിത്ത് ആക്രമണശ്രമം തുടർന്നു.

ഇസ്രായേലിൽ നിന്നുള്ള ആദ്യ വിമാനം എത്തി; സംഘത്തിൽ 10 മലയാളികളടക്കം 212 പേർ

0

ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേലില്‍നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ‘ഓപ്പറേഷന്‍ അജയ്’ ദൗത്യം ആരംഭിച്ചു.മലയാളികളടക്കം 212 പേരുമായി ടെല്‍ അവീവില്‍നിന്ന് എ.ഐ. 1140 നമ്പര്‍ എയര്‍ ഇന്ത്യ വിമാനം വെള്ളിയാഴ്ച രാവിലെ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വിമാനത്താവളത്തില്‍ നേരിട്ടെത്തി സ്വീകരിച്ചു.

വിദ്യാര്‍ഥികളടക്കം 18,000 ഇന്ത്യക്കരാണ് ഇസ്രായേലിൽ ഉള്ളതെന്ന് വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചി വ്യാഴാഴ്ച വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇവരില്‍ നാട്ടിലേക്ക് മടങ്ങാന്‍ താത്പര്യമറിയിച്ചവരെയാണ് ദൗത്യത്തിന്റെ ഭാഗമായി എത്തിക്കുന്നത്. മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ രജിസ്ട്രേഷൻ ഇസ്രായേൽ എംബസിയിൽ തുടരുകയാണ്.

തിരികെ എത്തിക്കുന്ന കാര്യങ്ങളിൽ ഏകോപിപ്പിക്കാൻ പ്രത്യേക ഹെൽപ് ഡസ്ക് ഒരുക്കിയിട്ടുണ്ട്. ഇസ്രയേലില്‍നിന്ന് തിരികെ എത്തുന്ന മലയാളികളെ സഹായിക്കുന്നതിന് ന്യൂഡല്‍ഹി കേരള ഹൗസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചെന്ന്മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇവരെ സ്വീകരിക്കുന്നതിനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും എയര്‍പോര്‍ട്ടില്‍ ഹെല്‍പ് ഡെസ്‌കും സജ്സജ്ജമാക്കും. കണ്‍ട്രോള്‍ റൂം നമ്പര്‍: 011 23747079. ഒക്ടോബര്‍ പതിനെട്ടാം തീയതിവരെ ദിവസം ഒന്ന് എന്ന നിലയ്ക്ക് വിമാനങ്ങള്‍ ഇന്ത്യയില്‍നിന്ന് പുറപ്പെടുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

പ്രമുഖ മാധ്യമപ്രവർത്തകൻ സച്ചിദാനന്ദ മൂർത്തി അന്തരിച്ചു

0

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.എസ്. സച്ചിദാനന്ദമൂര്‍ത്തി അന്തരിച്ചു. മലയാളമനോരമയുടേയും ദ വീക്കിന്റേയും ഡല്‍ഹി മുന്‍ റസിഡന്റ് എഡിറ്ററായിരുന്നു. ബംഗളൂരുവിലാണ് അന്ത്യം. അടുത്തിടെ ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹം വെന്റിലേറ്ററിലായിരുന്നു.

എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ സെക്രട്ടറി ജനറലും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗവുമായിരുന്നു അദ്ദേഹം. ദർലഭ് സിങ് സ്മാരക മീഡിയ അവാർഡ്, കർണാടക മീഡിയ അക്കാദമി വിശിഷ്ട പുരസ്കാരം തുടങ്ങിയവ നേടി.

പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ശോഭീന്ദ്രൻ മാസ്റ്റർ അന്തരിച്ചു

0

പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫസർ ടി. ശോഭീന്ദ്രൻ അന്തരിച്ചു. 76 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിൽ അധ്യാപകനായിരുന്നു. ഷട്ടർ(2013), അമ്മ അറിയാൻ(1986), കൂറ(2021) എന്നീ സിനിമകളിലും അഭിനയിച്ചു. സഹയാത്രി, ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര തുടങ്ങിയ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. പരിസ്ഥിതിക്ക് വേണ്ടി പോരാടുകയും ജീവിതം തന്നെ പരിസ്ഥിതിക്കായി ഉഴിഞ്ഞുവച്ച വ്യക്തിയായിരുന്നു. പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന അദ്ദേഹത്തിന്റെ വസ്ത്രധാരണവും അങ്ങനെ തന്നെ ആയിരുന്നു. പച്ച പാന്റും പച്ച ഷര്‍ട്ടും പച്ച തൊപ്പിയുമായിരുന്നു അദ്ദേഹത്തിൻ്റെ വേഷം.

കോട്ടയത്ത് തടയണയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

0

കോട്ടയത്ത് തടയണയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. പൂഞ്ഞാര്‍ മങ്കുന്നത്ത് ബോസ് ഈപ്പന്റെ മകന്‍ ജെയിംസ് (22) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 6.30-ഓടെയാണ് അപകടം.

പൂഞ്ഞാര്‍ പെരുന്നിലത്തുള്ള തടയണയില്‍ രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയതാണ് ജെയിംസ്. കുളിക്കുന്നതിനിടെ തടയണയില്‍നിന്ന് പുറത്തേക്ക് വെള്ളം ഒഴുകുന്ന ഭാഗത്ത് ജെയിംസ് കുടുങ്ങിപ്പോയി. ആ ഭാഗത്തേക്ക് വെള്ളം ശക്തമായി ഒഴുകുന്നതുനാൽ ജയിംസ് അവിടെ അകപ്പെട്ടുപോയി. ഏറെ പരിശ്രമിച്ചുവെങ്കിലും ജെയിംസിനെ പുറത്തെടുക്കാനായില്ല.ഈരാറ്റുപേട്ടയില്‍നിന്ന് അഗ്‌നിരക്ഷാസേനയെത്തിയാണ് ജെയിംസിനെ പുറത്തെടുത്തത്. ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മാതാവ്: മിനി. സഹോദരന്‍ അബു ബോസ്.

ഉളിക്കളിൽ ജോസിൻ്റെ മരണം കാട്ടാനയുടെ ചവിട്ടേറ്റ്; മരണം നാട്ടിലിറങ്ങിയ ആനയെ കാണാൻ എത്തിയപ്പോൾ

0

കണ്ണൂർ ഉളിക്കലിലെ ജോസിന്റെ മരണം കാട്ടാനയുടെ ചവിട്ടേറ്റെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. നെഞ്ചിന് ചവിട്ടേറ്റതാണ് മരണകാരണം. ശരീരത്തിൽ ആന ചവിട്ടിയ പാടുകളുണ്ടെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു. അത്രശ്ശരിയിൽ ജോസ് (70)അണ് മരിച്ചത്. ബുധനാഴ്ച ഉളിക്കൽ ടൗണിനെ വിറപ്പിച്ച ഒറ്റയാൻ തിരിഞ്ഞോടുന്നതിനിടെ ജോസിനെ ചവിട്ടിക്കൊന്നതാണെന്ന് കരുതുന്നു.

ഇന്ന് രാവിലെയാണ് ജോസിന്റെ മൃതദേഹം കണ്ടെത്തിയത്. ഉളിക്കൽ ടൗണിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ആന്തരിക അവയവങ്ങൾ പുറത്തേക്ക് തള്ളിയ നിലയിലായിരുന്നു മൃതദേഹം. ഇന്നലെ ഉളിക്കൽ ലത്തീൻ പള്ളിയുടെ സമീപത്താണ് ആനയെ ആദ്യം കണ്ടത്. ഇതിന് സമീപത്തുള്ള കശുമാവിൻ തോട്ടത്തിലാണ് ജോസിന്റെ മൃതദേഹം കണ്ടെത്തിയത്. തോട്ടത്തിലൂടെയാണ് അടുത്തുള്ള സ്‌കൂളിലേക്ക് ആന പോയത്. ഇന്നലെ നാട്ടിലിറങ്ങിയ ആനയെ കാണാനെത്തിയ ആളുകളുടെ കൂട്ടത്തിൽ ജോസും ഉണ്ടായിരുന്നു. ഇദ്ദേഹം കൊല്ലപ്പെടുന്നതിന് മുൻപുള്ള ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

