Sunday, April 12, 2026
Home Blog Page 192

ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നതിനിടെ ഗാസയിൽ നിന്ന് പലായനം ചെയ്ത് ലക്ഷങ്ങൾ

0

24 മണിക്കൂറിനുള്ളിൽ പലായനം ചെയ്യാൻ ഇസ്രായേലിൽ നിന്ന് അറിയിപ്പ് ലഭിച്ചതിനു പിന്നിലെ ഒരു ദശലക്ഷത്തിലധികം നിവാസികൾ ഗാസ വിട്ടതായി റിപ്പോർട്ട്. വടക്കന്‍ ഗാസയില്‍ നിന്ന് ആളുകള്‍ക്ക് പോകുന്നതിനായി ബെയ്റ്റ് ഹനൂനില്‍ നിന്ന് ഖാന്‍ യൂനിസ് പ്രവിശ്യയിലേയ്ക്ക് ആറ് മണിക്കൂര്‍ നേരത്തേക്ക് സുരക്ഷിതമായ ഒഴിപ്പിക്കൽ പാത ഒരുക്കാമെന്ന് ഇസ്രായേൽ വ്യക്തമാക്കി. ഇതിനായി ഇസ്രയേല്‍ ആറ് മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സാധാരണക്കാരെ സുരക്ഷിതരാക്കാനാണ് നടപടിയെന്ന് ഇസ്രയേല്‍ വ്യക്തമാക്കി.

അതേസമയം ഹമാസിന്റെ ഉന്നതനേതാവിനെ വ്യോമാക്രമണത്തിൽ വധിച്ചെന്ന് ഇസ്രായേൽ അവകാശപ്പെട്ടു. ഹമാസിന്റെ മിലിട്ടറി കമാൻഡർ മുറാദ് അബു മുറാദിനെ വ്യോമാക്രമണത്തിൽ കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. ഹമാസിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്ന ഗാസയിലെ ആസ്ഥാനത്തിന് നേരെയായിരുന്നു ഇസ്രായേൽ വ്യോമാക്രമണം. എന്നാൽ അബു മുറാദിന്റെ മരണം ഹമാസ് സ്ഥിരീകരിച്ചിട്ടില്ല.

വ്യാജ ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിച്ച ആളും ലൈസൻസ് നിർമിച്ച ഡ്രൈവിംഗ് സ്കൂൾ ഉടമയും അറസ്റ്റിൽ

0

കാസര്‍ഗോഡ് വ്യാജ ഡ്രൈവിങ് ലൈസന്‍സ് കൈവശം വെച്ചിരുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കരിപ്പൂര്‍ ബഷീർ മൻസിലില്‍ ഉസ്മാനാണ് പിടിയിലായത്. ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. ഇയാള്‍ക്ക് വ്യാജ ഡ്രൈവിങ് ലൈസന്‍സ് നിര്‍മിക്കാന്‍ സഹായിച്ച ഡ്രൈവിങ് സ്കൂള്‍ ഉടമയും അറസ്റ്റിലായി.

ആര്‍.ടി.ഒ എന്‍ഫോഴ്സ്മെന്റ് വിഭാഗം അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ജിജോ വിജയ് സി.വി വിജേഷ് പി വി, ഡ്രൈവർ മനോജ് കുമാർ കെ എന്നിവരും ചന്തേര പോലീസ് സ്റ്റേഷൻ എസ്.ഐ പ്രദീപ്കുമാറും ചേർന്ന് വാഹന പരിശോധന നടത്തുകയായിരുന്നു. ഉസ്മാൻ്റെ കയ്യിൽ ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരുന്നില്ല. ലൈസൻസ് എടുക്കാൻ മറന്നു എന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. ലൈസൻസ് ഹാജരാക്കാൻ ആവശ്യപ്പെട്ടപ്പോൾ ഇയാള്‍ പിന്നീട് വാട്സ്ആപ്പ് വഴി ഒരു ലൈസൻസ് അയച്ചു കൊടുത്തു. എന്നാൽ ഈ ലൈസൻസ് നമ്പർ പരിശോധിച്ചപ്പോൾ അത് തിരുവനന്തപുരം സ്വദേശിനിയുടെ പേരിലുള്ളതാണെന്ന് വ്യക്തമായി. വ്യാജ ലൈസൻസ് ആണെന്ന് ബോധ്യപ്പെട്ടത്തിന്റെ അടിസ്ഥാനത്തിൽ ചന്തേര പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