പ്രദേശത്തിറങ്ങിയ കാട്ടാന രാത്രി തന്നെ വനത്തിൽ പ്രവേശിച്ചതായി വനം വകുപ്പ് അറിയിച്ചിരുന്നു. ജോസിൻ്റെ സംസ്കാരം നെല്ലിക്കാംപൊയിൽ സെൻ്റ് സെബാസ്റ്റ്യൻസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ നടന്നു. ആലീസ് ആണ് ഭാര്യ. മിനി,സിനി എന്നീ രണ്ടു മക്കളും ഉണ്ട്.

ഫോബ്സ് ഇന്ത്യ സമ്പന്ന പട്ടികയില്‍ ഏഴ് മലയാളികള്‍; മലയാളികളിൽ മുന്നില്‍ യൂസഫലി

0

ഫോബ്‌സ് മാഗസിന്റെ ഈ വര്‍ഷത്തെ സമ്പന്നരായ ഇന്ത്യക്കാരുടെ പട്ടികയില്‍ മലയാളികളില്‍ ഒന്നാമന്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. ഫോബ്‌സ് ശതകോടീശ്വര പട്ടികയില്‍ ആറ് മലയാളികളും ഒരു മലയാളി ബിസിനസ് കുടുംബവുമാണ് ഇടംനേടിയത്. ആസ്തികളില്‍ വന്‍ വര്‍ധനയുമായി എം.എ യൂസഫലി, മുത്തൂറ്റ് കുടുംബം, ജോയ് ആലുക്കാസ്, ഡോ. ഷംഷീര്‍ വയലില്‍ എന്നിവരാണ് ഏറ്റവും സമ്പന്നരായ മലയാളികളില്‍ ആദ്യ നാല് സ്ഥാനങ്ങളിൽ.

ലുലു ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ.യൂസഫലിയുടെ ആസ്തി 59,065 കോടി രൂപയാണ് (7.1 ബില്യണ്‍ ഡോളര്‍). 27-ാം സ്ഥാനമാണ് ഇന്ത്യയിലെ പട്ടികയില്‍ യൂസഫലിക്കുള്ളത്. യൂസഫലി കഴിഞ്ഞ തവണ ഫോബ്‌സ് പട്ടികയില്‍ 35ാം സ്ഥാനത്തായിരുന്നു. 5.4 ബില്യണ്‍ ഡോളറായിരുന്നു അന്ന് അദ്ദേഹത്തിന്റെ ആസ്തി.

രണ്ടാം സ്ഥാനത്ത് ഇന്ത്യയിലെ സ്വര്‍ണപ്പണയ ശൃംഖലയായ മുത്തൂറ്റ് കുടുംബമാണ്. 40,763 കോടി രൂപ (4.9 ബില്യണ്‍ ഡോളര്‍) വരുമാനവുമായിട്ടാണ് മുത്തൂറ്റ് ഫിനാന്‍സ് ചെയര്‍മാന്‍ ജോര്‍ജ് ജേക്കബ് മുത്തൂറ്റ് ഫാമിലിയും പട്ടികയിൽ ഇടം നേടിയത്.

ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസാണ് മൂന്നാം സ്ഥാനത്ത്. 36,604 കോടി രൂപയുടെ (4.4 ബില്യണ്‍ ഡോളര്‍) ആസ്തിയോടെ റാങ്കില്‍ 50-ാം സ്ഥാനം. കഴിഞ്ഞ വര്‍ഷം 69-ാം സ്ഥാനത്തായിരുന്നു അദ്ദേഹം.