തുടർ അന്വേഷണത്തിൽ കാഞ്ഞങ്ങാട് സബ് ആർ.ടി.ഒയുടെ പരിധിയിലുള്ള എസ്. ആൻഡ്. എസ് ഡ്രൈവിംഗ് സ്കൂൾ ഉടമയുടെ സഹായത്തോടെ ഇയാള്‍ വ്യാജ ലൈസൻസ് ഉണ്ടാക്കിയതെന്ന് വ്യക്തമാക്കുകയായിരുന്നു. തുടര്‍ന്ന് ഡ്രൈവിംഗ് സ്കൂൾ പ്രോപറേറ്റർ ശ്രീജിത്തിനെയും അറസ്റ്റ് ചെയ്തു. ഇയാൾ കൂടുതൽ ആളുകൾക്ക് ഇത്തരത്തിൽ ലൈസൻസ് നിർമിച്ച് നൽകിയിട്ടുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

കോഴിക്കോട് സ്കൂട്ടറിൽ ബസ്സ് ഇടിച്ച് മുൻ അധ്യാപകൻ മരിച്ചു

0

കോഴിക്കോട് പി.വി.എസ്. ആശുപത്രിക്കടുത്ത് സ്‌കൂട്ടറില്‍ ബസ് ഇടിച്ച് റിട്ട. അധ്യാപകൻ മരിച്ചു. കുട്ടമ്പൂർ മാണിക്യം ചാലിൽ അശോകൻ (71) ആണ് മരിച്ചത്. കുട്ടമ്പൂർ ഹൈസ്കൂൾ മുൻഅധ്യാപകനും കോക്കല്ലൂർ പറമ്പിൻമുകൾ കെ.ഇ.ടി. ബി.എഡ്. കോളേജ് മാനേജരുമായിരുന്നു. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പരേതരായ എം.സി. ചന്തൻ മാസ്റ്ററുടെയും ദേവിയുടെയും മകനാണ്. ഭാര്യ: പരേതയായ നർമദ (റിട്ട. പ്രധാനാധ്യാപിക, കാരപ്പറമ്പ് ഗവ. എൽ.പി. സ്കൂൾ). മക്കൾ: അഭിരാം, ആത്മാരാം (ഇരുവരും കാനഡ

സർക്കാർ പരീക്ഷ തുടര്‍ച്ചയായി മാറ്റിവെച്ചതിലുള്ള നിരാശയെ തുടർന്ന് 23കാരി ജീവനൊടുക്കി

0

തെലങ്കാന സ്റ്റേറ്റ് പബ്ലിക് സർവീസ് കമ്മീഷൻ( ടിഎസ്പിഎസ്‌സി) പരീക്ഷകൾ നിരന്തരമായി മാറ്റിവയ്‌ക്കുന്നതിൽ മനംനൊന്ത് 23-കാരി ആത്മഹത്യ ചെയ്തു. വാറങ്കൽ സ്വദേശിനിയായ പ്രവലികയാണ് പരീക്ഷകൾ മാറ്റിവച്ചതിന്റെ പേരിൽ ഇന്നലെ ജീവനൊടുക്കിയത്. സംഭവത്തിൽ തെലങ്കാനയിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്.

സർക്കാർ ജോലി പ്രതീക്ഷിച്ച് തയ്യാറെടുപ്പുകൾ നടത്തിയാണ് പരീക്ഷയെഴുതാനായി പ്രവലിക ഇരുന്നത്. ഇതിനിടയിൽ ടിഎസ്പിഎസ്സി പരീക്ഷയുടെ ഗ്രൂപ്പ്-1 പരീക്ഷകൾ എഴുതിയതിന് ശേഷം രണ്ട് തവണ റദ്ദാക്കി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ ഗ്രൂപ്പ്-2 പരീക്ഷകളും മാറ്റിവച്ചു. ഇതേ തുടർന്ന് മാനസിക വിഷമത്തിലായിരുന്നു. പ്രവലികയെ ചിക്കഡ്‌പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

നൂറു കണക്കിന് ആളുകളാണ് ഉദ്യോഗാർത്ഥിയുടെ ആത്മഹത്യയിൽ പ്രതിഷേധിച്ച് രംഗത്തെത്തിയത്. പ്രവലികയുടെ മരണത്തിന് തെലങ്കാനയിലെ ബിആർഎസ് സർക്കാരാണ് ഉത്തരവാദിയെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചതോടെ അശോക് നഗറിലും ആർടിസി ക്രോസ്റോഡിലും ഗതാഗതം തടസ്സപ്പെട്ടു. മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിനൊടുവിൽ ബലപ്രയോഗത്തിലൂടെ ആണ് ആൾക്കൂട്ടത്തെ പോലീസ് ഒഴിപ്പിച്ചത്.