യു.എ.ഇ ആസ്ഥാനമായ ബുര്‍ജീല്‍ ഹോള്‍ഡിംഗ്സിന്റെ സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലില്‍ 30,780 കോടി രൂപയുടെ (3.7 ബില്യണ്‍ ഡോളര്‍) ആസ്തിയോടെ പട്ടികയിലെ മലയാളികളില്‍ നാലാം സ്ഥാനത്തെത്തി. രാജ്യത്തെ ഏറ്റവും സമ്പന്നനായ ഡോക്ടര്‍ കൂടിയാണ് ഡോ. ഷംഷീര്‍. എം.എ യൂസഫലിയുടെ മരുമകനാണ് ഡോ.ഷംഷീര്‍. കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയില്‍ ഇല്ലാതിരുന്നു ഷംഷീർ.

ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ 27,037 കോടി രൂപയുടെ (3.25 ബില്യണ്‍ ഡോളര്‍) ആസ്തിയുമായി 67-ാം സ്ഥാനത്തുണ്ട്. 26,621 കോടി രൂപ (3.2 ബില്യണ്‍ ഡോളര്‍) മൂല്യവുമായി ആര്‍.പി ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ള 69-ാം സ്ഥാനത്താണ് ഫോബ്‌സ് ലിസ്റ്റില്‍. ജെംസ് ഗ്രൂപ്പ് മേധാവി സണ്ണി വര്‍ക്കി, 24,375 കോടി രൂപയുമായി (2.93 ബില്യണ്‍ ഡോളര്‍) 78-ാം സ്ഥാനത്തെത്തി.

മുന്‍വര്‍ഷത്തെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി 565,692 കോടി രൂപയുടെ ആസ്തിയുമായി (68 ബില്യണ്‍ ഡോളര്‍) ആസ്തിയുമായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി 765,348 കോടി രൂപയുടെ (92 ബില്യണ്‍ ഡോളര്‍) ആസ്തിയുമായി ഒന്നാമതെത്തി.മുന്‍ വര്‍ഷങ്ങളില്‍ പട്ടികയിലുണ്ടായിരുന്ന ബൈജൂസിന്റെ ബൈജു രവീന്ദ്രനും ദിവ്യ ഗോകുല്‍ നാഥും ഇക്കുറി പട്ടികയില്‍ നിന്ന് പുറത്തായി.

കോഴിക്കോട് മത്സ്യത്തൊഴിലാളികൾക്ക് മിന്നലേറ്റു

0

കോഴിക്കോട് കൊയിലാണ്ടിയിൽ മിന്നലേറ്റ് നാല് മത്സ്യത്തൊഴിലാളികൾക്ക് പരുക്ക്. ഹാര്‍ബറില്‍ നങ്കൂരമിട്ട മത്സ്യബന്ധന ബോട്ടിൽ ഉണ്ടയിരുന്നവർക്കാണ് പരുക്കേറ്റത്. ഗുരു കൃപാ ബോട്ടിലെ ടി.ടി. നിജു, ടി.ടി.ശൈലേഷ്, ടി.ടി.സന്തോഷ്, ടി.ടി.പ്രസാദ് തുടങ്ങിയവര്‍ക്കാണ് പരുക്കേറ്റത്. നിജുവിൻ്റെ കാലിന്റെ എല്ല് പൊട്ടലുണ്ട്. ഇവർ നാല് പേരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

ഇന്നലെ രാത്രിയാണ് സംഭവം. ബോട്ടില്‍ നിന്ന് മത്സ്യം നീക്കുന്നതിനിടയിലാണ് മിന്നൽ ഏറ്റത്. തണ്ണീംമുഖത്ത് വലിയപുരയില്‍ ടി വി രഞ്ജിത്തിന്റെതാണ് ബോട്ട്. ഇടിമിന്നലിൽ ജി ടി എസ്, വയര്‍ലെസ്, എക്കൊ സൗണ്ടര്‍ ക്യാമറ, ബാറ്ററി, ഡയനാമോ തുടങ്ങിയവയും കത്തിനശിച്ചു. അഞ്ചുലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായാണ് വിലയിരുത്തൽ.

കരയുദ്ധത്തിനൊരുങ്ങി ഇസ്രയേല്‍:ഗാസ അതിര്‍ത്തിയില്‍ സുസജ്ജമായിഇസ്രയേല്‍ സേന

0

ഇസ്രയേല്‍- ഹമാസ് സംഘര്‍ഷം അഞ്ചാം ദിവസവും തുടരുന്നു. ഇരുപക്ഷത്തുമായി 2100ല്‍ അധികം പേര്‍ കൊല്ലപ്പെട്ടു. കരയുദ്ധത്തിനായി മൂന്ന് ലക്ഷം സൈനികരെ ഇസ്രയേല്‍ സൈന്യം വിന്യസിച്ചു. അമേരിക്കന്‍ ആയുധങ്ങളുമായി ആദ്യവിമാനം തെക്കന്‍ ഇസ്രയേലില്‍ എത്തിയതായി ഇസ്രയേല്‍ പ്രതിരോധ സേന സ്ഥിരീകരിച്ചു. വ്യോമാക്രമണത്തില്‍ നൂറ് കണക്കിന് പലസ്തീനികള്‍ മരിച്ചു വീഴുന്നതിന് ഇടയില്‍ ഇസ്രയേല്‍ കരയുദ്ധം കൂടി തുടങ്ങിയാല്‍ ആക്രമണത്തിന്റെ വ്യാപ്തി കൂടും. ദൗത്യം പ്രാവര്‍ത്തികമാക്കാന്‍ സൈന്യം സജ്ജമാണെന്നും ഇസ്രാലേയിനെ ഇനി ഭീഷണിപ്പെടുത്താനോ പൗരന്‍മാരെ കൊലപ്പെടുത്താനോ സാധിക്കാത്ത വിധം ഹമാസിനെ തകര്‍ക്കുമെന്നാണ് പ്രതിരോധ സേന അറിയിച്ചത്.

ഇരു രാജ്യങ്ങളിലുമായി ആക്രണ പ്രത്യാക്രമണങ്ങളില്‍ 2100ല്‍ അധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിനിടെ ഇസ്രാലേയിന് കൂടുതല്‍ പിന്തുണ പ്രഖ്യാപിച്ച് ആയുധങ്ങളുമായി അമേരിക്കയുടെ ആദ്യ വിമാനം തെക്കന്‍ ഇസ്രയേലില്‍ എത്തി. മെഡിറ്ററേനിയന്‍ കടലില്‍ ആണവശേഷയുള്ള വിമാന വാഹിനി യുഎസ്എസ് ജെറാള്‍ഡ് പടക്കപ്പലുമെത്തി. ഹമാസിന്റെ ആക്രമണത്തില്‍ 14 യുഎസ് പൗരന്‍മാര്‍ കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. ഹമാസ് ബന്ദികളാക്കിയവരിലും യുഎസ് പൗരന്‍മാരുണ്ട്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇസ്രയേല്‍ സന്ദര്‍ശിച്ച് ഇസ്രയേല്‍ നേതാക്കളുമായി കൂടിക്കാഴ്ചയും നടത്തും.

ഇസ്രയേല്‍ സൈന്യം ഗസയില്‍ പ്രയോഗിക്കുന്നത് മാരകമായ വൈറ്റ് ഫോസ്ഫറസ് ബോംബുകളെന്ന് റിപ്പോര്‍ട്ട്. പലസ്തീന്‍ വാര്‍ത്താ ഏജന്‍സിയാണ് ഗസയിലെ അല്‍ കരാമ മേഖലയില്‍ ഇസ്രായേല്‍ പ്രയോഗിച്ചത് വൈറ്റ് ഫോസ്ഫറസാണെന്ന റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. അന്താരാഷ്ട്ര നിയമ പ്രകാരം കര്‍ശനമായി നിരോധിക്കപ്പെട്ടതാണ് പൗരന്‍മാര്‍ക്ക് നേരെയുള്ള വൈറ്റ് ഫോസ്ഫറസ് ബോംബ് പ്രയോഗം. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പലസ്തീന്‍ വിദേശകാര്യ മന്ത്രാലയം എക്‌സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഒരു വീസയില്‍ ജിസിസിയില്‍ എവിടെയും സഞ്ചരിക്കാം:ഏകീകൃത വീസയ്ക്ക് ജിസിസിയുടെ അംഗീകാരം