കാട്ടാനകളെ തുരത്താന്‍ കൊണ്ടുവന്ന കുങ്കിയാന കാട്ടാനകള്‍ക്കൊപ്പം മുങ്ങി

0

കാട്ടുകൊമ്പന്മാരെ തുരത്താനെത്തിയ കുങ്കിയാന കാട്ടാനകൾക്കൊപ്പം മുങ്ങിയത് വനംവകുപ്പ് ഉദ്യോഗസ്ഥരെ വലച്ചു. പന്തല്ലൂരിനേയും ഇരുമ്പുപാലത്തിന് സമീപമുള്ള ജനവാസ മേഖലകളെ വിറപ്പിച്ച കാട്ടുകൊമ്പന്മാരെ വിരട്ടിയോടിക്കാന്‍ കൊണ്ടുവന്നതാണ് കുങ്കിയാനയെ. എന്നാൽ സ്ഥലത്തെത്തിയപ്പോൾ ആനയുടെ മനസ്സ് മാറി. കുങ്കി കാട്ടാനകൾക്കൊപ്പം സ്ഥലംവിട്ടു. കട്ടക്കൊമ്പന്‍, ബുള്ളറ്റ് എന്നിങ്ങനെ നാട്ടുകാര്‍ പേരിട്ട രണ്ട് കാട്ടാനകളാണ് ജനവാസ മേഖലയിലേക്ക് ഇറങ്ങിയത്. മുതുമലയിൽനിന്നു വസീം, വിജയ്, ശ്രീനിവാസൻ, ബൊമ്മൻ എന്നീ കുങ്കിയാനകളെ എത്തിച്ചു.

വ്യാഴാഴ്ച രാത്രിയാണ് കുങ്കിയാന ചങ്ങല പൊട്ടിച്ച് കാട്ടുകൊമ്പന്‍മാര്‍ക്കൊപ്പം വനമേഖലയിലേക്ക് കടന്നത്. രാത്രി എട്ടോടെ പ്രദേശത്ത് കനത്ത മൂടൽമഞ്ഞുണ്ടായിരുന്നു. മഞ്ഞ് മാറിയപ്പോൾ ശ്രീനിവാസൻ എന്ന കുങ്കിയാനയെ കാണാതായി. ചങ്ങല വേർപ്പെടുത്തിയാണ് ശ്രീനിവാസൻ സ്ഥലം വിട്ടത്. തുടർന്ന് ഉദ്യോഗസ്ഥർ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ഏറെ നേരത്തെ ശ്രമഫലമായി ഉദ്യോഗസ്ഥരും പാപ്പാന്മാരും കുങ്കിയാനകളുടെ സഹായത്തോടെ ശ്രീനിവാസനെ തിരിച്ചെത്തിച്ചു. എന്നാൽ വെള്ളിയാഴ്ച രാവിലെ ശ്രീനിവാസനെ തേടി കാട്ടാനകൾ എത്തി. പന്തല്ലൂരിൽ നിന്ന് തന്നെയാണ് വർഷങ്ങൾക്ക് മുമ്പ് ശ്രീനിവാസനെ പിടികൂടിയത്. ശ്രീനിവാസന്റെ അന്നത്തെ കൂട്ടുകാർക്കൊപ്പമായിരിക്കാം അവൻ പോയതെന്നാണ് വനപാലകരുടെ നിഗമനം.

ഓപ്പറേഷൻ അജയ്: ഇസ്രായേലിൽ നിന്ന് 235 ഇന്ത്യക്കാരുമായി രണ്ടാമത്തെ വിമാനം ദില്ലിയിൽ എത്തി

0

ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരുമായി രണ്ടാമത്തെ വിമാനം ദില്ലിയിൽ എത്തി. 235 ഇന്ത്യക്കാരാണ് അജയ് ഓപെറേഷൻ്റെ ഭാഗമായ രണ്ടാം ചാർട്ടേഡ് വിമാനത്തിൽ എത്തിയത്. രണ്ട് കൈക്കുഞ്ഞുങ്ങള്‍ ഉൾപ്പടെ ഈ സംഘത്തിൽ ഉണ്ട്. 16 മലയാളികൾ രണ്ടാം വിമാനത്തിൽ ഉണ്ടെന്നാണ് വിവരം.