0

ഏകീകൃത ജിസിസി വീസയ്ക്ക് ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ അംഗീകാരം. ജിസിസി മന്ത്രിതലയോഗത്തില്‍ ഐക്യകണ്‌ഠേനയാണ് ഏകീകൃത വീസയ്ക്ക് അംഗീകാരം നല്‍കിയത്. വൈകാതെ ജിസിസി വീസ പ്രാബല്യത്തില്‍ വരും എന്നാണ് റിപ്പോര്‍ട്ട്.ജിസിസിയുടെ വിനോദസഞ്ചാര മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഏകീകൃത വീസയിലേക്ക് ഒരു പടികൂടി കടന്നിരിക്കുകയാണ് ഗള്‍ഫ് രാഷ്ട്രങ്ങള്‍.

കഴിഞ്ഞ ആഴ്ച്ച ഒമാന്‍ തലസ്ഥാനമായ മസ്‌ക്കത്തില്‍ ചേര്‍ന്ന ജിസിസി മന്ത്രിമാരുടെ യോഗം ആണ് ഏകീകൃത വീസയ്ക്ക് അംഗീകാരം നല്‍കിയത്. യുഎഇ,സൗദി അറേബ്യ, ഒമാന്‍,ബഹ്‌റൈന്‍,കുവൈത്ത്,ഖത്തര്‍ എന്നി ആറ് അംഗരാജ്യങ്ങളുടെയും മന്ത്രിമാര്‍ പങ്കെടുത്ത യോഗത്തില്‍ ഏകകണ്ഠമായാണ് ഏകീകൃത വീസയ്ക്ക് അംഗീകാരം നല്‍കിയത്. ഒമാന്‍ പൈതൃക-വിനോദസഞ്ചാരവകുപ്പ് മന്ത്രി സലിം ബിന്‍ മുഹമ്മദ് അല്‍ മഹ്‌റൗഖിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.വൈകാതെ തന്നെ വീസ പ്രാബല്യത്തില്‍ വരുമെന്നും സലീം ബിന്‍ മുഹമ്മദ് പറഞ്ഞു. നവംബറില്‍ മസ്‌ക്കത്തില്‍ നടക്കുന്ന ജിസിസി ആഭ്യന്തരമന്ത്രിമാരുടെ യോഗത്തില്‍ ആയിരിക്കും ഏകീകൃത വീസ അവതരിപ്പിക്കുക.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഏകീകൃത വീസ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഗള്‍ഫ് സഹകരണ കൗണ്‍സിലില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഒരൊറ്റെ വീസ എടുത്താല്‍ ജിസിസിയിലെ എല്ലാ രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ കഴിയുന്ന സംവിധാനം ആണ് നടപ്പാക്കാന്‍ ഒരുങ്ങുന്നത്. നിലവില്‍ ഓരോ രാജ്യങ്ങളും സന്ദര്‍ശിക്കുന്നതിന് അതത് രാജ്യങ്ങളുടെ വീസ ആവശ്യമാണ്. ഏകീകൃത വീസ വരുന്നതോട് കൂടി ഇത് ഒഴിവാകും. ജിസിസി രാജ്യങ്ങളിലെ താമസവീസക്കാരായ പ്രവാസികള്‍ക്കും ഏകീകൃത വീസ സംവിധാനം പ്രയോജനകരമാകും. ഗള്‍ഫ് രാജ്യങ്ങളിലേക്ക് കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിന് ഏകീകൃത വീസ സഹായിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്