വിദേശകാര്യ‑വിദ്യാഭ്യാസ സഹമന്ത്രി രാജ്കുമാർ രഞ്ജൻ സിംഗ് സംഘത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചു. വന്നവരിൽ ഭൂരിഭാഗവും വിദ്യാർത്ഥികളാണ്. ദില്ലിയിൽ തങ്ങണം എന്നുള്ളവർക്ക് കേരള ഹൗസിൽ താമസവും മറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ രജിസ്ട്രേഷൻ ഇസ്രയേൽ എംബസിയിൽ തുടരുകയാണ്.

വ്യാഴാഴ്ചയാണ് ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനുള്ള രക്ഷാദൗത്യമായ ‘ഓപ്പറേഷൻ അജയ്’ ആരംഭിച്ചത്. 212 ഇന്ത്യക്കാരുമായി വ്യാഴാഴ്ച ഇസ്രായേലിലെ ബെൻ ഗുറിയോൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട ആദ്യ വിമാനം വെള്ളിയാഴ്ച രാവിലെയോടെ ദില്ലിയിലെത്തി. ഇസ്രായേലിലെയും പലസ്തീനിലെയും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിന് വിദേശകാര്യ മന്ത്രാലയം 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ഇസ്രായേൽ എംബസിയുടെ കണക്കുകൾ പ്രകാരം വിദ്യാർത്ഥികൾ, നിരവധി ഐടി പ്രൊഫഷണലുകൾ, വജ്ര വ്യാപാരികൾ എന്നിവരുൾപ്പെടെ ഏകദേശം 18,000 ഇന്ത്യൻ പൗരന്മാരാണ് അവിടെയുള്ളത്.

കണ്ണൂരിൽ ഓട്ടോറിക്ഷക്ക് തീപിടിച്ച് രണ്ടുപേർ വെന്തുമരിച്ചു

0

ബസ് ഇടിച്ച് മറിഞ്ഞ ഓട്ടോറിക്ഷ കത്തി രണ്ടുപേർ വെന്തുമരിച്ചു. കണ്ണൂർ കൂത്തുപറമ്പ് ആറാം മൈലിലാണ് അപകടം. പാറാൽ സ്വദേശികളായ അഭിലാഷ്, സജീഷ് എന്നിവരാണ് മരിച്ചത്. ഓട്ടോ മറിഞ്ഞതോടെ വാതകം ചോർന്നാണ് തീപിടിച്ചത്. വാഹനത്തിൽ ആളിരിക്കെ തന്നെ തീ ആളി കത്തുകയായിരുന്നു. ഓട്ടോ ഡ്രൈവറും യാത്രക്കാരനുമാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്.

തലശ്ശേരിയിൽ നിന്ന് ഇരിട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന എം ഫോർ സിക്സ് എന്ന ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ബസ് അമിതവേഗത്തിൽ എത്തിയതാണ് അപകടത്തിന് കാരണമായതെന്നാണ് നാട്ടുകാരുടെ ആരോപണം. ഇടിയുടെ ആഘാതത്തിൽ ഓട്ടോ തലകീഴായി മറിഞ്ഞു. പിന്നാലെ ഓട്ടോയിൽ നിന്ന് തീ ഉയർന്നു. തീ ആളിപടർന്നതിനാൽ ഓട്ടോയിൽ ഉണ്ടായിരുന്നവരെ രക്ഷിക്കാനായില്ല. ഫയർഫോഴ്‌സ് എത്തി തീയണച്ചതിന് ശേഷമാണ് രണ്ട് പേരുടെയും മൃതദേഹം പുറത്തെടുത്തത്.

വിമാനത്തിൽ യുവനടിയെ അപമാനിച്ച സംഭവത്തിൽ അറസ്റ്റ് തടയണമെന്ന പ്രതിയുടെ ആവശ്യം കോടതി തള്ളി

0

വിമാനത്തിൽ യുവ നടിയെ അപമാനിച്ച കേസിൽ അറസ്റ്റ് തടയണമെന്ന പ്രതി സിആർ ആന്റോയുടെ ആവശ്യം കോടതി തള്ളി . എറണാകുളം ജില്ലാ സെ‌ഷൻസ് കോടതിയാണ് തള്ളിയത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത് പൊലീസ് കോടതിയെ അറിയിച്ചു. കേസിലെ പ്രതിയായ തൃശൂർ സ്വദേശി ആന്‍റോ ഇപ്പോഴും ഒളിവിലാണ്. പ്രതിയുടെ മുൻ‌കൂർ ജാമ്യ ഹർജിയിൽ കോടതി ചൊവ്വാഴ്ച വാദം കേൾക്കും.

സീറ്റിനെച്ചൊല്ലിയുള്ള തർക്കം മാത്രമാണ് വിമാനത്തിൽ ഉണ്ടായതെന്നും അപമര്യാദയായി പെരുമാറിയിട്ടില്ലെന്നുമാണ് പ്രതിയുടെ വാദം. കേസിൽ റിപ്പോർട്ട്‌ നൽകാൻ കോടതി പോലിസിന് നിർദ്ദേശം നൽകി. സംഭവത്തിൽ എയർ ഇന്ത്യയോട്പോലീസ് റിപ്പോർട്ട് തേടിയിട്ടുണ്ട്. സംഭവം നടന്ന ദിവസം വിമാനത്തിനുള്ളിൽ നടന്ന കാര്യങ്ങളെ കുറിച്ച് വ്യക്തത വരുത്തുന്നതിനാണ് ഇത്. സംഭവത്തിൽ വിമാന ജീവനക്കാരുടെ മൊഴിയെടുക്കാൻ നോട്ടീസ് നൽകുമെന്നാണ് വിവരം.

കഴിഞ്ഞ ദിവസമായിരുന്നു വിമാനയാത്രക്കിടെ പ്രതി സി ആർ ആന്റോയിൽ നിന്നും മോശം പെരുമാറ്റമുണ്ടായെന്ന പരാതിയുമായി യുവ നടി പൊലീസിനെ സമീപിച്ചത്. സംഭവം നടന്നശേഷം വിമാനത്തിലെ ക്യാബിന്‍ ക്രൂ അംഗങ്ങളോട് പരാതി പറഞ്ഞിട്ടും യാതൊരു ഇടപെടലും ഉണ്ടായില്ലെന്നും യുവനടി ആരോപിച്ചു. മുംബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ എയർ ഇന്ത്യ വിമാനത്തിലായിരുന്നു സംഭവം. ഇൻസ്റ്റാഗ്രാം പേജിലൂടെ ആണ് താരം തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയത്.

സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർ പെടും; പിഴയും തടവും ശിക്ഷ നൽകാൻ ഓർഡിനൻസ് വരുന്നു

0

കേരളത്തിൽ ഇനി റോഡിലും ജലാശയങ്ങളിലും ഉൾപ്പെടെ പൊതു സ്ഥലങ്ങളിൽ മലിന്യം വലിച്ചെറിയുന്നവർ പെടും. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞാൽ 1000 രൂപ മുതൽ 50000 രൂപവരെ പിഴയീടാക്കുന്ന വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസ് വരുന്നു. പിഴ മാത്രമല്ല ആറുമാസം മുതൽ ഒരുവർഷം വരെ തടവ് ശിക്ഷയും ഓർഡിനൻസിൽ വ്യവസ്ഥ ചെയ്യും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

മാലിന്യ നിര്‍മാര്‍ജനത്തില്‍ വീഴ്ച വരുത്തുന്ന തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കെതിരേയും നടപടിക്ക് വ്യവസ്ഥയുണ്ട്. അശാസ്ത്രീയമായി മാലിന്യം കൈകാര്യം ചെയ്യുന്നത് തടയുകയാണ് ലക്ഷ്യം. ജലാശയങ്ങളിൽ മാലിന്യം വലിച്ചെറിഞ്ഞാലോ മലിനജലം തള്ളിയാലോ ജാമ്യമില്ലാ കുറ്റമായി കണക്കാക്കുകയും 10,000 രൂപ മുതൽ 50,000 രൂപ വരെ പിഴയും 6 മാസം മുതൽ ഒരു വർഷം വരെ തടവുശിക്ഷയും ലഭിക്കുന്ന വകുപ്പുകൾ നിലവിൽ വരും. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞാലോ കത്തിച്ചാലോ 5000 രൂപ പിഴ ചുമത്തും.15 ദിവസത്തിനകം പിഴ അടച്ചില്ലെങ്കില്‍ നിയമനടപടികൾക്ക് വിധേയമാക്കേണ്ടി വരും.

മാലിന്യം ശേഖരിക്കുന്നതിന് മാസം തോറുമുള്ള യൂസർ ഫീ നൽകിയില്ലെങ്കിൽ മൂന്ന് മാസത്തിന് ശേഷം 50 ശതമാനം പിഴ ഈടാക്കാം. പൊതുസ്ഥലത്ത് മാലിന്യപ്രശ്നം ഉണ്ടായാൽ തദ്ദേശ സെക്രട്ടറിയോ ബന്ധപ്പെട്ട ഉദ്യോഗസ്ഥനോ ഉത്തരവാദിയാകും. ഇവർ നടപടി നേരിടേണ്ടി വരും. നിർദേശങ്ങൾ പാലിക്കാത്ത തദ്ദേശ സ്ഥാപനങ്ങൾക്കെതിരെയും സംസ്ഥാന സർക്കാർ പിഴ ചുമത്തും. വാണിജ്യസ്ഥാപനങ്ങളുടെ പരിസരത്ത് മാലിന്യം വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്താൽ 5000 രൂപ പിഴയീടാക്കും. നിയമവിരുദ്ധമായി മാലിന്യം കൊണ്ടുപോകുന്ന വാഹനങ്ങൾ കണ്ടുകെട്ടാനും വ്യവസ്ഥയുണ്ട്. നൂറിലധികം ആളുകൾ പങ്കെടുക്കുന്ന പരിപാടികൾ മൂന്ന് ദിവസം മുൻപായി തദ്ദേശ സ്ഥാപനങ്ങളെ അറിയിച്ച് മാലിന്യസംസ്കരണത്തിനു ഫീസ് അടയ്ക്കണം.

വിദേശ ജോലിതട്ടിപ്പ് കേരളത്തിൽ വർധിച്ചതായി യുവജന കമ്മിഷൻ

0

വിദേശജോലിക്കായി അനധികൃത ഏജൻസികളെ സമീപിച്ച് ചതിക്കുഴികളിൽ വീഴുന്നവരുടെ എണ്ണം വർധിച്ചതായി യുവജന കമീഷൻ. മലപ്പുറം, പാലക്കാട്, കൊല്ലം ജില്ലകളിൽ നടന്ന അദാലത്തിൽ ഇതുസംബന്ധിച്ച പരാതികളാണ് ഏറെയും ലഭിച്ചതെന്ന് കമീഷൻ ചെയർമാൻ എം. ഷാജർ പറഞ്ഞു. വിദേശ തൊഴില്‍തട്ടിപ്പുകൾക്കെതിരെ വിദ്യാര്‍ഥികളും രക്ഷിതാക്കളും ജാഗ്രത പുലർത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങളും പെരുകുന്നുന്നതായി യുവജന കമ്മിഷൻ വിലയിരുത്തി. ലഹരിപോലെതന്നെ അപകടകരമായ ഇത് യുവജനങ്ങളെ ചതിയിൽ പെടുത്തുകയാണെന്നും ഷാജർ പറഞ്ഞു. യുവജനങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പു വരുത്തുന്നതിനായി യുവജന കമീഷൻ കാമ്പയിന് തുടക്കമിട്ടിട്ടുണ്ട്. യുവജന സംഘടനകളുടെയും വിദ്യാർഥികളുടെയും സഹകരണത്തോടെയാകും കാമ്പയിൻ. കാമ്പയിന്റെ ഭാഗമായി ആറുവർഷം സമൂഹത്തിൽ നട നടന്ന ആത്മഹത്യയെക്കുറിച്ച് പഠിക്കും. ഇതിനായി 150 ഓളം എം.എസ്.ഡബ്ല്യു വിദ്യാർഥികളെ നിയോഗിച്ചു.

പഠനത്തിന്റെ അടിസ്ഥാനത്തിൽ ഗവണ്മെന്റിനും ബന്ധപ്പെട്ട വകുപ്പുകൾക്കും നിർദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് നൽകും. അദാലത്തിൽ പരിഗണിച്ച 17 പരാതികളിൽ ഏഴെണ്ണം പരിഹരിച്ചു. 10 പരാതികൾ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി